ജർമ്മനിയിലെ ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ഞാൻ 2022 മെയ് 2-ന് ജർമ്മനിയിലെ ബെർലിൻ സന്ദർശിക്കും. അതിനുശേഷം,നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കാനും ഉഭയ കക്ഷി ചർച്ചകൾക്കുമായി ഡെന്മാർക്കിന്റെ പ്രധാനമന്ത്രി ശ്രീമതി മെറ്റെ ഫ്രെഡറിക്‌സന്റെ ക്ഷണപ്രകാരം ഞാൻ ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് 2022 മെയ് 3-4 വരെ യാത്ര ചെയ്യും. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ, ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു കൂടിക്കാഴ്ചയ്ക്കായി ഫ്രാൻസിലെ പാരീസിൽ ഞാൻ ഒരു അൽപനേരം തങ്ങും.
കഴിഞ്ഞ വർഷം ജി 20 ൽ വൈസ് ചാൻസലറും ധനകാര്യ മന്ത്രിയും എന്ന നിലയിൽ ഞാൻ കണ്ടുമുട്ടിയ ചാൻസലർ ഷോൾസുമായി വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്താനുള്ള അവസരമായിരിക്കും എന്റെ ബെർലിൻ സന്ദർശനം. ജർമ്മനിയുമായി മാത്രം ഇന്ത്യ നടത്തുന്ന ദ്വിവത്സര ഫോർമാറ്റായ ആറാമത്തെ ഇന്ത്യ-ജർമ്മനി ഇന്റർ-ഗവൺമെന്റൽ കൺസൾട്ടേഷനിൽ (ഐ ജി സി ) നാം സഹ-അധ്യക്ഷനായിരിക്കും. നിരവധി ഇന്ത്യൻ മന്ത്രിമാരും ജർമ്മനിയിലേക്ക് പോകുകയും ജർമ്മൻ മന്ത്രിമാരുമായി കൂടിയാലോചന നടത്തുകയും ചെയ്യും.
ജർമ്മനിയിലെ പുതിയ ഗവൺമെന്റുമായുള്ള ആദ്യകാല ഇടപഴകൽ ആയി ഞാൻ ഈ ഐജിസിയെ കാണുന്നു, അത് രൂപീകരിച്ച് ആറ് മാസത്തിനുള്ളിൽ, ഇത് നമ്മുടെ മധ്യകാല , ദീർഘകാല മുൻഗണനകൾ തിരിച്ചറിയാൻ സഹായകമാകും.
2021-ൽ, ഇന്ത്യയും ജർമ്മനിയും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം അനുസ്മരിച്ചു, 2000 മുതൽ ഇരു രാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണ്. ചാൻസലർ ഷോൾസുമായി ഇരു കൂട്ടരെയും ആശങ്കപ്പെടുത്തുന്ന തന്ത്രപരവും മേഖലാ , ആഗോള സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ദീർഘകാല വാണിജ്യ ബന്ധങ്ങൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തൂണുകളിൽ ഒന്നാണ്കൂ. ഇരു രാജ്യങ്ങളിലും കോവിഡാനന്തര കാലത്തെ സാമ്പത്തിക വീണ്ടെടുക്കൽ സാധ്യമാക്കുക , കൂടാതെ ഇരു രാജ്യങ്ങളുടെയും വ്യവസായ മേഖലകളുടെ സഹകരണം ഊർജസ്വലമാക്കുക എന്ന ലക്ഷ്യത്തോടെ ചാൻസലർ ഷോൾസും ഞാനും സംയുക്തമായി ഒരു ബിസിനസ് റൗണ്ട് ടേബിളിനെ അഭിസംബോധന ചെയ്യും.
യൂറോപ്പ് ഭൂഖണ്ഡത്തിൽ ഇന്ത്യൻ വംശജരായ ഒരു ദശലക്ഷത്തിലധികം പേർ വസിക്കുന്നു. ഇവരുടെ ഗണ്യമായ അനുപാതം ജർമ്മനിയിലുണ്ട്. യൂറോപ്പുമായുള്ള നമ്മുടെ ബന്ധത്തിൽ ഇന്ത്യൻ പ്രവാസ സമൂഹം ഒരു പ്രധാന അടിസ്ഥാനമാണ് . അതിനാൽ ഭൂഖണ്ഡത്തിലേക്കുള്ള എന്റെ സന്ദർശനത്തിന്റെ അവസരം അവിടെയുള്ള നമ്മുടെ സഹോദരീ സഹോദരന്മാരെയും കാണാൻ ഞാൻ ശ്രമിക്കും.
ബെർലിനിൽ നിന്ന്, ഞാൻ കോപ്പൻഹേഗനിലേക്ക് പോകും, അവിടെ ഞാൻ പ്രധാനമന്ത്രി ഫ്രെഡറിക്സനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും, ഇത് ഡെന്മാർക്കുമായുള്ള നമ്മുടെ അതുല്യമായ 'ഹരിത തന്ത്രപ്രധാന കൂട്ടായ്മയൂടെ ' പുരോഗതിയും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ മറ്റ് വശങ്ങളും അവലോകനം ചെയ്യാൻ അവസരമൊരുക്കും. ഞാൻ ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് റൗണ്ട് ടേബിളിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.
ഡെൻമാർക്കുമായുള്ള ഉഭയകക്ഷി ഇടപെടലുകൾക്ക് പുറമെ, ഡെന്മാർക്ക്, ഐസ്‌ലാൻഡ്, ഫിൻലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരോടൊപ്പം ഞാൻ രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കും. അവിടെ 2018 ൽ നടന്ന ആദ്യ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ശേഷമുള്ള ഞങ്ങളുടെ സഹകരണം വിലയിരുത്തും. പകർച്ചവ്യാധിാനന്തര സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം, നവീകരണവും സാങ്കേതികവിദ്യയും, പുനരുപയോഗിക്കാവുന്ന ഊർജം, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ സാഹചര്യം, ആർട്ടിക് മേഖലയിലെ ഇന്ത്യ-നോർഡിക് സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
ഉച്ചകോടിക്കിടെ മറ്റ് നാല് നോർഡിക് രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അവരുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്യും.
സുസ്ഥിരത, പുനരുപയോഗ ഊർജം, ഡിജിറ്റൽവൽക്കരണം , നവീകരണം എന്നിവയിൽ ഇന്ത്യയുടെ പ്രധാന പങ്കാളികളാണ് നോർഡിക് രാജ്യങ്ങൾ. നോർഡിക് മേഖലയുമായുള്ള നമ്മുടെ ബഹുമുഖ സഹകരണം വിപുലീകരിക്കാൻ സന്ദർശനം സഹായിക്കും.
എന്റെ മടക്കയാത്രയ്ക്കിടയിൽ, എന്റെ സുഹൃത്തായ പ്രസിഡന്റ് മാക്രോണിനെ കാണാൻ ഞാൻ പാരീസിൽ അൽപനേരം തങ്ങും . പ്രസിഡന്റ് മാക്രോൺ അടുത്തിടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമുള്ള എന്റെ സന്ദർശനം വ്യക്തിപരമായി എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദം വീണ്ടും ഉറപ്പിക്കുകയും ചെയ്യും. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടത്തിന്റെ അടിത്തറ പാകാനുള്ള അവസരവും ഇത് നൽകും.
പ്രസിഡൻറ് മാക്രോണും ഞാനും വിവിധ മേഖലാ , ആഗോള വിഷയങ്ങളിൽ വിലയിരുത്തലുകൾ പങ്കിടുകയും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ അവലോകനം നടത്തുകയും ചെയ്യും . ആഗോള ക്രമത്തിന് സമാനമായ കാഴ്ചപ്പാടുകളും മൂല്യങ്ങളും പങ്കിടുന്ന രണ്ട് രാജ്യങ്ങൾ പരസ്പരം അടുത്ത സഹകരണത്തോടെ പ്രവർത്തിക്കണമെന്നത് എന്റെ ഉറച്ച വിശ്വാസമാണ്.
എന്റെ യൂറോപ്പ് സന്ദർശനം, ഈ മേഖല നിരവധി വെല്ലുവിളികളും തിരഞ്ഞെടുപ്പുകളും അഭിമുഖീകരിക്കുന്ന സമയത്താണ് . എന്റെ ഇടപെടലുകളിലൂടെ, സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണത്തിൽ പ്രധാന കൂട്ടാളികളായ നമ്മുടെ യൂറോപ്യൻ പങ്കാളികളുമായുള്ള സഹകരണത്തിന്റെ മനോഭാവം ശക്തിപ്പെടുത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്.