അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നടന്ന രണ്ടാം ആഗോള കൊവിഡ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ‘മഹാമാരിയുടെ ക്ഷീണമകറ്റുകയും തയ്യാറെടുപ്പിന് മുൻഗണന നൽകുകയും ചെയ്യുക’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി തന്റെ പരാമർശങ്ങൾ നടത്തി.
പകർച്ചവ്യാധിയെ ചെറുക്കുന്നതിന് ഇന്ത്യ ഒരു ജനകേന്ദ്രീകൃത തന്ത്രമാണ് സ്വീകരിച്ചതെന്നും ഈ വർഷം ആരോഗ്യ ബജറ്റിനായി എക്കാലത്തെയും ഉയർന്ന തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രചാരണം ഇന്ത്യയാണ് നടത്തുന്നതെന്നും, രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനത്തോളം പേർക്കും അൻപത് ദശലക്ഷത്തിലധികം കുട്ടികൾക്കും വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിൽ, കുറഞ്ഞ ചെലവിൽ തദ്ദേശീയമായ കൊവിഡ് ലഘൂകരണ സാങ്കേതിക വിദ്യകളും വാക്‌സിനുകളും ചികിത്സാരീതികളും മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുന്നതിലൂടെ ഇന്ത്യ സജീവമായ പങ്കുവഹിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ അതിന്റെ ജീനോമിക് സർവൈലൻസ് കൺസോർഷ്യം വിപുലീകരിക്കാൻ പ്രവർത്തിക്കുന്നു. ഇന്ത്യ പരമ്പരാഗത വൈദ്യശാസ്ത്രം വ്യാപകമായി ഉപയോഗിക്കുകയും ഈ അറിവ് ലോകത്തിന് ലഭ്യമാക്കുന്നതിനായി ഇന്ത്യയിൽ ലോകാരോഗ്യ സംഘടനയുടെ ഒരു പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രത്തിന് അടിത്തറ പാകുകയും ചെയ്തു.
ശക്തവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ആഗോള ആരോഗ്യ സുരക്ഷാ സംവിധാനം സൃഷ്ടിക്കുന്നതിന് ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്താനും പരിഷ്കരിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പരിപാടിയുടെ മറ്റ് പങ്കാളികളിൽ കാരികോമിന്റെ അധ്യക്ഷൻ എന്ന നിലയിൽ ബെലീസിന്റെ രാഷ്ട്രത്തലവന്മാർ, ആഫ്രിക്കൻ യൂണിയന്റെ ചെയർ എന്ന നിലയിൽ സെനഗൽ, ജി 20 ന്റെ പ്രസിഡന്റായ ഇന്തോനേഷ്യ ജി 7 ന്റെ പ്രസിഡന്റായ ജർമ്മനി തുടങ്ങിയവയും പങ്കെടുത്തു. . ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ, മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തു.
2021 സെപ്റ്റംബർ 22 ന് പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ച ആദ്യ ആഗോള കൊവിഡ് വെർച്വൽ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.