Be it the loftiest goal, be it the toughest challenge, the collective power of the people of India, provides a solution to every challenge: PM Modi
Kutch, once termed as never to be able to recover after the devastating earthquake two decades ago, is now one of the fastest growing districts of the country: PM
Along with the bravery of Chhatrapati Shivaji Maharaj, there is a lot to learn from his governance and management skills: PM Modi
India has resolved to create a T.B. free India by 2025: PM Modi
To eliminate tuberculosis from the root, Ni-kshay Mitras have taken the lead: PM Modi
Baramulla is turning into the symbol of a new white revolution; dairy industry of Baramulla is a testimony to the fact that every part of our country is full of possibilities: PM Modi
There are many such sports and competitions, where today, for the first time, India is making her presence felt: PM Modi
India is the mother of democracy. We consider our democratic ideals as paramount; we consider our Constitution as Supreme: PM Modi
We can never forget June the 25th. This is the very day when Emergency was imposed on our country: PM Modi
Lakhs of people opposed the Emergency with full might. The supporters of democracy were tortured so much during that time: PM Modi

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

    സുഹൃത്തുക്കളേ, പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ നല്ല പ്രവൃത്തി ചെയ്തു,  വലിയ കാര്യം ചെയ്തുവെന്ന് പലരും പറയാറുണ്ട്. 'മന്‍ കി ബാത്' ശ്രോതാക്കളില്‍ പലരും അവരുടെ കത്തുകളില്‍ ഇങ്ങനെ വളരെയധികം പ്രശംസിക്കാറുണ്ട്. ചിലര്‍ പറയുന്നു, ഇത് ചെയ്തു, അത് ചെയ്തു, നല്ലത് ചെയ്തു, നന്നായി ചെയ്തു, ഇത് കുറച്ചുകൂടി നന്നായി ചെയ്തു, ഇത് മനോഹരമായി ചെയ്തു എന്നൊക്കെ. പക്ഷേ, ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രയത്‌നവും കഠിനാധ്വാനവും ഇച്ഛാശക്തിയും കാണുമ്പോള്‍, ഞാന്‍ വിനയാന്വിതനായി പോകുന്നു. എത്ര വലിയ ലക്ഷ്യമായാലും, എത്ര കഠിനമായ വെല്ലുവിളിയായാലും, ഇന്ത്യയിലെ ജനങ്ങള്‍ തങ്ങളുടെ കൂട്ടായ ശക്തിയും പ്രയത്‌നവും കൈമുതലാക്കി എല്ലാ വെല്ലുവിളികളും നേരിടുന്നു. രണ്ട് മൂന്ന് ദിവസം മുമ്പ്, രാജ്യത്തിന്റെ പടിഞ്ഞാറേ അറ്റത്ത് എത്ര വലിയ ചുഴലിക്കാറ്റ് വീശിയടിച്ചുവെന്ന് നാം കണ്ടു. ശക്തമായ കാറ്റ്, കനത്ത മഴ. 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് കച്ചില്‍ വന്‍നാശം വിതച്ചെങ്കിലും ഇത്രയും അപകടകരമായ ചുഴലിക്കാറ്റിനെ കച്ചിലെ ജനങ്ങള്‍ നേരിട്ട ധൈര്യവും തയ്യാറെടുപ്പും അനിതരസാധാരണമാണ്. രണ്ട് ദിവസത്തിന് ശേഷം, കച്ചിലെ ജനങ്ങളും അവരുടെ പുതുവര്‍ഷം അതായത് 'ആഷാഢി ബീജ്' ആഘോഷിക്കാന്‍ പോകുന്നു. കച്ചിലെ മഴയുടെ തുടക്കത്തിന്റെ പ്രതീകമായി 'ആഷാഢി ബീജ്' കണക്കാക്കപ്പെടുന്നു എന്നതും യാദൃശ്ചികമാണ്. ഇത്രയും വര്‍ഷമായി ഞാന്‍ കച്ചിലേക്ക് വരികയും പോവുകയും ചെയ്യുന്നു, അവിടെയുള്ള ആളുകളെ സേവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇതിലൂടെ കച്ചിലെ ജനങ്ങളുടെ ധൈര്യവും അതിജീവനശക്തിയും എനിക്ക് നന്നായി അറിയാം. രണ്ട് പതിറ്റാണ്ട് മുമ്പ് ഉണ്ടായ ഭൂകമ്പത്തിന് ശേഷം ഒരിക്കലും കരകയറില്ലെന്ന് പറയപ്പെട്ടിരുന്ന കച്ച് ഇന്ന് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ജില്ലകളിലൊന്നാണ്. 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശത്തില്‍നിന്ന് അതിവേഗം കച്ചിലെ ജനങ്ങള്‍ ഉയര്‍ന്നുവരുമെന്ന് എനിക്കുറപ്പുണ്ട്. 

    സുഹൃത്തുക്കളേ, പ്രകൃതിദുരന്തങ്ങള്‍ സംഭവിയ്ക്കുന്നത് തടയാന്‍ ആര്‍ക്കും ആവില്ല. പക്ഷേ, വര്‍ഷങ്ങളായി ഇന്ത്യ വികസിപ്പിച്ചെടുത്ത ദുരന്തനിവാരണ സംവിധാനത്തിന്റെ കരുത്ത് ഇന്ന് ഒരു മാതൃകയായി മാറുകയാണ്. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാന്‍ ഒരു മികച്ച മാര്‍ഗമാണ് പ്രകൃതി സംരക്ഷണം. ഇന്ന് മഴക്കാലത്ത് ഈ ദിശയിലുള്ള നമ്മുടെ ഉത്തരവാദിത്തം പൂര്‍വാധികം വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ഇന്ന് 'കാച്ച് ദ റെയിന്‍' പോലുള്ള പ്രചാരണങ്ങളിലൂടെ രാജ്യം കൂട്ടായ ശ്രമങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ മാസം 'മന്‍ കി ബാത്തില്‍' ജലസംരക്ഷണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചു നിര്‍ത്താന്‍ പരമാവധി ശ്രമിക്കുന്ന ആളുകളെ കുറിച്ച് ഇത്തവണയും കത്തെഴുതി അറിയിച്ചിട്ടുണ്ട്. അത്തരത്തിലൊരു സുഹൃത്താണ് യു.പി.യിലെ ബാന്ദ ജില്ലയിലെ തുളസിറാം യാദവ്. ലുക്ത്തര ഗ്രാമപഞ്ചായത്തിന്റെ തലവനാണ് തുളസിറാം യാദവ്. ബാന്ദ, ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ വെള്ളത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കറിയാം. ഈ വെല്ലുവിളികളെ മറികടക്കാന്‍ ഗ്രാമത്തിലെ ജനങ്ങളെയും ഒപ്പം കൂട്ടി ശ്രീ.തുളസിറാം പ്രദേശത്ത് 40ലധികം കുളങ്ങള്‍ നിര്‍മ്മിച്ചു. വയലുകളിലെ വെള്ളം വയലുകള്‍ക്കും, ഗ്രാമങ്ങളിലെ വെള്ളം ഗ്രാമങ്ങള്‍ക്കും ഇതായിരുന്നു ശ്രീ.തുളസിറാമിന്റെ ദൗത്യത്തിന്റെ അടിസ്ഥാനം. അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ ഫലമായി ആ ഗ്രാമത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് മെച്ചപ്പെടുന്നു. അതുപോലെ യു.പി. ഹാപുര്‍ ജില്ലയില്‍ പ്രവാഹലുപ്തമായ ഒരു നദിയെ ജനങ്ങള്‍ കൂട്ടായ്മയിലൂടെ പുന:രുജ്ജീവിപ്പിച്ചു. ഇവിടെ പണ്ട് 'നീം' എന്നൊരു നദി ഉണ്ടായിരുന്നു. കാലക്രമേണ ആ നദി അപ്രത്യക്ഷമായി. പക്ഷേ, പ്രദേശിക സ്മൃതികളിലും നാടോടിക്കഥകളിലും ഈ നദി എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍, തങ്ങളുടെ ഈ പ്രകൃതിദത്ത പൈതൃകത്തെ പുന:രുജ്ജീവിപ്പിക്കാന്‍ ആളുകള്‍ തീരുമാനിച്ചു. ജനങ്ങളുടെ കൂട്ടായ പ്രയത്‌നത്താല്‍ ഇപ്പോള്‍ 'നീം'നദി വീണ്ടും പ്രവാഹസന്നദ്ധമായിരിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനം അമൃത് സരോവര്‍ എന്ന പേരില്‍ വികസിപ്പിക്കുന്നു. 

    സുഹൃത്തുക്കളേ, ഈ നദികളും കനാലുകളും തടാകങ്ങളും ജലസ്രോതസ്സുകള്‍ മാത്രമല്ല, ജീവിതത്തിന്റെ നിറങ്ങളും വികാരങ്ങളും അവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലും സമാനമായ ഒരു ദൃശ്യം കണ്ടിരുന്നു. ഈ പ്രദേശം മിക്കവാറും വരള്‍ച്ചയുടെ പിടിയിലാണ്. അഞ്ചു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ 'നിലവണ്ടെ' അണക്കെട്ടിന്റെ കനാലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് പരീക്ഷണത്തിനായി കനാലില്‍ വെള്ളം തുറന്നുവിട്ടിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ശരിക്കും വൈകാരികമായിരുന്നു. ഹോളി, ദീപാവലി ഉത്സവംപോലെ ഗ്രാമത്തിലെ ജനങ്ങള്‍ നൃത്തം ചെയ്യുകയായിരുന്നു. 

    സുഹൃത്തുക്കളെ, മാനേജ്‌മെന്റിന്റെ കാര്യം പറയുമ്പോള്‍, ഇന്ന് ഞാന്‍ ഛത്രപതി ശിവാജി മഹാരാജിനെയും ഓര്‍ക്കുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയ്‌ക്കൊപ്പം, അദ്ദേഹത്തിന്റെ ഭരണത്തില്‍ നിന്നും ഭരണനിര്‍വഹണപാടവത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. പ്രത്യേകിച്ചും, ഛത്രപതി ശിവാജി മഹാരാജ് ജലവിഭവ വിനിയോഗത്തിനെയും നാവികസേനയെയും സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അവ ഇപ്പോഴും ഇന്ത്യന്‍ ചരിത്രത്തിന്റെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നവയാണ്. അദ്ദേഹം നിര്‍മ്മിച്ച കോട്ടകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കടലിന് നടുവില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു. ഈ മാസം ആദ്യം ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വര്‍ഷം തികഞ്ഞു.  ഈ സന്ദര്‍ഭം വലിയ ആഘോഷമായി കൊണ്ടാടുന്നു. ഈ സമയത്ത് മഹാരാഷ്ട്രയിലെ റായ്ഗഡ് കോട്ടയില്‍ ഇതുമായി ബന്ധപ്പെട്ട വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് 2014-ല്‍ ആ പുണ്യഭൂമിയില്‍ പ്രണാമം അര്‍പ്പിക്കാന്‍ റായ്ഗഢില്‍ പോകാനുള്ള ഭാഗ്യം എനിക്കുണ്ടായതായി ഓര്‍ക്കുന്നു. ഈ അവസരത്തില്‍ ഛത്രപതി ശിവജി മഹാരാജിന്റെ  ഭരണനിര്‍വഹണ വൈദഗ്ധ്യം അറിയേണ്ടതും അവയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, അദ്ദേഹത്തില്‍ നിന്ന് പഠിക്കാം. ഇത് നമ്മുടെ പൈതൃകത്തില്‍ അഭിമാനബോധം വളര്‍ത്തുകയും ഭാവിയിലേക്കുള്ള നമ്മുടെ കടമകള്‍ നിര്‍വഹിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യും.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാമസേതു പണിയാന്‍ മുന്നിട്ടിറങ്ങിയ രാമായണത്തിലെ ചെറിയ അണ്ണാറാക്കണനെ  കുറിച്ച് നിങ്ങള്‍ കേട്ടിരിക്കണം. ഉദ്ദേശ്യം നല്ലതാണെങ്കില്‍, പ്രയത്‌നങ്ങളില്‍ സത്യസന്ധതയുണ്ടെങ്കില്‍, ഒരു ലക്ഷ്യവും പ്രയാസകരമല്ല എന്നതാണ് ഇതിനര്‍ത്ഥം. ഈ ഉദാത്തമായ ഉദ്ദേശത്തോടെ ഇന്ത്യയും ഇന്ന് ഒരു വലിയ വെല്ലുവിളി നേരിടുകയാണ്. ടി.ബി അഥവാ ക്ഷയ രോഗം ആണ് ആ വെല്ലുവിളി. 2025-ഓടെ ക്ഷയരോഗമുക്ത ഭാരതം  ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളത്. തീര്‍ച്ചയായും വളരെ വലിയ ഒരു കടമ്പയാണത്. ടി.ബി. എന്നു കേള്‍ക്കുമ്പോള്‍ തന്നെ കുടുംബാംഗങ്ങള്‍ പോലും അകന്നു പോകുന്ന ഒരു കാലമുണ്ടായിരുന്നു ഇവിടെ. എന്നാല്‍ ഇന്ന് ക്ഷയരോഗിയെ കുടുംബാംഗമായി കണ്ട്  അവരെ സഹായിച്ചുവരുന്ന പ്രവണതയാണുള്ളത്. ഈ ക്ഷയരോഗത്തെ വേരോടെ ഇല്ലാതാക്കാന്‍ നിക്ഷയ് മിത്ര് അംഗങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് നിരവധി  സാമൂഹിക സംഘടനകള്‍ നിക്ഷയ് മിത്രങ്ങളായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ആയിരക്കണക്കിന് ആളുകള്‍ തന്നെ മുന്നോട്ട് വന്ന് ടി.ബി. രോഗികളെ ദത്തെടുത്തിട്ടുണ്ട്. ക്ഷയരോഗികളെ സഹായിക്കാന്‍ എത്രയെത്ര കുട്ടികളാണ് വന്നിരിക്കുന്നത്. ജനപങ്കാളിത്തമാണ് ഈ പ്രചാരണത്തിന്റെ ഏറ്റവും വലിയ ശക്തി. ഈ പങ്കാളിത്തം മൂലം ഇന്ന് 10 ലക്ഷത്തിലധികം ടി.ബി. രോഗികളെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ പുണ്യപ്രവൃത്തി ചെയ്തത് ഏകദേശം 85,000ത്തോളം നിക്ഷയ് മിത്രങ്ങളാണ്. രാജ്യത്തെ നിരവധി സര്‍പഞ്ചുമാര്‍, ഗ്രാമത്തലവന്മാര്‍ തുടങ്ങിയവര്‍ ടി.ബി. നിര്‍മ്മാര്‍ജ്ജനം എന്ന ഈ കടമ എറ്റെടുത്തിരിക്കുന്നുവെന്നു അറിയുമ്പോള്‍ ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു.  

    നൈനിറ്റാളിലെ ഒരു ഗ്രാമത്തിലെ നിക്ഷയ് മിത്രയായ  ശ്രീ. ദീകര്‍ സിംഗ് മേവാടി ആറ് ടി.ബി. രോഗികളെ ദത്തെടുത്തു. അതുപോലെ, കിന്നൗറിലെ ഒരു ഗ്രാമപഞ്ചായത്ത് മേധാവി ശ്രീ. ഗ്യാന്‍ സിംഗ്, അദ്ദേഹത്തിന്റെ ബ്ലോക്കിലെ ടി.ബി. രോഗികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ടി.ബി. മുക്ത ഭാരതം എന്ന പ്രചരണത്തില്‍ പങ്കാളികളാകാന്‍  നമ്മുടെ കുട്ടികളും യുവസുഹൃത്തുക്കളും ഒട്ടും പിന്നിലല്ല. ഹിമാചല്‍ പ്രദേശിലെ ഊനായിലുള്ള 7 വയസ്സുകാരി നളിനി സിംഗിന്റെ പ്രവൃത്തി  നോക്കൂ. നളിനി അവളുടെ പോക്കറ്റ് മണിയില്‍ നിന്ന്, ടി.ബി. രോഗികളെ സഹായിക്കുന്നു. കുട്ടികള്‍ സമ്പാദ്യകുടുക്ക (പിഗ്ഗി ബാങ്ക്) എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങള്‍ക്കറിയാം, എന്നാല്‍ മദ്ധ്യപ്രദേശിലെ കട്‌നി ജില്ലയില്‍ നിന്ന് 13 വയസ്സുള്ള മീനാക്ഷിയും, പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് 11 വയസ്സുള്ള ബശ്വര്‍ മുഖര്‍ജിയും വ്യത്യസ്തരായ രണ്ടു  കുട്ടികളാണ്. ഈ രണ്ട് കുട്ടികളും തങ്ങളുടെ കുടുക്കയിലെ പണം ടി.ബി. മുക്ത ഭാരത  പ്രചാരണത്തിനായി നല്‍കി. ഈ ഉദാഹരണങ്ങളെല്ലാം വൈകാരികമാണെന്നതിനുപുറമെ, വളരെ പ്രചോദനാത്മകവുമാണ്. ഇത്രയും ചെറുപ്പത്തില്‍ തന്നെ വലുതായി ചിന്തിക്കുന്ന ഈ കുട്ടികളെയെല്ലാം ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യാന്‍ എപ്പോഴും തയ്യാറാണ് എന്നത് നമ്മള്‍ ഭാരതീയരുടെ സ്വഭാവമാണ്. നാം നമ്മുടേതിനെ  സ്‌നേഹിക്കുകയും പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അതിനൊരു ഉദാഹരണം ആണ് ജപ്പാന്റെ 'മിയാവാക്കി' എന്ന സാങ്കേതിക വിദ്യ. ചില സ്ഥലങ്ങളിലെ മണ്ണ് ഫലഭൂയിഷ്ഠമായിട്ടില്ലെങ്കില്‍, ആ പ്രദേശം വീണ്ടും ഹരിതാഭമാക്കാന്‍ മിയാവാക്കി വിദ്യ വളരെ നല്ല മാര്‍ഗമാണ്. മിയാവാക്കി വനങ്ങള്‍ അതിവേഗം വ്യാപിക്കുകയും രണ്ടോ മൂന്നോ ദശാബ്ദങ്ങള്‍ക്കുള്ളില്‍ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്യുന്നു. ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത് വളരെ വേഗത്തില്‍ പടരുകയാണ്. കേരളത്തില്‍ നിന്നുള്ള അധ്യാപകനായ ശ്രീ. റാഫി രാംനാഥ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തിന്റെ മുഖം മാറ്റി. യഥാര്‍ത്ഥത്തില്‍, ശ്രീ. രാംനാഥ് തന്റെ വിദ്യാര്‍ത്ഥികളോട് പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ആഴത്തില്‍ വിശദീകരിക്കാന്‍ ആഗ്രഹിച്ചു. ഇതിനായി അദ്ദേഹം ഒരു ഔഷധത്തോട്ടം തന്നെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ പൂന്തോട്ടം ഇപ്പോള്‍ ഒരു ജൈവവൈവിധ്യ മേഖലയായി മാറിയിരിക്കുന്നു. തന്റെ  ഈ വിജയം അദ്ദേഹത്തെ കൂടുതല്‍ പ്രചോദിപ്പിച്ചു. ഇതിനുശേഷം ശ്രീ. റാഫി 'മിയാവാക്കി'യുടെ സാങ്കേതികതയില്‍ ഒരു മിനി ഫോറസ്റ്റ് ഉണ്ടാക്കി അതിന് 'വിദ്യാവനം' എന്ന് പേരിട്ടു. ഒരു അദ്ധ്യാപകന് മാത്രമേ ഇത്രയും മനോഹരമായ പേര് ഇടാന്‍ കഴിയൂ - 'വിദ്യാവനം'. ശ്രീ.രാംനാഥിന്റെ  ഈ 'വിദ്യാവനത്തില്‍' 115 ഇനങ്ങളിലുള്ള 450-ലധികം മരങ്ങള്‍ ഒരു ചെറിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവയെ സംരക്ഷിക്കുന്നതില്‍  വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ  സഹായിക്കുന്നു. സമീപത്തെ സ്‌കൂള്‍ കുട്ടികള്‍, സാധാരണ പൗരന്മാര്‍ തുടങ്ങി ധാരാളം പേര്‍  ഈ മനോഹരമായ സ്ഥലം കാണാന്‍ തടിച്ചുകൂടുന്നു. മിയാവാക്കി മരങ്ങള്‍ നഗരങ്ങളില്‍ പോലും എളുപ്പത്തില്‍ വളര്‍ത്താം. ഗുജറാത്തിലെ കേവഡിയാറിലെ ഏക്താ നഗറില്‍ കുറച്ചുനാള്‍ മുമ്പ് ഞാന്‍ മിയാവാക്കി വനം ഉദ്ഘാടനം ചെയ്തിരുന്നു.

    കച്ചിലും 2001-ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി 'മിയാവാക്കി' ശൈലിയില്‍ സ്മാരക വനം നിര്‍മിച്ചിട്ടുണ്ട്. കച്ച് പോലെയുള്ള ഒരു സ്ഥലത്തെ അതിന്റെ വിജയം, പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ പ്രതികൂലമായിരിക്കെ പോലും ഈ സാങ്കേതികോപായം എത്രത്തോളം ഫലപ്രദമാണെന്ന് കാണിക്കുന്നു. അതുപോലെ അംബാജിയിലും പാവാഗഡിലും 'മിയാവാക്കി' രീതിയിലൂടെ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ അലീഗഞ്ചിലും 'മിയാവാക്കി' പൂന്തോട്ടം ഒരുക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ, മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി 60-ലധികം വനങ്ങള്‍ വച്ചു പിടിപ്പിച്ചു വരുന്നു. ഇന്ന് ഈ സാങ്കേതികോപായം ലോകമെമ്പാടും ഇഷ്ടപ്പെടുന്നു. സിംഗപ്പൂര്‍, പാരീസ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മിയാവാക്കിയുടെ രീതിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണമെന്ന് ഞാന്‍ എന്റെ നാട്ടുകാരോട്, പ്രത്യേകിച്ച് നഗരങ്ങളില്‍ താമസിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഭൂമിയെയും പ്രകൃതിയെയും ഹരിതാഭവും ശുചിത്വപൂര്‍ണ്ണമാക്കുന്നതില്‍ നിങ്ങള്‍ക്ക് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കാനാകും.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്ത് ജമ്മു കാശ്മീരിനെക്കുറിച്ച് ഇപ്പോള്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നു. ചിലപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന ടൂറിസം കാരണം, ചിലപ്പോള്‍ ജി 20 യുടെ മികച്ച സംഘാടനം നിമിത്തം കാശ്മീരിലെ 'നാദ്രു' രാജ്യത്തിന് പുറത്തും എങ്ങനെ പ്രിയങ്കരമാകുന്നു എന്ന് മുമ്പ് ഞാന്‍ 'മന്‍ കി ബാത്തില്‍' നിങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ജനങ്ങള്‍ ഒരു അത്ഭുതകരമായ ഒരു പ്രവൃത്തി ചെയ്തിരിക്കുന്നു. ബാരാമുള്ളയില്‍ ഏറെ നാളായി കൃഷി നടക്കുന്നുണ്ടെങ്കിലും ഇവിടെ പാലിന് ക്ഷാമം നേരിട്ടിരുന്നു. ബാരാമുള്ളയിലെ ജനങ്ങള്‍ ഈ വെല്ലുവിളി ഒരു അവസരമായി ഏറ്റെടുത്തു. വലിയൊരു വിഭാഗം ആളുകള്‍ ഇവിടെ ക്ഷീരോത്പാദനം തുടങ്ങി. ഈ ജോലിക്ക് ഏറ്റവും മുന്‍നിരയില്‍ അണി നിരന്നത് ഇവിടത്തെ സ്ത്രീകളാണ്. ഇശ്‌രത്ത് നബി അതിനൊരുദാഹരണമാണ്. ബിരുദധാരിണിയായ ഇശ്‌രത്ത് മീര്‍ സിസ്‌റ്റേഴ്‌സ് ഡയറി ഫാം  തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 150 ലിറ്റര്‍ പാലാണ് അവരുടെ  ഡയറി ഫാമില്‍ നിന്ന് വിറ്റഴിക്കുന്നത്. സോപോറില്‍ നിന്നുള്ള അത്തരമൊരു സുഹൃത്താണ് വസീം അനായത്ത്. വസീമിന് രണ്ട് ഡസനിലധികം കന്നുകാലികളുണ്ട്. അദ്ദേഹം പ്രതിദിനം ഇരുനൂറിലധികം ലിറ്റര്‍ പാല്‍ വില്‍ക്കുന്നു. മറ്റൊരു യുവാവായ ആബിദ് ഹുസൈനും  ക്ഷീരോത്പാദകനാണ്. അദ്ദേഹത്തിന്റെ ജോലിയും അഭിവൃദ്ധിപ്പെടുന്നു. ഇത്തരക്കാരുടെ കഠിനാധ്വാനം കാരണം പ്രതിദിനം 5.5 ലക്ഷം ലിറ്റര്‍ പാലാണ് ബാരാമുള്ളയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ബാരാമുള്ള മുഴുവന്‍ പുതിയ ധവളവിപ്ലവത്തിന്റെ പ്രതീകമായി മാറുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 500-ലധികം ഡയറി യൂണിറ്റുകള്‍ ഇവിടെ വന്നു. നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗവും സാധ്യതകള്‍ നിറഞ്ഞതാണ് എന്നതിന്റെ തെളിവാണ് ബാരാമുള്ളയിലെ ക്ഷീര വ്യവസായം. ഏത് ലക്ഷ്യവും നേടിയെടുക്കുന്നതിലൂടെ ഒരു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തി കാണാനാകും.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഈ മാസം കായിക ലോകത്ത് നിന്ന് ഇന്ത്യയെ സംബന്ധിച്ച് ആഹ്ളാദ കരമായ നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. വനിതാ ജൂനിയര്‍ ഏഷ്യാ കപ്പ് ആദ്യമായി നേടിയാണ് ഇന്ത്യന്‍ ടീം ത്രിവര്‍ണപതാകയുടെ പ്രതാപം ഉയര്‍ത്തിയത്. ഈ മാസം നമ്മുടെ  പുരുഷ ഹോക്കി ടീം ജൂനിയര്‍ ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. ഇതോടെ ഈ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ജയം നേടിയ ടീമായി നാം  മാറി. നമ്മുടെ  ജൂനിയര്‍ ടീമും ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഈ ടൂര്‍ണമെന്റിലെ ആകെ സ്വര്‍ണത്തില്‍ 20 ശതമാനവും ഇന്ത്യയുടെ അക്കൗണ്ടില്‍ മാത്രം എത്തിയിട്ടുണ്ട്. ഈ ജൂണില്‍ ഏഷ്യന്‍ അണ്ടര്‍ ട്വന്റി അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും നടന്നിരുന്നു. ഇതില്‍ 45 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തി.

    സുഹൃത്തുക്കളേ, ഒരു കാലത്ത് നമ്മള്‍ അന്താരാഷ്ട്ര മേളകളെകുറിച്ച് അറിഞ്ഞിരുന്നു, പക്ഷേ, അവയില്‍ പലപ്പോഴും ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. പക്ഷേ, ഇന്ന്, കഴിഞ്ഞ ഏതാനും ആഴ്ചകളിലെ വിജയങ്ങള്‍ മാത്രമാണ് ഞാന്‍ പരാമര്‍ശിക്കുന്നത്, എന്നിട്ടും നമ്മുടെ പട്ടിക വളരെ നീണ്ടതാണ്. ഇതാണ് നമ്മുടെ യുവത്വത്തിന്റെ യഥാര്‍ത്ഥ ശക്തി. നിരവധി കായിക മത്സരങ്ങളില്‍ ഇതാദ്യമായി  ഇന്ത്യ അതിന്റെ   സാന്നിധ്യം അറിയിക്കുന്നു. ഉദാഹരണത്തിന്, ലോംഗ്ജമ്പില്‍, പാരീസ് ഡയമണ്ട് ലീഗ് പോലുള്ള അഭിമാനകരമായ ഇനങ്ങളില്‍ ശ്രീ. മുരളിശ്രീശങ്കര്‍ രാജ്യത്തിനായി വെങ്കലം നേടിയിട്ടുണ്ട്. ഈ മത്സര ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. അത്തരത്തിലുള്ള ഒരു വിജയം കിര്‍ഗിസ്ഥാനിലും നമ്മുടെ  അണ്ടർ 17 വനിതാ ഗുസ്തി ടീം നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഈ കായികതാരങ്ങളെയും അവരുടെ മാതാപിതാക്കളെയും പരിശീലകരെയും അവരുടെ പരിശ്രമങ്ങളെയും  ഞാന്‍ അഭിനന്ദിക്കുന്നു.

    സുഹൃത്തുക്കളേ, രാജ്യാന്തര മത്സരങ്ങളില്‍ രാജ്യം നേടിയ ഈ വിജയത്തിന് പിന്നില്‍ ദേശീയ തലത്തിലുള്ള നമ്മുടെ കായിക താരങ്ങളുടെ കഠിനാധ്വാനമുണ്ട്. ഇന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ ആവേശത്തോടെ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. കളിക്കാര്‍ക്ക് കളിക്കാനും ജയിക്കാനും തോല്‍വിയില്‍ നിന്ന് പഠിക്കാനും അവ അവസരം നല്‍കുന്നു. ഉദാഹരണത്തിന്, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് ഈയിടെ ഉത്തര്‍പ്രദേശില്‍ സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത യുവാക്കളില്‍ വലിയ ആവേശവും ഉത്സാഹവും കാണാന്‍ കഴിഞ്ഞു. ഈ ഗെയിമുകളില്‍ പതിനൊന്ന് റെക്കോര്‍ഡുകള്‍ നമ്മുടെ യുവാക്കള്‍ തകര്‍ത്തു. ഇതില്‍ പഞ്ചാബ് സര്‍വകലാശാല, അമൃത്‌സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാല, കര്‍ണാടകയിലെ ജെയിന്‍ സര്‍വകലാശാല എന്നിവയാണ് മെഡല്‍ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

    സുഹൃത്തുക്കളേ, ഇത്തരം ടൂര്‍ണമെന്റുകളുടെ ഒരു പ്രധാന വശം യുവ കളിക്കാരുടെ പ്രചോദനാത്മകമായ നിരവധി കഥകള്‍ മുന്നിലെത്തുന്നു എന്നതാണ്. അസമിലെ കോട്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അന്യതം രാജ്കുമാര്‍ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലെ തുഴച്ചില്‍ ഇനത്തില്‍ പങ്കെടുത്ത ആദ്യ ദിവ്യാംഗ അത്‌ലറ്റായി. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിട്ടും ഷോട്ട്പുട്ടില്‍ ബര്‍കത്തുല്ല സര്‍വകലാശാലയിലെ നിധി പവയ്യ സ്വര്‍ണമെഡല്‍ നേടി. കഴിഞ്ഞ വര്‍ഷം കണങ്കാലിനേറ്റ പരിക്ക് മൂലം ബംഗളൂരുവില്‍ പരാജയപ്പെട്ട  സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയിലെ ശുഭം ഭണ്ഡാരെ ഇത്തവണ സ്റ്റീപ്പിള്‍ ചേസിലെ സ്വര്‍ണ മെഡല്‍ ജേതാവായി. ബര്‍ദ്വാന്‍ യൂണിവേഴ്‌സിറ്റിയിലെ സരസ്വതി കുണ്ടുവാണ് അവരുടെ കബഡി ടീമിന്റെ ക്യാപ്റ്റന്‍. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് അവര്‍ ഇവിടെ എത്തിയത്. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പല കായികതാരങ്ങള്‍ക്കും ടോപ്‌സ് സ്‌കീമില്‍ നിന്ന് ധാരാളം സഹായം ലഭിക്കുന്നുണ്ട്. നമ്മുടെ കളിക്കാര്‍ എത്രത്തോളം അധ്വാനിക്കുന്നുവോ  അത്രത്തോളം ഉയരങ്ങളിൽ അവരെത്തും .

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജൂണ്‍ 21 ഇതാ സമാഗതമായിരിക്കുന്നു. ഇത്തവണയും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള ആളുകള്‍ രാജ്യാന്തര യോഗ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'വസുധൈവ കുടുംബക'ത്തിന് യോഗ, എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. അതായത് എല്ലാവരുടെയും ക്ഷേമത്തിനായുള്ള യോഗ, 'ഒരു ലോകം ഒരു കുടുംബം'. എല്ലാവരേയും ഒന്നിപ്പിക്കുകയും ഒരുമിച്ച് കൊണ്ടുപോകുകയും ചെയ്യുന്ന യോഗയുടെ ചൈതന്യം ഇത് പ്രകടിപ്പിക്കുന്നു. എല്ലാ തവണത്തേയും പോലെ ഇത്തവണയും രാജ്യത്തിന്റെ എല്ലാ കോണുകളിലും യോഗയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കും.

    സുഹൃത്തുക്കളേ, ഇത്തവണ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിക്കും. സോഷ്യല്‍ മീഡിയയില്‍ പോലും യോഗാദിനത്തോട് വലിയ ആവേശമാണ് ഞാന്‍ കാണുന്നത്. സുഹൃത്തുക്കളേ, നിങ്ങളുടെ ജീവിതത്തില്‍ യോഗ സ്വീകരിക്കണമെന്നും അത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഇപ്പോഴും യോഗയുമായി ബന്ധപ്പെട്ടിട്ടില്ലെങ്കില്‍, ജൂണ്‍ 21 ഇതിനുള്ള മികച്ച അവസരമാണ്. എന്തായാലും യോഗയില്‍ അധികം ചടുലതയുടെ ആവശ്യമില്ല. നോക്കൂ, നിങ്ങള്‍ യോഗയില്‍ ചേരുമ്പോള്‍, നിങ്ങളുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റമുണ്ടാകും.
    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റന്നാള്‍ അതായത് ജൂണ്‍ 20 ചരിത്രപരമായ രഥയാത്രയുടെ ദിവസമാണ്. രഥയാത്രയ്ക്ക് ലോകമെമ്പാടും ഒരു പ്രത്യേക വ്യക്തിത്വമുണ്ട്. ഭഗവാന്‍ ജഗന്നാഥന്റെ രഥയാത്ര രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ ആര്‍ഭാടത്തോടെയാണ് നടക്കുന്നത്. ഒഡീഷയിലെ പുരിയിലെ രഥയാത്ര അത്ഭുതകരമാണ്. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ അഹമ്മദാബാദിലെ വലിയ രഥയാത്രയില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിക്കുമായിരുന്നു. ഈ രഥയാത്രകളില്‍ രാജ്യമെമ്പാടുമുള്ള ആളുകള്‍, എല്ലാ സമൂഹവും, എല്ലാ ശ്രേണിയിലുള്ളവരും ഒത്തുചേരുന്ന രീതി തന്നെ മാതൃകാപരമാണ്. വിശ്വാസത്തോടൊപ്പം 'ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്' എന്നതിന്റെ പ്രതിഫലനം കൂടിയാണിത്. ഈ പുണ്യ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. എല്ലാ നാട്ടുകാര്‍ക്കും  നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നല്‍കി ജഗന്നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

    സുഹൃത്തുക്കളേ, ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഉത്സവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, രാജ്യത്തെ രാജ്ഭവനുകളില്‍ നടക്കുന്ന ശ്രദ്ധേയമായ പരിപാടികളെ കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്തെ രാജ്ഭവനുകള്‍ സാമൂഹികവും വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളാല്‍ തിരിച്ചറിയപ്പെടുകയാണ്. ഇന്ന് നമ്മുടെ രാജ്ഭവന്‍, ടി.ബി.മുക്ത ഭാരതം എന്ന കാമ്പെയ്‌നിന്റെയും  ജൈവ കൃഷിയുമായി ബന്ധപ്പെട്ട കാമ്പെയ്‌നിന്റെയും പതാകവാഹകരാകുകയാണ്. മുന്‍കാലങ്ങളില്‍, ഗുജറാത്ത്, ഗോവ, തെലങ്കാന, മഹാരാഷ്ട്ര, സിക്കിം എന്നിങ്ങനെ വ്യത്യസ്തമായ രാജ്ഭവനുകള്‍ സ്ഥാപക ദിനങ്ങള്‍ ആഘോഷിച്ച ആവേശം തന്നെ ഇതിന് ഉദാഹരണമാണ്. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തെ ശാക്തീകരിക്കുന്ന ഒരു അത്ഭുതകരമായ സംരംഭമാണിത്.

    സുഹൃത്തുക്കളേ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. നമ്മുടെ ജനാധിപത്യ ആശയങ്ങളെ നാം പരമപ്രധാനമായി കണക്കാക്കുന്നു. നമ്മുടെ ഭരണഘടനയെ നാം  പരമപ്രധാനമായി കണക്കാക്കുന്നു, അതിനാല്‍ ജൂണ്‍ 25 നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ദിവസം. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ അടിയന്തരാവസ്ഥയെ ശക്തിയുക്തം എതിര്‍ത്തു. ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവര്‍ അക്കാലത്ത് വളരെയധികം പീഡിപ്പിക്കപ്പെട്ടു, ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് നടുങ്ങുന്നു. ഈ ക്രൂരതകള്‍ക്ക് പോലീസും ഭരണകൂടവും നല്‍കിയ ശിക്ഷയെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 'സംഘര്‍ഷ് മേ ഗുജറാത്ത്' എന്ന പേരില്‍ ഒരു പുസ്തകം എഴുതാന്‍ അക്കാലത്ത് എനിക്കും  അവസരം ലഭിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അടിയന്തരാവസ്ഥയെക്കുറിച്ച് എഴുതിയ മറ്റൊരു പുസ്തകം എന്റെ മുന്നില്‍ വന്നു  'ടോർചർ ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് ഇൻ ഇന്ത്യ'. അടിയന്തരാവസ്ഥക്കാലത്ത്  ജനാധിപത്യത്തിന്റെ കാവല്‍ക്കാരോട് ഭരണകൂടം എങ്ങനെയാണ് ഏറ്റവും ക്രൂരമായി പെരുമാറിയതെന്ന് വിവരിക്കുന്നു. ഈ പുസ്തകത്തില്‍ നിരവധി കേസ് സ്റ്റഡീസ് ഉണ്ട്. ധാരാളം ചിത്രങ്ങളുണ്ട്. നാം  സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ നാം അവലോകനം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും ഇന്നത്തെ യുവതലമുറയ്ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, വര്‍ണ്ണാഭമായ മുത്തുകളാല്‍ അലങ്കരിച്ച മനോഹരമായ ഒരു മാലയാണ് 'മന്‍ കി ബാത്ത്', ഓരോ മുത്തും അദ്വിതീയവും അമൂല്യവുമാണ്. ഈ പരിപാടിയുടെ ഓരോ അദ്ധ്യായവും ജീവസ്സുറ്റതാണ്. കൂട്ടായ്മയുടെ വികാരത്തോടൊപ്പം, സമൂഹത്തോടുള്ള കടമയും സേവന ബോധവും ഇത് നമ്മില്‍ നിറയ്ക്കുന്നു. സാധാരണയായി നാം കേള്‍ക്കാത്തതും വായിക്കാത്തതുമായ നിരവധി വിഷയങ്ങളെ കുറിച്ച് ഇവിടെ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 'മന്‍ കി ബാത്തില്‍' ഒരു വിഷയം പരാമര്‍ശിച്ചതിനെ തുടര്‍ന്ന് എത്രയോ  പേര്‍ക്ക് പുതിയ പ്രചോദനം ലഭിച്ചുവെന്ന് നാം  പലപ്പോഴും കാണാറുണ്ട്. ഈയിടെ എനിക്ക് രാജ്യത്തെ പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി ആനന്ദാ ശങ്കര്‍ ജയന്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ആ  കത്തില്‍, കഥ പറയലിനെക്കുറിച്ച് നാം ചര്‍ച്ച ചെയ്ത 'മന്‍ കി ബാത്ത്'ന്റെ അദ്ധ്യായത്തെക്കുറിച്ച് അവര്‍  എഴുതിയിട്ടുണ്ട്. ആ പരിപാടിയില്‍, ഈ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ കഴിവുകളെ നാം  അഭിനന്ദിച്ചിരുന്നു. 'മന്‍ കി ബാത്തി'ന്റെ ആ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആനന്ദാ ശങ്കര്‍ ജയന്ത് 'കുട്ടി കഹാനി'' ഒരുക്കിയിരിക്കുന്നു. വിവിധ ഭാഷകളിലുള്ള കുട്ടികള്‍ക്കായുള്ള മികച്ച കഥകളുടെ സമാഹാരമാണിത്. ഈ ശ്രമവും വളരെ നല്ലതാണ്. കാരണം ഇത് നമ്മുടെ സംസ്‌കാരത്തോടുള്ള കുട്ടികളുടെ അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഈ കഥകളുടെ രസകരമായ ചില വീഡിയോകളും അവര്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആനന്ദാ ശങ്കര്‍ ജയന്തിന്റെ ഈ പ്രയത്‌നത്തെ ഞാന്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണം, നാട്ടുകാരുടെ നല്ല പ്രവൃത്തികള്‍ മറ്റുള്ളവരെ എങ്ങനെ പ്രചോദിപ്പിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് വളരെ സന്തോഷം തോന്നിയതിനാലാണ്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അവര്‍ തങ്ങളുടെ കഴിവുകള്‍ കൊണ്ട് രാജ്യത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ പുരോഗതിയില്‍ പുതിയ ഉന്മേഷം നിറയ്ക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ശക്തിയാണിത്.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇത്തവണ 'മന്‍ കി ബാത്തില്‍' ഇത്ര മാത്രം. പുതിയ വിഷയങ്ങളുമായി അടുത്ത തവണ വീണ്ടും കാണാം. മഴക്കാലമാണ്, അതിനാല്‍ നിങ്ങളുടെ ആരോഗ്യം നന്നായി സൂക്ഷിക്കുക. സമീകൃതാഹാരം കഴിക്കുക, ആരോഗ്യവാനായിരിക്കുക. യോഗ ചെയ്യുക. ഇപ്പോള്‍ പല സ്‌കൂളുകളിലും വേനല്‍ അവധിയും അവസാനിക്കാനിരിക്കുകയാണ്. അവസാന ദിവസത്തെക്കായി ഹോംവർക്ക് മാറ്റി വയ്ക്കരുതെന്നു  ഞാന്‍ കുട്ടികളോട് പറയുന്നു. ജോലി പൂര്‍ത്തിയാക്കി സുഖമായിരിക്കുക. 

വളരെ നന്ദി. 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg

Media Coverage

5 Days, 31 World Leaders & 31 Bilaterals: Decoding PM Modi's Diplomatic Blitzkrieg
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister urges the Indian Diaspora to participate in Bharat Ko Janiye Quiz
November 23, 2024

The Prime Minister Shri Narendra Modi today urged the Indian Diaspora and friends from other countries to participate in Bharat Ko Janiye (Know India) Quiz. He remarked that the quiz deepens the connect between India and its diaspora worldwide and was also a wonderful way to rediscover our rich heritage and vibrant culture.

He posted a message on X:

“Strengthening the bond with our diaspora!

Urge Indian community abroad and friends from other countries  to take part in the #BharatKoJaniye Quiz!

bkjquiz.com

This quiz deepens the connect between India and its diaspora worldwide. It’s also a wonderful way to rediscover our rich heritage and vibrant culture.

The winners will get an opportunity to experience the wonders of #IncredibleIndia.”