ഏകദേശം 1560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനം  തറക്കല്ലിടലും നിർവഹിച്ചു
ഏകദേശം 360 കോടി രൂപ ചെലവിലുള്ള യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതല സമാരംഭം കുറിച്ചു
മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് ട്രാൻസ്പോൻഡർ സെറ്റുകളും കിസാൻ ക്രെഡിറ്റ് കാർഡുകളും കൈമാറി
“ആരാധ്യനായ ഛത്രപതി ശിവാജി മഹാരാജിന്റെ കാൽക്കൽ തലകുനിച്ച്, ദിവസങ്ങൾക്കുമുമ്പ് സിന്ധുദുർഗിൽ സംഭവിച്ചതിന് മാപ്പ് ചോദിക്കുകയാണ് മഹാരാഷ്ട്രയിൽ വന്നശേഷം ഞാൻ ആദ്യം ചെയ്തത്”
“ഛത്രപതി ശിവാജി മഹാരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, വികസിത മഹാരാഷ്ട്ര – വികസിത ഭാരതം എന്ന ദൃഢനിശ്ചയത്തോടെയാണ് നാം അതിവേഗം മുന്നേറുന്നത്”
“വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണു വികസിത മഹാരാഷ്ട്ര”
“വികസനത്തിന് ആവശ്യമായ ശേഷിയും വിഭവങ്ങളും മഹാരാഷ്ട്രയ്ക്കുണ്ട്”
“ലോകം മുഴുവൻ ഇന്നു വാധ്വൻ തുറമുഖത്തേക്ക് ഉറ്റുനോക്കുകയാണ്”
“ദിഘി തുറമുഖം മഹാരാഷ്ട്രയുടെ സവിശേഷതയും ഛത്രപതി ശിവാജി മഹാരാജിന്റെ സ്വപ്നങ്ങളുടെ പ്രതീകവുമാകും”
“ഇതു പുതിയ ഇന്ത്യയാണ്. ചരിത്രത്തിൽനിന്നു പഠിക്കുകയും സാധ്യതകളും അഭിമാനവും തിരിച്ചറിയുകയും ചെയ്യുന്ന ഇന്ത്യ”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീശക്തി സമൂഹത്തിന് പുതിയ ദിശാബോധം നൽകാൻ തയ്യാറാണെന്നതിന്റെ തെളിവാണ് മഹാരാഷ്ട്രയിലെ സ്ത്രീകളുടെ വിജയം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ പാൽഘറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഏകദേശം 76,000 കോടി രൂപ ചെലവിൽ വാധ്‌വൻ തുറമുഖത്തിന്റെ തറക്കല്ലിടൽ, ഏകദേശം 1560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും എന്നിവ ഇന്നത്തെ പദ്ധതികളിൽ ഉൾപ്പെടുന്നു. ഏകദേശം 360 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതല സമാരംഭവും പ്രധാനമന്ത്രി നിർവഹിച്ചു. മത്സ്യബന്ധന കപ്പൽസങ്കേതങ്ങളുടെ വികസനം, നവീകരണം, ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ, മത്സ്യച്ചന്തകളുടെ നിർമാണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് ട്രാൻസ്പോൻഡർ സെറ്റുകളും കിസാൻ ക്രെഡിറ്റ് കാർഡുകളും അദ്ദേഹം വിതരണം ചെയ്തു.

സന്ത് സേനാജി മഹാരാജിന്റെ പുണ്യതിഥിയിൽ (ചരമവാർഷികം) അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ചാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഹൃദയത്തിന്റെ ഭാഷയിൽ സംസാരിച്ച പ്രധാനമന്ത്രി, 2013-ൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സമയം ഓർക്കുകയും, റായ്ഗഢ് കോട്ട സന്ദർശിച്ച കാര്യം പറയുകയും ഛത്രപതി ശിവാജി മഹാരാജിന്റെ സമാധിക്കു മുമ്പാകെ പ്രാർഥിക്കേണ്ടതു പ്രഥമ പരിഗണനയായി കണ്ടതും പരാമർശിച്ചു. തന്റെ നേതാവിനെ ആദരിച്ച അതേ ‘ഭക്തിഭാവം’ കൊണ്ട് താൻ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രത്തെ സേവിക്കാനുള്ള പുതിയ യാത്രയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിന്ധുദുർഗിലെ ദൗർഭാഗ്യകരമായ സംഭവം പരാമർശിച്ച ശ്രീ മോദി, ശിവാജി മഹാരാജ് വെറുമൊരു പേരോ ബഹുമാന്യനായ രാജാവോ മഹത്തായ വ്യക്തിത്വമോ അല്ല, മറിച്ച് ദൈവമാണെന്ന് അടിവരയിട്ടു. ശ്രീ ശിവാജി മഹാരാജിന്റെ പാദങ്ങളിൽ വണങ്ങി വിനീതമായ ക്ഷമാപണം നടത്തിയ അദ്ദേഹം, താൻ വളർന്നുവന്ന രീതിയും സംസ്കാരവും നാടിന്റെ പുത്രൻ വീരസവർക്കറെ അനാദരിക്കാനും ദേശീയതയെന്ന വികാരത്തെ ചവിട്ടിമെതിക്കാനും ഉദ്ദേശിക്കുന്നവരിൽനിന്ന് തന്നെ വ്യത്യസ്തനാക്കുന്നുവെന്നും പറഞ്ഞു. വീരസവർക്കറെ അവഹേളിക്കുന്നവരോട് മഹാരാഷ്ട്രയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതിൽ പശ്ചാത്താപം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര സന്ദർശിച്ചശേഷം താൻ ആദ്യം ചെയ്തത് തന്റെ ദൈവമായ ഛത്രപതി ശിവാജി മഹാരാജിനോട് മാപ്പ് പറയുകയായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ശിവാജി മഹാരാജിനെ ആരാധിക്കുന്ന എല്ലാവരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.

 

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസന യാത്രയിൽ ഈ ദിനം ചരിത്രപരമാണെന്ന് പ്രകീർത്തിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷമായി മഹാരാഷ്ട്രയുടെ വളർച്ചയ്ക്ക് തന്റെ ഗവണ്മെന്റ് സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പറഞ്ഞു. “വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണു വ‌ികസിത മഹാരാഷ്ട്ര”യെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രപരമായ സമുദ്രവ്യാപാരത്തെ പരാമർശിച്ച അദ്ദേഹം, തീരദേശ സാമീപ്യമുള്ളതിനാൽ സംസ്ഥാനത്തിന് വളരാനുള്ള സാധ്യതകളും വിഭവങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. “വാധ്‌വൻ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖമായിരിക്കും, ലോകത്തിലെ ആഴക്കടൽ തുറമുഖങ്ങളുടെ കൂട്ടത്തിൽ ഇത് ഇടംപിടിക്കും. ഇത് മഹാരാഷ്ട്രയ്ക്കും ഇന്ത്യക്കും വ്യാപാര-വ്യാവസായിക വികസനത്തിന്റെ പ്രഭവകേന്ദ്രമായി മാറും”- അദ്ദേഹം പറഞ്ഞു. വാധ്‌വൻ തുറമുഖ പദ്ധതിക്കായി മഹാരാഷ്ട്രയിലെയും പാൽഘറിലെയും രാജ്യമെമ്പാടുമുള്ള ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ദിഘി തുറമുഖ വ്യവസായ മേഖല വികസിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ സമീപകാല തീരുമാനത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഇത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഇരട്ടി സന്തോഷത്തിന്റെ അവസരമാണെന്ന് പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ റായ്ഗഢില്‍ വ്യാവസായിക മേഖല വികസിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിലൂടെ, ദിഘി തുറമുഖം മഹാരാഷ്ട്രയുടെ സവിശേഷതയായും ഛത്രപതി ശിവജി മഹാരാജിന്റെ സ്വപ്നങ്ങളുടെ പ്രതീകമായും മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് വിനോദസഞ്ചാരത്തെയും ഇക്കോ റിസോര്‍ട്ടിനെയും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട 700 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് ഇന്ന് തറക്കല്ലിട്ടതായും രാജ്യത്തുടനീളം 400 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തതായും മുഴുവന്‍ മത്സ്യത്തൊഴിലാളി സമൂഹത്തെയും അഭിനന്ദിച്ച് പ്രധാനമന്ത്രി പറഞ്ഞു. വാധ്‌വന്‍ തുറമുഖം, ദിഘി തുറമുഖ വ്യാവസായിക മേഖലയുടെ വികസനം, മത്സ്യബന്ധനത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവ പരാമര്‍ശിച്ച അദ്ദേഹം മാതാ മഹാലക്ഷ്മി ദേവി, മാതാ ജീവദാനി, ഭഗവാന്‍ തുംഗരേശ്വര്‍ എന്നിവരുടെ അനുഗ്രഹത്താലാണ് എല്ലാ വികസനപ്രവര്‍ത്തനങ്ങളും സാധ്യമായതെന്നും കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തെ പരാമര്‍ശിച്ച്, നാവികശേഷിയുടെ പേരില്‍ ഭാരതം ഏറ്റവും ശക്തവും സമ്പന്നവുമായ രാഷ്ട്രമായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഈ സാധ്യതകള്‍ നന്നായി അറിയാം. ഛത്രപതി ശിവാജി മഹാരാജ് തന്റെ നയങ്ങളിലൂടെയും രാജ്യത്തിന്റെ വികസനത്തിനായുള്ള ശക്തമായ തീരുമാനങ്ങളിലൂടെയും ഇന്ത്യയുടെ നാവികശേഷിയെ പുതിയ ഉയരങ്ങളിലെത്തിച്ചു”- ശ്രീ മോദി പറഞ്ഞു, ഈസ്റ്റ് ഇന്ത്യാ കമ്പനി മുഴുവനെത്തിയിട്ടുപോലും ദരിയ സാരംഗ് കന്‍ഹോജി യഗന്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ സമ്പന്നമായ ഭൂതകാലം ശ്രദ്ധിക്കുന്നതില്‍ മുന്‍ ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇതു പുതിയ ഇന്ത്യയാണ്. ചരിത്രത്തിൽനിന്നു പഠിക്കുകയും സാധ്യതകളും അഭിമാനവും തിരിച്ചറിയുകയും ചെയ്യുന്ന ഇന്ത്യ” - പ്രധാനമന്ത്രി പറഞ്ഞു. അടിമച്ചങ്ങലയുടെ എല്ലാ അടയാളങ്ങളും തൂത്തെറിഞ്ഞ് പുതിയ ഇന്ത്യ സമുദ്ര അടിസ്ഥാനസൗകര്യങ്ങളില്‍ പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ തീരത്ത് വികസനം അഭൂതപൂർവമായ വേഗത കൈവരിച്ചതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തുറമുഖങ്ങളുടെ നവീകരണം, ജലപാതകൾ വികസിപ്പിക്കൽ, ഇന്ത്യയിൽ കപ്പൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. "ലക്ഷക്കണക്കിന് കോടി രൂപ ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്", ഇന്ത്യയിലെ ഒട്ടുമിക്ക തുറമുഖങ്ങളുടെയും  കൈകാര്യം ചെയ്യൽ ശേഷി ഇരട്ടിച്ചു , സ്വകാര്യ നിക്ഷേപങ്ങളുടെ വർദ്ധനവ്, കപ്പലുകളുടെ ടേൺ എറൗണ്ട് സമയം ഗണ്യമായി കുറയ്ക്കൽ എന്നിവയിലൂടെ ഫലങ്ങൾ സാക്ഷ്യപ്പെടുത്താൻ കഴിയുമെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ, ചെലവ് കുറച്ചുകൊണ്ട് വ്യവസായങ്ങൾക്കും വ്യവസായികൾക്കും ഇത് ഗുണം ചെയ്തുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. നാവികർക്കുള്ള സൗകര്യങ്ങളും വർധിച്ചിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. 

 

"ലോകം മുഴുവൻ ഇന്ന് വധ്വാൻ തുറമുഖത്തേക്കാണ് ഉറ്റുനോക്കുന്നത്", വധ്വാൻ തുറമുഖത്തിൻ്റെ 20 മീറ്റർ ആഴവുമായി കിടപിടിക്കാൻ ലോകത്തിലെ വളരെ കുറച്ച് തുറമുഖങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.   റെയിൽവേ, ഹൈവേ കണക്റ്റിവിറ്റിയിലൂടെ  മുഴുവൻ പ്രദേശത്തിൻ്റെയും സാമ്പത്തിക ഭൂമികയെ തുറമുഖം മാറ്റിമറിക്കുമെന്ന് അദ്ദേഹം അടിവരയിട്ടു.  സമർപ്പിത പടിഞ്ഞാറൻ ചരക്ക് ഇടനാഴിയിലേക്കുള്ള കണക്റ്റിവിറ്റിയും ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ സാമീപ്യവും കാരണം ഇത് പുതിയ ബിസിനസുകൾക്കും വെയർഹൗസിംഗിനും അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വർഷം മുഴുവനും ചരക്ക് ഈ മേഖലയിലേക്കും പുറത്തേക്കും ഒഴുകും, അതുവഴി മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ഗുണം ലഭിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
“മഹാരാഷ്ട്രയുടെ വികസനം എനിക്ക് വലിയ മുൻഗണനയാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു, ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത് അഭിയാൻ’ പരിപാടികളിലൂടെ മഹാരാഷ്ട്ര നേടിയ നേട്ടങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയിൽ മഹാരാഷ്ട്രയുടെ പ്രധാന പങ്ക് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി , വികസനം സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നവരുടെ ശ്രമങ്ങളെ  അപലപിച്ചു.


60 വർഷത്തോളം വധ്വാൻ തുറമുഖ പദ്ധതി മുടങ്ങിക്കിടക്കും വിധം മുൻ ഗവൺമെന്റുകൾ കൈക്കൊണ്ട നിലപാടുകളെ അപലപിച്ച പ്രധാനമന്ത്രി, കടൽ വ്യാപാരത്തിന് ഇന്ത്യയ്ക്ക് പുതിയതും നൂതനവുമായ ഒരു തുറമുഖം ആവശ്യമാണെന്നും എന്നാൽ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ 2016 വരെ തുടങ്ങിയിരുന്നില്ലെന്നും പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ പദ്ധതി ഗൗരവമായി കാണുകയും 2020-ഓടെ പാൽഘറിൽ തുറമുഖം നിർമ്മിക്കാൻ തീരുമാനിച്ചതും. എന്നാൽ, സർക്കാർ മാറിയതിനെത്തുടർന്ന് പദ്ധതി 2.5 വർഷത്തേക്ക് വീണ്ടും മുടങ്ങി. ഈ പദ്ധതിയിൽ മാത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും 12 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുൻ സർക്കാരുകൾ ഈ പദ്ധതി തുടരാൻ അനുവദിക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. 


സമുദ്രവുമായി ബന്ധപ്പെട്ട അവസരങ്ങളുടെ കാര്യത്തിൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളി സമൂഹമാണ് ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ സംഭാഷണം അനുസ്മരിച്ചുകൊണ്ട്, സർക്കാർ പദ്ധതികളും അതിൻ്റെ സേവന മനോഭാവവും കാരണം കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ മേഖലയിലുണ്ടായ പരിവർത്തനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് അറിയിച്ച പ്രധാനമന്ത്രി, 2014ൽ 80 ലക്ഷം ടൺ മത്സ്യം രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെട്ടപ്പോൾ ഇന്ന് 170 ലക്ഷം ടൺ മത്സ്യം ഉൽപ്പാദിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി.  “10 വർഷത്തിനുള്ളിൽ മത്സ്യ ഉൽപ്പാദനം ഇരട്ടിയായി,” അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സമുദ്രോത്പന്ന കയറ്റുമതിയെ കുറിച്ചു പരാമർശിച്ച അദ്ദേഹം, പത്ത് വർഷം മുമ്പ് 20,000 കോടി രൂപയിൽ താഴെയായിരുന്ന ചെമ്മീൻ കയറ്റുമതി  ഇന്ന് 40,000 കോടി രൂപയിലധികം മൂല്യമുള്ള ചെമ്മീൻ കയറ്റുമതിയായി മാറിയെന്നു ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.  "ചെമ്മീൻ കയറ്റുമതിയും ഇന്ന് ഇരട്ടിയിലധികമായി" എന്ന് പറഞ്ഞ അദ്ദേഹം ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ l സഹായകമായത് ബ്ലൂ റെവല്യൂഷൻ പദ്ധതിയാണെന്നും കൂട്ടിച്ചേർത്തു.

 

മത്സ്യബന്ധന മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയ്ക്ക് കീഴിൽ ആയിരക്കണക്കിന് സ്ത്രീകളെ സഹായിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും ഉപഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ച അദ്ദേഹം, മത്സ്യത്തൊഴിലാളി സമൂഹത്തിന് അനുഗ്രഹമായി മാറുന്ന വെസൽ കമ്മ്യൂണിക്കേഷൻ സംവിധാനത്തെ കുറിച്ചും  പരാമർശിച്ചു. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ കുടുംബങ്ങൾ, ബോട്ടുടമകൾ, ഫിഷറീസ് വകുപ്പ്, തീരസംരക്ഷണ സേന എന്നിവരുമായി തടസ്സമില്ലാതെ ബന്ധം സ്ഥാപിക്കാൻ കപ്പലുകളിൽ 1 ലക്ഷം ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കാൻ ഗവണ്മെന്റ് പദ്ധതിയിടുന്നതായി ശ്രീ മോദി പ്രഖ്യാപിച്ചു. ഇത്, മത്സ്യത്തൊഴിലാളികളെ അടിയന്തര ഘട്ടങ്ങളിലും ചുഴലിക്കാറ്റുകളിലും അല്ലെങ്കിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആശയവിനിമയം നടത്താൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഏത് അടിയന്തര ഘട്ടത്തിലും ജീവൻ രക്ഷിക്കുക എന്നതാണ് ഗവണ്മെന്റിന്റെ മുൻഗണന,” അദ്ദേഹം ഉറപ്പുനൽകി.


മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി 110 ലധികം മത്സ്യബന്ധന തുറമുഖങ്ങളും ലാന്‍ഡിംഗ് സെന്ററുകളും നിര്‍മ്മിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ശീതീകരണ ശൃംഖല, സംസ്‌കരണ സൗകര്യങ്ങള്‍, ബോട്ടുകള്‍ക്കുള്ള വായ്പാ പദ്ധതികള്‍, പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന എന്നിവയുടെ ഉദാഹരണങ്ങള്‍ നിരത്തിയ പ്രധാനമന്ത്രി, ഗവണ്‍മെന്റ് മത്സ്യത്തൊഴിലാളി സംഘടനകളെ ശക്തിപ്പെടുത്തുമ്പോള്‍ തന്നെ തീരദേശ ഗ്രാമങ്ങളുടെ വികസനത്തിലും ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പറഞ്ഞു.  രാജ്യത്ത് ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഒരു വകുപ്പുപോലുമില്ലാതെ ഗ്രോത്രവര്‍ഗ്ഗ-മത്സ്യബന്ധന സമൂഹങ്ങളെ മുന്‍ ഗവണ്‍മെന്റുകള്‍ രൂപീകരിച്ച നയങ്ങള്‍ എല്ലായ്പ്പോഴും പാര്‍ശ്വവല്‍ക്കരിച്ചപ്പോള്‍  പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ദാരിദ്ര്യദുരതത്തിലുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനുമാണ് എപ്പോഴും ഇപ്പോഴത്തെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''മത്സ്യത്തൊഴിലാളികള്‍ക്കും ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ക്കുമായി പ്രത്യേക മന്ത്രാലയങ്ങള്‍ സൃഷ്ടിച്ചത് ഞങ്ങളുടെ ഗവണ്‍മെന്റാണ്. അവഗണിക്കപ്പെട്ടിരുന്ന ഗോത്രവര്‍ഗ്ഗ മേഖലകള്‍ക്ക് ഇന്ന്, പ്രധാനമന്ത്രി ജന്‍മന്‍ യോജനയുടെ ആനുകൂല്യങ്ങള്‍ ഉപകരിക്കുന്നു, നമ്മുടെ ഗോത്രവര്‍ഗ്ഗ, മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കുന്നു'', ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ വികസന സമീപനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തിന് വേണ്ടി മഹാരാഷ്ട്ര സ്ത്രീ ശാക്തീകരണത്തിന്റെ പാതയൊരുക്കുകയാണെന്നും പറഞ്ഞു. മഹാരാഷ്്രടയില്‍ പല ഉന്നത സ്ഥാനങ്ങളിലും മികച്ച ജോലി ചെയ്യുന്ന സ്ത്രീകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയായി സംസ്ഥാന ഭരണത്തെ നയിക്കുന്ന സുജാത സൗനിക്കിനെയും സംസ്ഥാന പോലീസ് സേനയെ നയിക്കുന്ന ഡി.ജി.പി രശ്മി ശുക്ലയെയും സംസ്ഥാന ഫോറസ്റ്റ് ഫോഴ്‌സ് മേധാവിയായ ഷോമിത ബിശ്വാസിനേയും സംസ്ഥാന നിയമവകുപ്പ് മേധാവിയായി സുവര്‍ണ കേവാലെയും പരാമര്‍ശിച്ചു. സംസ്ഥാനത്തിന്റെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലായി ജയഭഗത് ചുമതലയേറ്റതിനെയും മുംബൈയിലെ കസ്റ്റംസ് വകുപ്പിനെ നയിക്കുന്ന പ്രാചി സ്വരൂപിനെയും മുംബൈ മെട്രോയുടെ എം.ഡിയായ അശ്വിനി ഭിഡെയെയും അദ്ദേഹം പരാമര്‍ശിച്ചു. മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള സ്ത്രീകളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, മഹാരാഷ്ട്ര ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ.മാധുരി കനിത്കര്‍, മഹാരാഷ്ട്ര നൈപുണ്യ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ ഡോ.അപൂര്‍വ പാല്‍ക്കര്‍ എന്നിവരെയും പരാമര്‍ശിച്ചു. '' ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീശക്തി സമൂഹത്തിന് പുതിയ ദിശാബോധം നല്‍കാന്‍ തയ്യാറാണ് എന്നതിന്റെ തെളിവാണ് ഈ വനിതകളുടെ വിജയങ്ങള്‍'', ഈ സ്ത്രീ ശക്തിയാണ് വികസിത് ഭാരതത്തിന്റെ ഏറ്റവും വലിയ അടിത്തറയെന്ന് പരാമര്‍ശിച്ചുകൊണ്ട് ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം' എന്ന വിശ്വാസത്തോടെയാണ് ഈ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ സഹായത്തോടെ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന ആത്മവിശ്വാസവും ശ്രീ മോദി പ്രകടിപ്പിച്ചു.


മഹാരാഷ്ട്ര ഗവര്‍ണര്‍, ശ്രീ സി.പി രാധാകൃഷ്ണന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീ അജിത് പവാര്‍, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മത്സ്യബന്ധന . മൃഗസംരക്ഷണവും ഡയറി വികസനവും മന്ത്രി ശ്രീ രാജീവ് രഞ്ജന്‍ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

പശ്ചാത്തലം
പ്രധാനമന്ത്രി വാധ്വന്‍ തുറമുഖത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഏകദേശം 76,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ് . വലിയ കണ്ടെയ്നര്‍ കപ്പലുകളുടെ കൈകാര്യം ചെയ്യല്‍, ആഴത്തിലുള്ള ഡ്രാഫ്റ്റുകള്‍ വാഗ്ദാനം ചെയ്യല്‍, വളരെ വലിയ ചരക്കു കപ്പലുകളുടെ ഉള്‍ക്കൊള്ളല്‍ എന്നിവയിലൂടെ രാജ്യത്തിന്റെ വ്യാപാരവും സാമ്പത്തിക വളര്‍ച്ചയും ഉത്തേജിപ്പിക്കുന്ന ലോകോത്തര സമുദ്ര കവാടം സ്ഥാപിക്കുന്നതിനാണ് ഇതു ലക്ഷ്യമിടുന്നത്.


ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളിലൊന്നാകുന്ന വാധ്വന്‍ തുറമുഖം പാല്‍ഘര്‍ ജില്ലയിലെ ഡഹാണു പട്ടണത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്.
യാത്രാസമയവും ചെലവും കുറച്ചുകൊണ്ട് ഇത് അന്താരാഷ്ട്ര കപ്പല്‍ പാതകളിലേക്കു നേരിട്ടു ബന്ധിപ്പിക്കല്‍ സൗകര്യമൊരുക്കും. അത്യാധുനിക സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്ന തുറമുഖത്ത് ആഴത്തിലുള്ള ബര്‍ത്തുകള്‍, ചരക്കു കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമമായ സൗകര്യങ്ങള്‍, ആധുനിക തുറമുഖപരിപാലനം എന്നിവ ഉള്‍പ്പെടും. തുറമുഖം ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനു സംഭാവന നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും കര്‍ശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഊന്നല്‍ നല്‍കികൊണ്ടുള്ള സുസ്ഥിര വികസനരീതികള്‍ ഉള്‍ക്കൊള്ളുന്നതാണു വാധ്വന്‍ തുറമുഖപദ്ധതി. തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ സമുദ്ര ബന്ധിപ്പിക്കല്‍ സൗകര്യം വര്‍ദ്ധിക്കുകയും ആഗോള വ്യാപാരകേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

 

രാജ്യത്തുടനീളമുള്ള അടിസ്ഥാനസൗകര്യങ്ങളും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമിട്ടുകൊണ്ടുള്ള 1560 കോടി രൂപയുടെ 218 മത്സ്യബന്ധനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. മത്സ്യമേഖലയില്‍ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നവയാണ് ഈ സംരംഭങ്ങള്‍.

ഏകദേശം 360 കോടി രൂപ ചെലവില്‍ സജ്ജമാക്കുന്ന യാന ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതല സമാരംഭം കുറിയ്ക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 13 തീരദേശ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും യന്ത്രവല്‍ക്കൃത-മോട്ടോര്‍ഘടിപ്പിച്ചിട്ടുള്ള മത്സ്യബന്ധന യാനങ്ങളില്‍ ഘട്ടംഘട്ടമായി ഒരു ലക്ഷം ട്രാന്‍സ്‌പോന്‍ഡറുകള്‍ ഈ പദ്ധതിക്കു കീഴില്‍ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികള്‍ കടലിലായിരിക്കുമ്പോള്‍ ദ്വിമുഖ ആശയവിനിമയം നടത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചെടുത്ത തദ്ദേശീയ സാങ്കേതികവിദ്യയാണു യാന ആശയവിനിമയ-പിന്തുണ സംവിധാനം.

 

മത്സ്യബന്ധന തുറമുഖങ്ങളുടെയും സംയോജിത അക്വാപാര്‍ക്കുകളുടെയും വികസനം, എന്നിവയ്‌ക്കൊപ്പം റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ലോക്ക് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍ തുടങ്ങി മറ്റ് പദ്ധതികള്‍ക്കും പ്രധാനമന്ത്രി സമാരംഭം കുറിച്ചു. മത്സ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള പരിപാലനം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിനുപേര്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കുന്നതിനും നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന നിലവാരമുള്ള ചേരുവകളും നല്‍കുന്നതിനുള്ള ഈ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളിലായി നടപ്പിലാക്കും.


മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം, നവീകരണം, ഫിഷ് ലാന്‍ഡിങ് കേന്ദ്രങ്ങള്‍, മത്സ്യച്ചന്തകളുടെ നിര്‍മാണം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. മത്സ്യ-സമുദ്രോല്‍പ്പന്നങ്ങളുടെ വിളവെടുപ്പിനുശേഷമുള്ള പരിപാലനത്തിന് ആവശ്യമായ സൗകര്യങ്ങളും ശുചിത്വ സാഹചര്യങ്ങളും ഇതു പ്രദാനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.