പൊതുജന പങ്കാളിത്തത്തോടെ 'ജല-ശക്തി അഭിയാൻ' വൻ വിജയമായി മാറുകയാണ്: പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ
ഖെലോ ഇന്ത്യ രാജ്യത്തുടനീളമുള്ള യുവ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ്: പ്രധാനമന്ത്രി മോദി
ഏകദേശം 34,000 ബ്രൂ-റിയാങ് അഭയാർഥികൾക്ക് ത്രിപുരയിൽ സ്ഥിരമായി പാർപ്പിക്കും: പ്രധാനമന്ത്രി മോദി
ഹിംസ ഒരു പ്രശ്‌നത്തിനും സമാധാനമുണ്ടാക്കുന്നില്ല: പ്രധാനമന്ത്രി മോദി
നവഭാരതത്തിന് ഗഗന്‍യാന്‍ മിഷൻ ഒരു നാഴികക്കല്ലായിരിക്കും: പ്രധാനമന്ത്രി മോദി
പത്മ അവാർഡുകൾ 'ജനങ്ങളുടെ അവാർഡ്' ആയി മാറി: പ്രധാനമന്ത്രി മോദി

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നമസ്‌കാരം. ഇന്ന് ജനുവരി 26 ആണ്. 'റിപ്പബ്ലിക് ഡേ' എന്നറിയപ്പെടുന്ന ഗണതന്ത്രദിവസത്തിന്റെ അനേകം അനേകം ശുഭാശംസകള്‍. 2020 ല്‍ ആദ്യമായി 'മന്‍ കീ ബാത്ത്' ല്‍ ഒത്തു കൂടുകയാണ്. ഈ വര്‍ഷത്തിലെ ആദ്യത്തെ പരിപാടിയാണിത,് ഈ ദശകത്തിലെയും ആദ്യത്തെ പരിപാടിയാണ്. സുഹൃത്തുക്കളേ, ഇപ്രാവശ്യം റിപ്പബ്ലിക് ദിനാഘോഷം കാരണം 'മന്‍ കീ ബാത്തി' ന്റെ സമയത്തില്‍ അല്‍പ്പം മാറ്റം വരുത്തുന്നത് ഉചിതമായിരിക്കുമെന്നു തോന്നി. അതുകൊണ്ട് ഇന്ന് മറ്റൊരു സമയം നിശ്ചയിച്ചാണ് നിങ്ങളോട് 'മന്‍ കീ ബാത്ത്' പറയുന്നത്. സുഹൃത്തുക്കളേ, ദിനം മാറുന്നു, ആഴ്ചകള്‍ മാറുന്നു, മാസങ്ങള്‍ മാറുന്നു, വര്‍ഷങ്ങള്‍ മാറുന്നു, എങ്കിലും ഭാരതത്തിലെ ആളുകളുടെ ഉത്സാഹവും നമ്മളും ഒട്ടും പിന്നിലല്ല, നാം എന്തെങ്കിലുമൊക്കെ ചെയ്യുകതന്നെ ചെയ്യും. ചെയ്യാനാകും ചെയ്യാനാകും എന്ന ഈ വികാരം, ദൃഡനിശ്ചയം രൂപപ്പെട്ടുവരുന്നു. രാജ്യത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള വികാരം ദിവസേന, മുമ്പത്തേക്കാളുമധികം ബലപ്പെട്ടു വരുന്നു. സുഹൃത്തുക്കളേ, 'മന്‍ കീ ബാത്തിന്റെ' വേദിയില്‍ നാം ഒരിക്കല്‍ കൂടി ഒത്തുചേരുകയാണ്. പുതിയ പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും രാജ്യത്തെ ജനങ്ങളുടെ പുതിയ പുതിയ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കാനും ആഘോഷിക്കാനും 'മന്‍ കീ ബാത്ത്' പങ്കുവയ്ക്കാനും, പഠിക്കാനും, ഒരുമിച്ചു വളരാനുമുള്ള ഒരു നല്ല, സ്വഭാവികമായ വേദിയായി മാറിയിരിക്കയാണ്. എല്ലാ മാസവും ആയിരക്കണക്കിന് ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍, തങ്ങളുടെ ശ്രമങ്ങള്‍, തങ്ങളുടെ അനുഭവങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്നു. അവയില്‍നിന്ന് സമൂഹത്തിന് പ്രേരണ ലഭിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി, ചില കാര്യങ്ങള്‍, ആളുകളുടെ അസാധാരണമായ ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കുന്നു.
ആരോ ചെയ്തുകാട്ടിയിട്ടുണ്ട് – അതുകൊണ്ട് നമുക്കും ചെയ്തുകൂടേ? നമുക്ക് ആ പരീക്ഷണം രാജ്യമെങ്ങും നടപ്പിലാക്കി ഒരു വലിയ മാറ്റം കൊണ്ടുവരാനാകുമോ? അതിനെ സമൂഹത്തിന്റെ ഒരു സ്വഭാവികമായ ശീലമായി വളര്‍ത്തി, ആ മാറ്റത്തെ സ്ഥിരമാക്കി മാറ്റാനാകുമോ? അങ്ങനെയുള്ള ചില ചോദ്യങ്ങള്‍ക്കുത്തരം അന്വേഷിച്ചന്വേഷിച്ച് എല്ലാ മാസങ്ങളിലും 'മന്‍ കീ ബാത്തി'ല്‍ ചില അഭ്യര്‍ത്ഥനകള്‍, ചില ആഹ്വാനങ്ങള്‍ നടത്തുന്നു. ചിലതു ചെയ്തു കാട്ടാനുള്ള നിശ്ചയങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നു. കഴിഞ്ഞ പല വര്‍ഷങ്ങളിലും നാം പല ചെറിയ ചെറിയ നിശ്ചയങ്ങളെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വേണ്ടെന്ന് – 'നോ റ്റു സിംഗിള്‍ യൂസ് പ്ലാസ്റ്റിക്', ഖാദി, തദ്ദേശീയമായവ  എന്നിവ വാങ്ങലിന്റെ കാര്യം, സ്വച്ഛതയുടെ കാര്യം തുടങ്ങിയവ, പിന്നെ പെണ്‍കുട്ടികളെ ആദരിക്കലിന്റെയും അഭിമാനത്തിന്റെയും ചര്‍ച്ചയാണെങ്കിലും, പണം കുറഞ്ഞ സമ്പദ് ഘടന എന്നിവയൊക്കെ നാം ചര്‍ച്ച ചെയ്തു. ഇതുപോലുള്ള കുന്നോളം നിശ്ചയങ്ങളുടെ പിറവി നമ്മുടെ ഈ അല്ലറ-ചില്ലറ 'മന്‍ കീ ബാത്തി'ലാണ് നടന്നത്. ഇതിനുള്ള ശക്തി നല്കിയതും നിങ്ങളൊക്കെത്തന്നെയാണ്.
എനിക്ക് വളരെ സ്‌നേഹം നിറഞ്ഞ ഒരു കത്തു കിട്ടി. ബീഹാറില്‍ നിന്നുള്ള ശ്രീ. ശൈലേഷിന്റെ കത്ത്. വാസ്തവത്തില്‍ ഇപ്പോള്‍ അദ്ദേഹം ബീഹാറിലല്ല. അദ്ദേഹം ദില്ലിയില്‍ ജീവിച്ചുകൊണ്ട് ഏതോ എന്‍.ജി.ഒയുടെ കൂടെ പ്രവര്‍ത്തിക്കയാണ് എന്നാണു പറഞ്ഞത്. ശ്രീ ശൈലേഷ്ജി എഴുതുന്നു – 'മോദി ജീ, അങ്ങ് എല്ലാ 'മന്‍ കീ ബാത്തി'ലും ചില അഭ്യര്‍ഥനകള്‍ നടത്താറുണ്ട്. ഞാന്‍ അതില്‍ പല കാര്യങ്ങളും ചെയ്യുകയുണ്ടായി. ഈ തണുപ്പുകാലത്ത് ഞാന്‍ ആളുകളുടെ വീടുകളില്‍ നിന്നും വസ്ത്രങ്ങള്‍ സംഭരിച്ച് അത്യാവശ്യക്കാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഞാന്‍ 'മന്‍ കീ ബാത്ത്്' ല്‍ പ്രേരിതനായി പല കാര്യങ്ങളും ചെയ്യാന്‍ തുടങ്ങി. എന്നാല്‍ പിന്നെ സാവധാനം ചിലതു ഞാന്‍ മറന്നു പോയി, ചിലത് വിട്ടുപോയി. ഞാന്‍ ഈ പുതു വര്‍ഷത്തില്‍ 'മന്‍ കീ ബാത്തു'മായി ബന്ധപ്പെടുത്തി ഒരു കാര്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്, അതില്‍ ഈ കാര്യങ്ങളുടെയെല്ലാം ഒരു പട്ടികയുണ്ട്. ആളുകള്‍ പുതു വര്‍ഷത്തില്‍ പൂതിയ നിശ്ചയങ്ങളെടുക്കുന്നതുപോലെ. മോദിജീ, ഇതെന്റെ പുതുവര്‍ഷത്തിലെ സാമൂഹിക പ്രമേയമാണ്. ഇതെല്ലാം ചെറിയ ചെറിയ കാര്യങ്ങളാണെങ്കിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്നതാണെന്ന് എനിക്കു തോന്നുന്നു. ഈ കാര്യപരിപാടിയ്ക്ക്് അങ്ങയുടെ കൈയൊപ്പു നല്‍കി എനിക്ക് തിരികെ അയച്ചു തരാമോ?' ശൈലേഷ് ജീ- അങ്ങയ്ക്ക് വളരെ വളരെ അഭിനന്ദനങ്ങള്‍, ശുഭാശംസകള്‍. അങ്ങയുടെ പുതു വര്‍ഷത്തിലെ കാര്യപരിപാടി, 'മന്‍ കീ ബാത്ത് ചാര്‍ട്ടര്‍' എന്ന പരിപാടി വളരെ പുതുമയുള്ളതാണ്. ഞാന്‍ എന്റെ ശുഭാശംസകള്‍ രേഖപ്പെടുത്തി ഇത് തീര്‍ച്ചയായും അങ്ങയ്ക്ക് തിരികെ അയയ്ക്കും. സുഹൃത്തുക്കളേ, ഈ 'മന്‍ കീ ബാത്ത്് ചാര്‍ട്ടര്‍' ഞാന്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതില്‍ ഇത്രയധികം കാര്യങ്ങളുണ്ടല്ലോ എന്ന് എനിക്കുതന്നെ ആശ്ചര്യം തോന്നി. ഇത്രയധികം ഹാഷ്-ടാഗുകള്‍ ഇതിലുണ്ട്! കൂടാതെ നാം ഒരുമിച്ച് വളരെയധികം പരിശ്രമങ്ങള്‍ നടത്തിയെന്നും ഇത് കാട്ടിത്തരുന്നു. ചിലപ്പോള്‍ നാം 'സന്ദേശ് ടു സോള്‍ജിയേഴ്‌സ്', സൈനികര്‍ക്കുള്ള സന്ദേശത്തിനൊപ്പം നമ്മുടെ ജവാന്മാരുമായി വൈകാരിമായ രീതിയില്‍ ഉറപ്പോടെ ഒരുമിക്കാനുള്ള മുന്നേറ്റം നടത്തി, 'ഖാദി ഫോര്‍ നേഷന്‍-ഖാദി ഫോര്‍ ഫാഷന്‍' രാജ്യത്തിനു ഖാദി, ഫാഷനു ഖാദി – എന്ന പരിപാടിയിലൂടെ ഖാദി വില്പനയ്ക്ക് ഒരു പുതിയ ലക്ഷ്യം ഉണ്ടാക്കിക്കൊടുത്തു. 'ബൈ ലോക്കല്‍' എന്ന മന്ത്രം പ്രചരിപ്പിച്ചു. 'നാം ഫിറ്റെങ്കില്‍ ഇന്ത്യ ഫിറ്റ്' – നമുക്കാരോഗ്യമെങ്കില്‍ ഇന്ത്യയ്ക്കാരോഗ്യം –  എന്ന പരിപാടിയിലൂടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത വര്‍ധിപ്പിച്ചു. 'എന്റെ നിര്‍മ്മല ഭാരതം' – മൈ ക്ലീന്‍ ഇന്ത്യാ- സ്റ്റാച്യു ക്ലീനിംഗ് ശ്രമങ്ങളിലൂടെ സ്വച്ഛതയ്ക്ക് ജനമുന്നേറ്റത്തിന്റെ രൂപം കൊടുത്തു.  #നോ ടു ഡ്രഗ്‌സ്', # ഭാരത് കീ ലക്ഷ്മി, # സെല്‍ഫ് ഫോര്‍ സൊസൈറ്റി', # സ്ട്രസ്സ് ഫ്രീ എക്‌സാം, # സുരക്ഷാ ബന്ധന്‍', #ഡിജിറ്റല്‍ എക്കണോമി, #റോഡ് സേഫ്റ്റി എന്നിങ്ങനെ എണ്ണമറ്റ പരിപാടികള്‍…!
ശൈലേഷ് ജീ, അങ്ങയുടെ ഈ 'മന്‍ കീ ബാത്ത് ചാര്‍ട്ടര്‍' കണ്ടിട്ട് പട്ടിക വളരെ നീണ്ടതാണെന്ന ബോധമുണ്ടായി. വരൂ, ഈ യാത്ര തുടരാം. ഈ 'മന്‍ കീ ബാത്ത് ചാര്‍ട്ടറില്‍' നിന്ന് താത്പര്യമുള്ള ഏതെങ്കിലുമൊരു കാര്യം തിരഞ്ഞെടുക്കൂ. ഹാഷ്ടാഗ് ഉപയോഗിച്ച്, സ്വന്തം അഭിപ്രായം അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കൂ. സുഹൃത്തുക്കളെ, കുടുംബത്തെ, എല്ലാവരെയും പ്രോത്സാഹിപ്പിക്കൂ. എല്ലാ ഭാരതീയരും ഒരു ചുവട് നടക്കുമ്പോള്‍ നമ്മുടെ ഭാരതവര്‍ഷം 130 കോടി ചുവട് മുന്നോട്ടു നീങ്ങുന്നു. അതുകൊണ്ട് ചരൈവേതി-ചരൈവേതി-ചരൈവേതി, മുന്നോട്ടു നീങ്ങുക മുന്നോട്ടു നീങ്ങുക എന്ന മന്ത്രവുമായി ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുക.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മള്‍ 'മന്‍ കീ ബാത്ത്് കര്‍മ്മപദ്ധതി'യെക്കുറിച്ചു സംസാരിച്ചു. സ്വച്ഛതയ്ക്കു ശേഷം ജനപങ്കാളിത്തത്തിന്റെ വികാരം- ഒരു പങ്കാളിത്ത മനോഭാവം' ഇന്ന് മറ്റൊരു മേഖലയില്‍ക്കൂടി വളരേവേഗം പരക്കുകയാണ്, അതാണ് ജലംസംരക്ഷണമെന്ന വികാരം. ജലസംരക്ഷണത്തിന് പല വ്യാപകങ്ങളായ, പുതുമയാര്‍ന്ന ശ്രമങ്ങള്‍ രാജ്യത്തിന്റെ എല്ലാ മൂലകളിലും നടക്കുന്നുണ്ട്. കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ആരംഭിച്ച 'ജലശക്തി അഭിയാന്‍' ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് വളരെയധികം വിജയത്തിലേക്ക് മുന്നോട്ടു നീങ്ങുകയാണ്. നിരവധി തടാകങ്ങളുടെയും കുളങ്ങളുടെയും നിര്‍മ്മാണം നടന്നു. ഏറ്റവും വലിയ കാര്യം ഈ ജനമുന്നേറ്റത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ തങ്ങളുടെ പങ്കു നല്‍കി എന്നതാണ്. ഇപ്പോള്‍ രാജസ്ഥാനിലെ ഝാലോര്‍ ജില്ല കണ്ടുനോക്കൂ- അവിടത്തെ രണ്ട് ചരിത്രപ്രസിദ്ധങ്ങളായ തടാകങ്ങള്‍ ചപ്പുചവറുകളും വൃത്തികെട്ട ജലവും കൊണ്ട് നിറഞ്ഞു കിടക്കുകയായിരുന്നു. ഭദ്രായുന്‍, ധാനവാലാ എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകള്‍ ജലശക്തി അഭിയാന്‍ പരിപാടിപ്രകാരം ഇവ പുനരുജ്ജീവിക്കാന്‍ നിശ്ചയിച്ചു. മഴയ്ക്കു മുമ്പ് അവര്‍ ഈ തടാകങ്ങളില്‍ നിന്ന് കെട്ടിക്കിടന്ന വൃത്തികെട്ട വെള്ളവും, ചച്ചുചവറുകളും ചേറുമെല്ലാം മാറ്റി വൃത്തിയാക്കുന്നതിന് ഒത്തു ചേര്‍ന്നു. ഈ ജനമുന്നേറ്റത്തിന് ചിലര്‍ ശ്രമദാനം ചെയ്തപ്പോള്‍ ചിലര്‍ ധനം നല്കി സഹായിച്ചു. ഇതിന്റെ പരിണതിയെന്നപോലെ ഈ തടാകങ്ങള്‍ ഇന്ന് ഇവിടത്തെ ജീവന്‍രേഖ ആയി മാറിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ബാരാബങ്കിയിലേതും ഇതുപോലെതന്നെയുള്ള കഥയാണ്. ഇവിടെ 43 ഹെക്ടറില്‍ പരന്നു കിടന്നിരുന്ന സരാഹി തടാകം അവസാനശ്വാസം വലിക്കുകയായിരുന്നു. എന്നാല്‍ ഗ്രാമീണര്‍ തങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ബലത്തില്‍ ഇതിന് പുതുജീവനേകി. ഇത്രയും വലിയ ദൗത്യത്തിന്റെ വഴിയില്‍ ഇവര്‍ ഒരു കുറവും തടസ്സമായി വരാന്‍ അനുവദിച്ചില്ല. ഒന്നിനു പിറകെ ഒന്നായി പുതിയ ഗ്രാമങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു. ഇവര്‍ തടാകത്തിന്റെ ചുറ്റും ഒരു മീറ്റര്‍ ഉയരത്തില്‍ മതില്‍ കെട്ടി. ഇപ്പോള്‍ തടാകം നിറയെ ജലമാണ്, ചുറ്റുപാടുമുള്ള അന്തരീക്ഷം പക്ഷികളുടെ കളകളാരവം കൊണ്ട് മുഖരിതവുമാണ്.
ഉത്തരാഖണ്ഡിലെ അല്‍മോഡ-ഹല്ദ്വാനി ഹൈവേയുമായി ചേര്‍ന്നുള്ള സുനിയാകോട് ഗ്രാമത്തില്‍നിന്നും ഇതുപോലെ ജനപങ്കാളിത്തത്തിന്റെ ഒരു മാതൃക കാണാനാകും. ഗ്രാമീണര്‍ ജലദൗര്‍ലഭ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമത്തിലേക്ക് സ്വയം വെള്ളം എത്തിക്കാന്‍ തീരുമാനിച്ചു. പിന്നെന്തു സംഭവിച്ചു? ആളുകള്‍ പണം പങ്കിട്ടെടുത്തു, പദ്ധതി രൂപപ്പെട്ടു, ശ്രമദാനം നടന്നു, ഏകദേശം ഒരു കിലോമീറ്റര്‍ ദൂരെ നിന്നും ഗ്രാമം വരെ പൈപ്പിട്ടു. പമ്പിംഗ് സ്റ്റേഷനുണ്ടാക്കി, പിന്നെ നോക്കിനില്‍ക്കെ ദശകങ്ങളായി നീണ്ടുപോന്നിരുന്ന പ്രശ്‌നത്തിന് എന്നന്നേക്കുമായി സമാധാനമായി. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് ബോര്‍വെല്ലിനെ മഴവെള്ളസംഭരണത്തിനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റാനുള്ള വളറെ പുതുമ നിറഞ്ഞ ആശയം മുന്നോട്ടു വന്നിട്ടുണ്ട്. രാജ്യമെങ്ങും ജലംസംരക്ഷണവുമായി ബന്ധപ്പെട്ട അസംഖ്യം കഥകള്‍ വരുന്നുണ്ട്; ഇവ പുതുഭാരതം, ന്യൂ ഇന്ത്യ എന്ന സങ്കല്‍പ്പത്തിന് ശക്തിപകരുന്നു. ഇന്നു നമ്മുടെ ജലശക്തി ചാമ്പ്യന്മാരുടെ കഥകള്‍ കേള്‍ക്കാന്‍ രാജ്യമാകെയും ആകാംക്ഷയോടെ ഇരിക്കുന്നു. ജലാശയങ്ങളുണ്ടാക്കാനും ജലസംരക്ഷത്തിനുമായി ബന്ധപ്പെട്ടും ചെയ്ത സ്വന്തമായതോ അല്ലെങ്കില്‍ അടുത്തു നടക്കുന്നതോ ആയ കഥകള്‍ ഫോട്ടോ, വീഡിയോ #ജലശക്തിഫോര്‍ ഇന്ത്യ യില്‍ തീര്‍ച്ചയായും പങ്കുവയ്ക്കൂ എന്നാണ് എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്. 
പ്രിയപ്പെട്ട ജനങ്ങളേ, വിശേഷിച്ചും എന്റെ യുവ സുഹൃത്തുക്കളേ, ഇന്ന് 'മന്‍ കീ ബാത്ത്' ലൂടെ ഞാന്‍ അസം സര്‍ക്കാരിനും അസമിലെ ജനങ്ങള്‍ക്കും 'ഖേലോ ഇന്ത്യാ' എന്ന പരിപാടിക്ക് ആതിഥേയത്വമരുളിയതിന് വളരെ വളരെ ആശംസകള്‍ നേരുന്നു. സുഹൃത്തുക്കളേ, ജനുവരി 22 ന് ഗുവാഹതിയില്‍ മൂന്നാമത് 'ഖേലോ ഇന്ത്യാ' ഗെയിംസിന്റെ സമാപനം കുറിക്കപ്പെട്ടു. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏകദേശം ആറായിരം കളിക്കാര്‍ പങ്കെടുത്തു. കളികളുടെ ഈ മഹോത്സവത്തില്‍ 80 റെക്കോഡുകള്‍ ഭേദിക്കപ്പെട്ടു, ഇവയില്‍ 56 റെക്കോഡുകള്‍ ഭേദിച്ചത് പെണ്‍കുട്ടികളാണ് എന്നതറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും.  ഈ നേട്ടമുണ്ടായത് പെണ്‍കുട്ടികളുടെ പേരിലാണ്. ഞാന്‍ എല്ലാ വിജയികള്‍ക്കുമൊപ്പം ഇതില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നു. അതോടൊപ്പം 'ഖേലോ ഇന്ത്യാ ഗെയിംസ്' വിജയകരമായി സംഘടിപ്പിച്ചതില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ അളുകള്‍ക്കും, പരിശീലകര്‍ക്കും, ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എല്ലാ വര്‍ഷവും 'ഖേലോ ഇന്ത്യാ ഗെയിംസി'ല്‍ കളിക്കാരുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നത് നമുക്കേവര്‍ക്കും സന്തോഷം പകരുന്നു. സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്കിടയില്‍ സ്‌പോര്‍ട്‌സിനോടുള്ള താത്പര്യം എത്രത്തോളം വര്‍ധിക്കുന്നു എന്നാണ് ഇതു പറയുന്നത്. 2018 ല്‍ 'ഖേലോ ഇന്ത്യാ ഗെയിംസി'ന്റെ തുടക്കം കുറിക്കപ്പെട്ടപ്പോള്‍ ഇതില്‍ മൂവായിരത്തഞ്ഞൂറ് കളിക്കാര്‍ പങ്കെടുത്തിരുന്നുവെങ്കിലും വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കളിക്കാരുടെ എണ്ണം ആറായിരത്തിലധികമായി, അതായത് ഏകദേശം ഇരട്ടി. ഇത്രമാത്രമല്ല, വെറും മൂന്നു വര്‍ഷം കൊണ്ട് 'ഖേലോ ഇന്ത്യാ ഗെയിംസി'ലൂടെ മുപ്പത്തിരണ്ടായിരം  പ്രതിഭാശാലികളായ കുട്ടികള്‍ വളര്‍ന്നു മുന്നോട്ടു വന്നിരിക്കുന്നു. ഇവരില്‍ പല കുട്ടികളും ഇല്ലായ്മയിലും ദാരിദ്ര്യത്തിലും പഠിച്ചു വളര്‍ന്നവരാണ്. 'ഖേലോ ഇന്ത്യാ ഗെയിംസി'ല്‍  പങ്കെടുക്കുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ക്ഷമയുടെയും ദൃഢനിശ്ചയത്തിന്റെയും കഥകള്‍ എല്ലാ ഹിന്ദുസ്ഥാനികള്‍ക്കും പ്രേരണയേകുന്നതാണ്. ഗുവാഹതിയിലെ പൂര്‍ണ്ണിമാ മണ്ഡലിന്റെ കാര്യമെടുക്കൂ, അവര്‍ ഗുവാഹതി കോര്‍പ്പറേഷനിലെ ഒരു ശുചീകരണ തൊഴിലാളിയാണ്. എന്നാല്‍ അവരുടെ മകള്‍ മാളവിക ഫുട്‌ബോളിലും അവരുടെ ഒരു മകന്‍ സുജിത് ഖോഖോയിലും രണ്ടാമത്തെ മകന്‍ പ്രദീപ് ഹോക്കിയിലും അസമിനെ പ്രതിനിധീകരിച്ചു.
തമിഴ്‌നാടില്‍ നിന്നുള്ള യോഗാനന്ദന്റെ കഥയും ഇതുപോലെ അഭിമാനം കൊള്ളിക്കുന്നതാണ്. അദ്ദഹം തമിഴ്‌നാട്ടില്‍ ബീഡിയുണ്ടാക്കുന്ന ജോലി ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍, പൂര്‍ണശ്രീ ഭാരോദ്വഹനം, വെയ്റ്റ് ലിഫ്റ്റിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ട് ഏവരുടെയും മനം കവര്‍ന്നു. ഞാന്‍ ഡേവിഡ് ബക്കാമിന്റെ പേരു പറയുമ്പോള്‍ നിങ്ങള്‍ക്ക് പ്രസിദ്ധനായ അന്താരാഷ്ട്ര ഫുട്‌ബോളറെ ഓര്‍മ്മ വരും. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പക്കലും ഒരു ഡേവിഡ് ബെക്കാം ഉണ്ട്. അദ്ദേഹം ഗുവാഹതിയില്‍ നടന്ന 'യൂത്ത് ഗെയിംസി'ല്‍ സ്വര്‍ണ്ണപ്പതക്കം നേടി. അതും സൈക്ലിംഗ് മത്സരത്തില്‍ 200 മീറ്റര്‍ സ്പ്രിന്റ് ഇവന്റില്‍. എന്നെ സംബന്ധിച്ചിടത്തോളം ഇരട്ട സന്തോഷം. ഞാന്‍ ആന്തമാന്‍ നിക്കോബാറില്‍ പോയപ്പോള്‍ കാര്‍-നിക്കോബാര്‍ ദ്വീപില്‍ താമസിക്കുന്ന ഈ ഡേവിഡിന്റെ കാര്യം അറിഞ്ഞു. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളുടെ തണല്‍ നഷ്ടപ്പെട്ടിരുന്നു. അവന്റെ ചാച്ച അവനെ ഫുട്‌ബോളറാക്കാനാഗ്രഹിച്ചതുകൊണ്ട് പ്രസിദ്ധനായ ഫുട്‌ബോള്‍ കളിക്കാരന്റെ പേരാണ് നല്കിയത്. എന്നാല്‍ അവന്റെ മനസ്സ് സൈക്ലിംഗിലാണ് ഉറച്ചിരുന്നത്. ഖേലോ ഇന്ത്യാ സ്‌കീം പ്രകാരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ന് കണ്ടില്ലേ അദ്ദേഹത്തിന് സൈക്ലിംഗില്‍ കീര്‍ത്തിസ്തംഭം സ്ഥാപിക്കാന്‍ സാധിച്ചിരിക്കയാണ്. 
ഭിവാനിയിലെ പ്രശാന്ത് സിംഗ് കനയ്യ പോള്‍ വോള്‍ട്ടില്‍ സ്വന്തം ദേശീയ റെക്കോഡാണ് ഭേദിച്ചത്. 19 വയസ്സുകാരനായ പ്രശാന്ത് ഒരു കര്‍ഷക കുടുംബത്തില്‍ പെട്ടയാളാണ്. പ്രശാന്ത് സാധാരണ മണ്ണിലാണ് പോള്‍വോള്‍ട്ട് അഭ്യസിച്ചിരുന്നതെന്നു കേട്ടാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഇതറിഞ്ഞ സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിന്റെ കോച്ചിന് ദില്ലിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അക്കാദമി നടത്താന്‍ സഹായം ചെയ്തു, ഇന്നു പ്രശാന്ത് അവിടെ പരിശീലനം നേടുകയാണ്.
മുംബൈയിലെ കരീനാ ശാന്തയുടെ കഥയിലെ, ഏതൊരു പരിതസ്ഥിതിയിലും പരാജയം സമ്മതിക്കാതിരിക്കാനുള്ള ആവേശം ആരെയും പ്രേരിപ്പിക്കുന്നതാണ്. കരീന നീന്തലില്‍ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക് മത്സരത്തില്‍ പങ്കെടുത്തു. അണ്ടര്‍ 17 കാറ്റഗറിയില്‍ സ്വര്‍ണ്ണമെഡല്‍ നേടി, പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന കരീന മുട്ടിന് പരുക്കു പറ്റിയതു കാരണം പരിശീലനം ഉപേക്ഷിക്കേണ്ട സ്ഥിതിയും ഇടയ്ക്ക് ഉണ്ടാവുകയുണ്ടായി. എങ്കിലും കരീനയും അവളുടെ അമ്മയും ധൈര്യം കൈവിട്ടില്ല. പരിണതി ഇന്നു നമ്മുടെ മുന്നിലുണ്ട്. ഞാന്‍ എല്ലാ കളിക്കാര്‍ക്കും ഉജ്ജ്വലമായ ഭാവി ആശംസിക്കുന്നു. ഇതോടൊപ്പം ഞാന്‍ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഇവരുടെയെല്ലാം മാതാപിതാക്കളെയും നമിക്കുന്നു, അവരാണ് ദാരിദ്ര്യം തങ്ങളുടെ കുട്ടികളുടെ ഭാവിക്ക് തടസ്സമാകാന്‍ അനുവദിക്കാതിരുന്നത്. ദേശീയ സ്‌പോര്‍ട്‌സ് മത്സരങ്ങളിലൂടെ കളിക്കാര്‍ക്ക് അവര്‍ക്ക് കളിയിലുള്ള അഭിനിവേശം വ്യക്തമാക്കാന്‍ അവസരം കിട്ടുന്നു, അതോടൊപ്പം മറ്റു സംസ്ഥാനങ്ങളുടെ സംസ്‌കാരത്തെ അടുത്തറിയാനും അവസരം ലഭിക്കുന്നു എന്നു നമുക്കെല്ലാമറിയാം. അതുകൊണ്ട് നാം 'ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസി'ന്റെ അതേ നിലവാരത്തില്‍ത്തന്നെ എല്ലാ വര്‍ഷവും 'ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസും' നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.
സുഹൃത്തുക്കളേ, അടുത്ത മാസം, ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ ഒഡിഷയിലെ കട്ടക്കിലും ഭുവനേശ്വറിലും ആദ്യത്തെ 'ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസ്' നടത്താന്‍ പോകുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ മൂവായിരത്തിലധികം കളിക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രിയപ്പെട്ട ജനങ്ങളേ, പരീക്ഷയുടെ സീസണ്‍ എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ വിദ്യാര്‍ഥികളും തങ്ങളുടെ തയ്യറെടുപ്പിന് അവസാനത്തെ രൂപം നല്‍കാന്‍ മുഴുകിയിരിക്കയായിരിക്കും. രാജ്യത്തെ കോടിക്കണക്കിന് വിദ്യാര്‍ഥി സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷയെക്കുറിച്ച് ചര്‍ച്ച നടത്തിയ അനുഭവത്തിനുശേഷം രാജ്യത്തെ യുവമനസ്സ് ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കയാണെന്നും എല്ലാ വെല്ലുവിളികളെയും നേരിടാന്‍ തയ്യാറാണെന്നും എനിക്ക് വിശ്വാസത്തോടെ പറയാനാകും.
സുഹൃത്തുക്കളേ, ഒരു വശത്ത് പരീക്ഷകളും മറുവശത്ത് തണുത്ത കാലാവസ്ഥയും! ഇവയ്ക്കിടയില്‍ സ്വയം ആരോഗ്യത്തോടെയിരിക്കൂ എന്നാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്. അല്പസ്വല്പം വ്യായാമം തീര്‍ച്ചയായും ചെയ്യണം, കുറച്ച് കളിക്കയും ചാടുകയുമൊക്കെ വേണം. കളികള്‍ ആരോഗ്യത്തോടെയിരിക്കാനുള്ള മൂലമന്ത്രമാണ്. ഫിറ്റ് ഇന്ത്യയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ നടക്കുന്നത് ഞാന്‍ ഈയിടെയായി കാണുന്നുണ്ട്. ജനുവരി 18 ന് യുവാക്കള്‍ രാജ്യമെങ്ങും സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. അതില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ജനങ്ങള്‍ ഫിറ്റ്‌നസിന്റെ സന്ദേശം നല്കി. നമ്മുടെ നവഭാരതം പൂര്‍ണ്ണമായും ഫിറ്റാക്കി വയ്ക്കുന്നതിന് എല്ലാ തലത്തിലും കാണുന്ന ശ്രമങ്ങള്‍ ആവേശവും ഉത്സാഹവും നിറയ്ക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ഫിറ്റ് ഇന്ത്യാ സ്‌കൂള്‍ എന്ന തുടക്കവും ഇപ്പോള്‍ ഫലം കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെ 65000 ലധികം സ്‌കൂളുകള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി 'ഫിറ്റ് ഇന്ത്യാ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്' നേടിയിരിക്കുന്നു എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത്. രാജ്യത്തെ ബാക്കി എല്ലാ സ്‌കൂളുകളോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് അവര്‍ തീര്‍ച്ചയായും ഫിസിക്കല്‍ ആക്റ്റിവിറ്റികളും കളികളും പഠനവുമായി ബന്ധപ്പെടുത്തി 'ഫിറ്റ് സ്‌കൂള്‍' ആകണമെന്നാണ്. ഇതോടൊപ്പം തങ്ങളുടെ ദിനചര്യയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നാണ് എല്ലാ ജനങ്ങളോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. നാം ഫിറ്റെങ്കില്‍ ഇന്ത്യാ ഫിറ്റെന്ന് ദിവസേന സ്വയം ഓര്‍മ്മപ്പെടുത്തൂ.
പ്രിയപ്പെട്ട ജനങ്ങളേ, രണ്ടാഴ്ച മുമ്പ് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ഉത്സവങ്ങളുടെ മേളമായിരുന്നു. പഞ്ചാബില്‍ ലോഹ്ഡി ആവേശവും ഉത്സാഹവും പരത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ സഹോദരിമാരും സഹോദരന്മാരും പൊങ്കല്‍ ആഘോഷിച്ചു, തിരുവള്ളുവരുടെ ജയന്തി ആഘോഷിച്ചു. അസമില്‍ ബിഹുവിന്റെ മനോഹരമായ ആഘോഷങ്ങള്‍ കാണാനായപ്പോള്‍ ഗുജറാത്തില്‍ എല്ലായിടത്തും ഉത്തരായനം ആഘോഷിക്കപ്പെടുകയായിരുന്നു. പട്ടങ്ങള്‍ നിറഞ്ഞ ആകാശം കാണാനായി. 
ഇതേ സമയത്ത് ദില്ലിയില്‍ ഒരു മഹത്തായ ഒത്തുതീര്‍പ്പില്‍ ഒപ്പിട്ടു. ഇതോടെ 25 വര്‍ഷം പഴയ ബ്രൂ റിയാംഗ് അഭയാര്‍ഥി പ്രശ്‌നം, വേദനിപ്പിക്കുന്ന ഒരു അധ്യായത്തിന് അന്ത്യം കുറിക്കപ്പെട്ടു. എന്നന്നേക്കുമായി അവസാനിച്ചു. തിരക്കുപിടിച്ച ഉത്സവസീസണ്‍ ആയിരിക്കെ നിങ്ങള്‍ ഒരുപക്ഷേ ഈ ചരിത്രംകുറിക്കുന്ന ഒത്തുതീര്‍പ്പിനെക്കുറിച്ച് വിശദമായി അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ട് അതെക്കുറിച്ച് 'മന്‍ കീ ബാത്ത്' ല്‍ നിങ്ങളോടു തീര്‍ച്ചായയും പറയണമെന്ന് എനിക്കു തോന്നി. 90 കളിലെ ദശകത്തിലെ പ്രശ്‌നമായിരുന്നു. 1997 ല്‍ ജാതിപരമായ സംഘര്‍ഷം കാരണം ബ്രു റിയാംഗ് ജനജാതിയില്‍ പെട്ട ജനങ്ങള്‍ക്ക് മിസോറാമില്‍നിന്ന് രക്ഷപ്പെട്ട് ത്രിപുരയില്‍ അഭയം തേടേണ്ടി വന്നിരുന്നു. ഈ അഭയാര്‍ഥികള്‍ക്ക് വടക്കന്‍ ത്രിപുരയിലെ കഞ്ചന്‍പൂര്‍ ല്‍ സ്ഥിതി ചെയ്യുന്ന താത്കാലിക ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നു. ബ്രു റിയാംഗ് സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് അഭയാര്‍ഥികളായി ജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ കാലം നഷ്ടമായി എന്നത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. ക്യാമ്പുകളില്‍ ജീവിതം കഴിക്കുകയെന്നാല്‍ ഒരു അടിസ്ഥാന സൗകര്യവും ഇല്ലാതിരിക്കുക എന്നായിരുന്നു. 23 വര്‍ഷത്തോളം വീടുമില്ല, ഭൂമിയുമില്ല, കുടുംബത്തിന് രോഗാവസ്ഥകളില്‍ ചികിത്സയില്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസമില്ല, അതിനുള്ള സൗകര്യങ്ങളുമില്ല. 23 വര്‍ഷങ്ങള്‍ ക്യാമ്പുകളിലെ കഷ്ടം പിടിച്ച സ്ഥിതിയില്‍ ജീവിക്കുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം എത്ര കഷ്ടപ്രദമായിരുന്നിരിക്കും. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും, എല്ലാ ദിവസങ്ങളിലും ഒരു അനിശ്ചിതമായ ഭാവിയുമായി കഴിയുക എത്ര ബുദ്ധിമുട്ടായിരുന്നിരിക്കും! സര്‍ക്കാരുകള്‍ വരുകയും പോവുകയും ചെയ്തുവെങ്കിലും ഇവരുടെ വേദനയ്ക്ക് പരിഹാരമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്രയധികം കഷ്ടപ്പെട്ടു കഴിഞ്ഞിട്ടും ഭാരതത്തിന്റെ ഭരണകൂടത്തോടും സംസ്‌കാരത്തോടുമുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു. ഈ വിശ്വാസത്തിന്റെ പരിണതിയെന്നോണമാണ് അവരുടെ ജീവിതത്തില്‍ ഇന്ന് പുതിയ പ്രഭാതം പൊട്ടിവിടര്‍ന്നിരിക്കുന്നത്. ഈ ഒത്തുതീര്‍പ്പു പ്രകാരം അവര്‍ക്ക് അഭിമാനകരമായി ജീവിക്കാനാകുന്ന വഴി തുറക്കപ്പെട്ടിരിക്കയാണ്. അവസാനം 2020 ലെ പുതുവര്‍ഷം ബ്രൂ-റിയാംഗ് സമൂഹത്തിന്റെ ജീവിതത്തില്‍ ഒരു പുതിയ ആശയുടെയും പ്രതീക്ഷയുടെയും കിരണവുമായി എത്തിയിരിക്കുന്നു. ഏകദേശം 34,000 ബ്രൂ അഭയാര്‍ഥികളെ ത്രിപുരയില്‍ താമസിപ്പിച്ചു. ഇത്രമാത്രമല്ല, അവരുടെ പുനരധിവാസത്തിനും സര്‍വ്വാംഗീണമായ വികസനത്തിനും കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 600 കോടി രൂപയുടെ സഹായവും ചെയ്യും. ഓരോ അഭയാര്‍ഥി കുടുംബത്തിനും ഭൂമി നല്കും. വീടുണ്ടാക്കാന്‍ അവര്‍ക്ക് സഹായം നല്കും. അതോടൊപ്പം അവര്‍ക്ക് റേഷനുള്ള ഏര്‍പ്പാടുകളും ചെയ്തുകൊടുക്കും. അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനോപകാരപ്രദങ്ങളായ പദ്ധതികളുടെ നേട്ടം ലഭിക്കും. ഈ ഒത്തു തീര്‍പ്പ് പല കാരണങ്ങള്‍കൊണ്ടും വളരെ പ്രധാനമാണ്. ഇത് സഹകരണ ഫെഡറിലസമെന്ന സങ്കല്പ്പത്തെയാണ് കാട്ടിത്തരുന്നത്. ഒത്തുതീര്‍പ്പിന് മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഈ ഒത്തുതീര്‍പ്പ് രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സമ്മതവും നന്മയിലുള്ള ആഗ്രഹം കൊണ്ടുമാണ് സാധിച്ചത്. ഇക്കാര്യത്തില്‍ ഞാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളോടും അവിടത്തെ മുഖ്യമന്ത്രിമാരോടും വിശേഷാല്‍ നന്ദി രേഖപ്പെടുത്തുവാനാഗ്രഹിക്കുന്നു. ഈ ഒത്തുതീര്‍പ്പ് ഭാരതീയ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കാരുണ്യം, സന്മനോഭാവം എന്നിവയാണ് പ്രകടമാക്കുന്നത്. എല്ലാവരെയും സ്വന്തമെന്നു കണക്കാക്കി മുന്നോട്ടു പോവുകയും ഐക്യത്തോടെ ജീവിക്കുകയും ചെയ്തതു കൊണ്ടാണ് ഈ പവിത്രമായ ഭൂമിയുടെ സംസ്‌കാരം കാത്തുരക്ഷിക്കപ്പെട്ടത്. ഒരിക്കല്‍ കൂടി ഞാന്‍ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബ്രു-റിയാംഗ് സമൂഹത്തിലെ ജനങ്ങളെയും വിശേഷാല്‍ അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇത്രയും വലിയ ഖേലോ ഇന്ത്യാ എന്നെ ഗെയിംസ് പരിപാടി വിജയപ്രദമായി സംഘടിപ്പിച്ച അസമില്‍ ഒരു വലിയ കാര്യം കൂടി നടന്നു. കുറച്ചു നാളുകള്‍ക്കു മുമ്പ് അസമില്‍, എട്ട് വ്യത്യസ്തങ്ങളായ ഭീകരവാദസംഘങ്ങളിലെ 644 ആളുകള്‍ തങ്ങളുടെ ആയുധങ്ങള്‍ക്കൊപ്പം കീഴടങ്ങുകയുണ്ടായെന്ന് നിങ്ങള്‍ വാര്‍ത്തയില്‍ കേട്ടിട്ടുണ്ടാകും. നേരത്തേ ഹിംസയുടെ പാതയിലൂടെ പോയവര്‍ ശാന്തിയില്‍ തങ്ങളുടെ വിശ്വാസം  അര്‍പ്പിച്ചു രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് തീരുമാനിച്ചു, മുഖ്യധാരയിലേക്കു മടങ്ങിയെത്തി. കഴിഞ്ഞ വര്‍ഷം ത്രിപുരയില്‍ എണ്‍പതിലധികം പേര്‍ ഹിംസയുടെ വഴി വിട്ട് മുഖ്യധാരയിലേക്ക് മടങ്ങിയെത്തുകയുണ്ടായി.  ഹിംസയിലൂടെ പ്രശ്‌നങ്ങള്‍ക്ക് സമാധാനമുണ്ടാക്കാനാകും എന്നു വിചാരിച്ച് ആയുധമെടുത്തവര്‍ക്ക് ശാന്തിയും ഐക്യവുമാണ് ഏതൊരു വിവാദത്തിനും പരിഹാരമുണ്ടാക്കാനുള്ള ഒരേയൊരു വഴിയെന്ന വിശ്വാസം ദൃഢമായിരിക്കുന്നു. നോര്‍ത്ത് ഈസ്റ്റില്‍ നുഴഞ്ഞുകറ്റം വളരെയധികം കുറഞ്ഞിരിക്കുന്നുവെന്നും ഇതിനുള്ള പ്രധാനകാരണവും ഈ ഭാഗവുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രശ്‌നങ്ങളും ശാന്തിയോടെ, വിശ്വസ്തതയോടെ, ചര്‍ച്ച നടത്തി പരിഹരിക്കാനാകുന്നു എന്നറിയുന്നതില്‍ ജനങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടാകും. രാജ്യത്തിന്റെ ഏതൊരു മൂലയിലും ഇപ്പോഴും ഹിംസയുടെയും ആയുധത്തിന്റെയും ബലത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കുന്ന ആളുകളോട് ഇന്ന് ഗണതന്ത്രദിനത്തിന്റെ, റിപ്പബ്ലിക് ദിനത്തിന്റെ പവിത്ര വേളയില്‍ മടങ്ങി വരാന്‍ അഭ്യര്‍ഥിക്കുന്നു. പ്രശ്‌നങ്ങളെ ശാന്തിപൂര്‍ണ്ണമായ രീതിയില്‍ പരിഹരിക്കുന്നതില്‍ അവരവര്‍ക്കും ഈ രാജ്യത്തിനുമുള്ള കഴിവില്‍ വിശ്വാസമര്‍പ്പിക്കൂ. നാം ഇരുപതാം നൂറ്റാണ്ടിലാണ്, ഇത് അറിവിന്റെയും ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും യുഗമാണ്. ഹിംസയിലൂടെ ജീവിതം മെച്ചപ്പെട്ടതായ ഏതെങ്കിലും ഇടത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ശാന്തിയും സന്മനോഭാവവും ജീവിതത്തിന് കഷ്ടപ്പാടു സമ്മാനിച്ച ഏതെങ്കിലും ഇടത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഹിംസ ഒരു പ്രശ്‌നത്തിനും സമാധാനമുണ്ടാക്കുന്നില്ല. ലോകത്തിലെ ഏതൊരു പ്രശ്‌നത്തിനും പരിഹാരം മറ്റേതൊരു പ്രശ്‌നവും ഉണ്ടാക്കുന്നതിലൂടെയല്ല, മറിച്ച് കൂടുതല്‍ കൂടുതല്‍ സമാധാനം കണ്ടെത്തുന്നതിലൂടെയേ സാധിക്കൂ. വരൂ, നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ശാന്തി, എല്ലാ പ്രശ്‌നത്തിന്റെയും ഉത്തരത്തിന് അടിസ്ഥാനമാകുന്ന ഒരു പുതിയ ഭാരതത്തിന്റെ നിര്‍മ്മാണത്തിനായി ഒരുമിക്കാം. ഐക്യം എല്ലാ പ്രശ്‌നത്തിന്റെയും പരിഹാരത്തിനുള്ള ശ്രമമാകട്ടെ. സഹോദര്യത്തിലൂടെ വിഭജനത്തിനും വേറിടലിനുമുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്താം. 
പ്രിയപ്പെട്ട ജനങ്ങളേ, ഇന്ന് റിപ്പബ്ലിക് ദിനത്തിന്റെ പാവനമായ അവസരത്തില്‍ എനിക്ക് ഗഗന്‍യാനിനെക്കുറിച്ചു പറയുന്നതില്‍ വളരേയറെ സന്തോഷമുണ്ട്. രാജ്യം ആ ദിശയിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടു വച്ചിരിക്കയാണ്. 2022 ല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ആ അവസരത്തില്‍ നമുക്ക് ഗഗന്‍യാന്‍ മിഷനോടൊപ്പം ഒരു ഭാരതവാസിയെ ബഹിരാകാശത്തിലേക്ക് കൊണ്ടുപോകാനുള്ള സ്വപ്നം സാക്ഷാത്കരിക്കേണ്ടതുണ്ട്. ഗഗന്‍യാന്‍ മിഷന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രസാങ്കേതിക രംഗത്ത് ഭാരതത്തിന്റെ ഒരു ചരിത്ര നേട്ടമായിരിക്കും. നവഭാരതത്തിന് ഇത് ഒരു നാഴികക്കല്ലായിരിക്കും.
സുഹൃത്തുക്കളേ, ഈ ദൗത്യത്തില്‍, ബഹിരാകാശയാത്രയ്ക്കായി നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ നാലുപേരും ഭാരതീയ വായുസേനയുടെ യുവ പൈലറ്റുമാരാണ്. ഈ നാളെയുടെ വാഗ്ദാനങ്ങളായ യുവാക്കള്‍ ഭാരതത്തിന്റെ നൈപുണ്യം, പ്രതിഭ, കഴിവ്, ധൈര്യം, സ്വപ്നങ്ങള്‍ എന്നിവയുടെ പ്രതീകങ്ങളാണ്. നമ്മുടെ നാലു സുഹൃത്തുക്കളും  അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പരിശീലനത്തിനായി റഷ്യയിലേക്കു പോകുന്നതാണ്. ഇവര്‍ ഭാരതവും റഷ്യയും തമ്മിലുള്ള മൈത്രിയുടെയും സഹകരണത്തിന്റെയും മറ്റൊരു സുവര്‍ണ്ണ അധ്യായമായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇവര്‍ക്ക് ഒരു വര്‍ഷത്തിലധികം പരിശീലനം നല്‍കുന്നതാണ്. അതിനുശേഷം രാജ്യത്തിന്റെ ആശകളുടെയും അഭിലാഷങ്ങളുടെയും വിമാനം ബഹിരാകാശത്തിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഇവരില്‍ ഒരാള്‍ക്കായിരിക്കും. ഇന്ന് റിപ്പബ്ലിക് ദിനത്തിന്റെ ശുഭാവസരത്തില്‍ ഈ നാലു യുവാക്കള്‍ക്കും ഈ മിഷനുമായി ബന്ധപ്പെട്ട ഭാരതത്തിന്റെയും റഷ്യയുടെയും ശാസ്ത്രജ്ഞന്മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. 
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ മാര്‍ച്ചില്‍ ഒരു വീഡിയോയെക്കുറിച്ച്  പൊതുമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ച നടന്നിരുന്നു. നൂറ്റിയേഴു വയസ്സുള്ള ഒരു അമ്മ രാഷ്ട്രപതി ഭവനിലെ ആഘോഷത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് രാഷ്ട്രപതിജിക്ക് ആശീര്‍വ്വാദം നല്കുന്നതായിരുന്നു ചര്‍ച്ചാവിഷയമായത്. ഈ അമ്മ കര്‍ണ്ണാടകയിലെ വൃക്ഷമാതാ എന്ന പേരില്‍ വിഖ്യാതയായ സാലൂമര്‍ദാ ഥിമക്കാ ആയിരുന്നു. ആ ആഘോഷം പദ്മ പുരസ്‌കാര വിതരണത്തിന്റേതായിരുന്നു. തീര്‍ത്തും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഥിമക്കായുടെ അസാധാരണമായ സംഭാവനയെക്കുറിച്ച് രാജ്യം അറിഞ്ഞു, മനസ്സിലാക്കി, സമാദരിച്ചു. ആ അമ്മയ്ക്ക് പദ്മശ്രീ സമ്മാനം നല്കുകയായിരുന്നു. 
സുഹൃത്തുക്കളേ, ഇന്ന് ഭാരതം ഈ മഹാവ്യക്തിത്വങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. മണ്ണിനോടു മുട്ടി നില്‍ക്കുന്ന ആളുകളെ ആദരിക്കുന്നതിലൂടെ അഭിമാനം അനുഭവിക്കുകയാണ്. എല്ലാ വര്‍ഷത്തെയും പോലെ ഇന്നലെ വൈകിട്ട് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ ഈ എല്ലാവരെയും കുറിച്ച് വായിച്ചു മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇവരുടെ സംഭാവനകളെക്കുറിച്ച്, കുടുബങ്ങളില്‍ ചര്‍ച്ച നടത്തണം. 2020 ലെ പദ്മ പുരസ്‌കാരങ്ങള്‍ക്ക് ഇപ്രാവശ്യം 46,000 – ത്തിലധികം പേരുകള്‍ ലഭിക്കയുണ്ടായി. ഈ എണ്ണം 2014 ലെതിനെ അപേക്ഷിച്ച് 20 ഇരട്ടി അധികമാണ്. ഇപ്പോള്‍ പദ്മ പുരസ്‌കാരം ജനങ്ങള്‍ക്കുള്ള പുരസ്‌കാരമാണെന്ന ജനങ്ങളുടെ വിശ്വാസത്തെയാണ്  ഈ എണ്ണം കാണിക്കുന്നത്. ഇപ്പോള്‍ പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള എല്ലാ പ്രക്രിയകളും ഓണ്‍ലൈന്‍ ആണ്. നേരത്തെ സമിതിയില്‍ പെട്ട ആളുകള്‍ക്കിടയില്‍ നടന്നിരുന്ന തീരുമാനം ഇപ്പോല്‍ തീര്‍ത്തും ജനങ്ങള്‍ നയിക്കുന്നതാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പദ്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു പുതിയ വിശ്വാസവും ബഹുമാനവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പുരസ്‌കാരം നേടുന്നവരില്‍ പലരും അധ്വാനത്തിന്റെ പരകോടിയിലൂടെ താഴേതലത്തില്‍ നിന്ന് ഉയര്‍ന്നുവന്നവരാണ്. പരിമിതമായ വിഭവങ്ങളുടെ തടസ്സങ്ങളും ചുറ്റുപാടുമുള്ള കടുത്ത നിരാശയെയും അതിലംഘിച്ച് മുന്നോട്ടു വന്നവരാണ്. അവരുടെ ഉറച്ച ഇച്ഛാശക്തിയും സേവനമനോഭാവവും നിസ്വാര്‍ഥതയും നമുക്കേവര്‍ക്കും പ്രേരണയേകുന്നതാണ്. ഞാന്‍ ഒരിക്കല്‍കൂടി പദ്മ പുരസ്‌കാരജേതാക്കളെ അഭിനന്ദിക്കുന്നു. അവരെക്കുറിച്ചൊക്കെ വായിക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിനും നിങ്ങളേവരോടും വിശേഷാല്‍  അഭ്യര്‍ഥിക്കുന്നു. അവരുടെ ജീവിതത്തിന്റെ അസാധാരണ കഥകള്‍, സമൂഹത്തിന് ശരിയായ രീതിയില്‍ പ്രേരണയേകുന്നതാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കേവര്‍ക്കും ഗണതന്ത്രദിനത്തിന്റെ, റിപ്പബ്ലിക് ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍ നേരുന്നു. ഈ ദശകമൊന്നാകെ, നിങ്ങളുടെ ജീവിതത്തില്‍, ഭാരതത്തിന്റെ ജീവിതത്തില്‍ പുതിയ നിശ്ചയങ്ങളുണ്ടാകട്ടെ, പുതിയ നേട്ടങ്ങളുണ്ടാകട്ടെ. ലോകം ഭാരതത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നവയൊക്കെ പൂര്‍ത്തീകരിച്ചുകൊടുക്കാനുള്ള കഴിവ് ഭാരതം നേടട്ടെ. ഈ ഒരു വിശ്വാസത്തോടെ വരൂ, പുതിയ ദശകം നമുക്കാരംഭിക്കാം. പുതിയ നിശ്ചയങ്ങളോടെ, ഭാരതാംബയ്ക്കുവേണ്ടി ഒത്തുചേരാം. വളരെ വളരെ നന്ദി, നമസ്‌കാരം.

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.