2023 ലെ അന്താരാഷ്ട്ര യോഗ ദിനത്തിലെ ദേശീയ ആഘോഷത്തെ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ല്‍ നടക്കുന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദേശീയ ആഘോഷത്തിന് മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖറാണ് നേതൃത്വം നല്‍കിയത്.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി അന്താരാഷ്ട്ര യോഗ ദിനത്തില്‍ തന്റെ ശുഭാംശസകള്‍ പൗരന്മാര്‍ക്ക് നേര്‍ന്നു. വിവിധ ചുമതലകള്‍ മൂലം നിലവില്‍ അമേരിക്കയില്‍ പര്യടനം നടത്തുന്നതിനാലാണ് മുന്‍കാലങ്ങളില്‍ യോഗാദിനങ്ങളില്‍ ഇവിടെ സന്നിഹിതനായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി താന്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ അവരുമായി ബന്ധപ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യന്‍ സമയം വൈകുന്നേരം ഏകദേശം 5.30ന് ഐക്യരാഷ്ര്ടസഭ ആസ്ഥാനത്ത് നടക്കുന്ന യോഗാ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് അറിയിച്ച പ്രധാനമന്ത്രി, ''ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും പണ്ടൊന്നും ഉണ്ടാക്കാത്തതുമാണ്'' എന്ന് പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിലൂടെ യോഗയെ ഒരു അന്താരാഷ്ട്ര പ്രസ്ഥാനവും ഒരു ആഗോള ചൈതന്യവും ആക്കുന്നതിന് 2014-ല്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ യോഗ ദിനത്തിനുള്ള നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍ റെക്കാര്‍ഡ് എണ്ണം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചത് അദ്ദേഹം അനുസ്മരിച്ചു.
യോഗ എന്ന ആശയവും സമുദ്രത്തിന്റെ വിശാലതയും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള 'ഓഷ്യന്‍ റിംഗ് ഓഫ് യോഗ' എന്ന ആശയമാണ്, യോഗാ ദിനത്തെ കൂടുതല്‍ സവിശേഷമാക്കുന്നതെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു ജലസ്രോതസ്സുകള്‍ ഉപയോഗിച്ച് കരസേനാ ഉദ്യോഗസ്ഥര്‍ രൂപപ്പെടുത്തിയ യോഗ ഭാരത്മാലയും യോഗ സാഗര്‍മാലയും ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. അതുപോലെ, ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്ക വരെയുള്ള ഇന്ത്യയുടെ രണ്ട് ഗവേഷണ കേന്ദ്രങ്ങളും അതായത് ഭൂമിയുടെ രണ്ട് ധ്രുവങ്ങളും യോഗയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ലോകമെമ്പാടുനിന്നും രാജ്യത്തുനിന്നും കോടിക്കണക്കിന് ജനങ്ങള്‍ അതുല്യമായ ഈ ആഘോഷത്തില്‍ സ്വതസിദ്ധമായ രീതിയില്‍ പങ്കെടുക്കുന്നുവെന്നത് യോഗയുടെ വിശാലതയും പ്രശസ്തിയും കാണിക്കുന്നുവെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.
''യോഗയാണ് നമ്മെ ഒന്നിപ്പിക്കുന്നത്'' ഋഷിമാരെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. ലോകം മുഴുവന്‍ ഒരു കുടുംബമെന്ന ആശയത്തിന്റെ വിപുലീകരണമാണ് യോഗയുടെ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ആശയമായ ''ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'' എന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട്, യോഗയുടെ പ്രചാരണം 'വസുധൈവ കുടുംബകമെന്ന' മനോഭാവത്തിന്റെ പ്രചാരണമാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. '' 'യോഗ വസുധൈവ കുടുംബകത്തിന് വേണ്ടി' എന്ന ആശയത്തിലാണ് ഇന്ന്, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ഒരുമിച്ച് യോഗ ചെയ്യുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗയിലൂടെ ഒരാള്‍ക്ക് ആരോഗ്യവും ഓജസ്സും ശക്തിയും ലഭിക്കുന്നുവെന്നും വര്‍ഷങ്ങളായി ഈ അഭ്യാസത്തില്‍ സ്ഥിരമായി ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതിന്റെ ഊര്‍ജ്ജം അനുഭവപ്പെട്ടിട്ടുണ്ടെന്നും യോഗ ഗ്രന്ഥങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. കൂട്ടായ ഊര്‍ജം കൂടുതലുള്ള ആരോഗ്യകരവും ശക്തവുമായ ഒരു സമൂഹത്തെ യോഗ സൃഷ്ടിക്കുന്നുവെന്ന് വ്യക്തികളുടെയും കുടുംബ തലങ്ങളിലേയും നല്ല ആരോഗ്യത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വച്ഛ് ഭാരത്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ സംഘടിതപ്രവര്‍ത്തനങ്ങള്‍ ഒരു സ്വാശ്രയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും രാജ്യത്തിന്റെ സാംസ്‌കാരിക സ്വത്വം പുനഃസ്ഥാപിക്കുന്നതിനും സഹായിച്ചുവെന്നത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഈ ഊര്‍ജത്തിന് രാജ്യവും യുവാക്കളും വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ''ഇന്ന് രാജ്യത്തിന്റെ മനസ്സ് മാറിയിരിക്കുന്നു, അത് ജനങ്ങളേയും അവരുടെ ജീവിതത്തിനേയും മാറ്റത്തിലേക്ക് നയിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സംസ്‌കാരവും സാമൂഹിക ഘടനയും അതിന്റെ ആത്മീയതയും ആദര്‍ശങ്ങളും അതിന്റെ തത്ത്വചിന്തയും ദര്‍ശനവും എല്ലായ്‌പ്പോഴും ഒരുമിപ്പിക്കുകയും അംഗീകരിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന പാരമ്പര്യങ്ങളെ പരിപോഷിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുകയും അവയെ സംരക്ഷിക്കുകയും ചെയ്തുവെന്ന് രാജ്യത്തിന്റെ ആഘോഷിക്കപ്പെടുന്ന സമ്പന്നമായ വൈവിദ്ധ്യത്തെ ഉയര്‍ത്തിക്കാട്ടികൊണ്ട് ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ജീവജാലങ്ങളുടെ ഐക്യമാണ് ജീവജാലങ്ങള്‍ക്ക് സ്‌നേഹത്തിന്റെ അടിത്തറ നല്‍കുന്നതെന്ന ബോധമുണ്ടാക്കുന്ന തരം വികാരങ്ങളെ യോഗ ശക്തിപ്പെടുത്തുകയും ആന്തരിക ദര്‍ശനം വികസിപ്പിക്കുകയും ആ ബോധവുമായി അത് നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു, അതുകൊണ്ട് യോഗയിലൂടെ നമ്മുടെ വൈരുദ്ധ്യങ്ങളും തടസ്സങ്ങളും പ്രതിരോധങ്ങളും ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം എന്നതിന്റെ ആത്മാവിനെ ഒരു മാതൃകയായി നമുക്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കണം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍മ്മത്തിലെ നൈപുണ്യമാണ് യോഗയെന്ന് യോഗയെക്കുറിച്ചുള്ള ഒരു ശ്ലോകം ഉദ്ധരിച്ച് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി, വിശദീകരിച്ചു. 'ആസാദി കാ അമൃത് കാലി'ല്‍ എല്ലാവര്‍ക്കും ഈ മന്ത്രം വളരെ സുപ്രധാനമാണെന്നും ഒരാള്‍ അവരുടെ കര്‍ത്തവ്യങ്ങളില്‍ ആത്മാര്‍ത്ഥമായി അര്‍പ്പിതമായിരിക്കുമ്പോഴാണ് യോഗയുടെ പൂര്‍ണത കൈവരിക്കാനാകുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''യോഗയിലൂടെ, നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം നാം അറിയുന്നു, കര്‍മ്മത്തില്‍ നിന്ന് കര്‍മ്മയോഗത്തിലേക്കുള്ള യാത്രയും നാം തീരുമാനിക്കുന്നു'', യോഗയിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാനും കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ''നമ്മുടെ ശാരീരിക ശക്തിയും മാനസിക വികാസവും ഒരു വികസിത ഇന്ത്യയുടെ അടിത്തറയാകും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.