“ഗവണ്മെന്റ് പദ്ധതികളിൽനിന്നു ഗോത്രസമൂഹത്തിലെ ഓരോ അംഗത്തിനും പ്രയോജനം ചെയ്യുക എന്നതാണു പിഎം-ജൻമൻ മഹാ അഭിയാന്റെ ലക്ഷ്യം”
“ദരിദ്രരെക്കുറിച്ചു ആദ്യം ചിന്തിക്കുന്ന ഗവണ്മെന്റാണ് ഇന്നു രാജ്യത്തുള്ളത്”
“ശബരിമാതാവില്ലാതെ ശ്രീരാമന്റെ കഥ സാധ്യമല്ല”
“ഒരിക്കലും കരുതൽ ലഭിക്കാത്തവരിലേക്കാണു മോദി എത്തിയിരിക്കുന്നത്”
“വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള കേന്ദ്രഗവണ്മെന്റിന്റെ പരിപാടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്റെ ഗോത്രവർഗ സഹോദരീസഹോദരന്മാരാണ്”
“ഗോത്രസംസ്കാരത്തിനും അവരുടെ അന്തസ്സിനുമായി നമ്മുടെ ഗവണ്മെന്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇന്നു ഗോത്രസമൂഹം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു”

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.

ഭർത്താവിനൊപ്പം കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഛത്തീസ്ഗഢിലെ ജഷ്പുർ ജില്ലയിൽ നിന്നുള്ള ശ്രീമതി മങ്കുൻവാരി ബായി, സ്വയംസഹായസംഘങ്ങളുമായി ഇടപഴകുന്നതിലൂടെ 'ദോന പത്തൽ' നിർമിക്കാനുള്ള പരിശീലനം നേടുകയാണെന്നും വീടുവീടാന്തരമുള്ള പ്രചാരണം നടത്തി പിഎം ജൻമൻ അനുബന്ധ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രിയെ അറിയിച്ചു. 12 അംഗങ്ങൾ അടങ്ങുന്ന ദീപ് സമൂഹ് എന്ന സ്വയംസഹായസംഘത്തിന്റെ ഭാഗമാണ് അവർ. സ്വയംസഹായസംഘങ്ങളിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ 'വൻധൻ കേന്ദ്ര'ങ്ങളിൽ വിൽക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചും മങ്കുൻവാരി പ്രധാനമന്ത്രിയെ അറിയിച്ചു. ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ചും ഭർത്താവിന് ചെവിയെ ബാധിച്ച അസുഖത്തിനു സൗജന്യ ചികിത്സ ലഭിച്ചതും മകൾക്ക് 30,000 രൂപയുടെ ചികിത്സ ലഭിച്ചതും അടച്ചുറപ്പുള്ള വീട്, വെള്ളം, പാചകവാതകം, വൈദ്യുതി കണക്ഷൻ, ആയുഷ്മാൻ കാർഡ് എന്നിവയെക്കുറിച്ചും അവർ സംസാരിച്ചു. വനാവകാശ നിയമം (എഫ്‌ആർ‌എ), കിസാൻ ക്രെഡിറ്റ് കാർഡ്, പിഎം കിസാൻ സമ്മാൻ നിധി എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചും അവർ പരാമർശിച്ചു. ടാപ്പിലൂടെയുള്ള കുടിവെള്ള കണക്ഷൻ മലിനജലം കുടിക്കുന്നതിൽനിന്നു തന്നെ സംരക്ഷിക്കുകയും അതുവഴി തന്നെയും കുടുംബത്തെയും ജലജന്യ രോഗങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നുവെന്നും ഗ്യാസ് കണക്ഷൻ സമയം ലാഭിക്കാനും വിറകിൽ നിന്ന് പുറന്തള്ളുന്ന പുക ഇല്ലാതാക്കാനും സഹായിക്കുന്നുവെന്നും മങ്കുൻവാരി പറഞ്ഞു. പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞ അവർ “കഴിഞ്ഞ 75 വർഷമായി ഏറ്റെടുത്തിട്ടില്ലാത്ത പ്രവർത്തനങ്ങൾ ഇപ്പോൾ 25 ദിവസം കൊണ്ട് പൂർത്തിയാക്കി”യെന്നും പറഞ്ഞു. കായികമേഖലയെക്കുറിച്ചു താൽപ്പര്യമുള്ള യുവതികളോടും പെൺകുട്ടികളോടും കൈകൾ ഉയർത്താൻ ശ്രീ മോദി ആവശ്യപ്പെട്ടു. കായികരംഗത്ത് പ്രവർത്തിക്കുന്നതിന് ഊന്നൽ നൽകിയ അദ്ദേഹം, സമീപകാലത്തെ കായിക പുരസ്‌കാരങ്ങളിൽ ഭൂരിഭാഗവും ഗോത്രസമൂഹത്തിൽ നിന്നുള്ള കായികതാരങ്ങളാണ് സ്വന്തമാക്കുന്നതെന്നും പറഞ്ഞു. നിരവധി പദ്ധതികൾക്കു കീഴിൽ ശ്രീമതി മങ്കുൻവാരിക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നും അത് അവരുടെ ജീവിതം സുഗമാക്കുന്നുവെന്നും അറിയാനായതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “നിങ്ങൾ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തു” - ബഹുജനപങ്കാളിത്തം കാണുമ്പോൾ ഗവണ്മെന്റ് പദ്ധതികളുടെ സ്വാധീനം പലമടങ്ങു വർധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഗുണഭോക്താക്കളെയും ഉൾപ്പെടുത്താനും ആരെയും ഒഴിവാക്കാതിരിക്കാനുമുള്ള ഗവണ്മെന്റിന്റെ ശ്രമം ആവർത്തിച്ചു കൊണ്ടാണ് അദ്ദേഹം ആശയവിനിമയം അവസാനിപ്പിച്ചത്.

മൂന്ന് കുട്ടികളുടെ അമ്മയായ മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള സഹരിയ ജൻജാതിയിലെ ശ്രീമതി ലളിത ആദിവാസി ആയുഷ്മാൻ കാർഡ്, റേഷൻ കാർഡ്, പിഎം കിസാൻ നിധി എന്നിവയുടെ ഗുണഭോക്താവാണ്. ആറാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് സ്കോളർഷിപ്പും യൂണിഫോമും പുസ്തകങ്ങളും ലാഡ്‌ലി ലക്ഷ്മി പദ്ധതിയുടെ ആനുകൂല്യവും ലഭിക്കുന്നു. അവരുടെ രണ്ടാം ക്ലാസ് വിദ്യാർഥിയായ മകന് സ്കോളർഷിപ്പും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നു. ഇളയമകൻ അങ്കണവാടി സ്കൂളിൽ പോകുന്നു. അവർ ശീത്ള മയ്യ സ്വയം സഹായത സമൂഹ് എന്ന സ്വയംസഹായ സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കസ്റ്റം ഹയറിങ് സെന്റർ അവർക്കു പിന്തുണയേകുന്നു. അടച്ചുറപ്പുള്ള വീടിന്റെ ആദ്യ ഗഡു ലഭിച്ചതിന് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു. ഗോത്രവർഗക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് വളരെ സംവേദനക്ഷമമായി ചിന്തിച്ചതിന് ശ്രീമതി ലളിത പ്രധാനമന്ത്രിയോട് നന്ദി പറയുകയും ലഭ്യമായ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളും ഇപ്പോൾ ഗോത്ര ജനതയ്ക്ക് ലഭ്യമാക്കാൻ കഴിയുന്നതിനാൽ ജൻമൻ അഭിയാൻ കൊണ്ടുവന്ന പരിവർത്തനത്തെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ജൻമൻ അഭിയാൻ ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചു തന്റെ സ്വയംസഹായ സംഘത്തിന്റെ യോഗങ്ങളിൽ കിട്ടിയ വിവരങ്ങൾ തന്നെ ബോധവൽക്കരിച്ചുവെന്നും വീട് അനുവദിച്ചതുപോലുള്ള ആനുകൂല്യങ്ങൾ തനിക്ക് ലഭിച്ചു തുടങ്ങിയെന്നും തന്റെ ഭർതൃപിതാവിനു കിസാൻ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിച്ചതായും അവർ പ്രധാനമന്ത്രിയോട് പറഞ്ഞു. ജൻമൻ അഭിയാൻ സമയത്ത് കൂടുതലായി 100 ആയുഷ്മാൻ കാർഡുകൾ നിർമിച്ചു. അവരുടെ ഗ്രാമം പൂർണമായും ഉജ്വല പദ്ധതിയിൽ ഉൾപ്പെടുന്നു, കൂടാതെ പുതിയ വീടുകളും ക്യാമ്പെയ്‌നിന്റെ കീഴിലായി. ഗോത്രവർഗ - ഗ്രാമീണ സ്ത്രീകളുടെ നേതൃഗുണങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗ്രാമത്തിന്റെ ഭൂപടവും വികസന ആസൂത്രണവും, ഗ്രാമത്തിന്റെ മാതൃക സഹിതം പ്രാദേശിക പഞ്ചായത്ത് അംഗം വിദ്യാ ആദിവാസി പ്രധാനമന്ത്രിയോടു വിശദീകരിച്ചു. പിഎം ജൻമൻ ഭൂമിയിൽ ചെലുത്തിയ സ്വാധീനത്തിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും അർഹരായ ഓരോ ഗുണഭോക്താവിനും പരിരക്ഷ നൽകാനുള്ള ഗവണ്മെന്റിന്റെ നിശ്ചയദാർഢ്യം ആവർത്തിക്കുകയും ചെയ്തു.

 

മഹാരാഷ്ട്രയിലെ നാഷിക്കിൽ നിന്നുള്ള പിംപ്രി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിനിയായ ഭാരതി നാരായൺ റാൻ തന്റെ ഹിന്ദി ഭാഷാ വൈദഗ്ധ്യം കൊണ്ടു പ്രധാനമന്ത്രിയെ ആകർഷിച്ചു. സ്‌കൂളിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞപ്പോൾ, വലിയ കളിസ്ഥലം, താമസിക്കാനുള്ള ഹോസ്റ്റൽ, വൃത്തിയുള്ള ഭക്ഷണം എന്നിവയെക്കുറിച്ച് അവർ പരാമർശിച്ചു. ഐ‌എ‌എസ് ഓഫീസറാകാനുള്ള തന്റെ ആഗ്രഹവും ഭാരതി പങ്കുവച്ചു. ആശ്രമം സ്കൂളിലെ അധ്യാപകനായ തന്റെ ജ്യേഷ്ഠനിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്നും പറഞ്ഞു. ഭാരതിയുടെ സഹോദരൻ ശ്രീ പാണ്ഡുരംഗ സിബിഎസ്ഇ ബോർഡിന് കീഴിൽ ഏകലവ്യ മോഡൽ സ്കൂളിൽ 6 മുതൽ 12 വരെ പഠിച്ചിട്ടുണ്ടെന്നും ബിരുദം നേടിയത് നാഷിക്കിൽ നിന്നാണെന്നും പ്രധാനമന്ത്രിയോടു പറഞ്ഞു. മറ്റ് കുട്ടികളെ, പ്രത്യേകിച്ച് വലിയ നഗരങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെ, ഏകലവ്യ മോഡൽ സ്കൂളിൽ പഠിക്കാൻ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതുവരെ ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ച് പറയുമ്പോൾ, PMAY-ക്കു കീഴിലുള്ള അടച്ചുറപ്പുള്ള വീട്, ശൗചാലയങ്ങൾ, എംഎൻആർഇജിഎയ്ക്ക് കീഴിലുള്ള തൊഴിൽ, ഉജ്വല പാചകവാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ, ടാപ്പിലൂടെയുള്ള ജലവിതരണം, ഒരു രാജ്യം ഒരു റേഷൻ കാർഡ്, ആയുഷ്മാൻ കാർഡ് എന്നിവയെക്കുറിച്ച് ശ്രീ പാണ്ഡുരംഗ പരാമർശിച്ചു. PM-JANMAN പ്രകാരം ഇന്ന് കൈമാറുന്ന 90,000 രൂപയുടെ ആദ്യ ഗഡുവിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസം നൽകാനുള്ള തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അതിലൂടെ അവർക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വഴി കണ്ടെത്താനും രാജ്യത്തെ സേവിക്കാനും കഴിയും. എല്ലാ ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞം  നടത്താനുള്ള വ്യക്തമായ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിക്കുകയും തങ്ങളുടെ മേഖലയിൽ ആവേശപൂർവം പങ്കെടുക്കാൻ വിദ്യാർഥികളോട് അഭ്യർഥിക്കുകയും ചെയ്തു. രണ്ട് വിദ്യാർഥികളെ അനുഗ്രഹിച്ച ശ്രീ മോദി‌, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രതിബദ്ധതയ്ക്ക് അവരുടെ മാതാപിതാക്കളുടെ മുന്നിൽ ശിരസുനമിക്കുകയും ചെയ്തു. ഭാരതി തന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു, രാജ്യത്തെ ഏകലവ്യ സ്കൂളുകളുടെ എണ്ണം വിപുലീകരിക്കാൻ ഗവണ്മെന്റ്  എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളോട് ഏകലവ്യ സ്കൂളുകളുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ആന്ധ്രാപ്രദേശിലെ ആളൂരിസിത്രം രാജു ജില്ലയിലെ ശ്രീമതി സ്വാവി ഗംഗ രണ്ട് കുട്ടികളുടെ അമ്മയാണ്. പ്രധാനമന്ത്രി ജൻമൻ പദ്ധതിയിലൂടെ വീടും ഗ്യാസ് കണക്ഷനും വൈദ്യുതി കണക്ഷനും കുടിവെള്ള കണക്ഷനും അവർക്ക് ലഭ്യമായി. അവരുടെ പ്രദേശമായ അരക്കു താഴ്വാരം കാപ്പിക്ക് പേരുകേട്ടതാണ്. അവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യുകയാണവർ. സർക്കാർ പദ്ധതികൾ മൂലം തന്റെ ഉൽപ്പന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നതായും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യങ്ങൾക്കൊപ്പം കൃഷി, സംസ്കരണം, പാക്കേജിംഗ്, വിപണനം എന്നിവയ്ക്കുള്ള നൈപുണ്യ വികസന പദ്ധതികളുടെ നേട്ടങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്നും അവർ പ്രധാനമന്ത്രിയെ അറിയിച്ചു. വൻ ധൻ പദ്ധതിയെ പരാമർശിക്കവേ, അത്  തന്റെ വരുമാനം വർധിപ്പിക്കുക മാത്രമല്ല, ഇടനിലക്കാരിൽ നിന്ന് തന്നെ രക്ഷിക്കുകയും ചെയ്തുവെന്ന് അവർ പ്രധാനമന്ത്രിയെ അറിയിച്ചു. ലാഖ് പതി ദീദിയായതിൽ പ്രധാനമന്ത്രി അവരെ  അഭിനന്ദിക്കുകയും രാജ്യത്ത് 2 കോടി ലാഖ് പതി ദീദിമാരെ സൃഷ്ടിക്കാനുള്ള അവരുടെ  ശ്രമങ്ങളെ കുറിച്ച്  അവരെ  ധരിപ്പിക്കുകയും  ചെയ്തു. ഗ്രാമത്തിലെ പുതിയ റോഡുകൾ, തന്റെ ഗ്രാമത്തിലേക്ക് വന്ന വെള്ളം, വൈദ്യുത സൗകര്യങ്ങൾ എന്നിവയിലുള്ള തൻ്റെ സന്തോഷം ശ്രീമതി സ്വാവി പ്രധാനമന്ത്രിയുമായി പങ്കുവച്ചു. തന്റെ താഴ്‌വരയിലെ കഠിനമായ തണുത്ത കാലാവസ്ഥയിൽ, സർക്കാർ പദ്ധതിയിലൂടെ നേടിയ വീട് തന്റെ ജീവിതത്തിൽ യഥാർത്ഥ മാറ്റം  കൊണ്ടുവരുമെന്ന് അവർ പറഞ്ഞു. അവരുമായി സംസാരിച്ച ശേഷം 2047-ഓടെ വികസിത് ഭാരത് എന്ന സങ്കൽപ്പം തീർച്ചയായും കൈവരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഏഴംഗ കുടുംബമുള്ള ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ശ്രീമതി ശശി കിരൺ ബിർജിയ, ഒരു സ്വയം സഹായ സംഘത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഫോട്ടോകോപ്പിയറും തയ്യൽ മെഷീനും വാങ്ങിയതിനെക്കുറിച്ചും  കാർഷിക ജോലികളിൽ ഏർപ്പെടുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. ലഭിച്ച ആനുകൂല്യങ്ങളെ കുറിച്ച് പറയവേ, പൈപ്പിലൂടെയുള്ള കുടിവെള്ള കണക്ഷൻ, വൈദ്യുതി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്നിവയെക്കുറിച്ച്‌ പറഞ്ഞ അവർ, തന്റെ അമ്മ പ്രധാനമന്ത്രി  ജൻമൻ പദ്ധതിക്ക് കീഴിലെ  പിഎംഎവൈ(ജി) പ്രകാരമുള്ള ഉറപ്പുള്ള വീടിനായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും, കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചതിനെക്കുറിച്ചും, വൻ ധൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനെക്കുറിച്ചും പ്രത്യേകം  പരാമർശിച്ചു. സ്വാശ്രയ സംഘം മുഖേന വായ്പ ലഭ്യമാകുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ, തന്റെ ഗ്രാമത്തിൽ വളരെ അപൂർവമായി കാണുന്ന  ഒരു ഫോട്ടോകോപ്പിയർ യന്ത്രം താൻ അടുത്തിടെ വാങ്ങിയതായി ശ്രീമതി ശശി അറിയിച്ചു. 12 അംഗങ്ങൾ അടങ്ങുന്ന ഏകതാ അജീവിക സഖി മണ്ഡല് എന്നറിയപ്പെടുന്ന തന്റെ സ്വയം സഹായ സംഘത്തിലൂടെ, പ്രധാനമന്ത്രി കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ ഡോണ പട്ടലും വിവിധതരം അച്ചാറുകളും നിർമ്മിക്കാനുള്ള പരിശീലനം നേടുന്നതായും വൻ ധൻ  കേന്ദ്രങ്ങൾ വഴി അവ വിൽക്കുന്നതായും അവർ കൂട്ടിച്ചേർത്തു. നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, മൃഗസംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സർക്കാർ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിന്റെ സ്വാധീനം സമൂഹത്തിന്റെ താഴെ തട്ടിൽ വരെ  കാണാൻ കഴിയുമെന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പിഎം ജൻമൻ നടപ്പാക്കിയതോടെ അതിന്റെ വേഗവും ആഴവും  പലമടങ്ങ് വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. “കഴിഞ്ഞ 10 വർഷമായി, എല്ലാ സർക്കാർ പദ്ധതികളും എല്ലാ ഗുണഭോക്താക്കളിലേക്കും എളുപ്പത്തിലും സമയബന്ധിതമായും എത്തിക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു, “സർക്കാർ പദ്ധതികൾ എല്ലാ ഗുണഭോക്താക്കളിലും എത്തും. ഇതാണ് മോദിയുടെ ഗ്യാരൻ്റി".  പിഎം ജൻമനും മറ്റ് സർക്കാർ പദ്ധതികളും നടപ്പിലാക്കിയതിന് ഗുംല ജില്ലയിലെ എല്ലാ നിവാസികൾക്കും വേണ്ടി ശ്രീമതി ശശി, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്  ഉത്സവകാലത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ച പ്രധാനമന്ത്രി, ഉത്തരായനം, മകരസംക്രാന്തി, പൊങ്കൽ, ബിഹു എന്നിവയെക്കുറിച്ചും പരാമർശിച്ചു. ഇന്നത്തെ സന്ദർഭം ഉത്സവ കാലഘട്ടത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഗുണഭോക്താക്കളുമായുള്ള ആശയവിനിമയം, തന്നെ സന്തോഷകരമായ മാനസികാവസ്ഥയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. "ഒരു വശത്ത്, അയോധ്യയിൽ ദീപാവലി ആഘോഷിക്കുമ്പോൾ, വളരെ പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള 1 ലക്ഷം ആളുകളും ദീപാവലി ആഘോഷിക്കുന്നു", ഉറപ്പുള്ള വീടുകളുടെ നിർമ്മാണത്തിനായി ഗുണഭോക്താക്കളുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതിനെ കുറിച്ച് പരാമർശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. അവരെ തദവസരത്തിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

 

ഗുണഭോക്താക്കൾ ഈ വർഷത്തെ ദീപാവലി സ്വന്തം വീടുകളിൽ ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ സുപ്രധാന സന്ദർഭം ചൂണ്ടിക്കാട്ടി, ഇത്തരമൊരു ചരിത്ര സന്ദർഭത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. രാമക്ഷേത്രത്തിന്റെ സമർപ്പണത്തോടനുബന്ധിച്ച് താൻ ഏറ്റെടുത്ത 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിനിടെ മാതാ ശബരിയെ ഓർക്കുന്നത് സ്വാഭാവികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര  മോദി  പറഞ്ഞു.

"മാതാ ശബരിയെ കൂടാതെ ശ്രീരാമന്റെ കഥ പൂർണമാകുന്നില്ല ", രാമനെന്ന രാജകുമാരനെ മര്യാദ പുരുഷോത്തം രാമനാക്കി മാറ്റുന്നതിൽ മാതാ ശബരിയുടെ മഹത്തായ പങ്ക് അടിവരയിട്ട് പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവർഗ മാതാ ശബരിയുടെ പഴങ്ങൾ ഭക്ഷിച്ചാലേ ദശരഥന്റെ മകൻ രാമന് ദീനബന്ധു രാമനാകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ശ്രീരാമനുമായുള്ള ഭക്തിയുടെ ബന്ധമാണ് ഏറ്റവും മഹത്തായതെന്ന് പറഞ്ഞിട്ടുള്ളതായി രാംചരിത് മാനസിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ത്രേതായുഗത്തിലെ രാജാവായ രാമന്റെ  കഥയോ നിലവിലെ സാഹചര്യമോ ആകട്ടെ, ദരിദ്രരും, നിരാലംബരും, ആദിവാസികളും ഇല്ലാതെ ക്ഷേമം സാധ്യമല്ല”, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാവപ്പെട്ടവർക്കായി 4 കോടി സ്ഥിരം വീടുകൾ നിർമ്മിച്ചുനൽകിയതിനെ പരാമർശിച്ച് ശ്രീ മോദി പറഞ്ഞു. ഒരിക്കലും ശ്രദ്ധിക്കപ്പെടാത്തവരിലേക്കാണ് മോദി എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവണ്‍മെന്റ് പദ്ധതികളിലൂടെ ഗോത്രസമൂഹത്തിലെ ഓരോ അംഗത്തിനും ഗുണമുണ്ടാക്കുക എന്നതാണ് പ്രധാനമന്ത്രി-ജന്‍മന്‍ മഹാ അഭിയാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രം കഴിയുന്ന ഫലങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പിഎം-ജന്‍മന്‍ മെഗാ ക്യാംപെയിൻ കൈവരിച്ചതായും അദ്ദേഹം അറിയിച്ചു. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ താമസിക്കുന്ന രാജ്യത്തിന്റെ വിദൂരവും ഒറ്റപ്പെട്ടതുമായ ഇടങ്ങളിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍ പ്രധാനമന്ത്രി-ജന്‍മന്നിന്റെ ഉദ്ഘാടനം നടത്തുമ്പോള്‍ ഉണ്ടായിരുന്ന വെല്ലുവിളികള്‍ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പരാമര്‍ശിച്ചു. മലിനമായ വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍, റോഡുകളുടെയും അത്തരം പ്രദേശങ്ങളിലേക്കുള്ള ബന്ധിപ്പിക്കലിന്റെയും അപര്യാപ്തത എന്നീ വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഇപ്പോഴത്തെ ഗവണ്‍മെന്റാണ് ആ വലിയ ദൗത്യം ഏറ്റെടുത്തതെന്ന് ഊന്നിപ്പറയുകയും ചെയ്തു. ''ജന്‍ എന്നാല്‍ ജനങ്ങള്‍ എന്നും, മന്‍ എന്നാല്‍ അവരുടെ മന്‍ കി ബാത്ത് (മനസ്സു പറയുന്നത്) അല്ലെങ്കില്‍ അവരുടെ ആന്തരിക ശബ്ദം''. എന്നും വിശദീകരിച്ചുകൊണ്ട് പദ്ധതിയെ ജന്‍മന്‍ എന്ന് വിളിച്ചത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി.എം-ജന്‍മന്‍ മെഗാ ക്യാംപെയിനിനായി 23,000 കോടി രൂപയിലധികം ചെലവഴിക്കാന്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നതിനാല്‍ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഇപ്പോള്‍ നിറവേറ്റപ്പെടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

സമൂഹത്തില്‍ ആരും പിന്നോക്കം പോകാതിരിക്കുകയും ഗവണ്‍മെന്റ് പദ്ധതികളുടെ പ്രയോജനം എല്ലാവരിലും എത്തുകയും ചെയ്യുമ്പോള്‍ മാത്രമേ രാജ്യത്തിന് വികസനം സാദ്ധ്യമാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ രാജ്യത്തെ 190 ജില്ലകളില്‍ താമസിക്കുന്നുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി, രണ്ട് മാസത്തിനുള്ളില്‍ 80,000 ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ സമീപനം എടുത്തുപറയുകയും ചെയ്തു. അതുപോലെ, വളരെ പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളിലെ 30,000 കര്‍ഷകരെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുമായി ഗവണ്‍മെന്റ് ബന്ധിപ്പിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള 40,000 ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. നിരാലംബരായ 30,000-ത്തിലധികം ആളുകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും ഏകദേശം 11,000 പേര്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമിയുടെ പട്ടയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളിലുള്ള പുരോഗതിയാണെന്നും ഓരോ ദിവസവും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും നമ്മുടെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ കഴിയുന്നത്ര വേഗം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ''ഞാന്‍ ഈ ഗ്യാരൻ്റി നിങ്ങള്‍ക്ക് നല്‍കുന്നു, ഇതാണ് മോദിയുടെ ഗ്യാരൻ്റി. മോദിയുടെ ഗ്യാരൻ്റി എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഗ്യാരൻ്റിയാണെന്ന് നിങ്ങള്‍ക്കറിയാം'', അദ്ദേഹം പറഞ്ഞു.

ഗോത്രവര്‍ഗ്ഗ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് കൈമാറിയതായി പ്രത്യേക ദുര്‍ബല ആദിവാസി വിഭാഗങ്ങള്‍ക്ക് (പി.വി.ടി.ജി) പക്കാ വീടുകള്‍ നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി, ഗ്യാസ് കണക്ഷന്‍, പൈപ്പ് വെള്ളം, ശൗചാലയം എന്നിവയോടുകൂടി അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പക്കാ വീടിന് അവര്‍ക്ക് 2.5 ലക്ഷം രൂപ ലഭിക്കും. ഈ ഒരു ലക്ഷം ഗുണഭോക്താക്കള്‍ ഒരു തുടക്കം മാത്രമാണെന്നും അര്‍ഹരായ ഓരോ അപേക്ഷകരിലും ഗവണ്‍മെന്റ് ഇത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യങ്ങള്‍ക്കായി ആര്‍ക്കെങ്കിലും കൈക്കൂലി നല്‍കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി ഗുണഭോക്താക്കളോട് ആവശ്യപ്പെടുകയും ഉറപ്പ് നല്‍കുകയും ചെയ്തു.


ഗോത്ര സമൂഹങ്ങളുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ വ്യക്തിപരമായ അനുഭവത്തെയാണ് പ്രധാനമന്ത്രി ജൻമൻ മഹാ അഭിയാനില്‍ താന്‍ ആശ്രയിക്കുന്നതെന്ന് പറഞ്ഞു. അതിനുപുറമെ, മാര്‍ഗ്ഗനിര്‍ദേശം നൽകിയതിൻ്റെ പ്രശംസ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുര്‍മുവിനും അദ്ദേഹം നല്‍കി.

''പദ്ധതികള്‍ കടലാസില്‍ തുടരുകയാണെങ്കില്‍, യഥാര്‍ത്ഥ ഗുണഭോക്താവിന് അത്തരത്തിലുള്ള ഒരു പദ്ധതിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഒരിക്കലും അറിയാന്‍ കഴിയില്ല'', അവ പ്രയോജനപ്പെടുത്തുന്നതിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തടസ്സം സൃഷ്ടിച്ച എല്ലാ നിയമങ്ങളേയും പ്രധാനമന്ത്രി-ജൻമന്‍ മഹാ അഭിയാന്റെ കീഴില്‍ ഗവണ്‍മെന്റ് മാറ്റിയെന്ന് ഉന്നിപ്പറഞ്ഞ അദ്ദേഹം, പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ഗ്രാമങ്ങളിലേക്ക് സുഗമമായി റോഡുകള്‍ പ്രാപ്യമാക്കിയ പ്രധാനമന്ത്രി ഗ്രാം സഡക് യോജന, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വരുത്തിയ മാറ്റം, എല്ലാ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളിലും വൈദ്യുതി എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സൗരോര്‍ജ്ജ കണക്ഷനുകള്‍ കൈമാറിയത്, നൂറുകണക്കിന് പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ച് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കിയത് എന്നിവയുടെ ഉദാഹരണങ്ങളും നല്‍കി.

ഭക്ഷ്യസുരക്ഷയ്ക്കായി സൗജന്യ റേഷന്‍ പദ്ധതി 5 വര്‍ഷം കൂടി നീട്ടിയത് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ദുര്‍ബലരായ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ്, പരിശീലനം, അംഗന്‍വാടി തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന 1000 കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ക്കായി ഹോസ്റ്റലുകള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പുതിയ വന്‍ ധന്‍ കേന്ദ്രങ്ങള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ഗ്യാരൻ്റിയുടെ വാഹനങ്ങളും വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയ്‌ക്കൊപ്പം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിവിധ ഗവണ്‍മെന്റ് പദ്ധതികളുമായി ആളുകളെ ബന്ധിപ്പിക്കാന്‍ മാത്രമാണ് വാഹനം ഓടിക്കുന്നതെന്നും പറഞ്ഞു. വികസനാഭിലാഷ ജില്ലാതല പരിപാടിയേക്കുറിച്ച് സംസാരിക്കവേ, ആദിവാസി വിഭാഗത്തിലെ അംഗങ്ങളാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി കണക്ഷനുകള്‍, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.

സിക്കിള്‍ സെല്‍ അനീമിയയുടെ അപകടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും ആദിവാസി സമൂഹത്തിലെ നിരവധി തലമുറകളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നു നിരീക്ഷിക്കുകയും ചെയ്തു. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പകരുന്ന ഈ രോഗം തുടച്ചുനീക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്കിടെ അരിവാള്‍ കോശ രോഗവും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ 40 ലക്ഷത്തിലധികം ആളുകളെ അരിവാള്‍ കോശ രോഗപരിശോധനയ്ക്ക് വിധേയരാക്കിയതായി അദ്ദേഹം പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബജറ്റ് ഗവണ്‍മെന്റ് 5 മടങ്ങ് വര്‍ധിപ്പിച്ചതായി ശ്രീ മോദി അറിയിച്ചു. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നേരത്തെ ലഭ്യമായിരുന്ന സ്‌കോളര്‍ഷിപ്പിന്റെ മൊത്തം ബജറ്റ് ഇപ്പോള്‍ രണ്ടര ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 വര്‍ഷം മുമ്പ് വരെ, ഗോത്രവര്‍ഗ കുട്ടികള്‍ക്കായി രാജ്യത്ത് 90 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 500-ലധികം പുതിയ ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ്. ആദിവാസി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിലും വന്‍കിട കമ്പനികളില്‍ ജോലി ചെയ്യുന്നതിലും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനായി ആദിവാസി മേഖലകളിലെ ക്ലാസുകള്‍ നവീകരിക്കുകയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ന് മുമ്പ് 10 വന ഉല്‍പന്നങ്ങള്‍ക്ക് മാത്രമേ തറവില (എംഎസ്പി) നിശ്ചയിച്ചിരുന്നുള്ളൂ, എന്നാല്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് 90 വന ഉല്‍പന്നങ്ങള്‍ എംഎസ്പിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 'വന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കാന്‍, ഞങ്ങള്‍ വന്‍ ധന്‍ യോജന സൃഷ്ടിച്ചു', ലക്ഷക്കണക്കിന് ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം സ്ത്രീകളെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദിവാസി കുടുംബങ്ങള്‍ക്ക് 23 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തു. ആദിവാസി സമൂഹത്തിന്റെ അങ്ങാടികളും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ഗോത്രവര്‍ഗ സഹോദരങ്ങള്‍ക്ക് അവര്‍ വിപണിയില്‍ വില്‍ക്കുന്ന അതേ സാധനങ്ങള്‍ രാജ്യത്തെ മറ്റ് വിപണികളിലും വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ നിരവധി പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

 ''എന്റെ ആദിവാസി സഹോദരീ സഹോദരന്മാര്‍ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് അതിശയകരമായ ദീര്‍ഘവീക്ഷണമുണ്ട്. ഗോത്രവര്‍ഗ സംസ്കാരത്തിനും അവരെ ആദകരിക്കുന്നതിനും വേണ്ടി നമ്മുടെ ഗവണ്‍മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്ന് ആദിവാസി സമൂഹം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ജന്‍ജാതിയ ഗൗരവ് ദിവസായി ആഘോഷിക്കാനുള്ള ഗവണ്‍മെന്റ് പ്രഖ്യാപനവും രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികളുടെ 10 വലിയ മ്യൂസിയങ്ങളുടെ വികസനവും അദ്ദേഹം പരാമര്‍ശിച്ചു. ഗോത്രവര്‍ഗക്കാരുടെ ബഹുമാനത്തിനും ആശ്വാസത്തിനും വേണ്ടി തുടര്‍ച്ചയായി പ്രവര്‍ത്തിക്കും'', പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി.

പശ്ചാത്തലം

ഏറ്റവും വിദൂരത്തു കഴിയുന്ന വ്യക്തിയെയും ശാക്തീകരിക്കാനുള്ള അന്ത്യോദയയുടെ വീക്ഷണത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് അനുസൃതമായി, പ്രത്യേക ദുര്‍ബല ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമത്തിനായി 2023 നവംബര്‍ 15-ന് ജന്‍ജാതിയ ഗൗരവ് ദിവസ് വേളയിലാണ് പിഎം-ജന്‍മന്‍ ആരംഭിച്ചത്.

ഏകദേശം 24,000 കോടി രൂപ ബജറ്റില്‍ 9 മന്ത്രാലയങ്ങളിലൂടെ 11 നിര്‍ണായക ഇടപെടലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിഎം-ജന്‍മന്‍, സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ദുര്‍ബല ആദിവാസി കുടുംബങ്ങളെയും ആവാസ വ്യവസ്ഥകളെയും കോര്‍ത്തിണക്കി  ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, വൈദ്യുതി, റോഡ്, ടെലികോം കണക്റ്റിവിറ്റി, സുസ്ഥിര ഉപജീവന അവസരങ്ങള്‍ എന്നിവയിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനത്തിലൂടെ അവരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi