ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും 2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങിനു സാക്ഷ്യം വഹിക്കും.
ഫിന്‍ടെക് ഇന്നൊവേഷനിലും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. നമ്മുടെ വികസനാനുഭവങ്ങളും നൂതനാശയങ്ങളും പങ്കാളികളായ രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ശ്രീലങ്കയുമായും മൗറീഷ്യസുമായുമുള്ള ഇന്ത്യയുടെ ശക്തമായ സാംസ്‌കാരികവും ജനങ്ങള്‍ തമ്മിലുള്ളതുമായ ബന്ധവും കണക്കിലെടുക്കുമ്പോള്‍, ഈ സമാരംഭം വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ ഇടപാട് അനുഭവത്തിലൂടെ വിശാലമായ ജനവിഭാഗങ്ങള്‍ക്ക് ഗുണം ചെയ്യും. രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ സമ്പര്‍ക്കസൗകര്യവും മെച്ചപ്പെടുത്തും.
ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൗറീഷ്യസ് പൗരന്മാര്‍ക്കും യുപിഐ സെറ്റില്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കും. മൗറീഷ്യസിലെ റുപേ സംവിധാനത്തെ അടിസ്ഥാനമാക്കി കാര്‍ഡുകള്‍ നല്‍കാനും ഇന്ത്യയിലും മൗറീഷ്യസിലുമുള്ള സെറ്റില്‍മെന്റുകള്‍ക്ക് റുപേ കാര്‍ഡ് ഉപയോഗിക്കാനും മൗറീഷ്യസിലെ റുപേ കാര്‍ഡ് സേവനങ്ങളുടെ വിപുലീകരണം മൗറീഷ്യസ് ബാങ്കുകളെ പ്രാപ്തമാക്കും.