ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും യാത്രയെയും കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് പ്രകാശനം ചെയ്തു.
1) ഹിന്ദുദിനപത്രത്തിന്റെ, ഹൈദരാബാദ് എഡിഷന്റെ മുന്‍ റസിഡന്റ് എഡിറ്റര്‍ ശ്രീ എസ് നാഗേഷ് കുമാര്‍ രചിച്ച മുൻ ഉപരാഷ്ട്രപതിയുടെ ജീവചരിത്രം ''വെങ്കയ്യ നായിഡു - ലൈഫ് ഇന്‍ സര്‍വീസ്'' (2) ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ഡോ ഐ വി. സുബ്ബ റാവു, സമാഹരിച്ച ഫോട്ടോ ക്രോണിക്കിളായ ''സെലിബ്രേറ്റിംഗ് ഭാരത് - ദ മിഷന്‍ ആന്റ് മെസേജ് ഓഫ് ശ്രീ എം വെങ്കയ്യ നായിഡു ആസ് 13-ത് വൈസ്പ്രസിഡന്റ് ഓഫ് ഇന്ത്യ'', (3) ശ്രീ സഞ്ജയ് കിഷോര്‍ രചിച്ച മഹാനേതാ - ലൈഫ് ആന്റ് ജേര്‍ണി ഓഫ് ശ്രീ എം. വെങ്കയ്യ നായിഡു'' എന്ന തെലുങ്ക് സചിത്ര ജീവചരിത്രം എന്നിവ പ്രധാനമന്ത്രി പുറത്തിറക്കിയ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു
നാളെ ജൂലൈ ഒന്നിന് ശ്രീ വെങ്കയ്യനായിഡുവിന് 75 വയസ് തികയുമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി സൂചിപ്പിച്ചു. ''ഈ 75 വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു, പ്രൗഢമായ ചെറിയ ഇടവേളകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു അത്'' . ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള മറ്റ് രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്യുന്നതിലെ ആഹ്ലാദവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഈ പുസ്തകങ്ങള്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതോടൊപ്പം രാജ്യത്തെ സേവിക്കുന്നതിനുള്ള ശരിയായ പാത പ്രകാശിപ്പിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ശ്രീ വെങ്കയ്യ ജിയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചതായി മുന്‍ ഉപരാഷ്ട്രപതിയുമായുള്ള ദീര്‍ഘകാല ബന്ധത്തെഅനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വെങ്കയ്യ ജി ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി) ദേശീയ അധ്യക്ഷനായിരുന്ന കാലത്താണ് ഈ സഹകരണം ആരംഭിച്ചത്, തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ റോളിലും രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായും പിന്നീട് രാജ്യസഭാ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചു. ''ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു വരുന്ന ഒരാള്‍ ഇത്തരം സുപ്രധാന പദവികള്‍ വഹിക്കുമ്പോള്‍ സമാഹരിച്ച അനുഭവസമ്പത്ത് ഒരാള്‍ച്ച് ഊഹിക്കാന്‍ കഴിയുന്നതാണ്. ഞാന്‍ പോലും വെങ്കയ്യ ജിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശയങ്ങളുടെയും ദര്‍ശനത്തിന്റെയും വ്യക്തിത്വത്തിന്റെയും സമന്വയത്തിന്റെ സമ്പൂര്‍ണ്ണ കാഴ്ചയാണ് വെങ്കയ്യ നായിഡു ജിയുടെ ജീവിതമെന്ന് ശ്രീ മോദി പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശക്തമായ അടിത്തറയില്ലാതിരുന്ന ബി.ജെ.പിയുടെയും ജനസംഘത്തിന്റെയും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും നിലവിലെ അവസ്ഥയില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ''അത്തരം ശൂന്യതകള്‍ക്കിടയിലും, ശ്രീ നായിഡു രാജ്യം ആദ്യം എന്ന പ്രത്യയശാസ്ത്രവുമായി എ.ബി.വി.പി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ഭാഗത്തുനിന്ന് പരിശ്രമിക്കുകയും രാജ്യത്തിനായി എന്തെങ്കിലും നേടാന്‍ മനസ്സ് ഉറപ്പിക്കുകയും ചെയ്തു'', അദ്ദേഹം പറഞ്ഞു. 17 മാസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നിട്ടും 50 വര്‍ഷം മുമ്പ് രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയ്‌ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടിയ ശ്രീ നായിഡുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരായ അമര്‍ഷം പുകയുന്ന കാലത്ത് പരിശ്രമിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്ത ധീരനായ ഒരാളാണ് ശ്രീ നായിഡുവെന്നും അതുകൊണ്ടാണ് നായിഡു ജിയെ യഥാര്‍ത്ഥ സുഹൃത്തായി താന്‍ കണക്കാക്കുന്നതെന്നതിനും ശ്രീ മോദി അടിവരയിട്ടു.
അധികാരം ജീവിതത്തിന്റെ സുഖസൗകര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല, മറിച്ച് സേവനത്തിലൂടെ ദുഢനിശ്ചയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മാധ്യമമാണെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, വാജ്‌പേയി ഗവണ്‍മെന്റിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചപ്പോള്‍ ഗ്രാമവികസനവകുപ്പിന്റെ കേന്ദ്ര മന്ത്രിസ്ഥാനം ഏറ്റെടുത്തുകൊണ്ട് ശ്രീ നായിഡു അത് സ്വയം തെളിയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും കര്‍ഷകരെയും സേവിക്കാനാണ് നായിഡു ജി ആഗ്രഹിച്ചിരുന്നത്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. മോദി ഗവണ്‍മെന്റില്‍ കേന്ദ്ര നഗരവികസന മന്ത്രിയായി ശ്രീ നായിഡു പ്രവര്‍ത്തിച്ചിരുന്നതായി കൂട്ടിച്ചേര്‍ത്ത അദ്ദേഹം ആധുനിക ഇന്ത്യന്‍ നഗരങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും വീക്ഷണത്തെയും തുടര്‍ന്ന് പ്രശംസിക്കുകയും ചെയ്തു. ശ്രീ വെങ്കയ്യ നായിഡു തുടക്കംകുറിച്ച സ്വച്ഛ് ഭാരത് മിഷന്‍, സ്മാര്‍ട്ട് സിറ്റി മിഷന്‍, അമൃത് യോജന എന്നിവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകയും ചെയ്തു.
മുന്‍ ഉപരാഷ്ര്ടപതിയുടെ മൃദുവായ സൗമ്യത, വാക്ചാതുര്യം, വിവേകം എന്നിവയെ പ്രശംസിച്ച പ്രധാനമന്ത്രി, വെങ്കയ്യ നായിഡുവിന്റെ ബുദ്ധി, സ്വാഭാവികത, പെട്ടെന്നുള്ള കൗണ്ടറുകള്‍, വണ്‍ ലൈനറുകള്‍ എന്നിവയുമായി കിടപിടിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും സ്മരിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സഖ്യഗവണ്‍മെന്റ് രൂപീകരിച്ച വേളയില്‍ ''ഏക് ഹാത്ത് മേം ബി.ജെ.പി കാ ഝണ്ട, ഔര്‍ ദൂസരേ ഹാത്ത് മേം എന്‍.ഡി.എ കാ അജന്‍ഡ'', അതായത് ഒരു കൈയ്യില്‍ പാര്‍ട്ടിയുടെ പതാകയും മറുകൈയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അജന്‍ഡയും എന്ന നായിഡു ഉയര്‍ത്തിയ മുദ്രാവാക്യം ശ്രീ മോദി ഊഷ്മളമായി അനുസ്മരിച്ചു. 2014-ല്‍ മേക്കിംഗ് ഓഫ് ഡെവലപ്ഡ് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്തായി എം.ഒ.ഡി.ഐ എന്നത് അവതരിപ്പിച്ചു. മുന്‍ ഉപരാഷ്ട്രപതിയുടെ വാക്കുകളിലെ ആഴവും ഗൗരവവും കാഴ്ചപ്പാടും താളവും ഉന്മേഷാവസ്ഥയും വിവേകവും ഉണ്ടെന്ന് ഒരിക്കല്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ ശൈലിയെ പുകഴ്ത്താന്‍ പ്രേരിപ്പിച്ച വെങ്കയ്യ ജിയുടെ പരിചിന്തനങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസഭാ അദ്ധ്യക്ഷനായിരിക്കെ ശ്രീ നായിഡു സൃഷ്ടിച്ച നല്ല അന്തരീക്ഷത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി സഭ എടുത്ത സുപ്രധാന വിവിധ തീരുമാനങ്ങള്‍ എടുത്തുപറയുകയും ചെയ്തു. അനുച്‌ഛേദം 370 റദ്ദാക്കുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിന് രാജ്യസഭയില്‍ അവതരിപ്പിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, സഭയുടെ മാന്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ അത്തരമൊരു സെന്‍സിറ്റീവ് ബില്‍ പാസാക്കിയതിലുള്ള ശ്രീ നായിഡുവിന്റെ പരിചയസമ്പന്നമായ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. ശ്രീ നായിഡുവിന് ദീര്‍ഘവും സജീവവും ആരോഗ്യകരവുമായ ജീവിതം പ്രധാനമന്ത്രി ആശംസിച്ചു.
വെങ്കയ്യ ജിയുടെ സ്വഭാവത്തിന്റെ വൈകാരിക വശത്തേക്ക് വെളിച്ചം വീശിയ ശ്രീ മോദി, താന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ പ്രതികൂലമായവ ബാധിക്കാന്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ ലളിതമായ ജീവിതരീതിയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള പ്രത്യേക വഴികളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ആഘോഷവേളകളില്‍ വെങ്കയ്യ ജിയുടെ വസതിയില്‍ ചിലവഴിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്രീ നായിഡുവിനെപ്പോലുള്ള വ്യക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനകളില്‍ പ്രധാനമന്ത്രി സ്പര്‍ശിച്ചു. ഇന്ന് പുറത്തിറങ്ങിയ മൂന്ന് പുസ്തകങ്ങളെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, വെങ്കയ്യ ജിയുടെ ജീവിതയാത്രയാണ് അവ അവതരിപ്പിക്കുന്നതെന്നും അത് യുവതലമുറയ്ക്ക് പ്രചോദനമാണെന്നും പറഞ്ഞു.
ഒരിക്കല്‍ രാജ്യസഭയില്‍ ശ്രീ നായിഡുവിന് സമര്‍പ്പിച്ച കവിതയുടെ ഏതാനും വരികള്‍ അനുസ്മരിച്ച് ചൊല്ലികൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചു. തന്റെ ജീവിത യാത്രയുടെ 75 വര്‍ഷം പൂര്‍ത്തിയാക്കിയതിന് വെങ്കയ്യ നായിഡു ജിയെ ശ്രീ മോദി ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്തു. നായിഡു ജി തന്റെ ശതാബ്ദിയുടെ നാഴികക്കല്ല് ആഘോഷിക്കുന്ന 2047-ല്‍ ഒരു വികസിത ഇന്ത്യ (വികസിത് ഭാരത്) അതിന്റെ സ്വാതന്ത്ര്യത്തിന്റെ ഒരു നൂറ്റാണ്ട് ആഘോഷിക്കുമെന്ന ആത്മവിശ്വാസവും ശ്രീ മോദി പ്രകടിപ്പിച്ചു.