ഏകദേശം 28,980 കോടി രൂപയുടെ വിവിധ വൈദ്യുതപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
ഏകദേശം 2110 കോടി രൂപ ചെലവിൽ വികസിപ്പിച്ച ദേശീയപാതയുടെ മൂന്നു റോഡ് മേഖലാപദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഏകദേശം 2146 കോടി രൂപയുടെ റെയിൽവേ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
സംബൽപുർ റെയിൽവേ സ്റ്റേഷൻ പുനർവികസനത്തിനു തറക്കല്ലിട്ടു
പുരി-സോനേപുർ-പുരി പ്രതിവാര എക്സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
സംബൽപുർ ഐഐഎമ്മിന്റെ സ്ഥിരം ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
“ഇന്ന്, രാജ്യത്തിന്റെ മഹത്തായ പുത്രന്മാരിൽ ഒരാളായ മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിക്കു ഭാരതരത്നം നൽകാൻ തീരുമാനിച്ചു”
“ഒഡിഷയെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യവികസനത്തിന്റെയും കേന്ദ്രമാക്കി മാറ്റാൻ ഗവണ്മെന്റ് തുടർച്ചയായ ശ്രമങ്ങൾ നടത്തി”
“എല്ലാ സംസ്ഥാനങ്ങളും വികസിച്ചാലേ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ”
“കഴിഞ്ഞ പത്തുവർഷത്തിനിടെ കേന്ദ്രഗവണ്മെന്റ് സ്വീകരിച്ച നയങ്ങൾ ഒഡിഷയ്ക്കു വളരെയധികം പ്രയോജനം ചെയ്തു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‌ഒഡ‌ിഷയിലെ സംബൽപുരി‌ൽ 68,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റോഡ്-റെയിൽവേ-ഉന്നത വിദ്യാഭ്യാസമേഖലകളിലെ സുപ്രധാന പദ്ധതികൾക്കു പുറമെ പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ഊർജമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇതി‌ൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രദർശിപ്പിച്ച ഐഐഎം സംബൽപുറിന്റെ മാതൃകയും ഫോട്ടോപ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

വിദ്യാഭ്യാസം, റെയിൽവേ, റോഡ്, വൈദ്യുതി, പെട്രോളിയം എന്നീ മേഖലകളിൽ ഏകദേശം 70,000 കോടി രൂപയുടെ വികസന പദ്ധതികൾക്കു തുടക്കംകുറിച്ചതിനാൽ ഒഡിഷയുടെ വികസനയാത്രയുടെ സുപ്രധാന സന്ദർഭമാണ് ഇന്നത്തെ ദിവസമെന്നു സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾ, തൊഴിലാളികൾ, തൊഴിലാളിവർഗം, വ്യവസായികൾ, കർഷകർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് ഇന്നത്തെ വികസനപദ്ധതികളുടെ ഗുണഫലങ്ങൾ ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയിലെ യുവാക്കൾക്ക് ഇത് ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മുൻ ഉപപ്രധാനമന്ത്രി ശ്രീ ലാൽ കൃഷ്ണ അദ്വാനിക്കു ഭാരതരത്നം നൽകാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി എന്നീ നിലകളിൽ ശ്രീ അദ്വാനിയുടെ സമാനതകളില്ലാത്ത സംഭാവനകളെയും, സമുന്നതനും വിശ്വസ്തനുമായ പാർലമെന്റംഗമെന്ന നിലയിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിനെയും പ്രധാനമന്ത്രി പ്രശംസിച്ചു. “അദ്വാനിജിയെ ഭാരതരത്ന നൽകി ആദരിക്കുന്നത്, രാഷ്ട്രസേവനത്തിനായി ജീവിതം സമർപ്പിക്കുന്നവരെ രാഷ്ട്രം ഒരിക്കലും മറക്കില്ല എന്നതിന്റെ അടയാളമാണ്” - പ്രധാനമന്ത്രി പറഞ്ഞു. ശ്രീ എൽ കെ അദ്വാനി തന്നോടു കാട്ടിയ സ്നേഹത്തിനും അനുഗ്രഹത്തിനും മാർഗനിർദേശത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പൗരന്മാർക്കും വേണ്ടി അദ്ദേഹത്തെ അഭിനന്ദിക്കുകയും ദീർഘായുസ്സിനായി പ്രാർഥിക്കുകയും ചെയ്തു.

ഒഡിഷയെ വിദ്യാഭ്യാസത്തിന്റെയും നൈപുണ്യവികസനത്തിന്റെയും കേ​ന്ദ്രമാക്കുന്നതിനു കേന്ദ്രഗവണ്മെന്റ് തുടർച്ചയായി പരിശ്രമിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ IISER ബർഹാംപുർ, ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി തുടങ്ങിയ ആധുനിക വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ ഒഡിഷയുടെ യുവത്വത്തിന്റെ ഭാഗധേയം മാറി. ഇപ്പോൾ, ഐഐഎം സംബൽപുർ ആധുനിക മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായി സ്ഥാപിക്കുന്നതോടെ, സംസ്ഥാനത്തിന്റെ പങ്കു കൂടുതൽ ശക്തിപ്പെടുകയാണ്. മഹാമാരിക്കാലത്ത് ഐഐഎമ്മിനു (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) തറക്കല്ലിട്ടത് അദ്ദേഹം അനുസ്മരിക്കുകയും എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും അതു പൂർത്തിയാക്കാൻ പരിശ്രമിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു.

 

“എല്ലാ സംസ്ഥാനങ്ങളും വികസിച്ചാൽ മാത്രമേ വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകൂ” - എല്ലാ മേഖലയിലും ഒഡിഷയ്ക്കു പരമാവധി പിന്തുണ നൽകുമെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രയത്നങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി,  ഒഡിഷയിലെ പെട്രോളിയം, പെട്രോകെമിക്കൽസ് മേഖലയിൽ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നു പരാമർശിച്ചു. സംസ്ഥാനത്തിന്റെ റെയിൽവേ ബജറ്റ് 12 മടങ്ങു വർധിച്ചു. പിഎം ഗ്രാം സഡക് യോജനയ്ക്കു കീഴിൽ ഒഡിഷയിലെ ഗ്രാമപ്രദേശങ്ങളിൽ 50,000 കിലോമീറ്റർ റോഡുകളും 4000 കിലോമീറ്റർ ദേശീയ പാതകളും നിർമിക്കുന്നതും  പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്ത മൂന്നു ദേശീയപാതാ പദ്ധതികളെക്കുറിച്ചു പരാമർശിക്കവേ, യാത്രാദൂരത്തിനൊപ്പം ഒഡിഷയ്ക്കും ഝാർഖണ്ഡിനും ഇടയിലുള്ള അന്തർസംസ്ഥാന സമ്പർക്കസൗകര്യങ്ങൾക്കും മാറ്റമുണ്ടാകുമെന്നു പ്രധാനമന്ത്രി അറിയിച്ചു. ഖനനം, ഊർജം, ഉരുക്കുവ്യവസായങ്ങൾ എന്നിവയിലെ സാധ്യതകൾക്കു പേരുകേട്ടതാണ് ഈ മേഖലയെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പുതിയ സമ്പർക്കസൗകര്യം മുഴുവൻ മേഖലയിലും പുതിയ വ്യവസായങ്ങൾക്കു സാധ്യതകൾ സൃഷ്ടിക്കുമെന്നും അതുവഴി ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു. സംബൽപൂർ-താൽച്ചെർ റെയിൽ പാത ഇരട്ടിപ്പിക്കൽ, ഝാർ-തർഭ മുതൽ സോൻപുർ വരെയുള്ള പുതിയ റെയിൽ പാതയുടെ ഉദ്ഘാടനം എന്നിവ അദ്ദേഹം പരാമർശിച്ചു. “സുബർണപുർ ജില്ലയും പുരി-സോൻപുർ എക്സ്‌‌പ്രസ് വഴി ബന്ധിപ്പിക്കും; ഇതു ഭക്തർക്കു ജഗന്നാഥദർശനം എളുപ്പമാക്കും” - അദ്ദേഹം പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത സൂപ്പർ ക്രിട്ടിക്കൽ, അൾട്രാ സൂപ്പർ ക്രിട്ടിക്കൽ താപനിലയങ്ങൾ ഒഡിഷയിലെ എല്ലാ കുടുംബങ്ങൾക്കും ആവശ്യമായ വൈദ്യുതി മിതമായ നിരക്കിൽ ഉറപ്പാക്കുമെന്നു ശ്രീ മോദി പറഞ്ഞു.

''കഴിഞ്ഞ 10 വര്‍ഷത്തിലെ കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങളില്‍ നിന്ന് ഒഡീഷയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചു'', ഖനന നയത്തിലെ മാറ്റത്തിന് ശേഷം ഒഡീഷയുടെ വരുമാനം 10 മടങ്ങ് വര്‍ദ്ധിച്ചതായി പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഖനനം നടക്കുന്ന പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും ധാതു ഉല്‍പ്പാദനത്തിന്റെ പ്രയോജനം ലഭിക്കാതിരുന്ന മുന്‍കാല നയം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഖനനത്തിലൂടെ ലഭിക്കുന്ന വരുമാനം ജില്ലാ മിനറല്‍ ഫൗണ്ടേഷന്റെ രൂപീകരണത്തോടെ ആ പ്രദേശത്തിന്റെ വികസനത്തിനുള്ള നിക്ഷേപം ഉറപ്പാക്കിയതിലൂടെ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്തുവെന്നും പ്രധാനമന്ത്രി പ്രാമാണീകരിച്ചു. ''ഒഡീഷയ്ക്ക് ഇതുവരെ 25,000 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്, ഖനനം നടക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ പണം ഉപയോഗിക്കുന്നു.'' ഒഡീഷയുടെ വികസനത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ഇതേ സമര്‍പ്പണ മനോഭാവത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി ഒഡീഷയിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

 

ഒഡീഷ ഗവര്‍ണര്‍ ശ്രീ രഘുബര്‍ ദാസ്, ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീന്‍ പട്‌നായിക്, കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഒഡീഷയിലെ സംബാല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഊര്‍ജ മേഖലയെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പണവും തറക്കല്ലിടലും നടന്നു.

ജഗദീഷ്പൂര്‍-ഹാല്‍ദിയ ബൊക്കാറോ-ധമ്ര പൈപ്പ്‌ലൈന്‍ പദ്ധതിയുടെ (ജെ.എച്ച്.ബി.ഡി.പി.എല്‍) ധമ്ര - അംഗുല്‍ പൈപ്പ്‌ലൈന്‍ വിഭാഗം (412 കിലോമീറ്റര്‍) പ്രധാനമന്ത്രി ഉദ്ഘാടനം ചെയതു. 'പ്രധാനമന്ത്രി ഊര്‍ജ ഗംഗ'യ്ക്ക് കീഴില്‍ 2450 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതി ഒഡീഷയെ നാഷണല്‍ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കും. മുംബൈ-നാഗ്പൂര്‍-ജാര്‍സുഗുഡ പൈപ്പ്‌ലൈനിന്റെ നാഗ്പൂര്‍ ജാര്‍സുഗുഡ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ വിഭാഗത്തിന്റെ (692 കി.മീ) ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2660 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന പദ്ധതി ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതി വാതക ലഭ്യത മെച്ചപ്പെടുത്തും.

 

പരിപാടിയില്‍, ഏകദേശം 28,980 കോടി രൂപയുടെ വിവിധ വൈദ്യുതി പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ എന്‍.ടി.പി.സി ഡാര്‍ലിപാലി സൂപ്പര്‍ പവര്‍സ്‌റ്റേഷനും (2x 800 എം.ഡബ്ല്യൂ) എന്‍.എസ്.പി.സി.എല്‍ റൂര്‍ക്കേല പി.പി. 2 വിപുലീകരണ പദ്ധതിയും (1x 250 എം.ഡബ്ല്യൂ) രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഒഡീഷയിലെ അംഗുല്‍ ജില്ലയില്‍ എന്‍.ടി.പി.സി താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, മൂന്നാംഘട്ടം (2x 660 എം.ഡബ്ല്യൂ) യുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഒഡീഷയ്ക്കും മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഈ വൈദ്യുത പദ്ധതികള്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കും.

നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ (എന്‍എല്‍സി) താലാബിര താപവൈദ്യുത പദ്ധതിയുടെ 27000 കോടിയിലധികം രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ഈ അത്യാധുനിക പദ്ധതി വിശ്വസനീയവും ചെലവു കുറഞ്ഞതുമായ വൈദ്യുതി രാപ്പകല്‍ മുഴുവന്‍ നല്‍കും.

ഫസ്റ്റ് മൈല്‍ കണക്റ്റിവിറ്റി (എഫ്എംസി) പദ്ധതി ഉള്‍പ്പെടെ മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ കല്‍ക്കരി അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു - അംഗുല്‍ ജില്ലയിലെ താല്‍ച്ചര്‍ കല്‍ക്കരിപ്പാടങ്ങളിലെ ഭുവനേശ്വരി ഒന്നാം ഘട്ടം, ലജ്കുര ദ്രുതവേഗ ലോഡിംഗ് സിസ്റ്റം (ആര്‍എല്‍എസ്) എന്നിവയാണിവ. ഏകദേശം 2145 കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച ഈ പദ്ധതികള്‍ ഒഡീഷയില്‍ നിന്നുള്ള ജലരഹിത ഇന്ധനത്തിന്റെ ഗുണനിലവാരവും വിതരണവും വര്‍ദ്ധിപ്പിക്കും. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ 550 കോടി ചെലവില്‍ നിര്‍മിച്ച ഐബി വാലി വാശേരിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. നൂതനത്വത്തെയും സുസ്ഥിരതയെയും സൂചിപ്പിക്കുന്ന ഗുണനിലവാര കല്‍ക്കരി സംസ്‌കരണത്തില്‍ ഇത് ഒരു മാതൃകാപരമായ മാറ്റം അടയാളപ്പെടുത്തും. 878 കോടി രൂപ മുതല്‍മുടക്കില്‍ മഹാനദി കോള്‍ഫീല്‍ഡ്സ് ലിമിറ്റഡ് നിര്‍മ്മിച്ച ജാര്‍സുഗുഡ-ബര്‍പാലി-സര്‍ദേഗ റെയില്‍ പാത ഒന്നാം ഘട്ടത്തിന്റെ 50 കിലോമീറ്റര്‍ നീളമുള്ള രണ്ടാം പാളം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

 

ഏകദേശം 2110 കോടി രൂപ ചെലവില്‍ വികസിപ്പിച്ച മൂന്ന് ദേശീയ പാത റോഡ് മേഖലാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. എന്‍എച്ച് 215 (പുതിയ എന്‍എച്ച് നമ്പര്‍ 520), ബിരാമിത്രപൂര്‍-ബ്രാഹ്‌മണി ബൈപാസ് എന്‍എച്ച് 23 (പുതിയ എന്‍എച്ച് നമ്പര്‍ 143), ബ്രാഹ്‌മണി ബൈപാസ് എന്‍ഡ്-രാജമുണ്ട സെക്ഷന്‍ നാലുവരിയാക്കല്‍ എന്നിവ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. എന്‍എച്ച് 23-ന്റെ (പുതിയ എന്‍എച്ച് നമ്പര്‍ 143). ഈ പദ്ധതികള്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും മേഖലയുടെ സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുകയും ചെയ്യും.

കൂടാതെ, 2146 കോടിയുടെ റെയില്‍വേ പദ്ധതികളുടെ പുനര്‍വികസനത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഈ മേഖലയിലെ റെയില്‍ ശൃംഖലയുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് സമ്പല്‍പൂര്‍-താല്‍ച്ചര്‍ പാത ഇരട്ടിപ്പിക്കലും (168 കി.മീ.) ഝാര്‍തര്‍ഭ സോനെപൂര്‍ പുതിയ റെയില്‍വേ പാതയും (21.7 കി.മീ.) അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മേഖലയിലെ ട്രെയിന്‍ യാത്രക്കാരുടെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് പുരി-സോനേപൂര്‍-പുരി പ്രതിവാര എക്സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഐഐഎം സമ്പല്‍പൂരിന്റെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൂടാതെ, ഝാര്‍സുഗുഡ ഹെഡ് പോസ്റ്റ് ഓഫീസ് പൈതൃക കെട്ടിടം അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi