“ഇന്ന് ഇന്ത്യ വലിയ കുതിച്ചുചാട്ടത്തിനു തയ്യാറാണെന്നു ലോകം കരുതുന്നുവെങ്കിൽ, അതിനുപിന്നിൽ 10
വർഷത്തെ കരുത്തുറ്റ അടിത്തറയുണ്ട്”
“ഇന്ന് 21-ാം നൂറ്റാണ്ടിൽ ചെറിയ കാര്യങ്ങൾ ചിന്തിക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നു. ഇന്നു നാം ചെയ്യുന്നത് ഏറ്റവും മികച്ച, വലിയ കാര്യങ്ങളാണ്
“ഗവണ്മെന്റിലും വ്യവസ്ഥിതിയിലുമുള്ള വിശ്വാസം ഇന്ത്യയിൽ വർധിക്കുകയാണ്”
“ഗവണ്മെന്റ് ഓഫീസുകൾ ഇപ്പോൾ ഒരു പ്രശ്നമല്ല; മറിച്ച്, നാട്ടുകാരുടെ മിത്രങ്ങളായി മാറുകയാണ്”
“നമ്മുടെ ഗവണ്മെന്റ് ഗ്രാമങ്ങളെ മനസിൽക്കണ്ട് അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിച്ചു”
“അഴിമതി തടയുന്നതിലൂടെ, വികസനത്തിന്റെ നേട്ടങ്ങൾ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങൾക്കും തുല്യമായി വിതരണം ചെയ്യുന്നുവെന്നു ഞങ്ങൾ ഉറപ്പാക്കി
“ക്ഷാമത്തിന്റെ രാഷ്ട്രീയത്തിലല്ല; പൂർണതയുടെ ഭരണത്തിലാണു ഞങ്ങൾ വിശ്വസിക്കുന്നത്”
“രാഷ്ട്രം ആദ്യം എന്ന തത്വം പരമപ്രധാനമായി നിലനിർത്തിയാണു നമ്മുടെ ഗവണ്മെന്റ് മുന്നോട്ടു പോകുന്നത്”
“21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വരുംദശകങ്ങൾക്കായി ഇന്നു തന്നെ നാം സജ്ജമാക്കണം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ ന്യൂസ് 9 ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ‘ഇന്ത്യ: വലിയ കുതിച്ചുചാട്ടത്തിനു സജ്ജം’ എന്നതാണ് ഉച്ചകോടിയുടെ ച‌ിന്താവിഷയം.
ടിവി 9ന്റെ റിപ്പോർട്ടിങ് സംഘം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ബഹുഭാഷാ വാർത്താവേദികൾ ടിവി 9നെ ഇന്ത്യയുടെ ഊർജസ്വലമായ ജനാധിപത്യത്തിന്റെ പ്രതിനിധിയാക്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
 

ഉച്ചകോടിയുടെ ച‌ിന്താവിഷയമായ ‘ഇന്ത്യ: വലിയ കുതിച്ചുചാട്ടത്തിനു സജ്ജം’ എന്നതിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, അഭിനിവേശവും ഉത്സാഹവും നിറയുമ്പോൾ മാത്രമേ വലിയ കുതിച്ചുചാട്ടം നടത്താനാകൂ എന്നു ചൂണ്ടിക്കാട്ടി. പത്തുവർഷത്തെ അടിത്തറ സൃഷ്ടിച്ചതുവഴി ഇന്ത്യയുടെ ആത്മവിശ്വാസവും വികസനമോഹങ്ങളും ഈ വിഷയം ഉയർത്തിക്കാട്ടുന്നതായി അദ്ദേഹം പറഞ്ഞു. ഈ പത്തുവർഷത്തിനുള്ളിൽ, ചിന്താഗതിയും ആത്മവിശ്വാസവും മികച്ച ഭരണവും പരിവർത്തനത്തിന്റെ പ്രധാന ഘടകങ്ങളായെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ഭാഗധേയത്തിൽ കർത്തവ്യബോധമുള്ള പൗരന്റെ അനിവാര്യതയ്ക്കു പ്രധാനമന്ത്രി ഊന്നൽനൽകി. പരാജയത്തിന്റെ മനോഭാവം വിജയത്തിലേക്കു നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിന്തയിൽ, ഇന്ത്യ സ്വീകരിച്ച മനോഭാവത്തിലും കുതിപ്പിലും വന്ന മാറ്റം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാല നേതൃത്വത്തിന്റെ നിഷേധാത്മക കാഴ്ചപ്പാടും അഴിമതിയും കുംഭകോണങ്ങളും നയവൈകല്യവും കുടുംബാധിപത്യ രാഷ്ട്രീയവും രാജ്യത്തിന്റെ അടിത്തറയെ പിടിച്ചുകുലുക്കിയതായും ശ്രീ മോദി അനുസ്മരിച്ചു. ലോകത്തെ ഏറ്റവും മികച്ച അഞ്ചു സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. “21-ാം നൂറ്റാണ്ടിൽ ചെറിയ കാര്യങ്ങൾ ചിന്തിക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നു. ഇന്നു നാം ചെയ്യുന്നത് ഏറ്റവും മികച്ച, വലിയ കാര്യങ്ങളാണ്. ലോകം അതിൽ ആശ്ചര്യപ്പെടുകയും ഇന്ത്യക്കൊപ്പം നീങ്ങിയാലുണ്ടാകുന്ന ഗുണം മനസിലാക്കുകയും ചെയ്യുന്നു” - അദ്ദേഹം പറഞ്ഞു.
2014നു മുമ്പുള്ള പത്തുവർഷത്തെ അപേക്ഷിച്ചു കഴിഞ്ഞ പത്തുവർഷത്തിലുണ്ടായ നേട്ടങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. നേരിട്ടുള്ള വിദേശനിക്ഷേപം 300 ബില്യൺ യുഎസ് ഡോളറിൽനിന്ന് 640 ബില്യൺ യുഎസ് ഡോളറായി റെക്കോർഡു നിരക്കിൽ വർധിച്ചത്, ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം, ഇന്ത്യയുടെ കോവിഡ് പ്രതിരോധമരുന്നിലുള്ള വിശ്വാസം, ജനങ്ങൾക്കു ഗവണ്മെന്റിലുള്ള വിശ്വാസത്തെ പ്രതീകപ്പെടുത്തുംവിധത്തിൽ രാജ്യത്തു വർധിക്കുന്ന നികുതിദായകരുടെ എണ്ണം എന്നിവ അദ്ദേഹം പരാമർശിച്ചു. രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചു സംസാരിക്കവെ, 2014ൽ ജനങ്ങൾ 9 ലക്ഷം കോടി രൂപ നിക്ഷേപിച്ചിരുന്ന സ്ഥാനത്ത് 2024ൽ അത് 52 ലക്ഷം കോടി രൂപയായി ഉയർന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. “രാഷ്ട്രം കരുത്തോടെ മുന്നേറുകയാണെന്നു പൗരന്മാർക്കുമുന്നിൽ ഇതു തെളിയിക്കുകയാണ്. സ്വന്തമായുള്ള വിശ്വാസത്തിന്റെയും ഗവണ്മെന്റിനോടുള്ള വിശ്വാസത്തിന്റെയും തലം തുല്യമാണ്” – അദ്ദേഹം പറഞ്ഞു.
 

ഗവണ്മെന്റിന്റെ തൊഴിൽ സംസ്കാരവും ഭരണവുമാണ് ഈ വഴിത്തിരിവിനു കാരണമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഗവണ്മെന്റ് ഓഫീസുകൾ ഇപ്പോൾ ഒരു പ്രശ്നമല്ല; മറിച്ച്, നാട്ടുകാരുടെ മിത്രങ്ങളായി മാറുകയാണ്” - അദ്ദേഹം പറഞ്ഞു.
ഈ കുതിപ്പിനു ആക്കംകൂട്ടേണ്ടത് ആവശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ സരയു നീർച്ചാൽ പദ്ധതി, സർദാർ സരോവർ പദ്ധതി, മഹാരാഷ്ട്രയിലെ കൃഷ്ണ കോയ്ന പദ്ധതി തുടങ്ങി ദീർഘകാലമായി മുടങ്ങിക്കിടന്നതും ഗവണ്മെന്റ് പൂർത്തിയാക്കിയതുമായ പദ്ധതികളുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. 2002ൽ തറക്കല്ലിട്ട അടൽ തുരങ്കം 2014 വരെ പൂർത്തിയാകാതെ കിടന്നിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 2020ൽ അതിന്റെ ഉദ്ഘാടനത്തോടെ പണി പൂർത്തിയാക്കിയത് ഇപ്പോഴത്തെ ഗവണ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു. 1998ൽ കമ്മീഷൻ ചെയ്തെങ്കിലും 20 വർഷത്തിനുശേഷം 2018ൽ പൂർത്തിയാക്കിയ അസമിലെ ബോഗീബീൽ പാലം, 2008ൽ കമ്മീഷൻ ചെയ്ത് 15 വർഷത്തിനുശേഷം 2023ൽ പൂർത്തിയാക്കിയ കിഴക്കൻ സമർപ്പിത ചരക്ക് ഇടനാഴി എന്നിവയും അദ്ദേഹം ഉദാഹരണമാക്കി. “നിലവിലെ ഗവണ്മെന്റ് 2014ൽ അധികാരത്തിൽ വന്നശേഷം ഇത്തരത്തിൽ നൂറുകണക്കിനു പദ്ധതികൾ പൂർത്തിയാക്കി” - അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഗതിക്കു കീഴിലുള്ള വൻകിട പദ്ധതികളുടെ പതിവു നിരീക്ഷണത്തിന്റെ സ്വാധീനം വിശദീകരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ പത്തുവർഷത്തിനിടെ 17 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഈ സംവിധാനത്തിനു കീഴിൽ അവലോകനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. അടൽ പാലം, പാർലമെന്റ് മന്ദിരം, ജമ്മു എയിംസ്, രാജ്‌കോട്ട് എയിംസ്, ഐഐഎം സംബൽപുർ, തിരുച്ചിറാപ്പള്ളി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ, ഐഐടി ഭിലായ്, ഗോവ വിമാനത്താവളം, ലക്ഷദ്വീപിലേക്കു കടലിനടിയിലൂടെയുള്ള കേബിൾ, വാരാണസിയിലെ ബനാസ് ഡയറി, ദ്വാരക സുദർശൻ പാലം തുടങ്ങി വളരെ വേഗത്തിൽ പൂർത്തിയാക്കിയ ഏതാനും പദ്ധതികളുടെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾക്കെല്ലാം പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. “നികുതിദായകരുടെ പണത്തോട് ഇച്ഛാശക്തിയും ബഹുമാനവും ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രം മുന്നോട്ടുപോകുകയും വലിയ കുതിച്ചുചാട്ടത്തിനു തയ്യാറാകുകയും ചെയ്യൂ” - അദ്ദേഹം കൂട്ടിച്ചേർത്തു.
 

കേവലം ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ നിരത്തി പ്രധാനമന്ത്രി അതിന്റെ വ്യാപ്തി വിശദീകരിച്ചു. ഫെബ്രുവരി 20ന് ഐഐടി, ഐഐഎം, ഐഐഐടി തുടങ്ങിയ ഡസൻകണക്കിന് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ജമ്മുവിൽനിന്നുള്ള വൻതോതിലുള്ള വിദ്യാഭ്യാസ മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു, ഫെബ്രുവരി 24നു രാജ്‌കോട്ടിൽനിന്ന് 5 എഐഎമ്മുകൾ അദ്ദേഹം സമർപ്പിച്ചു. കൂടാതെ 500ലധികം അമൃത് സ്റ്റേഷനുകൾ നവീകരിക്കുന്നതുൾപ്പെടെ 2000ലധികം പദ്ധതികൾക്ക് ഇന്നു രാവിലെ തുടക്കമിട്ടു. അടുത്ത രണ്ടു ദിവസങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെ സന്ദർശനത്തിലും ഈ പരമ്പര തുടരുമെന്ന് അദ്ദേഹം അറിയിച്ചു. “ഒന്നും രണ്ടും മൂന്നും വിപ്ലവങ്ങളിൽ നാം പിന്നിലായിരുന്നു; എന്നാൽ, നാലാം വിപ്ലവത്തി‌ൽ നാം ലോകത്തെ നയിക്കണം,” - പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയുടെ വിശദാംശങ്ങൾ തുടർന്നും അദ്ദേഹം വിവരിച്ചു. ദിവസവും 2 പുതിയ കോളേജുകൾ, ആഴ്ചയിൽ ഒരു പുതിയ സർവകലാശാല, 55 പേറ്റന്റുകൾ, 600 വ്യാപാരമുദ്രകൾ, പ്രതിദിനം 1.5 ലക്ഷം മുദ്ര വായ്പകൾ, 37 സ്റ്റാർട്ടപ്പുകൾ, പ്രതിദിന യുപിഐ ഇടപാട് 16,000 കോടി രൂപ, പ്രതിദിനം 3 പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ, പ്രതിദിനം 14 കിലോമീറ്റർ റോഡ് നിർമാണം, പ്രതിദിനം 50,000 എൽപിജി കണക്ഷനുകൾ, ഓരോ സെക്കൻഡിലും ഒരു ടാപ്പ് കണക്ഷൻ, പ്രതിദിനം 75,000 പേർ ദാരിദ്ര്യത്തിൽനിന്നു കരകയറുന്നത് എന്നിങ്ങനെയുള്ള കണക്കുകളും അദ്ദേഹം നൽകി.

രാജ്യത്തിന്റെ ഉപഭോഗരീതിയെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ട് പരാമർശിക്കവേ, ഒറ്റ അക്കമെന്ന നിലയിൽ ദാരിദ്ര്യം ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുന്നു എന്ന വസ്തുത പ്രധാനമന്ത്രി എടുത്തുകാട്ടി. വിവിധ ചരക്കുകൾക്കും സേവനങ്ങൾക്കുമായി ചെലവഴിക്കാനുള്ള ജനങ്ങളുടെ ശേഷി വർധിച്ചതിനാൽ ഒരുദശാബ്ദം മുമ്പുള്ളതിനെ അപേക്ഷിച്ച് ഉപഭോഗം 2.5 മടങ്ങു വർധിച്ചതായി അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ പത്തുവർഷമായി ഗ്രാമങ്ങളിലെ ഉപഭോഗം നഗരങ്ങളിലേതിനേക്കാൾ വളരെ വേഗത്തിൽ വർധിച്ചു. ഇതിനർഥം ഗ്രാമത്തിലെ ജനങ്ങളുടെ സാമ്പത്തിക ശക്തി വർധിക്കുന്നുവെന്നും അവരുടെ കൈയിൽ കൂടുതൽ പണം ചെലവഴിക്കാനുണ്ടെന്നുമാണ്” - അദ്ദേഹം പറഞ്ഞു.

 

ഗ്രാമീണ ആവശ്യങ്ങൾ കണക്കിലെടുത്തു ഗവണ്മെന്റ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതിന്റെ ഫലമായി മെച്ചപ്പെട്ട സമ്പർക്കസൗകര്യം, പുതിയ തൊഴിലവസരങ്ങൾ, സ്ത്രീകൾക്കു വരുമാനം എന്നിവ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു ഗ്രാമീണ ഇന്ത്യക്കു കരുത്തേകി- അദ്ദേഹം പറഞ്ഞു. “ഇന്ത്യയിൽ ആദ്യമായി ഭക്ഷണച്ചെലവു മൊത്തം ചെലവിന്റെ 50 ശതമാനത്തിൽ താഴെയായി. അതായത്, നേരത്തെ ആഹാരം സംഭരിക്കുന്നതിനായി മുഴുവൻ ഊർജവും ചെലവഴിച്ചിരുന്ന കുടുംബം, ഇന്നു മറ്റു കാര്യങ്ങൾക്കായി പണം ചെലവഴിക്കാൻ പ്രാപ്തരാണ്” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മുൻ ഗവണ്മെന്റ് സ്വീകരിച്ച വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രവണത ചൂണ്ടിക്കാട്ടി, അഴിമതി അവസാനിപ്പിച്ചു വികസനത്തിന്റെ നേട്ടങ്ങൾ തുല്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കി, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ക്ഷാമമനോഭാവത്തിൽനിന്ന് ഇന്ത്യ കരകയറിയതായി പ്രധാനമന്ത്രി അടിവരയിട്ടു. “ക്ഷാമത്തിന്റെ രാഷ്ട്രീയത്തിലല്ല; പൂർണതയുടെ ഭരണത്തിലാണു ഞങ്ങൾ വിശ്വസിക്കുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങൾ ‘തുഷ്ടീകരണി’നുപകരം ജനങ്ങളുടെ ‘സന്തുഷ്ടി’യുടെ (സംതൃപ്തിയുടെ) പാതയാണു തിരഞ്ഞെടുത്തത്” -  കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഗവണ്മെന്റിന്റെ തത്വമാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇതാണ് ഏവർക്കുമൊപ്പം ഏവരുടെയും വികസനം” - വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രവർത്തനത്തിന്റെ രാഷ്ട്രീയമാക്കി മാറ്റിയെന്നു പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ ഉറപ്പിന്റെ വാഹനത്തെ ഉയർത്തിക്കാട്ടി, ഇന്നത്തെ ഗവണ്മെന്റ് വീടുവീടാന്തരം കയറിയിറങ്ങി ഗുണഭോക്താക്കൾക്കു സൗകര്യങ്ങൾ ഒരുക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “പൂർണത ദൗത്യമാകുമ്പോൾ, ഒരുതരത്തിലുള്ള വിവേചനത്തിനും സാധ്യതയില്ല” - പ്രധാനമന്ത്രി പറഞ്ഞു.

പഴയ വെല്ലുവിളികൾ പരിഹരിക്കാൻ ഗവണ്മെന്റ് സ്വീകരിച്ച നിർണായക തീരുമാനങ്ങളെക്കുറിച്ചു പരാമർശിക്കവേ, “രാഷ്ട്രം ആദ്യം എന്ന തത്വം പരമപ്രധാനമായി നിലനിർത്തിയാണു നമ്മുടെ ഗവണ്മെന്റ് മുന്നോട്ടു പോകുന്നത്” എന്നു പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം, മുത്തലാഖ് അവസാനിപ്പിക്കൽ, നാരീശക്തി വന്ദൻ അധിനിയം, ഒരു റാങ്ക് ഒരു പെൻഷൻ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. രാഷ്ട്രം ആദ്യം എന്ന ചിന്തയോടെയാണു അപൂർണമായ അത്തരം എല്ലാ ജോലികളും ഗവണ്മെന്റ് പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

 

21-ാം നൂറ്റാണ്ടിന്റെ ഇന്ത്യയെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, അതിവേഗം പുരോഗമിക്കുന്ന പദ്ധതികളിലേക്കു വെളിച്ചം വീശുകയും ചെയ്തു. “ബഹിരാകാശംമുതൽ സെമികണ്ടക്ടർ വരെയും, ഡിജിറ്റൽമുതൽ ഡ്രോൺവരെയും, നിർമിതബുദ്ധിമുതൽ സംശുദ്ധ ഊർജംവരെയും, 5ജി മുതൽ ഫിൻടെക്ക് വരെയും ഇന്ത്യ ഇന്നു ലോകത്തിന്റെ മുൻനിരയിലാണ്” - അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഡിജിറ്റൽ പണമിടപാടുകളിലെ ഏറ്റവും വലിയ ശക്തി, ഫിൻടെക് കൈക്കൊള്ളുന്ന നിരക്കിൽ അതിവേഗം വളരുന്ന രാജ്യം, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ഇറക്കിയ ആദ്യ രാജ്യം, സൗരോർജ സ്ഥാപിതശേഷിയിൽ ലോകത്തെ മുൻനിരരാജ്യം, 5ജി ശൃംഖലാവിപുലീകരണത്തിൽ യൂറോപ്പിനെ പിന്നിലാക്കിയ രാജ്യം, സെമികണ്ടക്ടർ മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതി, ഹരിത ഹൈഡ്രജൻ പോലുള്ള ഭാവി ഇന്ധനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം എന്നിങ്ങനെ ഇന്ത്യയുടെ വളർന്നുവരുന്ന കരുത്തുകൾ അദ്ദേഹം എടുത്തുകാട്ടി.

 “ശോഭനമായ ഭാവിക്കായി ഇന്ത്യയിന്നു കഠിനമായി പരിശ്രമിക്കുകയാണ്. ഇന്ത്യ അത്യന്താധുനികമാണ്. ഇന്ന് ഏവരും പറയുന്നത് ഇന്ത്യയാണു ഭാവി എന്നാണ്” - പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വരുന്ന അഞ്ചുവർഷത്തിന്റെ പ്രാധാന്യത്തിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. മൂന്നാം കാലയളവിൽ ഇന്ത്യയുടെ സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന വിശ്വാസം അദ്ദേഹം ആവർത്തിച്ചു. വരുന്ന അഞ്ചുവർഷം പുരോഗതിയുടെ വർഷങ്ങളായിരിക്കട്ടെ എന്നു പറഞ്ഞ അദ്ദേഹം വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ യാത്രയെ അഭിനന്ദിക്കുകയും ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."