ഏകദേശം 10,000 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും ചെയ്തു
“ശുചിത്വ ഭാരത യജ്ഞത്തിന്റെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ, ശുചിത്വത്തെ ‘ജനകീയ പ്രസ്ഥാന’മാക്കിയ 140 കോടി ഇന്ത്യക്കാരുടെ അചഞ്ചലമായ മനോഭാവത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു”
“ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലുതും വിജയകരവുമായ ബഹുജന പ്രസ്ഥാനമാണ് സംശുദ്ധ ഇന്ത്യ”
“ശുചിത്വ ഭാരത യജ്ഞം രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വിലമതിക്കാനാകാത്തതാണ്”
“ശുചിത്വ ഭാരത യജ്ഞത്താൽ സ്ത്രീകൾക്കിടയിലെ പകർച്ചവ്യാധികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു”
“ശുചിത്വത്തിലൂടെ അന്തസ് വർധിക്കുന്നതിനാൽ രാജ്യത്തുണ്ടായതു മാനസികമായി വലിയ പരിവർത്തനം”
“ശുചിത്വമിപ്പോൾ സമൃദ്ധിയിലേക്കുള്ള പുതിയ പാതയായി മാറുന്നു”
“ശുചിത്വ ഭാരത യജ്ഞം ചാക്രിക സമ്പദ്‌വ്യവസ്ഥയ്ക്കു പുതിയ ഉത്തേജനം പകർന്നു”
“ശുചിത്വ ദൗത്യം ഒരു ദിവസത്തേക്കു മാത്രമുള്ള ആചാരമല്ല; ആജീവനാന്തം വേണ്ട ഒന്നാണ്”
“വൃത്തിഹീനമായ അവസ്ഥയോടുള്ള വെറുപ്പ് നമ്മെ ശുചിത്വത്തിലേക്കു കൂടുതൽ കരുത്തോടെ അടുപ്പിക്കും”
“നാം എവിടെ താമസിച്ചാലും, അതു നമ്മുടെ വീടോ അയൽപക്കമോ ജോലിസ്ഥലമോ ഏതുമാകട്ടെ, അവിടെയെല്ലാം ശുചിത്വം പാലിക്കുമെന്നു നമുക്കു പ്രതിജ്ഞ ചെയ്യാം”

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ബഹുമാന്യനായ ബാപ്പുവിന്റെയും ലാൽ ബഹദൂർ ശാസ്ത്രിജിയുടെയും ജന്മദിനങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, ഭാരതമാതാവിന്റെ പുത്രന്മാർക്കു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധിയുടെയും മറ്റു മഹത് വ്യക്തികളുടെയും സ്വപ്നങ്ങൾ ഒത്തുചേർന്നു സാക്ഷാത്കരിക്കാനുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് ഇന്നത്തെ അവസരമെന്നു ശ്രീ മോദി പറഞ്ഞു.

 

ഒക്ടോബർ രണ്ടിനു തന്നിൽ കർത്തവ്യ ബോധം നിറഞ്ഞിരിക്കുന്നുവെന്നും വികാരഭരിതനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “കോടിക്കണക്കിന് ഇന്ത്യക്കാരുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണു ശുചിത്വ ഭാരത ദൗത്യത്തിന്റെ യാത്ര” – ശുചിത്വ ഭാരത യജ്ഞം 10 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഈ പ്രസ്ഥാനത്തിനു ലഭിച്ച ഉയർന്ന ജനപിന്തുണ എടുത്തുകാട്ടിയ അദ്ദേഹം, രാജ്യത്തെ ഓരോ പൗരനും ഇത് അവരുടെ സ്വന്തം ദൗത്യമാക്കിയെന്നും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയെന്നും പറഞ്ഞു. ശുചിത്വ ഭാരത യജ്ഞത്തിന്റെ 10 വർഷമെന്ന നാഴികക്കല്ലിൽ, ഈ യജ്ഞത്തെ വലിയ പൊതുജന പ്രസ്ഥാനമാക്കി മാറ്റുന്നതിൽ സഫായിമിത്രങ്ങൾ, മതനേതാക്കൾ, കായികതാരങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ, സന്നദ്ധസംഘടനകൾ, മാധ്യമങ്ങൾ തുടങ്ങിയവർ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ശ്രമദാനത്തിന്റെ രൂപത്തിൽ ശുചിത്വ ഭാരതത്തിനായി മുൻ രാഷ്ട്രപതിയും മുൻ ഉപരാഷ്ട്രപതിയും നൽകിയ സംഭാവനകൾ അദ്ദേഹം പരാമർശിക്കുകയും രാഷ്ട്രത്തെ പ്രചോദിപ്പിച്ചതിന് അവർക്കു നന്ദി പറയുകയും ചെയ്തു. ഗ്രാമങ്ങളിലും നഗരങ്ങളിലും കോളനികളിലും ഇന്നു നടക്കുന്ന നിരവധി ശുചീകരണ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും പ്രതിനിധികളുടെയും സജീവ പങ്കാളിത്തവും ചൂണ്ടിക്കാട്ടി.  ‘സ്വച്ഛതാ പഖ്‌വാഡ’യുടെ ഈ പതിപ്പിൽ കോടിക്കണക്കിനുപേർ ‘സ്വച്ഛതാ ഹീ സേവാ’ പരിപാടിയിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. ‘സേവാ പഖ്‌വാഡ’യുടെ 15 ദിവസങ്ങളിൽ 28 കോടി ജനങ്ങളുടെ പങ്കാളിത്തത്തിനു സാക്ഷ്യംവഹിച്ച 27 ലക്ഷത്തിലധികം പരിപാടികൾ രാജ്യത്തുടനീളം സംഘടിപ്പിച്ചു. ഇന്ത്യയെ ശുചിയായി സൂക്ഷിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഇന്ത്യയിലെ ഓരോ പൗരനും നന്ദി രേഖപ്പെടുത്തി.

ഇന്നത്തെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, ശുചിത്വവുമായി ബന്ധപ്പെട്ട ഏകദേശം 10,000 കോടി രൂപയുടെ പദ്ധതികൾ ആരംഭിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അമൃതദൗത്യത്തിന്റെ ഭാഗമായി പല നഗരങ്ങളിലും ജല-മലിനജല ശുദ്ധീകരണ നിലയങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമാമി ഗംഗയോ, ജൈവമാലിന്യം ബയോഗ്യാസ് ആക്കി മാറ്റുന്ന ഗോബർധൻ പദ്ധതിയോ ഏതുമാകട്ടെ, ഇവയെല്ലാം ശുചിത്വ ഭാരത യജ്ഞത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ശുചിത്വ ഭാരത ദൗത്യം എത്രത്തോളം വിജയകരമാണോ അത്രത്തോളം നമ്മുടെ രാജ്യം തിളങ്ങും”- ശ്രീ മോദി പറഞ്ഞു.

 

1000 വർഷങ്ങൾക്കുശേഷം ഇന്ത്യയെക്കുറിച്ചു പഠനം നടക്കുമ്പോൾ ശുചിത്വ ഭാരത യജ്ഞം ഓർമിക്കപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ജനപങ്കാളിത്തവും ജനകീയ നേതൃത്വവുമുള്ള ഈ നൂറ്റാണ്ടിലെ ഏറ്റവും വലുതും വിജയകരവുമായ ജനകീയ പ്രസ്ഥാനമാണു ശുചിത്വ ഭാരത ദൗത്യം” - ശ്രീ മോദി പറഞ്ഞു. ഈ ദൗത്യം ജനങ്ങളുടെ യഥാർഥ ഊർജവും കഴിവും തനിക്കു വെളിപ്പെടുത്തിത്തന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ സംബന്ധിച്ചിടത്തോളം ശുചിത്വം ജനങ്ങളുടെ ശക്തി സാക്ഷാത്കരിക്കുന്നതിന്റെ ഉത്സവമായി മാറിയെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ശുചിത്വ യജ്ഞം ആരംഭിച്ചപ്പോൾ ലക്ഷക്കണക്കിനു ജനങ്ങൾ കൈകോർത്തത് എങ്ങനെയെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. വിവാഹമോ പൊതു ചടങ്ങോ മറ്റേതെങ്കിലും ഇടമോ ആകട്ടെ, ഇവിടങ്ങളിലെല്ലാം ശുചിത്വ സന്ദേശം ഫലപ്രദമായി പ്രചരിപ്പിച്ചു. ശൗചാലയം പണിയാൻ പ്രായമായ അമ്മമാർ കന്നുകാലികളെ വിറ്റതും ചില സ്ത്രീകൾ അവരുടെ മംഗല്യസൂത്രം വിറ്റതും കുറച്ചുപേർ അവരുടെ ഭൂമി വിറ്റതും വിരമിച്ച ചില അധ്യാപകർ അവരുടെ പെൻഷൻ സംഭാവന ചെയ്തതും വിരമിച്ച ചില സൈനികർ ശുചിത്വ ദൗത്യത്തിനായി അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ സംഭാവന ചെയ്തതുമായ നിരവധി സംഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിനോ ഏതെങ്കിലും ചടങ്ങിലോ ആയിരുന്നു ഇതേ സംഭാവന നൽകിയിരുന്നതെങ്കിൽ അതു പത്രങ്ങളിൽ പ്രധാന വാർത്തയാകുമായിരുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ടിവിയിൽ ഒരിക്കലും മുഖം കാണിക്കാത്ത, പത്രങ്ങളിൽ അവരുടെ പേരു പ്രസിദ്ധീകരിക്കാത്ത ലക്ഷക്കണക്കിനുപേർ ഈ ദൗത്യം വിജയകരമാക്കാൻ പണവും വിലപ്പെട്ട സമയവും സംഭാവന ചെയ്തിട്ടുണ്ടെന്നു രാജ്യം അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവങ്ങളെല്ലാം ഇന്ത്യയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു ശ്രീ മോദി പറഞ്ഞു. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തണമെന്ന് ആഹ്വാനം ചെയ്തപ്പോൾ, കടയിൽ പോകുമ്പോൾ ചണവും തുണിയും കൊണ്ടുണ്ടാക്കിയ സഞ്ചികൾ ഉപയോഗിക്കുന്ന പാരമ്പര്യം പലരും പുനഃസ്ഥാപിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. ഈ സംരംഭത്തിനൊപ്പം ചേർന്നതിനും പിന്തുണച്ചതിനും ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വ്യവസായങ്ങൾക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉദ്യമത്തെ പിന്തുണച്ച രാഷ്ട്രീയ കക്ഷികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

ശുചിത്വത്തിന്റെ സന്ദേശം സിനിമകളുടെ രൂപത്തിൽ പ്രചരിപ്പിക്കുന്നതിൽ കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ചലച്ചിത്ര വ്യവസായം നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരം പ്രവർത്തനങ്ങൾ ഒരുതവണ മാത്രമായി ഒതുക്കരുതെന്നും, ഒരു തലമുറയിൽനിന്നു മറ്റൊരു തലമുറയിലേക്കു പകരണമെന്നും ആവശ്യപ്പെട്ടു. ‘മൻ കീ ബാത്ത്’ പരിപാടിയിൽ 800 ഓളം തവണ ശുചിത്വ പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെയും അതു ജനങ്ങൾ മുൻനിരയിലേക്കു കൊണ്ടുവന്നതിന്റെയും ഉദാഹരണവും അദ്ദേഹം നൽകി.

 

ശുചിത്വത്തിനായുള്ള ജനങ്ങളുടെ ഇന്നത്തെ ശ്രമങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം മുൻ ഗവണ്മെന്റുകൾ ശുചിത്വത്തിന്റെ കാര്യത്തിൽ കാട്ടിയ അവഗണന ചൂണ്ടിക്കാട്ടി, “സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയാണു ശുചിത്വത്തിലേക്കുള്ള പാത കാണിച്ചുതന്നത്” എന്നു വ്യക്തമാക്കി. മഹാത്മാഗാന്ധിയെ രാഷ്ട്രീയ നേട്ടങ്ങൾക്കും വോട്ടുബാങ്കിനുമായി ഉപയോഗിച്ചവർ ഇപ്പോൾ അദ്ദേഹത്തിനു താൽപ്പര്യമുള്ള വിഷയം മറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൃത്തിഹീനതയും ശൗചാലയങ്ങളുടെ അഭാവവും ഒരിക്കലും ദേശീയ പ്രശ്നമായി അവർ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൽഫലമായി, സമൂഹത്തിൽ അതിനെക്കുറിച്ചു ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മാലിന്യം ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്ന് ഈ വിഷയം ഉന്നയിച്ചതിനുശേഷം വിമർശനങ്ങൾ നേരിട്ടതായും അദ്ദേഹം അനുസ്മരിച്ചു. സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കുക എന്നതിനാണു പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. ശൗചാലയങ്ങളെയും സാനിറ്ററി പാഡുകളെയുംകുറിച്ചു സംസാരിക്കാനുള്ള തന്റെ ഉത്തരവാദിത്വത്തിന് അദ്ദേഹം അടിവരയിട്ടു. അതിന്റെ ഫലം ഇന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തുവർഷം മുമ്പുവരെ ശൗചാലയങ്ങളുടെ അഭാവത്താൽ ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം തുറസ്സായ സ്ഥലത്തു മലമൂത്രവിസർജനം ചെയ്യാൻ നിർബന്ധിതരായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതു മനുഷ്യന്റെ അന്തസ്സിനു വിരുദ്ധമാണെന്നും രാജ്യത്തെ ദരിദ്രർ, ദളിതർ, ഗോത്രവർഗക്കാർ, പിന്നാക്കസമുദായക്കാർ എന്നിവരോടുള്ള അനാദരമാണെന്നും ഇത് ഒരു തലമുറയിൽനിന്നു മറ്റൊന്നിലേക്കു തുടർന്നിരുന്നുവെന്നും പറഞ്ഞു.

ശൗചാലയങ്ങളുടെ അഭാവത്താൽ അമ്മമാർ, സഹോദരിമാർ, പെൺമക്കൾ എന്നിവർ അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാട്ടിയ ശ്രീ മോദി അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണികളും ചൂണ്ടിക്കാട്ടി. തുറസായ ഇടത്തെ മലമൂത്ര വിസർജനത്താലുണ്ടാകുന്ന മാലിന്യം കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയിട്ടുണ്ടെന്നും ഇതു ശിശുമരണത്തിനു പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു ദയനീയ സാഹചര്യത്തിൽ രാഷ്ട്രത്തിനു തുടരാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞ ശ്രീ മോദി, കാര്യങ്ങൾ അതേപടി തുടരില്ലെന്ന് അവർ തീരുമാനിച്ചുവെന്നും പറഞ്ഞു. ഈ ഗവണ്മെന്റ് ഇതിനെ ദേശീയവും മാനുഷികവുമായ വെല്ലുവിളിയായി കണക്കാക്കി, അതു പരിഹരിക്കാൻ യജ്ഞം ആരംഭിച്ചതായും ഇവിടെയാണു ശുചിത്വ ഭാരത യജ്ഞത്തിന്റെ വിത്തു പാകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ കോടിക്കണക്കിന് ഇന്ത്യക്കാർ അത്ഭുതങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 12 കോടിയിലധികം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും ശൗചാലയപരിരക്ഷയുടെ വ്യാപ്തി മുമ്പ് 40 ശതമാനത്തിൽ താഴെയായിരുന്നത് ഇപ്പോൾ 100 ശതമാനത്തിലെത്തിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ ഉണ്ടാക്കിയ നേട്ടം വിലമതിക്കാനാവാത്തതാണെതിന് പ്രധാനമന്ത്രി അടിവരയിട്ടു. സ്വച്ഛ് ഭാരത് മിഷന്‍ പ്രതിവര്‍ഷം 60 മുതല്‍ 70 ആയിരം വരെ കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നുവെന്ന് വാഷിംഗ്ടണിലെ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞര്‍ സംയുക്തമായി ഒരു പ്രശസ്ത അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് വേണ്ടി നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2014 നും 2019 നും ഇടയില്‍, വയറിളക്കം മൂലം നഷ്ടപ്പെടാമായിരുന്ന 3 ലക്ഷം ജീവന്‍ രക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ ശൗചാലയങ്ങൾ നിര്‍മ്മിച്ചതിനാല്‍, ഇപ്പോള്‍ 90 ശതമാനത്തിലധികം സ്ത്രീകളും സുരക്ഷിതരാണെന്നതിനും സ്ത്രീകളില്‍ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങള്‍ സ്വച്ഛ് ഭാരത് കാരണം ഗണ്യമായി കുറഞ്ഞുവെന്നതിനും യൂണിസെഫ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് ശ്രീമോദി അടിയവരയിട്ടു. ലക്ഷക്കണക്കിന് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ശൗചാലയങ്ങൾ നിര്‍മ്മിച്ചതിനാല്‍ കൊഴിഞ്ഞുപോക്ക് കുറഞ്ഞുവെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. മുന്‍കാലങ്ങളില്‍ അസുഖത്തില്‍ നിന്ന് മോചനം നേടുന്നതിനായി സ്വന്തം കീശയില്‍ നിന്നും ചെലവഴിച്ചുകൊണ്ടിരുന്ന തുകയില്‍ പ്രതിവര്‍ഷം ശരാശരി 50,000 രൂപ വീതം ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് ശുചിത്വം കാരണം ലാഭിക്കാനായിട്ടുണ്ടെന്നും യുണിസെഫിന്റെ മറ്റൊരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വച്ഛ് ഭാരത് മിഷന്‍ കൊണ്ടുവന്ന പൊതുബോധത്തെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഗോരഖ്പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ചുണ്ടായ ശിശുമരണങ്ങളെ ശുചിത്വത്തിന് ഊന്നല്‍ നല്‍കികൊണ്ട് അഭിസംബോധന ചെയ്തതിന്റെ ഉദാഹരണവും നല്‍കി.
വൃത്തിയുടെ അന്തസ്സ് ഉയര്‍ന്നത് രാജ്യത്ത് വലിയ മാനസിക മാറ്റത്തിന് കാരണമായെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. സ്വച്ഛ് ഭാരത് മിഷന്‍ കൊണ്ടുവന്ന ചിന്താഗതിയിലെ മാറ്റത്തെ പരാമര്‍ശിച്ച അദ്ദേഹം ശുചീകരണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ നേരത്തെ അവഹേളിച്ചവരുടെ ഉദാഹരണവും നല്‍കി. ''ശുചീകരണത്തൊഴിലാളികള്‍ക്ക് ബഹുമാനം ലഭിച്ചപ്പോള്‍, രാജ്യത്തെ മാറ്റുന്നതില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച് അവര്‍ക്കും അഭിമാനം തോന്നി. സ്വച്ഛ് ഭാരത് അഭിയാന്‍ ലക്ഷക്കണക്കിന് സഫായി മിത്രങ്ങള്‍ക്ക് അഭിമാനം പകര്‍ന്നു നല്‍കി'', സഫായി മിത്രങ്ങളുടെ മാന്യമായ ജീവിതത്തിനും സുരക്ഷിതത്വത്തിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സെപ്റ്റിക് ടാങ്കുകളില്‍ മനുഷ്യര്‍ ഇറങ്ങുന്നതു കാരണം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇക്കാര്യത്തില്‍ സ്വകാര്യ, പൊതുമേഖലയുമായി സഹകരിച്ച് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു. ''ഞങ്ങള്‍ പ്രൊഫഷണലുകളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വച്ഛ് ഭാരത് അഭിയാന്റെ വ്യാപകമായ വ്യാപ്തി ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, ഇത് ഒരു ശുചിത്വ പരിപാടി മാത്രമല്ലെന്നും, ഇന്ന് ശുചിത്വം അഭിവൃദ്ധിയിലേക്കുള്ള ഒരു പുതിയ പാത സൃഷ്ടിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
സ്വച്ഛ് ഭാരത് അഭിയാന്‍ രാജ്യത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടിക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതിലൂടെ നിരവധി മേഖലകള്‍ക്ക് ഗുണമുണ്ടായിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പണിക്കാര്‍, പ്ലംബര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി നിരവധി ആളുകള്‍ ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൗത്യം മൂലം ഏകദേശം 1.25 കോടി ആളുകള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജോലി ലഭിച്ചതായി യുണിസെഫ് കണക്കാക്കുന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. പുതിയ തലമുറയിലെ വനിതാ കല്‍പ്പണിക്കാര്‍ സ്വച്ഛ് ഭാരത് അഭിയാന്റെ മഹത്തായ ഫലമാണെന്നും ശുചിത്വ- സാങ്കേതികവിദ്യയിലൂടെ (ക്ലീന്‍ ടെക്) നമ്മുടെ യുവജനങ്ങള്‍ക്ക് മികച്ച ജോലിയും മികച്ച അവസരങ്ങളും ലഭിക്കുന്നുണ്ടെന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ക്ലീന്‍-ടെക്കുമായി ബന്ധപ്പെട്ട് നിലവില്‍ അയ്യായിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാലിന്യത്തില്‍ നിന്നുള്ള സമ്പത്തായിക്കോട്ടെ, മാലിന്യ ശേഖരണവും അതിന്റെ നീക്കവുമാകട്ടെ, ജലത്തിന്റെ പുനരുപയോഗമോ, പുനര്‍ ചംക്രമണമോ ആകെട്ടെ ജല-മലിനജല ശുചീകരണ മേഖലയില്‍ നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ മേഖലയില്‍ 65 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സ്വച്ഛ് ഭാരത് മിഷന്‍ തീര്‍ച്ചയായും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

'' ഇന്ത്യയിലെ ചാക്രിക സമ്പദ്വ്യവസ്ഥയ്ക്ക് സ്വച്ഛ് ഭാരത് മിഷന്‍ കാര്യമായ ഉത്തേജനം നല്‍കി'', വീടുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ മൂല്യവത്തായ വിഭവങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കമ്പോസ്റ്റ്, ബയോഗ്യാസ്, വൈദ്യുതി, റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചാര്‍കോള്‍ തുടങ്ങിയ വസ്തുക്കള്‍ ഗാര്‍ഹിക മാലിന്യത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ മാറ്റത്തിന് വഴിയൊരുക്കിയ ഗോബര്‍ദന്‍ യോജനയുടെ വിജയത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഗോബര്‍ദന്‍ യോജനയ്ക്ക് കീഴില്‍ ഗ്രാമങ്ങളില്‍ നൂറുകണക്കിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവിടെ മൃഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യം ബയോഗ്യാസാക്കി മാറ്റുകയാണെന്നും അറിയിച്ചു. രാജ്യവ്യാപകമായി നൂറുകണക്കിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന്, നിരവധി പുതിയ സി.ബി.ജി പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്, ഈ മുന്‍കൈ കൂടുതല്‍ വിപുലീകരിക്കുന്നതിനായി പുതിയ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
സമ്പദ്വ്യവസ്ഥയിലും നഗരവല്‍ക്കരണത്തിലും അതിവേഗം വരുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം ഭാവിയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തെയും മാലിന്യ ഉല്‍പ്പാദനത്തെയും പ്രതിരോധിക്കുന്നതിന് കാര്യക്ഷമമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെച്ചപ്പെടുത്തണമെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണത്തിന് മാലിന്യങ്ങള്‍ ഒട്ടുംപുറത്തുവിടാത്തതോ, അല്ലെങ്കില്‍ പരിമിതമായവ പുറത്തുവിടുകയോ ചെയ്യുന്നതിന് അനുയോജ്യമായ രൂപകല്‍പ്പനയും പുനചംക്രമണം ചെയ്ത സാമഗ്രികളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍മ്മാണത്തില്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജലം ദുരുപയോഗം ചെയ്യാതിരിക്കാനും ഉപയോഗിക്കുന്നതിന് മുമ്പ് മലിനജലം ശുദ്ധീകരിക്കാന്‍ ശ്രമിക്കണമെന്നതിനും ശ്രീ മോദി ഊന്നല്‍ നല്‍കി. നമാമി ഗംഗാ ദൗത്യം നദീ ശുചീകരണത്തിന്റെ മാതൃകയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഗംഗാ നദി ഇന്ന് ഗണ്യമായ അളവില്‍ മാലിന്യവിമുക്തമാണെന്നും പറഞ്ഞു. അമൃത് ദൗത്യം അമൃത് സരോവര്‍ മുന്‍കൈകള്‍ കാര്യമായ മാറ്റം കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയ അദ്ദേഹം ജലസംരക്ഷണം, സംസ്‌കരണം, നദി ശുചീകരണം എന്നിവയ്ക്കായി പുതിയ സാങ്കേതികവിദ്യകളില്‍ തുടര്‍ച്ചയായ നിക്ഷേപത്തിന്റെ പ്രാധാന്യത്തിനും അടിവരയിട്ടു. ശുചിത്വവും വിനോദസഞ്ചാരവും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, വൃത്തിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും സന്ദര്‍ശകരുടെ അനുഭവം മികച്ചതാക്കുമെന്നും ചൂണ്ടിക്കാട്ടി. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിശ്വാസ കേന്ദ്രങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
''സ്വച്ഛ് ഭാരതിന്റെ ഈ പത്ത് വര്‍ഷത്തില്‍ നാം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചു, എന്നാല്‍ നമ്മുടെ ദൗത്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഓരോ പൗരനും ശുചിത്വം തങ്ങളുടെ കടമയായും ഉത്തരവാദിത്തമായും സ്വീകരിക്കുമ്പോഴാണ് യഥാര്‍ത്ഥ മാറ്റം സംഭവിക്കുന്നത്'' കഴിഞ്ഞ ദശകത്തില്‍ കൈവരിച്ച പുരോഗതിയെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, സ്വച്ഛ് ഭാരത് ദൗത്യത്തോടുള്ള ഗവണ്‍മെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ച പ്രധാനമന്ത്രി മോദി വൃത്തിയുള്ള ഇന്ത്യ കൈവരിക്കാന്‍ ഓരോ പൗരന്റെയും തുടര്‍ച്ചയായ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ശുചിത്വ ദൗത്യം ഒരു ദിവസത്തെ ക്രിയാവിധിയല്ലെന്നും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതാണെന്നും അത് തലമുറകളിലേക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ''ശുചിത്വം ഓരോ പൗരന്റെയും സഹജാവബോധമായിരിക്കണം, അത് എല്ലാ ദിവസവും ചെയ്യണം'', പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശുദ്ധമാകുന്നതുവരെ ഇത് അവസാനിപ്പിക്കരുതെന്ന് അടുത്ത തലമുറയിലെ കുട്ടികളേയും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
 

ജില്ല, ബ്ലോക്ക്, ഗ്രാമം, പ്രാദേശിക തലങ്ങളില്‍ ശുചീകരണ മുന്‍കൈകള്‍ നടപ്പിലാക്കിക്കൊണ്ട് തങ്ങളുടെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാന ഗവണ്‍മെന്റുകളോടും ആഹ്വാനം ചെയ്തു. ഏറ്റവും വൃത്തിയുള്ള സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഓഫീസുകള്‍ക്കുമായി ജില്ലകളിലും ബ്ലോക്കുകളിലും മത്സരങ്ങള്‍ നടത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുനിസിപ്പാലിറ്റികള്‍ നന്നായി പരിപാലിക്കുന്ന പൊതു ശൗചാലയങ്ങളും ശുചിത്വ സംവിധാനങ്ങള്‍ പഴയ രീതിയിലേക്ക് മാറുന്നില്ലെന്നും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും അതിന്റെ പരിപാലനത്തിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലായാലും അയല്‍പക്കത്തായാലും ജോലിസ്ഥലത്തായാലും ശുചിത്വം പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ പ്രധാനമന്ത്രി എല്ലാ പൗരന്മാരെയും പ്രോത്സാഹിപ്പിച്ചു. ''നമ്മുടെ ആരാധനാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതുപോലെയുള്ള അതേ ഉപാസനാബോധം നമ്മുടെ ചുറ്റുപാടുകളിലെ ശുചിത്വത്തോടും വളര്‍ത്തിയെടുക്കണം'', വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ ശുചിത്വത്തിന്റെ പങ്ക് ഉയര്‍ത്തിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ പുത്തന്‍ ഊര്‍ജത്തോടും ഉത്സാഹത്തോടും കൂടി പിന്തുടര്‍ന്നുകൊണ്ട് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൗരന്മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹര്‍ ലാല്‍ ഖട്ടര്‍, കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആര്‍ പാട്ടീല്‍, കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി ശ്രീ തോഖന്‍ സാഹു, കേന്ദ്ര ജലശക്തി സഹമന്ത്രി ഡോ രാജ് ഭൂഷണ്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു.

പശ്ചാത്തലം

പരിപാടിയില്‍ ശുചിത്വവും വൃത്തിയുമായി ബന്ധപ്പെട്ട 9600 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും സമാരംഭം കുറിയ്ക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അമൃത്, അമൃത് 2.0 എന്നിവയ്ക്ക് കീഴിലുള്ള നഗരങ്ങളിലെ ജല, മലിനജല സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 6,800 കോടി രൂപയുടെ പദ്ധതികള്‍, മാലിന്യമുക്ത ഗംഗാ ദേശീയ ദൗത്യത്തിന് കീഴില്‍ ഗംഗാ നദീതട പ്രദേശങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മാലിന്യ സംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്ന 1550 കോടി രൂപയുടെ 10 പദ്ധതികള്‍ ,ഗോബര്‍ദ്ധന്‍ പദ്ധതിക്ക് കീഴില്‍ 1332 കോടി രൂപയുടെ 15 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഇന്ത്യയുടെ ശുചിത്വ നേട്ടങ്ങളും അടുത്തിടെ സമാപിച്ച സ്വച്ഛത ഹി സേവ സംഘടിതപ്രര്‍ത്തനത്തിലെ പ്രവര്‍ത്തനങ്ങളും സ്വച്ഛ് ഭാരത് ദിവസ് പരിപാടി ഉയര്‍ത്തിക്കാട്ടി . ഈ ദേശീയ ഉദ്യമത്തിന്റെ അടുത്ത ഘട്ടത്തിന്റെ കളമൊരുക്കവും പരിപാടിയില്‍ നടന്നു. സമ്പൂര്‍ണ ശുചിത്വത്തിന്റെ ചൈതന്യം ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാ സംഘങ്ങള്‍ , യുവജന സംഘടനകള്‍, സമുദായിക നേതാക്കള്‍ എന്നിവരുടെ രാജ്യവ്യാപക പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

സ്വച്ഛതാ ഹി സേവ 2024-ന്റെ പ്രമേയമായ 'സ്വഭാവ് സ്വച്ഛത സംസ്‌കാര്‍ സ്വച്ഛത, എന്നിവ ശുചിത്വം, പൊതുജനാരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്കുള്ള പ്രതിബദ്ധതയില്‍ രാജ്യത്തെ വീണ്ടും ഒന്നിപ്പിച്ചു. സ്വച്ഛത ഹി സേവ 2024-ന് കീഴില്‍, 17 കോടിയിലധികം ജനങ്ങളുടെ പൊതു പങ്കാളിത്തത്തോടെ 19.70 ലക്ഷത്തിലധികം പരിപാടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏകദേശം 6.5 ലക്ഷം ശുചിത്വ ലക്ഷ്യ യൂണിറ്റുകളുടെ പരിവര്‍ത്തനവും കൈവരിച്ചു . 30 ലക്ഷത്തിലധികം ശുചീകരണ തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്യുന്ന ഏകദേശം 1 ലക്ഷത്തോളം സഫായി മിത്ര സുരക്ഷാ ശിബിരങ്ങളും (പരിശോധന ക്യാമ്പുകള്‍) സംഘടിപ്പിച്ചു . കൂടാതെ, ഏക് പേട് മാ കെ നാം സംഘടിതപ്രവര്‍ത്തനത്തിന് കീഴില്‍ 45 ലക്ഷം വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi