പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രമുഖ പോളിഷ് ഇൻഡോളജിസ്റ്റുകളുമായി (ഇന്ത്യാചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ചു പഠിക്കുന്നവർ) കൂടിക്കാഴ്ച നടത്തി.
ഈ സംഘത്തിൽ ഉൾപ്പെട്ടവർ:
പ്രമുഖ പോളിഷ് സംസ്‌കൃത പണ്ഡിതനും വാർസോ സർവകലാശാലയിലെ എമെരിറ്റസ് പ്രൊഫസറുമായ പ്രൊഫ. മരിയ ക്രിസ്റ്റഫർ ബൈർസ്‌കി.1993 മുതൽ 1996 വരെ പോളണ്ടിന്റെ ഇന്ത്യയിലെ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രൊഫ. ബൈർസ്‌കിയെ 2022 മാർച്ചിൽ രാഷ്ട്രപതി പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.
പ്രശസ്ത പോളിഷ് ഹിന്ദി പണ്ഡിതയും പോസ്‌നാനിലെ ആദം മിക്കിവിക്‌സ് സർവകലാശാലയിലെ (എഎംയു) ഏഷ്യൻ പഠനവിഭാഗം മേധാവിയുമായ പ്രൊഫ. മോണിക്ക ബ്രോവാർസി. 2023 ഫെബ്രുവരിയിൽ ഫിജിയിൽ നടന്ന 12-ാമത് വിശ്വ ഹിന്ദി സമ്മേളനത്തിൽ പ്രൊഫ. ബ്രൊവാർസിക്ക് വിശ്വ ഹിന്ദി സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ തത്ത്വചിന്തയിലെ പ്രമുഖ പോളിഷ് പണ്ഡിതയും ക്രാക്കോവിലെ ജാഗില്ലോനിയൻ സർവകലാശാലയിലെ (ജെയു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസിന്റെ മേധാവിയുമായ പ്രൊഫ. ഹാലിന മാർലെവിക്‌സ്.
പ്രമുഖ പോളിഷ് ഇൻഡോളജിസ്റ്റും വാർസോ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം മുൻ മേധാവിയുമായ പ്രൊഫ. ഡനുറ്റ സ്റ്റാസിക്.
പ്രശസ്ത പോളിഷ് ഇൻഡോളജിസ്റ്റും റോക്ലാ സർവകലാശാലയിലെ ഇന്ത്യൻ പഠനവിഭാഗം മേധാവിയുമായ പ്രൊഫ. സെമിസ്ലോ സറെക്.
ഈ പണ്ഡിതരുടെ ഇന്ത്യൻ വിഷയങ്ങളിലുള്ള അഗാധ താൽപ്പര്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-പോളണ്ട് സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിലും പരസ്പരധാരണ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ പ്രവർത്തനങ്ങളും അക്കാദമിക് ഗവേഷണങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഇൻഡോളജി പഠനമേഖലയിൽ പോളണ്ട് താൽപ്പര്യം പ്രകടിപ്പിച്ചു വരുന്നു.
Met Prof. Maria Christopher Byrski, Prof. Monika Browarczyk, Prof. Halina Marlewicz, Prof. Danuta Stasik and Prof. Przemyslaw Szurek in Warsaw. These eminent scholars and Indologists are working on different aspects of Indian history and culture. We talked about ways to make… pic.twitter.com/i6WphFr12D
— Narendra Modi (@narendramodi) August 22, 2024