എന്‍.സി.സി കേഡറ്റുകളേയും എന്‍.എസ്.എസ് വോളന്റിയര്‍മാരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ വേഷം ധരിച്ച നിരവധി കുട്ടികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുന്നത് ഇതാദ്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ജയ് ഹിന്ദ് എന്ന മന്ത്രം എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ്'', പ്രധാനമന്ത്രി പറഞ്ഞു.
വീര്‍ സാഹെബ്‌സാദേമാരുടെ ധീരതയും ധൈര്യവും രാജ്യമെമ്പാടും കൊണ്ടാടിയ വീര്‍ ബാല്‍ ദിവസ് ഒരു മാസം മുമ്പ് ആഘോഷിച്ചത് കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തെ യുവജനങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ദേശീയ യുവജനോത്സവം, അഗ്നിവീരന്മാരുടെ പ്രഥമബാച്ചില്‍പ്പെട്ടവര്‍, ഉത്തര്‍പ്രദേശിലെ ഖേല്‍ മഹാകുംഭിലെ യുവ കായിക താരങ്ങള്‍, പാര്‍ലമെന്റിലും അദ്ദേഹത്തിന്റെ വസതിയിലും വച്ച് കുട്ടികള്‍, ബാലപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ എന്നിവരുമായുള്ള ആശയവിനിമയങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ജനുവരി 27-ന് വിദ്യാര്‍ത്ഥികളുമായി നടക്കാനിരിക്കുന്ന ''പരീക്ഷാ പേ ചര്‍ച്ചാ'' ആശയവിനിമയത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
രണ്ട് കാരണങ്ങള്‍ യുവജനങ്ങളുമായുള്ള ഈ സംവാദത്തിന്റെ പ്രാധാന്യത്തിന് പ്രധാനമന്ത്രി വിവരിച്ചു. ഒന്നാമതായി, തനിക്ക് രാവും പകലും കഠിനാദ്ധ്വാനം ചെയ്യാന്‍ യുവത്വത്തിന്റെ ഊര്‍ജ്ജം, പുതുമ, അാധാരണത്വം, അഭിനിവേശം എന്നിവയിലൂടെയുള്ള എല്ലാ സകാരാത്മകതകളും പ്രചോദനമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതായി, ''ഈ 'അമൃത് കാലില്‍' നിങ്ങളെല്ലാം അഭിലാഷങ്ങളുടെ സ്വപ്‌നങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്, ഈ 'വികസിത ഭാരത'ത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാന്‍ പോകുന്നതും നിങ്ങളാണ്, അത് കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം വഹിക്കുന്നതും നിങ്ങളാണ്''. പ്രധാനമന്ത്രി പറഞ്ഞു.
പൊതുജീവിതത്തിന്റെ വിവിധ തലങ്ങളില്‍ യുവജനങ്ങളുടെ പങ്ക് വര്‍ദ്ധിക്കുന്നത് കാണാനാകുന്നത് പ്രോത്സാഹജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ പരിപാടികളില്‍ യുവജനങ്ങളുടെ വന്‍ പങ്കാളിത്തം അനുസ്മരിച്ച അദ്ദേഹം ഇത് യുവജനങ്ങളുടെ സ്വപ്‌നങ്ങളുടെയും രാജ്യത്തോടുള്ള സമര്‍പ്പണത്തിന്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു.
എന്‍.സി.സി, എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ കൊറോണ മഹാമാരിയുടെ കാലത്തെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും അത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ എടുത്തുപറയുകയും ചെയ്തു. രാജ്യത്തുടനീളമുള്ള ഡസന്‍ ജില്ലകളില്‍ പ്രത്യേക പരിപാടികള്‍ നടപ്പാക്കുന്നുണ്ടെന്നും അവിടെ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സഹായത്തോടെ പ്രത്യേക പരീശീലനങ്ങള്‍ നല്‍കുന്നുവെന്നും രാജ്യത്തിന്റെ അതിര്‍ത്തിയിലും തീരപ്രദേശങ്ങളിലും നേരിടുന്ന വെല്ലുവിളികള്‍ക്ക് യുവജനങ്ങളെ സജ്ജരാക്കാനുള്ള ഗവണ്‍മെന്റിന്റെ തയ്യാറെടുപ്പുകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഈ പരിശീലനങ്ങള്‍ യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക മാത്രമല്ല, ആവശ്യമുള്ള സമയത്ത് ആദ്യം പ്രതികരിക്കുന്നവരായി പ്രവര്‍ത്തിക്കാനുള്ള കഴിവും അവര്‍ക്കുണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങള്‍ വികസിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ അതിര്‍ത്തി (വൈബ്രന്റ് ബോര്‍ഡര്‍) പരിപാടിയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ''അതിര്‍ത്തി പ്രദേശങ്ങളിലെ യുവജനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്, അതിലൂടെവിദ്യാഭ്യാസത്തിനും തൊഴിലിനും മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന ഗ്രാമങ്ങളിലേക്ക് കുടുംബങ്ങള്‍ക്ക് മടങ്ങാന്‍ കഴിയും'', പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ വിജയങ്ങളിലും അവരുടെ മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും സംഭാവനയുണ്ടെന്നും സബ്കാ സാത്ത് സബ്കാ വിശ്വാസ്, സബ്ക പ്രയാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം) ആണ് അതിന് ഉത്തരവാദികളെന്നും പ്രധാനമന്ത്രി കേഡറ്റുകളോട് പറഞ്ഞു. ''നിങ്ങളുടെ ലക്ഷ്യങ്ങള്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് നിങ്ങളുടെ വിജയത്തിന്റെ വ്യാപ്തി വിശാലമാകുന്നത്. നിങ്ങളുടെ വിജയത്തെ ലോകം ഇന്ത്യയുടെ വിജയമായി കാണും'', പ്രധാനമന്ത്രി പറഞ്ഞു. ഡോ.എ.പി.ജെ അബ്ദുള്‍ കലാം, ഹോമി ജഹാംഗീര്‍ ഭാഭ, ഡോ.സി.വി. രാമന്‍ തുടങ്ങിയ ശാസ്ത്രജ്ഞരുടെയും മേജര്‍ ധ്യാന്‍ചന്ദ് തുടങ്ങിയ കായിക രംഗത്തെ പ്രമുഖരുടെയും ഉദാഹരണങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് അവരുടെ നേട്ടങ്ങളും നാഴികക്കല്ലുകളും ഇന്ത്യയുടെ വിജയങ്ങളായാണ് ലോകം മുഴുവന്‍ കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയുടെ നേട്ടങ്ങളില്‍ ലോകം അതിന്റെ തന്നെ ഒരു പുതിയ ഭാവി കാണുന്നു'', അദ്ദേഹം പറഞ്ഞു. മനുഷ്യരാശിയുടെ മുഴുവന്‍ വികസനത്തിന്റെ പടവുകളായി മാറുന്നതാണ് ചരിത്ര വിജയങ്ങളെന്ന് സബ്ക പ്രയാസ് (എല്ലാവരുടെയും പ്രയത്‌നത്തിന്റെ) എന്ന മനോഭാവത്തിന്റെ ശക്തി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
യുവാക്കള്‍ക്ക് മുന്‍പൊന്നുമില്ലാത്ത അവസരങ്ങളുള്ള ഇപ്പോഴത്തെ കാലത്തിന്റെ ഒരു പ്രത്യേകതയ്ക്ക് കൂടി പ്രധാനമന്ത്രി അടിവരയിട്ടു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ സംഘടിതപ്രവര്‍ത്തനങ്ങളും മനുഷ്യരാശിയുടെ ഭാവിയില്‍ പുതിയ പ്രചോദനങ്ങളായി ഇന്ത്യയുടെ ശ്രദ്ധയേയും അദ്ദേഹം ഉദ്ധരിച്ചു. നിര്‍മ്മിത ബുദ്ധി, യന്ത്രപഠനം, മറ്റ് ഭാവി സാങ്കേതികവിദ്യകള്‍ എന്നിവയില്‍ രാജ്യം മുന്‍പന്തിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കായികവിനോദത്തിനും അതുപോലുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി നിലവിലുള്ള ശക്തമായ സംവിധാനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ''നിങ്ങള്‍ ഇതിന്റെയെല്ലാം ഭാഗമാകണം. കാണാത്ത സാദ്ധ്യതകള്‍ നിങ്ങള്‍ അന്വേഷിക്കണം, കാണാത്ത മേഖലകളില്‍ പര്യവേക്ഷണം ചെയ്യണം, വിഭാവനംചെയ്യാത്ത പരിഹാരങ്ങള്‍ കണ്ടെത്തണം'', അദ്ദേഹം പറഞ്ഞു.
വര്‍ത്തമാനകാലത്തിന്റെ പ്രധാന മുന്‍ഗണനാ മേഖലകള്‍ക്കും തുല്യ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് ഭാവിയുടെ ലക്ഷ്യങ്ങളും പ്രതിജ്ഞകളും രാജ്യത്തിന് അത്യന്തം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരാകണമെന്നും നടന്നുകൊണ്ടിരിക്കുന്ന സംഘടിതപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയോടെ പങ്കെടുക്കണമെന്നും യുവജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ ഓരോ യുവാക്കളും ഇത് ഒരു ജീവിത ദൗത്യമായി ഏറ്റെടുക്കണമെന്നും അവരുടെ പ്രദേശം, ഗ്രാമം, പട്ടണങ്ങള്‍, നഗരങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും സ്വച്ഛ് ഭാരത് സംഘടിതപ്രവര്‍ത്തനത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അതുപോലെ, അമൃത് മഹോത്സവ വേളയില്‍ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള ഒരു പുസ്തകമെങ്കിലും വായിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ചില സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട കവിത, കഥ അല്ലെങ്കില്‍ വ്‌ളോഗിംഗ് പോലുള്ള ചില ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും അവരുടെ സ്‌കൂളുകളോട് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സരങ്ങള്‍ നടത്താന്‍ ആവശ്യപ്പെടാനും അദ്ദേഹം അവരോട് നിര്‍ദ്ദേശിച്ചു. തങ്ങളുടെ ജില്ലകളില്‍ നിര്‍മ്മിക്കുന്ന അമൃത് സരോവരങ്ങള്‍ക്ക് സമീപം വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും അവ പരിപാലിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യുവജനങ്ങളോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റില്‍ പങ്കെടുക്കാനും തങ്ങളെ കുടുംബാംഗങ്ങളെ അതില്‍ പങ്കാളികളാക്കാനും അദ്ദേഹം യുവജനങ്ങളോട് ആവശ്യപ്പെട്ടു. ഓരോ വീട്ടിലും യോഗ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനെയും അദ്ദേഹം സ്പര്‍ശിച്ചു. ജി-20 ഉച്ചകോടിയെക്കുറിച്ച് സ്വയം കാലാനുസൃതമാകുന്നതിനും ഇന്ത്യയുടെ അദ്ധ്യക്ഷപദവിയെക്കുറിച്ച് സജീവമായ സംഭാഷണത്തില്‍ ഏര്‍പ്പെടാനും യുവജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
'നമ്മുടെ പൈതൃകത്തില്‍ അഭിമാനം', 'അടിമത്ത മനോഭാവത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം' എന്നീ പ്രതിജ്ഞകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ പ്രതിജ്ഞകളളില്‍ യുവജനങ്ങളുടെ പങ്ക് എടുത്തുപറഞ്ഞു. അവരുടെ യാത്രകളില്‍ പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ''നിങ്ങള്‍ ചെറുപ്പമാണ്, നിങ്ങളുടെ ഭാവി നിര്‍മ്മിക്കാനുള്ള സമയമാണിത്. പുതിയ ചിന്തകളുടെയും പുതിയ മാനദണ്ഡങ്ങളുടെയും സ്രഷ്ടാക്കളാണ് നിങ്ങള്‍. നവഇന്ത്യയുടെ മാര്‍ഗ്ഗദര്‍ശികളാണ് നിങ്ങള്‍'', പ്രധാനമന്ത്രി ഉപസംഹരിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ്, കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ട, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ അജയ് ഭട്ട്, ശ്രീമതി. രേണുക സിംഗ് സരുത, ശ്രീ നിഷിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Interacting with the youth is always special for me, says PM @narendramodi pic.twitter.com/om6C4FhH6K
— PMO India (@PMOIndia) January 25, 2023
NCC और NSS ऐसे संगठन हैं, जो युवा पीढ़ी को राष्ट्रीय लक्ष्यों से, राष्ट्रीय सरोकारों से जोड़ते हैं। pic.twitter.com/VuXD7SSxkM
— PMO India (@PMOIndia) January 25, 2023
आज देश में युवाओं के जितने नए अवसर हैं, वो अभूतपूर्व हैं। pic.twitter.com/YA2MUFFvPb
— PMO India (@PMOIndia) January 25, 2023
India's youth have to tap the unseen possibilities, explore the unimagined solutions. pic.twitter.com/f2oyhHJsGO
— PMO India (@PMOIndia) January 25, 2023
हमारी विरासत को भविष्य के लिए सहेजने और संवारने की ज़िम्मेदारी युवाओं की है। pic.twitter.com/Bj5UaZcj4F
— PMO India (@PMOIndia) January 25, 2023