പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വാർസോയിലെ ഡോബ്രി മഹാരാജ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.
വാർസോയിലെ ഗുഡ് മഹാരാജാ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്മാരകം, നവനഗറിലെ [ഇന്നത്തെ ഗുജറാത്തിലെ ജാംനഗർ] ജാംസാഹെബ് ദിഗ്‌വിജയ്‌സിങ്ജി രഞ്ജിത്‌സിങ്ജി ജഡേജയോടു പോളണ്ടിലെ ജനങ്ങളും ഗവണ്മെന്റും പുലർത്തുന്ന അഗാധമായ ബഹുമാനത്തിന്റെയും നന്ദിയുടെയും സ്മരണയാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത്, ആയിരത്തിലധികം പോളിഷ് കുട്ടികൾക്ക് അഭയം നൽകിയ ജാംസാഹെബ്, ഇന്ന് പോളണ്ടിലെ ഡോബ്രി (നല്ല) മഹാരാജാവായി സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ അഗാധമായ സ്വാധീനം പോളിഷ് ജനതയ്ക്കിടയിൽ നിലനിൽക്കുന്നു. ജാംസാഹെബ് അഭയം നൽകിയ പോളിഷ് ജനതയുടെ പിൻഗാമികളുമായി സ്മാരകത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം, ഇന്ത്യയും പോളണ്ടും തമ്മിലുള്ള സവിശേഷമായ ചരിത്രപരമായ ബന്ധം ഉയർത്തിക്കാട്ടുന്നു, അത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.