പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ സുപ്രീം കോടതിയിൽ ഭരണഘടനാദിന പരിപാടിയിൽ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് ശ്രീ സഞ്ജീവ് ഖന്ന, സുപ്രീം കോടതി ജഡ്ജിമാരായ ശ്രീ ബി. ആർ. ഗവായ്, ശ്രീ സൂര്യകാന്ത്, നിയമ-നീതി മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, അറ്റോർണി ജനറൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഭരണഘടനാദിനത്തിൽ എല്ലാ വിശിഷ്ടാതിഥികൾക്കും പ്രതിനിധികൾക്കും പൗരന്മാർക്കും ആശംസകൾ നേർന്നു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികം വളരെയധികം അഭിമാനമേകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾക്കും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ഇന്നു നാം ഭരണഘടനാ ദിനം ആഘോഷിക്കുമ്പോൾ, മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികംകൂടിയാണ് ഇന്ന് എന്നതു മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന എല്ലാ ഭീകര സംഘടനകൾക്കും ഇന്ത്യ തക്ക മറുപടി നൽകുമെന്ന് ശ്രീ മോദി ആവർത്തിച്ചു.
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ഭരണഘടനാ നിർമാണസഭയിൽ നടന്ന വിപുലമായ സംവാദങ്ങളും ചർച്ചകളും അനുസ്മരിച്ച ശ്രീ മോദി, ബാബാസാഹെബ് അംബേദ്കറെ ഉദ്ധരിച്ചു പറഞ്ഞതിങ്ങനെ: “ഭരണഘടന കേവലം അഭിഭാഷകന്റെ രേഖയല്ല, അതൊരു ചൈതന്യമാണ്. അതെല്ലായ്പ്പോഴും കാലഘട്ടത്തിന്റെ ചൈതന്യമാണ്”. ഈ ചൈതന്യം അത്യന്താപേക്ഷിതമാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, രാജ്യത്തിനും സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുത്ത് കാലാകാലങ്ങളിൽ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാശിൽപ്പികൾ നമുക്കു നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കി. ഇന്ത്യയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും കാലത്തിനനുസരിച്ച് പുതിയ ഉയരങ്ങളിലെത്തുമെന്നും വെല്ലുവിളികൾക്കൊപ്പം സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസിക്കുമെന്നും ഭരണഘടനാശിൽപ്പികൾക്കു നന്നായി അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഭരണഘടനയെ കേവലം രേഖയായല്ല ഭരണഘടനാശിൽപ്പികൾ സജ്ജമാക്കിയതെന്നും ജീവസ്സുറ്റ, തുടർച്ചയായി ഒഴുകുന്ന അരുവിയാണതെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ ഭരണഘടന നമ്മുടെ വർത്തമാനകാലത്തിനും ഭാവിക്കുമുള്ള വഴികാട്ടിയാണ്” - കഴിഞ്ഞ 75 വർഷത്തെ നിലനിൽപ്പിൽ ഉയർന്നുവന്ന വിവിധ വെല്ലുവിളികളെ നേരിടാനുള്ള ശരിയായ പാത ഭരണഘടന കാണിച്ചുതന്നിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന അടിയന്തരാവസ്ഥയുടെ അപകടകരമായ ഘട്ടങ്ങൾ പോലും ഭരണഘടന അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടന രാജ്യത്തിന്റെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡോ. ഭീംറാവു അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടന ഇന്ന് ജമ്മു കശ്മീരിൽ പോലും പ്രാബല്യത്തിൽ വന്നത് ഭരണഘടന നൽകുന്ന അധികാരം കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഇതാദ്യമായി ജമ്മു കശ്മീരിൽ ഭരണഘടനാ ദിനം ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറ്റത്തിന്റെ സുപ്രധാന ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വഴികാട്ടിയായി ശരിയായ പാതയാണ് ഭരണഘടന നമുക്ക് കാണിച്ചുതരുന്നതെന്ന് വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയുടെ ഭാവിയുടെ പാത വലിയ സ്വപ്നങ്ങളും വലിയ തീരുമാനങ്ങളും നേടിയെടുക്കലാണെന്ന് പറഞ്ഞ ശ്രീ മോദി, ഇന്നത്തെ ഓരോ പൗരന്റെയും ലക്ഷ്യം വികസിതഭാരതം കെട്ടിപ്പടുക്കൽ എന്നതാണെന്നും അഭിപ്രായപ്പെട്ടു. ഓരോ പൗരനും ജീവിത നിലവാരവും അന്തസ്സും ഉറപ്പാക്കുന്ന സ്ഥലമാണ് വികസിത ഇന്ത്യ എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് അദ്ദേഹം കൂടുതൽ വിശദീകരിച്ചു. ഇത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള മഹത്തായ മാധ്യമമാണെന്നും ഭരണഘടനയുടെ സത്തകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, കഴിഞ്ഞ ദശകത്തിൽ ബാങ്കുകളിൽ പ്രവേശനമില്ലാത്ത 53 കോടിയിലധികം ജനങ്ങൾക്കു ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയത് പോലെയുള്ള നിരവധി നടപടികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമൂഹിക-സാമ്പത്തിക നീതി ഉറപ്പാക്കാനായി സ്വീകരിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ നാല് കോടി ജനങ്ങൾക്ക് അടച്ചുറപ്പുള്ള വീടും വീട്ടിലെ സ്ത്രീകൾക്ക് 10 കോടി പാചകവാതക സിലിൻഡർ കണക്ഷനും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കുശേഷവും കുടിവെള്ള ടാപ്പ് കണക്ഷനുള്ള 3 കോടി വീടുകൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂവെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ 5-6 വർഷത്തിനിടെ തന്റെ ഗവണ്മെന്റ് 12 കോടിയിലധികം ഗാർഹിക കുടിവെള്ള ടാപ്പ് കണക്ഷനുകൾ നൽകിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഭരണഘടനയുടെ ചൈതന്യത്തിനു കരുത്തേകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയുടെ യഥാർഥ പകർപ്പിൽ ശ്രീരാമൻ, സീതാദേവി, ഹനുമാൻ, ഭഗവാൻ ബുദ്ധൻ, ഭഗവാൻ മഹാവീരൻ, ഗുരു ഗോവിന്ദ് സിങ് എന്നിവരുടെ ചിത്രങ്ങളുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അതിനായി നമ്മെ നിരന്തരം ബോധവാന്മാരാക്കുന്നതിനുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ ഈ ചിഹ്നങ്ങൾക്ക് ഭരണഘടനയിൽ സ്ഥാനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനുഷിക മൂല്യങ്ങളാണ് ഇന്നത്തെ ഇന്ത്യൻ നയങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനാണ് ഭാരതീയ ന്യായ് സംഹിത നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിക്ഷാധിഷ്ഠിത സമ്പ്രദായം ഇപ്പോൾ നീതി അധിഷ്ഠിത സമ്പ്രദായമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ചരിത്രപരമായ വനിതാ സംവരണ ബിൽ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്രാൻസ്ജെൻഡർമാരുടെ വ്യക്തിത്വവും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും ഭിന്നശേഷിക്കാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിന് ഇന്ത്യയിന്നു വളരെയധികം ഊന്നൽ നൽകുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, മുതിർന്ന പൗരന്മാർക്ക് അവരുടെ വാതിൽപ്പടിയിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അതിന്റെ പ്രയോജനം ഇതുവരെ ഒന്നരക്കോടിയോളം മുതിർന്ന പൗരന്മാർക്ക് ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഓരോ പാവപ്പെട്ട കുടുംബത്തിനും അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ആയിരക്കണക്കിന് ജൻ ഔഷധി കേന്ദ്രങ്ങളിൽ 80% വിലകുറച്ചാണ് മരുന്നുകൾ വിൽക്കുന്നത്. മുൻകാലങ്ങളിൽ 60 ശതമാനത്തിൽ താഴെയായിരുന്നു പരിരക്ഷയെങ്കിൽ, ഇന്ദ്രധനുഷ് മിഷനിലൂടെ ഇന്ന് കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പ് 100 ശതമാനത്തിനടുത്തെത്തിയതിൽ താൻ സന്തുഷ്ടനാണ്. വിദൂര ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഇന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. ഈ ശ്രമങ്ങൾ ദരിദ്രരുടെയും ഇടത്തരക്കാരുടെയും കുടുംബങ്ങളുടെ ഒരുപാട് ദുരിതങ്ങൾ കുറച്ചു - ശ്രീ മോദി പറഞ്ഞു.
വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള ഗവൺമെന്റിന്റെ പരിപാടിയെക്കുറിച്ചു പരാമർശിക്കവേ, ഏറ്റവും പിന്നാക്കം നിൽക്കുന്ന നൂറിലധികം ജില്ലകൾ തെരഞ്ഞെടുത്ത് എല്ലാ വികസനമാനദണ്ഡങ്ങളിലും വേഗത വർധിപ്പിച്ചിട്ടുണ്ടെന്നു ശ്രീ മോദി പറഞ്ഞു. വികസനം കാംക്ഷിക്കുന്ന പല ജില്ലകളും ഇന്ന് മറ്റ് ജില്ലകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വികസനം കാംക്ഷിക്കുന്ന ജില്ല പരിപാടിയുടെ മാതൃകയിൽ വികസനം കാംക്ഷിക്കുന്ന ബ്ലോക്ക് പരിപാടിക്കും ഗവണ്മെന്റ് തുടക്കം കുറിച്ചിട്ടുണ്ട് - പ്രധാനമന്ത്രി പറഞ്ഞു.
പൗരന്മാരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളൊന്നും ഗവൺമെന്റ് ഉപേക്ഷിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്ന 2.5 കോടിയിലധികം കുടുംബങ്ങളുടെ വീടുകൾ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെ വൈദ്യുതവൽക്കരിച്ചു. 4ജി, 5ജി സാങ്കേതികവിദ്യകൾ വഴി ജനങ്ങൾക്ക് മൊബൈൽഫോൺ വിനിമയക്ഷമത ഉറപ്പാക്കാനാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ചത്. ആൻഡമാൻ & നിക്കോബാർ, ലക്ഷദ്വീപ് മുതലായ ദ്വീപുകളിൽ കടലിനടിയിലൂടെയുള്ള ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകൾ വഴി അതിവേഗ ബ്രോഡ്ബാൻഡ് കണക്ഷൻ ഇപ്പോൾ ലഭ്യമാണ് - അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വീടുകളുടെയും കൃഷിഭൂമിയുടെയും ഭൂരേഖകൾ ഉറപ്പാക്കുന്നതിൽ വികസിത രാജ്യങ്ങളെക്കാൾ ഇന്ത്യ മുൻപന്തിയിലാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പിഎം സ്വാമിത്വ യോജനയ്ക്ക് കീഴിൽ, ഗ്രാമത്തിലെ ഭൂമിയുടെയും വീടുകളുടെയും ഡ്രോൺ മാപ്പിങ് നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ രേഖകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം രാജ്യത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. അടിസ്ഥാനസൗകര്യവികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത്, പണം ലാഭിക്കുന്നതിനൊപ്പം പദ്ധതിയുടെ പ്രയോജനം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി അധ്യക്ഷനായ പ്രഗതി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അടിസ്ഥാനസൗകര്യ പദ്ധതികൾ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നും 18 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ അവലോകനം ചെയ്തുവെന്നും അവ നേരിടുന്ന തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചത് ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ ധാരാളം ഫലങ്ങൾ സൃഷ്ടിച്ചു. ഈ ശ്രമങ്ങൾ രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കുന്നതിനൊപ്പം ഭരണഘടനയുടെ അടിസ്ഥാനചൈതന്യത്തിനും കരുത്തേകുന്നു - അദ്ദേഹം പറഞ്ഞു.
1949 നവംബർ 26-ന് ഡോ. രാജേന്ദ്രപ്രസാദ് നടത്തിയ പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ച്, “ഇന്ത്യക്കിന്നു വേണ്ടത് സ്വന്തം താൽപ്പര്യങ്ങളെക്കാൾ രാഷ്ട്രതാൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു കൂട്ടം സത്യസന്ധരായ വ്യക്തികളെയാണ്” എന്നു ശ്രീ മോദി പറഞ്ഞു. ‘രാഷ്ട്രം ആദ്യം’ എന്ന ഈ മനോഭാവം വരുംനൂറ്റാണ്ടുകളിൽ ഇന്ത്യൻ ഭരണഘടനയെ സജീവമായി നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചാത്തലം
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ സുപ്രീം കോടതിയുടെ ഭരണനിർവഹണ കെട്ടിടസമുച്ചയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ഭരണഘടനാദിനാഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സുപ്രീം കോടതിയാണ് പരിപാടി സംഘടിപ്പിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരും പരിപാടിയിൽ പങ്കെടുത്തു.
Click here to read full text speech
संविधान - एक जीवंत, निरंतर प्रवाहमान धारा। pic.twitter.com/zyaOfOMRXE
— PMO India (@PMOIndia) November 26, 2024
हमारा संविधान, हमारे वर्तमान और हमारे भविष्य का मार्गदर्शक है। pic.twitter.com/mN8jjDBHWp
— PMO India (@PMOIndia) November 26, 2024
आज हर देशवासी का एक ही ध्येय है- विकसित भारत का निर्माण। pic.twitter.com/TUby4sPpd9
— PMO India (@PMOIndia) November 26, 2024
भारतीयों को त्वरित न्याय मिले, इसके लिए नई न्याय संहिता लागू की गई है। pic.twitter.com/pJgtYj3XyI
— PMO India (@PMOIndia) November 26, 2024