കൊച്ചി വാട്ടർ മെട്രോ നാടിനു സമർപ്പിച്ചു
വിവിധ റെയിൽ പദ്ധതികൾക്കും തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിട്ടു
“കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസും കൊച്ചിയിലെ വാട്ടർ മെട്രോയും ഇന്ന് ആരംഭിച്ച മറ്റ് സംരംഭങ്ങളും സംസ്ഥാനത്തിന്റെ വികസന യാത്രയെ കൂടുതൽ മുന്നോട്ടു നയിക്കും”
“കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും മര്യാദയും അവർക്ക് സവിശേഷമായ വ്യക്തിത്വം നൽകുന്നു”
“ആഗോള ഭൂപടത്തിൽ തിളങ്ങുന്ന ഇടമാണ് ഇന്ത്യ”
“സഹകരണ ഫെഡറലിസത്തിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും സംസ്ഥാനങ്ങളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന്റെ ഉറവിടമായി കണക്കാക്കുകയും ചെയ്യുന്നു”
“ഇന്ത്യ അഭൂതപൂർവമായ വേഗതയിലും തോതിലും പുരോഗമിക്കുകയാണ്”
“സമ്പർക്കസൗകര്യങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുക മാത്രമല്ല, ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുന്നു”
“ജി20 യോഗങ്ങളും പരിപാടികളും കേരളത്തിന് ആഗോളതലത്തി‌ൽ കൂടുതൽ പ്രചാരമേകുന്നു”
“കേരളത്തിന്റെ സംസ്കാരത്തിലും പാചകരീതിയിലും കാലാവസ്ഥയ‌ിലും സ്വതസിദ്ധമായ സമൃദ്ധിയുടെ ഉറവിടമുണ്ട്”
“രാഷ്ട്രനിർമാണത്തിനും 'ഏകഭാരതം ശ്രേഷ്ഠഭാരത'മെന്ന മനോഭാവത്തിനും വേണ്ടിയുള്ള നാട്ടുകാരുടെ പ്രയത്നങ്ങൾക്കായി 'മൻ കീ ബാത്തി'ന്റെ നൂറാം പതിപ്പ് സമർപ്പിക്കുന്നു”

സംസ്ഥാനത്തു്  3200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കൽ, വിവിധ റെയിൽ പദ്ധതികളുടെ തറക്കല്ലിടൽ, തിരുവനന്തപുരത്ത് ഡിജിറ്റൽ ശാസ്ത്ര പാർക്ക് എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതികൾ. നേരത്തെ, തിരുവനന്തപുരംമുതൽ കാസർഗോഡുവരെയുള്ള കേരളത്തിലെ ആദ്യവന്ദേഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി ഏവർക്കും വിഷു ആശംസകൾ നേർന്നു. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ്, കൊച്ചിയിലെ ആദ്യ വാട്ടർ മെട്രോ, നിരവധി റെയിൽവേ വികസനങ്ങൾ എന്നിവയുൾപ്പെടെ കേരളത്തിന്റെ വികസനവും സമ്പർക്കസൗകര്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് ഇന്ന് തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വികസന പദ്ധതികൾക്ക് കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

 

കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും മര്യാദയും അവർക്ക് സവിശേഷമായ വ്യക്തിത്വം നൽകുന്നുണ്ടെന്ന് കേരളത്തിന്റെ വിദ്യാഭ്യാസ, ബോധവൽക്കരണ നിലവാരത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആഗോള സാഹചര്യം മനസ്സിലാക്കാൻ കഴിവുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിയുടെ സമയങ്ങളിൽ ഇന്ത്യയെ വികസനത്തിന്റെ ഊർജസ്വലമായ സ്ഥലമായി കണക്കാക്കുന്നതിനെയും ഇന്ത്യയുടെ വികസനത്തിന്റെ വാഗ്ദാനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിനെയും കേരളജനതയ്ക്ക് അഭിനന്ദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇന്ത്യയോടു കാണിക്കുന്ന വിശ്വാസത്തിന്റെ ഖ്യാതി കേന്ദ്രത്തിലെ നിർണായകമായ ഗവണ്മെന്റിനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതു രാജ്യത്തിന്റെ ക്ഷേമത്തിനായി വേഗത്തിലും ദൃഢമായും തീരുമാനങ്ങൾ കൈക്കൊള്ളുന്നു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി അഭൂതപൂർവമായ നിക്ഷേപം നടത്തുന്നു. യുവാക്കളുടെ നൈപുണ്യവികസനത്തിനായി നിക്ഷേപങ്ങൾ നടത്തുന്നു. ജീവിതം സുഗമമാക്കുന്നതിനും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനും കേന്ദ്രഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹകരണ ഫെഡറലിസത്തിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനമായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സേവനാധിഷ്ഠിത സമീപനത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. കേരളം പുരോഗമിച്ചാൽ മാത്രമേ രാഷ്ട്രത്തിന് അതിവേഗം പുരോഗതി കൈവരിക്കാനാകൂ”- പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന മലയാളികൾക്കു പ്രയോജനംചെയ്ത കേന്ദ്ര ഗവണ്മെന്റ‌ിന്റെ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ യശസ് വർധിക്കുന്നതിന്റെ ഒരു കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വർധിച്ചുവരുന്ന ശക്തി ഇന്ത്യൻ പ്രവാസസമൂഹത്തെ വളരെയധികം സഹായിക്കുന്നു - അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 9 വർഷത്തിനിടയിൽ സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത്തിലും തോതിലും നടന്നുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. “രാജ്യത്ത് പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂർണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ സുവർണകാലഘട്ടത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്” - അദ്ദേഹം പറഞ്ഞു, 2014-ന് മുമ്പുള്ള ശരാശരി റെയിൽവേ ബജറ്റ് ഇപ്പോൾ അഞ്ചിരട്ടിയായി വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവെയുമായി ബന്ധപ്പെട്ട് കേരളത്തിൽ കഴിഞ്ഞ 9 വർഷമായി നടത്തിയ വികസനങ്ങളിലേക്കു വെളിച്ചം വീശി, ഗേജ് പരിവർത്തനം, ഇരട്ടിപ്പിക്കൽ, റെയിൽവേ ട്രാക്കുകളുടെ വൈദ്യുതവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി പരാമർശിച്ചു. ബഹുതല ഗതാഗത കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.  “വന്ദേ ഭാരത് എക്സ്‌പ്രസ് വികസനത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്” - ഇത്തരം അർധ അതിവേഗ ട്രെയിനുകൾ അനായാസം ഓടിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ റെയിൽ ശൃംഖലയുടെ പരിവർത്തനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും സാംസ്കാരിക, ആത്മീയ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കും. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ട്രെയിനിന്റെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരം-ഷൊർണൂർ പാത അർധ അതിവേഗ ട്രെയിനുകൾക്കായി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പൂർത്തിയാകുമ്പോൾ, തിരുവനന്തപുരംമുതൽ മംഗളൂരുവരെ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് 'മെയ്ഡ് ഇൻ ഇന്ത്യ' പ്രതിവിധികൾ ലഭ്യമാക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു സെമി-ഹൈബ്രിഡ് ട്രെയിൻ, റീജണൽ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റം, റോ-റോ ഫെറി, റോപ്‌വേ തുടങ്ങിയ പ്രതിവിധികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യ വന്ദേ ഭാരത് - മെട്രോ കോച്ചുകൾ എന്നിവയുടെ തദ്ദേശീയ നിർമാണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മെട്രോ ലൈറ്റ്, ചെറിയ നഗരങ്ങളിലെ അർബൻ റോപ്പ് വേ തുടങ്ങിയ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

 

കൊച്ചി വാട്ടർ മെട്രോ 'മെയ്ഡ് ഇൻ ഇന്ത്യ' പദ്ധതിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനായി തുറമുഖങ്ങൾ വികസിപ്പിച്ചതിന് കൊച്ചി കപ്പൽശാലയെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചി വാട്ടർ മെട്രോ കൊച്ചിയുടെ സമീപ ദ്വീപുകളിൽ താമസിക്കുന്നവർക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുമെന്നും ബസ് ടെർമിനലും മെട്രോ ശൃംഖലയും തമ്മിൽ ഇന്റർമോഡൽ സമ്പർക്കസൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കായൽ വിനോദസഞ്ചാരത്തിനും ഇത് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഭൗതിക സമ്പർക്കസൗകര്യങ്ങൾക്കൊപ്പം ഡിജിറ്റൽ സമ്പർക്കസൗകര്യങ്ങളും രാജ്യത്തിന്റെ മുൻഗണനയാണെന്ന് ശ്രീ മോദി ആവർത്തിച്ചു. തിരുവനന്തപുരത്തെ ഡിജിറ്റൽ ശാസ്ത്ര പാർക്ക് പോലെയുള്ള പദ്ധതികൾ ഡിജിറ്റൽ ഇന്ത്യക്ക് ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനത്തിന് ആഗോളതലത്തിൽ മതിപ്പുള്ളതായി അദ്ദേഹം ചൂണ്ടി‌ക്കാട്ടി. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പർക്കസൗകര്യങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുക മാത്രമല്ല, ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലുടനീളം കാണാനാകുന്ന വികസനത്തിന്റെ ശരിയായ മാതൃകയാണിതെന്നും ഇത് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “കേരളത്തിനു തനതു സംസ്കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയിൽ അന്തർലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്” - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം പരിപാടികൾ കേരളത്തിന് ആഗോളതലത്തിൽ കൂടുതൽ പ്രചാരം നൽകുമെന്നും വ്യക്തമാക്കി.

 

രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങൾ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “കേരളത്തിനു തനതു സംസ്കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയിൽ അന്തർലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്” - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇത്തരം പരിപാടികൾ കേരളത്തിന് ആഗോളതലത്തിൽ കൂടുതൽ പ്രചാരം നൽകുമെന്നും വ്യക്തമാക്കി.

റാഗി പുട്ട് പോലെയുള്ള കേരളത്തിലെ പ്രശസ്തമായ ശ്രീ അന്ന (ചെറുധാന്യം) വിഭവങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങളെക്കുറിച്ച് ശബ്ദമുയർത്താൻ ശ്രീ മോദി ഏവരോടും ആഹ്വാനംചെയ്തു. "നമ്മുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തുമ്പോൾ, വികസ‌ിത ഭാരതത്തിന്റെ പാത കൂടുതൽ ശക്തമാകും" - അദ്ദേഹം പറഞ്ഞു.

'മൻ കീ ബാത്ത്' പരിപാടിയുമായി ബന്ധപ്പെട്ട് പൗരന്മാരുടെ നേട്ടങ്ങളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, 'പ്രാദേശിതകയ്ക്കായുള്ള ആഹ്വാനം' പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സ്വയംസഹായ സംഘങ്ങൾ സൃഷ്ടിച്ച ഉൽപ്പന്നങ്ങളെക്കുറിച്ച് താൻ ഇടയ്ക്കിടെ പരാമർശിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മൻ കി ബാത്ത്’ ഈ ഞായറാഴ്ച നൂറാം എപ്പിസോഡ് തികയ്ക്കുകയാണെന്നും രാഷ്ട്രവികസനത്തിനും ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനും സംഭാവനകളേകിയ എല്ലാ പൗരന്മാർക്കുമായി ഇതു സമർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വികസിതഭാരതം കെട്ടിപ്പടുക്കാൻ ഏവരും സ്വയം സമർപ്പിക്കണമെന്ന് പറഞ്ഞാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

 

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ശ്രീ വി മുരളീധരൻ, തിരുവനന്തപുരം പാർലമെന്റ് അംഗം ഡോ. ശശി തരൂർ, കേരള മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

3200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്നു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നഗരവുമായി തടസ്സങ്ങളില്ലാത്ത സമ്പർക്കസൗകര്യത്തിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ വഴി കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമെ ദിണ്ഡിഗൽ-പഴനി-പാലക്കാട് പാതയുടെ റെയിൽ വൈദ്യുതവൽക്കരണവും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിനിടെ, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. നേമം, കൊച്ചുവേളി എന്നിവയുൾപ്പെടെ തിരുവനന്തപുരം പ്രദേശത്തിന്റെ സമഗ്ര വികസനവും തിരുവനന്തപുരം-ഷൊർണൂർ സെക്ഷന്റെ സെക്ഷണൽ വേഗത വർധിപ്പിക്കലും പദ്ധതികളിൽ ഉൾപ്പെടുന്നു.

ഇതുകൂടാതെ തിരുവനന്തപുരത്ത് ഡിജിറ്റൽ ശാസ്ത്ര പാർക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. അക്കാദമിക മേഖലയുമായി സഹകരിച്ച് വ്യവസായ യൂണിറ്റുകൾക്കു ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള പ്രധാന ഗവേഷണ സൗകര്യമായാണു ഡിജിറ്റൽ ശാസ്ത്ര പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നാം തലമുറ ശാസ്ത്ര പാർക്ക് എന്ന നിലയിൽ, നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ, സ്മാർട്ട് മെറ്റീരിയലുകൾ തുടങ്ങി വ്യവസായം 4.0 സാങ്കേതികവിദ്യകളുടെ മേഖലയിലെ ഉൽപ്പന്നങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള പൊതു സൗകര്യങ്ങൾ ഡിജിറ്റൽ ശാസ്ത്ര പാർക്കിലുണ്ടാകും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ വ്യവസായങ്ങളുടെ ഉയർന്ന നിലവാരമുള്ള പ്രായോഗിക ഗവേഷണത്തെയും, സർവകലാശാലകളുമായി സഹകരിച്ച് ഉൽപ്പന്നങ്ങളുടെ സഹ-വികസനത്തെയും പിന്തുണയ്ക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള പ്രാരംഭ നിക്ഷേപം ഏകദേശം 200 കോടി രൂപയാണ്. മൊത്തം പദ്ധതി വിഹിതം ഏകദേശം 1515 കോടി രൂപ.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage