ശ്രീ. അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീരിലെ അപ്‌നീ പാര്‍ട്ടിയുടെ 24 അംഗ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ കൂടിക്കാഴ്ച നടത്തി.
ജമ്മു കശ്മീരില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതില്‍ പൊതജന പങ്കാളിത്തത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഭരണത്തിന്റെ പ്രസക്തിയെ കുറിച്ചും കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഗൗരവമായി പരാമര്‍ശിച്ചു. അതിവേഗമുള്ള രാഷ്ട്രീയ ഉദ്ഗ്രഥന പ്രക്രിയയിലൂടെ മേഖലയിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുവ ശാക്തീകരണത്തെ കുറിച്ചു പരാമര്‍ശിക്കവേ, ജമ്മു-കശ്മീരിന്റെ വികസനത്തിനുള്ള ഉല്‍പ്രേരകങ്ങളായി യുവാക്കള്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ സര്‍വതോന്മുഖമായ വികസനം സാധ്യമാക്കുന്നതില്‍ നൈപുണ്യ വികസനത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉള്ള പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം വഴിയും വിനോദ സഞ്ചാരം പോലുള്ള മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ സൃഷ്ടിക്കുക വഴിയും മേഖലയുടെ സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രതിനിധി സംഘത്തോടു ശ്രീ. മോദി വെളിപ്പെടുത്തി. ജമ്മു കശ്മീര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനു ഗവണ്‍മെന്റിന്റെ പിന്‍തുണ അദ്ദേഹം ഉറപ്പുനല്‍കി.
ജനസംഖ്യയില്‍ വരുന്ന മാറ്റങ്ങള്‍, മണ്ഡല പുനര്‍നിര്‍ണയം, സംസ്ഥാന പദവി നല്‍കല്‍ തുടങ്ങി ആശങ്ക നിലനില്‍ക്കുന്ന വിഷയങ്ങളെ സംബന്ധിച്ചു പ്രധാനമന്ത്രി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന പരാമര്‍ശിക്കവേ, ജമ്മു കശ്മീരിനു പരമാവധി നേരത്തേ സംസ്ഥാന പദവി ലഭിക്കുക എന്ന പ്രതീക്ഷ യാഥാര്‍ഥ്യമാക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി.
370, 35 എ വകുപ്പുകള്‍ റദ്ദാക്കാന്‍ തീരുമാനം കൈക്കൊണ്ട 2019 ഓഗസ്റ്റ് അഞ്ച് ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണെന്ന് അപ്‌നീ പാര്‍ട്ടി അധ്യക്ഷന്‍ ശ്രീ. അല്‍താഫ് ബുഖാരി പറഞ്ഞു.
ജമ്മു കശ്മീരിനു നല്‍കിവരുന്ന തുടര്‍ച്ചയായ പിന്‍തുണയ്ക്കും പ്രദേശത്തിന്റെ വികസനത്തിനായി നടത്തിവരുന്ന അക്ഷീണമായ പ്രയത്‌നത്തിനും പ്രധാനമന്ത്രിയെ പ്രതിനിധിസംഘം നന്ദി അറിയിച്ചു. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനു ഗവണ്‍മെന്റും സുരക്ഷാ ഏജന്‍സികളും നടത്തിവരുന്ന ശ്രമങ്ങളെ അവര്‍ അഭിനന്ദിച്ചു.