ടെക്സ്റ്റൈൽസ് ആൻഡ് ക്രാഫ്റ്റ്സിന്റെ ക്രാഫ്റ്റ് റെപ്പോസിറ്ററി പോർട്ടലായ ഭാരതീയ വസ്ത്ര ഏവം ശിൽപ കോ‌ശിന് തുടക്കംകുറിച്ചു
"'സ്വദേശി'യിൽ രാജ്യത്ത് പുതിയ വിപ്ലവം നടക്കുന്നു"
"'പ്രാദേശി‌കതയ്ക്കായുള്ള ശബ്ദം എന്ന മനോഭാവത്തോടെ, പൗരന്മാര്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പൂർണമനസോടെ വാങ്ങുന്നു; അതൊരു ബഹുജന പ്രസ്ഥാനമായി മാറി"
"സൗജന്യ റേഷന്‍, അടച്ചുറപ്പുള്ള വീട്, അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ- ഇതാണു മോദിയുടെ ഉറപ്പ്"
"നെയ്ത്തുകാരുടെ ജോലി എളുപ്പമാക്കാനും അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ഗുണമേന്മയും രൂപകൽപ്പനകളും മെച്ചപ്പെടുത്താനുമുള്ള ഗവണ്മെന്റിന്റെനിരന്തരമായ പരിശ്രമമാണിത്"
"രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ജില്ലകളില്‍ നിന്നുമുള്ള കരകൗശല വസ്തുക്കളും ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റ് എല്ലാ സംസ്ഥാന തലസ്ഥാന നഗരങ്ങളിലും ഏകതാ മാള്‍ സജ്ജമാക്കുന്നു"
"ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണി നെയ്ത്തുകാര്‍ക്ക് നല്‍കാനുള്ള വ്യക്തമായ തന്ത്രവുമായാണ് ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത്"
"സ്വയംപര്യാപ്ത ഭാരതം എന്ന സ്വപ്നം നെയ്‌തെടുക്കുകയും 'മെയ്ക്ക് ഇന്‍ ഇന്ത്യ'ക്ക് കരുത്ത് പകരുകയും ചെയ്യുന്നവര്‍ ഖാദിയെ വെറുമൊരു വസ്ത്രമായല്ല, ആയുധമായാണ് കണക്കാക്കുന്നത്"
"വീടുകളില്‍ ത്രിവർണപതാക ഉയരുമ്പോള്‍ അത് നമ്മുടെ മനസ്സുകളില്‍ കൂടിയാണു വിരിയുന്നത്"
നെയ്ത്തുകാര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ വഴി ഇന്ത്യക്കുണ്ടാകുന്ന നേട്ടങ്ങളില്‍ അഭിമാനിക്കുകയാണ് താനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും  ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

ഭാരത് മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് പ്രഗതി മൈതാനിയില്‍ നടന്ന പ്രദര്‍ശനത്തില്‍ പ്രദര്‍ശകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരു കൂടാരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നതെങ്ങനെയെന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭാരത് മണ്ഡപത്തിന്റെ മഹത്വത്തില്‍, ഇന്ത്യയുടെ കൈത്തറി വ്യവസായത്തിന്റെ സംഭാവനകള്‍ എടുത്തുകാട്ടി, പഴമയുടേയും പുതുമയുടേയും സംഗമമാണ് ഇന്നത്തെ പുതിയ ഇന്ത്യയെ നിര്‍വചിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്നത്തെ ഇന്ത്യ 'പ്രാദേശികതയ്ക്കായുള്ള ശബ്ദം' എന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ലോകത്തിന് മുന്നില്‍ ഒരു ആഗോള പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് മുന്‍പ് നെയ്ത്തുകാരുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കൈത്തറി വസ്തുക്കള്‍ എത്തിയതായി തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

 

'ഓഗസ്റ്റ് എന്നത് വിപ്ലവത്തിന്റെ മാസമാണ്'- പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സഹിക്കേണ്ടി വന്ന ത്യാഗത്തെക്കുറിച്ച് ഓര്‍മ്മിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി പ്രസ്ഥാനം വിദേശ വസ്ത്രങ്ങളെ ബഹിഷ്‌കരിക്കുന്ന കേവലം ഒരു ചടങ്ങ് മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു പ്രചോദനമായിരുന്നു. നെയ്ത്തുകാരെ ഇന്ത്യയിലെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മുന്നേറ്റമായിരുന്നു അത്. അക്കാരണത്താലാണ് ദേശീയ കൈത്തറി ദിനം ആചരിക്കാന്‍ തീരുമാനമെടുത്തതിന് പിന്നിലെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, കൈത്തറി വ്യവസായത്തിന്റെയും നെയ്ത്തുകാരുടെയും വിപുലീകരണത്തിനായി അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ''സ്വദേശി'യിൽ രാജ്യത്ത് പുതിയ വിപ്ലവം അരങ്ങേറുകയാണ്'- അദ്ദേഹം പറഞ്ഞു. നെയ്ത്തുകാര്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ വഴി ഇന്ത്യക്കുണ്ടാകുന്ന നേട്ടങ്ങളില്‍ അഭിമാനിക്കുകയാണ് താനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഒരു വ്യക്തിയുടെ പ്രതിച്ഛായ  എന്നത് അയാള്‍ ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ ചടങ്ങില്‍ നാനാതരത്തിലുള്ള വസ്ത്രധാരണം കാണാന്‍ കഴിയുന്നുവെന്നും പറഞ്ഞു. ഇത് ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്നുള്ള ജനങ്ങളുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങള്‍ കാണാന്‍ കഴിയുന്ന ഒരു അവസരമാണ്. ഇന്ത്യയുടെ ഈ രീതിയിലെ വസ്ത്രധാരണം ഒരു മഴവില്ലുപോലെയാണെന്ന് പ്രധാനമന്ത്രി നീരീക്ഷിച്ചു. ദൂരെ ഗോത്ര വിഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍, മഞ്ഞ് മൂടിയ മലനിരകളുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, തീരദേശപ്രദേശങ്ങളില്‍ വസിക്കുന്നവര്‍, മരുഭൂമിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുള്ളവരുടെ വസ്ത്രധാരണം എന്നിവ വൈവിധ്യമുള്ളതാണെന്നും ഇത് ഇന്ത്യയിലെ കമ്പോളത്തില്‍ എത്രകണ്ട് വൈവിധ്യങ്ങളുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ പട്ടികപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിച്ച അദ്ദേഹം 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' സമാരംഭിച്ചതോടെ ഇന്ന് അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷം പ്രകടിപ്പിച്ചു.

 

ഇന്ത്യയുടെ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം അതിനെ ശക്തിപ്പെടുത്താനുള്ള കാര്യമായ ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഖാദി മേഖല പോലും നശിച്ച അവസ്ഥയിലായിരുന്നു, ഖാദി വസ്ത്രങ്ങള്‍ ധരിക്കുന്നതിനെച്ചൊല്ലി അവഹേളനം നേരിട്ടവര്‍ പോലുമുണ്ട്.  എന്നാല്‍ 2014ന് ശേഷം ഈ സാഹചര്യവും ഇത്തരം ചിന്താഗതികളും മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് - പ്രധാനമന്ത്രി പറഞ്ഞു. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന്റെ ആദ്യകാല എപ്പിസോഡുകളില്‍ ഒന്നില്‍ ഖാദി വസ്ത്രങ്ങള്‍ വാങ്ങാനുള്ള ആഹ്വാനം ജനം ഏറ്റെടുത്തതും കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഉൽപ്പാദനം മൂന്ന് മടങ്ങായി വര്‍ധിച്ചതും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഖാദി വസ്ത്രങ്ങളുടെ വില്‍പ്പന അഞ്ച് മടങ്ങ് വരെ വര്‍ധിച്ചുവെന്നും വിദേശ രാജ്യങ്ങളില്‍ പോലും ഇന്ന് ഖാദി വസ്ത്രങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു വന്‍കിട ഫാഷന്‍ ബ്രാന്‍ഡിന്റെ സിഇഒയെ ഒരിക്കല്‍ പാരീസില്‍ കണ്ടുമുട്ടിയപ്പോള്‍ ഖാദി വസ്ത്രങ്ങളോടും ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങളോടുമുള്ള താൽപ്പര്യവും ആകര്‍ഷണവും വര്‍ധിച്ചുവെന്ന കാര്യം തന്നോടു നേരിട്ട് പറഞ്ഞുവെന്നും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു.

 

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഗ്രാമീണ വ്യവസായം, ഖാദി എന്നിവയില്‍ നിന്നുള്ള വിറ്റുവരവ് 25 മുതല്‍ മുപ്പതിനായിരം കോടി വരെ മാത്രമായിരുന്നുവെന്നും ഇന്ന് അത് ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികമായി വന്ന ഈ തുക ഗ്രാമീണ മേഖലയിലേയും ഗോത്ര വിഭാഗത്തിലേയും കൈത്തറി മേഖലയുടെ കൈകളിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് 13.5 കോടിയില്‍പ്പരം പേർ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടിയെന്നും ഇതില്‍ കൈത്തറി മേഖലയിലെ നേട്ടത്തിന് വലിയ പങ്കുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന ആശയത്തോടെ, പൗരന്മാര്‍ പൂര്‍ണ്ണമനസോടെ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. അതൊരു ബഹുജന പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി പ്രസ്ഥാനത്തെ വീണ്ടും പിന്തുണയ്ക്കുകയും അതിലൂടെ നെയ്ത്തുകാര്‍ക്കും കൈത്തറി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പിന്തുണ അറിയിക്കാന്‍ ഈ വരുന്ന രക്ഷാബന്ധന്‍, ഗണേശോത്സവം, ദീവാവലി എന്നിവ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

ടെക്‌സ്റ്റൈല്‍സ് മേഖലയിലേക്കായി ഏര്‍പ്പെടുത്തിയ സ്‌കീമുകളിലൂടെ സാമൂഹ്യനീതി നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ തൃപ്തിയുണ്ട്. രാജ്യത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി ഒരു ലക്ഷത്തിലധികം പേര്‍ കൈത്തറി മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലേക്ക് കൂടുതലായി വരുന്നതും ദളിത്, പിന്നോക്ക, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നത് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിച്ചുവെന്നതിന് തെളിവാണ്. വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷന്‍, ശുചിത്വ ഭാരതം തുടങ്ങിയ പദ്ധതികളുടെ ഉദാഹരണങ്ങള്‍ നല്‍കി, അത്തരം യജ്ഞങ്ങളില്‍ നിന്ന് അവർക്കു പരമാവധി നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു. 'സൗജന്യ റേഷന്‍, അടച്ചുറപ്പുള്ള വീട്, 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ, ഇതാണ് മോദിയുടെ ഉറപ്പ്'- അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നെയ്ത്തുകാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ഇപ്പോഴത്തെ സര്‍ക്കാര്‍ വിരാമമിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

ടെക്സ്റ്റൈല്‍ മേഖലയുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ മാത്രമല്ല, ഒരു പുതിയ 'അവതാര'ത്തില്‍ ലോകത്തെ ആകര്‍ഷിക്കാനും ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഈ ജോലിയുമായി ബന്ധപ്പെട്ടവരുടെ വിദ്യാഭ്യാസം, പരിശീലനം, വരുമാനം എന്നിവയ്ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുകയും നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും മക്കളുടെ അഭിലാഷങ്ങള്‍ക്ക് ചിറകുനല്‍കുകയും ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നെയ്ത്തുകാരുടെ മക്കളുടെ നൈപുണ്യ പരിശീലനത്തിനായി ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളില്‍ 2 ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ 600-ലധികം കൈത്തറി ക്ലസ്റ്ററുകള്‍ വികസിപ്പിച്ചതായും ആയിരക്കണക്കിന് നെയ്ത്തുകാരെ പരിശീലിപ്പിച്ചതായും ശ്രീ മോദി അറിയിച്ചു. 'നെയ്ത്തുകാരുടെ ജോലി സുഗമമാക്കാനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും ഗുണമേന്മയും രൂപകല്പനയും മെച്ചപ്പെടുത്താനുമാണ് സര്‍ക്കാരിന്റെ നിരന്തരമായ പരിശ്രമം. പുതിയ ഡിസൈനുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കംപ്യൂട്ടര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പഞ്ചിംഗ് മെഷീനുകളും അവര്‍ക്ക് നല്‍കുന്നുണ്ട്' - അദ്ദേഹം പറഞ്ഞു. നെയ്ത്തുകാരുടെ ജോലി എളുപ്പത്തിലാക്കാന്‍ അവര്‍ക്ക് ആധുനിക യന്ത്രങ്ങള്‍ നല്‍കുന്നു. കൈത്തറി നെയ്ത്തുകാര്‍ക്ക് നൂല്‍ പോലുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇളവോടുകൂടിയ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അസംസ്‌കൃത വസ്തുക്കള്‍ നെയ്ത്തുകാര്‍ക്ക് എത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മുദ്രാ യോജ പരാമര്‍ശിച്ച പ്രധാനമന്ത്രി, നെയ്ത്തുകാര്‍ക്ക് ജാമ്യമില്ലാതെ വായ്പ ലഭിക്കുന്നത് ഇപ്പോള്‍ സാധ്യമായതായി അറിയിച്ചു.

 

തന്റെ ജന്മനാടായ ഗുജറാത്തിലെ നെയ്ത്തുകാരുമായുള്ള ബന്ധം പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടുന്ന കാശി മേഖലയിലെ മുഴുവന്‍ കൈത്തറി വ്യവസായത്തിന്റെ സംഭാവനകളും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഉൽപ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും വിപണവുമായി ബന്ധപ്പെട്ടും നെയ്ത്തുകാര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തുടനീളം ഭാരത് മണ്ഡപത്തിലേതിന് സമാനമായി മേളകള്‍ സംഘടിപ്പിച്ച് വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെക്കുറിച്ചും പറഞ്ഞു. സൗജന്യ സ്റ്റാളിനൊപ്പം ദിവസേന ചെറിയ തോതിലുള്ള അലവന്‍സും നല്‍കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. കുടില്‍ വ്യവസായങ്ങളും കൈത്തറികളും നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സാങ്കേതികതകളിലും പാറ്റേണുകളിലും വിപണന രീതികളിലും നൂതനത്വം കൊണ്ടുവന്ന ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളേയും യുവാക്കളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 'ഒരു ജില്ല ഒരുല്‍പ്പന്നം' പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, ഓരോ ജില്ലയില്‍ നിന്നുമുള്ള പ്രത്യേക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റാളുകളും ഒരുക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള കരകൗശല ഉത്പന്നങ്ങളും ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി  എല്ലാ സംസ്ഥാനങ്ങളിലെയും  തലസ്ഥാന നഗരങ്ങളിൽ സർക്കാർ വികസിപ്പിക്കുന്ന ഏകതാ മാളിനെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഏകതാ പ്രതിമയിലെ  ഏകതാ മാളിനെ കുറിച്ച് സംസാരിക്കവേ, ഇത് വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയുടെ ഐക്യം അനുഭവിക്കാനും ഏത് സംസ്ഥാനത്തുനിന്നും ഒരേ മേല്‍ക്കൂരയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവസരമൊരുക്കുന്നു.

 

വിദേശയാത്രകളില്‍ അവിടേക്ക് പോകുമ്പോള്‍ നല്‍കുന്ന സമ്മാനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി അഭിസംബോധനയില്‍ വ്യക്തമാക്കി. സമ്മാനങ്ങള്‍ ആരാണ് ഉൽപ്പാദിപ്പിച്ചത് എന്ന് അറിയുമ്പോള്‍ അതിന് കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ്‌പ്ലേസിനെ (ജിഇഎം) കുറിച്ച് സംസാരിക്കവേ ഏറ്റവും ചെറിയ കൈത്തൊഴിലാളികള്‍ക്കോ കരകൗശല തൊഴിലാളികള്‍ക്കോ നെയ്ത്തുകാര്‍ക്കോ പോലും അവരുടെ സാധനങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കാന്‍ കഴിയുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കൈത്തറി- കരകൗശല വസ്തുക്കളുമായി ബന്ധപ്പെട്ട 1.75 ലക്ഷം സംഘടനകളെ ഇന്ന് ജിഇഎം പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കൈത്തറി മേഖലയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ലോകത്തിലെ ഏറ്റവും വലിയ വിപണി നെയ്ത്തുകാര്‍ക്ക് നല്‍കാനുള്ള വ്യക്തമായ തന്ത്രവുമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ പല വന്‍കിട കമ്പനികളും ഇന്ത്യയിലെ എംഎസ്എംഇകള്‍, നെയ്ത്തുകാര്‍, കര്‍ഷകര്‍ എന്നിവരുടെ ഉൽപ്പന്നങ്ങള്‍ വാങ്ങുവാനും ലോകത്തെമ്പാടുമുള്ള മാര്‍ക്കറ്റില്‍ എത്തിക്കാനും താൽപ്പര്യം കാണിച്ച് മുന്നോട്ടുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വലിയ സ്റ്റോറുകളും മൊത്തക്കച്ചവടവുമുള്ള അത്തരം സ്ഥാപനങ്ങളുടെ ഉടമകളുമായി സംസാരിക്കാന്‍ കഴിഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഈ വലിയ അന്താരാഷ്ട്ര കമ്പനികള്‍ അവയെ ലോകമെമ്പാടുമുള്ള വിപണികളിലേക്ക് കൊണ്ടുപോകും' - അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും വിതരണ ശൃംഖല ഈ ബഹുരാഷ്ട്ര കമ്പനികള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്സ്റ്റൈല്‍ വ്യവസായവുമായും ഫാഷന്‍ ലോകവുമായും ബന്ധപ്പെട്ടവരെ അഭിസംബോധന ചെയ്തുകൊണ്ട്, ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാകാനുള്ള നടപടികള്‍ക്ക് പുറമെ നമ്മുടെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും വ്യാപ്തി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി. ഇന്ത്യയുടെ കൈത്തറി, ഖാദി, ടെക്സ്റ്റൈല്‍ മേഖലയെ ലോക ജേതാവാക്കാന്‍ എല്ലാവരുടെയും പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'തൊഴിലാളിയോ നെയ്ത്തുകാരനോ ഡിസൈനറോ വ്യവസായമോ ആരുമാകട്ടെ, എല്ലാവരും അർപ്പണബോധത്തോടെ പരിശ്രമിക്കേണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. നെയ്ത്തുകാരുടെ നൈപുണ്യത്തെ  സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ നവ-മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ചയിലേക്ക് വെളിച്ചം വീശി, ഓരോ ഉല്‍പ്പന്നത്തിനും ഒരു വലിയ യുവ ഉപഭോക്തൃ വര്‍ഗം രൂപീകരിക്കപ്പെടുന്നുണ്ടെന്നും അത് ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ക്ക് വലിയ അവസരമാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. അതിനാൽ പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും അതിൽ നിക്ഷേപം നടത്തുകയും ചെയ്യേണ്ടത് ഈ കമ്പനികളുടെ കൂടി ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

ഭാവിയില്‍ നമുക്ക് പ്രയോജനം ലഭിക്കണമെങ്കില്‍, ഇന്ന് പ്രാദേശിക വിതരണ ശൃംഖലയില്‍ നിക്ഷേപിക്കണം. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും അതാണ് മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. ഈ പാത പിന്തുടരുന്നതിലൂടെ മാത്രമേ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വദേശി സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം നെയ്‌തെടുക്കുകയും 'മെയ്ക്ക് ഇന്‍ ഇന്ത്യ'ക്ക് കരുത്ത് പകരുകയും ചെയ്യുന്നവര്‍ ഖാദിയെ വെറുമൊരു വസ്ത്രമായി മാത്രമല്ല, ആയുധമായാണ് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഓഗസ്റ്റ് ഒന്‍പതിന്റെ പ്രത്യേകതയെക്കുറിച്ച് പറയവേ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച ദിനമായിരുന്നു അതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുക എന്ന ആവശ്യം ഉയര്‍ത്തിയുള്ള ക്വിറ്റ് ഇന്ത്യാ സമരത്തേക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഈ മുന്നേറ്റം നടന്ന് അധികം വൈകാതെ തന്നെ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് ബ്രിട്ടീഷുകാരെ തുരത്താൻ ഉപയോഗിച്ച അതേ മന്ത്രം രാഷ്ട്രം 'വികസിത് ഭാരത്' അല്ലെങ്കില്‍ വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ തീരുമാനിക്കുമ്പോള്‍ തടസ്സമായി മാറിയ ഘടകങ്ങളെ തുരത്താനും ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യ മുഴുവന്‍ ഒരേ സ്വരത്തില്‍ പറയുന്നു - അഴിമതിയും കുടുംബവാഴ്ചയും പ്രീണനവും ഇന്ത്യ വിടണം'- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഈ തിന്മകള്‍ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം ഈ തിന്മകളെ രാഷ്ട്രം പരാജയപ്പെടുത്തുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. 'രാജ്യം വിജയിക്കും, ഇന്ത്യയിലെ ജനങ്ങള്‍ വിജയിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വര്‍ഷങ്ങളായി ത്രിവർണ പതാക നെയ്യാന്‍ സ്വയം സമര്‍പ്പിച്ച സ്ത്രീകളുമായുള്ള ആശയവിനിമയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി 'ഹര്‍ ഘര്‍ തിരംഗ' ഒരിക്കല്‍ കൂടി ആഘോഷിക്കാന്‍ അദ്ദേഹം രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. 'വീടുകളില്‍ ദേശീയപതാക ഉയരുമ്പോള്‍ അത് നമ്മുടെ മനസ്സുകളില്‍ കൂടി വിരിയുകയാണ്' - അദ്ദേഹം ഉപസംഹരിച്ചു.

കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, സഹമന്ത്രി ശ്രീമതി ദര്‍ശന ജര്‍ദോഷ്, എംഎസ്എംഇ മന്ത്രി ശ്രീ നാരായണ്‍ താത്തു റാണെ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തിന്റെ സമ്പന്നമായ കല-കരകൗശല പാരമ്പര്യം നിലനിർത്തുന്ന കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധര്‍ക്കും പ്രോത്സാഹനവും നയപരമായ പിന്തുണയും നല്‍കുന്ന ഉറച്ച വക്താവാണ് എപ്പോഴും പ്രധാനമന്ത്രി. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് ദേശീയ കൈത്തറി ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 2015 ഓഗസ്റ്റ് 7-നാണ് ഇതിന്റെ ആദ്യത്തെ ആഘോഷം നടന്നത്. 1905 ഓഗസ്റ്റ് 7-ന് ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ആദരസൂചകമായാണ് ഈ തീയതി പ്രത്യേകം തെരഞ്ഞെടുത്തത്.

ഈ വര്‍ഷം ഒമ്പതാമത് ദേശീയ കൈത്തറി ദിനമാണ് ആഘോഷിക്കുന്നത്. പരിപാടിയില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി) വികസിപ്പിച്ചെടുത്ത ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ കലവറയായ ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശം - ഇ-പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ 3000-ത്തിലധികം കൈത്തറി, ഖാദി നെയ്ത്തുകാരും കരകൗശല വിദഗ്ധരും ടെക്‌സ്‌റ്റൈല്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ) മേഖലകളില്‍ നിന്നുള്ള പങ്കാളികളും പങ്കെടുക്കും. ഇത് ഇന്ത്യയിലുടനീളമുള്ള കൈത്തറി ക്ലസ്റ്ററുകള്‍, എന്‍.ഐ.എഫ്.ടി കാമ്പസുകള്‍, വീവര്‍ സര്‍വീസ് സെന്ററുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കാമ്പസുകള്‍, നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഹാന്‍ഡ്‌ലൂം എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ (കെ.വി.ഐ.സി) സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാന കൈത്തറി വകുപ്പുകള്‍ എന്നിവയെ ഒരുമിച്ച് കൊണ്ടുവരും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government