ജബൽപുരിൽ ‘വീരാംഗന റാണി ദുർഗാവതി സ്മാരകത്തിന്‍റെയും പൂന്തോട്ട’ത്തിന്റെയും ഭൂമിപൂജ നടത്തി
വീരാംഗന റാണി ദുർഗാവതിയുടെ 500-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്മരണിക നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു
പിഎംഎവൈ - അർബൻ പദ്ധതിക്കു കീഴിൽ ഇന്ദോറിൽ ‘ലൈറ്റ് ഹൗസ്’ പദ്ധതിപ്രകാരം നിർമിച്ച 1000ലധികം വീടുകൾ ഉദ്ഘാടനം ചെയ്തു
മണ്ഡ്‌ല, ജബൽപുർ, ഡിണ്ഡോരി ജില്ലകളിലെ വിവിധ ജൽ ജീവൻ ദൗത്യ പദ്ധതികൾക്ക് തറക്കല്ലിടുകയും സിവ്നി ജില്ലയിൽ ജൽ ജീവൻ ദൗത്യ പദ്ധതി സമർപ്പിക്കുകയും ചെയ്തു
മധ്യപ്രദേശിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
1850 കോടിയിലധികം രൂപയുടെ റെയിൽ പദ്ധതികൾ നാടിനു സമർപ്പിച്ചു
വിജയ്പുർ - ഔറയ്യ- ഫൂൽപുർ പൈപ്പ്‌ലൈൻ പദ്ധതി നാടിനു സമർപ്പിച്ചു
മുംബൈ - നാഗ്പുർ - ഝാർസുഗുഡ പൈപ്പ്‌ലൈൻ പദ്ധതിയുടെ നാഗ്പുർ ജബൽപുർ ഭാഗത്തിന്റെ (317 കി.മീ.) ശിലാസ്ഥാപനം നടത്തുകയും ജബൽപുരിൽ പുതിയ ബോട്ടിലിങ് പ്ലാന്റ് സമർപ്പിക്കുകയും ചെയ്തു
“മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ജീവിക്കാൻ നമ്മെ പഠിപ്പിച്ച റാണി ദുർഗാവതി മാതൃരാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു”
“കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉജ്വല ഗുണഭോക്താക്കൾക്കുള്ള പാചകവാതക സിലിൻഡറുകളുടെ വിലയിൽ 500 രൂപ കുറച്ചു”
“ജൻധൻ, ആധാർ, മൊബൈൽ ഫോൺ എന്നിവയെ ബന്ധിപ്പിച്ചുള്ള സംവിധാനം സൃഷ്ടിച്ചതു നിലവിലുള്ള അഴിമതിയുടെ ദുഷിച്ച വ്യവസ്ഥിതിയെ തുടച്ചുനീക്കി”
“വരുന്ന 25 വർഷത്തിനുള്ളിൽ തങ്ങളുടെ കുട്ടികൾ വളർന്നു വികസിത മധ്യപ്രദേശ് കാണുമെന്ന് ഉറപ്പാക്കേണ്ടത് 25 വയസിനു താഴെയുള്ളവരുടെ ഉത്തരവാദിത്വമാണ്”
“ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം പുതിയ ഉയരത്തിലാണ്. കളിസ്ഥലത്തു മുതൽ വയലുകളിലും കളപ്പുരകളിലും വരെ ഇന്ത്യയുടെ പതാക പാറുന്നു”
“രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ‘സ്വദേശി’ എന്ന വികാരം ഇന്ന് എല്ലായിടത്തും വർധിച്ചുവരികയാണ്”
“അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് ഇരട്ട എൻജിൻ ഗവൺമെന്റ് മുൻഗണന നൽകുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ജബൽപുരിൽ 12,600 കോടിയിലധികം രൂപയുടെ റോഡ്, റെയിൽ, വാതക പൈപ്പ്‌ലൈൻ, ഭവന നിർമ്മാണം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. റാണി ദുർഗാവതിയുടെ 500-ാം ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ജബൽപുരിൽ ‘വീരാംഗന റാണി ദുർഗാവതി സ്മാരകത്തിന്റെയും പൂന്തോട്ട’ത്തിന്റെയും ‘ഭൂമി പൂജ’ അദ്ദേഹം നടത്തി.

ഇന്ദോറിൽ ‘ലൈറ്റ് ഹൗസ്’ പദ്ധതിക്ക് കീഴിൽ നിർമിച്ച ആയിരത്തിലധികം വീടുകളുടെ ഉദ്ഘാടനം, മണ്ഡ്‌ല - ജബൽപുർ - ഡിണ്ഡോരി ജില്ലകളിൽ വിവിധ ജൽ ജീവൻ ദൗത്യ പദ്ധതികളുടെ തറക്കല്ലിടൽ, സിവ്നി ജില്ലയിൽ ജൽ ജീവൻ ദൗത്യ പദ്ധതിയുടെ സമർപ്പണം, മധ്യപ്രദേശിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും സമർപ്പണവും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 1850 കോടിയിലധികം രൂപയുടെ റെയിൽ പദ്ധതികളുടെ സമർപ്പണം, വിജയ്പുർ - ഔറയ്യ – ഫൂൽപുർ പൈപ്പ്‌ലൈൻ പദ്ധതി, ജബൽപുരിൽ പുതിയ ബോട്ടിലിങ് പ്ലാന്റ്, മുംബൈ - നാഗ്പുർ - ഝാർ സുഗുഡ പൈപ്പ്‌ലൈൻ പദ്ധതിയുടെ നാഗ്പുർ ജബൽപുർ ഭാഗത്തിന്റെ (317 കിലോമീറ്റർ) തറക്കല്ലിടൽ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു.

ചടങ്ങിൽ നടന്ന പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, വീരാംഗന റാണി ദുർഗാവതിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സദസിനെ അഭിസംബോധന ചെയ്തുകൊണ്ട്,  നർമദ മാതാവിന്റെ പുണ്യഭൂമിക്ക് മുന്നിൽ ശിരസ്സു നമിച്ച പ്രധാനമന്ത്രി,  നഗരത്തിന്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്ന ആവേശവും ഉത്സാഹവും ചുറുചുറുക്കും കൊണ്ട് നഗരം നിറഞ്ഞിരിക്കുന്നതിനാൽ താൻ തികച്ചും പുതിയ രൂപത്തിലാണു ജബൽപുരിനെ കാണുന്നതെന്ന് അഭിപ്രായപ്പെട്ടു. വീരാംഗന റാണി ദുർഗാവതിയുടെ 500-ാം ജന്മദിനം രാജ്യം മുഴുവൻ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റാണി ദുർഗാവതി ഗൗരവ് യാത്രയുടെ സമാപന വേളയിൽ, അവരുടെ ജയന്തി ദേശീയ തലത്തിൽ ആഘോഷിക്കാനാണ് താൻ ആഹ്വാനം ചെയ്തതെന്നും ഇന്നത്തെ സമ്മേളനവും അതേ മനോഭാവത്തെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യയുടെ പൂർവികരോടുള്ള കടം വീട്ടാനാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്” -പ്രധാനമന്ത്രി പറഞ്ഞു. വീരാംഗന റാണി ദുർഗാവതി സ്മാരക- പൂന്തോട്ട പദ്ധതിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്തെ എല്ലാ അമ്മമാരും യുവാക്കളും ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കുമെന്നും ഇതൊരു തീർത്ഥാടനമായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. റാണി ദുർഗാവതിയുടെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കാൻ നമ്മെ പഠിപ്പിക്കുകയും മാതൃരാജ്യത്തിനായി എന്തെങ്കിലും ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂ‌ണ്ടിക്കാട്ടി. റാണി ദുർഗാവതിയുടെ 500-ാം ജന്മവാർഷിക വേളയിൽ മുഴുവൻ ഗോത്രവർഗ സമൂഹത്തിനും മധ്യപ്രദേശിലെ ജനങ്ങൾക്കും രാജ്യത്തെ 140 കോടി പൗരന്മാർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം രാജ്യത്തിന്റെ പൂർവികർക്ക് സ്ഥലം നൽകുന്നതിലുള്ള അഭാവത്തിൽ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി നാടിന്റെ വീരൻമാർ വിസ്മരിക്കപ്പെട്ടുവെന്നും പറഞ്ഞു.

ഏകദേശം 12,000 കോടി രൂപ വിലമതിക്കുന്ന ഇന്നത്തെ പദ്ധതിയെക്കുറിച്ചു പരാമർശിക്കവേ, ഇതു കർഷകരും യുവാക്കളുമുൾപ്പെടെ ലക്ഷക്കണക്കിനുപേരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിൽ പുതിയ വ്യവസായങ്ങളുടെ വരവോടെ യുവാക്കൾക്ക് ഇവിടെ തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മമാർക്കും സഹോദരിമാർക്കും അടുക്കളയിൽ പുകശല്യമില്ലാത്ത അന്തരീക്ഷം ഒരുക്കുക എന്നതാണ് ഇപ്പോഴത്തെ ഗവണ്മെന്റിന്റെ പ്രഥമ പരിഗണനയെന്നു പ്രധാനമന്ത്രി പറഞ്ഞു. പുക പുറന്തള്ളുന്ന അടുപ്പ് 24 മണിക്കൂറിനുള്ളിൽ 400 സിഗരറ്റുകൾ വലിക്കുന്നതിനു തുല്യമാണെന്നു ഗവേഷണ പഠനത്തെ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്കു സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ മുൻ ഗവണ്മെന്റിന്റെ കാലത്തു പരിശ്രമങ്ങളുണ്ടാകാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ഉജ്വല പദ്ധതിയെക്കുറിച്ചു പരാമർശിക്കവേ, നേരത്തെ പാചകവാതക കണക്ഷൻ ലഭിക്കുന്നതിനുണ്ടായിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. രക്ഷാബന്ധൻ ഉത്സവ കാലയളവിൽ നിലവിലെ ഗവണ്മെന്റ് പാചകവാതക വില കുറച്ചതും ഉജ്വല ഗുണഭോക്താക്കൾക്കു പാചകവാതക സിലിൻഡറുകളുടെ വിലയിൽ 400 രൂപ കുറച്ചതും അദ്ദേഹം എടുത്തുപറഞ്ഞു. വരുന്ന ഉത്സവ കാലയളവിൽ പാചകവാതക സിലിൻഡർ വില 100 രൂപകൂടി കുറയ്ക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. “കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉജ്വല ഗുണഭോക്താക്കൾക്കുള്ള പാചകവാതക സിലിൻഡറുകളുടെ വിലയിൽ 500 രൂപ കുറച്ചിട്ടുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തു വാതക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചു പരാമർശിക്കവേ, പൈപ്പ്‌ലൈനുകൾ വഴി കുറഞ്ഞ നിരക്കിൽ പാചകവാതകം വിതരണം ചെയ്യുന്നതിൽ കേന്ദ്ര ഗവണ്മെന്റ് വലിയ മുന്നേറ്റം നടത്തുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

മുൻ ഗവണ്മെന്റുകളുടെ കാലത്തെ അഴിമതികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, പാവപ്പെട്ടവർക്കുവേണ്ടിയുള്ള ഫണ്ട് അഴിമതിക്കാരുടെ ഖജനാവു നിറയ്ക്കുകയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. പത്തുവർഷംമുമ്പു നടന്ന വിവിധ അഴിമതികളെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞ തലക്കെട്ടുകൾ ഓൺലൈനിൽ പരിശോധിക്കാനും അദ്ദേഹം നിർദേശിച്ചു.

2014നുശേഷം, ഇപ്പോഴത്തെ ഗവണ്മെന്റ് അഴിമതി തുടച്ചുനീക്കാൻ ‘സ്വച്ഛത’ യജ്ഞം നടത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഒരിക്കലും നിലവിലില്ലാത്ത 11 കോടി വ്യാജ ഗുണഭോക്താക്കളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗവണ്മെന്റ് പട്ടികകളിൽനിന്നു നീക്കം ചെയ്തു” -  പ്രധാനമന്ത്രി പറഞ്ഞു. “ദരിദ്രർക്കുവേണ്ടിയുള്ള ഫണ്ട് ആരും കൊള്ളയടിക്കുന്നില്ലെന്ന് 2014നു ശേഷം മോദി ഉറപ്പാക്കി”. ജൻധൻ, ആധാർ, മൊബൈൽ ഫോൺ എന്നിവയെ ബന്ധിപ്പിച്ചുള്ള സംവിധാനം സൃഷ്ടിച്ചതു നിലവിലുള്ള അഴിമതിയുടെ ദുഷിച്ച വ്യവസ്ഥിതിയെ തുടച്ചുനീക്കിയെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന്, ഈ ‘ത്രിശക്തി’ കാരണം, 2.5 ലക്ഷം കോടിയിലധികം രൂപ തെറ്റായ കൈകളിൽ അകപ്പെടാതെ സംരക്ഷിക്കപ്പെട്ടു”- പ്രധാനമന്ത്രി പറഞ്ഞു. കേവലം 500 രൂപയ്ക്ക് ഉജ്വല സിലിൻഡറുകൾ നൽകാൻ കേന്ദ്രഗവണ്മെന്റ് കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു കുടുംബങ്ങൾക്കു സൗജന്യ റേഷൻ നൽകുന്നതിന് 3 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ട്. ആയുഷ്മാൻ പദ്ധതിപ്രകാരം രാജ്യത്തെ അഞ്ചുകോടിയോളം കുടുംബങ്ങളുടെ സൗജന്യ ചികിത്സയ്ക്കായി 70,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്. കർഷകർക്കു കുറഞ്ഞ നിരക്കിൽ യൂറിയ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 8 ലക്ഷം കോടി രൂപ ചെലവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാൻ സമ്മാൻ നിധിക്കു കീഴിൽ ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 2.5 ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കുകയും, പാവപ്പെട്ട കുടുംബങ്ങൾക്ക് സ്ഥിരം വീട് ലഭ്യമാക്കുന്നതിന് 4 ലക്ഷം കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഇന്ദോറിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച 1000 സ്ഥിരം വീടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മദ്ധ്യപ്രദേശിന്റെ നിര്‍ണായക സമയമാണിതെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, വികസനത്തിലെ ഏത് തടസ്സവും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ കഠിനാദ്ധ്വാനത്തെ നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. 25 വയസ്സിന് താഴെയുള്ളരോട്  പ്രധാനമന്ത്രി, 25 വര്‍ഷത്തിനുള്ളില്‍ വികസിത മദ്ധ്യപ്രദേശ് കാണാനാണ് അവരുടെ കുട്ടികള്‍ വളര്‍ന്നുവരുന്നതെന്നത് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ഇപ്പോഴത്തെ ഗവണ്‍മെന്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്‍ഷിക കയറ്റുമതിയില്‍ എംപിയെ മുന്‍നിരയിലെത്തിച്ചുവെന്ന് അറിയിച്ച അദ്ദേഹം വ്യവസായ വികസനത്തില്‍ സംസ്ഥാനം മുന്നില്‍ നില്‍ക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. വര്‍ഷങ്ങളായി ഇന്ത്യയുടെപ്രതിരോധ ഉല്‍പ്പാദന കയറ്റുമതിയിലുണ്ടായ പലമടങ്ങ് വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകള്‍ നിര്‍മ്മിക്കുന്ന 4 ഫാക്ടറികളെ അംഗീകരിച്ചുകൊണ്ട് ജബല്‍പൂരിന് ഇതില്‍ വലിയ സംഭാവനയുണ്ടെന്നും പറഞ്ഞു. തങ്ങളുടെ സൈന്യത്തിന് കേന്ദ്ര ഗവണ്‍മെന്റ് 'മെയ്ഡ് ഇന്‍ ഇന്ത്യ' ആയുധങ്ങളാണ് ലഭ്യമാക്കുന്നതെന്നും ഇന്ത്യയുടെ പ്രതിരോധ സാമഗ്രികളുടെ ആവശ്യകത ലോകത്തിലും വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''മദ്ധ്യപ്രദേശിനും ഇതില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കാന്‍ പോകുകയാണ്, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടും'' അദ്ദേഹം പറഞ്ഞു.

''ഇന്ന് ഇന്ത്യയുടെ ആത്മവിശ്വാസം ഒരു പുതിയ ഉയരത്തിലാണ്. കളിസ്ഥലം മുതല്‍ വയലുകളും കളപ്പുരകളും വരെ ഇന്ത്യയുടെ പതാക പാറുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു. ഈ കാലം ഇന്ത്യയുടേതാണെന്ന് ഇന്ത്യയിലെ ഓരോ യുവജനങ്ങള്‍ക്കും തോന്നുന്നുണ്ടെന്ന് നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മിന്നുന്ന പ്രകടനത്തെ ഉയര്‍ത്തിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു. യുവജനങ്ങള്‍ക്ക് അത്തരം അവസരങ്ങള്‍ ലഭിക്കുമ്പോള്‍, വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള അവരുടെ അഭിനിവേശവും ഉത്തേജിപ്പിക്കപ്പെടുമെന്നതിനും അദ്ദേഹം അടിവരയിട്ടു. ജി-20 പോലൊരു മഹത്തായ ലോക പരിപാടി സംഘടിപ്പിച്ചതിന്റെയും ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചതിന്റെയും ഉദാഹരണങ്ങള്‍ നല്‍കിയ അദ്ദേഹം, അത്തരം വിജയങ്ങളോടെ വോക്കല്‍ ഫോര്‍ ലോക്കലിനു വേണ്ടി ശബ്ദമുയര്‍ത്തുക എന്ന മന്ത്രത്തിന്റെ അനുരണങ്ങള്‍ എല്ലായിടത്തും മുഴങ്ങിത്തുടങ്ങിയെന്നും പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ ഒരു സ്‌റ്റോറില്‍ ഒന്നരക്കോടിയിലധികം രൂപയുടെ ഖാദി ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ''സ്വദേശി എന്ന വികാരം, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള വികാരം ഇന്ന് എല്ലായിടത്തും ഉയര്‍ന്നുവരുന്നു'', ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് വിജയം കൈവരിക്കുന്നതില്‍ ഇന്ത്യയിലെ യുവജനങ്ങള്‍ക്കുള്ള പങ്കിലും അദ്ദേഹം സ്പര്‍ശിച്ചു. ഒക്‌ടോബര്‍ ഒന്നിന് രാജ്യം ആരംഭിച്ച ശുചിത്വ സംഘടിതപ്രവര്‍ത്തനത്തില്‍ 9 കോടിയോളം പൗരന്മാരുടെ പങ്കാളിത്തത്തോടെ 9 ലക്ഷത്തിലധികം സ്ഥലങ്ങളില്‍ ശുചീകരണ പരിപാടികള്‍ നടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. ശുചിത്വത്തിന്റെ കാര്യത്തില്‍ മദ്ധ്യപ്രദേശിനെ ഏറ്റവും മുന്നിലെത്തിച്ചതിന്റെ അംഗീകാരം മദ്ധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കി.

രാജ്യത്തിന്റെ നേട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയെ നാണം കെടുത്തുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്‌നിനെയും ഇന്ത്യയുടെ കോവിഡ് വാക്‌സിനെയും കുറിച്ച് അത്തരം പാര്‍ട്ടികള്‍ ഉന്നയിച്ച ചോദ്യങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ ശത്രുക്കളുടെ വാക്കുകള്‍ വിശ്വസിച്ച് ഇന്ത്യന്‍ സൈന്യത്തെ വരെ ചോദ്യം ചെയ്യുന്നതിലേക്ക് പോകുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. അമൃത് മഹോത്സവ ആഘോഷങ്ങളെക്കുറിച്ചും അമൃത് സരോവരങ്ങള്‍ സൃഷ്ടിച്ചതിനെക്കുറിച്ചും ഇക്കൂട്ടര്‍ നടത്തിയ വിമര്‍ശനത്തേയും അദ്ദേഹം സ്പര്‍ശിച്ചു.

സ്വാതന്ത്ര്യം മുതല്‍ സാംസ്‌കാരിക പൈതൃകത്തിന്റെ സമൃദ്ധിവരെ ഇന്ത്യയുടെ ഗോത്ര സമൂഹത്തിനുള്ള പങ്ക് ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി പതിറ്റാണ്ടുകളായി ഭരിച്ചിരുന്നവര്‍ സ്വാതന്ത്ര്യാനന്തരം അവരെ അവഗണിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു. അടല്‍ജിയുടെ ഗവണ്‍മെന്റാണ് പ്രത്യേക മന്ത്രാലയം രൂപീകരിച്ചതും ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ ക്ഷേമത്തിനായി ബജറ്റ് വകയിരുത്തിയതുമെന്നതിന് അദ്ദേഹം അടിവരയിടുകയും ചെയ്തു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ ബജറ്റ് പലമടങ്ങ് വര്‍ദ്ധിപ്പിച്ചതായും ശ്രീ മോദി അറിയിച്ചു. ഇന്ത്യയ്ക്ക് ആദ്യമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒരു വനിതാ രാഷ്ട്രപതിയെ ലഭിച്ചതിലും ബിര്‍സ മുണ്ട പ്രഭുവിന്റെ ജന്മവാര്‍ഷികം ജനജാതിയ ഗൗരവ് ദിവസായി ആഘോഷിക്കുന്നതിലും അദ്ദേഹം സ്പര്‍ശിച്ചു. രാജ്യത്തെ ഏറ്റവും ആധുനിക റെയില്‍വേ സ്‌റ്റേഷനുകളിലൊന്നിനെ റാണി കമലാപതിയുടെ നാമത്തില്‍ പുനര്‍നാമകരണം ചെയ്തതും, പതല്‍പാനി സ്‌റ്റേഷന്റെ പേര് ജനനായക് താന്ത്യഭില്‍ എന്നാക്കി മാറ്റിയതും, ഗോണ്ട് സമുദായത്തിന്റെ പ്രചോദനമായ റാണി ദുര്‍ഗ്ഗാവതി ജിയുടെ പേരില്‍ നിര്‍മ്മിക്കുന്ന മഹത്തായ സ്മാരകത്തിന്റെ ഇന്നത്തെ പദ്ധതിയും ശ്രീ മോദി എടുത്തുപറഞ്ഞു. സമ്പന്നമായ ഗോണ്ട് പാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗോണ്ട് സംസ്‌കാരവും ചരിത്രവും കലയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക നേതാക്കള്‍ക്ക് ഗോണ്ട് ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.

മോവ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ഡോ. ബാബാ സാഹിബ് അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഒരു പഞ്ചതീര്‍ത്ഥമാക്കിയത് ഇപ്പോഴത്തെ ഗവണ്‍മെന്റാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സാഗറില്‍ സന്ത് രവിദാസ് ജിയുടെ സ്മാരകത്തിനുള്ള സ്ഥലത്തില്‍ ഭൂമി പൂജ നടത്തിയതും അദ്ദേഹം അനുസ്മരിച്ചു. ''സാമൂഹിക ഐക്യത്തിനോടും പൈതൃകത്തിനോടുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വജനപക്ഷപാതവും അഴിമതിയും പരിപോഷിപ്പിക്കുന്ന പാര്‍ട്ടികള്‍ ആദിവാസി സമൂഹത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിച്ചുവെന്നതിന് അദ്ദേഹം അടിവരയിട്ടു. 2014-ന് മുമ്പ്, 8-10 വന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ എം.എസ്.പി (താങ്ങുവില) നല്‍കിയിരുന്നുള്ളൂ, ബാക്കിയുള്ളവ കിട്ടുന്നവിലയ്ക്കാണ് വിറ്റിരുന്നത്, എന്നാല്‍ ഇന്ന് 90 ഓളം വന ഉല്‍പ്പന്നങ്ങള്‍ എം.എസ്.പിയുടെ പരിധിയില്‍ കൊണ്ടുവന്നു.

ഗോത്രവര്‍ഗ്ഗക്കാരും ചെറുകിട കര്‍ഷകരും ഉല്‍പ്പാദിപ്പിക്കുന്ന കോഡോ-കുട്കി പോലുള്ള നാടന്‍ ധാന്യങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ കോഡോ-കുട്ട്കിയില്‍ നിന്നാണ് ജി20 അതിഥികള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കിയതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ''ശ്രീ അന്നയുടെ രൂപത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളില്‍ കോഡോ-കുട്ട്കി എത്തിക്കാനാണ് ഇപ്പോഴത്തെ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''അധഃസ്ഥിതര്‍ക്കാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണന '', പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ആരോഗ്യത്തിന് ശുദ്ധമായ കുടിവെള്ള വിതരണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഏകദേശം 1600 ഗ്രാമങ്ങളില്‍ വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്നത്തെ പദ്ധതികള്‍ പരാമര്‍ശിക്കുകയും ചെയ്തു. നാരി ശക്തി വന്ദന്‍ അധീനിയത്തിലൂടെ ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിനെ അദ്ദേഹം സ്പര്‍ശിച്ചു. 13,000 കോടി രൂപയുടെ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയേയും പ്രധാനമന്ത്രി സ്പര്‍ശിച്ചു.

അഭിസംബോധന ഉപസംഹരിച്ചുകൊണ്ട്, വികസനത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ പ്രധാനമന്ത്രി പൗരന്മാര്‍ക്ക് മോദിയുടെ ഉറപ്പ് നല്‍കി. മോദിയുടെയും ഗവണ്‍മെന്റിന്റെയും ഈ ദൃഢനിശ്ചയത്തെ മധ്യപ്രദേശ് ജനത ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

റാണി ദുര്‍ഗാവതിയുടെ 500-ാം ജന്മദിനം കേന്ദ്ര ഗവണ്‍മെന്റ് ഉജ്ജ്വല ആവേശത്തോടെ ആഘോഷിക്കുന്നു. 2023 ജൂലൈയില്‍ മധ്യപ്രദേശിലെ ഷാഹ്ദോല്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയാണ് ആഘോഷത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷത്തെ ചരിത്രപരമായ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഈ പ്രഖ്യാപനം ആവര്‍ത്തിച്ചു. ഈ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി 'വീരാംഗന റാണി ദുര്‍ഗാവതി സ്മാരക ഔര്‍ ഉദ്യാന'ത്തിന്റെ ഭൂമി പൂജ നടത്തി.

ഏകദേശം 100 കോടി രൂപ ചെലവില്‍ ജബല്‍പൂരില്‍ നിര്‍മിക്കുന്ന 'വീരാംഗന റാണി ദുര്‍ഗാവതി സ്മാരക ഔര്‍ ഉദ്യാനം' ഏകദേശം 21 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നു. റാണി ദുര്‍ഗാവതിയുടെ 52 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് ഇവിടെ സ്ഥാപിക്കുന്നത്. റാണി ദുര്‍ഗ്ഗാവതിയുടെ വീര്യവും ധൈര്യവും ഉള്‍പ്പെടെ ഗോണ്ട്വാന മേഖലയുടെ ചരിത്രം എടുത്തുകാട്ടുന്ന ഗംഭീരമായ ഒരു മ്യൂസിയം ഇവിടെ ഉണ്ടാകും. ഗോണ്ട് ജനതയുടെയും മറ്റ് ഗോത്രവര്‍ഗക്കാരുടെയും പാചകരീതി, കല, സംസ്‌കാരം, ജീവിതരീതി തുടങ്ങിയവയും ഇത് എടുത്തുകാട്ടും. 'വീരാംഗന റാണി ദുര്‍ഗ്ഗാവതി സ്മാരക ഔര്‍ ഉദ്യാനത്തില്‍ ഔഷധ സസ്യങ്ങള്‍ക്കായുള്ള പൂന്തോട്ടം, കള്ളിച്ചെടികള്‍, റോക്ക് ഗാര്‍ഡന്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം പാര്‍ക്കുകളും പൂന്തോട്ടങ്ങളും ഉണ്ടാകും.
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു റാണി ദുര്‍ഗ്ഗാവതി. മുഗളര്‍ക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരയും നിര്‍ഭയയും ധീരയുമായ പോരാളിയായാണ് അവര്‍ ഓര്‍മ്മിക്കപ്പെടുന്നത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഉദ്ഘാടനത്തോടെ 'എല്ലാവര്‍ക്കും വീട്' നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ശക്തിപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന നദര പദ്ധതിക്ക് കീഴില്‍ ഏകദേശം 128 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പദ്ധതി 1000ല്‍ അധികം ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതും എന്നാല്‍ നിര്‍മ്മാണ സമയം ഗണ്യമായി കുറഞ്ഞതുമായ ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് 'പ്രീ-എഞ്ചിനിയേര്‍ഡ് സ്റ്റീല്‍ സ്ട്രക്ചറല്‍ സിസ്റ്റം വിത്ത് പ്രീ-ഫാബ്രിക്കേറ്റഡ് സാന്‍ഡ്വിച്ച് പാനല്‍ സിസ്റ്റം' എന്ന നൂതന സാങ്കേതികവിദ്യ ഇത് ഉപയോഗിക്കുന്നു.
വ്യക്തിഗത ഗാര്‍ഹിക ടാപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ വീക്ഷണം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പില്‍, മാണ്ഡ്‌ല, ജബല്‍പൂര്‍, ദിന്‍ഡോരി ജില്ലകളിലായി 2350 കോടിയിലധികം രൂപയുടെ ഒന്നിലധികം ജലജീവന്‍ ദൗത്യം പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. 100 കോടിയിലധികം രൂപയുടെ സിയോനി ജില്ലയിലെ ജലജീവന്‍ ദൗത്യം പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ നാല് ജില്ലകളിലെ1575 ഗ്രാമങ്ങള്‍ക്ക് ഈ പദ്ധതികള്‍ ഗുണം ചെയ്യും.

മധ്യപ്രദേശിലെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 4800 കോടിയിലധികം രൂപയുടെ ഒന്നിലധികം പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ദേശീയപാത 346-ന്റെ ജാര്‍ഖേഡ- ബെറാസിയ- ധോല്‍ഖേഡി എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് നവീകരണം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. എന്‍എച്ച് 543-ന്റെ ബാലാഘട്ട് - ഗോണ്ടിയ ഭാഗത്തെ നാലുവരിപ്പാത; റൂധിയെയും ദേശ്ഗാവിനെയും ബന്ധിപ്പിക്കുന്ന ഖണ്ട്വ ബൈപ്പാസിന്റെ നാലു വരി പാത; എന്‍എച്ച് 47 ന്റെ തേമാഗാവ് മുതല്‍ ചിച്ചോളി വരെയുള്ള നാല് പാതകള്‍; ബോറേഗാവിനെ ഷാഹ്പൂരുമായി ബന്ധിപ്പിക്കുന്ന റോഡിലെ നാലുവരിപ്പാത; ഷാഹ്പൂരിനെ മുക്തൈനഗറുമായി ബന്ധിപ്പിക്കുന്ന നാല് വരിപ്പാതയ എന്നിവയും എന്‍എച്ച് 347സിയുടെ ഖല്‍ഘട്ടിനെ സര്‍വാര്‍ഡേവ്ലയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണവും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

1850 കോടിയിലധികം രൂപയുടെ റെയില്‍ പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കട്നി - വിജയ്സോട്ട (102 കി.മീ), മര്‍വാസ്ഗ്രാം - സിങ്ഗ്രൗലി (78.50 കി.മീ) എന്നിവയെ ബന്ധിപ്പിക്കുന്ന റെയില്‍ പാത ഇരട്ടിപ്പിക്കലും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രണ്ട് പദ്ധതികളും കട്നി - സിങ്ഗ്രൗളി വിഭാഗവുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതികള്‍ മധ്യപ്രദേശിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

വിജയ്പൂര്‍ - ഔരായ്യന്‍- ഫുല്‍പൂര്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 1750 കോടിയിലധികം രൂപ ചെലവഴിച്ചാണ് 352 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ നിര്‍മിച്ചിരിക്കുന്നത്. മുംബൈ നാഗ്പൂര്‍ ജാര്‍സുഗുഡ പൈപ്പ് ലൈന്‍ പദ്ധതിയുടെ നാഗ്പൂര്‍ ജബല്‍പൂര്‍ വിഭാഗത്തിന്റെ (317 കിലോമീറ്റര്‍) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 1100 കോടിയിലധികം രൂപ ചെലവിലാണ് പദ്ധതി നിര്‍മിക്കുന്നത്. വാതക പൈപ്പ്ലൈന്‍ പദ്ധതികള്‍ വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ശുദ്ധവും ചെലവു കുറഞ്ഞതുമായ പ്രകൃതി വാതകം പ്രദാനം ചെയ്യും. ഇതു പരിസ്ഥിതിയിലേക്കുള്ള നിര്‍ഗ്ഗമനം കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവെപ്പുമായിരിക്കും. ജബല്‍പൂരില്‍ 147 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ബോട്ടിലിങ് പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”