വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രത്തിനും അദ്ദേഹം തുടക്കമിട്ടു. പരിപാടിയില്‍, ദിയോഘറിലെ എയിംസില്‍ 10,000-ാമത് ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കൂടാതെ, രാജ്യത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000 ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുന്നതിനുള്ള പരിപാടിയും ശ്രീ മോദി ആരംഭിച്ചു. ഈ വര്‍ഷമാദ്യം തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും ജന്‍ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തുകയും ചെയ്യുന്ന ഈ രണ്ട് സംരംഭങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ് പരിപാടിയിലൂടെ അടയാളപ്പെടുത്തുന്നത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം, ഫാം മെഷിനറി ബാങ്ക് സ്‌കീം, കിസാന്‍ സമ്മാന്‍ നിധി യോജന എന്നിങ്ങനെ ഒന്നിലധികം സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ താന്‍ നേടിയതായി രംഗ്പൂര്‍ ഗ്രാമത്തിലെ സര്‍പഞ്ചും (ഗ്രാമപ്രമുഖ) ജമ്മു ജില്ലയിലെ അര്‍ണിയയില്‍ നിന്നുള്ള കര്‍ഷകയുമായ ശ്രീമതി ബല്‍വീര്‍ കൗര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അതിര്‍ത്തിക്കടുത്താണ് തന്റെ ഗ്രാമമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ ഒരു ട്രാക്ടറിന്റെ ഉടമയായതിന് ശ്രീ മോദി അവരെ അഭിനന്ദിച്ചു.
തന്റെ പ്രദേശത്തിന്റെ ഡാറ്റ വിരല്‍ത്തുമ്പില്‍ ലഭിച്ചതില്‍ പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു, 'ആപ് സേ ഹി സീഖാ ഹൈ ഗ്രാസ്‌റൂട്ട് പര്‍ കാം കര്‍ന. കാം കാര്‍ത്തി ഹൂന്‍ ഔര്‍ ഭൂല്‍ത്തി നഹി ഹൂന്‍.'' (താഴേത്തട്ടില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ജോലിയുടെ വിശദാംശങ്ങള്‍ മറക്കാതിരിക്കാനും ഞാന്‍ താങ്കളില്‍ നിന്ന് പഠിച്ചു). എന്ന് അവര്‍ മറുപടി നല്‍കി.
സര്‍ക്കാര്‍ പദ്ധതികള്‍ സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒപ്പം അയല്‍പക്കത്തെ പത്ത് ഗ്രാമങ്ങളില്‍ എത്തിച്ചേരാനും ഈ സന്ദേശം പ്രചരിപ്പിക്കാനും ശ്രീമതി കൗറിനെ നിര്‍ദ്ദേശിച്ചു. ക്യൂവില്‍ നില്‍ക്കുന്ന അവസാനത്തെ വ്യക്തിക്കും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ലക്ഷ്യത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, നിലവിലുള്ള ഗുണഭോക്താക്കളുടെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരെ ഉള്‍ക്കൊള്ളാനും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി പറഞ്ഞു.