77-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്നു ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, തന്റെ 140 കോടി 'പരിവാർജന്' (കുടുംബാംഗങ്ങൾക്ക്) ആശംസകളേകി. രാജ്യത്തിന്റെ വിശ്വാസം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
— PMO India (@PMOIndia) August 15, 2023
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഓരോ മഹദ്‌വ്യക്തിക്കും ശ്രീ മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തെയും സത്യഗ്രഹ പ്രസ്ഥാനത്തെയും ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങി നിരവധി ധീരരുടെ ത്യാഗത്തെയും അനുസ്മരിച്ച പ്രധാനമന്ത്രി, ആ തലമുറയിലെ മിക്കവാറും എല്ലാവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.
ചരിത്രപ്രധാനമായ ഈ വർഷം നടക്കുന്ന പ്രധാന വാർഷികദിനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മഹത്തായ വിപ്ലവകാരിയും ആത്മീയാചാര്യനുമായ ശ്രീ അരബിന്ദോയുടെ 150-ാം ജയന്തി വർഷത്തിന് ഇന്നു സമാപനമാകുകയാണ്. സ്വാമി ദയാനന്ദിന്റെ 150-ാം ജയന്തി, റാണി ദുർഗാവതിയുടെ 500-ാം ജന്മവാർഷികം എന്നിവ ആവേശത്തോടെ ആഘോഷിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭക്തിയുടെ മകുടോദാഹരണമായ വിശുദ്ധ മീര ബായിയുടെ 525-ാം ജന്മവർഷമാണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത റിപ്പബ്ലിക് ദിനം 75-ാം റിപ്പബ്ലിക് ദിനമാണെന്നും അദ്ദേഹം പറഞ്ഞു. “പല തരത്തിൽ, നിരവധി അവസരങ്ങൾ, നിരവധി സാധ്യതകൾ, ഓരോ നിമിഷവും പുതിയ പ്രചോദനം, ഓരോ നിമിഷവും പുതിയ അവബോധം, ഓരോ നിമിഷവും സ്വപ്നങ്ങൾ, നിമിഷം തോറും പ്രതിവിധികൾ, രാഷ്ട്രനിർമാണത്തിൽ ഏർപ്പെടാൻ ഒരുപക്ഷെ ഇതിലും വലിയ അവസരമില്ല”- ശ്രീ മോദി കൂട്ടിച്ചേർത്തു.
— PMO India (@PMOIndia) August 15, 2023