2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൾക്കൊപ്പം ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ അതിഥി രാജ്യങ്ങളും യോഗത്തിൽ പങ്കെടുത്തു.
തന്റെ ഇടപെടലിനിടെ, ഗ്ലോബൽ സൗത്തിന്റെ ശബ്ദമാകാൻ ബ്രിക്‌സിനെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ഉറ്റ പങ്കാളിത്തത്തിന് അദ്ദേഹം അടിവരയിടുകയും അജണ്ട 2063 ന് കീഴിലുള്ള വികസന യാത്രയിൽ ആഫ്രിക്കയെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ബഹുധ്രുവലോകത്തെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സഹകരണത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ആഗോള സ്ഥാപനങ്ങളെ പ്രാതിനിധ്യവും പ്രസക്തവുമായി നിലനിർത്തുന്നതിന് നവീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഭീകരവാദം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനം, സൈബർ സുരക്ഷ, ഭക്ഷ്യ-ആരോഗ്യ സുരക്ഷ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖല എന്നീ മേഖലകളിൽ സഹകരിക്കണമെന്ന് അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. ഇന്റർനാഷണൽ സോളാർ അലയൻസ്, വൺ സൺ വൺ വേൾഡ് വൺ ഗ്രിഡ്, കൊയാലിഷൻ ഫോർ ഡിസാസ്റ്റർ റസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ, വൺ എർത്ത് വൺ ഹെൽത്ത്, ബിഗ് ക്യാറ്റ് അലയൻസ്, ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ തുടങ്ങിയ രാജ്യാന്തര സംരംഭങ്ങളുടെ ഭാഗമാകാൻ പ്രധാനമന്ത്രി രാജ്യങ്ങളെ ക്ഷണിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്ക് പങ്കിടാനും അദ്ദേഹം ക്ഷണിച്ചു .