“രാഷ്ട്രപതിജിയുടെ പ്രസംഗം ഇന്ത്യയുടെ വർധിക്കുന്ന ആത്മവിശ്വാസത്തിനും മികച്ച ഭാവിക്കും രാജ്യത്തെ ജനങ്ങളുടെ അനന്തമായ സാധ്യതകൾക്കും ഊന്നൽ നൽകുന്നു”
“ദുർബലമായ അഞ്ചിന്റെയും നയപരമായ ദൗർബല്യത്തിന്റെയും നാളുകളിൽനിന്നു മികച്ച 5 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറി”
“കഴിഞ്ഞ 10 വർഷങ്ങൾ ഗവണ്മെന്റിന്റെ ചരിത്രപരമായ തീരുമാനങ്ങൾക്കു പേരുകേട്ടതാണ്”
“‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതു വെറും മുദ്രാവാക്യമല്ല. അതു മോദിയുടെ ഉറപ്പാണ്”
“വികസിതഭാരതത്തിന്റെ അടിത്തറ ശക്തിപ്പെടുത്താൻ മോദി 3.0 എല്ലാ ശ്രമങ്ങളും നടത്തും”

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാജ്യസഭയിൽ മറുപടി നൽകി.

75-ാം റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്നും രാഷ്ട്രപതി പ്രസംഗത്തിനിടെ ഇന്ത്യയുടെ ആത്മവിശ്വാസത്തെക്കുറിച്ചു സംസാരിച്ചെന്നും സഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ പൗരന്മാരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിതഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റാൻ രാജ്യത്തിനു മാർഗനിർദേശം നൽകിയ രാഷ്ട്രപതിയുടെ പ്രചോദനാത്മകമായ പ്രസംഗത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിൽ ഫലപ്രദമായ ചർച്ച നടത്തിയതിനു പ്രധാനമന്ത്രി സഭാംഗങ്ങൾക്കു നന്ദി പറഞ്ഞു. “രാഷ്ട്രപതിജിയുടെ പ്രസംഗം ഇന്ത്യയുടെ വർധിക്കുന്ന ആത്മവിശ്വാസത്തിനും മികച്ച ഭാവിക്കും രാജ്യത്തെ ജനങ്ങളുടെ അനന്തമായ സാധ്യതകൾക്കും ഊന്നൽ നൽകുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

സഭയുടെ അന്തരീക്ഷത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, “എന്റെ ശബ്ദം അടിച്ചമർത്താൻ പ്രതിപക്ഷത്തിനു കഴിയില്ല; കാരണം രാജ്യത്തെ ജനങ്ങൾ ഈ ശബ്ദത്തിനു ശക്തി നൽകിയിട്ടുണ്ട്” എന്നു പറഞ്ഞു. പൊതുസമ്പത്തിന്റെ ചോർച്ച, ദുർബലമായ അഞ്ച്, നയദൗർബല്യം എന്നിവയുടെ കാലഘട്ടം അനുസ്മരിച്ച പ്രധാനമന്ത്രി, രാജ്യത്തെ മുൻകാലപ്രതിസന്ധിയിൽനിന്നു കരകയറ്റാൻ നിലവിലെ ഗവണ്മെന്റ് വലിയ ശ്രദ്ധയോടെയാണു പ്രവർത്തിച്ചതെന്നു പറഞ്ഞു. “കോൺഗ്രസ് ഗവണ്മെന്റിന്റെ 10 വർഷത്തെ ഭരണകാലയളവിൽ, ലോകമാകെ ഇന്ത്യയെ വിശേഷിപ്പിക്കാൻ ‘ദുർബലമായ അഞ്ചിലൊന്ന്’, നയപരമായ ദൗർബല്യം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചു. ഞങ്ങളുടെ 10 വർഷത്തിനിടയിൽ, ‘മികച്ച 5 സമ്പദ്‌വ്യവസ്ഥകളിലൊന്ന്’ എന്നാണു ലോകം ഇന്നു നമ്മെക്കുറിച്ചു സംസാരിക്കുന്നത്”- അദ്ദേഹം പറഞ്ഞു

മുൻ ഗവണ്മെന്റുകൾ അവഗണിച്ച കോളനിവാഴ്ചക്കാല മനോഭാവത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്യാനുള്ള ഗവണ്മെന്റിന്റെ ശ്രമത്തിനും പ്രധാനമന്ത്രി ഊന്നൽ നൽകി. പ്രതിരോധ സേനയുടെ പുതിയ മുദ്ര, കർത്തവ്യപഥം, ആൻഡമാൻ ദ്വീപുകളുടെ പുനർനാമകരണം, കോളനിവാഴ്ചക്കാലത്തെ നിയമങ്ങൾ നിർത്തലാക്കൽ, ഇന്ത്യൻ ഭാഷകളുടെ ഉന്നമനം തുടങ്ങിയ നിരവധി നടപടികൾ അദ്ദേഹം പട്ടികപ്പെടുത്തി. തദ്ദേശീയ ഉൽപ്പന്നങ്ങൾ, പാരമ്പര്യങ്ങൾ, പ്രാദേശിക മൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകാല അപകർഷതാബോധവും പ്രധാനമന്ത്രി പരാമർശിച്ചു. ഇതെല്ലാം ഇപ്പോൾ ആത്മാർഥമായി അഭിസംബോധന ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നാരീശക്തി, യുവശക്തി, ദരിദ്രർ, അന്നദാതാക്കൾ എന്നീ നാലു സുപ്രധാന വിഭാഗങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകിയതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ഈ നാലു പ്രധാനസ്തംഭങ്ങളുടെ വികസനവും പുരോഗതിയും രാഷ്ട്രത്തെ വികസിതമാക്കുമെന്ന് ആവർത്തിച്ചു. 2047 ഓടെ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ സമീപനംകൊണ്ടു കാര്യമില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു.

എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെയും വികസനത്തെയും പരാമർശിച്ച പ്രധാനമന്ത്രി, അനുച്ഛേദം 370 റദ്ദാക്കിയത് ഈ സമുദായങ്ങൾക്കു ജമ്മു കശ്മീരിൽ രാജ്യത്തെ മറ്റു ഭാഗങ്ങളിൽ ലഭിക്കുന്ന അതേ അവകാശങ്ങൾ ഉറപ്പാക്കുന്നുവെന്നു പറഞ്ഞു. അതുപോലെ, റദ്ദാക്കലിനുശേഷമാണു വനാവകാശ നിയമം, അതിക്രമങ്ങൾ തടയൽ നിയമം, സംസ്ഥാനത്തു ബാൽമീകി സമുദായത്തിനുള്ള താമസാവകാശം എന്നിവയും നടപ്പിലാക്കിയത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒബിസി സംവരണത്തിനുള്ള ബിൽ പാസാക്കിയതും അദ്ദേഹം പരാമർശിച്ചു.

ബാബാ സാഹിബിനെ ആദരിക്കുന്നതിനുള്ള നടപടികൾ പരാമർശിച്ച പ്രധാനമന്ത്രി, ഗോത്രവർഗ വനിത രാഷ്ട്രപതിയായതും ചൂണ്ടിക്കാട്ടി. ദരിദ്രരുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റ് നയങ്ങളെക്കുറിച്ചു സംസാരിക്കവെ, എസ്‌സി, എസ്‌ടി, ഒബിസി, ഗോത്രവർഗ വിഭാഗങ്ങളുടെ വികസനത്തിനു മുൻഗണന നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ സമുദായങ്ങളെ ശാക്തീകരിക്കുന്നതിനായി അടച്ചുറപ്പുള്ള വീടുകൾ, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശുചിത്വയജ്ഞങ്ങൾ, ഉജ്വല ഗ്യാസ് പദ്ധതി, സൗജന്യ റേഷൻ, ആയുഷ്മാൻ പദ്ധതി എന്നിവ അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വർധിപ്പിച്ചു; സ്കൂളിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിച്ചു; കൊഴിഞ്ഞുപോക്കു ഗണ്യമായി കുറഞ്ഞു; പുതിയ കേന്ദ്ര ഗോത്രവർഗ സർവകലാശാല സ്ഥാപിച്ച് അവയുടെ എണ്ണം രണ്ടാക്കി; ഏകലവ്യ മോഡൽ സ്കൂളുകൾ 120ൽ നിന്ന് 400 ആയി ഉയർന്നു; ഉന്നതവിദ്യാഭ്യാസത്തിൽ പട്ടികജാതി വിദ്യാർഥികളുടെ പ്രവേശനം 44 ശതമാനവും പട്ടികവർഗ വിദ്യാർഥികളുടെ പ്രവേശനം 65 ശതമാനവും ഒബിസി പ്രവേശനം 45 ശതമാനവും വർധിച്ചു - അദ്ദേഹം അറിയിച്ചു.

“‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം’ എന്നതു വെറും മുദ്രാവാക്യമല്ല. അതു മോദിയുടെ ഉറപ്പാണ്” - ശ്രീ മോദി പറഞ്ഞു. തെറ്റായ ആഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ നിരാശയുടെ മനോഭാവം പ്രചരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. താൻ ജനിച്ചതു സ്വതന്ത്ര ഇന്ത്യയിലാണെന്നും തന്റെ ചിന്തകളും സ്വപ്നങ്ങളും സ്വതന്ത്രമാണെന്നും രാജ്യത്തു കോളനിവാഴ്ചക്കാലത്തെ ചിന്താഗതിക്ക് ഇടം നൽകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ തകർച്ചയ്ക്കു വിരുദ്ധമായി, ഇപ്പോൾ ബിഎസ്എൻഎൽ പോലുള്ള സംരംഭങ്ങൾ 4ജി, 5ജി എന്നിവയിൽ മുൻപന്തിയിലാണെന്നും എച്ച്എഎൽ റെക്കോഡ് നിർമാണം നടത്തുന്നുണ്ടെന്നും ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി കർണാടകത്തിലെ എച്ച്എഎൽ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. എൽഐസിയും റെക്കോഡ് ഓഹരി വിലയുമായി മുന്നേറുകയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 2014-ൽ 234 ആയിരുന്നത് ഇന്ന് 254 ആയി വർധിച്ചുവെന്നും അവയിൽ മിക്കതും നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചു റെക്കോർഡ് വരുമാനം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപന സൂചിക കഴിഞ്ഞ വർഷത്തിൽ രണ്ടു മടങ്ങ് ഉയർച്ചയ്ക്കു സാക്ഷ്യം വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷങ്ങളിൽ, പൊതുമേഖലാ സ്ഥാപനത്തിന്റെ അറ്റാദായം 2004-നും 2014-നും ഇടയിലെ 1.25 ലക്ഷം കോടിരൂപയിൽ നിന്ന് 2.50 ലക്ഷം കോടി രൂപയായും, പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റമൂല്യം 9.5 ലക്ഷം കോടി രൂപയിൽനിന്ന് 17 ലക്ഷം കോടി രൂപയായും വർധിച്ചു.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ താൻ ഈ പ്രക്രിയയിലൂടെ കടന്നുപോയതിനാൽ പ്രാദേശിക  വികാരങ്ങൾ നന്നായി മനസ്സിലാക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘രാജ്യത്തിന്റെ വികസനത്തിനായി സംസ്ഥാനങ്ങളുടെ വികസനം’ എന്ന സന്ദേശം പ്രധാനമന്ത്രി ആവർത്തിച്ചു. സംസ്ഥാനങ്ങളുടെ വികസനത്തിനു കേന്ദ്രത്തിന്റെ പൂർണപിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. വികസനത്തിനു സംസ്ഥാനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിന് ആഹ്വാനം ചെയ്തു.

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായുള്ള 20 യോഗങ്ങൾക്കു നേതൃത്വം നൽകിയത് അനുസ്മരിക്കുകയും വെല്ലുവിളി നേരിട്ടതിനു മുഴുവൻ സംവിധാനത്തെയും പ്രശംസിക്കുകയും ചെയ്തു.

രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നതിനാൽ  ജി 20 യുടെ പ്രദർശനവും മഹത്വവും എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിദേശീയരായ പ്രമുഖരെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുടെ പങ്കിനെ പരാമർശിച്ചുകൊണ്ട്, ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിൻ്റെ വിജയത്തിന് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. "കേന്ദ്ര സർക്കാറിന്റെ  ആശയം  സംസ്ഥാനങ്ങളെ ഒപ്പം കൊണ്ടുപോകുന്നു. രാഷ്ട്രങ്ങളെ കൂട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനായാണിത്", അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിൻ്റെ പ്രവർത്തനത്തെ മനുഷ്യശരീരവുമായി ഉപമിച്ചുകൊണ്ട്, ഒരു പ്രവർത്തനനിരതമായ ശരീരഭാഗം എങ്ങനെയാണോ ശരീരത്തെ മുഴുവനായും ബാധിക്കുക, അതുപോലെ ഒരു സംസ്ഥാനം അധസ്ഥിതവും അവികസിതവുമായി തുടരുകയാണെങ്കിൽ അങ്ങനെയുള്ള രാഷ്ട്രത്തെ വികസിതമായി   കണക്കാക്കാനാവില്ലെന്ന്  പ്രധാനമന്ത്രി ആവർത്തിച്ചു.

എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, അവരുടെ  ജീവിത നിലവാരം ഉയർത്തുക എന്നതാണ് രാഷ്ട്രത്തിൻ്റെ നയങ്ങളുടെ ദിശയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ, ജീവിത സൗകര്യങ്ങൾക്കപ്പുറം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് സർക്കാരിന്റെ  ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ നവ മധ്യവർഗത്തിന് പുതിയ അവസരങ്ങൾ നൽകാനുള്ള തൻ്റെ ദൃഢനിശ്ചയം അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമൂഹ്യനീതിയുടെ 'മോദി കവചിന്' തന്റെ ഗവണ്മെൻ്റ്  കൂടുതൽ ശക്തി നൽകുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

ദാരിദ്ര്യത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റവർക്ക് സർക്കാർ നൽകുന്ന പിന്തുണ ഉയർത്തിക്കാട്ടി, സൗജന്യ റേഷൻ പദ്ധതി, ആയുഷ്മാൻ പദ്ധതി, മരുന്നുകൾക്ക് 80 ശതമാനം കിഴിവ്, കർഷകർക്കുള്ള പ്രധാനമന്ത്രി സമ്മാൻ  നിധി, പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി, പൈപ്പുവെള്ള  കണക്ഷനുകൾ, പുതിയ ശൗചാലയങ്ങളുടെ നിർമാണം  എന്നിവ അതിവേഗം തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ഗവൺമെന്റിന്റെ മൂന്നാം  ഊഴം പരാമർശിച്ച്,  "മോദി 3.0, വികസിത്‌ ഭാരതിൻ്റെ അടിത്തറ ശക്തിപ്പെടുത്താനുള്ള ഒരവസരവും പാഴാക്കില്ല", അദ്ദേഹം പറഞ്ഞു.

അടുത്ത 5 വർഷത്തിനുള്ളിൽ മെഡിക്കൽ അടിസ്ഥാനസൗകര്യരംഗത്ത് മുന്നേറ്റം തുടരുമെന്നും വൈദ്യചികിത്സ കൂടുതൽ പ്രാപ്യമാകുമെന്നും  എല്ലാ വീട്ടിലും പൈപ്പ് വെള്ളമുണ്ടാകുമെന്നും പ്രധാനമന്ത്രി ആവാസ് പദ്ധതി പൂർണത നേടുമെന്നും സൗരോർജ്ജം വഴി രാജ്യത്തെ കോടിക്കണക്കിന് വീടുകളുടെ വൈദ്യുതി ബില്ലുകൾ പൂജ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം പൈപ്പ് വഴിയുള്ള  പാചക വാതകവിതരണം, സ്റ്റാർട്ടപ്പുകളുടെ വർധന, പേറ്റൻ്റ് ഫയലിംഗിലെ പുതിയ റെക്കോർഡ് നേട്ടം എന്നിവയും പ്രധാനമന്ത്രി പരാമർശിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ അന്താരാഷ്ട്ര കായിക മത്സരങ്ങളിലും ഇന്ത്യൻ യുവാക്കളുടെ കഴിവുകൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും പൊതുഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തുമെന്നും ആത്മനിർഭർ ഭാരത് പ്രചാരണ പരിപാടി  പുതിയ ഉയരങ്ങളിലെത്തുമെന്നും മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയിലൂടെ അർദ്ധചാലകങ്ങളുടെ കാര്യത്തിലും  ഇലക്ട്രോണിക്‌സ് രംഗത്തും ആധിപത്യം സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി സഭയിൽ ഉറപ്പുനൽകി. ഗ്രീൻ ഹൈഡ്രജനിലേക്കും എത്തനോൾ മിശ്രിതത്തിലേക്കുമുള്ള മുന്നേറ്റത്തെ പരാമർശിച്ച്, ഊർജ രംഗത്ത് രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യ എണ്ണ ഉൽപാദനത്തിൽ ആത്മനിർഭർ ആകുമെന്ന ഇന്ത്യയുടെ വിശ്വാസവും പ്രധാനമന്ത്രി മോദി ആവർത്തിച്ചു.

അടുത്ത 5 വർഷത്തേക്കുള്ള കാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്നതിനിടെ, ജൈവ കൃഷിയുടെ പ്രോത്സാഹനത്തേക്കുറിച്ചും തിനയെ  മുഖ്യ ആഹാരമായി മാറ്റുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. കാർഷികമേഖലയിൽ ഡ്രോൺ ഉപയോഗം വർധിക്കും. അതുപോലെ, നാനോ യൂറിയ സഹകരണസംഘത്തെ   ഒരു ജനകീയ പ്രസ്ഥാനമായി മാറ്റും. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും പുതിയ റെക്കോർഡുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ വിനോദസഞ്ചാര മേഖല രാജ്യത്തെ വലിയ തൊഴിൽ സ്രോതസ്സായി മാറുമെന്നും പ്രധാനമന്ത്രി മോദി പ്രത്യേകം എടുത്തുപറഞ്ഞു. വിനോദസഞ്ചാരത്തിലൂടെ മാത്രം സമ്പദ്‌വ്യവസ്ഥയെ നയിക്കാനുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും കഴിവ് അദ്ദേഹം അടിവരയിട്ടു. "ഇന്ത്യ ലോകത്തെ ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറാൻ പോവുകയാണ് ", അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ഇന്ത്യ, ഫിൻടെക് മേഖലകളിലെ പുരോഗതിയെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി   അടുത്ത 5 വർഷം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ശോഭനമായ ഭാവി സമ്മാനിക്കുമെന്നും  പറഞ്ഞു. "ഡിജിറ്റൽ സേവനങ്ങൾ ഇന്ത്യയുടെ പുരോഗതി വർദ്ധിപ്പിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു. "ബഹിരാകാശ സാങ്കേതിക വിദ്യയിൽ നമ്മുടെ ശാസ്ത്രജ്ഞർ നമ്മെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.

താഴെത്തട്ടിലുള്ള സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തെക്കുറിച്ച് സംസാരിക്കവെ, സ്വയം സഹായ സംഘങ്ങളെ പ്രധാനമന്ത്രി പരാമർശിച്ചു. മൂന്ന് കോടി ലാഖ്പതി ദീദിമാർ സ്ത്രീ ശാക്തീകരണത്തിൻ്റെ പുതിയ തിരക്കഥ എഴുതുമെന്ന് അദ്ദേഹം പറഞ്ഞു. "2047-ഓടെ ഇന്ത്യ അതിൻ്റെ സുവർണ്ണ കാലഘട്ടത്തിൽ പുനർജീവിക്കും", വികസിത്  ഭാരതിനോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയ്ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, സഭയ്ക്കും രാജ്യത്തിനും മുമ്പാകെ വസ്തുതകൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയതിന് രാജ്യസഭാ ചെയർമാനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു, കൂടാതെ സഭയിൽ നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തിന് രാഷ്ട്രപതിയോടുള്ള നന്ദിയും പ്രധാനമന്ത്രി പ്രകാശിപ്പിച്ചു .

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi