2023 ഓഗസ്റ്റ് 22-ന് ജോഹന്നാസ്‌ബർഗിൽ നടന്ന ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ (ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
ബ്രിക്സ് വ്യാവസായിക വേദിയുടെ പര്യാലോചനകളെക്കുറിച്ച് നേതാക്കൾ വിശദീകരിച്ചു.
സാമൂഹ്യവും സാമ്പത്തികവുമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികൾ ഉൾപ്പെടെ, വ്യവസായ നടത്തിപ്പു സുഗമമാക്കുന്നതിന് ഇന്ത്യ നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിൽ പങ്കുചേരാൻ ബ്രിക്സ് വ്യവസായ പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു.
അതിജീവനശേഷിയുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം കോവിഡ് ഉയർത്തിക്കാട്ടിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി പരസ്പരവിശ്വാസവും സുതാര്യതയും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ക്ഷേമത്തിന്, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് മേഖലയുടെ ക്ഷേമത്തിനായി, ബ്രിക്സിന് ഗണ്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.