റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്നതിനായുള്ള ‘ഭാരത് പർവി’നു തുടക്കം കുറിച്ചു
“പരാക്രം ദിനത്തിൽ, നേതാജിയുടെ ആദർശങ്ങൾ നിറവേറ്റുന്നതിനും അദ്ദേഹത്തിന്റെ സ്വപ്നത്തിലുള്ള ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു”
“രാജ്യത്തിന്റെ കഴിവുറ്റ അമൃതതലമുറയ്ക്കു നേതാജി സുഭാഷ് ഉദാത്തമാതൃകയാണ്”
“നേതാജിയുടെ ജീവിതം കഠിനാധ്വാനത്തിന്റെ മാത്രമല്ല, ധീരതയുടെയും പരകോടിയാണ്”
“ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ അവകാശവാദം നേതാജി ലോകത്തിനു മുന്നിൽ കരുത്തോടെ ഉയർത്തിക്കാട്ടി”
“യുവാക്കളെ അടിമത്തമനോഭാവത്തിൽനിന്നു മോചിപ്പിക്കാൻ നേതാജി പ്രവർത്തിച്ചു”
“ഇന്ന്, ഇന്ത്യയിലെ യുവാക്കൾ അവരുടെ സംസ്കാരത്തിലും മൂല്യങ്ങളിലും ഭാരതീയതയിലും അഭിമാനംകൊള്ളുന്ന രീതി അഭൂതപൂർവമാണ്”
“സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തിന്മകളിൽനിന്നു രാജ്യത്തിന്റെ രാഷ്ട്രീയത്തെ മോചിപ്പിക്കാൻ നമ്മുടെ യുവാക്കൾക്കും സ്ത്രീശക്തിക്കും മാത്രമേ കഴിയൂ”
“ഇന്ത്യയെ സാമ്പത്തികമായി അഭിവൃദ്ധിയുള്ളതും സാംസ്കാരികമായി കരുത്തുറ്റതും തന്ത്രപരമായി കഴിവുറ്റതുമാക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം”
“അമൃതകാലത്തിന്റെ ഓരോ നിമിഷവും നാം ദേശീയ താൽപ്പര്യത്തിനായി ഉപയോഗിക്കണം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ചെങ്കോട്ടയിൽ പരാക്രം ദിനാഘോഷങ്ങളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവി’ന് അദ്ദേഹം തുടക്കംകുറിച്ചു. നേതാജിയെക്കുറിച്ചുള്ള ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, ശിൽപ്പങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നാഷണൽ ആർക്കൈവ്സിന്റെ സംവേദനാത്മക പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്ഷൻ മാപ്പിങ്ങുമായി സമന്വയിപ്പിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച നാടകത്തിനും സാക്ഷിയായി. ജീവിച്ചിരിക്കുന്ന ഏക ഐഎൻഎ അംഗമായ മുതിർന്ന ലഫ്റ്റനന്റ് ആർ മാധവനെയും അദ്ദേഹം ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പരാക്രം ദിനം ആഘോഷിക്കുന്നു.

 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ ആഘോഷിക്കുന്ന പരാക്രം ദിനത്തിൽ സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഒരുകാലത്ത് ആസാദ് ഹിന്ദ് ഫൗജിന്റെ ധീരതയ്ക്കും ശൗര്യത്തിനും സാക്ഷിയായിരുന്ന ചെങ്കോട്ട വീണ്ടും പുതിയ ഊർജത്താൽ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആസാദി കാ അമൃത് കാലി’ന്റെ പ്രാരംഭ കാലഘട്ടത്തെ ദൃഢനിശ്ചയത്തിലൂടെയുള്ള നേട്ടത്തിന്റെ ആഘോഷമായി പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയിൽ സാംസ്കാരിക ബോധം ഉണരുന്നതിനു ലോകം മുഴുവൻ സാക്ഷ്യം വഹിച്ച ഇന്നലത്തെ സംഭവത്തെ അനുസ്മരിച്ച്, ഈ നിമിഷത്തെ അഭൂതപൂർവമെന്നു വിശേഷിപ്പിച്ചു. “പ്രാണപ്രതിഷ്ഠയുടെ ഊർജവും വിശ്വാസവും മനുഷ്യരാശിക്കാകെയും ലോകത്തിനും അനുഭവപ്പെട്ടു”- നേതാജി സുഭാഷിന്റെ ജന്മദിനാഘോഷങ്ങൾ നടക്കവേ പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിനം പ്രഖ്യാപിച്ചതുമുതൽ, ജനുവരി 23ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 30നു മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനംവരെ വിപുലമാക്കുമെന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഇപ്പോൾ ജനുവരി 22ലെ ശുഭകരമായ ആഘോഷങ്ങളും ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിന്റെ ഭാഗമായി മാറിയെന്നും പറഞ്ഞു. “ജനുവരിയിലെ അവസാന ദിനങ്ങൾ ഇന്ത്യയുടെ വിശ്വാസത്തിനും സാംസ്കാരിക ബോധത്തിനും ജനാധിപത്യത്തിനും ദേശസ്നേഹത്തിനും പ്രചോദനമാണ്” - പ്രധാനമന്ത്രി പറഞ്ഞു.

പരിപാടിയുടെ സംഘാടനത്തിൽ പങ്കാളികളായ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദേശീയ ബാലപുരസ്കാരത്തിന് അർഹരായ യുവാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. “ഇന്ത്യയിലെ യുവതലമുറയെ കാണുമ്പോഴെല്ലാം, വികസിതഭാരതം എന്ന സ്വപ്നത്തിലുള്ള എന്റെ ആത്മവിശ്വാസം കൂടുതൽ ദൃഢമാകുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ഈ ‘അമൃത’തലമുറയ്ക്ക് ഉദാത്തമാതൃകയാണ്” -  പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ആരംഭിച്ച ‘ഭാരത് പർവി’നെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അടുത്ത 9 ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും പ്രദർശനങ്ങളെക്കുറിച്ചും അറിയിച്ചു. “നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആദർശങ്ങളുടെ പ്രതിഫലനമാണ് ‘ഭാരത് പർവ്’. ‘പ്രാദേശികമായതിനുള്ള ആഹ്വാനം’ സ്വീകരിക്കുക, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, വൈവിധ്യങ്ങളെ ബഹുമാനിക്കുക, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിനു പുതിയ മാനം നൽകുക എന്നിവയുടെ ‘പർവ്’ ആണിത്.” – അദ്ദേഹം പറഞ്ഞു.

 

ഐഎൻഎയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് അതേ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയതിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. “നേതാജിയുടെ ജീവിതം കഠിനാധ്വാനത്തിന്റെയും ധീരതയുടെയും പരകോടിയായിരുന്നു” – ശ്രീ മോദി പറഞ്ഞു. നേതാജിയുടെ ത്യാഗത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹം ബ്രിട്ടീഷുകാരെ എതിർക്കുക മാത്രമല്ല, ഇന്ത്യൻ നാഗരികതയെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിച്ചവർക്ക് ഉചിതമായ മറുപടി നൽകുകയും ചെയ്തെന്നു ചൂണ്ടിക്കാട്ടി. “ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ പ്രതിച്ഛായ നേതാജി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചു” -ശ്രീ മോദി പറഞ്ഞു.

അടിമത്ത മനോഭാവത്തിനെതിരായ നേതാജിയുടെ പോരാട്ടത്തെ പരാമർശിച്ച്, ഇന്നത്തെ ഇന്ത്യയുടെ യുവതലമുറയിൽ നിറഞ്ഞുനിൽക്കുന്ന നവബോധത്തിലും അഭിമാനത്തിലും നേതാജി അഭിമാനിക്കുമായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പുതിയ അവബോധം വികസിതഭാരതം സൃഷ്ടിക്കുന്നതിനുള്ള ഊർജമായി മാറി. ഇന്നത്തെ യുവാക്കൾ ‘പഞ്ച് പ്രാൺ’ സ്വീകരിക്കുകയും അടിമത്ത മനോഭാവത്തിൽനിന്നു പുറത്തുകടക്കുകയും ചെയ്യുന്നു - അദ്ദേഹം പറഞ്ഞു. “നേതാജിയുടെ ജീവിതവും അദ്ദേഹത്തിന്റെ സംഭാവനകളും ഇന്ത്യയിലെ യുവജനങ്ങൾക്കു പ്രചോദനമാണ്” - ഈ പ്രചോദനം എപ്പോഴും മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വിശ്വാസത്തിൽ, കഴിഞ്ഞ 10 വർഷത്തെ ഗവൺമെന്റിന്റെ പ്രയത്നങ്ങളെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, കർത്തവ്യപഥത്തിൽ നേതാജിയുടെ പ്രതിമ സ്ഥാപിച്ച് അർഹമായ ആദരം നൽകുന്നതും പരാമർശിച്ചു. ഇത് ഓരോ പൗരനെയും തന്റെ  കടമകളോടുള്ള അർപ്പണബോധത്തെക്കുറിച്ച് ഓർമിപ്പിക്കുന്നു. ആസാദ് ഹിന്ദ് ഫൗജ് ആദ്യമായി ത്രിവർണപതാക ഉയർത്തിയ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പുനർനാമകരണം, നേതാജിക്കു സമർപ്പിച്ച സ്മാരകത്തിന്റെ വികസനം, ചെങ്കോട്ടയിൽ നേതാജിക്കും ആസാദ് ഹിന്ദ് ഫൗജിനും വേണ്ടിയുള്ള പ്രത്യേക മ്യൂസിയം, നേതാജിയുടെ പേരിൽ ആദ്യമായുള്ള ദേശീയ ദുരന്ത നിവാരണ പുരസ്കാര പ്രഖ്യാപനം എന്നിവയും അദ്ദേഹം പരാമർശിച്ചു. “സ്വതന്ത്ര ഇന്ത്യയിലെ മറ്റേതൊരു ഗവൺമെന്റിനെക്കാളും ഇന്നത്തെ ഗവണ്മെന്റ് ആസാദ് ഹിന്ദ് ഫൗജിനായി കൂടുതൽ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്, ഇത് ഞങ്ങൾക്കുള്ള അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു” -  ശ്രീ മോദി കൂട്ടിച്ചേർത്തു.

 

ഇന്ത്യയുടെ വെല്ലുവിളികളെക്കുറിച്ച് നേതാജിയ്ക്കുള്ള ആഴമേറിയ ധാരണയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറയില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രീയ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള തന്റെ വിശ്വാസം ആവര്‍ത്തിച്ചു. സ്വാതന്ത്ര്യാനന്തരം നേതാജിയുടെ പ്രത്യയശാസ്ത്രത്തിന് നേരെയുണ്ടായ ആക്രമണം ദു:ഖകരമെന്ന് പറഞ്ഞ പ്രധാനമന്ത്രി,   ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് കടന്നുകയറി, ഇന്ത്യയുടെ വികസനം മന്ദഗതിയിലാക്കിയ, സ്വജനപക്ഷപാതത്തിന്റെയും പ്രീണനത്തിന്റെയും തിന്മകളെക്കുറിച്ചും പരാമര്‍ശിച്ചു. സാമ്പത്തിക, വികസന നയങ്ങളില്‍ വിരലിലെണ്ണാവുന്ന കുടുംബങ്ങളുടെ സ്വാധീനശക്തി ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരുടെ ഉന്നമനത്തിനായുള്ള അവസരങ്ങളും അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയും അത് രാജ്യത്തെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് പറയുകയും ചെയ്തു.  അക്കാലത്തെ സ്ത്രീകളും യുവാക്കളും നേരിട്ട ബുദ്ധിമുട്ടുകള്‍ അദ്ദേഹം അനുസ്മരിക്കുകയും 2014ല്‍ നിലവിലെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടപ്പാക്കിയ 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന ആശയം ഊന്നിപ്പറയുകയും ചെയ്തു. പാവപ്പെട്ട കുടുംബങ്ങളിലെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും ഇന്ന് ലഭ്യമാകുന്ന അസംഖ്യം അവസരങ്ങളെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് , 'കഴിഞ്ഞ 10 വര്‍ഷത്തെ ഫലങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയും'  എന്ന് ശ്രീ മോദി പറഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നാരീ ശക്തി വന്ദന്‍ അധീനിയം പാസാക്കിയതിനെ കുറിച്ച് പരാമര്‍ശിക്കവേ, തങ്ങളുടെ ചെറിയ ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്ന ഗവണ്‍മെന്റിനെക്കുറിച്ച് ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ധീരത പ്രകടിപ്പിക്കാനും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ പുനര്‍നിര്‍മ്മിക്കാനുമുള്ള അവസരമാണ് അമൃത് കാല്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. "വികസിത ഭാരതത്തിന്റെ രാഷ്ട്രീയം മാറ്റുന്നതില്‍ യുവശക്തിക്കും നാരീ ശക്തിക്കും വലിയ പങ്കു വഹിക്കാനാകും. നിങ്ങളുടെ ശക്തിക്ക് രാജ്യത്തിന്റെ രാഷ്ട്രീയത്തെ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തിന്മകളില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയും," പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിലെ തിന്മകള്‍ അവസാനിപ്പിക്കാന്‍ ധൈര്യം കാണിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാം കാജില്‍ നിന്ന് രാഷ്ട്ര കാജിലേക്ക് സ്വയം സമര്‍പ്പിക്കാനുള്ള സമയമാണിതെന്ന പ്രാണ്‍ പ്രതിഷ്ഠയിലെ തന്റെ ഉദ്ബോധനം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ നിന്നുള്ള ആഗോള പ്രതീക്ഷകള്‍ക്ക് അടിവരയിട്ടു. "2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം. ഇന്ത്യയെ സാമ്പത്തികമായി അഭിവൃദ്ധിയുള്ളതും സാംസ്‌കാരികമായി ശക്തവും നയതന്ത്രപരമായി ശേഷിയുള്ളതുമാക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇതിനായി, വരുന്ന 5 വര്‍ഷത്തിനുള്ളില്‍ നാം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറേണ്ടത് പ്രധാനമാണ്. ഈ ലക്ഷ്യം വിദൂരമല്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, രാജ്യത്തിന്റെ മുഴുവന്‍ പരിശ്രമവും പ്രോത്സാഹനവും കാരണം ഏകദേശം 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. കൈവരിക്കാന്‍ സാധിക്കുമെന്ന് നേരത്തേ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ലക്ഷ്യങ്ങളാണ് ഇന്ത്യ ഇന്ന് കൈവരിക്കുന്നത്'', പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യന്‍ പ്രതിരോധത്തിന്റെ സ്വാശ്രയത്വത്തിനായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. "ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരായിരുന്ന ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതിക്കാരുടെ ശ്രേണിയിലേക്കെത്തുകയാണ്," നൂറുകണക്കിന് വെടിക്കോപ്പുകളും ഉപകരണങ്ങളും നിരോധിക്കുന്നതിനെക്കുറിച്ചും ഊര്‍ജസ്വലമായ ആഭ്യന്തര പ്രതിരോധ വ്യവസായം സൃഷ്ടിക്കുന്നതിനെക്കുറിച്ചും പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഇന്ത്യ ഒരു 'വിശ്വ മിത്ര' (ലോകത്തിന്റെ സുഹൃത്ത്) എന്ന നിലയില്‍ ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന തിരക്കിലാണെന്നും ലോകത്തിന്റെ വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ രാജ്യം മുന്നോട്ട് പോകുന്നുണ്ടെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ഒരു വശത്ത് യുദ്ധത്തില്‍ നിന്ന് ലോകത്തെ സമാധാനത്തിലേക്കുള്ള പാതയിലേക്ക് നയിക്കാന്‍ ശ്രമിക്കുമ്പോഴും, രാജ്യം ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സജ്ജമാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു.

ഇന്ത്യയ്ക്കും രാജ്യത്തെ ജനങ്ങള്‍ക്കും അടുത്ത 25 വര്‍ഷത്തെ പ്രാധാന്യം എടുത്തു പറഞ്ഞ  പ്രധാനമന്ത്രി, അമൃത് കാലിന്റെ ഓരോ നിമിഷവും ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി സമര്‍പ്പിക്കണമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഊന്നിപ്പറഞ്ഞു. ''നമ്മള്‍ കഠിനാധ്വാനം ചെയ്യണം, ധീരരായിരിക്കണം. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഇത് നിര്‍ണായകമാണ്. പരാക്രം ദിവസ് എല്ലാ വര്‍ഷവും ഈ പ്രമേയം നമ്മെ ഓര്‍മ്മിപ്പിക്കും'', പ്രധാനമന്ത്രി പറഞ്ഞു.

 

കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി, കേന്ദ്ര സാംസ്‌കാരിക സഹമന്ത്രിമാരായ ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍, ശ്രീമതി മീനാക്ഷി ലേഖി, കേന്ദ്ര പ്രതിരോധ-ടൂറിസം സഹമന്ത്രിമാരായ ഷിര്‍ അജയ് ഭട്ട്, നേതാജി സുഭാഷ് ചന്ദ്രബോസ് ഐഎന്‍എ ട്രസ്റ്റ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ (റിട്ട) ആര്‍ എസ് ചിക്കര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം 2021 മുതല്‍ പരാക്രം ദിവസായി ആഘോഷിക്കുന്നു. ഈ വര്‍ഷം ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടി ചരിത്രപരവും സാസ്‌കാരികവുമായ ആവിഷ്‌ക്കാരങ്ങള്‍ ഇഴചേരുന്ന ബഹുമുഖ ആഘോഷമായിരിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും പ്രവര്‍ത്തന പാരമ്പര്യം അനാവൃതമാക്കുന്ന പരിപാടിയില്‍  നേതാജിയുടെയും ആസാദ് ഹിന്ദ് ഫൗജിന്റെയും ശ്രദ്ധേയമായ യാത്രയെ വിവരിക്കുന്ന അപൂര്‍വ ഫോട്ടോഗ്രാഫുകളും രേഖകളും പ്രദര്‍ശിപ്പിക്കുന്ന ആര്‍ക്കൈവ് എക്സിബിഷനും അരങ്ങേറും. ആഘോഷങ്ങള്‍ 2024 ജനുവരി 31 വരെ നീണ്ടു നില്‍ക്കും. 

പരിപാടിയില്‍ ജനുവരി 23 മുതല്‍ 31 വരെ നടക്കുന്ന ഭാരത് പര്‍വിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ചെങ്കോട്ടയ്ക്ക് മുന്നിലുള്ള രാം ലീല മൈതാനത്തും മാധവ് ദാസ് പാര്‍ക്കിലുമായി നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന റിപ്പബ്ലിക് ദിന ടാബ്ലോ, സാസ്‌ക്കാരിക പ്രദര്‍ശനങ്ങള്‍, 26 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രവര്‍ത്തന അനാവരണം, വോക്കല്‍ ഫോര്‍ ലോക്കല്‍, പൗര കേന്ദ്രീകൃത സംരംഭങ്ങള്‍, വൈവിധ്യമാര്‍ന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ വിവരണങ്ങള്‍ തുടങ്ങിയവ അനാവൃതമാകും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi