After 100 crore vaccine doses, India moving ahead with new enthusiasm & energy: PM Modi
Sardar Patel played key role in uniting the princely states as one nation: PM Modi
PM Modi’s rich tributes to Bhagwaan Birsa Munda; urges youth to read more about tribal community in freedom movement
PM Modi: In 1947-48, when the Universal Declaration of UN Human Rights was being prepared, it was being written - “All Men are Created Equal”. But a delegate from India objected to this and then it was changed to - "All Human Beings are Created Equal"
Our women police personnel are becoming role models for millions of daughters of the country: PM Modi
India is one of the countries in the world, which is preparing digital records of land in the villages with the help of drones: PM Modi
Let us take a pledge that we will not let the momentum of Swachh Bharat Abhiyan go down. Together we will make our country clean: PM Modi

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.    
    നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. കോടി കോടി നമസ്‌ക്കാരം. നൂറു കോടി വാക്സിന്‍ ഡോസ് നല്‍കിയതിനു ശേഷം ഇന്ന് നമ്മുടെ രാജ്യം പുത്തന്‍ ഉണര്‍വോടും ഉത്സാഹത്തോടും മുന്നേറിക്കൊണ്ടിരിക്കുന്നതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നത്. നമ്മുടെ വാക്സിന്‍ പരിപാടിയുടെ വിജയം ഭാരതത്തിന്റെ സാധ്യതകള്‍ കാണിക്കുന്നു, എല്ലാവരുടെയും പ്രയത്നത്തിന്റെ മാന്ത്രികശക്തി കാണിക്കുന്നു. 
    സുഹൃത്തുക്കളേ, നൂറു  കോടി വാക്സിന്‍ ഡോസുകളുടെ കണക്ക് വളരെ വലുതാണ്. പക്ഷേ ലക്ഷക്കണക്കിന് ചെറിയ ചെറിയ പ്രചോദനപരവും അഭിമാനകരവുമായ അനുഭവങ്ങള്‍, നിരവധി ഉദാഹരണങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കാം. വാക്സിന്‍ നല്‍കുന്നതിന് തുടക്കം കുറിച്ചപ്പോള്‍ തന്നെ  ഈ കാമ്പയില്‍ ഇത്രയും വിജയമാകുമെന്ന് എനിക്ക് ബോധ്യമായത് എങ്ങനെയെന്ന് ചോദിച്ച് പലരും കത്തെഴുതുന്നു. ഇതില്‍ എനിക്ക് ഉറച്ച വിശ്വാസം ഉണ്ടാകാന്‍ കാരണം എന്റെ രാജ്യത്തിലെ ആളുകളുടെ കഴിവുകളെക്കുറിച്ച് എനിക്ക് നന്നായി അറിയാം എന്നതാണ്. എനിക്കറിയാമായിരുന്നു നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അശ്രാന്ത പരിശ്രമത്തിലൂടെയും നിശ്ചയ ദാര്‍ഢ്യത്തിലൂടെയും ഒരു പുതിയ മാതൃക മുന്നില്‍ വെച്ചു. അവര്‍ നവീകരണത്തിലൂടെ ദൃഢനിശ്ചയത്തിലൂടെ മാനവ രാശിയുടെ സേവനത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചു. ഇത് തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങളുണ്ട്.അതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് അവര്‍ എങ്ങനെയാണ് കൂടുതല്‍ ആളുകള്‍ക്ക് സംരക്ഷണം നല്‍കി എന്നതാണ്. ഈ ജോലി ചെയ്യാന്‍ അവര്‍ എത്ര മാത്രം അദ്ധ്വാനിച്ചു എന്ന് നമ്മള്‍ പത്രങ്ങളില്‍ പല തവണ വായിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ പറയുന്നതും കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നിനൊന്ന് മികച്ച പ്രചോദനം നല്‍കുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ നിന്നുള്ള പൂനം നൗട്ടിയാല്‍ എന്ന ആരോഗ്യ പ്രവര്‍ത്തകയെ മന്‍ കി ബാത്ത് ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്താന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, ഇവര്‍ ഉത്തരാഖണ്ഡിലെ  ബാഗേശ്വറില്‍ നിന്നുമാണ്. അവിടെയാണ് ആദ്യമായി 100 ശതമാനം ഡോസ് പൂര്‍ത്തിയാക്കിയത്. ഈ പ്രവര്‍ത്തനത്തിന് അവിടത്തെ സര്‍ക്കാറും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇതൊരു ദുര്‍ഗമ പ്രദേശമാണ്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അതുപോലത്തെ പ്രദേശമായ ഹിമാചലും അത്തരം ബുദ്ധിമുട്ടുകളില്‍ നിന്നുകൊണ്ട് തന്നെ 100 ശതമാനം ഡോസ് പൂര്‍ത്തിയാക്കി. പൂനം  തന്റെ പ്രദേശത്തെ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് രാപകല്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി . 
പ്രധാനമന്ത്രി: നമസ്‌ക്കാരം പൂനം
പൂനം നൗട്ടിയാല്‍ : പ്രണാമം സര്‍
പ്രധാനമന്ത്രി : പൂനം ശ്രോതക്കള്‍ അറിയാനായി നിങ്ങള്‍ നിങ്ങളെക്കുറിച്ചൊന്നു പറയൂ.
പൂനം നൗട്ടിയാല്‍ : സര്‍, ഞാന്‍ പൂനം നൗട്ടിയാല്‍ . ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ ചാനി കോരാലി സെന്ററില്‍ ജോലി ചെയ്യുന്നു. ഞാന്‍ എ എന്‍ എം  ആണ്.
പ്രധാനമന്ത്രി: പൂനം , എന്റെ ഭാഗ്യമാണ് എനിക്ക് ബാഗേശ്വറില്‍ വരാന്‍ സാധിച്ചത്. അതൊരു തീര്‍ത്ഥാടന കേന്ദ്രം തന്നെയാണ്. അവിടെ പഴയ ക്ഷേത്രങ്ങള്‍ ഉണ്ട്. അതെല്ലാം കണ്ട് ഞാന്‍ വളരെ പ്രചോദിതനായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആളുകള്‍ എങ്ങനെ അവിടെ ജോലി ചെയ്തു എന്ന് ഞാന്‍ ചിന്തിച്ചു. 
പൂനം നൗട്ടിയാല്‍ : അതെ സര്‍ 
പ്രധാനമന്ത്രി : പൂനം, നിങ്ങളുടെ പ്രദേശത്തെ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കിയോ
പൂനം നൗട്ടിയാല്‍ : അതെ സര്‍, എല്ലാവരും എടുത്തു കഴിഞ്ഞു. 
പ്രധാനമന്ത്രി : നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടോ?
പൂനം നൗട്ടിയാല്‍: അതെ സര്‍, മഴ പെയ്യുന്ന സമയത്ത് റോഡ് ബ്ലോക്കാകുമായിരുന്നു. നദി മുറിച്ചു കടന്നു പോകേണ്ടി വന്നിട്ടുണ്ട്. NHCVC യ്ക്കായി ഞങ്ങള്‍ വീടു വീടാന്തരം കയറിയിറങ്ങി. ആര്‍ക്കാണോ സെന്ററില്‍ എത്താന്‍ സാധിക്കാത്തത് - വൃദ്ധര്‍, വികലാംഗര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ - ഇവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സര്‍.
പ്രധാനമന്ത്രി: എന്നാല്‍ അവിടെ മലനിരകളില്‍ പോലും വീടുകള്‍ വളരെ അകലങ്ങളിലല്ലേ
പൂനം നൗട്ടിയാല്‍ : അതെ 
പ്രധാനമന്ത്രി: അങ്ങനെയെങ്കില്‍ ഒരു ദിവസം എത്ര വീട്ടില്‍ പോകാന്‍ സാധിക്കും.
പൂനം നൗട്ടിയാല്‍: സര്‍, കിലോമീറ്റര്‍ കണക്കാണ്  - ചിലപ്പോള്‍ 10 കിലോമീറ്റര്‍, ചിലപ്പോള്‍ എട്ട് കിലോമീറ്റര്‍
പ്രധാനമന്ത്രി: ശരി, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് 8-10 കിലോമീറ്റര്‍ എന്താണെന്ന് മനസ്സിലാവില്ല. എനിക്കറിയാം പര്‍വ്വതത്തിന്റെ 8-10 കിലോമീറ്റര്‍ എന്നത് ദിവസം മുഴുവന്‍ നടക്കേണ്ടി വരും എന്ന്.
പൂനം നൗട്ടിയാല്‍ : അതെ സര്‍ 
പ്രധാനമന്ത്രി : എന്നാല്‍ ഒറ്റ ദിവസം ഇത്രയും കഠിനാധ്വാനവും കൂട്ടത്തില്‍ വാക്സിനേഷന്റെ സാധനങ്ങളും ചുമന്നുള്ള യാത്ര. നിങ്ങളുടെ കൂടെ സഹായികള്‍ ഉണ്ടായിരുന്നോ?
പൂനം നൗട്ടിയാല്‍: ഉണ്ടായിരുന്നു സര്‍, ഞങ്ങളുടെ ഗ്രൂപ്പില്‍ അഞ്ച് പേര്‍ ഉണ്ട് സര്‍.
പ്രധാനമന്ത്രി: അതു ശരി
പൂനം നൗട്ടിയാല്‍ : ഗ്രൂപ്പില്‍ ഡോക്ടര്‍ ഉണ്ട്, പിന്നെ ഒരു എ എന്‍ എം, ഒരു ഫാര്‍മസിസ്റ്റ്, ആശ വര്‍ക്കറും പിന്നെ ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററും ഉണ്ട്. 
പ്രധാനമന്ത്രി: ഡാറ്റ എന്‍ട്രി ചെയ്യാന്‍ അവിടെ കണക്ടിവിറ്റി കിട്ടുമോ? അതോ ബാഗേശ്വര്‍ വന്നതിനു ശേഷം ചെയ്യുമോ?
പൂനം നൗട്ടിയാല്‍ : ചിലപ്പോഴൊക്കെ കിട്ടും സര്‍, ചിലപ്പോള്‍ ബാഗേശ്വര്‍ എത്തിയതിനു ശേഷം ചെയ്യും. 
പ്രധാനമന്ത്രി : നല്ലത് തന്നെ, ഞാനറിഞ്ഞത് നിങ്ങള്‍ പലയിടത്തും പോയി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്നാണല്ലോ? ഇത് ചെയ്യാനുള്ള തോന്നല്‍ എങ്ങനെയുണ്ടായി? അതെങ്ങനെ പ്രാവര്‍ത്തികമാക്കി?
പൂനം നൗട്ടിയാല്‍ : ഒരൊറ്റ വ്യക്തിയെപ്പോലും ഉപേക്ഷിക്കാന്‍ പാടില്ല എന്ന് ഞങ്ങള്‍ മുഴുവന്‍ ടീമംഗങ്ങളും പ്രതിജ്ഞയെടുത്തു. നമ്മുടെ രാജ്യത്തു നിന്നും കൊറോണയെ തുടച്ചു മാറ്റണം. ഞാനും ആശയും ചേര്‍ന്ന് ഓരോ വ്യക്തിയുടേയും വില്ലേജ് തിരിച്ചുള്ള ഡ്യൂ ലിസ്റ്റ് ഉണ്ടാക്കി. അതനുസരിച്ച് സെന്ററില്‍ വന്നവര്‍ക്ക് വാക്സിന്‍ നല്‍കി. പിന്നെ വീടു വീടാന്തരം കയറി ഇറങ്ങി. അതിനുശേഷം സെന്ററില്‍ എത്താന്‍ കഴിയാത്തവര്‍ മാത്രം ഒഴിവാക്കപ്പെട്ടു.
പ്രധാനമന്ത്രി: അതേയോ, ആളുകളോട് വിശദീകരിക്കേണ്ടി വന്നോ?
പൂനം നൗട്ടിയാല്‍: അതേ, വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്.
പ്രധാനമന്ത്രി: വാക്സിന്‍ എടുക്കാന്‍ ഇപ്പോള്‍ ആളുകള്‍ക്ക് ഉത്സാഹമാണോ?
പൂനം നൗട്ടിയാല്‍: അതെ സര്‍ അതെ, ഇപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, ആദ്യമൊക്കെ ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി. ഈ വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആളുകളോട് വിശദീകരിക്കേണ്ടി വന്നു. ഞങ്ങളും വാക്സിന്‍ എടുത്തു, ഒരു കുഴപ്പവുമില്ല, നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന  എല്ലാ സ്റ്റാഫും വാക്സിന്‍ എടുത്തവരാണ്. ആര്‍ക്കും ഒരു പ്രശ്നവുമില്ല എന്ന് വിശദമാക്കി.
പ്രധാനമന്ത്രി: വാക്സിന്‍ എടുത്തശേഷം എന്തെങ്കിലും തരത്തിലുള്ള പരാതി ഉയര്‍ന്നുവന്നോ?
പൂനം നൗട്ടിയാല്‍ : ഇല്ല ഇല്ല സര്‍, അങ്ങനെയൊന്നും ഉണ്ടായില്ല.
പ്രധാനമന്ത്രി: ഒന്നും ഉണ്ടായില്ല.
പൂനം നൗട്ടിയാല്‍ : ഇല്ല സര്‍
പ്രധാനമന്ത്രി: എല്ലാവര്‍ക്കും സന്തോഷമായിരുന്നോ?
പൂനം നൗട്ടിയാല്‍: അതെ സര്‍
പ്രധാനമന്ത്രി: ഒരു പ്രശ്നവും ഉണ്ടാവാത്തതില്‍
പൂനം നൗട്ടിയാല്‍: അതെ
പ്രധാനമന്ത്രി : അതെല്ലാം പോട്ടേ, നിങ്ങള്‍ ഒരു മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത് എന്നെനിക്കറിയാം. ആ പ്രദേശത്ത് മുഴുവനും മലനിരകളിലും നടക്കാന്‍ എന്തു ബുദ്ധിമുട്ടാണ്. ഒരു പര്‍വ്വതത്തിലേക്ക് പോവുക പിന്നെ അവിടെ നിന്നുമിറങ്ങുക . എന്നിട്ട് മറ്റൊരു മലയിലേക്ക് പോവുക. വീടുകളും വളരെ ദൂരത്തിലാണ്. എന്നിട്ടും നിങ്ങള്‍ വളരെ അത്ഭുതകരമായി ജോലി ചെയ്തു. 
പൂനം നൗട്ടിയാല്‍ : താങ്കളോടു സംസാരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.
    നിങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ കഠിനാധ്വാനം കാരണം നൂറു കോടി വാക്സിന്‍ ഡോസ് എന്ന നാഴികക്കല്ല് മറികടക്കാന്‍കഴിഞ്ഞു. ഇന്ന് ഞാന്‍ നിങ്ങളോടു മാത്രമല്ല, ഫ്രീ വാക്സിന്‍- എല്ലാവര്‍ക്കും വാക്സിന്‍ കാമ്പയിന്‍ ഇത്രയും മികച്ച രീതിയില്‍ വിജയിപ്പിക്കാന്‍ സഹകരിച്ച ഓരോ ഇന്ത്യക്കാരനോടുമുള്ള എന്റെ നന്ദി അറിയിക്കുന്നു. നിങ്ങള്‍ക്കും കുടുബത്തിനും എന്റെ ആശംസകള്‍.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കറിയാമായിരിക്കും അടുത്ത ഞായറാഴ്ച ഒക്ടോബറിന് 31 ന് സര്‍ദാര്‍ പട്ടേലിന്റെ ജയന്തിയാണ്. മന്‍ കി ബാത്തിന്റെ എല്ലാ ശ്രോതക്കളുടെ പേരിലും എന്റെ പേരിലും ഞാന്‍ ആ ഉരുക്കുമനുഷ്യനെ നമിക്കുന്നു. സുഹൃത്തുക്കളേ, ഒക്ടോബറിന് 31 ന് നമ്മള്‍ രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നു. ഏകതയുടെ സന്ദേശം നല്‍കുന്ന എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ഈയടുത്ത് ഗുജറാത്തിലെ പോലീസ്, കച്ചിലെ ലഖ്പത്ത് സ്തൂപത്തിനടുത്തുനിന്നു തുടങ്ങി statue of unity വരെ ബൈക്ക് റാലി നടത്തി. ത്രിപുര പോലീസിലെ യുവാക്കള്‍ ഏകതാ ദിവസം ആചരിക്കാന്‍ ത്രിപുരയില്‍ നിന്നും Statue of unity വരെ ബൈക്ക് റാലി നടത്തി. അതായത് കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ള സംസ്ഥാനങ്ങള്‍ അതില്‍ പങ്കാളികളായി. ജമ്മുകശ്മീര്‍ പോലീസിലെ യുവാക്കളും ഉറിയില്‍ നിന്നും പഠാന്‍കോട്ട് വരെ ഇത്തരത്തിലുള്ള ബൈക്ക് റാലി നടത്തി ഏകതാ സന്ദേശം പ്രചരിപ്പിച്ചു. ഞാനീ യുവാക്കളെ സല്യൂട്ട് ചെയ്യുന്നു.
    ജമ്മു കശ്മീരിലെ കുപവാടാ ജില്ലയിലെ സഹോദരിമാരെക്കുറിച്ചും ഞാനറിഞ്ഞു. ഈ സഹോദരിമാര്‍ കാശ്മീരില്‍ സൈന്യത്തിനും സര്‍ക്കാര്‍ ഓഫീസിനും വേണ്ടി ത്രിവര്‍ണ്ണ പതാക തുന്നുന്ന ജോലിയാണ് ചെയ്യുന്നത്. ഈ ജോലി ദേശസ്നേഹം ഉളവാക്കുന്ന ഒന്നാണ്. ഞാനീ സഹോദരിമാരുടെ ആത്മവിശ്വാസത്തെ പ്രണമിക്കുന്നു. ഇന്ത്യയുടെ ഐക്യത്തിനും മഹത്വത്തിനും വേണ്ടി നിങ്ങള്‍ ഒരോരുത്തരും എന്തെങ്കിലും ചെയ്യണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് എത്ര മാത്രം സംതൃപ്തി ലഭിക്കുമെന്ന് മനസ്സിലാക്കാം.
    സുഹൃത്തുക്കളേ, സര്‍ദാര്‍ സാഹിബ് പറയാറുണ്ടായിരുന്നു: നമ്മുടെ ഏകീകൃത സംരഭത്തിലൂടെയേ നമുക്ക് രാജ്യത്തെ  ഉയരങ്ങളിലേക്ക് കൊണ്ടു പോകാന്‍ കഴിയൂ. നമുക്ക് ഐക്യമില്ലെങ്കില്‍ പുതിയ ദുരന്തങ്ങളില്‍ അകപ്പെടും. അതായത് ദേശീയ ഐക്യം ഉണ്ടെങ്കില്‍ ഉയര്‍ച്ചയുണ്ട്. വികസനമുണ്ട്. സര്‍ദാര്‍ പട്ടേലിന്റെ ജീവിതത്തില്‍ നിന്നും ചിന്തകളില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനാകും. രാജ്യത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അടുത്തിടെ സര്‍ദാര്‍ സാഹിബിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. എല്ലാ യുവസുഹൃത്തുക്കളും ഇത് വായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ദാര്‍ സാഹബിനെക്കുറിച്ച് രസകരമായ രീതിയില്‍ അറിയാനുള്ള അവസരം ഇതിലൂടെ ലഭിക്കും. 
    പ്രിയപ്പെട്ട ദേശവാസികളേ, ജീവിതത്തില്‍ തുടര്‍ച്ചയായ പുരോഗതിയാണ് നാം ആഗ്രഹിക്കുന്നത്. വികസനം ആഗ്രഹിക്കുന്നു. ഉയരങ്ങള്‍ താണ്ടാന്‍ ആഗ്രഹിക്കുന്നു. ശാസ്ത്രം പുരോഗമിച്ചേക്കാം, പുരോഗതിയുടെ വേഗത എത്ര വേണമെങ്കിലും ആകാം. കെട്ടിടം എത്ര വലുതാണെങ്കിലും ജീവിതം അപ്പോഴും അപൂര്‍ണ്ണമാണെന്ന് തോന്നും. പക്ഷേ പാട്ട്, സംഗീതം, കല, നാടകം നൃത്തം,സാഹിത്യം ഇവ അതിനോടൊപ്പം ചേരുമ്പോള്‍ അതിന്റെ പ്രഭാവലയം, ചൈതന്യം വീണ്ടും വര്‍ദ്ധിക്കും. ഏതെങ്കിലും തരത്തില്‍ ജീവിതം അര്‍ത്ഥവത്താകണമെങ്കില്‍ ഇതെല്ലാം ഉണ്ടാകണം. അത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ഇവയെല്ലാം നമ്മുടെ ജീവിതത്തില്‍ ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതുമാണ്. മനുഷ്യ മനസ്സിന്റെ ആന്തരിക ആത്മാവിനെ വികസിപ്പിക്കുന്നതിനും അന്തര്‍യാമിയാകാനും പാട്ടും സംഗീതവും പോലെയുള്ള കലകള്‍ വലിയ പങ്കുവഹിക്കുന്നു. കാലത്തിനോ സമയത്തിനോ അതിനെ ബന്ധിക്കാന്‍ കഴിയില്ല. അതുതന്നെയാണ് അതിന്റെ ശക്തി. അതിന്റെ ഒഴുക്കിനെ തടയാന്‍ അതിര്‍ വരമ്പുകള്‍ക്കോ വാദപ്രതിവാദങ്ങള്‍ക്കോ കഴിയില്ല. അമൃത മഹോത്സവത്തിലും നമ്മള്‍ നമ്മുടെ കലകള്‍ സംസ്‌ക്കാരം ഗാനങ്ങള്‍ സംഗീതം എന്നിവയുടെ നിറങ്ങള്‍ നിറയ്ക്കണം. എനിക്കും നിങ്ങളുടെ പക്കല്‍ നിന്നും അമൃത മഹോത്സവത്തെക്കുറിച്ചും പാട്ട്, സംഗീതം, കല ഇവയുടെ ശക്തിയെക്കുറിച്ചും പ്രദിപാദിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊക്കെയും വളരെ വിലപ്പെട്ടതാണ്. പഠനത്തിനായി ഞാന്‍ ഇവ സാംസ്‌ക്കാരിക മന്ത്രാലയത്തിന് അയച്ചുകൊടുത്തു. കുറഞ്ഞ സമയത്തിനുള്ളില്‍ മന്ത്രാലയം ഈ നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി എടുക്കുകയും അവയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ദേശഭക്തി ഗാനങ്ങളുമായി ബന്ധപ്പെട്ട ഒരു മത്സരമാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍, വിവിധ ഭാഷകളിലെ ദേശഭക്തി ഗാനങ്ങളും സതുതി ഗീതങ്ങളും രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചു.ഇപ്പോള്‍ അമൃതമഹോത്സവ കാലത്ത് നമ്മുടെ യുവാക്കള്‍ക്ക് ദേശഭക്തിയുടെ ഇത്തരം ഗാനങ്ങള്‍ എഴുതുന്നതിലൂടെ ഈ പരിപാടിയില്‍ കൂടുതല്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ സാധിക്കും. ഈ ദേശ ഭക്തിഗാനങ്ങള്‍ മാതൃഭാഷയിലാകാം, ദേശീയ ഭാഷയിലാകാം, ഇംഗ്ലീഷിലും എഴുതാം. പക്ഷേ ഈ സൃഷ്ടികള്‍ പുതിയ ഇന്ത്യയുടെ പുതിയ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാകണം. രാജ്യത്തിന്റെ ഇപ്പോഴത്തെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ഭാവിയെ മുന്നില്‍ കണ്ടു കൊണ്ടുമുള്ളതാകണം സാംസ്‌ക്കാരിക മന്ത്രാലയം രാഷ്ട്രീയതലത്തില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 
    സുഹൃത്തുക്കളേ, മന്‍കീ ബാത്തിന്റെ ഒരു ശ്രോതാവ് ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്തെന്നാല്‍ അമൃത മഹോത്സവത്തെ നിറങ്ങളുടെ മഹോത്സവമാക്കിത്തീര്‍ക്കണം എന്ന്. നമ്മുടെ നാട്ടില്‍ രംഗോലിയിലൂടെ ഉത്സവങ്ങളില്‍  പരസ്പരം നിറം വാരിത്തേക്കുക എന്നത് ഒരു രീതിയാണ്. രംഗോലിയിലൂടെ ദേശത്തിന്റെ വൈവിധ്യം കാണുവാന്‍ സാധിക്കും. പല സ്ഥലങ്ങളിലും പല പല പേരുകളില്‍ പല പല ആശയങ്ങളില്‍ രംഗോലി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് സംസ്‌ക്കാരിക മന്ത്രാലയം അതുമായി ബന്ധപ്പെട്ട ഒരു ദേശീയതല മത്സരം നടത്താന്‍ പോവുകയാണ്. നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രംഗാലി തയ്യാറാകുമ്പോള്‍ ആളുകള്‍ തങ്ങളുടെ കവാടത്തിലും ചുമരിലും മറ്റും സ്വാതന്ത്ര്യത്തിന്റെ സന്തോഷം ഉളവാക്കുന്ന ചിത്രം വരയ്ക്കും. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഭവത്തെ നിറങ്ങളിലൂടെ വരച്ചു കാണിക്കും. അതിലൂടെ അമൃത മഹോത്സവത്തിന്റെ നിറം ഒന്നു കൂടി വര്‍ദ്ധിക്കും.
    സുഹൃത്തുക്കളേ, നമുക്കിവിടെ താരാട്ടുപാട്ടിന്റെ ചരിത്രം തന്നെ ഉണ്ട്. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് താരാട്ടു പാടിക്കൊടുക്കുന്നതിലൂടെ സംസ്‌ക്കാരവും പകര്‍ന്നു നല്‍കുന്നു. നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു. താരാട്ടുപാട്ടിനും വൈവിധ്യമുണ്ട്. അതുകൊണ്ട് തന്നെ അമൃതമഹോത്സവ കാലത്തില്‍ ഈ ശാഖയെ നമുക്ക് പുനര്‍ജീവിപ്പിച്ചെടുക്കാം. ദേശഭക്തിയുമായി ബന്ധപ്പെട്ട താരാട്ടുപാട്ടുകള്‍ എഴുതൂ. കവിതകള്‍, ഗാനങ്ങള്‍, അങ്ങനെ എന്തെങ്കിലും തീര്‍ച്ചയായും എഴുതൂ. അതിലൂടെ എല്ലാ വീട്ടിലേയും അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് താരാട്ടുപാട്ട് പാടി കേള്‍പ്പിക്കട്ടേ. ഇത്തരം താരാട്ടുപാട്ടില്‍ ആധുനിക ഇന്ത്യയുടെ സ്പന്ദനം ഉണ്ടാകണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങള്‍ ഉണ്ടാകണം. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് മന്ത്രാലയം ഇതിന്റെ മത്സരവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
    സുഹൃത്തുക്കളെ, ഈ മൂന്നു മത്സരവും ഒക്ടോബറിന് 31 ന്, സര്‍ദാര്‍ സാഹബിന്റെ ജയന്തിയോടു കൂടി തുടക്കം കുറിക്കും. ഉടന്‍ തന്നെ സാംസ്‌ക്കാരിക മന്ത്രാലയം ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.  ഈ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സാമൂഹ്യമാധ്യമങ്ങളിലും നല്‍കും. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ യുവ സഹയാത്രികര്‍ അവരുടെ കലയും കഴിവുകളും ഇതില്‍ പ്രദര്‍ശിപ്പിക്കണം. ഇതിലൂടെ നിങ്ങളുടെ പ്രദേശത്തെ കലയും സംസ്‌കാരവും രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തും. നിങ്ങളുടെ കഥകള്‍ രാജ്യം മുഴുവന്‍ കേള്‍ക്കും.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, അമൃത് മഹോത്സവത്തിന്റെ ഈ സമയത്ത് നാം  രാജ്യത്തെ ധീരരായ പുത്രന്‍മാരേയും പുത്രിമാരേയും മഹത്തായ ആത്മാക്കളെയും  സ്മരിക്കുന്നു. അടുത്ത മാസം, നവംബര്‍ 15 ന്, അത്തരമൊരു മഹത്വ്യക്തി, ധീര യോദ്ധാവ്, ആദരണീയ ബിര്‍സ മുണ്ടയുടെ ജന്മദിനം വരാന്‍ പോകുന്നു. ബിര്‍സ മുണ്ടയുടെ 'ധര്‍ത്തി ആബ' എന്ന പേരിലും അറിയപ്പെടുന്നു. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് അറിയാമോ? ഭൂമിയുടെ പിതാവ് എന്നാണ് അതിന്റെ അര്‍ത്ഥം. തന്റെ സംസ്‌കാരവും കാടും ഭൂമിയും സംരക്ഷിക്കാന്‍ അദ്ദേഹം പോരാടിയ രീതി-  ഭൂമിയുടെ പിതാവിന് മാത്രമേ അങ്ങനെ പോരാടാന്‍ കഴിയുകയുള്ളൂ. നമ്മുടെ സംസ്‌കാരത്തിലും വേരുകളിലും അഭിമാനിക്കാന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു. വിദേശ സര്‍ക്കാര്‍ അദ്ദേഹത്തെ എന്ത് മാത്രം  ഭീഷണിപ്പെടുത്തി, എത്രമാത്രം സമ്മര്‍ദ്ദം ചെലുത്തി, പക്ഷേ അദ്ദേഹം ഗോത്ര സംസ്‌കാരം ഉപേക്ഷിച്ചില്ല. പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കാന്‍ പഠിക്കണമെങ്കില്‍, അതിന്  ബിര്‍സ മുണ്ട എന്നും നമുക്ക് ഒരു വലിയ പ്രചോദനമാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എല്ലാ വിദേശ ഭരണ നയങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. പാവപ്പെട്ടവരെയും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും  സഹായിക്കുന്നതില്‍ ബിര്‍സ മുണ്ട എപ്പോഴും മുന്നിലായിരുന്നു. സാമൂഹിക തിന്മകള്‍ ഇല്ലാതാക്കാന്‍ അദ്ദേഹം സമൂഹത്തെ ബോധവല്‍ക്കരിക്കുകയും ചെയ്തിരുന്നു. 'ഉള്‍ഗുലാന്‍' പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ നേതൃത്വം ആര്‍ക്കാണ് മറക്കാന്‍ കഴിയുക! ഈ പ്രസ്ഥാനം ബ്രിട്ടീഷുകാരെ ഞെട്ടിച്ചു. അതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് ഒരു വലിയ പ്രതിഫലം നല്‍കി. അവര്‍ അദ്ദേഹത്തെ ജയിലിലടച്ചു. ജയിലില്‍ നടന്ന കഠിനമായ പീഡനം കാരണം 25 വയസ്സ് പോലും തികയും മുന്‍പേ അദ്ദേഹം നമ്മളെ  വിട്ടുപോയി. പക്ഷേ, ശരീരം കൊണ്ട് മാത്രം. ജനമനസ്സില്‍ ബിര്‍സ മുണ്ട ചിരപ്രതിഷ്ഠ നേടി. അദ്ദേഹത്തിന്റെ ജീവിതം ഇന്നും ജനങ്ങള്‍ക്ക് ഒരു ചാലകശക്തിയായി തുടരുന്നു. ഇന്നും അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകളും, ധൈര്യവും വീര്യവും നിറഞ്ഞ കഥകളും ഇന്ത്യയുടെ മധ്യമേഖലയില്‍ വളരെ പ്രചാരത്തിലുണ്ട്. ഞാന്‍ 'ധര്‍ത്തി ആബ' ബിര്‍സ മുണ്ടയെ വണങ്ങുന്നു, അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വായിച്ചറിയാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നമ്മുടെ ഗോത്രസമൂഹത്തിന്റെ അതുല്യമായ സംഭാവനകളെക്കുറിച്ച് കൂടുതല്‍ അറിയുന്തോറും നിങ്ങള്‍ക്ക് അവരെ കുറിച്ച് അഭിമാനം തോന്നും.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ,  ഇന്ന് ഒക്ടോബര്‍ 24, യുഎന്‍ ദിനം. അതായത്  'ഐക്യരാഷ്ട്ര ദിനം'. ഐക്യരാഷ്ട്രസഭ രൂപീകൃതമായ ദിവസം. ഐക്യരാഷ്ട്രസഭ സ്ഥാപിതമായ കാലം മുതല്‍ ഇന്ത്യ അതിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ 1945-ല്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമല്ലേ. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു കാര്യമെന്താണെന്നാല്‍, ഐക്യരാഷ്ട്രസഭയുടെ സ്വാധീനവും ശക്തിയും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ സ്ത്രീശക്തി വലിയ പങ്കുവഹിച്ചു എന്നതാണ്. 1947-48-ല്‍, യുഎന്‍ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍, 'All Men are Created Equal' എന്ന് പ്രഖ്യാപനത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രതിനിധി ഇതിനെ എതിര്‍ക്കുകയും പിന്നീട് യൂണിവേഴ്സല്‍ ഡിക്ലറേഷനില്‍ എഴുതുകയും ചെയ്തു - 'All Human Beings are Created Equal'. ലിംഗസമത്വം ഇന്ത്യയുടെ പുരാതന പാരമ്പര്യത്തിന് അനുസൃതമായിരുന്നു. നിങ്ങള്‍ക്കറിയാമോ, ശ്രീമതി ഹന്‍സ മേത്ത എന്ന പ്രതിനിധിയായിരുന്നു ഇത് സാധ്യമാക്കിയത്. അതേസമയം തന്നെ  മറ്റൊരു പ്രതിനിധി ശ്രീമതി ലക്ഷ്മി എന്‍ മേനോന്‍ ലിംഗസമത്വത്തെ കുറിച്ച് ശക്തമായി സംസാരിച്ചു. ഇത് മാത്രമല്ല, 1953 -ല്‍ ശ്രീമതി വിജയലക്ഷ്മി പണ്ഡിറ്റ് യു എന്‍ ജനറല്‍ അസംബ്ലിയുടെ ആദ്യ വനിതാ പ്രസിഡന്റുമായി. 
    സുഹൃത്തുക്കളേ, നമ്മള്‍ നാട്ടുകാര്‍  വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്:
    'ഓം ദ്യൌ: ശാന്തിരന്തരീക്ഷം ശാന്തി: 
    പ്രിഥ്വീ ശാന്തിരാപ: ശാന്തിരോഷധ്യയ: ശാന്തി: 
    വനസ്പതയ: ശാന്തിവിശ്വേ ദേവാ: ശാന്തിര്‍ ബ്രഹ്മ ശാന്തി:
    സര്‍വ്വശാന്തി: ശാന്തിരെവ് ശാന്തി: സാ മാ ശാന്തിരേധി 
    ഓം ശാന്തി ശാന്തി ശാന്തി' 
ലോകസമാധാനത്തിനായി ഇന്ത്യ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യത്തിന്റെ ഭാഗമാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഇന്ത്യ നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്. ഇതുകൂടാതെ, യോഗയും ആയുഷും ജനകീയമാക്കുന്നതിന് ഇന്ത്യ ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 2021 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന, ഒരു പരമ്പരാഗത ആഗോള വൈദ്യശാസ്ത്ര കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
    സുഹൃത്തുക്കളേ, ഐക്യരാഷ്ട്രസഭയെ കുറിച്ച് പറയുമ്പോള്‍ അടല്‍ ബിഹാരി വാജ്പേയ്ജിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. 1977 ല്‍ ഐക്യരാഷ്ട്രസഭയെ ഹിന്ദിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. മന്‍ കി ബാത്ത് ശ്രോതാക്കള്‍ക്കു വേണ്ടി  അദ്ദേഹം നടത്തിയ അഭിസംബോധനയുടെ ഒരു ഭാഗം കേള്‍പ്പിക്കാന്‍  ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ; 
    'ഇവിടെ ഞാന്‍ രാഷ്ട്രങ്ങളുടെ ശക്തിയെയും മഹിമയെയും കുറിച്ച് ചിന്തിക്കുന്നില്ല. സാധാരണക്കാരന്റെ അന്തസ്സും പുരോഗതിയുമാണ് എനിക്ക് കൂടുതല്‍ പ്രധാനം. ആത്യന്തികമായി, നമ്മുടെ ജയപരാജയങ്ങള്‍ അളക്കാനുള്ള ഏക മാനദണ്ഡം മനുഷ്യ സമൂഹത്തിന് മുഴുവനായി , അതായത്  എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, നീതിയും അന്തസ്സും ഉറപ്പാക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്നതാണ്.''
    സുഹൃത്തുക്കളേ, അടല്‍ജിയുടെ ഈ വാക്കുകള്‍ ഇന്നും നമുക്ക് വഴി  കാട്ടുന്നു. ഈ ഭൂമിയെ മികച്ചതും സുരക്ഷിതവുമായ ഗ്രഹമാക്കി മാറ്റുന്നതില്‍ ഇന്ത്യയുടെ സംഭാവന ലോകത്തിനാകെ വലിയ പ്രചോദനമാണ്.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  ഒക്ടോബര്‍ 21 -ാം തിയതി നാം  പോലീസ് സ്മൃതിദിനം ആഘോഷിച്ചു. ഈ ദിവസം രാജ്യത്തിന്റെ സേവനത്തിനായി ജീവന്‍ വെടിഞ്ഞ പോലീസ് സുഹൃത്തുക്കളെ  നാം പ്രത്യേകം ഓര്‍ക്കുന്നു. ഇന്ന് ഞാന്‍ ഈ പോലീസുകാരെയും അവരുടെ കുടുംബങ്ങളെയും സ്മരിക്കുന്നു. കുടുംബത്തിന്റെ പിന്തുണയും ത്യാഗവുമില്ലാതെ പോലീസ് പോലുള്ള കഠിനമായ ജോലി ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. പോലീസ് സേവനവുമായി ബന്ധപ്പെട്ട ഒരുകാര്യം കൂടി മന്‍ കി ബാത്ത് ശ്രോതാക്കളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൈന്യവും പോലീസും പോലുള്ള സേവനങ്ങള്‍ പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണെന്ന് മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നത് അങ്ങനെയല്ല. ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വനിതാ പോലീസുകാരുടെ എണ്ണം ഇരട്ടിയായി. 2014-ല്‍ അവരുടെ എണ്ണം ഒരുലക്ഷത്തി അയ്യായിരത്തിനടുത്തായിരുന്നു. 2020-ഓടെ ഇത് ഇരട്ടിയിലധികം വര്‍ധിച്ചു. ഈ എണ്ണം ഇപ്പോള്‍ രണ്ടുലക്ഷത്തി പതിനയ്യായിരമായി. കേന്ദ്ര സായുധ പോലീസ് സേനകളില്‍ പോലും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സ്ത്രീകളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഞാന്‍ സംഖ്യകളെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. ഇന്ന് രാജ്യത്തെ പെണ്‍കുട്ടികള്‍ ഏറ്റവും കഠിനമായ ജോലികള്‍ പോലും പൂര്‍ണ്ണ ശക്തിയോടെയും ഉത്സാഹത്തോടെയും ചെയ്യുന്നു. ഉദാഹരണത്തിന്, പലരും നിലവില്‍ ഏറ്റവും കഠിനമായ പരിശീലനങ്ങളില്‍ ഒന്നായ Specialized Jungle Warfare Commandos ല്‍ പരിശീലനം നേടുന്നുണ്ട്. അവര്‍ നമ്മുടെ  കോബ്ര ബറ്റാലിയന്റെ ഭാഗമാകും.
    സുഹൃത്തുക്കളേ, ഇന്ന് നമ്മള്‍ വിമാനത്താവളങ്ങളില്‍ പോകുന്നു, മെട്രോ സ്റ്റേഷനുകളില്‍ പോകുന്നു, അല്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കാണുന്നു. ഇത്തരം എല്ലാ സ്ഥലങ്ങളിലും CISFലെ ധീര വനിതകള്‍ കാവല്‍ നില്‍ക്കുന്നതായി കാണാം. അതിന്റെ ഏറ്റവും നല്ല ഫലം എന്തെന്നാല്‍  നമ്മുടെ പോലീസ് സേനയെയും സമൂഹത്തെയും ഇത് സ്വാധീനിക്കുന്നു എന്നതാണ്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം സ്വാഭാവികമായും ജനങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ആത്മവിശ്വാസം ജനിപ്പിക്കുന്നു. സ്വാഭാവികമായും അവര്‍ തങ്ങളുടെ കൂടെയുള്ളവര്‍ ആണെന്ന തോന്നലുണ്ടാകുന്നു. സ്ത്രീകളുടെ സംവേദനക്ഷമത കാരണം ആളുകള്‍ അവരെ കൂടുതല്‍ വിശ്വസിക്കുന്നു. നമ്മുടെ ഈ വനിതാ പോലീസുകാര്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് മാതൃകയാവുകയാണ്. സ്‌കൂളുകള്‍ തുറന്നതിനു ശേഷം, അവരുടെ പ്രദേശത്തെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ള പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വനിതാ പോലീസുകാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇങ്ങനെയുള്ള  ആശയ വിനിമയം നമ്മുടെ പുതിയ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മാത്രവുമല്ല പോലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിക്കുകയും ചെയ്യും. ഭാവിയില്‍ കൂടുതല്‍ സ്ത്രീകള്‍ പോലീസ് സേവനത്തില്‍ ചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്  നമ്മുടെ രാജ്യത്തെ new age policing നെ നയിക്കും.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ രാജ്യത്ത് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പലപ്പോഴും മന്‍ കി ബാത്ത് ശ്രോതാക്കള്‍ അവരുടെ കാര്യങ്ങള്‍  എഴുതിക്കൊണ്ടേയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ, പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെയും കൊച്ചുകുട്ടികളുടെയും സങ്കല്‍പ്പങ്ങളിലുള്ള  അത്തരമൊരു വിഷയം ഞാന്‍ ഇന്ന് നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ വിഷയം ഡ്രോണ്‍ ടെക്നോളജിയെ കുറിച്ചാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രോണിന്റെ പേര് വരുമ്പോള്‍, ആളുകളുടെ മനസ്സില്‍ ആദ്യം തോന്നിയത് എന്തായിരുന്നു? സൈന്യത്തിന്റെ, ആയുധങ്ങളുടെ, യുദ്ധത്തിന്റെ ചിത്രങ്ങള്‍. എന്നാല്‍ ഇന്ന് നമുക്ക് വിവാഹ ഘോഷയാത്രയോ മറ്റു ചടങ്ങുകളോ ഉണ്ടെങ്കില്‍, ഡ്രോണ്‍ ഫോട്ടോകളും വീഡിയോകളും നിര്‍മ്മിക്കുന്നത് കാണാം. എന്നാല്‍ ഡ്രോണിന്റെ ഏരിയ, അതിന്റെ ശക്തി, അത് മാത്രമല്ല. ഡ്രോണുകളുടെ സഹായത്തോടെ ഗ്രാമങ്ങളിലെ ഭൂമിയുടെ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗതാഗതത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ വളരെ വിപുലമായി പ്രവര്‍ത്തിക്കുന്നു. അത് ഗ്രാമത്തിലെ കൃഷിയായാലും സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്കുന്നതിനായാലും. അടിയന്തരഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിന് അല്ലെങ്കില്‍ ക്രമസമാധാനം നിരീക്ഷിക്കുന്നതിന്, നമ്മുടെ ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം ഡ്രോണുകള്‍ വിന്യസിക്കുന്നത് അധികം താമസിയാതെ തന്നെ നമുക്ക് കാണാന്‍ കഴിയും. ഇതില്‍ ഭൂരിഭാഗവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭാവ്നഗറില്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഡ്രോണുകള്‍ വഴി വയലുകളില്‍ നാനോ-യൂറിയ തളിച്ചു. കോവിഡ് വാക്സിന്‍ കാമ്പെയ്നിലും ഡ്രോണുകള്‍ തങ്ങളുടെ പങ്ക് വഹിക്കുന്നുണ്ട്. മണിപ്പൂരില്‍ ഇതിന്റെ ഒരു ചിത്രം കാണാന്‍ കഴിഞ്ഞു.  ഡ്രോണ്‍ വഴി ഒരു ദ്വീപിലേക്ക് വാക്സിനുകള്‍ എത്തിക്കുന്ന സ്ഥലം. തെലങ്കാനയും ഡ്രോണ്‍ വഴി വാക്സിന്‍ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, നിരവധി വലിയ അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകള്‍ നിരീക്ഷിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നു. ഒരു ഡ്രോണിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച ഒരു യുവ വിദ്യാര്‍ത്ഥിയെക്കുറിച്ചും ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടരേ, നേരത്തെ ഈ മേഖലയില്‍, ഡ്രോണിന്റെ യഥാര്‍ത്ഥശേഷി ഉപയോഗിക്കാന്‍ പോലും കഴിയാത്തത്ര നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അവസരത്തിനനുസരിച്ചു ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ ഒരു പ്രതിസന്ധിയായി മാറി. ഏതെങ്കിലും ജോലിക്ക് നിങ്ങള്‍ ഒരു ഡ്രോണ്‍ പറത്തേണ്ടിവന്നാല്‍, ലൈസന്‍സിന്റെയും അനുമതിയുടേയും ബുദ്ധിമുട്ട് ഉണ്ടായിരുന്നു, ആളുകള്‍ ഡ്രോണിന്റെ പേര് കേട്ടാല്‍ തന്നെ പരിഭ്രമിക്കാന്‍ തുടങ്ങി. ഈ ചിന്താഗതി മാറ്റി പുതിയ പ്രവണതകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതുകൊണ്ടാണ് ഈ വര്‍ഷം ഓഗസ്റ്റ് 25 ന് രാജ്യം ഒരു പുതിയ ഡ്രോണ്‍ നയം കൊണ്ടുവന്നത്. ഡ്രോണുമായി ബന്ധപ്പെട്ട ഇന്നത്തെയും ഭാവിയിലെയും സാധ്യതകള്‍ അനുസരിച്ചാണ് ഈ നയം തയ്യാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച്, നിങ്ങള്‍ ഇനി പല ഫോമുകളുടെ  കെണിയില്‍ വീഴേണ്ടിവരില്ല. മുമ്പത്തെപ്പോലെ കൂടുതല്‍ ഫീസും നല്‍കേണ്ടതില്ല. പുതിയ ഡ്രോണ്‍ നയം നിലവില്‍ വന്നതിന് ശേഷം വിദേശ, ആഭ്യന്തര നിക്ഷേപകര്‍ നിരവധി ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പല കമ്പനികളും നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. കരസേനയും നാവികസേനയും വ്യോമസേനയും ഇന്ത്യന്‍ ഡ്രോണ്‍ കമ്പനികള്‍ക്ക് 500 കോടിയിലധികം രൂപയുടെ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. നമ്മള്‍ ഇവിടെ നിര്‍ത്തേണ്ടതില്ല. ഡ്രോണ്‍ ടെക്നോളജിയില്‍ നമ്മള്‍ മുന്‍നിര രാജ്യമായി മാറണം. ഇതിനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഡ്രോണ്‍ നയത്തിന് ശേഷം സൃഷ്ടിക്കപ്പെട്ട അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും മുന്നോട്ടു വരണമെന്നും ഞാന്‍ രാജ്യത്തെ യുവാക്കളോട് പറയുന്നു.
    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, യു.പിയിലെ മീററ്റില്‍ നിന്നുള്ള മന്‍ കി ബാത്ത് ശ്രോതാവായ ശ്രീമതി പ്രഭ ശുക്ല ശുചിത്വവുമായി ബന്ധപ്പെട്ട ഒരു കത്ത് എനിക്ക് അയച്ചു. അവര്‍ എഴുതി - 'ഞങ്ങള്‍ എല്ലാവരും ഇന്ത്യയിലെ ഉത്സവവേളകളില്‍ ശുചിത്വം ആഘോഷിക്കുന്നു. അതുപോലെ, ശുചിത്വം ദൈനംദിന ശീലമാക്കിയാല്‍, രാജ്യം മുഴുവന്‍ ശുദ്ധമാകും.' ശ്രീമതി പ്രഭയുടെ ആശയം  എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും, ശുചിത്വമുള്ളിടത്ത് ആരോഗ്യമുണ്ട്, ആരോഗ്യമുള്ളിടത്ത് ശക്തിയുണ്ട്, ശക്തിയുള്ളിടത്ത് ഐശ്വര്യമുണ്ട്. അതുകൊണ്ടാണ് സ്വച്ഛ് ഭാരത് അഭിയാന് രാജ്യം ഇത്രയധികം ഊന്നല്‍ നല്‍കുന്നത്. റാഞ്ചിക്ക് സമീപമുള്ള 'സപാരോം  നയാ സരായ്' എന്ന ഗ്രാമത്തെക്കുറിച്ചു കിട്ടിയ അറിവ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഈ ഗ്രാമത്തില്‍ ഒരു കുളം ഉണ്ടായിരുന്നു. എന്നാല്‍, ആളുകള്‍ ഈ കുളമുള്ള തുറസ്സായ പ്രദേശം മലമൂത്ര വിസര്‍ജ്ജനത്തിനായി ഉപയോഗിക്കാന്‍ തുടങ്ങി. സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം എല്ലാവരുടെയും വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ തങ്ങളുടെ ഗ്രാമത്തെ വൃത്തിയും ഭംഗിയുമുള്ളതാക്കാന്‍ ഗ്രാമീണര്‍ തീരുമാനിച്ചു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് കുളത്തിനോട് ചേര്‍ന്ന സ്ഥലത്ത് ഒരു പാര്‍ക്ക് ഉണ്ടാക്കി. ഇന്ന് ആ സ്ഥലം പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒരു പൊതു ഇടമായി മാറിയിരിക്കുന്നു. ഇത് മുഴുവന്‍ ഗ്രാമത്തിന്റെയും ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. അതുപോലെ ഛത്തീസ്ഗഡിലെ 'ദേഉര്‍' (De ur) ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ചും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇവിടുത്തെ സ്ത്രീകള്‍ ഒരു സ്വയം സഹായ സംഘം നടത്തുകയും ഗ്രാമത്തിലെ  കവലകളും  റോഡുകളും ക്ഷേത്രങ്ങളും ശുചീകരിക്കുകയും ചെയ്യുന്നു.
    സുഹൃത്തുക്കളേ, യു.പി. ഗാസിയാബാദിലെ രാംവീര്‍ തന്‍വറിനെ ജനങ്ങള്‍ pond man എന്നാണ് വിളിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ശേഷം ജോലി ചെയ്യുകയായിരുന്നു രാംവീര്‍. പക്ഷേ, തന്റെ ജോലി ഉപേക്ഷിച്ച് കുളങ്ങള്‍ വൃത്തിയാക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ  മനസ്സില്‍ ശുചിത്വബോധം ഉയര്‍ന്നു. ശ്രീ രാംവീര്‍ ഇതുവരെ നിരവധി കുളങ്ങള്‍ വൃത്തിയാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
    സുഹൃത്തുക്കളേ, ഓരോ പൗരനും ശുചിത്വത്തെ തന്റെ ഉത്തരവാദിത്തമായി മനസ്സിലാക്കുമ്പോഴാണ് ശുചിത്വ ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയിക്കുന്നത്. ഇപ്പോള്‍ ദീപാവലിവേളയില്‍, നാം  എല്ലാവരും നമ്മുടെ വീട് വൃത്തിയാക്കുന്നതില്‍ ഏര്‍പ്പെടാന്‍ പോകുന്നു. എന്നാല്‍ ഈ സമയത്ത് നമ്മുടെ വീടിനൊപ്പം നമ്മുടെ അയല്‍പക്കവും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ വീട് വൃത്തിയാക്കുമ്പോള്‍ വീടിന്റെ അഴുക്ക് വീടിന് പുറത്തുള്ള തെരുവുകളില്‍ ഉപേക്ഷിക്കുന്ന രീതി പാടില്ല. വൃത്തിയെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം കൂടി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ദയവായി മറക്കരുത്. അതിനാല്‍ നമുക്ക് സ്വച്ഛ് ഭാരത് അഭിയാന്റെ ആവേശം കുറയാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാം. നമുക്ക് ഒരുമിച്ച് നമ്മുടെ രാജ്യത്തെ പൂര്‍ണ്ണമായും വൃത്തിയുള്ളതായി സൂക്ഷിക്കാം.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒക്ടോബര്‍ മാസം മുഴുവനും ഉത്സവങ്ങളുടെ നിറങ്ങളാല്‍ ചായം പൂശിയിരിക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദീപാവലി വരുന്നു. ദീപാവലി, ഗോവര്‍ദ്ധന്‍ പൂജ, പിന്നെ ഭായ്-ദൂജ്, ഈ മൂന്ന് ഉത്സവങ്ങളും നടക്കും, ഈ സമയത്ത് ഛഠ് പൂജയും ഉണ്ടാകും. നവംബറില്‍ ഗുരുനാനാക്ക് ദേവ്ജിയുടെ ജന്മദിനം കൂടിയാണിത്. ഇത്രയധികം ആഘോഷങ്ങള്‍ ഒരുമിച്ച് നടക്കുന്നുണ്ടെങ്കില്‍ അവയുടെ ഒരുക്കങ്ങളും വളരെ മുമ്പേ തുടങ്ങും. നിങ്ങള്‍ എല്ലാവരും ഇപ്പോള്‍ മുതല്‍ ഷോപ്പിംഗിനായി ആസൂത്രണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടാകണം, എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ഓര്‍മ്മിക്കണം. ഷോപ്പിംഗ് എന്നാല്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നാണ്. നിങ്ങള്‍ പ്രാദേശിക സാധനങ്ങള്‍  വാങ്ങുകയാണെങ്കില്‍, നിങ്ങളുടെ ഉത്സവവും പ്രകാശിക്കും. ഒരു പാവപ്പെട്ട സഹോദരന്റെയോ സഹോദരിയുടെയോ, ഒരു കൈത്തൊഴിലാളിയുടെയോ, നെയ്ത്തുകാരന്റെയോ വീട്ടില്‍ വെളിച്ചം വരും. നാം  എല്ലാവരും ഒരുമിച്ച് ആരംഭിച്ച ഈ പ്രചാരണം ഇത്തവണ ഉത്സവങ്ങളില്‍ ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഇവിടെ നിന്ന് വാങ്ങുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പങ്കിടുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളോടും പറയുക. അടുത്തമാസം നമുക്ക് വീണ്ടും കണ്ടുമുട്ടാം. ഇത് പോലുള്ള മറ്റ് നിരവധി വിഷയങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. 
  എല്ലാവര്‍ക്കും വളരെ നന്ദി, നമസ്‌കാരം.    

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Employment increases 36 pc to 64.33 cr in last ten years: Mansukh Mandaviya

Media Coverage

Employment increases 36 pc to 64.33 cr in last ten years: Mansukh Mandaviya
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets on the occasion of Urs of Khwaja Moinuddin Chishti
January 02, 2025

The Prime Minister, Shri Narendra Modi today greeted on the occasion of Urs of Khwaja Moinuddin Chishti.

Responding to a post by Shri Kiren Rijiju on X, Shri Modi wrote:

“Greetings on the Urs of Khwaja Moinuddin Chishti. May this occasion bring happiness and peace into everyone’s lives.