"ഗിരിവർഗസമൂഹങ്ങളുടെ ക്ഷേമമാണു ഞങ്ങളുടെ മുൻ‌ഗണന; ഞങ്ങൾ ഗവണ്മെന്റിനു രൂപംനൽകിയിടത്തെല്ലാം ഗിരിവർഗക്ഷേമത്തിനു ഞങ്ങൾ മുൻ‌ഗണന നൽകുന്നു"
"ഗോത്രവർഗവിഭാഗത്തിലെ കുട്ടികൾക്കു മുന്നോട്ടുകുതിക്കാൻ പുതിയ അവസരങ്ങൾ ലഭിച്ചു"
"ഗിരിവർഗക്ഷേമബജറ്റ് കഴിഞ്ഞ 7-8 വർഷത്തിനിടെ മൂന്നിരട്ടിയിലധികം ഉയർന്നു"
"കൂട്ടായ പരിശ്രമത്തിലൂടെ നാം വികസിത ഗുജറാത്തും വികസിത ഇന്ത്യയും കെട്ടിപ്പടുക്കും"

ഗുജറാത്തിലെ താപിയിലെ വ്യാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1970 കോടിയിലധികംരൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ തറക്കല്ലിടൽ നിർവഹിച്ചു. സാപുതാരമുതൽ ഏകതാപ്രതിമവരെയുള്ള റോഡിന്റെ നവീകരണത്തിനൊപ്പം വിവിധയിടങ്ങൾ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണവും താപി, നർമദ ജില്ലകളിൽ 300 കോടിയിലധികം രൂപയുടെ ജലവിതരണപദ്ധതികളും ഇവയിൽ ഉൾപ്പെടുന്നു.


പരിപാടിയിൽ പങ്കെടുത്ത ജനങ്ങളുടെ ആവേശവും വാത്സല്യവും ചൂണ്ടിക്കാട്ടി, രണ്ടുപതിറ്റാണ്ടായി അവരുടെ സ്നേഹവാത്സല്യങ്ങൾക്കുപാത്രമാകാൻ കഴിഞ്ഞതിൽ താൻ അനുഗ്രഹിക്കപ്പെട്ടതായി കരുതുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങളേവരും ഏറെ ദൂരെനിന്ന് ഇവിടെ എത്തിയവരാണ്. നിങ്ങളുടെ ഊർജം, ഉത്സാഹം, മനസ്, സന്തോഷം എന്നിവ കാണുമ്പോൾ എന്റെ സിരകളിൽ ആവേശമുയരുകയാണ്”- അദ്ദേഹം പറഞ്ഞു. നിങ്ങളുടെ വികസനത്തിനായി പൂർണമനസോടെ പ്രവർത്തിച്ച്, ഈ കടം വീട്ടാൻ "ഞാൻ ശ്രമിക്കുന്നു"- അദ്ദേഹ പറഞ്ഞു.  ഇന്നും, താപിയും നർമദയും ഉൾപ്പെടെ, ഗിരിവർഗമേഖലയുടെയാകെ വികസനവുമായി ബന്ധപ്പെട്ടു നൂറുകണക്കിനുകോടിരൂപയുടെ പദ്ധതികളുടെ തറക്കല്ലിടൽ നടന്നു.

 

ഗോത്രവർഗതാൽപ്പര്യങ്ങളും ഗിരിവർഗസമൂഹങ്ങളുടെ ക്ഷേമവും സംബന്ധിച്ചു രണ്ടുതരം രാഷ്ട്രീയമാണു രാജ്യം കണ്ടിട്ടുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരുവശത്ത്, ഗിരിവർഗതാൽപ്പര്യങ്ങൾ ശ്രദ്ധിക്കാത്ത, ഗിരിവർഗക്കാർക്കു വ്യാജവാഗ്ദാനങ്ങൾ നൽകിയ ചരിത്രമുള്ള രാഷ്ട്രീയകക്ഷികളുണ്ട്. മറുവശത്ത് എല്ലായ്പോഴും ഗിരിവർഗക്ഷേമത്തിനു മുൻഗണന നൽകുന്ന ബിജെപിപോലുള്ള കക്ഷിയുണ്ട്. "മുമ്പുണ്ടായിരുന്ന ഗവണ്മെന്റുകൾ ഗോത്രപാരമ്പര്യങ്ങളെ പരിഹസിച്ചിരുന്നു. അതേസമയം മറുവശത്ത്, ഞങ്ങൾ ഗോത്രപാരമ്പര്യങ്ങളെ ആദരിക്കുന്നു"- അദ്ദേഹം പറഞ്ഞു. "ഗിരിവർഗസമൂഹങ്ങളുടെ ക്ഷേമമാണു ഞങ്ങളുടെ മുൻ‌ഗണന. ഞങ്ങൾ ഗവണ്മെന്റിനു രൂപംനൽകിയിടത്തെല്ലാം ഗിരിവർഗക്ഷേമത്തിനു ഞങ്ങൾ മുൻ‌ഗണന നൽകുന്നു"- അദ്ദേഹം പറഞ്ഞു. 

ഗിരിവർഗസമൂഹങ്ങളുടെ ക്ഷേമത്തെക്കുറിച്ചു തുടർന്നു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “എന്റെ ഗിരിവർഗസഹോദരീസഹോദരന്മാർക്കു വൈദ്യുതി,  പാചകവാതകകണക്ഷൻ, കക്കൂസ്, വീട്ടിലേക്കുള്ള പാത, അരികിൽ ആരോഗ്യകേന്ദ്രം, വരുമാനമാർഗം എന്നിവയോടുകൂടിയ സ്വന്തം വീടുണ്ടായിരിക്കണം. സമീപത്തായി കുട്ടികൾക്കുള്ള വിദ്യാലയവും”. ഗുജറാത്ത് അഭൂതപൂർവമായ വികസനമാണു കൈവരിച്ചതെന്നും അദ്ദേഹം തുടർന്നുപറഞ്ഞു. ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ഇന്ന് 24 മണിക്കൂർ വൈദ്യുതി ലഭിക്കുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, എല്ലാ ഗ്രാമങ്ങളിലും ആദ്യമായി വൈദ്യുതികണക്ഷൻ നൽകിയതു ഗിരിവർഗജില്ലയായ ഡാങ്ങാണെന്നും ചൂണ്ടിക്കാട്ടി. “ഏകദേശം ഒന്നരപ്പതിറ്റാണ്ടുമുമ്പ്, ജ്യോതിർഗ്രാം യോജനയ്ക്കുകീഴിൽ, ഡാങ് ജില്ലയിലെ 300ലധികം ഗ്രാമങ്ങളിൽ 100 ശതമാനം വൈദ്യുതീകരണം എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. ഡാങ് ജില്ലയിൽ നിന്നുള്ള ഈ പ്രചോദനമാണു നിങ്ങൾ എന്നെ പ്രധാനമന്ത്രിയായി ഡൽഹിയിലേക്ക് അയച്ചപ്പോൾ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതീകരണം നടത്താൻ ഞങ്ങളെ പ്രേരിപ്പിച്ചത്”- പ്രധാനമന്ത്രി പറഞ്ഞു. 

ഗിരിവർഗമേഖലകളിൽ കൃഷിക്കു പുതുജീവൻ നൽകുന്നതിനായി നടപ്പാക്കിയ വാഡി യോജനയിലേക്കു പ്രധാനമന്ത്രി വെളിച്ചംവീശി. ഗിരി‌വർഗമേഖലകളിൽ തിന-ചോളം കൃഷി ചെയ്യുന്നതിനും വാങ്ങുന്നതിനും ബുദ്ധിമുട്ടു നേരിട്ട സാഹചര്യമുണ്ടായിരുന്നതായി ശ്രീ മോദി പറഞ്ഞു. "ഇന്ന്, ഗിരിവർഗമേഖലകളിൽ മാങ്ങ, പേരയ്ക്ക, നാരങ്ങ തുടങ്ങിയ ഫലങ്ങൾക്കൊപ്പം കശുവണ്ടിയും കൃഷിചെയ്യുന്നു"- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നല്ല മാറ്റത്തിനു വാദി യോജനയ്ക്കാണ് അദ്ദേഹം ഖ്യാതിനൽകിയത്. ഈ പദ്ധതിയിലൂടെ തരിശായിക്കിടന്ന ഭൂമിയിൽ പഴങ്ങൾ, തേക്ക്, മുള എന്നിവ കൃഷി ചെയ്യാൻ ഗിരി‌വർഗകർഷകർക്കു സഹായം ലഭിച്ചതായി അറിയിച്ചു. "ഇന്ന് ഈ പരിപാടി ഗുജറാത്തിലെ പല ജില്ലകളിലും നടക്കുന്നുണ്ട്"- അദ്ദേഹം പറഞ്ഞു. വൽസാഡ് ജില്ലയിൽ ഇതുകാണാൻ രാഷ്ട്രപതിയായിരുന്ന ഡോ. അബ്ദുൾ കലാം എത്തിയ കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി പദ്ധതിയെ ഏറെ പ്രശംസിക്കുകയുംചെയ്തു. 

ഗുജറാത്തിലെ മാറിയ ജലസാഹചര്യത്തെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. ഗുജറാത്തിൽ വൈദ്യുതവിതരണശൃംഖലയുടെ ലൈനിൽ ജലവിതരണശൃംഖലകൾ സ്ഥാപിച്ചു. താപി ഉൾപ്പെടെ, ഗുജറാത്തിലുടനീളം കനാലും ലിഫ്റ്റ് ഇറിഗേഷൻ ശൃംഖലയും നിർമിച്ചു. ദാബ കാന്ത കനാലിൽനിന്നു വെള്ളം എത്തിക്കുകയും തുടർന്നു താപി ജില്ലയിൽ ജലസൗകര്യം വർധിക്കുകയുംചെയ്തു. നൂറുകണക്കിനുകോടിരൂപ മുതൽമുടക്കിലാണ് ഉകായ് പദ്ധതി ഒരുക്കുന്നതെന്നും ഇന്നു തറക്കല്ലിട്ട പദ്ധതികൾ ജലസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. “ഗുജറാത്തിലെ നാലിലൊന്നു വീടുകളിൽമാത്രം കുടിവെള്ളകണക്ഷൻ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇന്നു ഗുജറാത്തിലെ 100% വീടുകളിലും പൈപ്പിലൂടെ കുടിവെള്ളമെത്തുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 

വൻബന്ധു കല്യാൺ യോജനയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തിലെ ഗിരിവർഗസമൂഹത്തിന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനാണ് ഇതു വിഭാവനംചെയ്തു നടപ്പിലാക്കിയതെന്ന് അറിയിച്ചു. "താപിയിൽനിന്നും സമീപപ്രദേശങ്ങളിലെ മറ്റു ഗിരിവർഗജില്ലകളിൽനിന്നുമുള്ള നിരവധി പെൺകുട്ടികൾ ഇവിടെ സ്കൂളിലേക്കും കോളേജിലേക്കും പോകുന്നതു നാം ഇന്നു കാണുന്നുണ്ട്. ഇപ്പോൾ ഗിരിവർഗസമൂഹത്തിലെ ആൺകുട്ടികളിൽ പലരും ശാസ്ത്രം പഠിച്ചു ഡോക്ടർമാരും എൻജിനിയർമാരുമായിത്തീരുന്നു"- അദ്ദേഹം പറഞ്ഞു. 20-25 വർഷംമുമ്പ് ഈ ചെറുപ്പക്കാർ ജനിക്കുമ്പോൾ, ഉമർഗാംമുതൽ അംബാജിവരെയുള്ള ഗോത്രമേഖലയിലാകെ വളരെക്കുറച്ചു വിദ്യാലയങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ശാസ്ത്രം പഠിക്കാനുള്ള സൗകര്യങ്ങൾ കുറവായിരുന്നെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിൽ ഇന്നലെ ഉദ്ഘാടനംചെയ്ത മികവിന്റെ വിദ്യാലയം ദൗത്യത്തിനുകീഴിൽ ഗിരിവർഗതാലൂക്കുകളിലെ നാലായിരത്തോളം സ്കൂളുകൾ നവീകരിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. 

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ഗിരിവർഗമേഖലകളിൽ പതിനായിരത്തിലധികം വിദ്യാലയങ്ങൾ നിർമിച്ചിട്ടുണ്ടെന്നും ഏകലവ്യ മോഡൽ സ്കൂളും പെൺകുട്ടികൾക്കായി പ്രത്യേക റസിഡൻഷ്യൽ സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. നർമദയിലെ ബിർസ മുണ്ഡ ഗിരിവർഗസർവകലാശാലയും ഗോധ്രയിലെ ശ്രീ ഗോവിന്ദ് ഗുരു വിശ്വവിദ്യാലയവും ഗിരിവർഗയുവാക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നു. ഗിരിവർഗവിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനുള്ള ബജറ്റ് ഇപ്പോൾ ഇരട്ടിയിലധികം വർധിപ്പിച്ചു. “ഏകലവ്യ സ്കൂളുകളുടെ എണ്ണവും പലമടങ്ങു വർധിച്ചു”- പ്രധാനമന്ത്രി വ്യക്തമാക്കി. "നമ്മുടെ ഗിരിവർഗവിദ്യാർഥികൾക്കു വിദ്യാഭ്യാസത്തിനായി ഞങ്ങൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വിദേശത്തു പഠിക്കാൻ സാമ്പത്തികസഹായം നൽകുകയും ചെയ്തു"- അദ്ദേഹം പറഞ്ഞു. ഖേലോ ഇന്ത്യപോലുള്ള ക്യാമ്പയിനിലൂടെ കായികരംഗത്തു സുതാര്യതകൊണ്ടുവരുന്നതിന്റെയും ഗിരിവർഗവിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വളരുന്നതിനും പുതിയ അവസരങ്ങൾ നൽകുന്നതിന്റെയും നേട്ടങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

വൻബന്ധു കല്യാൺ യോജനയ്ക്കായി ഗുജറാത്ത് ഗവണ്മെന്റ് ഒരുലക്ഷംകോടിയിലധികംരൂപ ചെലവഴിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഗുജറാത്ത് ഗവണ്മെന്റ് വീണ്ടും ഒരുലക്ഷംകോടിയിലധികംരൂപ ചെലവഴിക്കാൻ പോകുകയാണ്- അദ്ദേഹം അറിയിച്ചു. ഇതോടെ, ഗിരിവർഗവിദ്യാർഥികൾക്കായി നിരവധി പുതിയ വിദ്യാലയങ്ങൾ, നിരവധി ഹോസ്റ്റലുകൾ, പുതിയ മെഡിക്കൽ കോളേജുകൾ, നഴ്സിങ് കോളേജുകൾ എന്നിവയും നിർമിക്കപ്പെടും. “ഈ പദ്ധതിപ്രകാരം, ഗിരിവർഗക്കാർക്കായി 2.5 ലക്ഷത്തിലധികം വീടുകൾ നിർമിക്കാനും ഗവണ്മെന്റ് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി, ഗിരിവർഗമേഖലകളിലെ ഒരുലക്ഷത്തോളം കുടുംബങ്ങൾക്ക് 6 ലക്ഷത്തിലധികം വീടും ഭൂമിയും പട്ടയം നൽകിയിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു.

"നമ്മുടെ ദൃഢനിശ്ചയം ഗിരിവർഗസമൂഹത്തെ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളിൽനിന്നു പൂർണമായും മുക്തമാക്കുക എന്നതാണ്"- പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണു കേന്ദ്രഗവണ്മെന്റ്  ബൃഹത്തായ ‘പോഷൺ അഭിയാനു’ തുടക്കംകുറിച്ചത്. അതിലൂടെ ഗർഭകാലത്ത് അമ്മമാരെ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ സഹായിക്കുന്നതിനുവേണ്ടി ആയിരക്കണക്കിനുരൂപ നൽകുന്നുണ്ട്. അമ്മമാർക്കും കുട്ടികൾക്കും കൃത്യസമയത്തു പ്രതിരോധകുത്തിവയ്പു നൽകുന്നതിന് ഇന്ദ്രധനുഷ് ദൗത്യത്തിനുകീഴിൽ വലിയ ക്യാമ്പയിനാണു നടക്കുന്നത്. ഇപ്പോൾ രാജ്യത്തുടനീളം പാവപ്പെട്ടവർക്കു സൗജന്യറേഷൻ നൽകാൻ തുടങ്ങിയിട്ടു രണ്ടരവർഷത്തിലേറെയായി. മൂന്നുലക്ഷംകോടിയിലധികം രൂപയാണ് ഇതിനായി കേന്ദ്രഗവണ്മെന്റ് ചെലവഴിക്കുന്നത്. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പുകശല്യംമൂലമുണ്ടാകുന്ന രോഗങ്ങളിൽനിന്നു മോചനമേകാൻ രാജ്യത്തിതുവരെ 10 കോടിയോളം സൗജന്യ പാചകവാതകകണക്ഷനുകൾ നൽകിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരം ലക്ഷക്കണക്കിനു ഗിര‌ിവർഗകുടുംബങ്ങൾക്കു പ്രതിവർഷം 5 ലക്ഷംരൂപവരെ സൗജന്യചികിത്സ ലഭിക്കും. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വിസ്മരിക്കപ്പെട്ട ഗ‌ിരിവർഗസമൂഹത്തിന്റെ പാരമ്പര്യം പുനഃസ്ഥാപിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഗിരിവർഗസമൂഹത്തിന് വളരെ സമ്പന്നമായ പാരമ്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി. "ഇപ്പോൾ ഇതാദ്യമായി, രാജ്യം ബിർസ മുണ്ഡ ഭഗവാന്റെ ജന്മദിനം നവംബർ 15നു ഗോത്രവർഗ അഭിമാന ദിനമായി ആഘോഷിക്കുന്നു"- അദ്ദേഹം പറഞ്ഞു. ഗോത്രവർഗ സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവനകൾ സംരക്ഷിക്കപ്പെടുകയും രാജ്യത്തുടനീളമുള്ള മ്യൂസിയങ്ങൾ വഴി പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗിരിവർഗകാര്യമന്ത്രാലയം നിലവിലില്ലാത്ത കാലത്തെ അനുസ്മരിച്ച്, ആദ്യമായി ഗിരിവർഗകാര്യമന്ത്രാലയത്തിനു രൂപംനൽകിയത് അടൽ ജിയുടെ ഗവണ്മെന്റാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടൽ ജിയുടെ ഗവണ്മെന്റിന്റെ കാലത്താണു ഗ്രാമ സഡക് യോജന ആരംഭിച്ചത്. ഇതു ഗിരിവർഗമേഖലകൾക്കു നിരവധി നേട്ടങ്ങൾ സമ്മാനിച്ചു. ഗിരിവർഗവിഭാഗത്തോടു കാണിക്കുന്ന അനീതി അവസാനിപ്പിക്കാനുള്ള പ്രവർത്തനമാണു നമ്മുടെ ഗവണ്മെന്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രവർഗക്ഷേമവുമായി ബന്ധപ്പെട്ട ബജറ്റും കഴിഞ്ഞ 8 വർഷത്തിനിടെ മൂന്നിരട്ടിയിലധികം വർധിപ്പിച്ചിട്ടുണ്ടെന്നും അതുവഴി നമ്മുടെ ഗിരിവർഗയുവാക്കൾക്കു തൊഴിലിനും സ്വയംതൊഴിലിനുമുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 

"വികസനത്തിന്റെ ഈ പങ്കാളിത്തത്തിനു തുടർച്ചയായി കരുത്തേകണം"- ഗോത്രവർഗയുവാക്കളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാകാൻ ഏവരോടും അഭ്യർഥിച്ചു പ്രധാനമന്ത്രി പറഞ്ഞു. “കൂട്ടായ പരിശ്രമത്തിലൂടെ നാം വികസിത ഗുജറാത്തും വികസിത ഇന്ത്യയും കെട്ടിപ്പടുക്കും”- പ്രധാനമന്ത്രി ഉപസംഹരിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, പാർലമെന്റ് അംഗങ്ങളായ സി ആർ പാട്ടീൽ, കെ സി പട്ടേൽ, മൻസുഖ് വാസവ, പ്രഭുഭായ് വാസവ, ഗുജറാത്ത് മന്ത്രിമാരായ ഋഷികേശ് പട്ടേൽ, നരേഷ്ഭായ് പട്ടേൽ, മുകേഷ് ഭായ് പട്ടേൽ, ജഗദീഷ് പഞ്ചാൽ, ജിതുഭായ് ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government