മൻ കീ ബാത്ത്, 2023 ഡിസംബർ

Published By : Admin | December 31, 2023 | 11:30 IST
In 108 episodes of Mann Ki Baat, we have seen many examples of public participation and derived inspiration from them: PM Modi
Today every corner of India is brimming with self-confidence, imbued with the spirit of a developed India; the spirit of self-reliance: PM Modi
This year, our country has attained many special achievements, including the passage of Nari Shakti Vandan Adhiniyam, India becoming the 5th largest economy, and success at the G20 Summit: PM
Record business on Diwali proved that every Indian is giving importance to the mantra of ‘Vocal For Local’: PM Modi
India becoming an Innovation Hub is a symbol of the fact that we are not going to stop: PM Modi
Today there is a lot of discussion about physical health and well-being, but another important aspect related to it is that of mental health: PM Modi
Nowadays we see how much talk there is about Lifestyle related Diseases, it is a matter of great concern for all of us, especially the youth: PM Modi

നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.

സുഹൃത്തുക്കളേ, 'മന്‍ കി ബാത്ത്' കേട്ട പലരും എനിക്ക് കത്തുകള്‍ എഴുതുകയും അവരുടെ അവിസ്മരണീയ നിമിഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 140 കോടി ഭാരതീയരുടെ കരുത്തിലൂടെയാണ് ഈ വര്‍ഷം നമ്മുടെ രാജ്യം നിരവധി സവിശേഷ നേട്ടങ്ങള്‍ കൈവരിച്ചത്. അതേ വര്‍ഷം തന്നെ, വര്‍ഷങ്ങളായി കാത്തിരുന്ന 'നാരി ശക്തി വന്ദന്‍ നിയമം' പാസാക്കി. ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായതില്‍ സന്തോഷം പ്രകടിപ്പിച്ച് നിരവധി ആളുകള്‍ കത്തുകള്‍ എഴുതി. ജി20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ച് പലരും എന്നെ ഓര്‍മ്മിപ്പിച്ചു. 

സുഹൃത്തുക്കളേ, ഇന്ന് ഇന്ത്യയുടെ എല്ലാ കോണുകളും ആത്മവിശ്വാസം നിറഞ്ഞതാണ്, വികസിത ഇന്ത്യയുടെ ആത്മാവ്, സ്വാശ്രയത്വത്തിന്റെ ആത്മാവ്. 2024 ലും നാം അതേ ചൈതന്യവും വേഗതയും നിലനിര്‍ത്തേണ്ടതുണ്ട്. ഓരോ ഭാരതീയനും 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന സന്ദേശത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് ദീപാവലിയിലെ റെക്കോര്‍ഡ് ബിസിനസ് തെളിയിച്ചു.

സുഹൃത്തുക്കളേ, ഇന്നും ചന്ദ്രയാന്‍ 3 ന്റെ വിജയത്തെക്കുറിച്ച് ധാരാളം ജനങ്ങൾ എനിക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നു. എന്നെപ്പോലെ നിങ്ങളും നമ്മുടെ ശാസ്ത്രജ്ഞരെയും പ്രത്യേകിച്ച് വനിതാ ശാസ്ത്രജ്ഞരെയും കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

സുഹൃത്തുക്കളേ, നാട്ടുനാട്ടുവിന് ഓസ്കാർ കിട്ടിയപ്പോള്‍ രാജ്യം മുഴുവന്‍ ആഹ്ലാദിച്ചു. 'ദ എലിഫന്റ് വിസ്പേഴ്സ് 'നു ലഭിച്ച ബഹുമതി കേട്ടപ്പോള്‍ ആരാണ് സന്തോഷിക്കാത്തത്? ഇവയിലൂടെ ലോകം ഭാരതത്തിന്റെ സര്‍ഗ്ഗാത്മകത കാണുകയും പരിസ്ഥിതിയുമായുള്ള നമ്മുടെ ബന്ധം മനസ്സിലാക്കുകയും ചെയ്തു. ഈ വര്‍ഷം കായികരംഗത്തും നമ്മുടെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകളും ഏഷ്യന്‍ പാരാ ഗെയിംസില്‍ 111 മെഡലുകളും നമ്മുടെ കളിക്കാര്‍ നേടി. ക്രിക്കറ്റ് ലോകകപ്പിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ താരങ്ങള്‍ ഏവരുടെയും ഹൃദയം കീഴടക്കി. അണ്ടര്‍ 19 ടി-20 ലോകകപ്പില്‍ നമ്മുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയം വളരെ പ്രചോദനകരമാണ്. പല കായിക ഇനങ്ങളിലും താരങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് കീര്‍ത്തി സമ്മാനിച്ചു. ഇപ്പോള്‍ 2024 ല്‍ പാരീസ് ഒളിമ്പിക്‌സ് സംഘടിപ്പിക്കും, അതിനായി രാജ്യം മുഴുവന്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളേ, നാം ഒരുമിച്ച് പരിശ്രമിച്ചപ്പോഴെല്ലാം അത് നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയില്‍ വളരെ ഗുണാത്മക സ്വാധീനം ചെലുത്തി. ആസാദി കാ അമൃത് മഹോത്സവ്, 'മേരി മാട്ടി മേരാ ദേശ്' തുടങ്ങിയ വിജയകരമായ പ്രചാരണങ്ങള്‍ സഫലമായ അനുഭവമായി. ഇതില്‍ കോടിക്കണക്കിന് ജനങ്ങളുടെ പങ്കാളിത്തത്തിന് നാമെല്ലാം സാക്ഷികളാണ്, 70,000 അമൃത് തടാകങ്ങളുടെ നിര്‍മ്മാണവും നമ്മളുടെ കൂട്ടായ നേട്ടമാണ്.

സുഹൃത്തുക്കളേ, നവീകരണത്തിന് പ്രാധാന്യം നല്‍കാത്ത ഒരു രാജ്യത്തിന്റെ വികസനം നിലയ്ക്കുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. ഭാരതം ഇന്നൊവേഷന്‍ ഹബ്ബായി മാറുന്നത് നമ്മള്‍ നിരന്തരം മുന്നേറും എന്നതിന്റെ പ്രതീകമാണ്. 2015-ല്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ സൂചികയില്‍ നമ്മള്‍ 81-ാം സ്ഥാനത്തായിരുന്നു ഇന്ന് നമ്മളുടെ സ്ഥാനം 40 ആണ്. ഈ വര്‍ഷം, ഇന്ത്യയില്‍ ഫയല്‍ ചെയ്ത പേറ്റന്റുകളുടെ എണ്ണം ഉയര്‍ന്നതാണ്, അതില്‍ 60% ആഭ്യന്തര ഫണ്ടുകളില്‍ നിന്നുള്ളതാണ്. ക്യുഎസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സര്‍വകലാശാലകളാണ് ഇത്തവണ ഇടംപിടിച്ചത്.  ഈ നേട്ടങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ തുടങ്ങിയാല്‍, അത് ഒരിക്കലും പൂര്‍ത്തിയാകില്ല. ഇത് ഭാരതത്തിന്റെ സാധ്യതകള്‍ എത്രത്തോളം ഫലപ്രദമാണെന്നതിന്റെ ഒരു നേര്‍ക്കാഴ്ച്ച മാത്രമാണ്  രാജ്യത്തിന്റെ ഈ വിജയങ്ങളില്‍ നിന്നും രാജ്യത്തെ ജനങ്ങളുടെ ഈ നേട്ടങ്ങളില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊണ്ട് അവരില്‍ അഭിമാനം കൊള്ളണം, പുതിയ തീരുമാനങ്ങള്‍ എടുക്കണം. ഒരിക്കല്‍ കൂടി, എല്ലാവര്‍ക്കും സന്തോഷകരമായ 2024 ആശംസിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ, ഇന്ത്യയെക്കുറിച്ച് എല്ലായിടത്തും ഉള്ള പ്രതീക്ഷയും ആവേശവും നാം ചര്‍ച്ചചെയ്തു.  ഈ പ്രതീക്ഷയും പ്രത്യാശയും വളരെ നല്ലതാണ്. ഇന്ത്യ വികസിക്കുമ്പോള്‍ യുവാക്കള്‍ക്ക് ഏറ്റവും പ്രയോജനം ലഭിക്കും. എന്നാല്‍ യുവാക്കള്‍ സമര്‍ത്ഥരാകുമ്പോള്‍ അതില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും. ഇക്കാലത്ത് ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ച് എത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്ന് നാം കാണുന്നു. ഇത് നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്ക് വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ 'മന്‍ കി ബാത്തിന്', ഫിറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട ഇന്‍പുട്ടുകള്‍ അയയ്ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങള്‍ നല്‍കിയ പ്രതികരണം എന്നില്‍ ആവേശം നിറച്ചു. ധാരാളം സ്റ്റാര്‍ട്ടപ്പുകളും 'നമോ' ആപ്പില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയച്ചിട്ടുണ്ട്, അവര്‍ അവരുടെ അനന്യമായ പല ശ്രമങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ, ഭാരതത്തിന്റെ ശ്രമഫലമായി 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആചരിച്ചു. ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം അവസരങ്ങള്‍ സമ്മാനിച്ചു. ലഖ്‌നൗവില്‍ നിന്ന് ആരംഭിച്ച കിറോസ് ഫുഡ്‌സ്, പ്രയാഗ്രാജിന്റെ ഗ്രാന്‍ഡ്മാ മില്‍സ്, ന്യൂട്രാസ്യൂട്ടിക്കല്‍ റിച്ച് ഓര്‍ഗാനിക് ഇന്ത്യ' തുടങ്ങിയ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍പിനോ ഹെല്‍ത്ത് ഫുഡ്‌സ്, അര്‍ബോറിയല്‍, കീറോസ് ഫുഡ് എന്നിവയുമായി ബന്ധപ്പെട്ട യുവാക്കള്‍ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകളെക്കുറിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു. ബെംഗളൂരുവിലെ അണ്‍ബോക്‌സ് ഹെല്‍ത്തുമായി ബന്ധപ്പെട്ട യുവാക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണക്രമം തിരഞ്ഞെടുക്കാന്‍ ആളുകളെ സഹായിക്കുന്നതെങ്ങനെയെന്നും പറഞ്ഞു. ശാരീരിക ആരോഗ്യത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതിനാല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട പരിശീലകരുടെ ആവശ്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 'ജോഗോ ടെക്നോളജീസ്'പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഈ ആവശ്യം നിറവേറ്റാന്‍ സഹായിക്കുന്നു.

സുഹൃത്തുക്കളേ, ഇന്ന് ശാരീരിക ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വശം മാനസിക ആരോഗ്യമാണ്. മുംബൈ ആസ്ഥാനമായുള്ള 'ഇന്‍ഫിഹീല്‍', 'യുവര്‍ ദോസ്ത്' തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് മാത്രമല്ല, ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗിക്കുന്നു. സുഹൃത്തുക്കളേ, എനിക്ക് ഇവിടെ കുറച്ച് സ്റ്റാര്‍ട്ടപ്പുകളുടെ പേര് മാത്രമേ എടുക്കാന്‍ കഴിയൂ, കാരണം ലിസ്റ്റ് വളരെ നീണ്ടതാണ്. ഫിറ്റ് ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള നൂതന ആരോഗ്യ സംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് എനിക്ക് എഴുതുന്നത് തുടരാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്ന അറിയപ്പെടുന്ന ആളുകളുടെ അനുഭവങ്ങളും നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 
    
ഈ ആദ്യ സന്ദേശം ശ്രീ.സദ്ഗുരു ജഗ്ഗി വാസുദേവില്‍ നിന്നാണ് ഫിറ്റ്‌നസ്, പ്രത്യേകിച്ച് ഫിറ്റ്‌നസ് ഓഫ് ദി മൈന്‍ഡ്, അതായത് മാനസികാരോഗ്യം ഇതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കിടും.

ഓഡിയോ*

ഈ മന്‍ കി ബാത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്.
 
മാനസികാസ്വാസ്ഥ്യങ്ങളും, നമ്മുടെ ന്യൂറോളജിക്കൽ സംവിധാനത്തെ നാം എങ്ങനെ നിലനിർത്തുന്നു എന്നതും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ന്യൂറോളജിക്കൽ സിസ്റ്റത്തെ നാം ജാഗ്രതയോടെ ചലനാത്മകമായും അസ്വസ്ഥതകളില്ലാതെയും നിലനിർത്തുന്നത് നമ്മുടെ ഉള്ളിൽ എത്രമാത്രം സന്തോഷം പകരുന്നു എന്നത് എങ്ങനെയാണു തീരുമാനിക്കുക? സമാധാനം, സ്നേഹം, സന്തോഷം, ആനന്ദം, വേദന, വിഷാദം, ഉന്മേഷം എന്നിങ്ങനെ നാം വിളിക്കുന്ന എല്ലാത്തിനും രാസപരവും നാഡീശാസ്ത്രപരവുമായ അടിസ്ഥാനമുണ്ട്. പുറത്തുനിന്നുള്ള രാസവസ്തുക്കൾ ചേർത്ത് ശരീരത്തിനുള്ളിലെ രാസ അസന്തുലിതാവസ്ഥ പരിഹരിക്കാനാണു ഫാർമക്കോളജി പ്രധാനമായും ശ്രമിക്കുന്നത്. മാനസികാസ്വാസ്ഥ്യങ്ങളും ഈ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നു. ഒരു വ്യക്തി ഗുരുതരമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ മരുന്നുകളുടെ രൂപത്തിൽ പുറത്തുനിന്നുള്ള രാസവസ്തുക്കൾ കഴിക്കേണ്ടത് ആവശ്യമാണെന്നു നാം മനസിലാക്കേണ്ടതുണ്ട്. ആന്തരികമായ മികച്ച മാനസികാരോഗ്യ സാഹചര്യത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്; അഥവാ, നമുക്കുള്ളിലെ സമചിത്തതയാർന്ന രസതന്ത്രത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും രസതന്ത്രത്തിനായി പ്രവർത്തിക്കേണ്ടതുണ്ട്. അത് ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക്, ഒരു സമൂഹത്തിന്റെയും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെയും മുഴുവൻ മാനവികതയിലേക്കും സാംസ്കാരിക ജീവിതത്തിലേക്കും കൊണ്ടുവരേണ്ട ഒന്നാണ്. നമ്മുടെ മാനസികാരോഗ്യത്തെക്കുറിച്ചു മനസിലാക്കേണ്ടതു വളരെ പ്രാധാന്യമർഹിക്കുന്നു. നമ്മുടെ സ്വബോധം എന്നതു ദുർബലമായ ഒരവസ്ഥയാണ്. നാം അതിനെ സംരക്ഷിക്കണം; അതിനെ പരിപോഷിപ്പിക്കണം. ഇതിനായി, യോഗാ സംവിധാനത്തിൽ പ്രക്രിയകളെ പൂർണമായും ആന്തരികമാക്കുന്ന നിരവധി തലത്തിലുള്ള സമ്പ്രദായങ്ങളുണ്ട്. ഏവർക്കും അവരുടെ രസതന്ത്രത്തിനു സമചിത്തതയും, അവരുടെ ന്യൂറോളജിക്കൽ സംവിധാനത്തിനു സുനിശ്ചിതമായ ശാന്തതയും കൊണ്ടുവരാൻ കഴിയുന്ന ലളിതമായ പരിശീലനങ്ങളായി അതു ചെയ്യാൻ കഴിയും. ആന്തരിക സൗഖ്യത്തിന്റെ സാങ്കേതികവിദ്യകളെയാണു നാം യോഗിക് ശാസ്ത്രങ്ങൾ എന്നു വിളിക്കുന്നത്. നമുക്ക് അതു സാധ്യമാക്കാം.

പൊതുവേ, ശ്രീ. സദ്ഗുരു തന്റെ കാഴ്ചപ്പാടുകള്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധനാണ്.

വരൂ, ഇപ്പോള്‍ നമുക്ക് പ്രശസ്ത ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍ ജി പറയുന്നത് കേള്‍ക്കാം.

**ഓഡിയോ*

''നമസ്‌കാരം 'മന്‍ കി ബാത്തി'ലൂടെ' എന്റെ നാട്ടുകാരോട് ചിലത് പറയാന്‍ ആഗ്രഹിക്കുന്നു.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ സംരംഭം, എന്റെ ഫിറ്റ്‌നസ് മന്ത്രം നിങ്ങളുമായി പങ്കിടാന്‍ എന്നെ പ്രേരിപ്പിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആദ്യ നിര്‍ദ്ദേശം 'ഒരു മോശം ഭക്ഷണക്രമത്തെ പരിശീലിപ്പിക്കാന്‍ കഴിയില്ല' എന്നതാണ്. ഇതിനര്‍ത്ഥം നിങ്ങള്‍ എപ്പോള്‍ കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. അടുത്തിടെ,  പ്രധാനമന്ത്രി മോദിജി എല്ലാവരേയും തിന കഴിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും സുസ്ഥിരമായ കൃഷിയെ സഹായിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. പതിവ് വ്യായാമവും 7 മണിക്കൂര്‍ പൂര്‍ണ്ണ ഉറക്കവും ശരീരത്തിന് വളരെ പ്രധാനമാണ്. ഇത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതിന് വളരെയധികം അച്ചടക്കവും സ്ഥിരതയും ആവശ്യമാണ്. ഫലം ലഭിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങള്‍ ദിവസവും സ്വയം വ്യായാമം ചെയ്യാന്‍ തുടങ്ങും. നിങ്ങളോട് എല്ലാവരോടും സംസാരിക്കാനും എന്റെ ഫിറ്റ്‌നസ് മന്ത്രം പങ്കിടാനും എനിക്ക് അവസരം നല്‍കിയ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് നന്ദി.''

ശ്രീമതി. ഹര്‍മന്‍പ്രീതിനെപ്പോലുള്ള ഒരു പ്രതിഭാധനയായ കളിക്കാരിയുടെ വാക്കുകള്‍ തീര്‍ച്ചയായും നിങ്ങളെയെല്ലാം പ്രചോദിപ്പിക്കും.

വരൂ, ഗ്രാന്‍ഡ്മാസ്റ്റര്‍ ശ്രീ. വിശ്വനാഥന്‍ ആനന്ദ് പറയുന്നത് കേള്‍ക്കൂ. നമ്മുടെ 'ചെസ്' ഗെയിമിന് മാനസിക ക്ഷമത എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

**ഓഡിയോ**

നമസ്തേ, ഞാൻ വിശ്വനാഥൻ ആനന്ദ്. ഞാൻ ചെസ്സ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ശാരീരികവും മാനസികവുമായ കരുത്തിനായി എന്താണ് ദിവസവും ചെയ്യുന്നത് എന്ന് പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ചെസിന് വളരെയധികം ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. അതിനാൽ ഞാൻ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു പറയാം. അത് എന്നെ ആരോഗ്യക്ഷമമായും ഊർജസ്വലമായും നിലനിർത്തുന്നു. ഞാൻ ആഴ്ചയിൽ രണ്ട് തവണ യോഗ ചെയ്യുന്നു, ആഴ്ചയിൽ രണ്ട് തവണ ഞാൻ കാർഡിയോ ചെയ്യുന്നു. ഫ്ളെക്സിബിലിറ്റി, സ്ട്രെച്ചിങ്, ഭാരമുയർത്തൽ പരിശീലനം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ആഴ്ചയിൽ ഒരു ദിവസം അവധി എടുക്കാറുണ്ട്. ഇവയെല്ലാം ചെസ്സിന് വളരെ പ്രധാനമാണ്. 6 അല്ലെങ്കിൽ 7 മണിക്കൂർ നീണ്ടുനിൽക്കുന്ന തീവ്രമായ മാനസിക പ്രയത്നത്തിന് നിങ്ങൾക്ക് കരുത്ത് ആവശ്യമാണ്. അതോടൊപ്പം നിങ്ങൾക്ക് ഫ്ളെക്സിബിളായും ആശ്വാസത്തോടെയും നിലകൊള്ളാൻ കഴിയണം. കൂടാതെ, ചില പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ നിങ്ങളുടെ ശ്വാസം നിയന്ത്രിക്കാനുള്ള കഴിവ് സഹായകമാകും. ഇത് ചെസ്സ് മത്സരത്തിലാണ് സാധാരണയായി ഗുണം ചെയ്യാറുള്ളത്. എല്ലാ ‘മൻ കീ ബാത്’ ശ്രോതാക്കൾക്കുമുള്ള എന്റെ ഫിറ്റ്‌നസ് ടിപ്പ് ശാന്തത പാലിക്കുക, നമുക്കു മുന്നിലുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഫിറ്റ്‌നസ് ടിപ്പ് രാത്രിയിൽ മികച്ച രീതിയിൽ ഉറങ്ങുക എന്നതാണ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഫിറ്റ്‌നസ് ടിപ്പ്. രാത്രിയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായി ഉറങ്ങരുത്. കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രി നല്ല ഉറക്കം ലഭിക്കാൻ നാം പരമാവധി ശ്രമിക്കണം. കാരണം അത‌ിലൂടെ അടുത്ത ദിവസം പകൽ ശാന്തമായ രീതിയിൽ കടന്നുപോകാൻ നിങ്ങൾക്കു കഴിയും. നിങ്ങൾ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കരുത്; നിങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണത്തിലാണ് നിങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം ഉറക്കമാണ് ഏറ്റവും പ്രധാനപ്പെട്ട ഫിറ്റ്നസ് ടിപ്പ്.

വരൂ, ഇനി നമുക്ക് ശ്രീ. അക്ഷയ് കുമാര്‍ പറയുന്നത് കേള്‍ക്കാം.
 
**ഓഡിയോ**

''ഹലോ, ഞാന്‍ അക്ഷയ് കുമാര്‍, ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രിയോട് ഞാന്‍ ആദ്യം നന്ദി പറയുന്നു, അദ്ദേഹത്തിന്റെ 'മന്‍ കി ബാത്തില്‍' എന്റെ 'മന്‍ കി ബാത്ത്' നിങ്ങളോട് പറയാന്‍ എനിക്ക് ഒരു ചെറിയ അവസരം കൂടി ലഭിച്ചു. എനിക്ക് ഫിറ്റ്‌നസിനോട് താല്‍പ്പര്യമുള്ളത് പോലെ, സ്വാഭാവികമായ രീതിയില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലും എനിക്ക് താല്‍പ്പര്യമുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഫാന്‍സി ജിമ്മിനെക്കാള്‍ എനിക്ക് ഇഷ്ടം പുറത്ത് നീന്തല്‍, ബാഡ്മിന്റണ്‍ കളിക്കുക, പടികള്‍ കയറുക,  വ്യായാമം ചെയ്യുക, നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശുദ്ധമായ നെയ്യ് ശരിയായ അളവില്‍ കഴിച്ചാല്‍ നമുക്ക് ഗുണം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, തടി കൂടുമോ എന്ന ഭയത്താല്‍ പല ആണ്‍കുട്ടികളും പെണ്‍കുട്ടികളും നെയ്യ് കഴിക്കാറില്ല. നമ്മുടെ ഫിറ്റ്‌നസിന് നല്ലതും ചീത്തയും എന്താണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. സിനിമാ താരങ്ങളുടെ ശരീരത്തിലേക്ക് നോക്കാതെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാണ് ജീവിതശൈലി മാറ്റേണ്ടത്. താരങ്ങള്‍ പലപ്പോഴും സ്‌ക്രീനില്‍ കാണുന്നതുപോലെയല്ല. പലതരം ഫില്‍ട്ടറുകളും സ്‌പെഷ്യല്‍ ഇഫക്റ്റുകളും ഉപയോഗിക്കുന്നു, അവ കണ്ടതിനുശേഷം, നമ്മുടെ ശരീരം മാറ്റാന്‍ നമ്മള്‍ തെറ്റായ കുറുക്കുവഴികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇക്കാലത്ത്, പലരും സ്റ്റിറോയിഡുകള്‍ കഴിച്ച് ഈ സിക്‌സ് പാക്കിലേക്കോ എയ്റ്റ് പാക്കിലേക്കോ പോകുന്നു. സുഹൃത്തേ, അത്തരം കുറുക്കുവഴികളിലൂടെ ശരീരം പുറത്തു നിന്ന് വീര്‍ക്കുന്നുണ്ടെങ്കിലും ഉള്ളില്‍ നിന്ന് പൊള്ളയായി തുടരുന്നു. കുറുക്കുവഴി നിങ്ങളുടെ ജീവിതത്തെ ചെറുതാക്കുമെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ക്ക് കുറുക്കുവഴിയല്ല വേണ്ടത്, ദീര്‍ഘകാല ഫിറ്റ്‌നസ് ആണ് വേണ്ടത്. സുഹൃത്തുക്കളേ, ഫിറ്റ്‌നസ് ഒരുതരം തപസ്സാണ്. ഇൻസ്റ്റന്റ് കോഫിയോ, ടു മിനിട്സ് ന്യൂഡിൽസോ അല്ല. ഈ പുതുവര്‍ഷത്തില്‍ തീരുമാനമെടുക്കൂ! രാസവസ്തുക്കള്‍ ഇല്ല, കുറുക്കുവഴിയിലുള്ള വ്യായാമം ഇല്ല. യോഗ, നല്ല ഭക്ഷണം, കൃത്യസമയത്ത് ഉറക്കം, കുറച്ച് ധ്യാനം, ഏറ്റവും പ്രധാനം നിങ്ങള്‍ നിങ്ങളായിരിക്കുക. ഇന്നു മുതല്‍ ഫില്‍ട്ടര്‍ ജീവിതം നയിക്കരുത്, ഫിറ്റര്‍ ജീവിതം നയിക്കുക. ശ്രദ്ധപുലര്‍ത്തുക. ജയ് മഹാകാല്‍.''

ഈ മേഖലയില്‍ മറ്റ് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്, അതിനാല്‍ ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു യുവ സ്റ്റാര്‍ട്ടപ്പ് സ്ഥാപകനുമായി ഇത് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ചിന്തിച്ചു.
 
ഓഡിയോ*

''നമസ്‌ക്കാരം, എന്റെ പേര് ഋഷഭ് മല്‍ഹോത്ര, ഞാന്‍ ബാംഗ്ലൂരില്‍ നിന്നാണ്. 'മന്‍ കി ബാത്തില്‍' ഫിറ്റ്‌നസ് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഞാന്‍ തന്നെ ഫിറ്റ്‌നസിന്റെ ലോകത്താണ്, ഞങ്ങള്‍ക്ക് ബംഗളുരുവില്‍ 'സ്‌റ്റേ സ്‌ട്രോങ്' എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് ഉണ്ട്. ഭാരതത്തിന്റെ പരമ്പരാഗത വ്യായാമത്തെ മുന്നോട്ട് കൊണ്ടുവരുന്നതിനാണ് ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പരമ്പരാഗത വ്യായാമമായ 'ഗദ വ്യായാമം' വളരെ അത്ഭുതകരമായ ഒരു വ്യായാമമാണ്. ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ ഗദയിലും മുഗ്ദര്‍ വ്യായാമത്തിലും മാത്രമാണ്. ഗദ ഉപയോഗിച്ച് എങ്ങനെയാണ് എല്ലാ പരിശീലനവും ചെയ്യുന്നതെന്നറിയുമ്പോള്‍ ആളുകള്‍ ആശ്ചര്യപ്പെടുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇത് ഭാരതത്തില്‍ പരിശീലിക്കുന്നുണ്ടെന്നും ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ചെറുതും വലുതുമായ വേദികളില്‍ നിങ്ങള്‍ ഇത് കണ്ടിരിക്കണം, ഞങ്ങളുടെ സ്റ്റാര്‍ട്ടപ്പിലൂടെ ഞങ്ങള്‍ അത് ആധുനിക രൂപത്തില്‍ തിരികെ കൊണ്ടുവന്നു. രാജ്യത്തുടനീളം ഞങ്ങള്‍ക്ക് വളരെയധികം സ്‌നേഹവും മികച്ച പ്രതികരണവും ലഭിച്ചു.

'മന്‍ കി ബാത്തി'ലൂടെ' ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, ഇതുകൂടാതെ, ഭാരതത്തില്‍ നിരവധി പുരാതന വ്യായാമങ്ങളും ആരോഗ്യവും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട രീതികളും ഉണ്ട്, അത് നമ്മള്‍ സ്വീകരിക്കുകയും പഠിപ്പിക്കുകയും വേണം. ഞാന്‍ ഫിറ്റ്‌നസ് ലോകത്തില്‍ നിന്നുള്ള ആളാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഒരു വ്യക്തിഗത നുറുങ്ങ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗദാ വ്യായാമത്തിലൂടെ നിങ്ങളുടെ ശക്തി, ബലം, ഭാവം, ശ്വസനം എന്നിവ മെച്ചപ്പെടുത്താന്‍ കഴിയും, അതിനാല്‍ ഗദാ വ്യായാമം സ്വീകരിച്ച് മുന്നോട്ട് കൊണ്ടുപോകുക. ജയ് ഹിന്ദ്.''

സുഹൃത്തുക്കളേ, എല്ലാവരും അവരവരുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ചു, എന്നാല്‍ എല്ലാവര്‍ക്കും ഒരേ മന്ത്രം ഉണ്ട്  'ആരോഗ്യമായിരിക്കുക, ശാരീരിക്ഷമതയുള്ളവരായിരിക്കുക'. 2024 ആരംഭിക്കാന്‍ നിങ്ങളുടെ ഫിറ്റ്‌നസിനേക്കാള്‍ വലിയ പ്രതിജ്ഞ എന്തായിരിക്കും?

എന്റെ കുടുംബാംഗങ്ങളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാശിയില്‍ ഒരു പരീക്ഷണം നടന്നു, അത് 'മന്‍ കി ബാത്ത്' ശ്രോതാക്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. കാശിതമിഴ് സംഗമത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കാശിയില്‍ എത്തിയിരുന്നുവെന്ന് നിങ്ങള്‍ക്കറിയാം. അവരുമായി ആശയവിനിമയം നടത്താന്‍ ആദ്യമായി ഞാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് AI ടൂള്‍ ഭാഷിണി പരസ്യമായി ഉപയോഗിച്ചു. ഞാന്‍ ഹിന്ദിയില്‍ സ്‌റ്റേജില്‍ നിന്ന് അഭിസംബോധന ചെയ്യുകയായിരുന്നു, എന്നാല്‍ AI ടൂള്‍ ഭാഷിണി കാരണം, അവിടെയുണ്ടായിരുന്ന തമിഴ്‌നാട്ടുകാര്‍ അതേ സമയം തമിഴില്‍ എന്റെ പ്രഭാഷണം കേള്‍ക്കുന്നുണ്ടായിരുന്നു. കാശിതമിഴ് സംഗമത്തിനെത്തിയ ആളുകള്‍ ഈ പരീക്ഷണത്തില്‍ ആവേശഭരിതരായി. ഒരു ഭാഷയില്‍ പ്രഭാഷണം നടത്തുകയും പൊതുജനങ്ങള്‍ തത്സമയം സ്വന്തം ഭാഷയില്‍ അതേ പ്രസംഗം കേള്‍ക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ല. സിനിമാ ഹാളില്‍ അകയുടെ സഹായത്തോടെ തത്സമയ വിവര്‍ത്തനം പൊതുജനങ്ങള്‍ കേള്‍ക്കുമ്പോള്‍ സിനിമകളുടെ കാര്യത്തിലും ഇതുതന്നെ സംഭവിക്കും. നമ്മുടെ സ്‌കൂളുകളിലും ആശുപത്രികളിലും കോടതികളിലും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ എത്ര വലിയ മാറ്റം സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. തത്സമയ വിവര്‍ത്തനവുമായി ബന്ധപ്പെട്ട അക ഉപകരണങ്ങള്‍ കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും അവയെ 100% പണിക്കുറവ് തീര്‍ന്നതാക്കാനും ശ്രമിക്കണമെന്ന് ഇന്നത്തെ യുവതലമുറയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളേ, മാറുന്ന കാലത്ത് നമ്മുടെ ഭാഷകളെ സംരക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും വേണം. ഝാര്‍ഖണ്ഡിലെ ഒരു ആദിവാസി ഗ്രാമത്തെക്കുറിച്ചാണ് ഇപ്പോള്‍ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്. ഈ ഗ്രാമം അതിന്റെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ വിദ്യാഭ്യാസം നല്‍കുന്നതിന് ഒരു അതുല്യമായ സംരംഭം സ്വീകരിച്ചു. ഗഢ്‌വാ ജില്ലയിലെ മംഗലോ ഗ്രാമത്തില്‍ കുഡുഖ് ഭാഷയിലാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. ഈ സ്‌കൂളിന്റെ പേര്, 'കാര്‍ത്തിക് ഉരാംവ് ആദിവാസി കുഡൂഖ് സ്‌കൂള്‍' എന്നാണ്. 300 ആദിവാസി കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നു. കുഡൂഖ് ഭാഷയാണ് ഉരാംവ് ഗോത്രവര്‍ഗക്കാരുടെ മാതൃഭാഷ. കുഡൂഖ് ഭാഷയ്ക്കും അതിന്റേതായ ലിപിയുണ്ട്, അത് 'തോലാംഗ് സിക്കി' എന്നറിയപ്പെടുന്നു. ഈ ഭാഷയ്ക്ക് ക്രമേണ വംശനാശം സംഭവിച്ചുകൊണ്ടിരുന്നു, ഇത് സംരക്ഷിക്കാന്‍ ഈ സമൂഹം സ്വന്തം ഭാഷയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഈ സ്‌കൂള്‍ ആരംഭിച്ച അരവിന്ദ് ഉരാംവ് പറയുന്നു, ആദിവാസി കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതിനാല്‍ ഗ്രാമത്തിലെ കുട്ടികളെ അവരുടെ മാതൃഭാഷയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ മെച്ചപ്പെട്ട ഫലം നല്‍കി തുടങ്ങിയപ്പോള്‍ ഗ്രാമവാസികളും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. സ്വന്തം ഭാഷയിലുള്ള പഠനം മൂലം കുട്ടികളുടെ പഠനവേഗവും വര്‍ധിച്ചു. നമ്മുടെ നാട്ടില്‍ ഭാഷാപ്രശ്‌നങ്ങള്‍ കാരണം പല കുട്ടികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു കുട്ടിയുടെയും വിദ്യാഭ്യാസത്തിനും പുരോഗതിക്കും ഭാഷ ഒരു തടസ്സമാകരുത് എന്നതിനാണ് നമ്മുടെ ശ്രമം.

സുഹൃത്തുക്കളേ, ഓരോ കാലഘട്ടത്തിലും നമ്മുടെ ഭാരതഭൂമിയെ അഭിമാനത്താല്‍ നിറച്ചത് രാജ്യത്തിന്റെ അനന്യരായ പുത്രിമാരാണ്. സാവിത്രിഭായ് ഫുലെയും റാണി വേലു നാച്ചിയാരും രാജ്യത്തിന്റെ അത്തരത്തിലുള്ള രണ്ട് വ്യക്തിത്വങ്ങളാണ്. അവരുടെ വ്യക്തിത്വം ഒരു വിളക്കുമാടം പോലെയാണ്, അത് എല്ലാ കാലഘട്ടത്തിലും സ്ത്രീശക്തിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വഴി കാണിക്കും. ഇന്ന് മുതല്‍ ഏതാനും ദിവസങ്ങള്‍, ജനുവരി 3 ന്, നാമെല്ലാവരും ഇരുവരുടെയും ജന്മദിനം ആഘോഷിക്കും. സാവിത്രിഭായ് ഫൂലെ എന്ന പേര് നമ്മുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ നമ്മുടെ മുന്നിലെത്തുന്നത് വിദ്യാഭ്യാസസാമൂഹ്യ പരിഷ്‌കരണ രംഗങ്ങളിലെ അവരുടെ സംഭാവനയാണ്. സ്ത്രീകളുടെയും അധ:സ്ഥിതരുടെയും വിദ്യാഭ്യാസത്തിന് വേണ്ടി അവര്‍ എപ്പോഴും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. അവര്‍ തന്റെ കാലത്തേക്കാള്‍ വളരെ മുന്നിലായിരുന്നു. തെറ്റായ ആചാരങ്ങളെ എതിര്‍ക്കുന്നതില്‍ അവര്‍ എപ്പോഴും ശബ്ദമുയര്‍ത്തി. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ ശാക്തീകരണത്തില്‍ അവര്‍ക്ക് ദൃഢമായ വിശ്വാസമുണ്ടായിരുന്നു. മഹാത്മാ ഫൂലെയോടൊപ്പം പെണ്‍കുട്ടികള്‍ക്കായി നിരവധി സ്‌കൂളുകള്‍ തുടങ്ങി. അദ്ദേഹത്തിന്റെ കവിതകള്‍ ജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയും ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്തു. ആവശ്യങ്ങളില്‍ പരസ്പരം സഹായിക്കാനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനും അദ്ദേഹം എപ്പോഴും ആളുകളെ പ്രേരിപ്പിച്ചു. അവര്‍ എത്ര ദയയുള്ളവരായിരുന്നുവെന്ന് വാക്കുകളില്‍ സംഗ്രഹിക്കാന്‍ കഴിയില്ല. മഹാരാഷ്ട്രയില്‍ പട്ടിണിയുണ്ടായപ്പോള്‍, സാവിത്രിഭായിയും മഹാത്മാ ഫൂലെയും തങ്ങളുടെ വീടിന്റെ വാതിലുകള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തുറന്നുകൊടുത്തു. സാമൂഹിക നീതിയുടെ അത്തരമൊരു ഉദാഹരണം വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ. അവിടെ പ്ലേഗ് ഭീതി വ്യാപിച്ചപ്പോള്‍ അദ്ദേഹം ജനസേവനത്തില്‍ മുഴുകി. ഈ സമയത്ത്, അവര്‍ ഈ രോഗത്തിന് ഇരയായി. മാനവികതയ്ക്ക് വേണ്ടി സമര്‍പ്പിച്ച അവരുടെ ജീവിതം ഇന്നും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്.

സുഹൃത്തുക്കളെ, വൈദേശിക ഭരണത്തിനെതിരെ പോരാടിയ രാജ്യത്തെ നിരവധി മഹത്തുക്കളില്‍ ഒരാളാണ് റാണി വേലു നാച്ചിയാര്‍. തമിഴ്‌നാട്ടിലെ എന്റെ സഹോദരങ്ങളും സഹോദരിമാരും ഇപ്പോഴും അവരെ വീര മംഗൈ എന്ന പേരില്‍ ഓര്‍ക്കുന്നു, അതായത് ധീരയായ സ്ത്രീ. റാണി വേലു നാച്ചിയാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രകടിപ്പിച്ച പരാക്രമവും അവര്‍ കാണിച്ച ധീരതയും വളരെ പ്രചോദനകരമാണ്. അവിടെ രാജാവായിരുന്ന അവരുടെ ഭര്‍ത്താവ് ബ്രിട്ടീഷുകാര്‍ ശിവഗംഗ സാമ്രാജ്യത്തിനെതിരെ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. രാജ്ഞി വേലു നാച്ചിയാരും മകളും ശത്രുക്കളില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. അവര്‍ വര്‍ഷങ്ങളോളം സംഘടന രൂപീകരിക്കുന്നതിലും മരുത് സഹോദര•ാരോടൊപ്പം സൈന്യത്തെ സജ്ജമാക്കുന്നതിലും അവരുടെ സേനാനായകര്‍ക്കൊപ്പം ആമഗ്നയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമ്പൂര്‍ണ തയ്യാറെടുപ്പോടെ യുദ്ധം ആരംഭിച്ച അവര്‍ വളരെ ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പോരാടി. റാണി വേലു നാച്ചിയാര്‍ സേനയില്‍ ആദ്യമായി ഓള്‍ വിമന്‍ ഗ്രൂപ്പ് രൂപീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഈ രണ്ട് ധീര വനിതകള്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

എന്റെ കുടുംബാംഗങ്ങളേ, ഗുജറാത്തില്‍ ഡായരയുടെ ഒരു പാരമ്പര്യമുണ്ട്. രാത്രി മുഴുവനും ആയിരക്കണക്കിന് ആളുകള്‍ ഡായരയില്‍ ചേരുകയും വിനോദത്തോടൊപ്പം അറിവ് നേടുകയും ചെയ്യുന്നു. ഈ ഡായരയില്‍ നാടന്‍ സംഗീതം, നാടന്‍ സാഹിത്യം, നര്‍മ്മം എന്നീ ത്രിമൂര്‍ത്തികള്‍ ഏവരുടെയും മനസ്സില്‍ ആനന്ദം നിറയ്ക്കുന്നു. ശ്രീ. ജഗദീഷ് ത്രിവേദി  ഈ ഡായരയിലെ പ്രശസ്തനായ കലാകാരനാണ്. ഹാസ്യനടനെന്ന നിലയില്‍, ശ്രീ. ജഗദീഷ് ത്രിവേദി 30 വര്‍ഷത്തിലേറെയായി തന്റെ സ്വാധീനം നിലനിര്‍ത്തി. അടുത്തിടെ ശ്രീ. ജഗദീഷ് ത്രിവേദിയില്‍ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു, അതിനോടൊപ്പം അദ്ദേഹം അദ്ദേഹത്തിന്റെ ഒരു പുസ്തകവും അയച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പേര്  സോഷ്യല്‍ ഓഡിറ്റ് ഓഫ് സോഷ്യല്‍ സര്‍വീസ്. ഈ പുസ്തകം വളരെ അദ്വിതീയമാണ്. അതില്‍ ഒരു കണക്ക് പുസ്തകമുണ്ട്, ഈ പുസ്തകം ഒരുതരം ബാലന്‍സ് ഷീറ്റാണ്. ശ്രീ. ജഗദീഷ് ത്രിവേദിക്ക് കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ ഏതൊക്കെ പ്രോഗ്രാമുകളില്‍ നിന്ന് എത്ര വരുമാനം ലഭിച്ചു, അത് എവിടെ ചെലവഴിച്ചു എന്നതിന്റെ പൂര്‍ണ്ണമായ വിവരണം പുസ്തകത്തില്‍ നല്‍കിയിരിക്കുന്നു.
സ്‌കൂള്‍, ആശുപത്രി, ലൈബ്രറി, ദിവ്യാംഗരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍. 6 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ സാമൂഹ്യസേവനത്തിനായി അദ്ദേഹം ചെലവഴിച്ചതിനാല്‍ ഈ ബാലന്‍സ് ഷീറ്റ് അദ്വിതീയമാണ്. പുസ്തകത്തില്‍ ഒരിടത്ത് എഴുതിയിരിക്കുന്നതുപോലെ, 2022 ല്‍, തന്റെ പ്രോഗ്രാമുകളില്‍ നിന്ന് അദ്ദേഹം നേടിയത് രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി അറുനൂറ്റി എഴുപത്തിനാല് രൂപയാണ്. സ്‌കൂള്‍, ഹോസ്പിറ്റല്‍, ലൈബ്രറി എന്നിവയ്ക്കായി അദ്ദേഹം രണ്ടു കോടി മുപ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി അറുനൂറ്റി എഴുപത്തിനാല് രൂപ ചെലവഴിച്ചു. ഒരു രൂപപോലും കൈയില്‍ അവശേഷിപ്പിച്ചില്ല. യഥാര്‍ത്ഥത്തില്‍ ഇതിന് പിന്നിലും രസകരമായ ഒരു സംഭവമുണ്ട്. ഒരിക്കല്‍ ശ്രീ ജഗദീഷ്  പറഞ്ഞത്, 2017-ല്‍ തനിക്ക് 50 വയസ്സ് തികയുമ്പോള്‍, തന്റെ പരിപാടികളില്‍ നിന്നുള്ള വരുമാനം വീട്ടിലേക്ക് കൊണ്ടുപോകാതെ സമൂഹത്തിന് വേണ്ടി ചെലവഴിക്കുമെന്നാണ്. 2017 മുതല്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 9.25 കോടി രൂപ ചെലവഴിച്ചു. ഒരു ഹാസ്യനടന്‍ തന്റെ വാക്കുകള്‍ കൊണ്ട് എല്ലാവരെയും ചിരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, എത്രമാത്രം സംവേദനക്ഷമതയിലാണ് അദ്ദേഹം ജീവിക്കുന്നതെന്ന് ശ്രീ. ജഗദീഷ് ത്രിവേദിയുടെ ജീവിതത്തില്‍ നിന്ന് മനസ്സിലാക്കാം. അദ്ദേഹത്തിന് മൂന്ന് പി.എച്ച്.ഡി. ബിരുദങ്ങളും ഉണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. 75 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്, അവയില്‍ പലതും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ശ്രീ. ജഗദീഷ് ത്രിവേദിയുടെ സാമൂഹിക പ്രവര്‍ത്തനത്തിന് എല്ലാ ആശംസകളും നേരുന്നു.

എന്റെ കുടുംബാംഗങ്ങളെ, അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ ഉത്സാഹവും ആവേശവുമാണ്. ആളുകള്‍ അവരുടെ വികാരങ്ങള്‍ വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീരാമനെയും അയോധ്യയെയും കുറിച്ച് നിരവധി പുതിയ ഗാനങ്ങളും പുതിയ ഭജനുകളും രചിക്കപ്പെട്ടത് നിങ്ങള്‍ കണ്ടിരിക്കണം. പലരും പുതിയ കവിതകളും എഴുതുന്നുണ്ട്. ഇതില്‍ പരിചയസമ്പന്നരായ നിരവധി കലാകാരന്മാരുണ്ട്, പുതുതായി ഉയര്‍ന്നുവരുന്ന യുവ കലാകാരന്മാരും മനസ്സിനെ ത്രസിപ്പിക്കുന്ന ഭജനുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. എന്റെ സോഷ്യല്‍ മീഡിയയില്‍ ചില പാട്ടുകളും ഭജനുകളും ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ കലാലോകം അതിന്റേതായ തനത് ശൈലിയില്‍ പങ്കാളികളാകുകയാണെന്ന് തോന്നുന്നു. ഒരു കാര്യം എന്റെ മനസ്സിലേക്ക് വരുന്നു, അത്തരം എല്ലാ സൃഷ്ടികളും ഒരു പൊതു ഹാഷ് ടാഗ് ഉപയോഗിച്ച് നമ്മള്‍ എല്ലാവരും പങ്കിടണം. ശ്രീറാം ഭജന്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സൃഷ്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വികാരങ്ങളുടെയും ഭക്തിയുടെയും ഈ ശേഖരം അത്തരമൊരു പ്രവാഹമായി മാറും. അതില്‍ എല്ലാം രാമമയമാകും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് 'മന്‍ കി ബാത്തില്‍' ഇത്രമാത്രം. 2024ലേക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഭാരതത്തിന്റെ നേട്ടങ്ങള്‍ ഓരോ ഭാരതീയന്റെയും നേട്ടങ്ങളാണ്. പഞ്ചപ്രണങ്ങളെ ധ്യാനിച്ചുകൊണ്ട് ഭാരതത്തിന്റെ വികസനത്തിനായി നാം തുടര്‍ച്ചയായി പ്രവര്‍ത്തിക്കണം. നമ്മള്‍ എന്ത് ജോലി ചെയ്താലും എന്ത് തീരുമാനമെടുത്താലും അതില്‍ നിന്ന് രാജ്യത്തിന് എന്ത് ലഭിക്കും, അത് രാജ്യത്തിന് എന്ത് നേട്ടമുണ്ടാക്കും എന്നതായിരിക്കണം നമ്മുടെ പ്രഥമ മാനദണ്ഡം. രാജ്യം ആദ്യം,  ഇതിലും വലിയ മന്ത്രമില്ല. ഈ മന്ത്രം പിന്‍പറ്റി നമ്മള്‍ ഭാരതീയര്‍ നമ്മുടെ രാജ്യത്തെ വികസിതവും സ്വാശ്രയവുമാക്കും. 2024-ല്‍ നിങ്ങളെല്ലാവരും വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തട്ടെ, നിങ്ങള്‍ എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ, ശാരീരികക്ഷമതയുള്ളവരായിരിക്കട്ടെ, സന്തോഷത്തോടെയിരിക്കട്ടെ  ഇതാണ് എന്റെ പ്രാര്‍ത്ഥന. 2024-ല്‍ രാജ്യത്തെ ജനങ്ങളുടെ പുതിയ നേട്ടങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി നമ്മള്‍ ചര്‍ച്ച ചെയ്യും. വളരെ നന്ദി !

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage