കൊറോണ കാലഘട്ടത്തില്‍ നടത്തിയ അഭൂതപൂര്‍വമായ സേവനങ്ങള്‍ക്ക് വനിതാ സ്വയംസഹായ സംഘങ്ങളെ അഭിനന്ദിച്ചു
എല്ലാ സഹോദരിമാര്‍ക്കും അവരുടെ ഗ്രാമങ്ങളില്‍ സമൃദ്ധിയും അഭിവൃദ്ധിയും സൃഷ്ടിക്കാനാകുന്ന അന്തരീക്ഷവും സാഹചര്യങ്ങളും തുടര്‍ച്ചയായി ഒരുക്കുകയാണ് ഗവണ്‍മെന്റ്: പ്രധാനമന്ത്രി
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്: പ്രധാനമന്ത്രി
4 ലക്ഷത്തിലേറെ സ്വയംസഹായ സംഘങ്ങള്‍ക്കായി 1625 കോടി രൂപയുടെ മൂലധന സഹായനിധി പ്രധാനമന്ത്രി പുറത്തിറക്കി

'ആത്മനിര്‍ഭരത നാരീശക്തിയിലൂടെ' സംവാദത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ വനിതാ സ്വയംസഹായ സംഘാംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. ദീനദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിലൂടെ (ഡിഎവൈ-എന്‍ആര്‍എല്‍എം) പ്രോത്സാഹനം ലഭിച്ച വനിതാ സ്വയംസഹായ സംഘാംഗങ്ങള്‍/കമ്മ്യൂണിറ്റി റിസോഴ്സ് അംഗങ്ങള്‍ എന്നിവരുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. പരിപാടിക്കിടെ, രാജ്യമെമ്പാടുമുള്ള വനിതാ സ്വയംസഹായ സംഘാംഗങ്ങളുടെ വിജയഗാഥകളുടെ സമാഹാരവും കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളുടെ സാര്‍വത്രികവല്‍ക്കരണത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

4 ലക്ഷത്തിലേറെ സ്വയംസഹായ സംഘങ്ങള്‍ക്കായി 1625 കോടി രൂപയുടെ മൂലധന സഹായനിധിയും പ്രധാനമന്ത്രി  പുറത്തിറക്കി. ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതിയായ പിഎംഎഫ്എംഇക്കു (പിഎം ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റര്‍പ്രൈസസ്) കീഴില്‍ 7500 സ്വയംസഹായ സംഘാംഗങ്ങള്‍ക്ക് 25 കോടി രൂപ അടിസ്ഥാന തുകയും 75 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്ക് (എഫ്പിഒ) 4.13 കോടി രൂപയും പ്രോത്സാഹനമായി നല്‍കി.

കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്; കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാര്‍ പരസ്; ഗ്രാമവികസന സഹമന്ത്രിമാരായ സാധ്വി നിരഞ്ജന്‍ ജ്യോതി, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്തെ; പഞ്ചായത്ത് രാജ് സഹമന്ത്രി ശ്രീ കപില്‍ മൊറേശ്വര്‍ പാട്ടീല്‍, ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, കൊറോണക്കാലത്ത് സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ സേവനങ്ങളെ ശ്ലാഘിച്ചു. മാസ്‌കുകളും സാനിറ്റൈസറുകളും നിര്‍മിക്കുന്നതിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ബോധവല്‍ക്കരണം നടത്തുന്നതിലും അവര്‍ നടത്തിയത് സമാനതകളില്ലാത്ത സംഭാവനയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

വനിതകളില്‍ സംരംഭകത്വത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും സ്വയംപര്യാപ്ത ഇന്ത്യക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുമായി, രക്ഷാബന്ധന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍, ഇന്ന് നാലു ലക്ഷത്തിലധികം സ്വയംസഹായ സംഘങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം സഹായ സംഘവും ദീന്‍ ദയാല്‍ അന്ത്യോദയ യോജനയും ഗ്രാമീണ ഇന്ത്യയില്‍ പുത്തന്‍ വിപ്ലവത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറേഴു വര്‍ഷമായി വനിതാ സ്വയംസഹായ സംഘങ്ങളുടെ പ്രസ്ഥാനം ശക്തിപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാജ്യത്തുടനീളം 70 ലക്ഷം സ്വയംസഹായ സംഘങ്ങളുണ്ടെന്നും ഇത് ആറേഴുവര്‍ഷത്തിനിടെ മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയിലധികമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തുന്നതിനു മുമ്പ് കോടിക്കണക്കിന് സഹോദരിമാര്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നുവെന്നും അവര്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്ന് മൈലുകളോളും അകലെയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. അതുകൊണ്ടാണ് ഗവണ്‍മെന്റ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള വലിയ പ്രചാരണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 42 കോടിയിലധികം ജന്‍ധന്‍ അക്കൗണ്ടുകളുണ്ടെന്നും അതില്‍ 55 ശതമാനവും സ്ത്രീകളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് സുഗമമാക്കാനാണ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഉപജീവന ദൗത്യത്തിന് കീഴില്‍ സഹോദരിമാര്‍ക്ക് ഗവണ്‍മെന്റ് നല്‍കിയ സഹായധനം മുന്‍ ഗവണ്മെന്റിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 4 ലക്ഷം കോടി രൂപയുടെ വായ്പയും സ്വയംസഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ 7 വര്‍ഷങ്ങളായി ബാങ്കുകളില്‍ പണം തിരിച്ചടയ്ക്കുന്നതില്‍ സ്വയംസഹായ സംഘങ്ങള്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനരഹിത ആസ്തിയുടെ കാര്യത്തില്‍ ബാങ്ക് വായ്പകള്‍ 9 ശതമാനത്തോടടുത്ത സമയമുണ്ടായിരുന്നു. ഇപ്പോള്‍ അത് 2-3 ശതമാനമായി കുറഞ്ഞു. സ്വയം സഹായ സംഘത്തിലെ സ്ത്രീകളുടെ സത്യസന്ധതയെ അദ്ദേഹം അഭിനന്ദിച്ചു.

ഈടില്ലാതെ സ്വയം സഹായ സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്പയുടെ പരിധി ഇരട്ടിയാക്കി ഇപ്പോള്‍ 20 ലക്ഷത്തിലെത്തിച്ചുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകള്‍ വായ്പ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള വ്യവസ്ഥ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ നിരവധി പ്രയത്‌നങ്ങളിലൂടെ, സ്വയം പര്യാപ്തതയില്‍ ഇപ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെ നിങ്ങള്‍ക്കു മുന്നോട്ട് പോകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ ലക്ഷ്യങ്ങള്‍ ഉന്നംവയ്ക്കാനും പുതിയ ഊര്‍ജവുമായി മുന്നോട്ട് പോകാനുമുള്ള സമയമാണിത്. സഹോദരിമാരുടെ കൂട്ടായ ശക്തിയും പുതിയ കരുത്തോടെ ഇപ്പോള്‍ മുന്നോട്ട് പോകേണ്ടതുണ്ട്. എല്ലാ സഹോദരിമാര്‍ക്കും അവരുടെ ഗ്രാമങ്ങളില്‍ സമൃദ്ധിയും അഭിവൃദ്ധിയും സൃഷ്ടിക്കാനാകുന്ന അന്തരീക്ഷവും സാഹചര്യങ്ങളും തുടര്‍ച്ചയായി ഒരുക്കുകയാണ് ഗവണ്‍മെന്റ്.

കാര്‍ഷിക, കാര്‍ഷിക അധിഷ്ഠിത വ്യവസായത്തില്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് അനന്തമായ സാധ്യതകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേക നിധിക്കു രൂപംനല്‍കിയതായും ഈ നിധിയില്‍ നിന്ന് സഹായം സ്വീകരിച്ച് സ്വയംസഹായ സംഘങ്ങള്‍ക്ക് കാര്‍ഷിക അധിഷ്ഠിത സൗകര്യങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അംഗങ്ങള്‍ക്കും ന്യായമായ നിരക്കു നിശ്ചയിച്ച് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാനും കഴിയും.

പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ പ്രയോജനം നമ്മുടെ കര്‍ഷകര്‍ക്ക് മാത്രമല്ല, സ്വയം സഹായ സംഘങ്ങള്‍ക്കും പരിധിയില്ലാത്ത സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പയര്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാനും വീടുകളില്‍ വിതരണം ചെയ്യാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് സംഭരിക്കാന്‍ കഴിയുന്നതിന് ഇപ്പോള്‍ നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിയിടത്തില്‍ നിന്നു നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണോ അതോ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് സ്ഥാപിച്ച് മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത് വില്‍ക്കണോ എന്ന കാര്യം സ്വയംസഹായ സംഘങ്ങള്‍ക്ക് തീരുമാനിക്കാം. ഓണ്‍ലൈന്‍ കമ്പനികളുമായി സഹകരിച്ച് സ്വയംസഹായ സംഘങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ പായ്ക്ക് ചെയ്ത് എളുപ്പത്തില്‍ നഗരങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിര്‍മ്മിച്ച കളിപ്പാട്ടങ്ങള്‍ക്കും ഗവണ്‍മെന്റ് പ്രോത്സാഹനമേകുന്നുണ്ടെന്നും ഇതിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ചും പരമ്പരാഗതമായി അക്കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്ന നമ്മുടെ ഗോത്രമേഖലകളിലെ സഹോദരിമാര്‍ക്ക്. ഇതിലും സ്വയംസഹായ സംഘങ്ങള്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രചാരണം നടക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ സ്വയംസഹായ സംഘങ്ങള്‍ക്ക് രണ്ടുകാര്യങ്ങള്‍ ചെയ്യാനാകും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് അവബോധം വളര്‍ത്താനും അതിന്റെ ബദലിനായി പ്രവര്‍ത്തിക്കാനും അദ്ദേഹം സ്വയം സഹായ സംഘങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ ഗവണ്‍മെന്റ് സംവിധാനമായ ഇ-മാര്‍ക്കറ്റ് പ്ലേസ് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം സ്വയംസഹായ സംഘങ്ങളോട് അഭ്യര്‍ത്ഥിച്ചു. പരിവര്‍ത്തനത്തിന്റെ പാതയിലുള്ള ഇന്ത്യയില്‍, ഇന്ന് രാജ്യത്തെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും മുന്നേറാനുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ സഹോദരിമാര്‍ക്കും വീട്, ശുചിമുറി, വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരിമാരുടെയും പെണ്‍മക്കളുടെയും വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, വാക്‌സിനേഷന്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയില്‍ പൂര്‍ണ്ണ സംവേദനക്ഷമതയോടെയാണ് ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, സ്ത്രീകളുടെ അന്തസ്സ് മാത്രമല്ല, പെണ്‍മക്കളുടെയും സഹോദരിമാരുടെയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രനിര്‍മ്മാണത്തിനുള്ള അവരുടെ ശ്രമങ്ങളെ അമൃത മഹോത്സവവുമായി ബന്ധിപ്പിക്കാന്‍ പ്രധാനമന്ത്രി സ്വയം സഹായ സംഘങ്ങളോട് അഭ്യര്‍ത്ഥിച്ചു. എട്ടു കോടിയിലധികം സഹോദരിമാരുടെയും പെണ്‍മക്കളുടെയും കൂട്ടായ ശക്തിയാല്‍ അമൃത മഹോത്സവത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സേവനമനോഭാവവുമായി എങ്ങനെ മുന്നോട്ടുപോകുമെന്നു ചിന്തിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് പോഷകാഹാര ബോധവല്‍ക്കരണം, കോവിഡ് - 19 വാക്‌സിനേഷന്‍, ഗ്രാമങ്ങളിലെ ശുചിത്വം, ജലസംരക്ഷണം എന്നിവ സംബന്ധിച്ച പ്രചാരണങ്ങള്‍ നടത്തുന്ന കാര്യങ്ങള്‍ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തുള്ള ക്ഷീര-കന്നുകാലിവിസര്‍ജ്യ-സൗര പ്ലാന്റുകള്‍ സന്ദര്‍ശിക്കാനും അതില്‍ നിന്നു മികച്ച രീതികള്‍ പഠിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വയംസഹായ സംഘങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അമൃത മഹോത്സവത്തിന്റെ വിജയാമൃതം അവരുടെ പ്രയത്‌നങ്ങളാല്‍ എല്ലായിടത്തും വ്യാപിക്കുമെന്നും അതു രാജ്യത്തിനു നേട്ടമാകുമെന്നും പറഞ്ഞു.

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi