വിദ്യാഭ്യാസരംഗത്തു സർവ്വപ്പള്ളി രാധാകൃഷ്ണന്റെ പ്രയത്നങ്ങൾ നമുക്കേവർക്കും പ്രചോദനമാണ്”
“അധ്യാപിക കൂടിയായ രാഷ്ട്രപതിയാണു ഇന്ത്യക്ക് ഇപ്പോഴുള്ളത് എന്നതു കൂടുതൽ പ്രാധാന്യമർഹിക്കുന്നു”
“ഒരു വ്യക്തിക്കു വെളിച്ചംപകരുക എന്നതാണ് അധ്യാപകന്റെ ധർമം, സ്വപ്നങ്ങൾ വിതയ്ക്കുന്നതും സ്വപ്നങ്ങളെ ദൃഢനിശ്ചയങ്ങളാക്കി മാറ്റാൻ പഠിപ്പിക്കുന്നതും അവരാണ്”
“വിദ്യാർഥികളുടെ ജീവിതത്തിന്റെ അടിസ്ഥാനമായി മാറുന്ന തരത്തിൽ ദേശീയ വിദ്യാഭ്യാസനയമെന്ന ഈ ഗവണ്മെന്റ്‌രേഖ ഉൾക്കൊള്ളേണ്ടതുണ്ട്”
“2047ലേക്കായുള്ള സ്വപ്നം കാണാത്ത ഒരു വിദ്യാർഥിയും രാജ്യത്തെങ്ങുമുണ്ടാകരുത്”
“ദണ്ഡിയാത്രയ്ക്കും ക്വിറ്റ് ഇന്ത്യക്കും ഇടയിലുള്ള വർഷങ്ങളിൽ രാജ്യം ഉൾക്കൊണ്ട മനോഭാവം പുനർനിർമ്മിക്കേണ്ടതുണ്ട്

അധ്യാപകദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ദേശീയ അധ്യാപകപുരസ്കാരജേതാക്കളുമായി സംവദിച്ചു. 

സമ്മേളനത്തെ അഭിസംബോധനചെയ്യവേ പ്രധാനമന്ത്രി സർവേപ്പള്ളി രാധാകൃഷ്ണനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഒഡിഷയിലെ വിദൂരമേഖലകളിൽ പഠിപ്പിച്ച അധ്യാപ‌ികകൂടിയായ രാഷ്ട്രപതിയാണു ഇന്ത്യക്ക് ഇപ്പോഴുള്ളത് എന്നതു കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം അധ്യാപകരെ ഓർമിപ്പിച്ചു. “ഇന്ന്, രാജ്യം ‘ആസാദി കാ അമൃത് മഹോത്സവി’ലേക്കുള്ള ബൃഹദ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തുടങ്ങുമ്പോൾ, വിദ്യാഭ്യാസമേഖലയിൽ സർവേപ്പള്ളി രാധാകൃഷ്ണന്റെ പ്രയത്നങ്ങൾ നമുക്കേവർക്കും പ്രചോദനമേകുന്നു. ഈ അവസരത്തിൽ ദേശീയപുരസ്കാരം ലഭിച്ച എല്ലാ അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അധ്യാപകരുടെ അറിവും അർപ്പണബോധവും എടുത്തുകാട്ടിയ പ്രധാനമന്ത്രി, വിദ്യാർഥികളുടെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കാൻ പ്രാപ്തരാക്കുന്ന ക്രിയാത്മക വീക്ഷണമാണ് അവരുടെ ഏറ്റവും വലിയ ഗുണമെന്നു ചൂണ്ടിക്കാട്ടി. “ഒരു വ്യക്തിക്കു വെളിച്ചംപകരുക എന്നതാണ് ഒരധ്യാപകന്റെ ധർമം, സ്വപ്നങ്ങൾ വിതയ്ക്കുന്നതും സ്വപ്നങ്ങളെ ദൃഢനിശ്ചയങ്ങളാക്കി മാറ്റാൻ അവരെ പഠിപ്പിക്കുന്നതും അവരാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. 2047ലെ ഇന്ത്യയുടെ അവസ്ഥയും വിധിയും ഇന്നത്തെ വിദ്യാർഥികളെ ആശ്രയിച്ചാണുള്ളത്. അവരുടെ ഭാവി രൂപപ്പെടുത്തുന്നത് ഇന്നത്തെ അധ്യാപകരാണ്. അതിനാൽ നിങ്ങൾ വിദ്യാർഥികളിൽ അവരുടെ ജീവിതം രൂപപ്പെടുത്തുകയാണ്. അതിലൂടെ രാജ്യത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനു സഹായിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരധ്യാപകൻ വിദ്യാർഥിയുടെ സ്വപ്നങ്ങളുമായി ചേരുമ്പോൾ, അവരുടെ ആദരവും വാത്സല്യവും ലഭിക്കുന്നതിലൂടെ, വിദ്യാർഥി വിജയം കൈവരിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 

വിദ്യാർഥികളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിലെ സംഘർഷങ്ങളും വൈരുദ്ധ്യങ്ങളും ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാലയത്തിലും സമൂഹത്തിലും വീട്ടിലും വിദ്യാർഥിക്കു സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ വളർത്തിയെടുക്കുന്നതിൽ അധ്യാപകരും വിദ്യാർഥികളുടെ കുടുംബാംഗങ്ങളും ചേർന്നുള്ള സംയോജിത സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർഥികളോട് ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാകരുതെന്നും എല്ലാ വിദ്യാർഥികളെയും തുല്യരായി കാണണമെന്നും അദ്ദേഹം നിർദേശിച്ചു.

ദേശീയ വിദ്യാഭ്യാസനയത്തിനു ലഭിച്ച പിന്തുണയെക്കുറിച്ചു വ്യക്തമാക്കി, ഇതു ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഒന്നിലധികം തവണ കടന്നുപോകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മഹാത്മാഗാന്ധി ഭഗവദ്ഗീത വീണ്ടും വീണ്ടും വായിക്കുകയും ഓരോ തവണയും പുതിയ അർഥം കണ്ടെത്തുകയുംചെയ്ത കാര്യം അനുസ്മരിച്ചു. വിദ്യാർഥികളുടെ ജീവിതത്തിന്റെ അടിസ്ഥാനമായി മാറുന്ന തരത്തിൽ ദേശീയ വിദ്യാഭ്യാസനയമെന്ന ഈ ഗവണ്മെന്റ്‌രേഖ ഉൾക്കൊള്ളേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. നയരൂപവൽക്കരണത്തിൽ അധ്യാപകർ വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിൽ അധ്യാപകർക്കു മഹത്തായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായ ‘പഞ്ച് പ്രാൺ’ അനുസ്മരിക്കുകയും ഈ പഞ്ചപ്രാണങ്ങൾ വിദ്യാലയങ്ങളിൽ പതിവായി ചർച്ചചെയ്യണമെന്നും അതിലൂടെ അവയുടെ സത്ത വിദ്യാർഥികൾക്കു വ്യക്തമാക്കണമെന്നും നിർദേശിച്ചു. ഈ ദൃഢനിശ്ചയങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കുള്ള മാർഗമായി വിലയിരുത്തപ്പെടുകയാണ്. കുട്ടികളിലേക്കും വിദ്യാർഥികളിലേക്കും അവയിലെ ആശയങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നതിനുള്ള മാർഗം നാം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2047ലേക്കുള്ള സ്വപ്നം കാണാത്ത ഒരു വിദ്യാർഥിയും രാജ്യത്തുണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദണ്ഡിയാത്രയ്ക്കും ക്വിറ്റ് ഇന്ത്യക്കും ഇടയിലുള്ള വർഷങ്ങളിൽ രാജ്യം ഉൾക്കൊണ്ട മനോഭാവം പുനർനിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനെ  മറികടന്നു ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഏകദേശം 250 വർഷം ഇന്ത്യ ഭരിച്ചവരെ മറികടക്കുന്നതിന്റെ സന്തോഷം, ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മെച്ചപ്പെട്ട റാങ്കിങ്ങിന്റെ കേവലം സ്ഥിതിവിവരക്കണക്കുകളെ മറികടക്കുന്നുവെന്നു വ്യക്തമാക്കി. ഇന്നത്തെ ലോകത്തിൽ ഇന്ത്യയെ പുതിയ ഉയരങ്ങൾ കൈവരിക്കുന്നതിലേക്കു നയിച്ച ‘ത്രിവർണ്ണ പതാക’യെന്ന മനോഭാവത്തെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഈ മനോഭാവം ഇന്ന് അത്യന്താപേക്ഷിതമാണ്”- പ്രധാനമന്ത്രി പറഞ്ഞു. 1930 മുതൽ 1942 വരെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരോടു പോരാടിയപ്പോൾ, രാജ്യത്തിനായി ജീവിക്കാനും അധ്വാനിക്കാനും മരിക്കാനുമായി  ഓരോ ഇന്ത്യക്കാരനും പ്രകടിപ്പിച്ച അതേ മനോഭാവം, ഊതിക്കാച്ചണമെന്നു പ്രധാനമന്ത്രി ഏവരോടും അഭ്യർഥിച്ചു. “എന്റെ രാജ്യം പിന്നാക്കംപോകാൻ ഞാൻ അനുവദിക്കില്ല”- പ്രധാനമന്ത്രി പറഞ്ഞു. “ആയിരക്കണക്കിനുവർഷങ്ങളായുണ്ടായിരുന്ന അടിമത്തച്ചങ്ങലകൾ നാം തകർത്തു. നാം അവസാനിപ്പിച്ചിട്ടില്ല. നാം മുന്നോട്ടുപോകുകതന്നെ ചെയ്യും”- പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗം ഉപസംഹരിക്കവേ, ഇന്ത്യയുടെ ഭാവിക്കായി സമാനമനോഭാവം സ്വാംശീകരിക്കണമെന്നു രാജ്യത്തെ അധ്യാപകരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ ശക്തി പലമടങ്ങു വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം : 

തങ്ങളുടെ പ്രതിബദ്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാർഥികളുടെ ജീവിതത്തെ സമ്പന്നമാക്കുകയുംചെയ്ത രാജ്യത്തെ മികച്ച അധ്യാപകരുടെ അതുല്യ സംഭാവനകളെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങളുടെ ഉദ്ദേശ്യം.
 
അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ പ്രാഥമിക, സെക്കൻഡറി വിദ്യാലയങ്ങളിൽ ജോലിചെയ്യുന്ന മികച്ച അധ്യാപകർക്കു പൊതുവായ അംഗീകാരം നൽകുന്നു. ഈ വർഷത്തെ പുരസ്കാരത്തിനായി രാജ്യത്തുടനീളമുള്ള 45 അധ്യാപകരെയാണ് കർശനവും സുതാര്യവുമായ മൂന്നുഘട്ട ഓൺലൈൻ പ്രക്രിയയിലൂടെ തെരഞ്ഞെടുത്തത്.

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage