ഭഗവാന്‍ ബിര്‍സ മുണ്ടയുടെ സ്മരണയ്ക്കായി സ്മാരക നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി
ബിഹാറില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
രാജകുമാരൻ രാമനെ ഭഗവാന്‍ രാമനാക്കിയത് ഗോത്രസമൂഹമാണ്; ഇന്ത്യയുടെ സംസ്‌കാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ നൂറ്റാണ്ടുകളായി പോരാടിയത് ഗോത്ര സമൂഹമാണ്: പ്രധാനമന്ത്രി
പിഎം ജന്‍മന്‍ യോജനയിലൂടെ രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗക്കാരുടെ വാസസ്ഥലങ്ങളുടെ വികസനം ഉറപ്പാക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയിലെ പുരാതന ചികിത്സാ സമ്പ്രദായത്തില്‍ ഗോത്ര സമൂഹം വലിയ സംഭാവന നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി
ഗോത്ര സമൂഹത്തിന്റെ വിദ്യാഭ്യാസം, വരുമാനം, ആരോഗ്യം എന്നിവയ്ക്ക് ഞങ്ങളുടെ ഗവണ്‍മെന്റ് വളരെയധികം ഊന്നല്‍ നല്‍കി: പ്രധാനമന്ത്രി
ഭഗവാൻ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ ഗോത്രവര്‍ഗ ആധിപത്യമുള്ള ജില്ലകളില്‍ ബിര്‍സ മുണ്ട ഗോത്ര ഗൗരവ് ഉദ്യാനങ്ങള്‍ നിര്‍മ‌ിക്കും: പ്രധാനമന്ത്രി

ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 

ഇന്ത്യയിലെ വിവിധ ജില്ലകളിലെ ഗോത്രദിന പരിപാടികളില്‍ പങ്കെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പരിപാടിയില്‍ വെര്‍ച്വലിയായി പങ്കുചേര്‍ന്ന ഇന്ത്യയിലുടനീളമുള്ള അസംഖ്യം ഗോത്ര സഹോദരീസഹോദരന്മാരെയും അദ്ദേഹം സ്വാഗതം ചെയ്തു. കാര്‍ത്തിക് പൂർണിമ, ദേവ് ദീപാവലി, ശ്രീ ഗുരു നാനാക് ദേവ് ജിയുടെ 555-ാം ജന്മവാര്‍ഷികം എന്നിവ ആചരിക്കുകയാണെന്നും അതിനായി ഇന്ത്യന്‍ പൗരന്മാർക്ക് ആശംസകൾ നേരുകയാണെന്നും ശ്രീ മോദി പറഞ്ഞു.

ജന്‍ജാതീയ ദിവസ് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷിക ദിനമായി ആഘോഷിക്കുന്നതിനാല്‍ ഇന്ന് പൗരന്മാരെ സംബന്ധിച്ചിടത്തോളം ചരിത്ര ദിനം കൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ പൗരന്മാര്‍ക്കും ഗോത്രവര്‍ഗ സഹോദരീസഹോദരന്മാര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഇന്നത്തെ ജന്‍ജാതീയ ഗൗരവ് ദിനത്തിന്റെ മുന്നോടിയായാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ശുചിത്വയജ്ഞം ജമുയിയില്‍ നടന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വയജ്ഞത്തിൽ പങ്കാളികളായ ഭരണസംവിധാനം, ജമുയിയിലെ പൗരന്മാര്‍, പ്രത്യേകിച്ച് സ്ത്രീജനങ്ങള്‍ തുടങ്ങിയവരെ അദ്ദേഹം അഭിനന്ദിച്ചു.

 

കഴിഞ്ഞ വര്‍ഷത്തെ ജന്‍ജാതീയ ഗൗരവ് ദിനത്തില്‍ ധര്‍ത്തി ആബ ബിര്‍സ മുണ്ഡയുടെ ജന്മഗ്രാമമായ ഉലിഹാതുവില്‍ താനുമുണ്ടായിരുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, രക്തസാക്ഷി തിൽക മാംഝിയുടെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ച സ്ഥലത്താണ് ഈ വര്‍ഷം താനെന്ന് വ്യക്തമാക്കി. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് രാജ്യം തുടക്കം കുറിക്കുന്നതിനാൽ ഈ അവസരം കൂടുതല്‍ സവിശേഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന വര്‍ഷവും ആഘോഷങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ ജമുയിയില്‍ ഇന്ന് നടന്ന പരിപാടിയില്‍ വെര്‍ച്വലായി പങ്കുചേര്‍ന്ന വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള ഒരു കോടി ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിര്‍സ മുണ്ടയുടെ പിന്‍ഗാമി ശ്രീ ബുദ്ധറാം മുണ്ടയെയും സിദ്ധു കാന്‍ഹുവിന്റെ പിന്‍ഗാമി ശ്രീ മണ്ഡല്‍ മുര്‍മുവിനെയും ഇന്ന് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

6640 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്നു നടന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഗോത്രവർഗക്കാർക്കായി അടച്ചുറപ്പുള്ള വീടുകൾ, ഗോത്രവർഗത്തിലെ കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി സ്‌കൂളുകളും ഹോസ്റ്റലുകളും, ഗോത്രവർഗ സ്ത്രീകൾക്ക് ആരോഗ്യസൗകര്യങ്ങൾ, ഗോത്രമേഖലകളെ കൂട്ടിയിണക്കുന്ന റോഡ് പദ്ധതികൾ, ഗോത്രവർഗ സംസ്‌കാരം സംരക്ഷിക്കുന്നതിനായി ഗോത്രമ്യൂസിയങ്ങളും ഗവേഷണ കേന്ദ്രങ്ങളും എന്നിവയ്‌ക്കായുള്ള ഒന്നരലക്ഷത്തോളം അനുമതിപത്രങ്ങൾ പദ്ധതികളിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവ് ദീപാവലിയുടെ ശുഭവേളയിൽ ഗോത്രവർഗക്കാർക്കായി നിർമിച്ച 11,000 വീടുകളിലേക്കു ഗൃഹപ്രവേശം നടത്തിയതായും ശ്രീ മോദി പറഞ്ഞു. ഈ അവസരത്തിൽ എല്ലാ ഗോത്രവർഗക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു.

ഇന്നത്തെ ജൻജാതീയ ഗൗരവ് ദിനാഘോഷവും ജൻജാതീയ ഗൗരവ് വർഷത്തിന്റെ തുടക്കവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ചരിത്രപരമായ വലിയ അനീതി തിരുത്താനുള്ള സത്യസന്ധമായ ശ്രമമാണ് ഈ ആഘോഷങ്ങളെന്നു പറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഗോത്രവർഗത്തിനു സമൂഹത്തിൽ അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രസമൂഹത്തിന്റെ സംഭാവനകൾ എടുത്തുപറഞ്ഞ അദ്ദേഹം, ഗോത്രസമൂഹമാണു രാജകുമാരൻ രാമനെ ശ്രീരാമനാക്കി മാറ്റിയതെന്നും ഇന്ത്യയുടെ സംസ്‌കാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിനു നൂറ്റാണ്ടുകളായി നേതൃത്വം നൽകിയതെന്നും പറഞ്ഞു. എന്നിരുന്നാലും, സ്വാർഥരാഷ്ട്രീയം ഇന്ധനമാക്കിയ സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ ഗോത്രസമൂഹത്തിന്റെ അത്തരം സുപ്രധാന സംഭാവനകളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽഗുലാൻ പ്രസ്ഥാനം, കോൾ കലാപം, സാന്ഥാൾ കലാപം, ഭീൽ പ്രസ്ഥാനം എന്നിങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഗോത്രവർഗക്കാർ നൽകിയ വിവിധ സംഭാവനകൾ എടുത്തുപറഞ്ഞ ശ്രീ മോദി, ഗോത്രവർഗക്കാരുടെ സംഭാവനകൾ വളരെ വലുതാണെന്നു വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള വിവിധ ഗോത്ര നേതാക്കളായ അല്ലൂരി സീതാരാമ രാജു, തിൽക മാംഝി, സിദ്ധു കാൻഹു, ബുദ്ധു ഭഗത്, തെലാങ് ഖരിയ, ഗോവിന്ദ ഗുരു, തെലങ്കാനയിലെ രാംജി ഗോണ്ഡ്, മധ്യപ്രദേശിലെ ബാദൽ ഭോയ്, രാജാ ശങ്കർ ഷാ, കുവർ രഘുനാഥ് ഷാ, താന്ത്യ ഭീൽ, ജാത്ര ഭഗത്, ലക്ഷ്മൺ നായിക്, മിസോറമിലെ റോപ്പുയിലിയാനി, രാജ് മോഹിനി ദേവി, റാണി ഗൈഡിൻല്യു, കാളിബായ്, ഗോണ്ഡ്വാനയിലെ റാണി ദുർഗാവതി ദേവി തുടങ്ങി നിരവധി പേരെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ ആയിരക്കണക്കിനു ഗോത്രവർഗക്കാരെ കൊന്നൊടുക്കിയ മാൻഗഢ് കൂട്ടക്കൊല വിസ്മരിക്കാനാകില്ലെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

സാംസ്കാരിക രംഗത്തായാലും സാമൂഹ്യനീതിയുടെ കാര്യത്തിലായാലും തന്റെ ഗവണ്മെന്റിന്റെ മനോഭാവം വ്യത്യസ്തമാണെന്നു പറഞ്ഞ ശ്രീ മോദി, ശ്രീമതി ദ്രൗപദി മുർമുവിനെ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതു നമ്മുടെ ഭാഗ്യമാണെന്ന് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയാണ് അവരെന്നും പിഎം-ജൻമൻ യോജനയ്ക്കു കീഴിൽ ആരംഭിച്ച എല്ലാ പ്രവർത്തനങ്ങളുടെയും ഖ്യാതി രാഷ്ട്രപതിക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക കരുതൽവേണ്ട ഗോത്രവിഭാഗങ്ങളുടെ (പിവിടിജി) ശാക്തീകരണത്തിനായി 24,000 കോടി രൂപയുടെ പിഎം ജൻമൻ യോജന ആരംഭിച്ചതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ പദ്ധതിപ്രകാരം രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്ര വാസസ്ഥലങ്ങളുടെ വികസനം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. പദ്ധതിക്ക് ഇന്ന് ഒരു വർഷം തികഞ്ഞതായും ആയിരക്കണക്കിന് അടച്ചുറപ്പുള്ള വീടുകൾ പദ്ധതിപ്രകാരം പിവിടിജികൾക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിവിടിജി ആവാസകേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിനുള്ള റോഡ് വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്നും ‘ഹർ ഘർ ജൽ’ പദ്ധതിപ്രകാരം പിവിടിജികളുടെ പല വീടുകളിലും കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തീർത്തും അവഗണിക്കപ്പെട്ടവരെയാണു താൻ ആരാധിക്കുന്നതെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, മുൻ ഗവണ്മെന്റുകളുടെ മനോഭാവത്താൽ ഗോത്രവർഗസമൂഹങ്ങൾക്കു പതിറ്റാണ്ടുകളായി അടിസ്ഥാനസൗകര്യങ്ങൾ ഇല്ലായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. രാജ്യത്തു ഗോത്രവർഗ ആധിപത്യമുള്ള ഡസൻകണക്കിനു ജില്ലകൾ വികസനത്തിന്റെ വേഗതയിൽ പിന്നാക്കം പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ ഗവൺമെന്റ് മനോഭാവത്തി‌ൽ മാറ്റം വരുത്തുകയും അവരെ ‘വികസനം കാംക്ഷിക്കുന്ന ജില്ലകളാ’യി പ്രഖ്യാപിക്കുകയും അവയുടെ വികസനത്തിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തുവെന്നു ശ്രീ മോദി പറഞ്ഞു. വിവിധ വികസന മാനദണ്ഡങ്ങളിൽ വികസിത ജില്ലകളെ അപേക്ഷിച്ച് ഇന്ന് അത്തരത്തിലുള്ള വികസനം കാംക്ഷിക്കുന്ന നിരവധി ജില്ലകൾ മികച്ച പ്രകടനം കാഴ്ചവച്ചതിൽ അദ്ദേഹം ആഹ്ലാദമറിയിച്ചു. ഇതിന്റെ ഗുണഫലം ഗോത്രവർഗത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

 

“ഗോത്രവർഗക്ഷേമമാണ് ഞങ്ങളുടെ ഗവൺമെന്റിന്റെ മുൻഗണന” - പ്രധാനമന്ത്രി പറഞ്ഞു. അടൽജിയുടെ ഗവണ്മെന്റാണു ഗിരിവർഗകാര്യത്തിനായി പ്രത്യേക മന്ത്രാലയത്തിനു രൂപംനൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ ബജറ്റ് വിഹിതം 25,000 കോടി രൂപയിൽനിന്ന് 1.25 ലക്ഷം കോടി രൂപയെന്ന നിലയിൽ അഞ്ചുമടങ്ങു വർധിപ്പിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. 60,000-ലധികം ഗോത്രഗ്രാമങ്ങൾക്കു പ്രയോജനം ലഭിക്കുന്നതിനായി ‘ധർത്തീ ആബ ജൻജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ’ (DAJGUA) എന്ന പ്രത്യേക പദ്ധതിക്ക് അടുത്തിടെ തുടക്കംകുറിച്ചതായി ശ്രീ മോദി പറഞ്ഞു. ഗോത്രവർഗ ഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഗോത്രവർഗ യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പരിശീലനം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ 80,000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റേകൾ സൃഷ്ടിക്കുന്നതിനുള്ള പരിശീലനവും പിന്തുണയുംസഹിതം ഗോത്ര വിപണനകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു വിനോദസഞ്ചാരത്തി‌നു കരുത്തേകുമെന്നും ഗോത്രസമൂഹത്തിന് ആധിപത്യമുള്ള പ്രദേശങ്ങളിൽ പാരിസ്ഥിതിക വിനോദസഞ്ചാരം സാധ്യമാക്കുമെന്നും ഇതു ഗോത്രവർഗക്കാരുടെ കുടിയേറ്റം തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോത്രവർഗ പാരമ്പര്യം സംരക്ഷിക്കാൻ ഗവൺമെൻ്റ് നടത്തുന്ന ശ്രമങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, നിരവധി ഗോത്ര കലാകാരന്മാർക്ക് പത്മ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭഗവാൻ ബിർസ മുണ്ടയുടെ നാമധേയത്തിൽ   ഒരു ട്രൈബൽ മ്യൂസിയം റാഞ്ചിയിൽ ആരംഭിച്ചതായും എല്ലാ സ്കൂൾ വിദ്യാർത്ഥികളും അത് സന്ദർശിച്ച് പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   ബാദൽ ഭോയ് യുടെ നാമധേയത്തിൽ മധ്യപ്രദേശിലെ ചിന്ദ്വാരയിലും രാജശങ്കർ ഷായുടെയും കുവർ  രഘുനാഥ്  ഷായുടെയും പേരിൽ  ജബൽപ്പൂരിലും  ഇന്ന് ട്രൈബൽ മ്യൂസിയങ്ങൾ ഉത്‌ഘാടനം ചെയ്യപ്പെട്ടതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ ബഹുമാനാർത്ഥം ഇന്ന്  ഒരു അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കിയതോടൊപ്പം ശ്രീനഗറിലും സിക്കിമിലുമായി രണ്ട് ഗോത്ര ഗവേഷണ കേന്ദ്രങ്ങൾ ഉത്‌ഘാടനം ചെയ്യപ്പെട്ടു. ഈ ശ്രമങ്ങളെല്ലാം ഇന്ത്യയിലെ ജനങ്ങളെ, ഗോത്രവിഭാഗങ്ങളുടെ ധൈര്യത്തെയും ആദരവിനെയും കുറിച്ച് നിരന്തരം ഓർമ്മപ്പെടുത്തുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പ്രാചീന ചികിത്സാ സമ്പ്രദായത്തിൽ ആദിവാസി സമൂഹത്തിൻ്റെ മഹത്തായ സംഭാവനകൾ ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇത് ഭാവി തലമുറയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നതിനൊപ്പം ഈ പൈതൃകവും സംരക്ഷിക്കപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്മെന്റ്  ലേയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോവ-റിഗ്പ സ്ഥാപിച്ചു, അരുണാചൽ പ്രദേശിലെ നോർത്ത്-ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ് ആൻഡ് ഫോക്ക് മെഡിസിൻ റിസർച്ച് നവീകരിച്ചു.  ലോകാരോഗ്യ സംഘടനയുടെ കീഴിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ആഗോള കേന്ദ്രവും ഗവണ്മെന്റ് സ്ഥാപിക്കുന്നുണ്ടെന്നും അത്  ഗോത്രവർഗക്കാരുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായത്തെ ലോകമെമ്പാടും  കൂടുതൽ പ്രചാരത്തിലെത്തിക്കാൻ സഹായിക്കുമെന്നും ശ്രീ മോദി പറഞ്ഞു.

 

"ഗോത്രവർഗ സമൂഹത്തിൻ്റെ വിദ്യാഭ്യാസം, വരുമാനം, ചികിത്സ സമ്പ്രദായം എന്നിവയിലാണ് ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ ശ്രദ്ധ", ശ്രീ മോദി പറഞ്ഞു. മെഡിക്കൽ, എഞ്ചിനീയറിംഗ്, സായുധ സേന വ്യോമയാനം തുടങ്ങി വിവിധ മേഖലകളിൽ ആദിവാസി വിദ്യാർത്ഥികൾ മുന്നോട്ട് വരുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു . കഴിഞ്ഞ ദശകത്തിൽ ഗോത്ര മേഖലകളിൽ സ്കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള മികച്ച സാധ്യതകൾ സൃഷ്ടിച്ചതിൻ്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തരം  ആറ് പതിറ്റാണ്ടിനുള്ളിൽ ഉണ്ടായ ഒരു കേന്ദ്ര ട്രൈബൽ സർവകലാശാലയിൽ നിന്ന്, കഴിഞ്ഞ ദശകത്തിൽ തൻ്റെ ഗവണ്മെന്റ്  2 ഗോത്ര സർവ്വകലാശാലകൾ കൂടി പുതിയതായി കൂട്ടിച്ചേർത്തുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോടൊപ്പം (ഐടിഐ) നിരവധി ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകൾ കഴിഞ്ഞ ദശകത്തിൽ ആദിവാസി മേഖലകളിൽ  ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിൽ  ബിഹാറിലെ ജാമുയിയിലേത് ഉൾപ്പെടെ ആദിവാസി മേഖലകളിൽ 30 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചതിനൊപ്പം നിരവധി മെഡിക്കൽ കോളേജുകളിൽ നിലവിലെ  നവീകരണപ്രവർത്തനങ്ങൾ തുടർന്നുവരികയാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള 7000 ഏകലവ്യ സ്കൂളുകളുടെ ശക്തമായ ശൃംഖല വികസിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കൽ, എഞ്ചിനീയറിംഗ്, ടെക്നിക്കൽ വിദ്യാഭ്യാസത്തിൽ ആദിവാസി വിദ്യാർത്ഥികൾക്ക് ഭാഷ ഒരു തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അവർക്ക് മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവസരം ഗവണ്മെന്റ്  നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. ഈ തീരുമാനങ്ങൾ ആദിവാസി വിദ്യാർഥികൾക്ക് പുതിയ പ്രതീക്ഷ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദശകത്തിൽ, അന്താരാഷ്‌ട്ര കായിക ഇനങ്ങളിലെ ആദിവാസി യുവാക്കളുടെ മെഡൽ നേട്ടങ്ങൾ എടുത്തുപറഞ്ഞ ശ്രീ മോദി, ഗോത്ര  മേഖലകളിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ  ഗവണ്മെന്റ് ഏറ്റെടുത്തതായി അറിയിച്ചു. ആദിവാസികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഖേലോ ഇന്ത്യ അഭിയാൻ്റെ ഭാഗമായി ആധുനിക കളിസ്ഥലങ്ങളും കായിക സമുച്ചയങ്ങളും വികസിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ആദ്യത്തെ ദേശീയ കായിക സർവ്വകലാശാല മണിപ്പൂരിൽ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും, ഗോത്ര സമൂഹത്തിന് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന,  മുളയുമായി ബന്ധപ്പെട്ട നിയമങ്ങൾ വളരെ കർക്കശമായിരുന്നെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുള കൃഷിയുമായി ബന്ധപ്പെട്ട നിയമങ്ങൾ തൻ്റെ ഗവണ്മെന്റ് ലഘൂകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപുണ്ടായിരുന്ന എട്ടോ പത്തോ വന ഉൽപന്നങ്ങളിൽ നിന്ന് ഇപ്പോൾ 90 ഓളം വന ഉൽപന്നങ്ങൾ മിനിമം താങ്ങുവിലയുടെ (എംഎസ്പി) പരിധിയിൽ കൊണ്ടുവന്നതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. 12 ലക്ഷത്തോളം ആദിവാസി കർഷകരെ സഹായിക്കുന്ന 4,000-ലധികം വൻ ധൻ കേന്ദ്രങ്ങൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

"പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഏകദേശം 20 ലക്ഷത്തോളം ഗോത്രവർഗ സ്ത്രീകൾ ലഖ്പതി ദീദികളായി മാറി", ശ്രീ മോദി പറഞ്ഞു. ഗോത്രവർഗ ഉൽപന്നങ്ങളായ കൊട്ടകൾ, കളിപ്പാട്ടങ്ങൾ, മറ്റ് കരകൗശല വസ്തുക്കൾ എന്നിവയ്ക്കായി പ്രധാന നഗരങ്ങളിൽ ട്രൈബൽ ഹാറ്റ്സുകൾ  സ്ഥാപിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രവർഗ കരകൗശല ഉൽപന്നങ്ങൾക്കായി ഇൻ്റർനെറ്റിൽ ഒരു ഗ്ലോബൽ മാർക്കറ്റ് പ്ലേസ് സൃഷ്ടിക്കപ്പെടുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര നേതാക്കളെയും വിശിഷ്ടാതിഥികളെയും കാണുമ്പോൾ അവർക്കു സൊഹ്‌റായ് പെയിൻ്റിംഗ്, വാർലി പെയിൻ്റിംഗ്, ഗോണ്ട് പെയിൻ്റിംഗ് തുടങ്ങിയ ഗോത്ര ഉൽപ്പന്നങ്ങളും പുരാവസ്തുക്കളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ആദിവാസി സമൂഹങ്ങൾക്കിടയിൽ അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) ഒരു വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഗവണ്മെന്റ് ദേശീയ സിക്കിൾ സെൽ അനീമിയ മിഷൻ ആരംഭിച്ചതായി അറിയിച്ചു. ദൗത്യം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 4.5 കോടി ആദിവാസികൾക്ക് പരിശോധന ലഭ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ ആവിഷ്കരിച്ചതിനാൽ  ഗോത്രവർഗക്കാർ പരിശോധനകൾക്കായി ഇനി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗതാഗതയോഗ്യമല്ലാത്ത ആദിവാസി മേഖലകളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ലോകത്ത് ഇന്ത്യയുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടി,  ഗോത്ര സമൂഹങ്ങൾ പഠിപ്പിച്ച നമ്മുടെ കാതലായ മൂല്യങ്ങളാണ് ഇതിന് കാരണമെന്ന് ശ്രീ മോദി പറഞ്ഞു. ഗോത്ര സമൂഹങ്ങൾ പ്രകൃതിയെ ആരാധിക്കുന്നു. ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക വേളയിൽ ഗോത്രവർഗ മേഖലകളിൽ ബിർസ മുണ്ട ജൻജാതിയ ഉപവനങ്ങൾ സൃഷ്ടിക്കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. ഉപവനങ്ങളിൽ 500,000 മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം വലിയ തീരുമാനങ്ങൾ എടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഗോത്ര പാരമ്പര്യം സംരക്ഷിക്കുകയും  ശക്തവും സമൃദ്ധവും ദൃഢവുമായ  ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് നൂറ്റാണ്ടുകളായി ഗോത്ര സമൂഹം സംരക്ഷിച്ചുപോരുന്നത് എന്താണെന്ന് പഠിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനം ഗോത്രവർഗ ആശയങ്ങളാക്കാൻ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

ബീഹാർ ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ, ബീഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഓറം, കേന്ദ്ര എംഎസ്എംഇ മന്ത്രി ശ്രീ ജിതൻ റാം മാഞ്ചി, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ, കേന്ദ്ര ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗ ദാസ് ഉയ്കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
ധർതി ആബ ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷിക വർഷാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറിലെ ജമുയി സന്ദർശിച്ചു. ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണാർത്ഥം ഒരു സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനും മേഖലയിലെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള 6,640 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) കീഴിൽ നിർമ്മിച്ച 11,000 വീടുകളുടെ ഗൃഹപ്രവേശനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. ഗോത്രവർഗ മേഖലകളിലെ ആരോഗ്യ സംരക്ഷണ ലഭ്യത വർധിപ്പിക്കുന്നതിനായി PM-JANMAN-ന് കീഴിൽ ആരംഭിച്ച 23 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും (MMU) ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (DAJGUA) ന് കീഴിൽ 30 MMU-കളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗോത്രവർഗ സംരംഭകത്വവും ഉപജീവനമാർഗവും പ്രോത്സാഹിപ്പിക്കുന്നതിനായി  300 വൻ ധൻ വികാസ് കേന്ദ്രങ്ങളും (വിഡിവികെ) 450 കോടി രൂപ ചെലവിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച 10 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി മധ്യപ്രദേശിലെ ചിന്ദ്വാരയിലും ജബൽപൂരിലും ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിൽ രണ്ട്  മ്യൂസിയങ്ങളും ശ്രീനഗർ, ജമ്മു & കാശ്മീർ, സിക്കിമിലെ ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിലെ രണ്ട് ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

ഗോത്ര മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 500 കിലോമീറ്റർ പുതിയ റോഡുകളുടെയും പ്രധാനമന്ത്രി ജൻമനു കീഴിൽ കമ്മ്യൂണിറ്റി ഹബ്ബുകളായി പ്രവർത്തിക്കുന്നതിന് 100 മൾട്ടി പർപ്പസ് സെൻ്ററുകളുകൾക്കും (എംപിസി) പ്രധാനമന്ത്രി തറക്കല്ലിട്ടു. ആദിവാസി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുള്ള പ്രതിബദ്ധത വർധിപ്പിച്ചുകൊണ്ട് 1,110 കോടി രൂപ ചെലവിൽ 25 അധിക ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

പ്രധാനമന്ത്രി ജൻമനു കീഴിൽ ഏകദേശം 500 കോടി രൂപ ചെലവിൽ  25,000 പുതിയ ഭവനങ്ങളും ധർതി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (DAJGUA) പ്രകാരം1960 കോടിയിലധികം രൂപയുടെ  1.16 ലക്ഷം ഭവനങ്ങളും ഉൾപ്പെടുന്ന വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി അനുമതി നൽകി; പിഎം ജൻമൻ്റെ കീഴിൽ 1100 കോടി രൂപയുടെ 66 ഹോസ്റ്റലുകൾ DAJGUA യുടെ കീഴിൽ 304 ഹോസ്റ്റലുകൾ; 50 പുതിയ മൾട്ടി പർപ്പസ് സെൻ്ററുകൾ, 55 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, 65 അംഗൻവാടി കേന്ദ്രങ്ങൾ എന്നിവയും  പ്രധാനമന്ത്രി ജൻമനു കീഴിൽ; സിക്കിൾ സെൽ അനീമിയ ഉന്മൂലനം ലക്ഷ്യമാക്കി  6 കേന്ദ്രങ്ങളോടൊപ്പം, DAJGUA-ന് കീഴിൽ ആശ്രമം സ്കൂളുകൾ, ഹോസ്റ്റലുകൾ, ഗവൺമെൻ്റ് റെസിഡൻഷ്യൽ സ്കൂളുകൾ തുടങ്ങിയവയുടെ നവീകരണത്തിനായി ഏകദേശം 500 കോടി രൂപയുടെ 330 പദ്ധതികൾ.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi