ഏകദേശം 1000 വർഷം പഴക്കമുള്ള അവലോകിതേശ്വര പദ്മപാണിയെ തിരികെ കൊണ്ടുവന്നതിൽ അതിയായ സന്തോഷമുണ്ട്: പ്രധാനമന്ത്രി
2013 വരെ ഏകദേശം 13 വിഗ്രഹങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനിടെ, ഇന്ത്യ 200-ലധികം അമൂല്യ പ്രതിമകൾ വിജയകരമായി തിരികെ കൊണ്ടുവന്നു: പ്രധാനമന്ത്രി
ഇന്ത്യൻ ഗാനങ്ങൾ ചുണ്ടുകൾ സമന്വയിപ്പിച്ച് സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിച്ച കിളി പോളിനെയും നീമയെയും കുറിച്ച് പ്രധാനമന്ത്രി മോദി പരാമർശിച്ചു
നമ്മുടെ മാതൃഭാഷ നമ്മുടെ അമ്മമാരെപ്പോലെ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നു: പ്രധാനമന്ത്രി മോദി
നാം അഭിമാനത്തോടെ മാതൃഭാഷയിൽ സംസാരിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
കഴിഞ്ഞ ഏഴ് വർഷമായി ആയുർവേദത്തിന്റെ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്: പ്രധാനമന്ത്രി മോദി
നിങ്ങൾ ഇന്ത്യയിൽ എവിടെ പോയാലും, ശുചിത്വത്തിനായി ചില ശ്രമങ്ങൾ നടക്കുന്നതായി നിങ്ങൾ കാണും: പ്രധാനമന്ത്രി
പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ നമ്മുടെ രാജ്യത്തെ സ്ത്രീകൾ പുതിയ ഉയരങ്ങളിലെത്തുന്നു: യുവാക്കൾക്കിടയിൽ ശാസ്ത്രീയ സ്വഭാവം വളർത്തിയെടുക്കാൻ പ്രധാനമന്ത്രി മോദി കുടുംബങ്ങളോട് അഭ്യർത്ഥിച്ചു: പ്രധാനമന്ത്രി മോദി

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം 

    മന്‍ കി ബാത്തിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം. ഇന്ത്യയുടെ വിജയത്തെ കുറിച്ചുള്ള പരാമര്‍ശത്തോടെ ഇന്നത്തെ മന്‍ കി ബാത്ത് ആരംഭിക്കുന്നു. ഈ മാസം ആദ്യം, ഇറ്റലിയില്‍ നിന്ന് വിലപ്പെട്ട ഒരു പൈതൃകത്തെ തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യ വിജയിച്ചു. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അവലോകിതേശ്വര പദ്മപാണിയുടെ വിഗ്രഹം. ബീഹാറിലെ ഗയാജിയുടെ ദേവീസ്ഥാനമായ കുന്ദല്‍പൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിഗ്രഹം മോഷണം പോയതാണ്. എന്നാല്‍ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ ഈ വിഗ്രഹം ഇന്ത്യക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. അതുപോലെ, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്ന് ആഞ്ജനേയ   വിഗ്രഹം മോഷ്ടിക്കപ്പെട്ടിരുന്നു. ഹനുമാന്റെ ഈ വിഗ്രഹത്തിനും 600-700 വര്‍ഷം പഴക്കമുണ്ടായിരുന്നു. ഈ മാസം ആദ്യം, നമുക്ക് ഇത് ഓസ്ട്രേലിയയില്‍ നിന്ന് ലഭിച്ചു. അങ്ങനെ ഞങ്ങളുടെ ദൗത്യം വിജയിച്ചു.

    സുഹൃത്തുക്കളേ, ആയിരക്കണക്കിന് വര്‍ഷത്തെ നമ്മുടെ ചരിത്രത്തില്‍, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഒന്നിനുപുറകെ ഒന്നായി വിഗ്രഹങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. അതിന്റെ  നിര്‍മ്മാതാക്കള്‍ക്ക് ശ്രദ്ധയും വൈദഗ്ധ്യവും ഉണ്ടായിരുന്നു. കൂടാതെ അവ വൈവിധ്യം നിറഞ്ഞതായിരുന്നു. നമ്മുടെ ഓരോ വിഗ്രഹങ്ങളുടെയും ചരിത്രവും കാലവും ഇതില്‍ ദൃശ്യമാണ്. അവ ഇന്ത്യന്‍ ശില്പകലയുടെ അത്ഭുതകരമായ ഉദാഹരണം മാത്രമല്ല, നമ്മുടെ വിശ്വാസവും ചേര്‍ന്നു നില്ക്കുന്നവയാണ്. എന്നാല്‍, മുമ്പ് പല വിഗ്രഹങ്ങളും മോഷ്ടിക്കപ്പെട്ട് ഇന്ത്യക്ക് പുറത്തേക്ക് പോയിരുന്നു. പല ദേശങ്ങളിലായി ഈ വിഗ്രഹങ്ങള്‍ വിറ്റുപോയി. അവര്‍ക്ക് അവ കലാസൃഷ്ടികള്‍ മാത്രമായിരുന്നു. അതിന്റെ ചരിത്രവുമായോ, വിശ്വാസവുമായോ അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഈ വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരേണ്ടത് ഭാരതാംബയോടുള്ള  നമ്മുടെ ഉത്തരവാദിത്തമാണ്. ഈ വിഗ്രഹങ്ങളില്‍ ഇന്ത്യയുടെ ആത്മാവിന്റെ, വിശ്വാസത്തിന്റെ ഭാഗമുണ്ട്. അവയ്ക്ക് സാംസ്‌കാരികവുംചരിത്രപരവുമായ പ്രാധാന്യവുമുണ്ട്. ഈ ഉത്തരവാദിത്തം മനസ്സിലാക്കി ഇന്ത്യ അതിന്റെ ശ്രമങ്ങള്‍ വര്‍ധിപ്പിച്ചു. മോഷ്ടിക്കാനുള്ള പ്രവണതയില്‍ ഭയം ഉണ്ടായിരുന്നു എന്നതും ഇതിന് കാരണമായിരുന്നു. ഈ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോയ രാജ്യങ്ങള്‍ക്കാകട്ടെ, ഇന്ത്യയുമായുള്ള ബന്ധത്തില്‍ സോഫ്റ്റ് പവറിന്റെ നയതന്ത്ര ചാനലില്‍ ഈ വിഗ്രഹങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ വികാരങ്ങള്‍ ഈ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, വിശ്വാസം അതുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ അത് കൂടാതെ, മനുഷ്യര്‍ തമ്മിലുള്ള പരസ്പര ബന്ധത്തിലും ഇവ വലിയ പങ്ക് വഹിക്കുന്നു. കാശിയില്‍ നിന്ന് മോഷണം പോയ അന്നപൂര്‍ണാദേവിയുടെ വിഗ്രഹവും തിരികെ കൊണ്ടുവന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇന്ത്യയോടുള്ള ലോകവീക്ഷണം മാറുന്നതിന്റെ ഉദാഹരണമാണിത്. 2013 വരെ ഏകദേശം 13 വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ, ഇന്ത്യ 200 ലധികം അമൂല്യ വിഗ്രഹങ്ങള്‍ വിജയകരമായി തിരികെ കൊണ്ടുവന്നു. അമേരിക്ക, ബ്രിട്ടന്‍, ഹോളണ്ട്, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ മനോഭാവം മനസ്സിലാക്കി വിഗ്രഹങ്ങളെ തിരികെ കൊണ്ടുവരാന്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഞാന്‍ അമേരിക്കയില്‍ പോയപ്പോള്‍, വളരെ പഴക്കമുള്ള ഒരുപാട് വിഗ്രഹങ്ങളും സാംസ്‌കാരിക പ്രാധാന്യമുള്ള നിരവധി കാര്യങ്ങളും അവിടെ  കണ്ടു. രാജ്യത്തിന്റെ വിലപ്പെട്ട ഏതൊരു പൈതൃകവും തിരികെ ലഭിക്കുമ്പോള്‍, ചരിത്രത്തില്‍ ആദരവുള്ളവര്‍ക്കും, പുരാവസ്തുശാസ്ത്രത്തില്‍ വിശ്വാസമുള്ളവര്‍ക്കും, വിശ്വാസത്തോടും സംസ്‌കാരത്തോടും ബന്ധപ്പെട്ട ആളുകള്‍ക്കും, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും സംതൃപ്തി ലഭിക്കുന്നത് സ്വാഭാവികമാണ്. 

    സുഹൃത്തുക്കളേ, ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ പൈതൃകത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ഇന്ന് മന്‍ കി ബാത്തില്‍ രണ്ട് പേരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈയടുത്ത ദിവസങ്ങളില്‍, ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും അയാളുടെ സഹോദരി നീമയും ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിങ്ങളും അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക്  ഇന്ത്യന്‍ സംഗീതത്തോട് അഭിനിവേശമുണ്ട്, ഇക്കാരണത്താല്‍ അവര്‍ വളരെ ജനപ്രിയരുമാണ്. അവര്‍ എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നുവെന്ന് അവരുടെ ലിപ് സിങ്ക് രീതിയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.  അടുത്തിടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവര്‍  നമ്മുടെ ദേശീയ ഗാനമായ 'ജന ഗണ മന' ആലപിക്കുന്ന വീഡിയോ വൈറലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, അവര്‍ ഒരു ഗാനം ആലപിച്ച് ലതാദീദിക്ക് ആത്മാര്‍ത്ഥമായ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഈ അത്ഭുതകരമായ സര്‍ക്ഷാത്മകതയ്ക്ക് കിലി-നീമ സഹോദരങ്ങളെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. ഏതാനും ദിവസം മുമ്പ് ടാന്‍സാനിയയിലെ ഇന്ത്യന്‍ എംബസിയിലും അവരെ  ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഗീതത്തിന്റെ മാന്ത്രികത എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഞാന്‍ ഓര്‍ക്കുന്നു, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, ലോകത്തിലെ നൂറ്റമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍-സംഗീതജ്ഞര്‍, അതത് രാജ്യങ്ങളില്‍, അതത് വേഷവിധാനങ്ങളില്‍, ബഹുമാനപ്പെട്ട ബാപ്പുവിന്റെ പ്രിയപ്പെട്ട, മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം - വൈഷ്ണവ് ജന്‍ - പാടി ഒരു വിജയകരമായ പരീക്ഷണം നടത്തിയിരുന്നു.

    ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തെ സുപ്രധാന ഉത്സവം ആഘോഷിക്കുമ്പോള്‍, ദേശഭക്തി ഗാനങ്ങളുടെ കാര്യത്തിലും സമാനമായ പരീക്ഷണങ്ങള്‍ നടത്താം. വിദേശ പൗരന്മാര്‍, അവിടെ നിന്നുള്ള പ്രശസ്ത ഗായകരെ ഇന്ത്യന്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കാന്‍ ക്ഷണിക്കുന്നു. മാത്രമല്ല, ടാന്‍സാനിയയിലെ കിലിക്കും നീമയ്ക്കും ഇന്ത്യയിലെ പാട്ടുകള്‍ ഇങ്ങനെ ലിപ് സിങ്ക് ചെയ്യാന്‍ കഴിയുമെങ്കില്‍, നമ്മുടെ  നാട്ടില്‍ പല ഭാഷകളില്‍ പല തരത്തിലുള്ള  പാട്ടുകളുണ്ട്. നമ്മുടെ  ഏതെങ്കിലും ഗുജറാത്തി കുട്ടികള്‍ക്ക് തമിഴില്‍ പാടാന്‍ കഴിയുമോ? കേരളത്തിലെ കുട്ടികള്‍ അസമീസ് പാട്ടുകള്‍ പാടണം, കന്നഡ കുട്ടികള്‍ ജമ്മു കശ്മീരിലെ പാട്ടുകള്‍ പാടണം. അങ്ങനെ 'ഏക് ഭാരത്-ശ്രേഷ്ഠ ഭാരത്' എന്ന അന്തരീക്ഷം നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല, തീര്‍ച്ചയായും നമുക്ക് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പുതിയ രീതിയില്‍ ആഘോഷിക്കാം. രാജ്യത്തെ യുവാക്കളോട് ഇന്ത്യന്‍ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെ വീഡിയോ നിങ്ങളുടേതായ രീതിയില്‍ ചെയ്യാന്‍  ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ വളരെയേറെ പോപ്പുലര്‍ ആകുന്നതോടൊപ്പം രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.
    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാം  മാതൃഭാഷാ ദിനം ആഘോഷിച്ചു. മാതൃഭാഷ എന്ന പദം എവിടെ നിന്ന് വന്നു, എങ്ങനെ ഉത്ഭവിച്ചു എന്നതിനെ കുറിച്ച് പണ്ഠിതന്മാര്‍ക്ക് ധാരാളം അക്കാദമിക് ഇന്‍പുട്ട് നല്‍കാന്‍ കഴിയും. നമ്മുടെ അമ്മ നമ്മുടെ ജീവിതം വാര്‍ത്തെടുത്തതുപോലെ മാതൃഭാഷയും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നു തന്നെ പറയാം. മാതാവും മാതൃഭാഷയും ഒരുമിച്ച് നമ്മുടെ ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും നമ്മെ ചിരഞ്ജീവിയാക്കുകയും ചെയ്യുന്നു. നമുക്ക് അമ്മയെ ഉപേക്ഷിക്കാന്‍ കഴിയില്ല. അതുപോലെ തന്നെ നമ്മുടെ മാതൃഭാഷയും ഉപേക്ഷിക്കാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു കാര്യം ഞാന്‍ ഓര്‍ക്കുന്നു. അമേരിക്കയില്‍ പോകുമ്പോള്‍ എനിക്ക് വ്യത്യസ്ത കുടുംബങ്ങളെ കാണാന്‍ അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ ഒരു തെലുങ്ക് കുടുംബത്തിലേക്ക് പോയപ്പോള്‍ അവിടെ വളരെ സന്തോഷകരമായ ഒരു രംഗം കാണാന്‍ കഴിഞ്ഞു. എത്രയൊക്കെ ജോലിയുണ്ടെങ്കിലും  നഗരത്തിന് പുറത്തല്ലെങ്കില്‍, എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കും എന്നൊരു നിയമം കുടുംബത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല  തീന്‍മേശക്ക് സമീപം  തെലുങ്ക് ഭാഷയില്‍ മാത്രമേ സംസാരിക്കൂ. അവിടെ ജനിച്ച കുട്ടികള്‍ക്കും ഇതായിരുന്നു നിയമം. മാതൃഭാഷയോടുള്ള ഈ കുടുംബത്തിന്റെ  സ്നേഹം എന്നെ വല്ലാതെ ആകര്‍ഷിച്ചു.

    സുഹൃത്തുക്കളെ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും ചിലര്‍ അവരുടെ ഭാഷ, വസ്ത്രധാരണം, ഭക്ഷണപാനീയങ്ങള്‍ എന്നിവയെക്കുറിച്ച് സങ്കോചപ്പെടുന്ന ഒരു  മാനസിക സംഘര്‍ഷത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു അവസ്ഥയില്ല. നമ്മുടെ മാതൃഭാഷ അഭിമാനത്തോടെ സംസാരിക്കണം. നമ്മുടെ ഇന്ത്യ ഭാഷകളുടെ കാര്യത്തില്‍ വളരെ സമ്പന്നമാണ്. അതിനെ മറ്റൊന്നിനോടും താരതമ്യം ചെയ്യാന്‍ കഴിയില്ല. നമ്മുടെ ഭാഷകളുടെ ഏറ്റവും വലിയ ഭംഗി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കച്ച് മുതല്‍ കൊഹിമ വരെ, നൂറുകണക്കിന് ഭാഷകള്‍, ആയിരക്കണക്കിന് ഭാഷാഭേദങ്ങളുണ്ട്. അവയെല്ലാം  പരസ്പരം വ്യത്യസ്തമാണ്, എന്നാല്‍ പരസ്പരം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭാഷ പലത് - ഭാവം ഒന്ന്. നൂറ്റാണ്ടുകളായി, നമ്മുടെ ഭാഷകള്‍ സ്വയം പരിഷ്‌കരിക്കുകയും പരസ്പരം ഉള്‍ക്കൊണ്ടുകൊണ്ട് വികസിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ലോകത്തിലെ തന്നെ  ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ലോകത്തിന്റെ ഇത്രയും വലിയൊരു പൈതൃകം നമുക്കുണ്ട് എന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം. അതുപോലെ, പല പുരാതന ധര്‍മഗ്രന്ഥങ്ങളും അവയുടെ പ്രയോഗവും നമ്മുടെ സംസ്‌കൃത ഭാഷയിലാണ്. ഇന്ത്യയിലെ ജനങ്ങള്‍, ഏകദേശം, 121 തരം മാതൃഭാഷകളുമായി സഹവസിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇവയില്‍ 14 ഭാഷകള്‍ ഒരു കോടിയിലധികം ആളുകള്‍ ദൈനംദിന ജീവിതത്തില്‍ സംസാരിക്കുന്നവയാണ്. അതായത്, യൂറോപ്യന്‍ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെ രാജ്യത്ത് 14 വ്യത്യസ്ത ഭാഷകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2019 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷകളില്‍ ഹിന്ദി മൂന്നാം സ്ഥാനത്തായിരുന്നു. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കണം. ഭാഷ ഒരു ആവിഷ്‌കാര മാധ്യമം മാത്രമല്ല, സമൂഹത്തിന്റെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാന്‍ ഭാഷ സഹായിക്കുന്നു. ശ്രീ സുര്‍ജന്‍ പരോഹി തന്റെ ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനായി സുരിനാമില്‍ സമാനമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ മാസം രണ്ടിന് അദ്ദേഹത്തിന് 84 വയസ്സ് തികഞ്ഞു. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരക്കണക്കിന് തൊഴിലാളികള്‍ക്കൊപ്പം ഉപജീവനത്തിനായി സുരിനാമിലേക്ക് പോയവരാണ്. ശ്രീ സുര്‍ജന്‍ പരോഹി ഹിന്ദിയില്‍ വളരെ നല്ല കവിതകള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് അവിടെയുള്ള ദേശീയ കവികളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. അതായത് ഇന്നും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഹിന്ദുസ്ഥാന്‍ മിടിക്കുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ ഹിന്ദുസ്ഥാനി മണ്ണിന്റെ ഗന്ധമുണ്ട്. സുര്‍ജാന്‍ പരോഹിയുടെ പേരില്‍ സുരിനാമിലെ ജനങ്ങള്‍ ഒരു മ്യൂസിയവും നിര്‍മ്മിച്ചിട്ടുണ്ട്. 2015 ല്‍ അദ്ദേഹത്തെ ആദരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു എന്നത് വളരെ സന്തോഷകരമാണ്.

    സുഹൃത്തുക്കളേ, ഇന്ന്, അതായത് ഫെബ്രുവരി 27 മറാത്തി ഭാഷാ അഭിമാന ദിനം കൂടിയാണ്. എല്ലാ  മറാത്തി സഹോദരീ സഹോദരന്മാര്‍ക്കും  മറാത്തി ഭാഷാ ദിന  ആശംസകള്‍. ഈ ദിവസം മറാത്തി കവിരാജ് ശ്രീ വിഷ്ണു ബാമന്‍ ഷിര്‍വാദ്കര്‍, ശ്രീ കുസുമാഗ്രജ് എന്നിവര്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്ന് ശ്രീ കുസുമാഗ്രജിന്റെ ജന്മദിനം കൂടിയാണ്. ശ്രീ കുസുമാഗ്രജ് മറാത്തിയില്‍ കവിതകള്‍ എഴുതി, നിരവധി നാടകങ്ങള്‍ എഴുതി, മറാത്തി സാഹിത്യത്തിന് പുതിയ ഉയരങ്ങള്‍ നല്‍കി.

    സുഹൃത്തുക്കളെ, നമ്മുടെ നാട്ടില്‍ ഓരോ ഭാഷക്കും സ്വന്തം ഗുണങ്ങളുണ്ട്. മാതൃഭാഷയ്ക്ക് അതിന്റേതായ ശാസ്ത്രമുണ്ട്. ഈ ശാസ്ത്രം മനസ്സിലാക്കി ദേശീയ വിദ്യാഭ്യാസനയത്തില്‍ പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ പ്രൊഫഷണല്‍ കോഴ്സുകളും പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍, നാമെല്ലാവരും ചേര്‍ന്ന് ഈ ശ്രമത്തിന് വളരെയധികം ശക്തി നല്‍കണം. ഇത് ആത്മാഭിമാനത്തിന്റെ പ്രവര്‍ത്തനമാണ്. നിങ്ങള്‍ സംസാരിക്കുന്ന മാതൃഭാഷയുടെ ഗുണങ്ങളെക്കുറിച്ച് അറിയാനും എന്തെങ്കിലും എഴുതാനും നിങ്ങള്‍ക്ക് കഴിയണം.

    സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍, എന്റെ സുഹൃത്തും കെനിയയുടെ മുന്‍ പ്രധാനമന്ത്രിയുമായ റെയ്ല ഒഡിംഗയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച വളരെ രസകരവും വൈകാരികവുമായിരുന്നു. വളരെ നല്ല സുഹൃത്തുക്കളാണെങ്കില്‍ നാം തുറന്നു സംസാരിച്ചു കൊണ്ടിരിക്കും. ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശ്രീ ഒഡിംഗ തന്റെ മകളെക്കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ മകള്‍ റോസ്മേരിക്ക് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മകള്‍ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിന്റെ പാര്‍ശ്വഫലമായി റോസ്മേരിയുടെ കാഴ്ചശക്തി ഏതാണ്ട് നഷ്ടപ്പെട്ടു. അവള്‍ അന്ധയായി. ആ മകളുടെ മാനസികാവസ്ഥയും ആ പിതാവിന്റെ അവസ്ഥയും എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം. അവരുടെ വികാരങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍, മകളുടെ ചികിത്സയ്ക്കായി അദ്ദേഹം പരമാവധി പരിശ്രമിച്ചു. പക്ഷേ, വിജയിച്ചില്ല, ഒരുതരത്തില്‍ പറഞ്ഞാല്‍  എല്ലാ പ്രതീക്ഷകളും നശിച്ചു. വീട്ടിലുടനീളം നിരാശയുടെ അന്തരീക്ഷം. ഇതിനിടയില്‍ ആരോ ആയുര്‍വേദ ചികില്‍സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ ഒരുപാട് ചികിത്സകള്‍ ഇതിനകം ചെയ്ത് മടുത്തിരുന്നു. എന്നിട്ടും ഒരിക്കല്‍ കൂടി  ശ്രമിക്കാം എന്നു കരുതി. അങ്ങനെ അദ്ദേഹം ഇന്ത്യയിലെത്തി. കേരളത്തിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ മകളെ ചികിത്സിക്കാന്‍ തുടങ്ങി. മകള്‍ വളരെക്കാലം ഇവിടെ താമസിച്ചു. ആയുര്‍വേദ ചികിത്സയുടെ ഫലമായി റോസ്മേരിയുടെ കാഴ്ചശക്തി ഒരു പരിധിവരെ തിരിച്ചുവന്നു. ഒരു പുതിയ ജീവിതം കണ്ടെത്തി. റോസ്മേരിയുടെ ജീവിതത്തില്‍ വെളിച്ചം വന്നതിന്റെ സന്തോഷം നിങ്ങള്‍ക്ക് ഊഹിക്കാം. അവളുടെ  കുടുംബത്തിലാകെ  ഒരു പുതിയ വെളിച്ചം വന്നിരിക്കുന്നു. ശ്രീ ഒഡിംഗ വളരെ വികാരാധീനനായി എന്നോട് ഈ കാര്യം പറയുകയായിരുന്നു. ആയുര്‍വേദത്തെ സംബന്ധിച്ചുള്ള ഇന്ത്യയുടെ അറിവ് ശാസ്ത്രീയമാണ്. അത് കെനിയയിലേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതില്‍ ഉപയോഗിക്കുന്ന ചെടികളുടെ ഇനം മനസ്സിലാക്കി അവര്‍ ആ ചെടികള്‍ നട്ടുപിടിപ്പിക്കും. കൂടുതല്‍ ആളുകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാന്‍ അവര്‍ പരമാവധി ശ്രമിക്കും

    നമ്മുടെ നാടിന്റെ പാരമ്പര്യം കാരണം ഒരാളുടെ ജീവിതത്തില്‍ ഇത്രയും വലിയ കഷ്ടപ്പാട് ഇല്ലാതായത്തില്‍ ഞാന്‍ അതിരറ്റ് സന്തോഷിക്കുന്നു. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും സന്തോഷമാകും. ഇതില്‍ അഭിമാനിക്കാത്ത ഇന്ത്യക്കാരുണ്ടാവില്ല. ശ്രീ ഒഡിംഗ  മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ആയുര്‍വേദത്തില്‍ നിന്ന് സമാനമായ നേട്ടങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് നമുക്കറിയാം. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും ആയുര്‍വേദത്തിന്റെ ഏറ്റവും വലിയ ആരാധകരില്‍ ഒരാളാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴെല്ലാം അദ്ദേഹം ആയുര്‍വേദത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ട്. ഇന്ത്യയിലെ നിരവധി ആയുര്‍വേദ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിനുണ്ട്. 

    സുഹൃത്തുക്കളേ, കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് ആയുര്‍വേദത്തിന്റെ പ്രചാരണത്തിന് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആയുഷ് മന്ത്രാലയം രൂപീകരിച്ചതോടെ ആരോഗ്യ ചികിത്സാ മേഖലയിലെ നമ്മുടെ പരമ്പരാഗത ആരോഗ്യരീതികള്‍ ജനകീയമാക്കാനുള്ള തീരുമാനം ശക്തമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആയുര്‍വേദ മേഖലയില്‍ നിരവധി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വന്നിട്ടുണ്ട്. ഞാന്‍ അതില്‍ വളരെ സന്തോഷവാനാണ്. ഈ മാസം ആദ്യം ആയുഷ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് തുടങ്ങിയിരുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ  തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളോട് എന്റെ അഭ്യര്‍ത്ഥന അവര്‍ ഈ ചലഞ്ചില്‍ പങ്കെടുക്കണം എന്നതാണ്.

    സുഹൃത്തുക്കളേ, ആളുകള്‍ ഒരുമിച്ച് എന്തെങ്കിലും ചെയ്യാന്‍ ഉറച്ചു തീരുമാനിച്ചാല്‍, അവര്‍ക്ക്  അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.  അത്തരത്തിലുള്ള പല വലിയ മാറ്റങ്ങളും സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പൊതു പങ്കാളിത്തം, കൂട്ടായ പരിശ്രമം, എന്നിവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 'മിഷന്‍ ജല്‍ ഥല്‍' എന്ന പേരില്‍ ഒരു ബഹുജന പ്രസ്ഥാനം കശ്മീരിലെ ശ്രീനഗറില്‍ നടക്കുന്നുണ്ട്. ശ്രീനഗറിലെ തടാകങ്ങളും കുളങ്ങളും വൃത്തിയാക്കാനും അവയുടെ പഴയ ഭംഗി വീണ്ടെടുക്കാനുമായുള്ള ശ്രമമാണ് മിഷന്‍ ജല്‍ ഥല്‍. പൊതുജന പങ്കാളിത്തത്തോടൊപ്പം സാങ്കേതികവിദ്യയും ഇതിനായി പ്രയോജനപ്പെടുത്തുന്നു. എവിടെയൊക്കെയാണ് കയ്യേറ്റം നടന്നിരിക്കുന്നത്, അനധികൃത നിര്‍മാണം നടന്നിരിക്കുന്നത് എന്ന് പരിശോധിക്കുന്നതിനായി ഈ മേഖലയില്‍ കൃത്യമായി സര്‍വേ നടത്തി. അതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചപ്പുചവറുകള്‍  നീക്കം ചെയ്യുന്നതിനുമുളള കാമ്പയിനും ആരംഭിച്ചു. ദൗത്യത്തിന്റെ രണ്ടാമത്തെ ഘട്ടത്തില്‍   പഴയ ജലമാര്‍ഗ്ഗങ്ങളെയും തടാകങ്ങളെയും നിറയ്ക്കുന്ന 19 വെള്ളച്ചാട്ടങ്ങളും പുനഃസ്ഥാപിക്കുന്നതിനു ശ്രമങ്ങള്‍ നടത്തി. പുനഃസ്ഥാപിക്കല്‍ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അവബോധം പ്രചരിപ്പിക്കുന്നതിന് നാട്ടുകാരെയും യുവാക്കളെയും ജല അംബാസഡര്‍മാരാക്കി. ഇപ്പോള്‍ ഗില്‍സാര്‍ തടാക തീരത്തു താമസിക്കുന്ന ജനങ്ങള്‍ ദേശാടന പക്ഷികളുടെയും മത്സ്യങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഈ അത്ഭുതകരമായ പരിശ്രമത്തിന് ശ്രീനഗറിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

    സുഹൃത്തുക്കളേ, എട്ട് വര്‍ഷം മുമ്പ് രാജ്യം ആരംഭിച്ച 'സ്വച്ഛ് ഭാരത് അഭിയാന്‍' പദ്ധതികാലക്രമേണ വികാസിച്ചു. പുതുമകളും വന്നുചേര്‍ന്നു. ഇന്ത്യയില്‍ എവിടെ പോയാലും എല്ലായിടത്തും ശുചിത്വത്തിനായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് കാണാം. അസമിലെ കൊക്രജാറില്‍ നടക്കുന്ന അത്തരത്തിലുള്ള ഒരു ശ്രമത്തെക്കുറിച്ച് എനിക്കറിയാം. ഇവിടെ ഒരുകൂട്ടം പ്രഭാതസവാരിക്കാര്‍ 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ കൊക്രാജാര്‍' ദൗത്യത്തിന് കീഴില്‍ വളരെ പ്രശംസനീയമായ ഒരു സംരംഭം നടത്തുന്നുണ്ട്. പുതിയ മേല്‍പ്പാല പരിസരത്തെ മൂന്ന് കിലോമീറ്റര്‍ റോഡ് എല്ലാവരും വൃത്തിയാക്കി, വൃത്തിയുടെ പ്രചോദനാത്മക സന്ദേശം നല്‍കി. അതുപോലെ വിശാഖപട്ടണത്തും 'സ്വച്ഛ് ഭാരത് അഭിയാന്‍' പ്രകാരം പോളിത്തീന് പകരം തുണി സഞ്ചികള്‍ പ്രമോട്ട് ചെയ്യുന്നു. ഇവിടുത്തെ ജനങ്ങള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്  ഉല്‍പന്നങ്ങള്‍ക്കെതിരെയുള്ള കാമ്പയിനും ആരംഭിച്ചു. ഇതോടൊപ്പം വീടുകളിലെ മാലിന്യം വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണവും നടത്തുന്നു. മുംബൈയിലെ സോമയ്യ കോളേജിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ശുചിത്വ പ്രചാരണത്തില്‍ സൗന്ദര്യത്തിനു വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കല്യാണ്‍ റെയില്‍വേ സ്റ്റേഷന്റെ ചുവരുകള്‍ അവര്‍ സുന്ദരമായ പെയിന്റിംഗുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. രാജസ്ഥാനിലെ സവായ്മാധോപൂരിലെ പ്രചോദനകരമായ ഒരു ഉദാഹരണം എന്റെ  അറിവില്‍ വന്നിട്ടുണ്ട്. ഇവിടെ രണ്‍തംബോറിലെ യുവാക്കള്‍ 'മിഷന്‍ ബീറ്റ് പ്ലാസ്റ്റിക്' എന്ന പേരില്‍ ഒരു കാമ്പയിന്‍ ആരംഭിച്ചു. രണ്‍തംബോറിലെ വനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക്കും പോളിത്തീനും നീക്കം ചെയ്തു. എല്ലാവരുടെയും പരിശ്രമമനോഭാവം, രാജ്യത്തെ പൊതുപങ്കാളിത്തം ശക്തിപ്പെടുത്തുന്നു. പൊതുജന പങ്കാളിത്തം ഉണ്ടാകുമ്പോള്‍, ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. 

    എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏതാനും ദിവസങ്ങള്‍ക്കകം, മാര്‍ച്ച് 8 ന് ലോകമെമ്പാടും അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കും. സ്ത്രീകളുടെ ധൈര്യം, കഴിവ്, എന്നിവ തെളിയിക്കുന്ന ഉദാഹരണങ്ങള്‍  മന്‍ കി ബാത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ന് സ്‌കില്‍ ഇന്ത്യയായാലും, സ്വയംസഹായ സംഘമായാലും, ചെറുതും വലുതുമായ വ്യവസായമായാലും എല്ലായിടത്തും സ്ത്രീകള്‍ മുന്നിലാണ്. ഇന്ന് ഏതു മേഖലയില്‍ നോക്കിയാലും സ്ത്രീകള്‍ പഴയ കെട്ടുകഥകള്‍ തകര്‍ത്തുകൊണ്ടു മുന്നേറുകയാണ്. പാര്‍ലമെന്റ് മുതല്‍ പഞ്ചായത്ത് വരെ നമ്മുടെ രാജ്യത്തെ വിവിധ പ്രവര്‍ത്തന മേഖലകളില്‍ സ്ത്രീകള്‍ പുതിയ ഉയരങ്ങളില്‍ എത്തുകയാണ്. പെണ്‍മക്കള്‍ ഇപ്പോള്‍ പട്ടാളത്തിലും ചെറുതും വലുതുമായ പദവികളില്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നു. രാജ്യത്തെ സംരക്ഷിക്കുന്നു. കഴിഞ്ഞ മാസം റിപ്പബ്ലിക് ദിനത്തില്‍ പെണ്‍മക്കള്‍ ആധുനിക യുദ്ധവിമാനങ്ങള്‍ പറത്തുന്നതു നമ്മള്‍ കണ്ടതാണ്. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിരോധനം നീക്കിയതിലൂടെ രാജ്യത്തുടനീളം സൈനിക് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ അഡ്മിഷന്‍ എടുക്കുന്നതു തുടരുകയാണ്. അതുപോലെ, നിങ്ങള്‍ സ്റ്റാര്‍ട്ടപ് ലോകം നോക്കൂ, കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് ആരംഭിച്ചു. പകുതിയോളം സ്റ്റാര്‍ട്ടപ്പുകളില്‍ സ്ത്രീകളാണ് ഡയറക്ടര്‍മാരായിരിക്കുന്നത്. അടുത്തകാലത്ത് സ്ത്രീകള്‍ക്ക് പ്രസവാവധി കൂട്ടാന്‍ തീരുമാനമെടുത്തു. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശം നല്‍കി വിവാഹപ്രായം തുല്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്തു നടന്നു വരുന്നത്. ഇതുമൂലം എല്ലാ മേഖലയിലും സ്ത്രീ പങ്കാളിത്തം വര്‍ധിച്ചുവരികയാണ്. നിങ്ങള്‍ നാട്ടില്‍ മറ്റൊരു വലിയ മാറ്റവും കാണുന്നുണ്ടാകും,  'ബേഠി ബട്ടാവോ ബേഠി പഠാവോ' എന്ന സാമൂഹിക പ്രചാരണത്തിന്റെ വിജയം. ഇന്ന് രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം മെച്ചപ്പെട്ടു. സ്‌കൂളില്‍ പോയി പഠിക്കുന്ന പെണ്‍മക്കളുടെ എണ്ണവും മെച്ചപ്പെട്ടിട്ടുണ്ട്. നമ്മുടെ പെണ്‍മക്കള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കാതിരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുപോലെ സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം രാജ്യത്ത് സ്ത്രീകള്‍ക്ക് തുറന്ന സ്ഥലത്തുള്ള മലമൂത്രവിസര്‍ജനം ഒഴിവായി. മുത്തലാഖ് പോലുള്ള സാമൂഹിക തിന്മയുടെ അന്ത്യം ഏതാണ്ട് ഉറപ്പായി. മുത്തലാഖിനെതിരായ നിയമം രാജ്യത്ത് നിലവില്‍ വന്നത് മുതല്‍ മുത്തലാഖ് കേസുകളില്‍ 80 ശതമാനം കുറവുണ്ടായി. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നു? നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നതിനും പുരോഗമനം ഉണ്ടാകുന്നതിനും കാരണം സ്ത്രീകള്‍ തന്നെയാണ് ഇത്തരം ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നതാണ്. 

    എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നാളെ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിവസമാണ്. രാമന്‍ പ്രഭാവത്തിന്റെ, കണ്ടുപിടിത്തത്തിന്റെ പേരില്‍ ഈ ദിവസം അറിയപ്പെടുന്നു. സി വി രാമനോടൊപ്പം നമ്മുടെ ശാസ്ത്രീയ യാത്രയെ സമ്പന്നമാക്കുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുള്ള എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. 

    സുഹൃത്തുക്കളേ, നമ്മുടെ ജീവിതത്തിന്റെ അനായാസതയിലും ലാളിത്യത്തിലും സാങ്കേതികവിദ്യ വളരെയധികം ഇടം നേടിയിട്ടുണ്ട്. ഏത് സാങ്കേതികവിദ്യയാണ് നല്ലത്, ഏത് സാങ്കേതികവിദ്യയാണ് മികച്ചത് ഈ വിഷയങ്ങളെല്ലാം നമുക്ക് നന്നായി അറിയാം. പക്ഷേ, നിങ്ങളുടെ കുടുംബത്തിലെ കുട്ടികളെ ആ സാങ്കേതികവിദ്യ പഠിപ്പിക്കണം എന്നതും സത്യമാണ്. അതിന്റെ അടിസ്ഥാനം എന്താണ്, അതിനു പിന്നിലെ ശാസ്ത്രം എന്താണ്, ഈ ഭാഗത്ത് നമുക്ക് ശ്രദ്ധ പോകുന്നില്ല. ഈ ശാസ്ത്രദിനത്തില്‍ എല്ലാ കുടുംബങ്ങളോടും ഞാന്‍ പറയാനാഗ്രഹിക്കുന്നത് നിങ്ങളുടെ കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുക. ചെറിയ ശ്രമങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ആരംഭിക്കാം. ഇപ്പോള്‍ വ്യക്തമായി കാണുന്നില്ല, കണ്ണട വെച്ചതിന് ശേഷം അത് വ്യക്തമായി കാണാം. അതുകൊണ്ട് തന്നെ ഇതിന്റെ പിന്നിലെ ശാസ്ത്രം കുട്ടികള്‍ക്ക് എളുപ്പം പറഞ്ഞു കൊടുക്കാം. അതു മാത്രമല്ല, ചെറിയ കുറിപ്പുകള്‍ എഴുതി അവന് നല്‍കാം. മൊബൈല്‍ ഫോണ്‍ ഉപയോഗങ്ങള്‍, കാല്‍ക്കുലേറ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, റിമോട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു, സെന്‍സറുകള്‍ എന്തൊക്കെയാണ് എന്ന്. ഈ ശാസ്ത്രീയ കാര്യങ്ങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്യാറുണ്ടോ? വീടിന്റെ ദൈനംദിന ജീവിതത്തില്‍ ശാസ്ത്രത്തിനുള്ള പങ്ക് എന്താണെന്ന് ചെറിയ ചെറിയ കാര്യങ്ങളിലൂടെ മനസ്സിലാക്കി കൊടുക്കാന്‍ നമുക്ക് കഴിയും. അതുപോലെ എപ്പോഴെങ്കിലും നമ്മള്‍ കുട്ടികളോടൊത്ത് ആകാശത്ത് നോക്കിയിട്ടുണ്ടോ? രാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് സംസാരിക്കണം. വിവിധ നക്ഷത്രസമൂഹങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അവയെ കുറിച്ച് പറയൂ.  ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ ഭൗതികശാസ്ത്രവും പരിശീലിപ്പിക്കും. ജ്യോതിശാസ്ത്രത്തില്‍ ഒരു പുതിയ പ്രവണത സൃഷ്ടിക്കാന്‍ കഴിയും. ഇപ്പോഴാകട്ടെ നിങ്ങള്‍ക്ക് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടെത്താന്‍ കഴിയുന്ന നിരവധി ആപ്പുകളും ഉണ്ട്. ആകാശത്ത് ദൃശ്യമാകുന്ന നക്ഷത്രത്തെ തിരിച്ചറിയാന്‍ കഴിയും. അതിലൂടെ നിങ്ങള്‍ക്കും അതിനെക്കുറിച്ച് അറിയാന്‍ കഴിയും. ഞാന്‍  സ്റ്റാര്‍ട്ടപ്പുകാരോട് പറയുന്നത് എന്തെന്നാല്‍, നിങ്ങളുടെ കഴിവുകളും ശാസ്ത്രീയ സ്വഭാവവും രാഷ്ട്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിനിയോഗിക്കുക. ഇത് നമ്മുടെ നാടാണ്. ഈ നാടിനോട് നമുക്ക് കൂട്ടായ ശാസ്ത്രീയ ഉത്തരവാദിത്തവുമുണ്ട്. വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്ത് നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ജോലിയാണ് ചെയ്യുന്നത് എന്ന് ഞാന്‍ ഈ ദിവസങ്ങളില്‍ കാണുന്നു. കുട്ടികളെ മനസ്സില്‍ വച്ചുകൊണ്ട് വെര്‍ച്വല്‍ ക്ലാസുകളുടെ ഈ കാലഘട്ടത്തില്‍, അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ ലാബ് ഉണ്ടാക്കാന്‍ സാധിക്കും. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ കുട്ടികള്‍ക്ക്  വീട്ടില്‍ ഇരുന്നു കെമിസ്ട്രി ലാബ് അനുഭവവേദ്യമാക്കാന്‍ സാധിക്കും. അധ്യാപകരോടും മാതാപിതാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്തെന്നാല്‍ നിങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും  ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുകയും അവരുമായി ചേര്‍ന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന് ശ്രമിക്കുകയും വേണം. ഇന്ന്, കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരെ ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ  കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ നിര്‍മ്മിക്കാന്‍ സാധിച്ചത്. അതിലൂടെ ലോകത്തിനു മുഴുവന്‍ വലിയ സഹായമാണ് നല്‍കിയത്. മാനവികതയ്ക്ക് ശാസ്ത്രം നല്കിയ സമ്മാനമാണിത്. 

    എന്റെ  പ്രിയപ്പെട്ട ദേശവാസികളെ, ഇത്തവണയും നമ്മള്‍  പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. വരുന്ന മാര്‍ച്ചില്‍ നിരവധി ഉത്സവങ്ങള്‍ വരുന്നുണ്ട്. അതിലൊന്ന് ശിവരാത്രിയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളെല്ലാം ഹോളിക്ക് തയ്യാറെടുക്കുന്ന തിരക്കിലാകും. ഹോളി നമ്മെ ഒന്നിപ്പിക്കുന്ന ഒരു ഉത്സവമാണ്. ഇതില്‍ ചെറുതും വലുതുമായ എല്ലാ വ്യത്യാസങ്ങളും വിദ്വേഷവും അലിഞ്ഞില്ലതാകും. അതുകൊണ്ടുതന്നെ ഹോളിയില്‍ നിറത്തെക്കാളും പ്രാധാന്യം സ്നേഹത്തിനും സാഹോദര്യത്തിനുമാണ്. ബന്ധങ്ങളുടെ മാധുര്യം ഒന്ന് വേറെ തന്നെ. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തില്‍പ്പെട്ടവരുമായി മാത്രമല്ല, ഇന്ത്യയാകുന്ന വലിയ കുടുംബത്തിലെ ഓരോ അംഗങ്ങളുമായുള്ള ബന്ധം ദൃഢമാക്കണം. ഇത് ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം എന്തെന്നാല്‍, 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നതിനൊപ്പം ഉത്സവം ആഘോഷിക്കൂ. നിങ്ങളുടെ ഉത്സവങ്ങളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുക. അതിലൂടെ നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തില്‍ നിറം പകരാന്‍ നിങ്ങള്‍ക്ക് സാധിക്കും. നമ്മുടെ രാജ്യം കൊറോണയ്ക്കെതിരെ പോരാടി വിജയത്തോടെ മുന്നേറുന്നു.  ഉത്സവങ്ങളിലെ ആവേശവും പലമടങ്ങ് വര്‍ദ്ധിച്ചു. നിറഞ്ഞ ആവേശത്തോടെ നിങ്ങളുടെ ഉത്സവങ്ങള്‍ ആഘോഷിക്കുക. അതേസമയം, ശ്രദ്ധിക്കുക, സൂക്ഷിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉത്സവാശംസകള്‍ നേരുന്നു. നിങ്ങളുടെ വാക്കുകള്‍, കത്തുകള്‍, സന്ദേശങ്ങള്‍ എന്നിവയ്ക്കായി ഞാന്‍ എപ്പോഴും കാത്തിരിക്കുന്നു. 

    വളരെ നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Waqf Law Has No Place In The Constitution, Says PM Modi

Media Coverage

Waqf Law Has No Place In The Constitution, Says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.