ആദരണീയരെ,
വിജയകരമായി ജി-7 ഉച്ചകോടി സംഘടിപ്പിച്ചതിന് ജപ്പാന്‍ പ്രധാനമന്ത്രി ആദരണീയനായ കിഷിദയെ ആദ്യമായി ഞാന്‍ അഭിനന്ദിക്കുന്നു. ഈ വേദിയില്‍ ആഗോള ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തില്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്:
ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളെ, പ്രത്യേകിച്ച് നാമമാത്ര കര്‍ഷകരെ കേന്ദ്രീകരിച്ച് ഉള്‍ച്ചേര്‍ക്കുന്ന ഒരു ഭക്ഷ്യ സംവിധാനം കെട്ടിപ്പടുക്കുക എന്നതായിരിക്കണം നമ്മുടെ മുന്‍ഗണന. ആഗോള വളം വിതരണ ശൃംഖല ശക്തിപ്പെടുത്തണം. അവയിലെ രാഷ്ട്രീയ തടസ്സങ്ങള്‍ നമുക്ക് നീക്കേണ്ടതുണ്ട്. മാത്രമല്ല, വിപുലീകരണ ചിന്താഗതിക്കാര്‍ രാസവളവിഭവങ്ങള്‍ കൈയടക്കുന്ന അവസാനിപ്പിക്കണം. ഇവയായിരിക്കണം നമ്മുടെ സഹകരണത്തിന്റെ ലക്ഷ്യങ്ങള്‍.
ലോകമെമ്പാടും രാസവളങ്ങള്‍ക്ക് ബദലായി പ്രകൃതി കൃഷിയുടെ ഒരു പുതിയ മാതൃക നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ലോകത്തിലെ ഓരോ കര്‍ഷകരുടെയും അടുത്ത് നാം എത്തിക്കേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജൈവഭക്ഷണത്തെ ഫാഷന്‍ പ്രസ്താവനയില്‍ നിന്നും വാണിജ്യത്തില്‍ നിന്നും വേര്‍തിരിക്കുകയും പോഷകാഹാരം, ആരോഗ്യം എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതിനായിരിക്കണം നമ്മുടെ പരിശ്രമം.
ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി 2023 നെ പ്രഖ്യാപിച്ചിട്ടുണ്ട്. പോഷണങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വെല്ലുവിളികളെ ചെറുധാന്യങ്ങള്‍ ഒരേ സമയം അഭിസംബോധന ചെയ്യുന്നു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തണം. ഭക്ഷണം പാഴാക്കുന്നത് തടയുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കണം. സുസ്ഥിരമായ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് അത് അത്യന്താപേക്ഷിതമാണ്.
ആദരണീയരെ,
കോവിഡ് മനുഷ്യരാശിയുടെ സഹകരണത്തിന്റെയും സഹായത്തിന്റെയും വീക്ഷണത്തെ വെല്ലുവിളിച്ചു. മനുഷ്യക്ഷേമത്തിനുപകരമായി രാഷ്ട്രീയവുമായാണ് വാക്‌സിനുകളുടെയും മരുന്നുകളുടെയും ലഭ്യത ബന്ധപ്പെട്ടിരുന്നത്. ആരോഗ്യ സുരക്ഷയുടെ ഭാവി രൂപം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ട്:
പ്രതിരോധശേഷിയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സ്ഥാപനമായിരിക്കണം നമ്മുടെ മുന്‍ഗണന.
സമഗ്രമായ ആരോഗ്യ സംരക്ഷണമായിരിക്കണം നമ്മുടെ മുദ്രാവാക്യം. പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രചരണം, വിപുലീകരണം, സംയുക്ത ഗവേഷണം എന്നിവയായിരിക്കണം നമ്മുടെ സഹകരണത്തിന്റെ ലക്ഷ്യം.
ഒരു ഭൂമി - ഒരു ആരോഗ്യം എന്നതായിരിക്കണം നമ്മുടെ തത്വം; ഡിജിറ്റല്‍ ആരോഗ്യം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നിവയായിരിക്കണം നമ്മുടെ ലക്ഷ്യം.
മനുഷ്യരാശിയുടെ സേവനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ചലനക്ഷമതയ്ക്കായിരിക്കണം നമ്മുടെ മുന്‍ഗണന.
ആദരണീയരെ,
വികസനത്തിന്റെ മാതൃക വികസനത്തിന് വഴിയൊരുക്കണമെന്നും വികസ്വര രാജ്യങ്ങളുടെ പുരോഗതിക്ക് തടസ്സമാകരുതെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഭോഗപരതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള വികസന മാതൃക മാറ്റേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളുടെ സമഗ്രമായ ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. വികസനം, സാങ്കേതികവിദ്യ, ജനാധിപത്യം എന്നിവയില്‍ ഒരുമിച്ച് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുക എന്നത് പ്രധാനമാണ്. വികസനത്തിനും ജനാധിപത്യത്തിനും ഇടയിലുള്ള പാലമാകാന്‍ സാങ്കേതികവിദ്യയ്ക്ക് കഴിയും.
ആദരണീയരെ,
വനിതാ വികസനം എന്നത് ഇന്ന് ഇന്ത്യയില്‍ ചര്‍ച്ചാ വിഷയമല്ല, എന്തെന്നാല്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തില്‍ നാം ഇന്ന് മുന്‍നിരക്കാരാണ്. ഗോത്രവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ത്യയുടെ രാഷ്ട്രപതി. താഴേത്തട്ടില്‍ 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നമ്മുടെ തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയുടെ അവിഭാജ്യഘടകമാണ് അവര്‍. ഭിന്നലിംഗക്കാരുടെ (ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്) അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നാം ഒരു നിയമം ഉണ്ടാക്കിയിട്ടുമുണ്ട്. ഇന്ത്യയില്‍ പൂര്‍ണ്ണമായും ഭിന്നലിംഗക്കാരായ വ്യക്തികള്‍ (ട്രാന്‍സ്‌ജെന്‍ഡറുകള്‍) നടത്തുന്ന ഒരു റെയില്‍വേ സ്‌റ്റേഷനും ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും.
ആദരണീയരെ,
ജി20 യുടെയും ജി7ന്റെയും അജണ്ടകള്‍ തമ്മില്‍ ഒരു സുപ്രധാന ബന്ധം കെട്ടിപ്പടുക്കുന്നതിന് നമ്മുടെ ഇന്നത്തെ ചര്‍ച്ചകള്‍ പ്രയോജനകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രമല്ല, ഗ്ലോബല്‍ സൗത്തിന്റെ പ്രതീക്ഷകള്‍ക്കും പ്രതീക്ഷകള്‍ക്കും മുന്‍ഗണന നല്‍കാനും കഴിയും.
നന്ദി.