The kind of restraint being practiced across country during this time is unprecedented, Ganeshotsav too is also being celebrated online: PM
Now is the time for everyone to be vocal for local toys: PM Modi
"Team up for toys", says PM Modi
Today, when the country is aspiring to be self-reliant, then, we have to move forward with full confidence in every field: Prime Minister during Mann Ki Baat
People's participation is very important in the movement of nutrition: Prime Minister Modi
During Mann Ki Baat, PM Modi speaks about Army dogs Sophie and Vida, who were awarded "Commendation Cards" on Independence Day
In the challenging times of Corona, teachers have quickly adapted technology and are guiding their students: PM Modi

പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. പൊതുവെ ഉത്സവങ്ങളുടെ സമയമാണ്. പല സ്ഥലങ്ങളിലും മേളകളും മതപരമായ പൂജകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ നടക്കുന്നു. കോറോണയുടെ ഈ ആപത്തുകാലത്തും ആളുകള്‍ക്ക് ഉത്സാഹമുണ്ട്, ആവേശമുണ്ട്. എങ്കിലും മനസ്സില്‍ സ്പര്‍ശിക്കുന്ന അച്ചടക്കവും പാലിക്കപ്പെടുന്നുണ്ട്. വലിയൊരു അളവില്‍ പൗരന്മാര്‍ക്കിടയില്‍ ഉത്തരവാദിത്വബോധവുമുണ്ട്. ആളുകള്‍ സ്വയം മുന്‍കരുതലെടുത്തുകൊണ്ടും മറ്റുള്ളവരെക്കുറിച്ച് ശ്രദ്ധ വച്ചുകൊണ്ടും തങ്ങളുടെ ദൈനദിനകാര്യങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. രാജ്യത്തു നടക്കുന്ന എല്ലാ പരിപാടികളിലും ഇപ്രാവശ്യം മുമ്പെങ്ങുമില്ലാത്തവിധം സംയമനവും ലാളിത്യവും കാണാനാകുന്നുണ്ട്. ഗണേശോത്സവവും ചിലയിടങ്ങളില്‍ ഓണ്‍ലൈനായിട്ടാണ് ആഘോഷിക്കുന്നത്, പലയിടങ്ങളിലും പരിസ്ഥിതി സൗഹൃദ ഗണേശ്ജി പ്രതിമയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സുഹൃത്തുക്കളേ, വളരെ സൂക്ഷ്മമായി നോക്കിയാല്‍ നമ്മുടെ ആഘോഷങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നമ്മുടെ കണ്ണില്‍ പെടും. ഇവ തമ്മില്‍ എന്നും ബന്ധം ഉണ്ടായിരുന്നു. ഒരു വശത്ത് നമ്മുടെ ഉത്സവങ്ങളില്‍ പരിസ്ഥിതിക്കും പ്രകൃതിക്കുമൊപ്പം പൊരുത്തപ്പെട്ടു ജീവിക്കുന്നതിന്റെ സന്ദേശം ഒളിഞ്ഞിരിക്കുന്നുവെങ്കില്‍ മറുവശത്ത് പല ഉത്സവങ്ങളും പ്രകൃതിയുടെ രക്ഷയ്ക്കുവേണ്ടിയാണ് ആഘോഷിക്കപ്പെടുന്നത്. ഉദാഹരണത്തിന് ബിഹാറിലെ പശ്ചിമ ചമ്പാരനില്‍ നൂറ്റാണ്ടുകളായി ഥാരു ആദിവാസി സമൂഹത്തിലെ ആളുകള്‍ 60 മണിക്കൂര്‍ ലോക്ഡൗണ്‍, അഥവാ അവരുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ 60 മണിക്കൂര്‍ ബര്‍ന ആചരിക്കുന്നു. പ്രകൃതിയുടെ രക്ഷയ്ക്ക് ബര്‍നയെ ആ സമൂഹം തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇത് നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്നു. ഈ സമയത്ത് ആരും ഗ്രാമത്തിലേക്കു വരുകയുമില്ല, ആരും തന്നെ തങ്ങളുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുകയുമില്ല. ആളുകള്‍ വിചാരിക്കുന്നത് തങ്ങള്‍ പുറത്തിറങ്ങുകയോ ആരെങ്കിലും പുറത്തുനിന്നു വരുകയോ ചെയ്താല്‍ ആ വരവുപോക്കുകൊണ്ട്, ആളുകളുടെ ദൈനംദിന ഇടപെടലുകള്‍കൊണ്ട്, പുതിയ തരുലതാദികള്‍ക്ക് ഹാനിയുണ്ടാകുന്നുവെന്നാണ്. ബര്‍നയുടെ തുടക്കത്തില്‍ ഭവ്യമായ രീതിയില്‍ നമ്മുടെ ആദിവാസി സഹോദരീ സഹോദരന്മാര്‍ പൂജാദി അനുഷ്ഠാനങ്ങള്‍ നടത്തുന്നു, അതവസാനിക്കുമ്പോള്‍ ആദിവാസി പാരമ്പര്യത്തിലുള്ള ഗാനങ്ങളും, സംഗീതനൃത്യാദികളും ചേര്‍ന്ന ഗംഭീര പരിപാടികളും നടത്തുന്നു.
സുഹൃത്തുക്കളേ, ഇപ്പോള്‍ ഓണാഘോഷവും ഗംഭീരമായി നടത്തപ്പെടുകയാണ്. ഈ ഉത്സവം ചിങ്ങമാസത്തിലാണ് വരുന്നത്. ഈ സമയത്ത് ആളുകള്‍ പുതിയതായി എന്തെങ്കിലും വാങ്ങുന്നു, വീട് അണിയിച്ചൊരുക്കുന്നു, പൂക്കളമുണ്ടാക്കുന്നു, ഓണസദ്യ ആസ്വദിക്കുന്നു, പലതരത്തിലുള്ള കളികളും മത്സരങ്ങളും നടത്തുന്നു. ഓണാഘോഷം ഇപ്പോള്‍ ദൂരെ വിദേശങ്ങളില്‍ പോലും എത്തിയിരിക്കുന്നു. അമേരിക്കയിലാണെങ്കിലും യൂറോപ്പിലാണെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലാണെങ്കിലും ഓണാഘോഷത്തിന്റെ തിളക്കം എല്ലായിടത്തും കാണാനാകും. ഓണം ഒരു അന്തര്‍ദ്ദേശീയ ആഘോഷമായി മാറുകയാണ്.
സുഹൃത്തുക്കളേ, ഓണം നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പുതിയ തുടക്കത്തിന്റെ സമയമാണ്. കര്‍ഷകരുടെ ബലത്തിലാണ് നമ്മുടെ ജീവിതവും സമൂഹവും മുന്നോട്ടു പോകുന്നത്. നമ്മുടെ ഉത്സവങ്ങള്‍ കര്‍ഷകരുടെ പരിശ്രമംകൊണ്ടാണ് നിറവൈവിധ്യങ്ങളുടേതാകുന്നത്. നമ്മുടെ അന്നദാതാക്കളെ, കര്‍ഷകരുടെ ജീവന്‍ദായിനിയായ ശക്തിയെ വേദങ്ങളില്‍ പോലും വളരെ അഭിമാനത്തോടെ നമിക്കപ്പെട്ടിരിക്കുന്നു.
ഋഗ്വേതത്തിലെ ഒരു മന്ത്രമാണ് –
അന്നാനാം പതയേ നമഃ, ക്ഷേത്രാണാം പതയേ നമഃ
അതായത് അന്നദാതാവിനെ നമിക്കുന്നു, കര്‍ഷകരെ നമിക്കുന്നു. നമ്മുടെ കര്‍ഷകര്‍ കൊറോണയുടെ ഈ കഷ്ടപ്പാടുനിറഞ്ഞ ചുറ്റുപാടിലും തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഇപ്രാവശ്യം ഖരീഫ് വിളവിറക്കല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനം കൂടുതല്‍ നടന്നിട്ടുണ്ട്. നെല്ലിന്റെ ഞാറുനടീല്‍ ഏകദേശം 10 ശതമാനം പരിപ്പുകള്‍ ഏകദേശം 5 ശതമാനം പയറുവര്‍ഗ്ഗങ്ങള്‍ ഏകദേശം 3 ശതമാനം എണ്ണക്കുരുക്കള്‍ ഏകദേശം 13 ശതമാനം പരുത്തി ഏകദേശം 3 ശതമാനം അധികം വിളവിറക്കിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യത്തില്‍ രാജ്യത്തെ കര്‍ഷകരെ അഭിനന്ദിക്കുന്നു, അവരുടെ പരിശ്രമത്തെ നമിക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, കൊറോണയുടെ ഈ കാലഘട്ടത്തില്‍ രാജ്യം പല മുന്നണികളിലാണ് ഒരേസമയം പോരാടുന്നത്. എന്നാല്‍ ഇതോടൊപ്പം പലപ്പോഴും മനസ്സില്‍ ഒരു ചോദ്യമുയരുന്നു – ഇത്രയും നീണ്ട കാലം വീടുകളില്‍ കഴിയുന്നതു കാരണം, കുഞ്ഞു സുഹൃത്തുകളുടെ സമയം എങ്ങനെ കഴിഞ്ഞുപോകുന്നുണ്ടാകും? അതുകൊണ്ടാണ് ഞാന്‍ ലോകത്തിലെ ഒരു വേറിട്ട പരീക്ഷണമായ ഗാന്ധിനഗറിലെ കുട്ടികളുടെ സര്‍വ്വകലാശാല, ഭാരത സര്‍ക്കാരിന്റെ മഹിളാ-ബാലവികാസ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സൂക്ഷ്മ-ലഘു-മധ്യമ വ്യവസായ മന്ത്രാലയം തുടങ്ങിയവയുമായെല്ലാം ചേര്‍ന്ന് ഈ കുട്ടികള്‍ക്കുവേണ്ടി  എന്തെല്ലാം ചെയ്യാനാകും എന്ന് വിചിന്തനവും ചര്‍ച്ചകളും നടത്തി. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ സുഖമുള്ളതും പ്രയോജനമുള്ളതുമായിരുന്നു. കാരണം ഇങ്ങനെ ഇത് എനിക്കും ചിലതു പുതിയതായി അറിയാനും, പുതിയതു പഠിക്കാനുമുള്ള അവസരമായി മാറി.
സുഹൃത്തുക്കളേ, ഞങ്ങളുടെ ചര്‍ച്ചയുടെ  വിഷയമായിരുന്നു – കളിപ്പാട്ടം, വിശേഷിച്ചും ഭാരതീയ കളിപ്പാട്ടം. ഭാരതത്തിലെ കുട്ടികള്‍ക്ക് പുതിയ പുതിയ കളിപ്പാട്ടങ്ങള്‍ എങ്ങനെ കിട്ടാം, ഭാരതം കളിപ്പാട്ട ഉത്പാദനത്തിന്റെ വലിയ കേന്ദ്രമായി  എങ്ങനെ മാറാം. മന്‍ കീ ബാത് കേട്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ അഭ്യര്‍ഥിക്കുന്നു. കാരണം ഈ മന്‍ കീ ബാത് കേട്ടശേഷം കളിപ്പാട്ടത്തിനായുള്ള പുതിയ പുതിയ ആവശ്യങ്ങള്‍ കേള്‍ക്കുകയെന്ന ഒരു പുതിയ ജോലി അവരുടെ മുന്നില്‍ വന്നുപെട്ടേക്കാം.
സുഹൃത്തുക്കളേ, കളിപ്പാട്ടങ്ങള്‍ ഒരു വശത്ത് സക്രിയത വര്‍ധിപ്പിക്കുന്നതാണെന്നതിനൊപ്പം അവ നമ്മുടെ ആകാംക്ഷകളെയും ആകാശത്തിലേക്കുയര്‍ത്തുന്നതാണ്. കളിപ്പാട്ടം മനസ്സിനെ ആമോദിപ്പിക്കുന്നതിനൊപ്പം ഭാവനകള്‍ക്കു രൂപം കൊടൂക്കുകയും ലക്ഷ്യങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യും. അപൂര്‍ണ്ണമായ കളിപ്പാട്ടങ്ങളാണ് നല്ല കളിപ്പാട്ടങ്ങളെന്ന് കളിപ്പാട്ടങ്ങളെക്കുറിച്ച് ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. കളിപ്പാട്ടം അപൂര്‍ണ്ണമായിരിക്കണം, കുട്ടികള്‍ കളിക്കിടയില്‍ ഒരുമിച്ച് അതിന് പൂര്‍ണ്ണതയേകണം അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ സ്വന്തം ഭാവനയിലൂടെ വീട്ടില്‍ കിട്ടുന്ന സാധനങ്ങള്‍കൊണ്ടുതന്നെ, കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തമായി കളിപ്പാട്ടങ്ങളും കളികളും ഉണ്ടാക്കാറുണ്ടായിരുന്നു എന്ന് ഗുരുദേവ് ടാഗോര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിക്കാലത്തെ ആ ആമോദത്തിന്റെ നിമിഷങ്ങള്‍ക്കിടയിലേക്ക് ഒരുനാള്‍ വലിയവരുടെ ഇടപെടലുണ്ടായി. നടന്നതിതായിരുന്നു, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വലിയ സുന്ദരമായ ഒരു വിദേശ കളിപ്പാട്ടം കൊണ്ടുവന്നു. ആ കളിപ്പാട്ടവുമായി അഭിമാനിച്ചു നടന്നപ്പോള്‍ എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധ കളിയേക്കാളധികം കളിപ്പാട്ടത്തിലേക്കായി. എല്ലാവരുടം ആകര്‍ഷണകേന്ദ്രം കളിവിട്ട് കളിപ്പാട്ടമായി. ഇന്നലെ വരെ എല്ലാവരുടെയും കൂടെ കളിച്ചിരുന്ന, എല്ലാവര്‍ക്കുമൊപ്പം കൂടിയിരുന്ന, എല്ലാവരുമായി ഇടപഴകിയിരുന്ന, കളിയില്‍ മുഴുകുമായിരുന്ന കുട്ടി ഇപ്പോള്‍ എല്ലാത്തില്‍ നിന്നും അകന്നു കഴിയാന്‍ തുടങ്ങി. ഒരു തരത്തില്‍ മറ്റു കുട്ടികളില്‍ നിന്ന് ഒരു ഭേദഭാവം അവന്റെ മനസ്സില്‍ ഇടം പിടിച്ചു. വിലകൂടിയ കളിപ്പാട്ടത്തില്‍ കൂടുതലായി എന്തെങ്കിലും ചേര്‍ക്കാനുണ്ടായിരുന്നില്ല, പഠിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. അതായത് ഒരു ആകര്‍ഷണീയമായ കളിപ്പാട്ടം ഒരു ഉത്കൃഷ്ടനായ കുട്ടിയെ പിടിച്ചമര്‍ത്തി. ഒളിപ്പിച്ചു, മുരടിപ്പിച്ചു കളഞ്ഞു. ഈ കളിപ്പാട്ടം ധനത്തിന്റെ സമ്പത്തിന്റെ അല്പം കേമത്തത്തിന്റെ പ്രദര്‍ശനം നടത്തി. പക്ഷേ, ആ കുട്ടിയുടെ സൃഷ്ടിപരമായ മനസ്സിനെ വളരുന്നതില്‍ നിന്നും രൂപപ്പെടുന്നതില്‍ നിന്നും തടഞ്ഞു. കളിപ്പാട്ടം കിട്ടി, പക്ഷേ, കളി തീര്‍ന്നു. കുട്ടിയുടെ വിടര്‍ന്നുവികസിക്കല്‍ ഇല്ലാതെയായി. അതുകൊണ്ട് ഗുരുദേവന്‍ പറയാറുണ്ടായിരുന്നു കളിപ്പാട്ടം കുട്ടിയുടെ കുട്ടിത്തത്തെ പുറത്തുകൊണ്ടുവരുന്നതായിരിക്കണം, അവന്റെ സൃഷ്ടിപരതയെ പുറത്തുകൊണ്ടുവരുന്നതായിരിക്കണം. കുട്ടികളുടെ ജീവിതത്തിന്റെ വെവ്വേറെ തലങ്ങളില്‍ കളിപ്പാട്ടത്തിന്റെ സ്വാധീനത്തിന്മേല്‍ ദേശീയ വിദ്യാഭ്യാസ നയത്തിലും വളരെ ശ്രദ്ധ ചെലുത്തിയിട്ടുണ്. കളികളിലൂടെ പഠിക്കുക, കളിപ്പാട്ടമുണ്ടാക്കുവാന്‍ പഠിക്കുക, കളിപ്പാട്ടം ഉണ്ടാക്കുന്നിടം സന്ദര്‍ശിക്കുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കയാണ്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് പ്രദേശിക കളിപ്പാട്ടങ്ങളുടെ ഒരു സമൃദ്ധമായ പാരമ്പര്യമുണ്ട്. നല്ല കളിപ്പാട്ടങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ധരായ അനേകം പ്രതിഭാശാലികളും നൈപുണമുള്ളവരുമായ കൈത്തൊഴിലാളികളുമൂണ്ട്. ഭാരതത്തിന്റെ ചില ഭാഗങ്ങള്‍ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് കര്‍ണ്ണാടകത്തിലെ രാമനഗരത്തിലുള്ള ചന്നപ്പട്ടണ, ആന്ധ്രപ്രദേശിലെ കൃഷ്ണയിലുള്ള കൊണ്ടപ്പള്ളി, തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, അസമിലെ ധുബരി, ഉത്തര്‍പ്രദേശിലെ വാരാണസി.. പോലുള്ള അനേകം ഇടങ്ങളുണ്ട്, പല പേരുകള്‍ എടുത്തു പറയാനാകും. ആഗോള കളിപ്പാട്ട വ്യവസായം 7ലക്ഷം കോടിരൂപയിലധികമാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. 7 ലക്ഷം കോടി രൂപയുടെ ഇത്രയും വലിയ ബിസിനസ്.. എന്നാല്‍ ഭാരതത്തിന്റെ പങ്ക് അതില്‍ കുറവാണ്. ഇത്രയും വലിയ പൈതൃകമുള്ള,  വൈവിധ്യമുള്ള, യുവ ജനസംഖ്യയുള്ള രാഷ്ട്രത്തിന് കളിപ്പാട്ട വിപണിയില്‍ ഇത്രയും ചെറിയ പങ്കാണുള്ളത് എന്നറിയുന്നത് നമുക്ക് കൊള്ളാമെന്നു തോന്നുമോ? ഇല്ല, ഇതുകേട്ടിട്ട് നിങ്ങളും ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. നോക്കു സുഹൃത്തുക്കളേ, കളിപ്പാട്ട വിപണി വളരെ വിശാലമാണ്. വീട്ടിലെ വ്യവസായമാണെങ്കിലും ചെറുതും ലഘുവുമായ വ്യവസായമാണെങ്കിലും എം.എസ്.എം.ഇ കള്‍ ആണെങ്കിലും ഇതോടൊപ്പം വലിയ വ്യവസായവും സ്വകാര്യ സംരംഭകരും എല്ലാം ഇതിന്റെ പരിധിയില്‍ വരുന്നു. ഇത് മുന്നോട്ടു കൊണ്ടുപോകുന്നതിന് രാജ്യം ഒരുമിച്ച് അധ്വാനിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീമാന്‍ സി.വി.രാജുവിന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ ഗ്രാമത്തിലെ എതി-കോപ്പക്ക കളിപ്പാട്ടങ്ങള്‍ ഒരു കാലത്ത് വളരെ പ്രചാരമുള്ളതായിരുന്നു. ഇവ തടികൊണ്ടുണ്ടാക്കുന്നതാണെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കൂടാതെ ഈ കളിപ്പാട്ടങ്ങള്‍ക്ക് കോണുകള്‍, കൂര്‍ത്ത ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും വൈശിഷ്ട്യമായിരുന്നു. ഈ കളിപ്പാട്ടങ്ങള്‍ എല്ലായിടത്തും ഉരുണ്ടിരുന്നു, അതുകൊണ്ട് കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മുറിവേല്ക്കാനുള്ള സാധ്യതയില്ലായിരുന്നു. സി.വി.രാജു എതി-കോപ്പക്ക കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ഗ്രാമത്തിലെ കരകൗശല തൊഴിലാളികളുമായി ചേര്‍ന്ന് ഒരു തരത്തില്‍ ഒരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കയാണ്. മികച്ച ഗുണനിലവാരുമുള്ള എതി-കോപ്പക്ക കളിപ്പാട്ടങ്ങളുണ്ടാക്കി സി.വി.രാജു പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ അന്തസ്സ് വീണ്ടെടുത്തിരിക്കയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം നമുക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാം. നമ്മുടെ അഭിമാനകരമായ ഭൂതകാലത്തെ നമ്മുടെ ജീവിതത്തില്‍ വീണ്ടും കൊണ്ടുവരാം, നമ്മുടെ സുവര്‍ണ്ണഭാവിയെ അണിയിച്ചൊരുക്കാം. ഞാന്‍ നമ്മുടെ സ്റ്റാര്‍ട്ടപ് മിത്രങ്ങളോട്, നമ്മുടെ പുതിയ വ്യവസായസംരംഭകരോട് പറയുന്നു, ഒത്തുപിടിച്ചു മുന്നേറൂ- വരൂ, ഒത്തുചേര്‍ന്ന് കളിപ്പാട്ടങ്ങളുണ്ടാക്കാം. എല്ലാവരും പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്കുവേണ്ടി ശബ്ദിക്കേണ്ട സമയമാണ്. വരൂ. നമുക്ക് നമ്മുടെ യുവാക്കള്‍ക്കുവേണ്ടി പുതിയ രീതിയില്‍ നല്ല ഗുണനിലവാരമുള്ള കളിപ്പാട്ടമുണ്ടാക്കാം. കളിപ്പാട്ടം കണ്ടാല്‍ കുട്ടിത്വം വിടരുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായിരിക്കണം കളിപ്പാട്ടം. പരിസ്ഥിതിക്കും അനുകൂലമായ കളിപ്പാട്ടം നമുക്കുണ്ടാക്കാം.
സുഹൃത്തുക്കളേ ഇതുപോലെ, ഇപ്പോള്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്‌ഫോണിന്റെയും ഈ കാലത്ത്, കമ്പ്യൂട്ടര്‍ ഗെയിംസിന്റെ വലിയ മേളമാണ്. ഈ കളികള്‍ കുട്ടികളും കളിക്കും, മുതിര്‍ന്നവരും കളിക്കും. എന്നാല്‍ ഇവയിലുള്ള കളികളിലധികത്തിന്റെയും വിഷയവസ്തു പുറത്തുനിന്നുള്ളതാണ്. നമ്മുടെ രാജ്യത്ത് എത്രയോ ആശയങ്ങളുണ്ട്, സങ്കല്പങ്ങളുണ്ട്, സമൃദ്ധമായ നമ്മുടെ ചരിത്രമുണ്ട്. അവയുടെ പശ്ചാത്തലത്തില്‍ നമുക്ക് ഗെയിംസ് ഉണ്ടാക്കിക്കൂടേ? രാജ്യത്തെ യുവ ടാലന്റുകളോട് ഞാന്‍ പറയുന്നു, ഭാരതത്തിലും ഗെയിംസുകളുണ്ടാക്കൂ, ഭാരതത്തിന്റെ ഗെയിംസുകളുമുണ്ടാക്കൂ. പറയാറില്ലേ, ഇനി കളി തുടങ്ങാം. എങ്കില്‍ വരൂ, കളി തുടങ്ങിക്കളയാം.
സുഹൃത്തുക്കളേ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍ വെര്‍ച്വല്‍ ഗയിംസ് ആകട്ടെ, കളിപ്പാട്ടമേഖലയാകട്ടെ, എല്ലാവരും വലിയ പങ്കു വഹിക്കണം, ഇത് അവസരവും കൂടിയാണ്. ഇന്നേക്ക് നൂറു വര്‍ഷം മുമ്പ്, നിസ്സഹകരണ സമരം തുടങ്ങിയപ്പോള്‍ ഗാന്ധിജി എഴുതുകയുണ്ടായി, നിസ്സഹകരണ സമരം, ദേശവാസികളുടെ ഉള്ളില്‍ ആത്മാഭിമാനത്തിന്റെയും തങ്ങളുടെ ശക്തിയുടെയും ബോധമുണ്ടാക്കാനുള്ള ഒരു ശ്രമമാണ്.
ഇന്ന്, നാം രാജ്യത്തെ ആത്മനിര്‍ഭരമാക്കാനുള്ള ശ്രമം നടത്തുമ്പോള്‍ നമുക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതുണ്ട്, എല്ലാ മേഖലകളിലും രാജ്യം ആത്മനിര്‍ഭര്‍ ആകണം. നിസ്സഹകരണസമരത്തിന്റെ രൂപത്തില്‍ വിതയ്ക്കപ്പെട്ട വിത്ത് ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വടവൃക്ഷമാക്കി മാറ്റേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഭാരതീയരുടെ ഇന്നോവേഷനും പരിഹാരം കണ്ടെത്താനുള്ള കഴിവും എല്ലാവരും അംഗീകരിക്കുന്നതാണ്. സമര്‍പ്പണമനോഭാവമുണ്ടെങ്കില്‍, സഹാനുഭൂതിയുണ്ടെങ്കില്‍  ഈ ശക്തിക്ക് അതിരുകളുണ്ടാവില്ല. ഈ മാസത്തിന്റെ ആരംഭത്തില്‍ രാജ്യത്തെ യുവാക്കളുടെ മുന്നില്‍ ഒരു ആപ് ഇന്നോവേഷന്‍ ചലഞ്ച് വയ്ക്കുകയുണ്ടായി. ഈ ആത്മനിര്‍ഭര്‍ ഭാരത് ആപ് ഇന്നോവേഷന്‍ ചലഞ്ചില്‍ നമ്മുടെ യുവാക്കള് വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. ഏകദേശം ഏഴായിരം എന്‍ട്രികളെത്തി. അതില്‍ ഏകദേശം മൂന്നില്‍ രണ്ട് ആപ്പ് കള്‍ രണ്ടാം തലത്തിലും  മൂന്നാം തലത്തിലും  പെട്ട നഗരങ്ങളിലെ യുവാക്കളുണ്ടാക്കിയവയായിരുന്നു. ഇത് ആത്മനിര്‍ഭര്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ ശുഭസൂചകമാണ്. ആത്‌നിര്‍ഭര്‍ ആപ് ഇന്നോവേഷന്‍ ചലഞ്ച് ന്റെ ഫലം തീര്‍ച്ചയായും നിങ്ങളെയും സ്വാധീനിക്കാതിരിക്കില്ല. വളരെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കുശേഷം വെവ്വേറെ ഗണങ്ങളിലായി ഏകദേശം രണ്ടു ഡസന്‍ ആപ് കള്‍ക്ക്  പുരസ്‌കാരങ്ങള്‍ നല്കി. നിങ്ങള്‍ തീര്‍ച്ചയായും ഈ ആപ് കളെക്കുറിച്ച് അിറയുകയും അവയുമായി പരിചപ്പെടുകയും വേണം. നിങ്ങള്‍ക്കും അതുപോലെ എന്തെങ്കിലും ഉണ്ടാക്കാന്‍ പ്രേരണയുണ്ടായെന്നു വരാം. ഇതില്‍ ഒരു ആപ് ആണ് – കുടുകി കിഡ്‌സ് ലേണിംഗ് ആപ്. ഇത് ചെറിയ കുട്ടികള്‍ക്കുള്ള ഇന്ററാക്ടീവ് ആപ് ആണ്. ഇതില്‍ ഗാനങ്ങളും കഥകളും വഴിയായി കിന്നാരം പറഞ്ഞു പറഞ്ഞ് കുട്ടികള്‍ക്കും കണക്കും സയന്‍സും വളരെയധികം പഠിക്കാനാകുന്നു. ഇതില്‍ പ്രവര്‍ത്തനങ്ങളുണ്ട്, കളികളുമുണ്ട്. ഇതുപോലെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിന്റെ ഒരു ആപ് ഉണ്ട്. ഇതിന്റെ പേരാണ്ട കൂ. കേ.ഓ.ഓ.  – കൂ. ഇതില്‍ നമുക്ക് മാതൃഭാഷയില്‍ എഴുത്ത് വീഡിയോ, ഓഡിയോ വഴി പറയേണ്ടത് പറയാം, ആശയവിനിമയം നടത്താം . ഇതുപോലെ ചിന്‍ഗാരി ആപ് ഉം യുവാക്കളുടെ ഇടയില്‍ വളരെ പ്രചരിക്കുന്നുണ്ട്. ഒരു ആപ് ന്റെ പേരാണ് ആസ്‌ക് സര്‍ക്കാര്‍. ഇതില്‍ ചാറ്റ് ബോക്‌സ് വഴിയായി നിങ്ങള്‍ക്ക് ആശയവിനിമയം നടത്താം, ഏതൊരു സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചും ശരിയായ അിറവ് നേടാനാകും. മറ്റൊരു ആപ് ആണ് സ്റ്റെപ് സെറ്റ് ഗോ. ഇത് ഫിറ്റ്‌നസ് ആപ് ആണ്. നിങ്ങള്‍ എത്ര നടന്നു, എത്ര കലോറി ബേണ്‍ ചെയ്തു ഇതെക്കുറിച്ചെല്ലാമുള്ള കണക്ക് ഈ ആപ് സൂക്ഷിക്കുന്നു, നിങ്ങളെ ഫിറ്റായി ഇരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഞാന്‍ വച്ചത്. മറ്റു പല ആപ് കളും ഈ ചലഞ്ചില്‍ വിജയിച്ചിട്ടുണ്ട്. പല ബിസിനസ് ആപ് കളുമുണ്ട്, ഗെയിംസ് ആപ് കളുമുണ്ട്. ഈസ് ഈക്വല്‍ ടു, ബുക്‌സ് & എക്‌സ്പന്‍സ്, ജോഹോ വര്‍ക് പ്ലേസ്, എഫ്ടിസി ടാലന്റ് തുടങ്ങിയവ. നിങ്ങള്‍ക്ക് ഇവയെക്കുറിച്ച് നെറ്റില്‍ സെര്‍ച്ച് ചെയ്യാം; നിങ്ങള്‍ക്ക് വളരെ അിറവു ലഭിക്കും. നങ്ങളും മുന്നോട്ടു വരൂ, ഇന്നോവേറ്റീവായി എന്തെങ്കിലും ചെയ്യൂ, നടപ്പിലാക്കാം. നിങ്ങളുടെ ശ്രമങ്ങള്‍, ഇന്നത്തെ ചെറിയ ചെറിയ സ്റ്റാര്‍ട്ടപ്പുകള്‍, നാളെ വലിയ വലിയ കമ്പനികളായി മാറും, ലോകത്ത് ഭാരതത്തിന്റെ അടയാളങ്ങളായി മാറും. ഇന്ന് ലോകത്തു കാണുന്ന വലിയ വലിയ കമ്പനികള്‍ കാണപ്പെടുന്നില്ലേ, അവയും ഒരുകാലത്ത് സ്റ്റാര്‍ട്ടപ്പുകളായിരുന്നു എന്നതു മറക്കാതിരിക്കുക.
പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാട്ടിലെ കുട്ടികള്‍ക്ക്, നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവു മുഴുവന്‍ കാട്ടുവാന്‍ സാധിക്കുന്നതിന്, അവരുടെ സാമാര്‍ഥ്യം കാട്ടുന്നതിന് വലിയ പങ്ക് ന്യൂട്രീഷനും അതായത് പോഷകാഹാരത്തിനും ഉണ്ട്. രാജ്യമെങ്ങും സെപ്റ്റംബര്‍ മാസം പോഷകാഹാര മാസമായി ആചരിക്കപ്പെടും. നേഷനും ന്യൂട്രീഷനും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, യഥാ അന്നം തഥാ മനം. അതായത് അന്നമെങ്ങനെയോ അതനുസരിച്ചാണ് നമ്മുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും ഉണ്ടാകുന്നത്. വിദഗ്ധര്‍ പറയുന്നത് ശിശുക്കള്‍ക്ക് ഗര്‍ഭത്തില്‍, കുട്ടിക്കാലത്ത് എത്രത്തോളം പോഷണം ലഭിക്കുന്നോ, അത്രയ്ക്ക് നന്നായി മാനസികമായ വളര്‍ച്ച ഉണ്ടാകുന്നു എന്നാണ്, അവര്‍ ആരോഗ്യമുള്ളവയാകുന്നു. കുട്ടികളുടെ പോഷണത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ക്കും തികഞ്ഞ പോഷണം കിട്ടേണ്ടത് ആവശ്യമാണ്. പോഷണം അല്ലെങ്കില്‍ ന്യൂട്രീഷന്‍ എന്നാല്‍  നിങ്ങള്‍ എന്താണ് കഴിക്കുന്നത്, എത്രയാണ് കഴിക്കുന്നത്, എത്രപ്രാവശ്യമാണ് കഴിക്കുന്നത് എന്നതുമാത്രമല്ല. നിങ്ങള്‍ക്ക് അയണ്‍, കാല്‍സ്യം കിട്ടുന്നുണ്ടോ ഇല്ലേ, സോഡിയം കിട്ടുന്നുണ്ടോ ഇല്ലേ, വിറ്റാമിനുകള്‍ കിട്ടുന്നുണ്ടോ ഇല്ലേ തുടങ്ങിയവയൊക്കെ ന്യൂട്രീഷന്റെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ന്യൂട്രീഷന്റെ ഈ മുന്നേറ്റത്തിന്റെ ജനപങ്കാളിത്തം വളരെ ആവശ്യമാണ്. ജനപങ്കാളിത്തമാണ് ഇതിനെ വിജയിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഈ കാര്യത്തില്‍ രാജ്യത്ത് വളരെ പരിശ്രമം നടക്കുന്നിട്ടുണ്ട്. വിശേഷിച്ചും നമ്മുടെ ഗ്രാമങ്ങളില്‍ ഇത് ജനപങ്കാളിത്തത്തിലൂടെ ജന മുന്നേറ്റമാക്കി മാറ്റിക്കൊണ്ടിരിക്കയാണ്. പോഷണസപ്താഹം, പോഷണമാസം എന്നിവയിലൂടെ കൂടുതല്‍ കൂടുതല്‍ ജാഗരൂകത ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. സ്‌കൂളുകളെ ഭാഗഭാക്കാക്കിയിരിക്കുന്നു. കുട്ടികള്‍ക്കുവേണ്ടി മത്സരങ്ങളാകട്ടെ, അവരില്‍ ജാഗരൂകത വര്‍ധിക്കട്ടെ ഇതിനായി നിരന്തരം ശ്രമങ്ങള്‍ തുടരുന്നു. ഉദാഹരണത്തിന് ക്ലാസില്‍ ഒരു മോനിട്ടര്‍ ഉണ്ടായിരിക്കുന്നതുപോലെ ന്യൂട്രീഷന്‍ മോണിറ്ററും ഉണ്ടായിരിക്കട്ടെ, റിപ്പോര്‍ട്ട് കാര്‍ഡ് പോലെ ന്യൂട്രീഷന്‍ കാര്‍ഡും ഉണ്ടായിരിക്കട്ടെ ഇതുപോലുള്ള തുടക്കങ്ങളുണ്ടാകുന്നു. പോഷകാഹാരമാസത്തില്‍ മൈ ജിഒവി പോര്‍ട്ടലില്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്വിസ് സംഘടിപ്പിക്കപ്പെടും. അതോടൊപ്പം ഒരു മീം മത്സരവും നടത്തും. നിങ്ങള്‍ സ്വയം പങ്കെടുക്കൂ, മറ്റുള്ളവരെ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കൂ.
സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ ഭായി പട്ടേല്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ പോകാന്‍ അവസരം ലഭിച്ചിട്ടൂണ്ടെങ്കില്‍, അല്ലെങ്കില്‍ കോവിഡിനു ശേഷം അത് തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ അവിടെ വേറിട്ട രീതിയിലുള്ള ന്യൂട്രീഷന്‍ പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നതു കാണാം. ആനന്ദത്തിനും ഉത്സാഹത്തിനുമൊപ്പം അവിടെ തീര്‍ച്ചയായും കളികളിലൂടെ പോഷകാഹാരത്തെക്കുറിച്ച് അറിവ് ലഭിക്കും.
സുഹൃത്തുക്കളേ, ഭാരതം ഒരു വിശാലമായ ദേശമാണ്. ആഹാരാദികളില്‍ വളരെയധികം വൈവിധ്യമുണ്ട്. നമ്മുടെരാജ്യത്ത് വെറിട്ട ആറ് ഋതുക്കളുണ്ട്, വെവ്വേറെ പ്രദേശങ്ങളില്‍ അവിടത്തെ കാലാവസ്ഥയ്ക്കനുസരിച്ച് വെവ്വേറെ ഇനങ്ങളാണ് വളര്‍ന്നുണ്ടാകുന്നത്. അതുകൊണ്ട് എല്ലാ ഇടങ്ങളിലെയും കാലാവസ്ഥ, അവിടത്തെ പ്രാദേശിക ഭക്ഷണം, അവിടെ ഉണ്ടാകുന്ന വിളവുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവകള്‍ക്കനുസരിച്ച് പോഷകസമ്പന്നമായ ഭക്ഷണരീതി ഉണ്ടാക്കുകയെന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് വലിയ ധാന്യങ്ങള്‍, റാഗി, ജോവര്‍ തുടങ്ങിയവ വളരെ പോഷകാഹാരമാണ്. ഒരു ഭാരതീയ കൃഷി നിഘണ്ടു തയ്യാറാക്കിക്കൊണ്ടിരിക്കയാണ്. ഇതില്‍ ഏതു ജില്ലയില്‍ എന്തെല്ലാം വിളവുണ്ടാകുന്നു, അവയുടെ ന്യൂട്യീഷന്‍ വാല്യൂ എത്രയാണ് എന്നിങ്ങനെയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടാകും. ഇത് നിങ്ങള്‍ക്കേവര്‍ക്കും വളരെ പ്രയോജനപ്പെടുന്ന നിഘണ്ടുവാകും. വരൂ പോഷകാഹാരമാസത്തില്‍ പോഷകാഹാരം കഴിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും എല്ലാരെയും പ്രേരിപ്പിക്കാം.
പ്രിയപ്പെട്ട ദേശവാസികളേ, കഴിഞ്ഞ ദിവസങ്ങളില്‍ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കയായിരുന്നപ്പോള്‍ വളരെ രസമുള്ള ഒരു വാര്‍ത്ത എന്നെ ആകര്‍ഷിച്ചു. ഈ വാര്‍ത്ത നമ്മുടെ സുരക്ഷാസൈന്യത്തിലെ രണ്ടു വീരന്മാരെക്കുറിച്ചുള്ളതാണ്. ഒരാള്‍ സോഫി, മറ്റയാള്‍ വിദാ. സോഫിയും വിദായും ഇന്ത്യന്‍ ആര്‍മിയിലെ രണ്ട് നായ്ക്കളാണ്. അവയെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ കാര്‍ഡ് നല്കി ആദരിച്ചിരിക്കയാണ്. സോഫിക്കും വിദായ്ക്കും ഈ സമ്മാനം കിട്ടിയത് അവ രാജ്യത്തെ കാത്തുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം വളരെ നന്നായി നിര്‍വ്വഹിച്ചതിനാണ്. നമ്മുടെ സൈന്യത്തില്‍  നമ്മുടെ സുരക്ഷാസൈന്യത്തിന്റെ പക്കല്‍ രാജ്യത്തിനുവേണ്ടി ജീവിക്കുന്ന, രാജ്യത്തിനുവേണ്ടി ആത്മബലിദാനം നിര്‍വ്വഹിക്കുന്നു ഇതുപോലെ വീരന്മാരായ എത്രയോ നായ്ക്കളുണ്ട്. എത്രയോ ബോംബു സ്‌ഫോടനങ്ങളെ, എത്രയോ ഭീകരവാദഗൂഢാലോചനകളെ തടയുന്നതില്‍ ഇങ്ങനെയുള്ള നായ്ക്കള്‍ വളരെ വലിയ പങ്കാണു നിര്‍വ്വഹിച്ചിട്ടുള്ളത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് എനിക്ക് രാജ്യസുരക്ഷയുടെ കാര്യത്തില്‍ നായ്ക്കളുടെ പങ്കിനെക്കുറിച്ച് വിശദമായി അിറയാനുള്ള അവസരം ലഭിച്ചു. പല കഥകളും കേട്ടു. ബലറാം എന്നു പേരുള്ള ഒരു നായ 2006 ല്‍ അമര്‍നാഥ് യാത്രയുടെ വഴിയില്‍ ഭാരിച്ച അളവില്‍ വെടിമരുന്ന് കണ്ടെത്തുകയുണ്ടായി. 2002 ല്‍ ഭാവന എന്നു പേരുള്ള നായ ഐഇഡി കണ്ടെത്തുകയുണ്ടായി. ഐഇഡി കണ്ടെത്തുന്നതിനിടയില്‍ ഭീകരവാദികള്‍ സ്‌ഫോടനം നടത്തുകയും ഈ നായ വീരമൃത്യു അടയുകയും ചെയ്തു രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഛത്തീസ്ഗഢിലെ ബീജപ്പൂരില്‍ സിആര്‍പിഎഫിന്റെ സ്‌നിഫര്‍ ഡോഗ് ക്രാക്കര്‍ ഐഇഡി ബ്ലാസ്റ്റില്‍ വീരമൃത്യു പ്രാപിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ ഒരു പക്ഷേ, ടിവിയില്‍ കരളലിയിക്കുന്ന ഒരു ദൃശ്യം കണ്ടിരിക്കും. അതില്‍ ബീഡ് പോലീസ് തങ്ങളുടെ കൂടെയുണ്ടായിരുന്ന നായയായ റോക്കിക്ക് തികഞ്ഞ ആദരവോടെ അന്തിമ വിട നല്കുകയുണ്ടായി. റോക്കി 300 ലധികം കേസുകള്‍ തെളിയിക്കുന്നതില്‍ പോലീസിനെ സഹായിച്ചിരുന്നു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും റെസ്‌ക്യൂ മീഷനിലും നായ്ക്കള്‍ക്കു വലിയ പങ്കുണ്ട്. ഭാരതത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫോഴ്‌സ് എന്‍ഡിആര്‍എഫ് ഇതുപോലെയുള്ള ഡസന്‍ കണക്കിനു നായ്ക്കള്‍ക്ക് വിശേഷാല്‍ പരിശീലനം നല്കിയിട്ടുണ്ട്. എവിടെങ്കിലും ഭൂകമ്പമുണ്ടായാല്‍, കെട്ടിടം തകര്‍ന്നുവീണാല്‍, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ ജീവനുള്ളവരെ അന്വേഷിച്ചു കണ്ടെത്തുന്നതില്‍ നായ്ക്കള്‍ വളരെ വിദഗ്ധരാണ്.
സുഹൃത്തുക്കളേ ഇന്ത്യന്‍ വംശത്തിലുള്ള നായ്ക്കളും വളരെ നല്ലതാണെന്നും വളരെ കഴിവുള്ളവയാണെന്നും പറഞ്ഞുകേട്ടു. ഇന്ത്യന്‍ വംശജരില്‍ മുധോല്‍ ഹൗഡ് ഹിമാചലീ ഹൗഡും നല്ല ഇനങ്ങളാണ്. രാജപാളയം, കന്നി, ചിപ്പിപരായി, കോമ്ബായി തുടങ്ങിയവ വളരെ മിടുക്കരായ ഇന്ത്യന്‍ വംശജരാണ്. നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഈ ഇന്ത്യന്‍ വംശജരായ നായ്ക്കളെ തങ്ങളുടെ സുരക്ഷാ സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു സമയത്തിനുള്ളില്‍ ആര്‍മി, സിഐഎസ്.എഫ്, എന്‍എസ്ജി മുതലായവര്‍ മുധോല്‍ ഹൗഡ് ഇനത്തിലുള്ള നായ്ക്കളെ പരിശീലിപ്പിച്ച് ഡോഗ് സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്. സിആര്‍പിഎഫ് കോംബായി നായ്ക്കളെ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ഭാരതീയ വംശത്തില്‍ പെട്ട നായ്ക്കളില്‍ ഗവേഷണം നടത്തുന്നുണ്ട് ഇന്ത്യന്‍ വംശത്തിലുള്ളവയെ കൂടുതല്‍ മെച്ചപ്പെട്ടവയാക്കുക, ഉപയോഗമുള്ളവയാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇവയുടെ പേര്‍ സെര്‍ച്ച് ചെയ്ത് ഇവയെക്കുറിച്ചറിയൂ, ഇവയുടെ സൗന്ദര്യവും ഇവയുടെ ഗുണഗണങ്ങളും കണ്ട് നിങ്ങള്‍ ആശ്ചര്യപ്പെടും. അടുത്ത പ്രാവശ്യം നിങ്ങള്‍ നായയെ പോറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തീര്‍ച്ചയായും ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ വംശത്തിലുള്ള ഒന്നിനെ വീട്ടില്‍ കൊണ്ടുവരൂ. ആത്മനിര്‍ഭര്‍ ഭാരത് ജനമനസ്സുകളുടെ മന്ത്രമായി മാറുമ്പോള്‍ ഏതൊരു മേഖലയും ഇക്കാര്യത്തില്‍ പിന്നിലാകുന്നതെങ്ങനെ?
പ്രിയ സുഹൃത്തുക്കളേ, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അഞ്ചു സെപ്റ്റംബറിന് നാം അധ്യാപകദിനം ആഘോഷിക്കും. നാം ജീവിതത്തിലെ വിജയങ്ങളിലേക്കു കണ്ണോടിക്കുമ്പോള്‍ , ജീവിതയാത്ര കാണുമ്പോള്‍ നമുക്ക് ഏതെങ്കിലുമൊരു അധ്യാപകനെ ഓര്‍മ്മ വരും. വളരെ വേഗം മാറുന്ന കാലത്ത് കൊറോണയുടെ ഈ ആപത്കാലത്ത് നമ്മുടെ അധ്യാപകരുടെ മുന്നിലും കാലത്തിനൊപ്പിച്ച് മാറ്റത്തിന്റെ വെല്ലുവിളി ഉയരുന്നു. നമ്മുടെ അധ്യാപകര്‍ ഈ വെല്ലുവിളിയെ സ്വീകരി ക്കുക മാത്രമല്ല ചെയ്തത് മിറച്ച് അവസരമാക്കി മാറ്റിയിരിക്കയും ചെയ്തു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. പഠനത്തില്‍ സാങ്കേതിക വിദ്യ കൂടുതല്‍ കൂടുതല്‍ എങ്ങനെ ഉപയോഗിക്കാം, പുതിയ സാങ്കേതിക വിദ്യ എങ്ങനെ സ്വീകരിക്കാം, വിദ്യാര്‍ഥികളെ എങ്ങനെ സഹായിക്കാം എന്ന പ്രശ്‌നങ്ങളെ നമ്മുടെ അധ്യാപകര്‍ സ്വാഭാവികതയോടെ നേരിട്ടു, തങ്ങളുടെ വിദ്യാര്‍ഥികളെ പഠിപ്പിച്ചു. ഇന്ന് രാജ്യത്ത് എല്ലായിടത്തും എന്തെങ്കിലും ഇന്നോവേഷന്‍ നടക്കുന്നുണ്ട്. അധ്യാപകരും വിദ്യാര്‍ഥികളും ഒരുമിച്ച് പുതുതായി ചിലതു ചെയ്യുന്നു. രാജ്യത്ത്  ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മാറ്റം ഉണ്ടാകാന്‍ പോകുന്നതുപോലെ, നമ്മുടെ അധ്യാപകര്‍ ഇതിന്റെയും നേട്ടം വിദ്യാര്‍ഥികളിലെത്തിക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, വിശേഷിച്ച് എന്റെ അധ്യാപക സുഹൃത്തുക്കളേ 2022 ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വര്‍ഷം ആഘോഷിക്കും. സ്വാതന്ത്ര്യത്തിനു മുമ്പ് അനേകം വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഒരു വലിയ ചരിത്രമുണ്ടായിരുന്നു. ഈ കാലത്ത് രാജ്യത്തിന്റെ ഒരുഭാഗവും സ്വാതന്ത്ര്യദാഹികള്‍ തങ്ങളുടെ പ്രാണനെ തൃണവല്ഗണിക്കാത്ത, തങ്ങളുടെ സര്‍വ്വസ്വവും ത്യജിക്കാത്തതായി ഉണ്ടായിരുന്നില്ല. നമ്മുടെ ഇന്നത്തെ തലമുറ, നമ്മുടെ വിദ്യാര്‍ഥികള്‍ സ്വാതന്ത്ര്യപ്പോരാളികളായ നമ്മുടെ രാജ്യത്തെ നായകരെ അറിയണം, അവരുടെ ത്യാഗത്തെ മനസ്സുകൊണ്ടറിയണം. സ്വന്തം ജില്ലയില്‍, സ്വന്തം പ്രദേശത്ത് സ്വാതന്ത്ര്യസമരകാലത്ത് എന്തു സംഭവിച്ചു, എങ്ങനെ നടന്നു, ആരാണ് ബലിയര്‍പ്പിക്കപ്പെട്ടത്, ആര് എത്ര കാലത്തേക്ക് രാജ്യത്തിനുവേണ്ടി ജയിലില്‍ കിടന്നു എന്നറിയൂ. ഈ കാര്യങ്ങള്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അറിയുമ്പോള്‍ അവരുടെ വ്യക്തിത്വത്തിലും ഇതിന്റെ സ്വാധീനമുണ്ടാകും. ഇതിനായി പല കാര്യങ്ങള്‍ ചെയ്യാം… ഇതില്‍ നമ്മുടെ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ ഏതു ജില്ലയിലാണോ അവിടെ നൂറ്റാണ്ടുകളോളം നടന്ന സ്വാതന്ത്ര്യസമരത്തില്‍ എന്തെങ്കിലും സംഭവം നടന്നോ? എന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗവേഷണം നടത്തിക്കാം. അത് സ്‌കൂളിലെ കൈയെഴുത്തു പത്രികയെന്നപോലെ തയ്യാറാക്കിക്കാം. നിങ്ങളുടെ നഗരത്തില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥലമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ അവിടേക്കു കൊണ്ടുപോകാം. തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ തങ്ങളുടെ പ്രദേശത്ത് 75 സ്വാതന്ത്ര്യനായകരുടെ പേരില്‍ കവിതകള്‍ എഴുതും, നാടകങ്ങള്‍ എഴുതും എന്ന് ഏതെങ്കിലും സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിക്കാം. നിങ്ങളുടെ ശ്രമത്തിലൂടെ രാജ്യത്തിനുവേണ്ടി ജീവിച്ച, രാജ്യത്തിനുവേണ്ടി ജീവിതമര്‍പ്പിച്ച, കാലഗതിയില്‍ സമയത്തോടൊപ്പം മറന്നുപോയ രാജ്യത്തെ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് അിറയപ്പെടാത്ത ഹീറോകളെ വെളിച്ചത്തുകൊണ്ടുവരും. ഇതുപോലുള്ള മഹാ വ്യക്തിത്വത്തങ്ങളെ നാം വെളിച്ചത്തുകൊണ്ടുവന്നാല്‍, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തില്‍ അവരെ ഓര്‍ത്താല്‍ അതവര്‍ക്കുള്ള യഥാര്‍ഥ ശ്രദ്ധാഞ്ജലിയായിരിക്കും. 5 സെപ്റ്റംബറിന് അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍, അധ്യാപക സുഹൃത്തുക്കളോട് എനിക്ക് തീര്‍ച്ചയായും അഭ്യര്‍ഥിക്കാനുള്ളത് ഇതിനായി ഒരു അന്തരീക്ഷം സൃഷ്ടിക്കാനും എല്ലാവരെയും ഒത്തുകൂട്ടാനും എല്ലാവരും ഒത്തു ചേരാനുമാണ്.
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, രാജ്യം ഇന്ന് മുന്നേറുന്ന വികസനയാത്രയുടെ വിജയം എല്ലാ ദേശവാസികളും ഇതില്‍ പങ്കെടുക്കുന്നതിലാണ്, ഈ യാത്രയിലെ യാത്രക്കാരനാകുന്നതിലാണ്, ഈ പാതയിലെ പഥികനാകുമ്പോഴാണ്. അതുകൊണ്ട് എല്ലാ ദേശവാസികളും ആരോഗ്യത്തോടെ സുഖമായിരിക്കൂ, നമുക്കൊത്തുചേര്‍ന്ന് കോറോണയെ തീര്‍ത്തും പരാജയപ്പെടുത്താം. നിങ്ങള്‍ സുരക്ഷിതരായിരിക്കുമ്പോഴേ, നിങ്ങള്‍ രണ്ടുമീറ്റര്‍ ദൂരം, മാസ്‌കനിവാര്യം എന്ന മുദ്രാവാക്യത്തെ തീര്‍ത്തും പാലിക്കുമ്പോഴേ കോറോണാ പരാജയപ്പെടുകയുള്ളൂ. നിങ്ങളേവരും ആരോഗ്യത്തോടെയിരിക്കൂ, സുഖമായിരിക്കൂ… ഈ ശുഭാശംസകളോടെ……. അടുത്ത മന്‍ കീ ബാത് ല്‍ വീണ്ടും കാണാം.
വളരെ വളരെ നന്ദി, നമസ്‌കാരം.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi