പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അൽ ഇത്തിഹാദിയ കൊട്ടാരത്തിൽ 2023 ജൂൺ 25ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി സ്വീകരണമേകി.
2023 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സിസിയുടെ ഔദ്യോഗിക സന്ദർശനത്തെ ഇരുനേതാക്കളും ഊഷ്മളമായി അനുസ്മരിച്ചു. ഉഭയകക്ഷിബന്ധത്തിന് ആ സന്ദർശനമേകിയ ചലനാത്മകതയെ ഇരുവരും സ്വാഗതം ചെയ്തു. ഈജിപ്ത് മന്ത്രിസഭയിൽ പുതുതായി രൂപവൽക്കരിച്ച ‘ഇന്ത്യ യൂണിറ്റ്’ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഉപാധിയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.
വ്യാപാരം, നിക്ഷേപം, വിവരസാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, പുനരുൽപ്പാദക ഊർജം, കൃഷി, ആരോഗ്യം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു.
ഭക്ഷ്യ-ഊർജ അരക്ഷിതാവസ്ഥ, കാലാവസ്ഥാവ്യതിയാനം, ഗ്ലോബൽ സൗത്തിന്റെ ഏകീകൃതശബ്ദത്തിന്റെ ആവശ്യകത എന്നിവ ഉയർത്തിക്കാട്ടി ജി-20ലെ കൂടുതൽ സഹകരണത്തെക്കുറിച്ചു പ്രധാനമന്ത്രിയും പ്രസിഡന്റ് സിസിയും ചർച്ചചെയ്തു. 2023 സെപ്തംബറിൽ നടക്കുന്ന ജി-20 നേതൃതല ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രസിഡന്റ് സിസി ന്യൂഡൽഹിയിലെത്തുന്നതു കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഉഭയകക്ഷിബന്ധം “തന്ത്രപരമായ പങ്കാളിത്ത”ത്തിലേക്ക് ഉയർത്തുന്നതിനുള്ള കരാറിൽ നേതാക്കൾ ഒപ്പുവച്ചു. കൃഷി, പുരാവസ്തുക്കൾ, വിപണിമത്സരനിയമം എന്നീ മേഖലകളിലെ മൂന്നു ധാരണാപത്രങ്ങളിലും ഇരുവരും ഒപ്പുവച്ചു.
ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയും മുതിർന്ന മറ്റു ക്യാബിനറ്റ് മന്ത്രിമാരും സന്നിഹിതരായി. ഇന്ത്യൻപക്ഷത്തുനിന്നു വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.