11 വാല്യങ്ങളുള്ള ആദ്യ പരമ്പര പുറത്തിറക്കി
'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ്ണ പുസ്തകം പ്രകാശനം ചെയ്യുക എന്നതുതന്നെ വളരെ പ്രധാനമാണ്'
'ആധുനിക ചിന്തയുടെയും സനാതന സംസ്‌കാരത്തിന്റെയും സംഗമമായിരുന്നു മഹാമന'
'മാളവ്യ ജിയുടെ ചിന്തകളുടെ സുഗന്ധം നമ്മുടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അനുഭവപ്പെടും'
'മഹാമനയ്ക്ക് ഭാരതരത്ന സമ്മാനിക്കാനായതു ഞങ്ങളുടെ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു അംഗീകാരമാണ്'
'മാളവ്യ ജിയുടെ ശ്രമങ്ങള്‍ രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും പ്രതിഫലിക്കുന്നു'
'നല്ല ഭരണം എന്നാല്‍ അധികാര കേന്ദ്രീകൃതം എന്നതിനെക്കാള്‍ സേവന കേന്ദ്രീകൃതമാണ്'
'ദേശീയവും അന്തര്‍ദേശീയവുമായി പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ സ്രഷ്ടാവായി ഇന്ത്യ മാറുകയാണ്'

മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ കൃതികള്‍' 11 വാല്യങ്ങളില്‍ ആദ്യത്തേത് പ്രകാശനം ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ശ്രീ മോദി പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ്. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്‌നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അടല്‍ ജയന്തിയും മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ ജന്മദിനവും ആഘോഷിക്കുന്ന ഇന്ന് ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പ്രചോദനത്തിന്റെ ഉത്സവമാണെന്ന് അദ്ദേഹം അടിവരയിട്ടു. മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെയും മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയിയുടെയും മുന്നില്‍ പ്രധാനമന്ത്രി മോദി വണങ്ങി. അടല്‍ ജയന്തി ദിനത്തില്‍ സദ്ഭരണ ദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് ഓര്‍മിപ്പിച്ച അദ്ദേഹം, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും തന്റെ ആശംസകള്‍ നേരുകയും ചെയ്തു.

 

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികള്‍ യുവതലമുറയ്ക്കും ഗവേഷണ പണ്ഡിതര്‍ക്കും എത്രത്തോളം പ്രാധാന്യം നിറഞ്ഞതാണെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശേഖരിച്ച കൃതികള്‍ ബിഎച്ച്യുവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കോണ്‍ഗ്രസ് നേതൃത്വവുമായുള്ള മഹാമനയുടെ സംഭാഷണം, ബ്രിട്ടീഷ് നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവം എന്നിവയിലേക്ക് വെളിച്ചം വീശുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാമനയുടെ ഡയറിയുമായി ബന്ധപ്പെട്ട വാല്യത്തിന് രാജ്യത്തെ ജനങ്ങളെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആത്മീയതയുടെയും തലങ്ങളിലേക്ക് നയിക്കാന്‍ കഴിയുമെന്ന് മോദി ചൂണ്ടിക്കാട്ടി. അദ്ദേഹം, സമാഹരിച്ച പ്രവര്‍ത്തനത്തിന് പിന്നിലെ സംഘത്തിന്റെ കഠിനാധ്വാനത്തെ അംഗീകരിക്കുകയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ മത്തിനുഹാമന മാളവ്യ മിഷനും ശ്രീറാം ബഹാദൂര്‍ റായിക്കും അഭിനന്ദനം നേരുകയും ചെയ്തു.

'മഹാമനയെപ്പോലുള്ള വ്യക്തികള്‍ നൂറ്റാണ്ടുകളുടെ ഇടവേളയില്‍ ഒരിക്കല്‍ ജനിക്കുന്നു, അവരുടെ സ്വാധീനം എത്രയോ ഭാവി തലമുറകളില്‍ കാണാന്‍ കഴിയും', അറിവിന്റെയും കഴിവിന്റെയും കാര്യത്തില്‍ തന്റെ കാലത്തെ ഏറ്റവും വലിയ പണ്ഡിതന്മാര്‍ക്ക് തുല്യനായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക ചിന്തയുടെയും സനാതന സംസ്‌കാരത്തിന്റെയും സംഗമമായിരുന്നു മഹാമനനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ സമരത്തിനും രാജ്യത്തിന്റെ ആത്മീയതയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുന്നതിനും തുല്യമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കണ്ണു വര്‍ത്തമാനകാല വെല്ലുവിളികളിലേക്കും രണ്ടാമത്തേത് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ഭാവിയിലെ സംഭവവികാസങ്ങളിലേക്കും തുറന്നുവച്ചിരുന്നു. മഹാമന ഏറ്റവും വലിയ ശക്തിയോടെ രാജ്യത്തിനായി പോരാടിയെന്നും ഏറ്റവും പ്രയാസകരമായ അന്തരീക്ഷത്തിലും സാധ്യതകളുടെ പുതിയ വിത്തുകള്‍ പാകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് പുറത്തിറക്കുന്ന സമ്പൂര്‍ണ പുസ്തകത്തിന്റെ 11 വാല്യങ്ങളിലൂടെ മഹാമനയുടെ അത്തരം നിരവധി സംഭാവനകള്‍ ആധികാരികമായി വെളിപ്പെടുത്തപ്പെടുമെന്ന് അദ്ദേഹം തുടര്‍ന്നു. മഹാമനയ്ക്ക് ഭാരതരത്നം നല്‍കുന്നത് നമ്മുടെ ഗവണ്‍മെന്റിനുള്ള അംഗീകാരമാണ്,  അദ്ദേഹം പറഞ്ഞു. മഹാമനയെപ്പോലെ കാശിയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം തനിക്കും ലഭിച്ചിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. കാശിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വന്നപ്പോള്‍ മാളവ്യയുടെ കുടുംബാംഗങ്ങളാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. മഹാമനയ്ക്ക് കാശിയില്‍ അപാരമായ വിശ്വാസമുണ്ടായിരുന്നുവെന്നും നഗരം ഇന്ന് വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ തൊടുകയും അതിന്റെ പൈതൃകത്തിന്റെ മഹത്വം വീണ്ടെടുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

അമൃത കാലത്തില്‍ ഇന്ത്യ അടിമത്ത മാനസികാവസ്ഥ വിട്ടൊഴിഞ്ഞുകൊണ്ടു മുന്നേറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും മാളവ്യ ജിയുടെ ചിന്തകളുടെ സുഗന്ധം നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു. അതിന്റെ പുരാതന ആത്മാവ് സുരക്ഷിതമായി ആധുനിക ശരീരത്തില്‍ സംരക്ഷിച്ചിരിക്കുന്ന ഒരു രാഷ്ട്രത്തിന്റെ കാഴ്ചപ്പാടാണ് മാളവ്യ ജി നമുക്കു നല്‍കിയത്. ഇന്ത്യന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസത്തിനായുള്ള മാളവ്യ ജിയുടെ വാദവും ഇന്ത്യന്‍ ഭാഷകളുടെ വക്താവായി അദ്ദേഹം നിലകൊണ്ടതും ബനാറസ് ഹിന്ദു സര്‍വകലാശാല സൃഷ്ടിച്ചതും പ്രധാനമന്ത്രി നിരീക്ഷിച്ചു. ''അദ്ദേഹത്തിന്റെ ശ്രമഫലമായി നാഗരി ലിപി ഉപയോഗത്തിലെത്തുകയും ഇന്ത്യന്‍ ഭാഷകള്‍ക്ക് ബഹുമാനം ലഭിക്കുകയും ചെയ്തു. മാളവ്യ ജിയുടെ ഈ പരിശ്രമങ്ങള്‍ ഇന്നു രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും പ്രതിഫലിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

ഏതൊരു രാജ്യത്തെയും ശക്തമാക്കുന്നതില്‍  ആ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാളവ്യ ജി തന്റെ ജീവിതത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വങ്ങളെ സൃഷ്ടിച്ച അത്തരം നിരവധി സ്ഥാപനങ്ങള്‍ സൃഷ്ടിച്ചു. ബിഎച്ച്യു, ഹരിദ്വാറിലെ ഋഷികുല്‍ ബ്രഹ്‌മാശ്രമം, പ്രയാഗ് രാജിലെ ഭാരതി ഭവന്‍ പുസ്തകാലയം, സനാതന ധര്‍മ മഹാവിദ്യാലയം എന്നിവയെക്കൂടാതെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. സഹകരണ മന്ത്രാലയം, ആയുഷ് മന്ത്രാലയം, ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ ചികില്‍സയ്ക്കായുള്ള ആഗോള കേന്ദ്രം, ചെറുധാന്യ ഗവേഷണത്തിനായുള്ള കേന്ദ്രം, ആഗോള ജൈവ ഇന്ധന സഖ്യം, രാജ്യാന്തര സൗരോര്‍ജ സഖ്യം, ദുരന്തങ്ങളെ അതിജീവിക്കാന്‍ കെല്‍പുള്ള അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യം, ആഗോള ദക്ഷിണ മേഖലയ്ക്കായുള്ള ദക്ഷിണ്‍, ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഇന്‍-സ്‌പേസും നാവിക മേഖലയില്‍ സാഗറും തുടങ്ങി ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കീഴില്‍ നിലവില്‍ വരുന്ന ഒരു കൂട്ടം സ്ഥാപനങ്ങളുടെ പേരുകള്‍ അദ്ദേഹം ഓര്‍മയില്‍പ്പെടുത്തി. 'ഇന്ത്യ ഇന്ന് ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളുടെ സ്രഷ്ടാവായി മാറുകയാണ്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ലോകത്തിനും പുതിയ ദിശാബോധം നല്‍കാനായി ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും,' അദ്ദേഹം പറഞ്ഞു.

 

മഹാമനയെയും അടല്‍ ജിയെയും സ്വാധീനിച്ച പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിക്കൊണ്ട്, മഹാമനയെക്കുറിച്ചുള്ള അടല്‍ജിയുടെ വാക്കുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു, ''ഗവണ്‍മെന്റിന്റെ സഹായമില്ലാതെ ഒരു വ്യക്തി എന്തെങ്കിലും ചെയ്യാന്‍ പുറപ്പെടുമ്പോള്‍, മഹാമനയുടെ വ്യക്തിത്വവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ഒരു വിളക്കുമാടമെന്നപോലെ, ആ വ്യക്തിയുടെ പാതയെ പ്രകാശിപ്പിക്കും'. സദ്ഭരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് മാളവ്യ ജിയുടെയും അടല്‍ ജിയുടെയും ഓരോ സ്വാതന്ത്ര്യ സമര സേനാനിയുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'നല്ല ഭരണം എന്നാല്‍ അധികാര കേന്ദ്രീകൃതമായതിനേക്കാള്‍ സേവന കേന്ദ്രീകൃതമാണ്', ശ്രീ മോദി തുടര്‍ന്നു, 'വ്യക്തമായ ഉദ്ദേശ്യങ്ങളോടും സംവേദനക്ഷമതയോടുംകൂടി നയങ്ങള്‍ രൂപീകരിക്കുകയും അര്‍ഹതയുള്ള ഓരോ വ്യക്തിക്കും യാതൊരു വിവേചനവുമില്ലാതെ മുഴുവന്‍ അവകാശങ്ങളും ലഭിക്കുകയും ചെയ്യുന്നതാണ് നല്ല ഭരണം.' അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പൗരന്മാര്‍ പോസ്റ്റുകളില്‍ നിന്ന് പോസ്റ്റുകളിലേക്ക് ഓടേണ്ട സാഹചര്യം ഇല്ലാതായതോടെ, ഇന്നത്തെ ഗവണ്‍മെന്റിന്റെ സദ്ഭരണ തത്വം അതിന്റെ വ്യക്തിത്വമായി മാറിയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. പഴയ രീതിക്കു പകരം, ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ച് സേവനമെത്തിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാ ഗവണ്‍മെന്റ് പദ്ധതികളുടെയും പൂര്‍ണത കൈവരിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന വികസിത ഭാരത സങ്കല്‍പ യാത്രയെക്കുറിച്ച് ശ്രീ മോദി സൂചിപ്പിച്ചു. 'മോദി കി ഗ്യാരന്റി' വാഹനത്തിന്റെ ഫലം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, 40 ദിവസത്തിനുള്ളില്‍ അവശേഷിച്ചവര്‍ക്ക് കോടിക്കണക്കിന് പുതിയ ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

നല്ല ഭരണത്തില്‍ സത്യസന്ധതയുടെയും സുതാര്യതയുടെയും പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ക്ഷേമ പദ്ധതികള്‍ക്കായി ലക്ഷക്കണക്കിന് കോടികള്‍ ചെലവഴിക്കുമ്പോഴും ഭരണം അഴിമതിരഹിതമാണെന്നതിനെക്കുറിച്ച് വിശദീകരിച്ചു. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷനായി 4 ലക്ഷം കോടിരൂപയും പാവപ്പെട്ടവര്‍ക്ക് ഉറപ്പുള്ള വീടിനായി 4 ലക്ഷം കോടി രൂപയും എല്ലാ വീട്ടിലും പൈപ്പ് വെള്ളമെത്തിക്കാനായി 3 ലക്ഷം കോടിയിലേറെ രൂപയും ചെലവഴിക്കുന്നത് അദ്ദേഹം പരാമര്‍ശിച്ചു. ''സത്യസന്ധരായ നികുതിദായകന്റെ ഓരോ ചില്ലിക്കാശും പൊതുതാല്‍പ്പര്യത്തിനും ദേശീയതാല്‍പ്പര്യത്തിനും വേണ്ടി ചെലവഴിക്കുകയാണെങ്കില്‍, അതാണ് സദ്ഭരണം. 13.5 കോടി ജനത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സദ്ഭരണം കാരണമായി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവേദനക്ഷമതയുടെയും സദ്ഭരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, പിന്നാക്കാവസ്ഥയുടെ ഇരുട്ടിലേക്ക് തള്ളിവിടപ്പെട്ടിരുന്ന 110 ജില്ലകളെ വികസനംകാംക്ഷിക്കുന്ന ജില്ലാ പദ്ധതി മാറ്റിയെന്നും പറഞ്ഞു. ഇപ്പോള്‍ അതേ ശ്രദ്ധ വികസനംകാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

''ചിന്തയും സമീപനവും മാറുമ്പോള്‍, ഫലങ്ങളും മാറുന്നു'', അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തിന് മുന്‍ഗണന നല്‍കുന്ന വൈബ്രന്റ് വില്ലേജ് പദ്ധതി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനുള്ള ഗവണ്‍മെന്റിന്റെ അചഞ്ചലമായ സമീപനം എടുത്തുകാട്ടിയ അദ്ദേഹം കോവിഡ് മഹാമാരി, ഉക്രൈന്‍ യുദ്ധം എന്നീ സമയങ്ങളിലെ ദുരിതാശ്വാസ നടപടികളുടെ ഉദാഹരണം നല്‍കുകയും ചെയ്തു. ''ഭരണത്തിലെ മാറ്റം ഇപ്പോള്‍ സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റം വരുത്തുന്നു'', പൊതുജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള വര്‍ദ്ധിച്ച വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഈ വിശ്വാസം രാജ്യത്തിന്റെ ആത്മവിശ്വാസത്തിലും ആസാദി കാ അമൃത് കാലില്‍ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊര്‍ജ്ജമായി മാറുന്നതിലും പ്രതിഫലിക്കുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

മഹാമാനയുടെയും അടല്‍ ജിയുടെയും ചിന്തകളെ ഉരകല്ലായി കണക്കാക്കി ആസാദി കാ അമൃത് കാലില്‍ വികസിത ഇന്ത്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നതിന് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു. നിശ്ചയദാര്‍ഢ്യത്തോടെ വിജയത്തിന്റെ പാതയിലേക്ക് രാജ്യത്തെ ഓരോ പൗരനും സംഭാവന നല്‍കുമെന്നതില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

മറ്റുള്ളവര്‍ക്കൊപ്പം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍, കേന്ദ്ര നിയമ-നീതി മന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍, മഹാമാന മാളവ്യ മിഷന്‍ സെക്രട്ടറി ശ്രീ പ്രഭുനാരായണ്‍ ശ്രീവാസ്തവ്, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ സമ്പൂര്‍ണ വംഗമായ് ചീഫ് എഡിറ്റര്‍ ശ്രീ രാംബഹാദൂര്‍ റായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

അമൃത് കാലത്ത് , രാഷ്ട്രസേവനത്തിന് മഹത്തായ സംഭാവന നല്‍കിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഉചിതമായ അംഗീകാരം നല്‍കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ' സമാഹരിച്ച കൃതികള്‍ ഈ ദിശയിലുള്ള ഒരു ശ്രമമാണ്.

 

രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് ശേഖരിച്ച പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ രചനകളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് 11 വാല്യങ്ങളില്‍ 4,000 പേജുകളിലായുള്ള ഈ ദ്വിഭാഷാ (ഇംഗ്ലീഷ്, ഹിന്ദി) കൃതി. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കാത്ത കത്തുകള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍, മെമ്മോറാണ്ടങ്ങള്‍; 1907-ല്‍ അദ്ദേഹം ആരംഭിച്ച ഹിന്ദി വാരികയായ 'അഭ്യുദയ'യുടെ എഡിറ്റോറിയല്‍ ഉള്ളടക്കം; കാലാകാലങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍, ലഘുലേഖകള്‍, ലഘുഗ്രന്ഥങ്ങള്‍; 1903-നും 1910-നും ഇടയില്‍ ആഗ്രയിലെയും അവധിലെയും യുണൈറ്റഡ് പ്രവിശ്യകളിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ എല്ലാ പ്രസംഗങ്ങളും; റോയല്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴികള്‍; 1910 നും 1920 നും ഇടയില്‍ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ബില്ലുകളുടെ അവതരണ വേളയില്‍ നടത്തിയ പ്രസംഗങ്ങള്‍; ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിക്കുന്നതിന് മുമ്പും ശേഷവും എഴുതിയ കത്തുകള്‍, ലേഖനങ്ങളും പ്രസംഗങ്ങളും; 1923 നും 1925 നും ഇടയില്‍ അദ്ദേഹം എഴുതിയ ഒരു ഡയറി എന്നിവ ഉള്‍പ്പെടെയുള്ളവയാണ് ഈ വാല്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ ആദര്‍ശങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന മഹാമാന മാളവ്യ മിഷന്‍ എന്ന സ്ഥാപനമാണ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ എഴുതിയതും സംസാരിച്ചതുമായ രേഖകള്‍ ഗവേഷണം ചെയ്ത് സമാഹരിക്കുന്ന ജോലി ഏറ്റെടുത്തത്. പ്രണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ മൗലിക സാഹിത്യത്തിന്റെ ഭാഷയിലും വചനങ്ങളിലും മാറ്റം വരുത്താതെ പമുഖ പത്രപ്രവര്‍ത്തകനായ ശ്രീ റാം ബഹദൂര്‍ റായിയുടെ നേതൃത്വത്തിലുള്ള മിഷന്റെ ഒരു സമര്‍പ്പിത സംഘം വേണ്ട പ്രവര്‍ത്തംനടത്തി. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗമാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi