പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റെലും വിര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുത്തു.
കോവിഡ് 19 ആഗോള മഹാമാരി കാരണം ലക്‌സംബര്‍ഗില്‍ നിരവധി ജീവന്‍ പൊലിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നല്‍കുന്ന നേതൃത്വത്തിന് ബഹുമാനപ്പെട്ട സേവ്യര്‍ ബെറ്റെലിനെ അദ്ദേഹം അഭിനന്ദിച്ചു.
കോവിഡിനു ശേഷമുള്ള ലോകത്ത് ഇന്ത്യ-ലക്‌സംബര്‍ഗ് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാര്യത്തില്‍ ഇരുപ്രധാനമന്ത്രിമാരും സാമ്പത്തിക സാങ്കേതികവിദ്യ, ഹരിത സമ്പദ് വ്യവസ്ഥ, ബഹിരാകാശ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാര വ്യവസ്ഥാപകര്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, ഇന്നൊവേഷന്‍ ഏജന്‍സികള്‍ എന്നിവയുള്‍പ്പെടെ, വിവിധ കരാറുകളുടെ തീര്‍പ്പിനെ നേതാക്കള്‍ സ്വാഗതം ചെയ്തു.
ഫലപ്രദമായ ബഹുമുഖ നിര്‍വഹണത്തിനും കോവിഡ്-19 മഹാമാരി, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുമുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഇരുപ്രധാനമന്ത്രിമാരും സമ്മതിച്ചു. അന്താരാഷ്ട്ര സൗര സഖ്യത്തില്‍ (ഐഎസ്എ) ഭാഗമാകാനുള്ള ലക്‌സംബര്‍ഗിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ദുരന്ത നിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിലേക്ക് (സിഡിആര്‍ഐ) ലക്‌സംബര്‍ഗിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.
കോവിഡ്-19നുശേഷം സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ലക്‌സംബര്‍ഗിലെ ഗ്രാന്‍ഡ് ഡ്യൂക്കിനും പ്രധാനമന്ത്രി ബെറ്റെലിനും രാജ്യത്ത് സ്വീകരണമൊരുക്കാനാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി ബെറ്റലും പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം ലക്‌സംബര്‍ഗ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.