കേന്ദ്ര വാണിജ്യ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് സമുച്ചയമായ വാണിജ്യ ഭവന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തറക്കല്ലിട്ടു.
നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. രാജ്യതലസ്ഥാനത്ത് പോലും പ്രധാനപ്പെട്ട കെട്ടിട നിര്‍മ്മാണ പദ്ധതികളില്‍ അത്യധികമായ കാലതാമസം വരുത്തുന്ന പഴയ സമ്പ്രദായത്തില്‍ നിന്ന് മാറി നവ ഇന്ത്യയുടെ മനോഭാവത്തിന് അനുസൃതമായിട്ടായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രം, ഡോ. അംബേദ്ക്കര്‍ ദേശീയ സ്മാരകം, പ്രവാസി ഭാരതീയ കേന്ദ്രം, കേന്ദ്ര വിവരാവകാശ മന്ദിരം എന്നിവയെല്ലാം ഇപ്രകാരം നിശ്ചിത സമയത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയുടെ മാറ്റത്തിന്റെ കൂടി ഫലമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഓഫീസ് മന്ദിരമായ വാണിജ്യ ഭവന്‍ രാജ്യത്തെ വാണിജ്യ മേഖലയിലെ കൂടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടത്തെ കുറിച്ച് പരാമര്‍ശിക്കവെ, നമ്മുടെ യുവജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ സഫലീകരിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കവെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന ഭൂമി മുമ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സപ്ലൈസ് ആന്റ് ഡിസ്‌പോസലിന്റേതായിരുന്നവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സ്ഥലം ഗവണ്‍മെന്റിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസിലൂടെ (ജി.ഇ.എം) ചുരുങ്ങിയ സമയം കൊണ്ട് 8700 കോടി രൂപയുടെ കൈമാറ്റത്തിലൂടെ മാറ്റുകയായിരുന്നു. ജി.ഇ.എം. നെ കൂടുതല്‍ വികസിപ്പിക്കാനും രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയുടെ ഗുണത്തിനായി അതിനെ വിനിയോഗിക്കാന്‍ പ്രധാനമന്ത്രി വാണിജ്യ വകുപ്പിനെ ആഹ്വാനം ചെയ്തു. ചരക്ക് സേവന നികുതിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി ജനസൗഹൃദപരവും, വികസന സൗഹൃദവും, പരിസ്ഥിതി സൗഹൃദവുമായ സാഹചര്യം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ച് വരികയാണെന്ന് വ്യക്തമാക്കി.
വ്യത്യസ്ഥ സ്തൂല സാമ്പത്തിക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ആഗോള സമ്പദ് ഘടനയില്‍ എങ്ങനെയാണ് ഇന്ത്യ ഇപ്പോള്‍ സുപ്രധാന പങ്ക് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള 5 ധനകാര്യ – സാങ്കേതിക വിദ്യാ (ഫിന്‍-ടെക്) രാഷ്ട്രങ്ങളില്‍ ഇന്ന് ഇന്ത്യയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധിതമായ ഒരു ലോകത്ത് ‘വ്യാപാരം സുഗമമാക്കല്‍’, ‘ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കല്‍’ എന്നിവയെല്ലാം ‘ജീവിതം സുഗമമാക്കലുമായി’ ബന്ധപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതി വര്‍ദ്ധിപ്പിക്കലിന്റെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഈ ഉദ്യമത്തില്‍ സംസ്ഥാനങ്ങളെ സജീവ പങ്കാളികളാക്കണമെന്നും നിര്‍ദ്ദേശിച്ചു. മൊത്തം ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം ഇപ്പോഴത്തെ 1.6 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി ഉയര്‍ത്തണമെന്ന് വാണിജ്യ വകുപ്പ് ദൃഢനിശ്ചയം എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ ഇറക്കുമതി കുറയ്ക്കാന്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ട ശ്രമങ്ങള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെ അദ്ദേഹം ഉദാഹരിച്ചു. ആഭ്യന്തര ഉല്‍പ്പാദനത്തിന് കുതിപ്പേകാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Click here to read PM's speech