പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ന്യൂ ഡൽഹിയിൽ ഇന്ന് ചേർന്ന ഉന്നതതല യോഗം സുഡാനിലെ സുരക്ഷാ സ്ഥിതിഗതികൾ വീഡിയോ കോൺഫറൻസിങ് വഴി അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രി ശ്രീ. എസ്. ജയശങ്കർ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. അജിത് ഡോവൽ , സുഡാനിലെ ഇന്ത്യൻ സ്ഥാനപതി , മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. മോദി സുഡാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തുകയും നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന 3,000-ലധികം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് , അവരുടെ യഥാർത്ഥ അവസ്ഥ നേരിട്ട് മനസിലാക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച വെടിയുണ്ടയ്ക്ക് ഇരയായ ഇന്ത്യൻ പൗരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സുഡാനിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ തുടർച്ചയായി വിലയിരുത്താനും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി നിർദ്ദേശിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികളും വിവിധ സാധ്യതകളുടെ പ്രവർത്തനക്ഷമതയും കണക്കിലെടുത്ത് അടിയന്തിര ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
മേഖലയിലെ അയൽ രാജ്യങ്ങളുമായും സുഡാനിൽ ഗണ്യമായ എണ്ണത്തിലുള്ള പൗരന്മാരുമായും അടുത്ത ആശയവിനിമയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.