“വിശ്വാസത്തിനും ആത്മീയതയ്ക്കുംമുതൽ വിനോദസഞ്ചാരത്തിനുവരെയും, കൃഷിമുതൽ വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുംവരെയുമുള്ള അതിശയകരമായ ഇടമാണു മധ്യപ്രദേശ്”
“ആഗോള സമ്പദ്‌വ്യവസ്ഥ നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിശ്വസനീയ ശബ്ദങ്ങളും മുമ്പെന്നത്തേക്കാളുമധികം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു”
“2014 മുതൽ ‘പരിഷ്കരണം, പരിവർത്തനം, പ്രവർത്തനം’ എന്ന പാതയിലാണ് ഇന്ത്യ”
“സുസ്ഥിരവും ഉറച്ചതും ശരിയായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നതുമായ ഗവണ്മെന്റ്, വികസനത്തിന് അഭൂതപൂർവമായ വേഗം കൊണ്ടുവരുന്നു”
“സമർപ്പിത ചരക്ക് ഇടനാഴികൾ, വ്യാവസായിക ഇടനാഴികൾ, അതിവേഗപാതകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവ പുതിയ ഇന്ത്യയുടെ സവിശേഷതകളായി മാറി”
“ദേശീയ ആസൂത്രണപദ്ധതിയുടെ രൂപത്തിലുള്ള, രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ദേശീയവേദിയാണു പിഎം ഗതിശക്തി”
“ഇന്ത്യയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്സ് വിപണിയാക്കുക എന്ന ലക്ഷ്യത്തോടെയാണു ദേശീയ ലോജിസ്റ്റിക്സ് നയം നടപ്പാക്കിയത്”
“പിഎൽഐ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നു മധ്യപ്രദേശിലേക്കു വരുന്ന നിക്ഷേപകരോടു ഞാൻ അഭ്യർഥിക്കുന്നു”
“ഏകദേശം 8 ലക്ഷം കോടി രൂപയുടെ നിക്ഷേപസാധ്യതകൾ കൊണ്ടുവരുന്ന ഹരിത ഹൈഡ്രജൻ ദൗത്യത്തിനു കുറച്ചുദിവസംമുമ്പാണു ഗവണ്മെന്റ് അംഗീകാരം നൽകിയത്”

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.

എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ച പ്രധാനമന്ത്രി, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്കു ചൂണ്ടിക്കാട്ടുകയുംചെയ്തു. “വിശ്വാസത്തിനും ആത്മീയതയ്ക്കുംമുതൽ വിനോദസഞ്ചാരത്തിനുവരെയും, കൃഷിമുതൽ വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുംവരെയുമുള്ള അതിശയകരമായ ഇടമാണു മധ്യപ്രദേശ്”- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അമൃതകാലത്തിന്റെ സുവർണകാലം ആരംഭിച്ച സമയത്താണ് ഉച്ചകോടി നടക്കുന്നതെന്നും വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നാമെല്ലാം കൂട്ടായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “വികസിത ഇന്ത്യയെക്കുറിച്ചു നാം സംസാരിക്കുമ്പോൾ, അതു നമ്മുടെ സ്വപ്നംമാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയം കൂടിയാണ്”- പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ സംഘടനകളും വിദഗ്ധരും ഇന്ത്യക്കാരിലർപ്പിക്കുന്ന ആത്മവിശ്വാസത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

ആഗോളസംഘടനകളർപ്പിക്കുന്ന വിശ്വാസത്തിന്റെ ഉദാഹരണങ്ങൾ നൽകി, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ തിളക്കമാർന്ന ഇടമായി കാണുന്ന ഐഎംഎഫിനെയും, മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ആഗോള പ്രതിസന്ധികൾനേരിടുന്നതിൽ ഇന്ത്യ മികച്ച നിലയിലാണെന്നു നേരത്തെ വ്യക്തമാക്കിയ ലോകബാങ്കിനെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ കരുത്തുറ്റ ബൃഹദ് സാമ്പത്തിക അടിസ്ഥാനങ്ങളെ പ്രകീർത്തിച്ച പ്രധാനമന്ത്രി, ഈ വർഷം ജി-20 ഗ്രൂപ്പിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്ന് അവകാശപ്പെടുന്ന ഒഇസിഡിയെ പരാമർശിക്കുകയുംചെയ്തു. അടുത്ത 4-5 വർഷത്തിനുള്ളിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു മോർഗൻ സ്റ്റാൻലിയെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ ദശകം മാത്രമല്ല, ഈ നൂറ്റാണ്ടുതന്നെ ഇന്ത്യയുടേതാണെന്നു മക്കിൻസി സിഇഒ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആഗോള സമ്പദ്‌വ്യവസ്ഥ നിരീക്ഷിക്കുന്ന സ്ഥാപനങ്ങളും വിശ്വസനീയ ശബ്ദങ്ങളും മുമ്പെന്നത്തേക്കാളുമധികം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. “ആഗോള നിക്ഷേപകരും ഇതേ ശുഭാപ്തിവിശ്വാസം പങ്കിടുന്നു”- അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രമുഖ അന്താരാഷ്ട്ര ബാങ്ക് നടത്തിയ സർവേയിൽ, ഭൂരിഭാഗം നിക്ഷേപകരും തങ്ങളുടെ നിക്ഷേപകേന്ദ്രമായി ഇന്ത്യയെയാണു താൽപ്പര്യപ്പെടുന്നതെന്നു കണ്ടെത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം റെക്കോർഡുകൾ ഭേദിക്കുന്നതാണ്. ഞങ്ങൾക്കിടയിലെ നിങ്ങളുടെ ഈ സാന്നിധ്യംപോലും ആ വികാരം പ്രതിഫലിപ്പിക്കുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രത്തോടു കാട്ടുന്ന കരുത്തുറ്റ ശുഭാപ്തിവിശ്വാസത്തിന് ഇന്ത്യയുടെ ശക്തമായ ജനാധിപത്യം, യുവജനങ്ങളുടെ എണ്ണം, രാഷ്ട്രീയ സുസ്ഥിരത എന്നിവയ്ക്കാണ് അദ്ദേഹം ഖ്യാതിയേകിയത്. ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാനും വ്യവസായനടത്ത‌ിപ്പു സുഗമമാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയുംചെയ്തു.

‘സ്വയംപര്യാപ്ത ഭാരതം’ ക്യാമ്പയിനിലേക്കു വെളിച്ചംവീശി, 2014 മുതൽ ‘പരിഷ്കരണം, പരിവർത്തനം, പ്രവർത്തനം’ എന്നിവയുടെ പാത ഏറ്റെടുത്ത ഇന്ത്യ, നിക്ഷേപത്തിനുള്ള ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറിയെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “നൂറ്റാണ്ടിലൊരിക്കലെത്തുന്ന പ്രതിസന്ധിയുണ്ടായിട്ടുപോലും ഞങ്ങൾ പരിഷ്കരണങ്ങളുടെ പാത സ്വീകരിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.

“സുസ്ഥിരവും ഉറച്ചതും ശരിയായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നതുമായ ഗവണ്മെന്റ്, വികസനത്തിന് അഭൂതപൂർവമായ വേഗം കൊണ്ടുവരുന്നു” - പരിഷ്കരണങ്ങളുടെ വേഗവും വ്യാപ്തിയും തുടർച്ചയായി വർധിച്ച കഴിഞ്ഞ എട്ടുവർഷങ്ങളിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിങ് മേഖലയിലെ മൂലധനഘടന പുതുക്കലും നിർവഹണവും, ഐബിസി പോലുള്ള ദൃഢമായ ആധുനിക ചട്ടക്കൂടു സൃഷ്ടിക്കൽ, ജിഎസ്‌ടിയുടെ രൂപത്തിൽ ‘ഒരു രാജ്യം ഒരു നികുതി’പോലുള്ള സംവിധാനം സൃഷ്ടിക്കൽ, കോർപ്പറേറ്റ് നികുതി ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കൽ, സുപ്രധാന ആസ്തി നിക്ഷേപങ്ങളും പെൻഷൻ ഫണ്ടുകളും നികുതിയിൽനിന്ന് ഒഴിവാക്കൽ, പല മേഖലകളിലും സ്വയംനിയന്ത്രണസംവിധാനത്തിലൂടെ 100% എഫ്ഡിഐ അനുവദിക്കൽ, ചെറിയ സാമ്പത്തിക പിഴവുകൾ കുറ്റവിമുക്തമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളുടെ ഉദാഹരണങ്ങൾ നൽകിയ പ്രധാനമന്ത്രി അത്തരം പരിഷ്കരണങ്ങളിലൂടെ നിക്ഷേപത്തിന്റെ പാതയിലെ തടസങ്ങൾ ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്വകാര്യമേഖലയുടെ കരുത്തിനെ തുല്യമായി ആശ്രയിക്കുന്നതിനെ ഊന്നിപ്പറഞ്ഞ അദ്ദേഹം പ്രതിരോധം, ഖനനം, ബഹിരാകാശം തുടങ്ങിയ തന്ത്രപ്രധാനമേഖലകൾ സ്വകാര്യകമ്പനികൾക്കായി തുറന്നിട്ടിട്ടുണ്ടെന്നും അറിയിച്ചു. ഡസൻകണക്കിനു തൊഴിൽ നിയമങ്ങൾ 4 കോഡുകളായി സംയോജിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇതു പ്രധാനഘട്ടമാണെന്നും കൂട്ടിച്ചേർത്തു. ചട്ടങ്ങൾ പാലിക്കലിന്റെ ഭാരം കുറയ്ക്കുന്നതിനു കേന്ദ്ര-സംസ്ഥാനതലങ്ങളിൽ നടക്കുന്ന അഭൂതപൂർവമായ ശ്രമങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദേശം 40,000 ചട്ടങ്ങൾ പാലിക്കലുകൾ ഒഴിവാക്കിയതായി അദ്ദേഹം അറിയിച്ചു. “ദേശീയ ഏകജാലക സംവിധാനം നിലവിൽവന്നതോടെ, ഈ സംവിധാനത്തിനുകീഴിൽ ഇതുവരെ 50,000ത്തോളം അനുമതികൾ ലഭ്യമാക്കിയിട്ടുണ്ട്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിക്ഷേപസാധ്യതകളുയർത്തുന്ന, രാജ്യത്തെ ആധുനിക-ബഹുതല അടിസ്ഥാനസൗകര്യവികസനങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണത്തിനൊപ്പം ദേശീയ പാതകളുടെ നിർമാണവേഗതയും കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഇരട്ടിയായതായി അറിയിച്ചു. ഇന്ത്യയുടെ തുറമുഖങ്ങളുടെ കൈകാര്യംചെയ്യൽ ശേഷിയിലും ചരക്കുനീക്കസമയത്തിലുമുള്ള അഭൂതപൂർവമായ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “സമർപ്പിത ചരക്ക് ഇടനാഴികൾ, വ്യാവസായിക ഇടനാഴികൾ, അതിവേഗപാതകൾ, ലോജിസ്റ്റിക് പാർക്കുകൾ എന്നിവ പുതിയ ഇന്ത്യയുടെ സവിശേഷതകളായി മാറുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തിയിലേക്കു വെളിച്ചംവീശി, ദേശീയ ആസൂത്രണപദ്ധതിയുടെ രൂപത്തിലുള്ള, രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള ദേശീയവേദിയാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റുകൾ, ഏജൻസികൾ, നിക്ഷേപകർ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഈ വേദിയിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ ലോജിസ്റ്റിക്സ് വിപണിയാക്കുക എന്ന ലക്ഷ്യത്തോടെയാണു ഞങ്ങൾ ദേശീയ ലോജിസ്റ്റിക്സ് നയം നടപ്പിലാക്കിയത്”- പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സ്മാർട്ട്‌ഫോൺ ഡാറ്റ ഉപഭോഗത്തിലും ഗ്ലോബൽ ഫിൻ‌ടെക്കിലും ഐടി-ബിപിഎൻ ഔട്ട്‌സോഴ്സിങ് വിതരണത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നു ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന-വാഹനവിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ആഗോളവളർച്ചയുടെ അടുത്ത ഘട്ടത്തിന്റെ പ്രാധാന്യം അടിവരയിട്ട്, ഒരുവശത്ത് ഇന്ത്യ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ ശൃംഖല നൽകുമ്പോൾ, മറുവശത്ത് 5ജി ശൃംഖല അതിവേഗം വിപുലീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 5ജി, ഇന്റർനെറ്റ് ഓഫ് തിങ്സ്, നിർമിതബുദ്ധി എന്നിവയുടെ സഹായത്തോടെ എല്ലാ വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ വികസനത്തിന്റെ വേഗത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉൽപ്പാദനമേഖലയിൽ അതിവേഗം വളരുന്ന ഇന്ത്യയുടെ കരുത്തു ചൂണ്ടിക്കാട്ടി, 2.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ഉൽപ്പാദനബന്ധി‌ത ആനുകൂല്യപദ്ധതികളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ലോകമെമ്പാടുമുള്ള ഉൽപ്പാദകർക്കിടയിൽ അതിന്റെ പ്രചാരം ചൂണ്ടിക്കാട്ടി, മധ്യപ്രദേശിൽ നൂറുകണക്കിനുകോടി രൂപ നിക്ഷേപിച്ച വിവിധ മേഖലകളിൽ ഇതുവരെ 4 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം നടന്നതായി പ്രധാനമന്ത്രി അറിയിച്ചു. മധ്യപ്രദേശിനെ വലിയ ഔഷധ-തുണിത്തര ഹബ്ബാക്കി മാറ്റുന്നതിൽ പിഎൽഐ പദ്ധതിയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. “പിഎൽഐ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്നു മധ്യപ്രദേശിലേക്കു വരുന്ന നിക്ഷേപകരോടു ഞാൻ അഭ്യർഥിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

ഹരിതോർജം സംബന്ധിച്ച ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ഊന്നൽ നൽകി, ഏകദേശം 8 ലക്ഷം കോടി രൂപയുടെ നിക്ഷേപസാധ്യതകൾ കൊണ്ടുവരുന്ന ഹരിത ഹൈഡ്രജൻ ദൗത്യത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണു ഗവണ്മെന്റ് അംഗീകാരം നൽകിയതെന്നു പ്രധാനമന്ത്രി അറിയിച്ചു. ഇത് ഇന്ത്യക്കു നിക്ഷേപം ആകർഷിക്കാനുള്ള അവസരമല്ലെന്നും ഹരിതോർജത്തിനുള്ള ആഗോള ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ ക്യാമ്പയിനുകീഴിൽ ആയിരക്കണക്കിനു കോടിയുടെ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ മഹത്തായ ദൗത്യത്തിൽ തങ്ങളുടെ പങ്ക് അനാവരണംചെയ്യാൻ നിക്ഷേപകരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. ഇന്ത്യക്കൊപ്പം പുതിയ ആഗോള വിതരണശൃംഖല കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആരോഗ്യം, കൃഷി, പോഷകാഹാരം, വൈദഗ്ധ്യം, നവീനാശയങ്ങൾ എന്നീ മേഖലകളിലെ പുതിയ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണു പ്രസംഗം ഉപസംഹരിച്ചത്.

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi