പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയാലയുമായി കൂടിക്കാഴ്ച നടത്തി. ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ചെക്ക് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. 2024 ജനുവരി 9 മുതൽ 11 വരെ അദ്ദേഹം ഇന്ത്യയിലുണ്ടാകും.
വിജ്ഞാനം, സാങ്കേതികവിദ്യ, ശാസ്ത്രം എന്നീ മേഖലകളിൽ ഉഭയകക്ഷിബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിനു കീഴിൽ പ്രതിരോധം, റെയിൽവേ, വ്യോമയാനം എന്നീ മേഖലകളിൽ നിരവധി ചെക്ക് കമ്പനികൾ ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളർച്ചാഗാഥയും ചെക്ക് റിപ്പബ്ലിക്കിന്റെ ശക്തമായ വ്യാവസായിക അടിത്തറയും ഇരുരാജ്യങ്ങളെയും ആഗോള വിതരണശൃംഖലയിലെ മികച്ച രണ്ടു പങ്കാളികളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചെക്ക് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായി നൂതനാശയങ്ങൾ സംബന്ധിച്ച ഇന്ത്യ-ചെക്ക് തന്ത്രപ്രധാന പങ്കാളിത്തത്തിനുള്ള സംയുക്ത പ്രസ്താവന അംഗീകരിച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. സ്റ്റാർട്ടപ്പ്, നൂതനാശയങ്ങൾ, സൈബർ സുരക്ഷ, ഡിജിറ്റൽ മേഖലകൾ, നിർമിതബുദ്ധി, പ്രതിരോധം, ആണവോർജം, ചാക്രിക സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും പരസ്പരസഹായം പ്രയോജനപ്പെടുത്താനാണു സംയുക്തപ്രസ്താവന ലക്ഷ്യമിടുന്നത്.
ജയ്പുർ സന്ദർശിക്കുന്ന ചെക്ക് പ്രധാനമന്ത്രി ഫിയാലയെ നിംസ് സർവകലാശാല ഓണറിസ് കോസ ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കും.