ചിത്രമായ ശിവപുരാണ ഗ്രന്ഥം പ്രകാശനം ചെയ്തു
ലീലാ ചിത്ര ക്ഷേത്രം സന്ദര്‍ശിച്ചു
''ഗീതാ പ്രസ്സ് വെറുമൊരു പ്രിന്റിംഗ് പ്രസ്സ് മാത്രമല്ല, ജീവിക്കുന്ന വിശ്വാസമാണ്''
''വാസുദേവ സര്‍വ്വം അതായത് എല്ലാം വാസുദേവനിലും അതില്‍ വസുദേവനില്‍ നിന്നുള്ളതിലുമാണ്''
''ഗീതാ പ്രസ്സിന്റെ രൂപത്തില്‍ 1923-ല്‍ ജ്വലിപ്പിച്ച ആത്മീയ വെളിച്ചം ഇന്ന് മനുഷ്യരാശിയുടെ മുഴുവന്‍ വഴികാട്ടിയായി മാറിയിരിക്കുന്നു''
''ഗീത പ്രസ്സ് ഇന്ത്യയെ ബന്ധിപ്പിക്കുന്നു, ഇന്ത്യയുടെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്നു''
''ഒരു തരത്തില്‍ ഗീത പ്രസ്സ് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു''
അധര്‍മ്മവും ഭീകരതയും ശക്തമാകുമ്പോള്‍, സത്യം അപകടത്താല്‍ മൂടപ്പെട്ടിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഭഗവദ്ഗീത പ്രചോദനത്തിന്റെ ഉറവിടമായി മാറുന്നു''
''മാനുഷിക മൂല്യങ്ങളും ആദര്‍ശങ്ങളും പുനരുജ്ജീവിപ്പിക്കാനാണ് ഗീത പ്രസ്സ് പോലുള്ള സംഘടനകള്‍ പിറവികൊണ്ടത്''
''നാം ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയും ലോകക്ഷേമത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിജയിപ്പിക്കുകയും ചെയ്യും''

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചരിത്രപ്രസിദ്ധമായ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്യുകയും ചിത്രമായ ശിവപുരാണ ഗ്രന്ഥം പ്രകാശനം ചെയ്യുകയും ചെയ്തു. ഗീതാ പ്രസ്സിലെ ലീലാചിത്ര ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഭഗവാന്‍ ശ്രീരാമന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

ശിവ അവതാര്‍ ഗുരു ഗോരഖ്‌നാഥിന്റെ ആരാധനാലയവും നിരവധി സന്യാസിവരന്മാരുടെ പ്രവര്‍ത്തനകേന്ദ്രവുമായ ഗോരഖ്പൂരിലെ ഗീതാ പ്രസില്‍ ഭക്തിനിര്‍ഭരമായ ഈ ശ്രാവണ മാസത്തില്‍ തനിക്ക് സന്നിഹിതനാകാന്‍ അവസരം ലഭിച്ചത് ഇന്ദ്രദേവന്റെ അനുഗ്രഹം മൂലമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനവും പൈതൃകവും കൈകോര്‍ത്ത് നടക്കുന്നതിന്റെ അത്ഭുതകരമായ ഉദാഹരണമാണിതെന്ന് തന്റെ ഗോരഖ്പൂര്‍ സന്ദര്‍ശനത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഗീതാ പ്രസ്സിലെ പരിപാടി പൂര്‍ത്തിയാക്കിയ ശേഷം ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിന് തറക്കല്ലിടാനും രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനുമായി താന്‍ ഗോരഖ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു. നിര്‍ദ്ദിഷ്ട റെയില്‍വേ സ്‌റ്റേഷന്റെ ചിത്രങ്ങള്‍ പൗരന്മാര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസിനെ പരാമര്‍ശിച്ചുകൊണ്ട്, അവ ഇടത്തരക്കാരുടെ സൗകര്യത്തിന്റെ നിലവാരം ഉയര്‍ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മന്ത്രിമാര്‍ വന്ദേഭാരത് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ കത്തെഴുതുകയാണെന്ന് തങ്ങളുടെ മേഖലയില്‍ ഒരു ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കാന്‍ മന്ത്രിമാര്‍ക്ക് കത്തെഴുതേണ്ടിയിരുന്ന കാലത്തെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ''വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു ഭ്രമമായി മാറിയിരിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ പദ്ധതികള്‍ക്ക് ഗോരഖ്പൂരിലെയും ഇന്ത്യയിലെയും ജനങ്ങളെ ശ്രീ മോദി അഭിനന്ദിച്ചു. 

''ഗീതാ പ്രസ്സ് വെറുമൊരു പ്രിന്റിംഗ് പ്രസ്സ് മാത്രമല്ല, അത് ജീവനുള്ള വിശ്വാസമാണ്'', ഗീതാ പ്രസ്സിന്റെ ഓഫീസ് കോടിക്കണക്കിന് ആളുകളുടെ ആരാധനാലയത്തില്‍ കുറഞ്ഞതല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഗീതയ്‌ക്കൊപ്പം കൃഷ്ണന്‍ വരും കൃഷ്ണനൊപ്പം അനുകമ്പയും കര്‍മ്മവും ഉണ്ടാകും; അതോടൊപ്പം വിജ്ഞാന ബോധവും ശാസ്ത്രീയ ഗവേഷണവും ഉണ്ട് ''വസുദേവ സര്‍വ്വം അതായത് എല്ലാം വസുദേവനിലും അതില്‍ നിന്നുമുള്ളതാണ്'' എന്ന ഗീതാ വചനംഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,

ഗീതാ പ്രസ്സിന്റെ രൂപത്തില്‍ 1923-ല്‍ ജ്വലിപ്പിച്ച ആത്മീയ വെളിച്ചം ഇന്ന് മുഴുവന്‍ മനുഷ്യരാശിയുടെയും വഴികാട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ഈ മാനുഷിക ദൗത്യത്തിന്റെ സുവര്‍ണ്ണ നൂറ്റാണ്ടിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ നല്ല ഭാഗ്യത്തിന്അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ ചരിത്ര സന്ദര്‍ഭത്തില്‍, ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌ക്കാരം ഗവണ്‍മെന്റ് സമ്മാനിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കല്യാണ്‍ പത്രികയിലൂടെ ഗീതാ പ്രസ്സിന് വേണ്ടി ഗാന്ധിജി ഒരിക്കല്‍ എഴുതിയിരുന്നതായി മഹാത്മാഗാന്ധിക്ക് ഗീതാ പ്രസ്സിനോടുള്ള വൈകാരിക അടുപ്പം പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. കല്യാണ്‍ പത്രികയില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത് ഗാന്ധിജിയാണെന്നും ആ നിര്‍ദ്ദേശം ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 വര്‍ഷം പഴക്കമുള്ള പൈതൃകത്തേയും സംഭാവനകളേയും മാനിച്ച് ഗാന്ധി സമാധാന പുരസ്‌ക്കാരം സമ്മാനിച്ച് ഗീതാ പ്രസിനോട് രാജ്യം ആദരവ് കാട്ടിയതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഈ 100 വര്‍ഷത്തിനിടയില്‍, ഗീതാ പ്രസ്സ് കോടിക്കണക്കിന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും, ചെലവിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവ വില്‍ക്കുകയും മാത്രമല്ല വീടുകള്‍തോറും അവ വിതരണം ചെയ്യുകയും ചെയ്തു. സമൂഹത്തിന് സമര്‍പ്പിതരായ നിരവധി പൗരന്മാരെ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ അറിവിന്റെ ഈ ഒഴുക്ക് നിരവധി വായനക്കാര്‍ക്ക് ആത്മീയവും ബൗദ്ധികവുമായ സംതൃപ്തി ലഭ്യമാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തന്നെ നിസ്വാര്‍ത്ഥമായി ഈ യാഗത്തില്‍ സഹകരിക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും. സേഠ്ജി ജയദയാല്‍ ഗോയന്ദ്ക, ഭായിജി ശ്രീ ഹനുമാന്‍ പ്രസാദ് പോദ്ദാര്‍ എന്നിവരെപ്പോലുള്ള വ്യക്തികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

മതവും പ്രവര്‍ത്തികളുമായി മാത്രം ബന്ധമുള്ളതല്ല ഗീതാ പ്രസ്സ് പോലൊരു സംഘടന, അതിന് ഒരു ദേശീയ സ്വഭാവം കൂടിയുണ്ടെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ''ഗീത പ്രസ്സ് ഇന്ത്യയെ ബന്ധിപ്പിക്കുന്നു, ഇന്ത്യയുടെ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുന്നു'', രാജ്യത്തുടനീളമുള്ള അതിന്റെ 20 ശാഖകളെ കുറിച്ച് അറിയിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാജ്യത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ഗീത പ്രസ്സിന്റെ സ്റ്റാളുകള്‍ ഒരാള്‍ക്ക് കാണാനാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.15 വ്യത്യസ്ത ഭാഷകളിലായി 1600 ശീര്‍ഷകങ്ങള്‍ ഗീതാ പ്രസ്സ് പ്രസിദ്ധീകരിക്കുന്നതായും ഇന്ത്യയുടെ അടിസ്ഥാന ചിന്തകള്‍ വിവിധ ഭാഷകളില്‍ ജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഒരു തരത്തില്‍ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് (ഒരു ഭാരതം ശ്രേഷ്ഠ ഭാരതം) എന്നതിന്റെ ആത്മാവിനെയാണ് ഗീത പ്രസ്സ് പ്രതിനിധീകരിക്കുന്നു, അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗീതാ പ്രസ്സ് അതിന്റെ 100 വര്‍ഷം പിന്നിടുന്നത് യാദൃശ്ചികതയല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആത്മാവിനെ ഉണര്‍ത്താന്‍ വിവിധ സ്ഥാപനങ്ങള്‍ രൂപപ്പെട്ടുവെന്ന് 1947-ന് മുമ്പ് ഇന്ത്യ അതിന്റെ നവോത്ഥാനത്തിനായി വിവിധ മേഖലകളില്‍ തുടര്‍ച്ചയായി പരിശ്രമിച്ചിരുന്ന കാലഘട്ടത്തെ ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. അതിന്റെഫലമായി, 1947 ആയപ്പോഴേക്കും അടിമത്തത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ മനസ്സും ആത്മാവും കൊണ്ട് ഇന്ത്യ പൂര്‍ണ്ണമായും സജ്ജമായതായി അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഗീതാ പ്രസ്സിന്റെ സ്ഥാപനവും അതിന്റെ പ്രധാന അടിത്തറയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തം നൂറു വര്‍ഷം മുമ്പ് തന്നെ ഇന്ത്യയുടെ ബോധത്തെ കളങ്കപ്പെടുത്തുകയും വിദേശ ആക്രമണകാരികള്‍ ഇന്ത്യയുടെ വായനശാലകള്‍ കത്തിക്കുകയും ചെയ്ത കാലത്തിനെക്കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി പരിവേദനപ്പെട്ടു. ''ബ്രിട്ടീഷുകാരുടെ കാലത്ത് ഗുരുകുലവും ഗുരുപാരമ്പര്യവും ഏറെക്കുറെ നശിപ്പിക്കപ്പെട്ടു''അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഉയര്‍ന്ന വിലകള്‍ മൂലം അച്ചടിശാലകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നതിനാല്‍,, ഇന്ത്യയുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ അപ്രത്യക്ഷമായിത്തുടങ്ങിയതിലും അദ്ദേഹം വെളിച്ചം വീശി. ''ഗീതയും രാമായണവും ഇല്ലാതെ നമ്മുടെ സമൂഹം എങ്ങനെ മുന്നോട്ടുപോകും? മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും സ്രോതസ്സുകള്‍ വറ്റിത്തുടങ്ങുമ്പോള്‍ സമൂഹത്തിന്റെ ഒഴുക്ക് താനേ നിലക്കും'', പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു.

 

അനീതിയും ഭീകരതയും ശക്തമാകുകയും സത്യം അപകടത്തില്‍പ്പെട്ട് മൂടപ്പെടുകയും ചെയ്യുമ്പോള്‍ എപ്പോഴും പ്രചോദനത്തിന്റെ ഉറവിടമായി ഭഗവദ്ഗീത മാറുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മതത്തിന്റെയും സത്യത്തിന്റെയും ആധികാരികതയില്‍ പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം അതിനെ സംരക്ഷിക്കാന്‍ ദൈവം ഭൂമിയില്‍ അവതരിക്കുന്നുവെന്നും ഗീത ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദീകരിച്ചു. ഗീതാ പ്രസ്സ് പോലുള്ള സംഘടനകള്‍ മാനുഷിക മൂല്യങ്ങളും ആദര്‍ശങ്ങളും പുനരുജ്ജീവിപ്പിക്കാനാണ് ചിലപ്പോള്‍ പിറവിയെടുത്തതെന്ന് ദൈവം ഏതു രൂപത്തിലും പ്രത്യക്ഷപ്പെടുന്നുവെന്ന് വിശദീകരിക്കുന്ന ഗീതയിലെ പത്താം അദ്ധ്യായത്തെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടിയുള്ള ബോധത്തിന്റെയും ചിന്തയുടെയും ഒഴുക്ക് 1923-ല്‍ സ്ഥാപിതമായപ്പോള്‍ മുതല്‍ തന്നെ ഗീതാ പ്രസ്സ് ത്വരിതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഗീത ഉള്‍പ്പെടെയുള്ള നമ്മുടെ വിശുദ്ധഗ്രന്ഥങ്ങള്‍ ഒരിക്കല്‍ കൂടി എല്ലാ വീടുകളിലും പ്രതിധ്വനിക്കാന്‍ തുടങ്ങിയെന്നും നമ്മുടെ മനസ്സ് ഇന്ത്യയുടെ മനസ്സുമായി ഇടകലര്‍ന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''കുടുംബ പാരമ്പര്യങ്ങളും പുതിയ തലമുറകളും ഈ പുസ്തകങ്ങളുമായി ബന്ധപ്പെടാന്‍ തുടങ്ങി, വരും തലമുറകള്‍ക്ക് അടിസ്ഥാനമായി നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ മാറാന്‍ തുടങ്ങിയെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''നിങ്ങളുടെ ലക്ഷ്യങ്ങള്‍ ശുദ്ധവും മൂല്യങ്ങള്‍ പരിശുദ്ധവുമാകുമ്പോള്‍ വിജയം അതിന്റെ പര്യായമാകുമെന്നതിന്റെ തെളിവാണ് ഗീതാ പ്രസ്സ്'', പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്ഥാപനമെന്ന നിലയില്‍ എല്ലായ്‌പ്പോഴും ഗീതാ പ്രസ്സ് സാമൂഹിക മൂല്യങ്ങളെ സമ്പന്നമാക്കുകയും ജനങ്ങള്‍ക്ക് കടമയുടെ പാത കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നതിലും അദ്ദേഹം അടിവരയിട്ടു, ഗംഗാ നദിയുടെ ശുചിത്വം, 'യോഗ ശാസ്ത്രം', പതഞ്ജലി യോഗ സൂത്രയുടെ പ്രസിദ്ധീകരണം, ആയുര്‍വേദവുമായി ബന്ധപ്പെട്ട 'ആരോഗ്യ അങ്ക്', ഇന്ത്യന്‍ ജീവിതരീതിയുമായി ജനങ്ങളെ പരിചയപ്പെടുത്തുന്ന 'ജീവന്‍ചാര്യ അങ്ക്' സമൂഹ സേവനത്തിന്റെ ആശയങ്ങള്‍, 'സേവാ അങ്ക്', 'ധന്‍ മഹിമ' എന്നിവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. ''ഈ പരിശ്രമങ്ങളുടെയെല്ലാം പിന്നില്‍, രാഷ്ട്ര സേവനത്തിനുള്ള പ്രചോദനമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്, ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയും അവിടെയുണ്ട്'' ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

''സന്ന്യാസിമാരുടെ തപസ്സ് ഒരിക്കലും പരാജയപ്പെടില്ല, അവരുടെ പ്രതിജ്ഞകള്‍ ഒരിക്കലും ശൂന്യമാവില്ല!'', ശ്രീ മോദി പറഞ്ഞു. വികസനവും പൈതൃകവും ഒരുപോലെ സ്വീകരിച്ചുകൊണ്ട് രാഷ്ട്രം മുന്നേറുകയാണെന്ന് അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തേയും നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നതിനെ കുറിച്ചും ചുവപ്പുകോട്ടയില്‍ നിന്ന് താന്‍ നടത്തിയ പ്രസംഗം അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത്, ഇന്ത്യ ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍, അതേ സമയ തന്നെ, കാശി ഇടനാഴിയുടെ പുനര്‍വികസനത്തിന് ശേഷം കാശിയിലെ വിശ്വനാഥ് ധാമിന്റെ ദൈവിക രൂപം ഉയര്‍ന്നുവരികയും ചെയ്തുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം കേദാര്‍നാഥ്, മഹാകാല്‍ മഹാലോക് തുടങ്ങിയ തീര്‍ത്ഥാടനങ്ങളുടെ മഹത്വത്തിന് സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രമെന്ന സ്വപ്‌നം നൂറ്റാണ്ടുകള്‍ക്ക് ശേഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നുവെന്ന വസ്തുതയും പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്തെ അടയാളപ്പെടുത്തുന്ന പുതിയ നാവിക പതാകയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കടമയുടെ മനോഭാവം പ്രചോദിപ്പിക്കുന്നതിനായി രാജ്പഥിനെ കര്‍ത്തവ്യ പഥ് എന്ന് പുനര്‍നാമകരണം ചെയ്തതും ഗോത്ര പാരമ്പര്യങ്ങളെയും ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യ സമര സേനാനികളെയും ആദരിക്കുന്നതിനായി രാജ്യത്തുടനീളം നടത്തുന്ന മ്യൂസിയങ്ങളുടെ വികസനവും, മോഷ്ടിക്കപ്പെട്ട് രാജ്യത്തിന് പുറത്തേക്ക് കടത്തികൊണ്ടുപോയ പവിത്രമായ പുരാതന വിഗ്രഹങ്ങള്‍ പുനഃസ്ഥാപിക്കുന്നതുമൊക്കെ പ്രധാനമന്ത്രി സ്പര്‍ശിച്ചു.

വികസിതവും ആത്മീയവുമായ ഇന്ത്യ എന്ന ആശയം നമ്മുടെ ഋഷിമാരാണ് നമുക്ക് നല്‍കിയതെന്നും അത് ഇന്ന് അര്‍ത്ഥപൂര്‍ണമാകുന്നത് കാണാന്‍ ആര്‍ക്കുംകഴിയുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സന്യാസിമാരുടെയും ഋഷിമാരുടെയും ആത്മീയാഭ്യാസം ഇന്ത്യയുടെ സര്‍വതോന്മുഖമായ വികസനത്തിനുള്ള ഊര്‍ജ്ജം തുടര്‍ന്നും നല്‍കുമെന്നതിലും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''നാം ഒരു നവഇന്ത്യ കെട്ടിപ്പെടുക്കും, ലോകക്ഷേമത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വിജയകരമാക്കും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ പാര്‍ലമെന്റ് അംഗം ശ്രീ രവി കിഷന്‍, ഗീതാപ്രസ്സ് ട്രസ്റ്റ്‌ബോര്‍ഡ് ജനറല്‍ സെക്രട്ടറി ശ്രീ വിഷ്ണു പ്രസാദ് ചന്ദ്‌ഗോതിയ, ചെയര്‍മാന്‍ കേശോറാം അഗര്‍വാള്‍, എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു. 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government