400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി ഇന്ത്യയുടെ സാധ്യതകൾ കാണിക്കുന്നു: പ്രധാനമന്ത്രി മോദി
ജിഇഎം പോർട്ടലിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ ഒരു ലക്ഷം കോടിയിലധികം രൂപയുടെ സാധനങ്ങൾ വാങ്ങി: പ്രധാനമന്ത്രി
126 വയസ്സുള്ള ബാബ ശിവനാദയുടെ കായികക്ഷമത എല്ലാവർക്കും പ്രചോദനമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ യോഗയും ആയുർവേദവും ലോകമെമ്പാടും ട്രെൻഡുചെയ്യുന്നു: പ്രധാനമന്ത്രി മോദി
വെള്ളം സംരക്ഷിക്കുന്നതിന് നമ്മൾ എല്ലാവിധ ശ്രമങ്ങളും നടത്തണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
കുട്ടികൾ ശുചിത്വത്തെ ഒരു പ്രസ്ഥാനമായി ഏറ്റെടുത്തു, അവർക്ക് 'ജല യോദ്ധാക്കൾ' ആയി വെള്ളം സംരക്ഷിക്കാൻ കഴിയും: പ്രധാനമന്ത്രി
മഹാത്മാ ഫൂലെ, സാവിത്രിഭായ് ഫൂലെ, ബാബാസാഹേബ് അംബേദ്കർ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, എല്ലാ മാതാപിതാക്കളോടും രക്ഷിതാക്കളോടും അവരുടെ പെൺമക്കളെ പഠിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു: പ്രധാനമന്ത്രി

പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌ക്കാരം, 


    നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്‌വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള്‍ വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്‌നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള്‍ വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.


    സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തുനിന്ന് പുതിയ പുതിയ ഉല്പ്പന്നങ്ങള്‍ വിദേശത്തേക്ക് പോകുന്നു. അസമിലെ ഹൈലാകാന്‍ഡിയിലെ തുകല്‍ ഉല്പ്പന്നങ്ങളാകട്ടെ, ഉസ്മാനാബാദിലെ കൈത്തറി ഉല്പ്പന്നങ്ങളാകട്ടെ, ബീജാപുരിലെ പഴങ്ങളും പച്ചക്കറികളുമാകട്ടെ, ചന്ദോലിയിലെ കറുത്ത അരിയാകട്ടെ എല്ലാറ്റിന്റെയും കയറ്റുമതി വര്‍ദ്ധിച്ചുവരികയാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ലഡാക്കിലെ ലോകപ്രസിദ്ധമായ ആപ്രിക്കോട്ട് ദുബായില്‍ ലഭിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ സൗദി അറേബ്യയിലും ലഭിക്കുന്നു. പുതിയ പുതിയ ഉല്പ്പന്നങ്ങള്‍ പുതിയ പുതിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു എന്നുള്ളതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. ഉത്തരാഖണ്ഡിലും ഹിമാചലിലും വിളയുന്ന തിന വര്‍ഗ്ഗത്തില്‍പ്പെട്ട ധാന്യങ്ങളുടെ ആദ്യ ലോഡ് ഡെന്മാര്‍ക്കിലേക്ക് കയറ്റി അയക്കപ്പെട്ടു. ആന്ധ്രപ്രദേശിലെ കൃഷ്ണ, ചിറ്റൂര്‍ ജില്ലകളിലെ ബംഗനപ്പള്ളി, സുവര്‍ണ്ണരേഖ എന്നീ ഇനം മാമ്പഴങ്ങള്‍ ദക്ഷിണകൊറിയയിലേക്ക് കയറ്റി അയക്കപ്പെട്ടു. ത്രിപുരയില്‍ നിന്ന് ചക്ക വ്യോമമാര്‍ഗ്ഗം ലണ്ടനിലേക്ക് കയറ്റി അയച്ചു. നാഗാലാന്‍ഡിലെ രാജാ മുളകും ഇദംപ്രദമായി ലണ്ടനിലേക്ക് കയറ്റുമതി ചെയ്തു. അതുപോലെ ഗുജറാത്തില്‍ നിന്നും ഭാലിയ ഗോതമ്പിന്റെ ആദ്യലോഡ് കെനിയയിലേക്കും ശ്രീലങ്കയിലേക്കും കയറ്റുമതി ചെയ്യപ്പെട്ടു. അതായത് ഇപ്പോള്‍ നിങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണെങ്കില്‍ അവിടെ ഇന്ത്യന്‍ നിര്‍മ്മിത ഉല്പ്പന്നങ്ങള്‍ മുന്‍പുണ്ടായിരുന്നതിനേക്കാളേറെ കാണാന്‍ കഴിയും. 


    സുഹൃത്തുക്കളേ, ഈ ലിസ്റ്റ് വളരെ വലുതാണ്. ഈ ലിസ്റ്റ് എത്രമാത്രം വലുതാകുന്നോ അത് ഇന്ത്യന്‍ നിര്‍മ്മിത ഉല്പ്പന്നങ്ങളുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ കരുത്തിനെ സൂചിപ്പിക്കുന്നു. ആ കരുത്തിന്റെ കാരണക്കാര്‍ നമ്മുടെ കൃഷിക്കാര്‍, നമ്മുടെ  തൊഴിലാളികള്‍, നമ്മുടെ നെയ്ത്തുകാര്‍, നമ്മുടെ എഞ്ചിനീയര്‍മാര്‍, നമ്മുടെ ചെറുകിട സംരംഭകര്‍, നമ്മുടെ എം എസ് എം ഇ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരാണ്. ഇവരെല്ലാമാണ് ഈ നേട്ടത്തിന്റെ യഥാര്‍ത്ഥ കരുത്ത്. ഇവരുടെ പ്രയത്‌നഫലമായിത്തന്നെയാണ് 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിലക്ഷ്യം നമുക്ക് നേടാനായത്. ഇന്ത്യക്കാരുടെ ഈ കരുത്ത് അഥവാ സാമര്‍ത്ഥ്യം ഇപ്പോള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും പുത്തന്‍ കമ്പോളങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും തദ്ദേശീയതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തിയാല്‍, അതായത് ലോക്കല്‍ ഫോര്‍ വോക്കല്‍ ആയാല്‍ ലോക്കല്‍, ഗ്ലോബല്‍ ആയി മാറാന്‍ അധികം താമസമെടുക്കില്ല. വരൂ, നമുക്കെല്ലാം ചേര്‍ന്ന് ലോക്കലിനെ ഗ്ലോബല്‍ ആക്കാം. നമ്മുടെ ഉല്‍പ്പന്നങ്ങളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കാം. 


    സുഹൃത്തുക്കളേ, ഗാര്‍ഹികതലത്തിലും നമ്മുടെ ചെറുകിട സംരംഭകര്‍ വലിയ വിജയം നേടുന്നു എന്ന അഭിമാനകരമായ കാര്യം കേള്‍ക്കുമ്പോള്‍ മന്‍ കി ബാത്തിലെ ശ്രോതാക്കള്‍ക്ക് സന്തോഷം അനുഭവപ്പെടും. ഇന്ന് സര്‍ക്കാരിന്റെ ചെറിയ തോതിലുള്ള ക്രയ-വിക്രയങ്ങള്‍ക്ക് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലെയ്‌സ്, അതായത് GeM വലിയ പങ്കു വഹിക്കുന്നുണ്ട്. ടെക്‌നോളജിയിലൂടെ പലകാര്യങ്ങളുടെയും സുതാര്യത വികസിതമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം GeM പോര്‍ട്ടല്‍ വഴി ഗവണ്മെന്റ്  ഒരുലക്ഷം കോടി രൂപയിലധികം സാധനങ്ങള്‍ വാങ്ങിച്ചു. ദേശത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം അദ്ധ്വാനികളും ചെറുകിട കച്ചവടക്കാരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവൺമെന്റിന്  നേരിട്ട് വില്‍ക്കുകയുണ്ടായി. വലിയ കമ്പനികള്‍ മാത്രം ഗവൺമെന്റിന്  ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട് മാറിക്കൊണ്ടിരിക്കുകയാണ്. പഴയ വ്യവസ്ഥിതികളും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ചെറിയ കച്ചവടക്കാര്‍ക്കും GeM പോര്‍ട്ടല്‍ വഴി തങ്ങളുടെ സാധനങ്ങള്‍ സര്‍ക്കാരിന് വില്‍ക്കാന്‍ സാധിക്കുന്നു. ഇതുതന്നെയാണ് പുതിയ ഭാരതം. ഇവര്‍ വലിയ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല ചെയ്യുന്നത്, ആ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ധൈര്യവും കാണിക്കുന്നു. ഇതിനുമുന്‍പ് ഇവര്‍ക്ക് ഇതിന് കഴിയുമായിരുന്നില്ല. ഈ ധീരതയെ ആശ്രയിച്ച് നമ്മള്‍ ഭാരതീയര്‍ ഒത്തുചേര്‍ന്ന് സ്വയംപര്യാപ്ത ഭാരതമെന്ന സ്വപ്നവും സാക്ഷാത്കരിക്കും.


    പ്രിയപ്പെട്ട ദേശവാസികളേ, അടുത്തിടെ നടന്ന പത്മ പുരസ്‌കാര വിതരണ ചടങ്ങില്‍ നിങ്ങള്‍ ബാബാ ശിവാനന്ദ്ജിയെ തീര്‍ച്ചയായും കണ്ടുകാണും. 126 വയസ്സിന്റെ ഉത്സാഹം അദ്ദേഹത്തില്‍ ദര്‍ശിച്ച് എന്നെപ്പോലെ നിങ്ങളും അതിശയിച്ചിട്ടുണ്ടാകും. കണ്ണടയ്ക്കുന്ന സമയത്തിനുള്ളില്‍ തന്നെ അദ്ദേഹം നന്ദി മുദ്രയില്‍ പ്രണാമം നടത്തുന്നത് ഞാന്‍ കണ്ടു. ഞാനും ബാബാ ശിവാനന്ദ്ജിയെ പലപ്രാവശ്യം തലകുനിച്ച് പ്രണമിച്ചു. 126 വയസ്സും ബാബാ ശിവാനന്ദ്ജിയുടെ ശാരീരികക്ഷമതയും ഇന്ന് നാട്ടില്‍ ചര്‍ച്ചാവിഷയമാണ്. ബാബാ ശിവാനന്ദ്ജി തന്റെ നാലിലൊന്ന് മാത്രം പ്രായമുള്ളവരേക്കാള്‍ ആരോഗ്യവാനാണ് എന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പല ആളുകളുടെയും കമന്റ് ഞാന്‍ കണ്ടു. വാസ്തവത്തില്‍ ബാബാ ശിവാനന്ദ്ജിയുടെ ജീവിതം നമുക്കെല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ഞാന്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നേരുന്നു. അദ്ദേഹത്തിന് യോഗയോട് ഒരു അഭിവാഞ്ജയുണ്ട്. ആരോഗ്യകരമായ ജീവിതശൈലിയാണ് അദ്ദേഹത്തിന്റേത്.


    'ജീവേമ ശരദഃ ശതം'. - നമ്മുടെ സംസ്‌കാരം എല്ലാവര്‍ക്കും നൂറുവര്‍ഷത്തെ സ്വസ്ഥ ജീവിതമാണ് ആശിര്‍വദിക്കുന്നത്. നമ്മള്‍ ഏപ്രില്‍ ഏഴാം തീയതി ലോക ആരോഗ്യദിനമായിട്ട് ആചരിക്കും. ആരോഗ്യപരിപാലനത്തിനായി യോഗ, ആയുര്‍വേദം എന്നീ ഭാരതീയമായ കാഴ്ചപ്പാടുകളോട് ഇന്ന് ലോകം മുഴുവന്‍ താല്‍പ്പര്യം വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. കഴിഞ്ഞ ആഴ്ച നടന്ന യോഗ പരിപാടി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇതില്‍ 114 രാജ്യങ്ങളിലെ പൗരന്മാര്‍ പങ്കെടുത്ത് ഒരു പുതിയ ലോക റെക്കോര്‍ഡ് തന്നെ ഉണ്ടാക്കി. ഇതുപോലെ തന്നെ ആയുഷ് വ്യവസായത്തിന്റെ  കമ്പോളവും നിരന്തരം വികസിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയുര്‍വേദ മരുന്നുകളുടെ വിപണനം ഇരുപത്തിരണ്ടായിരം കോടി രൂപക്ക് അടുത്തായിരുന്നു. ഇന്ന് ആയുഷ് നിർമ്മാണ വ്യവസായം  ഏതാണ്ട്  ഒരുലക്ഷത്തി നാല്‍പ്പതിനായിരം കോടി രൂപയ്ക്ക് അടുത്തെത്തിയിരിക്കുന്നു. അതായത്, ഈ മേഖലയില്‍ സാധ്യതകള്‍ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്റ്റാര്‍ട്ടപ് ലോകത്തും ആയുഷ് ആകര്‍ഷണ വിഷയമായിക്കൊണ്ടിരിക്കുന്നു.


    സുഹൃത്തുക്കളേ, ആരോഗ്യമേഖലയിലെ മറ്റു സ്റ്റാര്‍ട്ടപ്പുകളെപ്പറ്റി ഞാന്‍ മുന്‍പും പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യം ആയുഷ് സ്റ്റാര്‍ട്ടപ്പിന് പ്രത്യേക ഊന്നല്‍  കൊടുക്കുന്നു. ഒരു സ്റ്റാര്‍ട്ടപ് ആണ് 'കപിവ'. ഇതിന്റെ പേരില്‍ത്തന്നെ ഇതിന്റെ ഉദ്ദേശ്യം അടങ്ങിയിട്ടുണ്ട്. ഇതിന്റെ 'ക' കൊണ്ട് ഉദ്ദേശിക്കുന്നത് കഫം ആണ്. 'പി' കൊണ്ട് ഉദ്ദേശിക്കുന്നത് പിത്തം. 'വ' കൊണ്ട് ഉദ്ദേശിക്കുന്നത് വാതം. ഈ സ്റ്റാര്‍ട്ടപ് നമ്മുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച ആരോഗ്യകരമായ ഭക്ഷണരീതിയില്‍ അധിഷ്ഠിതമാണ്. മറ്റൊരു സ്റ്റാര്‍ട്ടപ് ആണ് 'നിരോഗ് സ്ട്രീറ്റ്'. ഇത് ആയുര്‍വേദ ഹെല്‍ത്ത്‌കെയര്‍ ഇക്കോ സിസ്റ്റത്തിലെ ഒരു വിശിഷ്ട സങ്കല്പമാണ്. ഇതിലെ ടെക്‌നോളജി ഡ്രിവണ്‍ പ്ലാറ്റ്‌ഫോം ലോകമെമ്പാടുമുള്ള ആയുര്‍വേദ ഡോക്ടര്‍മാരെ നേരിട്ട് ജനങ്ങളുമായി ബന്ധിപ്പിക്കുന്നു. അമ്പതിനായിരത്തിലധികം പ്രാക്ടീഷണര്‍മാര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു. ഇതുപോലെ തന്നെ 'ആത്രേയ ഇന്നവേഷന്‍സ്' ഒരു ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ് ആണ്. ഇത് ഹോളിസ്റ്റിക് വെല്‍നസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇക്‌സോറിയല്‍, അശ്വഗന്ധത്തിന്റെ സാധ്യതകളെ കുറിച്ച് അറിവ് നല്‍കുക മാത്രമല്ല, നല്ല നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. 'ക്യുവര്‍വേദ' പച്ചമരുന്നുകളില്‍ ആധുനിക ഗവേഷണത്തെയും പരമ്പരാഗത അറിവിനെയും ഏകോപിപ്പിച്ച് ഹോളിസ്റ്റിക് ലൈഫിനു വേണ്ടി ഡയറ്ററി സപ്ലിമെന്റ്‌സ്  നിര്‍മ്മിക്കുന്നു.


    സുഹൃത്തുക്കളേ, ഞാന്‍ കുറച്ചു പേരുകള്‍ മാത്രമേ ഇപ്പോള്‍ പറഞ്ഞുള്ളൂ. ഈ പട്ടിക  വളരെ നീണ്ടതാണ്. ഇവ ഭാരതത്തിലെ യുവ സംരംഭകരുടെയും പുത്തന്‍ സാധ്യതകളുടെയും പ്രതീകങ്ങളാണ്. എനിക്ക് ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളോട്, വിശേഷിച്ച് ആയുഷ് സ്റ്റാര്‍ട്ടപ്പുകളോട് താല്‍പ്പര്യമുണ്ട്. നിങ്ങള്‍ ഏത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ടാക്കിയാലും അതിന്റെ ഉള്ളടക്കം എന്തായാലും അത് ലോകം സംസാരിക്കുന്ന എല്ലാ പ്രധാന ഭാഷകളിലും കൊണ്ടുവരാന്‍ പരിശ്രമിക്കണം. ലോകത്ത് ഇംഗ്ലീഷ് സംസാരിക്കാത്ത, ഇത്രത്തോളം അറിയാത്ത അനേകം രാഷ്ട്രങ്ങളുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രങ്ങളേയും മുന്നില്‍ കണ്ടുകൊണ്ട് ഇവ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. ഭാരതത്തിന്റെ ആയുഷ് സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളോടെ അതിവേഗം ലോകം മുഴുവന്‍ വ്യാപിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.


    സുഹൃത്തുക്കളേ, ആരോഗ്യം ശുചിത്വത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മന്‍ കി ബാത്തില്‍ നമ്മള്‍ ശുചിത്വത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ പ്രയത്‌നങ്ങളെപ്പറ്റിയും പരാമര്‍ശിക്കാറുണ്ട്. ഇങ്ങനെയുള്ള ഒരാളാണ് ശ്രീ ചന്ദ്രകിശോര്‍ പാട്ടീല്‍. ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസിക് നിവാസിയാണ്. ശുചിത്വത്തെകുറിച്ച് വളരെ ഗഹനമായ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിന്റേത്. ഇദ്ദേഹം ഗോദാവരീ നദീതീരത്ത് നിന്നുകൊണ്ട് നദിയിലേക്ക് മാലിന്യം എറിയരുതെന്ന് ജനങ്ങളെ ഉപദേശിക്കുന്നു. ആരെങ്കിലും മാലിന്യമെറിയാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ അദ്ദേഹം പെട്ടെന്നു തന്നെ തടയുന്നു. ശ്രീ ചന്ദ്രകിശോര്‍ ഇക്കാര്യത്തിനായിട്ട് അദ്ദേഹത്തിന്റെ അധിക സമയവും വിനിയോഗിക്കുന്നു. വൈകുന്നേരമാവുമ്പോഴേക്ക് ആളുകള്‍ നദിയിലെറിയാന്‍ കൊണ്ടുവന്ന മാലിന്യങ്ങളുടെ കൂമ്പാരം തന്നെ അദ്ദേഹത്തിന്റെ അടുത്ത് കാണാം. ശ്രീ ചന്ദ്രകിശോറിന്റെ ഈ പ്രവൃത്തി ജനങ്ങളില്‍ ജാഗ്രത ഉണര്‍ത്തുകയും ശുചിത്വപാലനത്തിനുള്ള പ്രേരണ നല്‍കുകയും ചെയ്യുന്നു. ഇതുപോലെ ശുചിത്വമാഗ്രഹിക്കുന്ന ആളാണ് ഒഡീഷയിലെ പുരി നിവാസിയായ ശ്രീ രാഹുല്‍ മഹാറാണ. രാഹുല്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ തന്നെ പുരിയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയി അവിടെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റുന്നു. അദ്ദേഹം ഇതിനകം നൂറുകണക്കിന് കിലോ പ്ലാസ്റ്റിക്കും  മറ്റു മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പുരിയിലെ ശ്രീ രാഹുല്‍ ആയാലും നാസിക്കിലെ  ശ്രീ ചന്ദ്രകിശോര്‍ ആയാലും നമ്മെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഒരു പൗരന്‍ എന്ന നിലയില്‍ നാം നമ്മുടെ കടമകള്‍ ചെയ്യണം. ശുചിത്വമാകട്ടെ, പോഷണമാകട്ടെ, കുത്തിവെയ്പ്പാകട്ടെ ഇവയെല്ലാം ആരോഗ്യവാന്മാരായിരിക്കാന്‍ നമ്മെ സഹായിക്കുന്നു.


    പ്രിയപ്പെട്ട ദേശവാസികളെ, നമുക്ക് കേരളത്തിലെ ശ്രീ മുപ്പത്തടം നാരായണനെപ്പറ്റി പറയാം. അദ്ദേഹം 'പോട്ട് ഫോര്‍ വാട്ടര്‍ ഓഫ് ലൈഫ്' അതായത് ജീവജലത്തിന് ഒരു മണ്‍പാത്രം എന്ന പേരില്‍ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഇതെപ്പറ്റി അറിയുമ്പോള്‍ അത്ഭുതപ്പെടും.


    സുഹൃത്തുക്കളേ, ശ്രീ മുപ്പത്തടം നാരായണന്‍ പക്ഷിമൃഗാദികള്‍ക്ക് വേനല്‍ക്കാലത്ത് ദാഹജലം ലഭ്യമാക്കാന്‍ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുക എന്ന ദൗത്യം നിര്‍വ്വഹിക്കുന്നു. ചൂടില്‍ പക്ഷിമൃഗാദികളുടെ വിവശത കണ്ടിട്ട് അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു. തനിക്ക്  എന്തുകൊണ്ട് മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തുകൂടാ, അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ ആ പാത്രങ്ങളില്‍ വെള്ളം നിറച്ചുവെച്ചാല്‍ മാത്രം മതിയല്ലോ എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. ശ്രീ നാരായണന്‍ ഇതുവരെ വിതരണം ചെയ്ത മണ്‍പാത്രങ്ങളുടെ എണ്ണം ഒരുലക്ഷം കടക്കാന്‍ പോകുന്നു എന്ന കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തും. തന്റെ ദൗത്യത്തിലെ ഒരുലക്ഷം തികയ്ക്കുന്ന ആ പാത്രം അദ്ദേഹം ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തിന് നല്‍കും. വേനല്‍ തീക്ഷ്ണമാകുന്ന ഈ സമയത്ത് ശ്രീ നാരായണന്റെ  പ്രവൃത്തി നമുക്ക് തീര്‍ച്ചയായും പ്രചോദനമാകും. നാമും ഈ ചൂടില്‍ പക്ഷിമൃഗാദികള്‍ക്ക് വെള്ളം ലഭ്യമാക്കാനുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടണം. 


    സുഹൃത്തുക്കളേ, മന്‍ കി ബാത്തിലെ ശ്രോതാക്കളോടും തങ്ങളുടെ ദൃഢനിശ്ചയങ്ങള്‍ ആവര്‍ത്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഓരോ തുള്ളി ജലവും സംരക്ഷിക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ നാം ചെയ്യണം. കൂടാതെ ജലത്തിന്റെ പുനഃചംക്രമണത്തിലും നാം അത്രതന്നെ ശ്രദ്ധ ചെലുത്തേണ്ടതാണ്. വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലം ചെടികള്‍ക്ക് പ്രയോജനപ്പെടും. അങ്ങനെ ആ ജലം വീണ്ടും ഉപയോഗപ്പെടുത്താം. അല്‍പ്പമൊന്നു ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് സ്വന്തം വീടുകളിലും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താം. ശതാബ്ദങ്ങള്‍ക്കുമുന്‍പ് റഹീം ഇപ്രകാരം പറഞ്ഞു, ''രഹിമന്‍ പാനി രാഖിയേ, ബിന്‍ പാനി സബ് സൂന്‍'. അതായത്, ജലത്തെ സംരക്ഷിക്കുക, ജലമില്ലെങ്കില്‍ മറ്റെല്ലാം ശൂന്യമാണ്. ജലം സംരക്ഷിക്കുന്ന കാര്യത്തില്‍ കുട്ടികളില്‍ വലിയ പ്രതീക്ഷയാണ് എനിക്കുള്ളത്. ശുചിത്വപാലനത്തെ നമ്മുടെ കുട്ടികള്‍ ഒരു പ്രസ്ഥാനമാക്കി എടുത്തതു പോലെ, ജല പോരാളികളായി, ജലത്തെ സംരക്ഷിക്കുന്നതിലും സഹായികളായി മാറാന്‍ അവര്‍ക്ക് സാധിക്കും.


    സുഹൃത്തുക്കളേ, ശതാബ്ദങ്ങളായി ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ സുരക്ഷ എന്നിവ നമ്മുടെ നാടിന്റെ സാമൂഹിക സ്വഭാവത്തിന്റെ ഭാഗമാണ്. നമ്മുടെ നാട്ടില്‍ ധാരാളം ആളുകള്‍ ജലസംരക്ഷണത്തെ ജീവിതദൗത്യമാക്കി തന്നെ മാറ്റിയിട്ടുണ്ട്. ശ്രീ അരുണ്‍ കൃഷ്ണമൂര്‍ത്തി ചെന്നൈയിലെ ഒരു സുഹൃത്താണ്. ശ്രീ അരുണ്‍ തന്റെ പ്രദേശത്തെ കുളങ്ങളെയും തടാകങ്ങളെയും വൃത്തിയാക്കുന്ന യത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 150 ലേറെ കുളങ്ങളും തടാകങ്ങളും വൃത്തിയാക്കുന്ന ചുമതല അദ്ദേഹം ഏറ്റെടുക്കുകയും വിജയകരമാക്കി പൂര്‍ത്തീകരിക്കുകയും ചെയ്തു. അതുപോലെ ശ്രീ രോഹന്‍ കാലേ മഹാരാഷ്ട്രയിലെ ഒരു ചങ്ങാതിയാണ്. ശ്രീ രോഹന്‍ കാലേ ഒരു എച്ച് ആര്‍ പ്രൊഫഷണലാണ്. മഹാരാഷ്ട്രയിലെ നൂറുകണക്കിന് സ്റ്റെപ്‌വെല്‍സ്, അതായത് പടിക്കെട്ടുകളുള്ള പഴയ കിണറുകളുടെ സംരക്ഷണത്തിന്റെ ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഇദ്ദേഹം. ഇവയിലെ അനേകം കിണറുകള്‍ നൂറുകണക്കിന് വര്‍ഷം പഴക്കമുള്ളവയാണ്. അവ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. അപ്രകാരമുള്ള ഒരു സ്റ്റെപ്‌വെല്‍ ആണ് സെക്കന്തരാബാദിലെ ബന്‍സിലാല്‍-പേട്ടിലുമുള്ളത്. വര്‍ഷങ്ങളായുള്ള ഉപേക്ഷ കാരണം ആ സ്റ്റെപ്‌വെല്‍ മണ്ണും ചപ്പുചവറുകളും കൊണ്ട് മൂടിപ്പോയി. എന്നാല്‍ ആ സ്റ്റെപ്‌വെല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ദൗത്യം ജനപങ്കാളിത്തത്തോടെ ആരംഭിച്ചിരിക്കുകയാണ്. 


    സുഹൃത്തുക്കളേ, എല്ലായ്‌പ്പോഴും ജലദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന ഒരു സംസ്ഥാനത്തുനിന്നാണ് ഞാന്‍ വരുന്നത്. ഗുജറാത്തില്‍ സ്റ്റെപ്‌വെല്ലുകളെ 'വാവ്' എന്നു വിളിക്കുന്നു. വാവിന്റെ പ്രസക്തി വലുതാണ്. ഗുജറാത്ത് പോലെയുള്ള സംസ്ഥാനത്ത് ഈ കിണറുകളേയും പടികളുള്ള ആഴക്കിണറുകളെയും സംരക്ഷിക്കുന്നതില്‍ ജലമന്ദിര്‍ യോജന വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഇത്തരം അനേകം കിണറുകളെ അത് പുനരുജ്ജീവിപ്പിച്ചു. ആ പ്രദേശങ്ങളിലെ ജലനിരപ്പ് വര്‍ദ്ധിക്കാനും അത് ഏറെ സഹായിച്ചു. ആ ദൗത്യം നിങ്ങള്‍ക്കും പ്രാദേശികതലത്തില്‍ നിര്‍വ്വഹിക്കാന്‍ കഴിയും. ചെക് ഡാം നിര്‍മ്മാണത്തിലും  മഴവെള്ള സംഭരണത്തിലും വ്യക്തിപരമായ പ്രയത്‌നങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഒപ്പം സാമൂഹികമായ പ്രയത്‌നവും അനിവാര്യമാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ അവസരത്തില്‍ നമ്മുടെ നാടിന്റെ ഓരോ ജില്ലയിലും കുറഞ്ഞത് 75 അമൃത സരോവരങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിങ്ങളെല്ലാം ഇതിനായി പരിശ്രമങ്ങള്‍ നടത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്.


    പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങളുടെയൊക്കെ സന്ദേശങ്ങള്‍ നിരവധി ഭാഷകളില്‍  എനിക്കു ലഭിക്കുന്നുവെന്നതാണ് മന്‍ കി ബാത്തിന്റെ വൈശിഷ്ട്യങ്ങളിലൊന്ന്. അനേകം പേര്‍ My Gov യില്‍ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരം, നമ്മുടെ ഭാഷകള്‍, ഭഷാഭേദങ്ങള്‍, ജീവിതരീതികള്‍, ഭക്ഷണരീതികള്‍ ഇവയിലെല്ലാമുള്ള വൈവിധ്യങ്ങള്‍ നമ്മുടെ കരുത്താണ്. ഈ വൈവിധ്യം കിഴക്കു മുതല്‍ പടിഞ്ഞാറു വരെയും തെക്കു മുതല്‍ വടക്കുവരെയും ഭാരതത്തെ ഒന്നാക്കി നിര്‍ത്തുന്നു. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' കെട്ടിപ്പടുക്കുന്നു. അതിലും നമ്മുടെ ഐതിഹാസിക സ്ഥലങ്ങളും പൗരാണിക കഥകളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇക്കാര്യം ഇപ്പോള്‍ ഞാന്‍ നിങ്ങളോട് പറയുന്നതെന്തിനാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. അതിനുകാരണം 'മാധവ്പുര്‍ മേള'യാണ്. മാധവ്പുര്‍ മേള എവിടെയാണ് നടക്കുന്നത്, എന്തിനാണ് നടക്കുന്നത്, ഭാരതത്തിന്റെ വൈവിധ്യവുമായി അതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നൊക്കെ മനസ്സിലാക്കുന്നത് മന്‍ കി ബാത്തിലെ ശ്രോതാക്കള്‍ക്ക് ഏറെ രസകരമായിരിക്കും. 


    സുഹൃത്തുക്കളേ, മാധവ്പുര്‍ മേള ഗുജറാത്തിലെ പോര്‍ബന്തറിലെ സമുദ്രതീര ഗ്രാമമായ മാധവ്പുരിലാണ് നടക്കുന്നത്. എന്നാല്‍ ഹിന്ദുസ്ഥാന്റെ കിഴക്കന്‍ അതിര്‍ത്തിയുമായും ഇതിന് ബന്ധമുണ്ട്. അതെങ്ങനെയാണ് സാധ്യമാവുക എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. അതിന്റെ ഉത്തരം ഒരു ഹിന്ദു പുരാണകഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിനു വര്‍ഷം മുന്‍പ് ശ്രീകൃഷ്ണഭഗവാന്റെ വിവാഹം വടക്കു കിഴക്ക് മേഖലയിലെ രാജകുമാരിയായ രുക്മിണിയുമായി നടന്നുവെന്ന് പറയപ്പെടുന്നു. പോര്‍ബന്തറിലെ മാധവ്പുരിലായിരുന്നു ആ വിവാഹം നടന്നത്. ആ വിവാഹത്തിന്റെ പ്രതീകമായി ഇന്നും അവിടെ മാധവ്പുര്‍ മേള നടക്കുന്നു. കിഴക്കും പടിഞ്ഞാറുമായുള്ള ഈ ആഴത്തിലുള്ള ബന്ധം നമ്മുടെ പൈതൃക സ്വത്താണ്. കാലാനുസൃതമായി ജനങ്ങളുടെ പ്രയത്‌നഫലമായി മാധവ്പുര്‍ മേളയില്‍ പല പുതിയ കാര്യങ്ങളും നടക്കുന്നു. ഞങ്ങളുടെ ഇടയില്‍ വധുവിന്റെ ബന്ധുക്കളെ 'ഘരാത്തി' എന്നു വിളിക്കുന്നു. ഈ മേളയില്‍ ഇപ്പോള്‍ വടക്കുകിഴക്കു നിന്നും ധാരാളം ഘരാത്തികളും പങ്കെടുക്കുന്നു. ഒരാഴ്ചവരെ നീണ്ടുനില്‍ക്കുന്ന മാധവ്പുര്‍ മേളയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ എത്തിച്ചേരുന്നു. കരകൗശല കലാകാരന്മാരും പങ്കെടുക്കുന്നു. എല്ലാവരും ചേര്‍ന്ന് ഈ മേളയുടെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. ഒരാള്ച നീളുന്ന, ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും സംസ്‌കൃതികളുടെ  ഈ മേളനം, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്പ്പത്തിന്റെ മനോഹരമായ മാതൃക സൃഷ്ടിക്കുന്നു. നിങ്ങളും ഈ മേളയെക്കുറിച്ച് വായിക്കണമെന്നും മനസ്സിലാക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.


    പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ രാജ്യത്ത് ആസാദി കാ അമൃത് മഹോത്സവ് ജനപങ്കാളിത്തത്തിന്റെ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മാര്‍ച്ച് 23 ന്, രക്തസാക്ഷി ദിനത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളിലും അനേകം ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. രാജ്യം സ്വാതന്ത്ര്യസമര നായകന്മാരെയും നായികമാരെയും ബഹുമാനപൂര്‍വ്വം ഓര്‍മ്മിക്കുകയുണ്ടായി. ആ ദിവസം എനിക്ക് കല്‍ക്കട്ടയിലെ വിക്‌ടോറിയ മെമ്മോറിയലിലെ 'ബിപ്ലോബി' ഭാരത് ഗാലറിയുടെ ഉദ്ഘാടനത്തിനുള്ള അവസരം ലഭിച്ചു. ഭാരതത്തിലെ വീര വിപ്ലവകാരികള്‍ക്ക്  ആദരാഞ്ജലി അര്‍പ്പിക്കുന്ന അത്യപൂര്‍വ്വമായ ഒരു ഗാലറിയാണത്. നിങ്ങളും അവസരം കിട്ടിയാല്‍ ഇത് കാണാന്‍ തീര്‍ച്ചയായും പോകണം.


    സുഹൃത്തുക്കളേ, ഏപ്രില്‍ മാസത്തില്‍ നമ്മള്‍ രണ്ടു മഹാരഥന്മാരുടെ ജയന്തി ആഘോഷിക്കും. ഈ രണ്ടുപേരും ഭാരതീയ സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയവരാണ്. മഹാത്മാ ഫുലെ, ബാബാ സാഹബ് അംബേദ്കര്‍ എന്നിവരാണ് ഈ മഹാരഥന്മാര്‍. മഹാത്മാ ഫുലെ ജയന്തി ഏപ്രില്‍ 11 നും ബാബാ സാഹേബ് ജയന്തി ഏപ്രില്‍ 14 നും ആഘോഷിക്കും. ഇവര്‍ രണ്ടുപേരും സാമൂഹ്യ വിവേചനത്തിനും അസമത്വത്തിനുമെതിരെ ഏറെ പൊരുതിയവരാണ്. മഹാത്മാ ഫുലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളുകള്‍ തുടങ്ങുകയും പെണ്‍ശിശുഹത്യയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തു. ജലദൗര്‍ലഭ്യം ഇല്ലാതാക്കുന്നതിനും അദ്ദേഹം ഏറെ പ്രയത്‌നിച്ചു. 


    സുഹൃത്തുക്കളേ, മഹാത്മാ ഫുലെയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ സാവിത്രിബായി ഫുലെയെയും പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്. സാവിത്രിബായി ഫുലെ അനേകം സാമൂഹിക സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാന പങ്കുവഹിച്ചു. അദ്ധ്യാപിക, സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്നീ നിലകളില്‍ അവര്‍ സമൂഹത്തെ ഉദ്ബുദ്ധരാക്കുകയും ശാക്തീകരിക്കുകയും ചെയ്തു. അവര്‍ രണ്ടുപേരും ചേര്‍ന്ന് സത്യശോധക് സമാജ് സ്ഥാപിച്ചു. ബാബാ സാഹേബ് അംബേദ്കറുടെ പ്രവര്‍ത്തനങ്ങളിലും നമുക്ക് മഹാത്മാ ഫുലെയുടെ സ്വാധീനം സ്പഷ്ടമായി കാണാനാകും. ഏതൊരു സമൂഹത്തിന്റെയും വികസനം അവിടത്തെ സ്ത്രീകളുടെ അവസ്ഥ കണ്ട് വിലയിരുത്താനാകുമെന്ന് അവര്‍ പറയുമായിരുന്നു. മഹാത്മാ ഫുലെ, സാവിത്രിബായി ഫുലെ, ബാബാ സാഹേബ് അംബേദ്കര്‍ എന്നിവരുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പെണ്‍കുട്ടികളെ നിര്‍ബ്ബന്ധമായും പഠിപ്പിക്കണമെന്ന കാര്യം ഞാന്‍ എല്ലാ മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുകയാണ്. പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശന സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കന്യാ ശിക്ഷ പ്രവേശ് ഉത്സവ് അതായത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനോത്സവം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഇടയ്ക്കുവെച്ച് മുടങ്ങിയ പെണ്‍കുട്ടികളെ വീണ്ടും സ്‌കൂളില്‍ കൊണ്ടുവരുന്ന കാര്യത്തിലും ശ്രദ്ധചെലുത്തി വരുന്നു.


    സുഹൃത്തുക്കളെ, ബാബാ സാഹിബിനോട് ബന്ധപ്പെട്ട അഞ്ച് പുണ്യകേന്ദ്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരം നമുക്ക് ലഭിച്ചിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഹു, മുംബൈയിലെ ചൈത്യഭൂമി, ലണ്ടനിലെ അദ്ദേഹത്തിന്റെ വസതി, നാഗ്പുരിലെ ദീക്ഷാ ഭൂമി, ഡല്‍ഹിയിലെ ബാബാ സാഹേബ് മഹാ പരിനിര്‍വാണ്‍ സ്ഥല്‍ എന്നിവിടങ്ങളിലെല്ലാം പോകാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. മഹാത്മാ ഫുലെ, സാവിത്രി ബായി ഫുലെ, ബാബാ സാബേഹ് അംബേദ്കര്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കണമെന്ന് ഞാന്‍ മന്‍ കി ബാത്തിന്റെ ശ്രോതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ നിന്നെല്ലാം ധാരാളം കാര്യങ്ങള്‍ പഠിക്കാനാകും. 


    പ്രിയപ്പെട്ട ദേശവാസികളേ, മന്‍ കി ബാത്തില്‍ ഇപ്രാവശ്യവും നാം പല വിഷയങ്ങളെ കുറിച്ചും സംസാരിച്ചു. അടുത്തമാസം അനേകം ഉത്സവങ്ങളും ആഘോഷങ്ങളും വരികയാണ്. കുറച്ചു ദിവസം കഴിയുമ്പോഴേക്കും നവരാത്രിയായി. നവരാത്രിയില്‍ നാം വ്രതവും ഉപവാസവും അനുഷ്ഠിക്കുന്നു. ശക്തിപൂജ നടത്തുന്നു. അതായത്, നമ്മുടെ പാരമ്പര്യം നമ്മെ ഉല്ലാസത്തോടൊപ്പം സംയമനവും പഠിപ്പിക്കുന്നു. സംയമനവും തപസ്യയും പോലും നമ്മെ സംബന്ധിച്ചിടത്തോളം ഉത്സവം തന്നെയാണ്. അതുകൊണ്ടുതന്നെ നവരാത്രി എല്ലായ്‌പ്പോഴുമെന്ന പോലെ നമുക്കെല്ലാവര്‍ക്കും വിശിഷ്ടമാണ്. നവരാത്രിയിലെ ആദ്യദിവസം തന്നെ 'ഗുഡി പഡ്‌വ' ഉത്സവമാണ്. ഏപ്രില്‍ മാസം തന്നെ ഈസ്റ്ററും വരുന്നു. റംസാന്റെ പവിത്ര ദിനങ്ങളും ആരംഭിക്കുന്നു. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് നമുക്ക് നമ്മുടെ ഉത്സവങ്ങള്‍ ആഘോഷിക്കാം. ഭാരതത്തിന്റെ വൈവിധ്യത്തെ ശക്തമാക്കാം. ഇതുതന്നെയാണ് എല്ലാവരുടെയും അഭിലാഷം. ഇപ്രാവശ്യത്തെ മന്‍ കി ബാത്തില്‍ ഇത്രമാത്രം. അടുത്തമാസം പുതിയ വിഷയങ്ങളുമായി വീണ്ടും നമുക്ക് ഒത്തുചേരാം. 


    വളരെ വളരെ നന്ദി. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.