പൂനെ മെട്രോ ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു
ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ രാഷ്ട്രത്തിന് സമര്‍പ്പിച്ചു
സോളാപൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
ഭിഡേവാഡയിലെ ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെയുടെ ആദ്യ ഗേള്‍സ് സ്‌കൂളിന് സ്മാരകത്തിന് തറക്കല്ലിട്ടു
'മഹാരാഷ്ട്രയില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുന്നത് നഗരവികസനത്തിന് ഉത്തേജനം നല്‍കുകയും ജനങ്ങളുടെ 'ജീവിതം എളുപ്പമാക്കാന്‍' ഗണ്യമായി സഹായിക്കുകയും ചെയ്യും.
'പുണെ നഗരത്തില്‍ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന നമ്മുടെ സ്വപ്നത്തിന്റെ ദിശയിലേക്കു നാം അതിവേഗം നീങ്ങുകയാണ്'
'സോലാപൂരിലേക്ക് നേരിട്ട് എയര്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനായി വിമാനത്താവളം നവീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി'
'ഇന്ത്യ ആധുനികമാകണം, ഇന്ത്യയെ ആധുനികവല്‍ക്കരിക്കണം, പക്ഷേ അത് നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം'
'പെണ്‍മക്കള്‍ക്കു മുന്നില്‍ അടച്ചിട്ടിരുന്ന വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ സാവിത്രിഭായി ഫൂലെയെപ്പോലുള്ള മഹദ്‌വ്യക്തികള്‍ തുറന്നുകൊടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

രണ്ട് ദിവസം മുമ്പ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് പൂനെയില്‍ തന്റെ പരിപാടി റദ്ദാക്കിയ കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. മഹത്തായ വ്യക്തികളുടെ പ്രചോദനം നിറഞ്ഞ ഈ ഭൂമി മഹാരാഷ്ട്രയുടെ വികസനത്തിന്റെ ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് ഇന്നത്തെ വെര്‍ച്വല്‍ പരിപാടിക്ക് സാങ്കേതികവിദ്യയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പൂനെ മെട്രോയുടെ ജില്ലാ കോടതിയുടെ സ്വര്‍ഗേറ്റിലേക്കുള്ള ഭാഗത്തിന്റെ ഉദ്ഘാടനവും പൂനെ മെട്രോ ഫേസ്-1 ന്റെ സ്വര്‍ഗേറ്റ്-കട്രജ് വിപുലീകരണത്തിന് തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. ക്രാന്തിജ്യോതി സാവിത്രിഭായി ഫൂലെയുടെ ഭിദേവാഡയിലെ ആദ്യ ഗേള്‍സ് സ്‌കൂളിന് സ്മാരകത്തിന് തറക്കല്ലിടുന്ന കാര്യത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, പൂനെയിലെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ അതിവേഗം പുരോഗതി ഉണ്ടാകുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

 

''ഭഗവാന്‍ വിത്തലിന്റെ ഭക്തര്‍ക്കും ഇന്ന് ഒരു പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ട്'', നഗരത്തിലേക്ക് നേരിട്ട് വ്യോമ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതിനായി സോലാപൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ടെര്‍മിനലിന്റെ ശേഷി വര്‍ധിച്ചിട്ടുണ്ടെന്നും നിലവിലെ വിമാനത്താവളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാര്‍ക്കായി പുതിയ സര്‍വീസുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതുവഴി ഭഗവാന്‍ വിത്തല്‍ ഭക്തര്‍ക്ക് സൗകര്യം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബിസിനസ്സുകള്‍, വ്യവസായങ്ങള്‍, ടൂറിസം എന്നിവയ്ക്ക് ഈ വിമാനത്താവളം ഉത്തേജനം നല്‍കുമെന്നും ഇന്നത്തെ വികസന പദ്ധതികള്‍ക്ക് മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂനെ പോലുള്ള നഗരങ്ങളെ പുരോഗതിയുടെയും നഗരവികസനത്തിന്റെയും കേന്ദ്രമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയവേ, ഇന്ന്, മഹാരാഷ്ട്രയ്ക്ക് പുതിയ ദൃഢനിശ്ചയങ്ങളോടുകൂടിയ വലിയ ലക്ഷ്യങ്ങള്‍ ആവശ്യമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പൂനെയുടെ പുരോഗതിയെക്കുറിച്ചും വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ സമ്മര്‍ദ്ദത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, വികസനവും ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, പൂനെയുടെ പൊതുഗതാഗതത്തെ ആധുനികവല്‍ക്കരിക്കുകയും നഗരം വികസിക്കുമ്പോള്‍ കണക്റ്റിവിറ്റിക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്ന സമീപനത്തോടെയാണ് ഇപ്പോഴത്തെ സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

പൂനെ മെട്രോയെ കുറിച്ചുള്ള ചര്‍ച്ചകള്‍ 2008ല്‍ തുടങ്ങിയെന്നും എന്നാല്‍ 2016ല്‍ തന്റെ ഗവൺമെൻ്റ് പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുത്തപ്പോഴാണ് അതിന്റെ തറക്കല്ലിട്ടതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. അതിന്റെ ഫലമായി ഇന്ന് പൂനെ മെട്രോ വേഗത കൈവരിക്കുകയും വികസിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് പൂനെ മെട്രോ ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തുവെന്നും മറുവശത്ത് സ്വര്‍ഗേറ്റ് മുതല്‍ കട്രാജ് ലൈനിനുള്ള തറക്കല്ലിട്ടുവെന്നും ഇന്നത്തെ പരിപാടികളെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ റൂബി ഹാള്‍ ക്ലിനിക്കില്‍ നിന്ന് രാംവാദിയിലേക്കുള്ള മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. വേഗത്തില്‍ തീരുമാനങ്ങളെടുക്കുകയും തടസ്സങ്ങള്‍ നീക്കുകയും ചെയ്തതിനാല്‍ 2016 മുതല്‍ ഇതുവരെ പൂനെ മെട്രോയുടെ വിപുലീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ ഗവൺമെൻ്റിന് 8 വര്‍ഷം കൊണ്ട് കഷ്ടിച്ച് ഒരു മെട്രോ പില്ലര്‍ പോലും നിര്‍മ്മിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇപ്പോഴത്തെ ഗവൺമെൻ്റ് പൂനെയില്‍ മെട്രോയുടെ ആധുനിക ശൃംഖല ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയുടെ പുരോഗതി ഉറപ്പാക്കുന്നതില്‍ വികസനോന്മുഖമായ ഭരണത്തിന്റെ പ്രാധാന്യത്തിനു ശ്രീ മോദി അടിവരയിട്ടു, ഈ തുടര്‍ച്ചയിലെ ഏത് തടസ്സവും സംസ്ഥാനത്തിന് കാര്യമായ നഷ്ടത്തിലേക്ക് നയിക്കുമെന്ന് ഊന്നിപ്പറഞ്ഞു. മെട്രോ സംരംഭങ്ങള്‍ മുതല്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍, കര്‍ഷകര്‍ക്കുള്ള നിര്‍ണായക ജലസേചന പദ്ധതികള്‍ തുടങ്ങി ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ വരവിന് മുമ്പ് കാലതാമസം നേരിട്ട വിവിധ പദ്ധതികള്‍ അദ്ദേഹം എടുത്തുപറഞ്ഞു.

അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കാലത്ത് ആവിഷ്‌കരിച്ച ഔറിക് സിറ്റിയുടെ സുപ്രധാന ഘടകമായ ബിഡ്കിന്‍ വ്യാവസായിക മേഖലയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി പദ്ധതി തടസ്സങ്ങള്‍ നേരിട്ടെങ്കിലും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ ഗവൺമെൻ്റിൻ്റെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിച്ചു. മേഖലയിലേക്ക് കാര്യമായ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ എടുത്തുകാട്ടി ബിഡ്കിന്‍ വ്യാവസായിക നോഡിന്റെ സമര്‍പ്പണം ശ്രീ മോദി പ്രഖ്യാപിച്ചു. 8,000 ഏക്കറില്‍ ബിഡ്കിന്‍ വ്യാവസായിക മേഖല വികസിപ്പിക്കുന്നതോടെ ആയിരക്കണക്കിന് കോടികളുടെ നിക്ഷേപം മഹാരാഷ്ട്രയിലേക്ക് ഒഴുകും, ഇത് ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,'' പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന മന്ത്രം ഇന്ന് മഹാരാഷ്ട്രയിലെ യുവാക്കളുടെ പ്രധാന ശക്തിയായി മാറുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനികവല്‍ക്കരണം രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമാകണമെന്ന് ആവര്‍ത്തിച്ച മോദി, അതിന്റെ സമ്പന്നമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇന്ത്യ നവീകരിക്കുകയും വികസിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഒരുങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളും വികസനത്തിന്റെ നേട്ടങ്ങളും മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം ഒരുപോലെ പ്രധാനമാണെന്നും രാജ്യത്തിന്റെ വികസനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

സാമൂഹിക പരിവര്‍ത്തനത്തില്‍ സ്ത്രീകളുടെ നേതൃത്വത്തിനുള്ള നിര്‍ണായക പങ്ക് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സ്ത്രീ ശാക്തീകരണത്തിന്റെ മഹാരാഷ്ട്രയുടെ പാരമ്പര്യത്തിന് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു, പ്രത്യേകിച്ച് ആദ്യത്തെ പെണ്‍കുട്ടികളുടെ സ്‌കൂള്‍ തുറന്ന് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രസ്ഥാനത്തിന് തുടക്കമിട്ട സാവിത്രിഭായ് ഫൂലെയുടെ ശ്രമങ്ങള്‍ അനുസ്മരിച്ചു. നൈപുണ്യ വികസന കേന്ദ്രം, ലൈബ്രറി, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സാവിത്രിഭായ് ഫൂലെ സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. ഈ സ്മാരകം സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ശാശ്വതമായ ശ്രദ്ധാഞ്ജലിയായി വര്‍ത്തിക്കുമെന്നും ഭാവി തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസം നേടുന്നതില്‍ സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളികളെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നതിന് സാവിത്രിഭായ് ഫൂലെയെപ്പോലുള്ള ദാര്‍ശനികരെ പ്രശംസിച്ചു. സ്വാതന്ത്ര്യം നേടിയിട്ടും രാജ്യം ഭൂതകാല ചിന്തകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ പാടുപെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പല മേഖലകളിലും സ്ത്രീ പ്രവേശനം പരിമിതപ്പെടുത്തിയ മുന്‍ ഗവൺമെൻ്റുകളെ ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളുകളിലെ സ്ത്രീ പ്രവേശനവും സായുധ സേനയിലെ റോളുകളും ഉള്‍പ്പെടെ കാലഹരണപ്പെട്ട സംവിധാനങ്ങളെ ഇപ്പോഴത്തെ ഗവൺമെൻ്റ് മാറ്റിമറിച്ചതായും ഗര്‍ഭിണികള്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്തെന്നും ശ്രീ മോദി പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്റെ കാര്യമായ ആഘാതത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു, തുറന്ന ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുകയെന്ന ബുദ്ധിമുട്ടില്‍ നിന്ന് മോചിതരായ പെണ്‍മക്കളും സ്ത്രീകളുമാണ് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ എന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ ശുചിത്വം മെച്ചപ്പെടുത്തിയതു നിമിത്തം പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശനമായ നിയമങ്ങളും ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധീനിയവും ശ്രീ മോദി പരാമര്‍ശിച്ചു.

 

'നമ്മുടെ പെണ്‍മക്കള്‍ക്കായി എല്ലാ മേഖലയുടെയും വാതില്‍ തുറക്കുമ്പോള്‍ മാത്രമേ രാജ്യത്തിന് പുരോഗതിയുടെ യഥാര്‍ത്ഥ വാതിലുകള്‍ തുറക്കൂ', ഈ പ്രമേയങ്ങള്‍ക്കും സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രചാരണത്തിനും സാവിത്രിഭായ് ഫൂലെ സ്മാരകം കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഭിസംബോധന ഉപസംഹരിച്ചുകൊണ്ട്, രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതില്‍ മഹാരാഷ്ട്രയുടെ നിര്‍ണായക പങ്കിലുള്ള തന്റെ വിശ്വാസം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിച്ചു പറഞ്ഞു, 'വികസിത് മഹാരാഷ്ട്ര, വികസിത് ഭാരത്' എന്ന ഈ ലക്ഷ്യം നമ്മള്‍ ഒരുമിച്ച് കൈവരിക്കും.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി പി രാധാകൃഷ്ണന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീ അജിത് പവാര്‍ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ഫലത്തില്‍ പങ്കെടുത്തു.

പശ്ചാത്തലം

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ (ഘട്ടം-1) പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്ന പൂനെ മെട്രോയുടെ ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് വരെയുള്ള ഭൂഗര്‍ഭ ഭാഗത്തിന് ഏകദേശം 1,810 കോടി രൂപയാണ് ചെലവ്. കൂടാതെ, ഏകദേശം 2,955 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന പൂനെ മെട്രോ ഒന്നാം ഘട്ടത്തിന്റെ സ്വര്‍ഗേറ്റ്-കത്രാജ് വിപുലീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. ഏകദേശം 5.46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, തെക്കന്‍ഭാഗ വിപുലീകരണം പൂര്‍ണ്ണമായും ഭൂഗര്‍ഭത്തിലാണ്, മാര്‍ക്കറ്റ് യാര്‍ഡ്, പത്മാവതി, കത്രാജ് എന്നിങ്ങനെ മൂന്ന് സ്റ്റേഷനുകള്‍ ഉണ്ട്.

 

ഗവൺമെൻ്റിൻ്റെ ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴില്‍ 7,855 ഏക്കര്‍ വ്യാപിച്ചുകിടക്കുന്ന, കേന്ദ്ര ഗവണ്‍മെന്റിന്റെ പരിവര്‍ത്തന പദ്ധതിയായ ബിഡ്കിന്‍ വ്യാവസായിക മേഖല പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇത് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കാണു സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി മുംബൈ വ്യാവസായിക ഇടനാഴിക്ക് കീഴില്‍ വികസിപ്പിച്ച പദ്ധതിക്ക് മറാത്ത്വാഡ മേഖലയിലെ ഊര്‍ജ്ജസ്വലമായ സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ വലിയ സാധ്യതകളുണ്ട്. 3 ഘട്ടങ്ങളിലായി 6,400 കോടി രൂപയിലധികം വരുന്ന ഈ പദ്ധതിക്ക് കേന്ദ്ര ഗവൺമെൻ്റ് അംഗീകാരം നല്‍കി.

വിനോദസഞ്ചാരികള്‍, വാണിജ്യ ആവശ്യത്തിനു യാത്ര ചെയ്യുന്നവര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കു വേഗം സോലാപൂരിലെത്തുന്നതിനുള്ള സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുന്ന സോലാപൂര്‍ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സോലാപൂരിലെ നിലവിലുള്ള ടെര്‍മിനല്‍ കെട്ടിട പ്രതിവര്‍ഷം 4.1 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനായി നവീകരിച്ചു. കൂടാതെ, ഭിഡേവാഡയില്‍ ആദ്യ ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെ ഗേള്‍സ് സ്‌കൂളിനുള്ള സ്മാരകത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു.

 

Click here to read full text speech

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi