അഹമ്മദാബാദിനും ഭുജിനും ഇടയിൽ നമോ ഭാരത് റാപ്പിഡ് റെയിൽ ഉദ്ഘാടനം ചെയ്തു
നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
പിഎം ആവാസ് യോജന – ഗ്രാമീൺ പ്രകാരം 30,000-ത്തിലധികം വീടുകൾ അനുവദിച്ചു
അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐടി സംവിധാനത്തിനു (SWITS) തുടക്കംകുറിച്ചു
“നമ്മുടെ മൂന്നാം കാലയളവിലെ ആദ്യ 100 ദിവസങ്ങൾ ഏവർക്കും ഫലപ്രദമായ വികസനം കൊണ്ടുവന്നു”
“70 വയസ്സിനു മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യം സംബന്ധിച്ച് വലിയ തീരുമാനമെടുത്തു”
“നമോ ഭാരത് റാപ്പിഡ് റെയിൽ ഇടത്തരം കുടുംബങ്ങൾക്ക് വളരെയധികം സൗകര്യങ്ങൾ നൽകും”
“ഈ 100 ദിവസത്തിനുള്ളിൽ വന്ദേ ഭാരത് ശൃംഖലയുടെ വിപുലീകരണം അഭൂതപൂർവമാണ്”
“ഇതാണ് ഇന്ത്യയുടെ സമയം, ഇതാണ് ഇന്ത്യയുടെ സുവർണ കാലഘട്ടം, ഇതാണ് ഇന്ത്യയുടെ അമൃതകാലം”
“ഇന്ത്യക്ക് ഇപ്പോൾ നഷ്ടപ്പെടുത്താൻ സമയമില്ല, നമുക്ക് ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും മാന്യമായ ജീവിതം നൽകുകയും വേണം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ റെയിൽവേ, റോഡ്, വൈദ്യുതി, ഭവന നിർമ്മാണം, ധനകാര്യം എന്നീ മേഖലകളിലായി 8000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു. നേരത്തെ, അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിൽ ശ്രീ മോദി ഉദ്ഘാടനം ചെയ്തു. നാഗ്പുർ-സെക്കന്ദരാബാദ്, കോൽഹാപുർ-പുണെ, ആഗ്ര കന്റോൺമെന്റ്-ബനാറസ്, ദുർഗ്-വിശാഖപട്ടണം, പുണെ-ഹുബ്ബള്ളി തുടങ്ങി നിരവധി വന്ദേഭാരത് ട്രെയിനുകളും 20 കോച്ചുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡൽഹി ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ, അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐടി സംവിധാനവും (SWITS) അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

സദസിനെ അഭിസംബോധന ചെയ്യവേ
ഗ​ണേശോത്സവത്തിന്റെയും മിലാദ്-ഉൻ-നബിയുടെയും രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങളുടെയും ശുഭവേളയെ പ്രധാനമന്ത്രി  പരാമർശിച്ചു. ഈ ആഘോഷ വേളയിൽ, റെയിൽ, റോഡ്, മെട്രോ തുടങ്ങിയ മേഖലകളിൽ ഏകദേശം 8500 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്, ഇന്ത്യയുടെ വികസനത്തിന്റെ ഉത്സവവും നടക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. നമോ ഭാരത് റാപ്പിഡ് റെയിലിന്റെ ഉദ്ഘാടനത്തെ ഗുജറാത്തിന്റെ സൽപ്പേരിനുള്ള പുതിയ തിളക്കമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ നഗര ഗതാഗതസൗകര്യത്തിലെ പുതിയ നാഴികക്കല്ലായി മാറുമെന്ന് പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ന് അവരുടെ പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ആയിരക്കണക്കിന് കുടുംബങ്ങൾക്കു കൂടിയുള്ള ആദ്യ ഗഡു പുറത്തിറക്കിയിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നവരാത്രി, ദസറ, ദുർഗാപൂജ, ധന്തേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ ഈ കുടുംബങ്ങൾ തങ്ങളുടെ പുതിയ വീടുകളിൽ അതേ ആവേശത്തോടെ ചെലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ നിങ്ങൾക്ക് ഐശ്വര്യപൂർണമായ ഗൃഹപ്രവേശം ആശംസിക്കുന്നു”- പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്നത്തെ വികസനപദ്ധതികൾക്ക് ഗുജറാത്തിലെയും ഇന്ത്യയിലെയും ജനങ്ങളെ, പ്രത്യേകിച്ച് ഇപ്പോൾ വീട്ടുടമകളായി മാറിയ സ്ത്രീകളെ അദ്ദേഹം അഭിനന്ദിച്ചു.

ആഘോഷത്തിന്റെ ആവേശത്തിനിടയിലും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയ്ക്കാത്ത വെള്ളപ്പൊക്കമുണ്ടായിട്ടുണ്ടെന്നതിൽ ശ്രീ മോദി ദുഃഖം പ്രകടിപ്പിച്ചു. ഗുജറാത്തിന്റെ മുക്കിലും മൂലയിലും കുറഞ്ഞ സമയത്തിനുള്ളിൽ നിർത്താതെ ഇത്രയും മഴ ലഭിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ട പൗരന്മാരുടെ വിയോഗത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരുടെ പിന്തുണയും പുനരധിവാസവും ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ എല്ലാ ശ്രമവും നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവർ വളരെ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 

“മൂന്നാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്” - പ്രധാനമന്ത്രി  പറഞ്ഞു. ജീവിതപാഠങ്ങളെല്ലാം പഠിച്ച തന്റെ ജന്മസ്ഥലമാണ് ഗുജറാത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങൾ തന്നോട് സ്‌നേഹം ചൊരിഞ്ഞുവെന്നും പുതിയ ഊർജത്താലും ഉത്സാഹത്താലും പുനരുജ്ജീവനത്തിനായി മാത്രം ഒരു മകൻ വീട്ടിലേക്ക് മടങ്ങുന്നതുപോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ അനുഗ്രഹിക്കാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിയത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം എത്രയും വേഗം ഗുജറാത്ത് സന്ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്ന ഗുജറാത്തിലെ ജനങ്ങളുടെ ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. “ഇത് സ്വാഭാവികമാണ്. അറുപത് വർഷത്തിന് ശേഷം ഒരേ ഗവണ്മെന്റിന് നാഴികക്കല്ലായി മൂന്നാം തവണയും അധികാരത്തിൽ വരാൻ അവസരം നൽകി ഇന്ത്യയിലെ ജനങ്ങൾ ചരിത്രം സൃഷ്ടിച്ചു” - ഇത് ഇന്ത്യയുടെ ജനാധിപത്യത്തിലെ സുപ്രധാന സംഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “രാഷ്ട്രം ആദ്യം എന്ന ദൃഢനിശ്ചയം ചെയ്ത് എന്നെ ഡൽഹിയിലേക്ക് അയച്ചത് ഗുജറാത്തിലെ ജനങ്ങൾ തന്നെയാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു. ഗവണ്മെന്റിന്റെ ആദ്യ നൂറ് ദിവസങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് ഓർമിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയിലായാലും വിദേശത്തായാലും താൻ എല്ലാ ശ്രമവും നടത്തുമെന്നും പറഞ്ഞു. പൊതുജനക്ഷേമത്തിനും ദേശീയതാൽപ്പര്യത്തിനും വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനുമായി ആദ്യ 100 ദിവസങ്ങൾ നീക്കിവച്ചതായി അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 3 കോടി പുതിയ വീടുകൾ നിർമിക്കുമെന്ന് തെരഞ്ഞെടുപ്പു വേളയിൽ രാജ്യത്തിന് നൽകിയ വാഗ്ദാനത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത ഗുജറാത്തിൽ നിന്നുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഝാർഖണ്ഡിലെ ആയിരക്കണക്കിന് കുടുംബങ്ങളും പുതിയ അടച്ചുറപ്പുള്ള വീടുകളുടെ ഗുണഭോക്താക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമങ്ങളിലായാലും നഗരത്തിലായാലും എല്ലാവർക്കും മെച്ചപ്പെട്ട അന്തരീക്ഷം നൽകുന്നതിൽ തന്റെ ഗവൺമെൻ്റ് തുടർച്ചയായി ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നഗരങ്ങളിലെ ഇടത്തരക്കാരുടെ വീടുകൾക്കുള്ള സാമ്പത്തിക സഹായമായാലും, തൊഴിലാളികൾക്ക് ന്യായമായ വാടകയ്ക്ക് നല്ല വീടുകൾ നൽകുമെന്ന യജ്ഞമായാലും, ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക വീട് പണിയുന്നതിനായാലും, ജോലി ചെയ്യുന്ന സ്ത്രീകൾക്കായി രാജ്യത്ത് പുതിയ ഹോസ്റ്റലുകൾ നിർമിക്കുന്നതിനായാലും ആയിരക്കണക്കിന് കോടി രൂപയാണ് ഗവണ്മെന്റ് ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദരിദ്രരുടെയും ഇടത്തരക്കാരുടെയും ആരോഗ്യം സംബന്ധിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എടുത്ത വലിയ തീരുമാനം അനുസ്മരിച്ചുകൊണ്ട്, 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുമെന്ന വാഗ്ദാനത്തെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. മധ്യവർഗത്തിലെ ആൺമക്കളും പെൺമക്കളും മാതാപിതാക്കളുടെ ചികിത്സയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ 100 ദിവസങ്ങളിൽ യുവാക്കളുടെ തൊഴിലിനും സ്വയംതൊഴിലിനും നൈപുണ്യ വികസനത്തിനുമായി കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലേക്കും ശ്രദ്ധ ആകർഷിച്ച പ്രധാനമന്ത്രി, 2 ലക്ഷം കോടി രൂപയുടെ പ്രത്യേക  പാക്കേജ് പ്രഖ്യാപിച്ചതായും ഇത് നാല് കോടിയിലധികം യുവാക്കൾക്ക് ഗുണം ചെയ്യുമെന്നും പരാമർശിച്ചു. യുവാക്കളെ നിയമിച്ചാൽ കമ്പനികളിൽ ആദ്യ ജോലിക്കുള്ള ആദ്യ ശമ്പളവും ഗവണ്മെന്റ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുദ്ര വായ്‌പയുടെ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

സ്ത്രീ ശാക്തീകരണ സംരംഭങ്ങളെക്കുറിച്ചു പരാമർശിക്കവേ, 3 കോടി ലഖ്പതി ദീദികളെ സൃഷ്ടിക്കുമെന്ന ഉറപ്പ് പ്രധാനമന്ത്രി അനുസ്മരിച്ചു. ഗവണ്മെന്റിന്റെ ആദ്യ നൂറു ദിവസത്തിനുള്ളിൽ രാജ്യത്ത് 11 ലക്ഷം പുതിയ ലഖ്പതി ദിദികൾ സൃഷ്ടിക്കപ്പെട്ടപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവരുടെ എണ്ണം ഒരു കോടിയിലെത്തിയെന്നും അദ്ദേഹം സംതൃപ്തിയോടെ അറിയിച്ചു. എണ്ണക്കുരു കർഷകരുടെ താൽപ്പര്യങ്ങൾക്കായി ഗവണ്മെന്റ് അടുത്തിടെ എടുത്ത തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു, അതിലൂടെ അവർക്ക് കുറഞ്ഞ താങ്ങുവിലയേക്കാൾ ഉയർന്ന വില ലഭിക്കും. സോയാബീൻ, സൂര്യകാന്തി തുടങ്ങിയ വിളകൾ ഉൽപ്പാദിപ്പിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിൽ ‘സ്വയംപര്യാപ്തം’ ആകുന്നതിന് ആക്കം കൂട്ടുന്നതിനുമായി വിദേശ എണ്ണയുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ബസുമതി അരിയുടെയും ഉള്ളിയുടെയും കയറ്റുമതി നിരോധനം ഗവണ്മെന്റ് നീക്കിയതോടെ ഇന്ത്യൻ അരിക്കും ഉള്ളിക്കും വിദേശത്ത് ആവശ്യക്കാർ വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ 100 ദിവസങ്ങള്‍ക്കുള്ളില്‍ റെയില്‍, റോഡ്, തുറമുഖം, വിമാനത്താവളം, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട ഡസന്‍ കണക്കിന് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്നത്തെ പരിപാടിയിലും അത് ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ഇന്ന് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ക്ക് തറക്കല്ലിട്ടതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ പരിപാടിക്ക് മുന്‍പ് താന്‍ ഗിഫ്റ്റ് സിറ്റി സ്‌റ്റേഷനിലേക്ക് മെട്രോയില്‍ യാത്ര ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെട്രോ യാത്രയ്ക്കിടെ പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചതായും അഹമ്മദാബാദ് മെട്രോയുടെ വിപുലീകരണത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 100 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ പല നഗരങ്ങളിലെ മെട്രോകളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിന് ഇന്ന് പ്രത്യേക ദിനമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അഹമ്മദാബാദിനും ഭുജിനും ഇടയില്‍ നമോ ഭാരത് റാപ്പിഡ് റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഉയര്‍ത്തിക്കാട്ടി. രാജ്യത്ത് ഒരു നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് ദിവസവും യാത്ര ചെയ്യുന്ന മധ്യ വർഗ കുടുംബങ്ങള്‍ക്ക് നമോ ഭാരത് റാപ്പിഡ് റെയില്‍ വളരെ സൗകര്യപ്രദമാകുമെന്നും ജോലി, വ്യാപാരം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ രാജ്യത്തെ പല നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് നമോ ഭാരത് റാപ്പിഡ് റെയില്‍ നിരവധി പേര്‍ക്ക് ഗുണം ചെയ്യുമെന്ന പ്രത്യാശയും ശ്രീ മോദി പ്രകടിപ്പിച്ചു.
 

മുന്‍പൊരിക്കലും ഉണ്ടാകാത്തതരത്തിലാണ്'', 15-ലധികം പുതിയ വന്ദേ ഭാരത് ട്രെയിന്‍ റൂട്ടുകള്‍ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഝാര്‍ഖണ്ഡില്‍ നിന്നും നാഗ്പൂര്‍-സെക്കന്ദരാബാദ്, കോലാപൂര്‍-പൂനെ, ആഗ്ര കാന്റ്-ബനാറസ്, ദുര്‍ഗ്-വിശാഖപട്ടണം, പൂനെ-ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നുമുള്ള വിവിധ വന്ദേ ഭാരത് ട്രെയിനുകള്‍ ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇപ്പോള്‍ 20 കോച്ചുകളുള്ള ഡല്‍ഹി-വാരണാസി വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ 125-ലധികം വന്ദേ ഭാരത് ട്രെയിനുകള്‍ പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ക്ക് മികച്ച യാത്ര സാദ്ധ്യമാക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഗുജറാത്തിലെ ജനങ്ങള്‍ സമയത്തിന്റെ മൂല്യം മനസ്സിലാക്കുന്നുവെന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, നിലവിലെ കാലഘട്ടം ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം അല്ലെങ്കില്‍ അമൃത് കാലമാണെന്ന് പ്രഘോഷിച്ചു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിതമാക്കാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ച അദ്ദേഹം , ഗുജറാത്തിന് ഇതില്‍ വളരെ വലിയ പങ്കുവഹിക്കാനുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. ഗുജറാത്ത് ഇന്ന് ഉല്‍പ്പാദനത്തിന്റെ ഒരു വലിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിലും ഇന്ത്യയില്‍ ഏറ്റവും മികച്ച ബന്ധിപ്പിക്കലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണെന്നതിലും ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. തങ്ങളുടെ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വിമാനം സി -295 ഗുജറാത്ത് ഇന്ത്യയ്ക്ക് നല്‍കുന്ന ദിവസം വിദൂരമല്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ശ്രീ മോദി പ്രഖ്യാപിച്ചു. സെമികണ്ടക്ടര്‍ ദൗത്യത്തില്‍ ഗുജറാത്തിന്റെ മുന്നേറ്റം അഭൂതപൂര്‍വമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോളിയം, ഫോറന്‍സിക്സ് മുതല്‍ വെല്‍നെസ് വരെയുള്ള നിരവധി സര്‍വകലാശാലകള്‍ ഇന്ന് ഗുജറാത്തിലുണ്ടെന്നും എല്ലാ ആധുനിക വിഷയങ്ങളും പഠിക്കാന്‍ ഗുജറാത്തില്‍ മികച്ച അവസരങ്ങളുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ സര്‍വകലാശാലകള്‍ ഇവിടെ ഗുജറാത്തില്‍ തങ്ങളുടെ ക്യാമ്പസുകള്‍ തുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌കാരം മുതല്‍ കൃഷി വരെ വ്യാപിച്ചുകിടക്കുന്ന മേഖലകളില്‍ ഗുജറാത്ത് ലോകമെമ്പാടും കുതിച്ചുയരുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു. ഗുജറാത്ത് ഇപ്പോള്‍ വിദേശത്തേക്ക് ധാന്യങ്ങളും വിളകളും കയറ്റുമതി ചെയ്യുകയാണെന്നും ഇത് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാതിരുന്നതാണെന്നും ഗുജറാത്തിലെ ജനങ്ങളുടെ സ്ഥിരോത്സാഹവും കഠിനാദ്ധ്വാന സ്വഭാവവുമാണ് ഇതെല്ലാം സാദ്ധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സംസ്ഥാനത്തിന്റെ വികസനത്തിനായി സ്വയം സമര്‍പ്പിച്ച ഒരു തലമുറയാണ് കഴിഞ്ഞുപോയതെന്ന് പറഞ്ഞ പ്രധാനമന്ത്രി, സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നതില്‍ കൂടുതല്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് ചുവപ്പുകോട്ടയില്‍ നിന്ന് താന്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, കയറ്റുമതി ചെയ്യാത്ത ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന ചിന്താഗതിയില്‍ നിന്ന് മാറണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളുടെ വിളക്കുമാടമായി ഗുജറാത്ത് മാറണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
പുതിയ പ്രതിജ്ഞകളുമായി ഇന്ത്യ പ്രവര്‍ത്തിക്കുന്ന രീതി ലോകത്തില്‍ ഇന്ന് അടയാളപ്പെടുത്തപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളിലും വലിയ വേദികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന വലിയ ബഹുമാനം കാണാനാകുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ''ലോകത്തിലെ എല്ലാവരും ഇന്ത്യയെയും ഇന്ത്യക്കാരെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. എല്ലാവരും ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പരിഹാരത്തിനായി ലോകജനത ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും സുസ്ഥിരമായ ഒരു ഗവണ്‍മെന്റ് രൂപീകരിച്ചതോടെ ലോകത്തിന്റെ പ്രതീക്ഷകള്‍ വീണ്ടും വര്‍ദ്ധിച്ചുവെന്നതിനും അദ്ദേഹം അടിവരയിട്ടു. നൈപുണ്യമുള്ള യുവജനങ്ങളുടെ ആവശ്യം വര്‍ദ്ധിക്കുന്നതിനാല്‍ കര്‍ഷകരും യുവാക്കളും ഈ വിശ്വാസത്തിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം കൂടുന്നത് കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നും വിദേശ നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഓരോ പൗരനും തങ്ങളുടെ രാജ്യത്തിന്റെ ശക്തിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ട് ലോകമെമ്പാടും ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ഒരു വശത്ത് ആഗ്രഹിക്കുമ്പോള്‍, നിഷേധാത്മകതയുമായി അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില ആളുകളും രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തെ അത്തരക്കാര്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെ ലയിപ്പിച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയെ ഏകീകരിച്ചത് എങ്ങനെയെന്നത് ശ്രീ മോദി അനുസ്മരിച്ചു. അധികാരമോഹികളായ ഒരു വിഭാഗം ആളുകള്‍ ഇന്ത്യയെ കഷ്ണങ്ങളാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം വിഭജന ഘടകങ്ങളോട് ജാഗ്രത പാലിക്കാനും അത്തരം ആളുകളെ ശ്രദ്ധിക്കാനും ഗുജറാത്തിലെ ജനങ്ങള്‍ക്ക് ശ്രീ മോദി മുന്നറിയിപ്പ് നല്‍കി.
 

ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്നും അത്തരം നിഷേധാത്മക ശക്തികളെ ധീരമായി നേരിടാന്‍ പ്രാപ്തമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. '' ഇന്ത്യക്ക് ഇപ്പോള്‍ നഷ്ടപ്പെടുത്താന്‍ സമയമില്ല. നമുക്ക് ഇന്ത്യയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും മാന്യമായ ജീവിതം നല്‍കുകയും വേണം'', ഇതിലും ഗുജറാത്ത് നേതൃസ്ഥാനത്ത് ഉയരുമെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ എല്ലാ പ്രതിജ്ഞകളും നമ്മുടെ എല്ലാവരുടെയും പരിശ്രമത്തോടെ പൂര്‍ത്തീകരിക്കപ്പെടും. ''നമ്മുടെ എല്ലാ പ്രതിജ്ഞകളും സബ്ക പ്രയാസിലൂടെ (എല്ലാവരുടെയും പ്രയത്‌നത്തിലൂടെ) പൂര്‍ത്തീകരിക്കപ്പെടും'', ശ്രീ മോദി ഉപസംഹരിച്ചു.
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.


പശ്ചാത്തലം

സാമഖീയാലി-ഗാന്ധിധാം, ഗാന്ധിധാം-ആദിപുര്‍ റെയില്‍പ്പാതകള്‍ നാലുവരിയാക്കല്‍, അഹമ്മദാബാദ് എ.എം.സിയിലെ ഐതിഹാസ റോഡുകളുടെ വികസനം, ബാക്കരോള്‍, ഹഥിജന്‍, രാമോല്‍, പഞ്ജരപോള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.

30 മെഗാവാട്ട് സൗരോര്‍ജ സംവിധാനം, കച്ഛിലെ ലിഗ്‌നൈറ്റ് താപോര്‍ജനിലയത്തിലെ 35 മെഗാവാട്ട് ബി.ഇ.എസ്.എസ് സൗര പി.വി പദ്ധതി, മോര്‍ബി, രാജ്കോട്ട് എന്നിവിടങ്ങളിലെ 220 കിലോവോള്‍ട്ട് സബ്സ്‌റ്റേഷനുകള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

സാമ്പത്തിക സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രൂപകല്‍പ്പന ചെയ്ത അന്താരാഷ്ട്ര ധനകാര്യ സേവനകേന്ദ്ര അതോറിറ്റിയുടെ ഏകജാലക ഐ.ടി സംവിധാനവും (സ്വിട്‌സ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

പി.എം ആവാസ് യോജന-ഗ്രാമീണിനു കീഴില്‍ 30,000-ത്തിലധികം വീടുകള്‍ പ്രധാനമന്ത്രി അനുവദിക്കുകയും ഈ വീടുകള്‍ക്കുള്ള ആദ്യ ഗഡു അനുവദിക്കുകയും ചെയ്തു. പി.എം.എ.വൈ പദ്ധതിക്കു കീഴിലുള്ള വീടുകളുടെ നിര്‍മ്മാണത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും. പി.എം.എ.വൈയുടെ നഗര-ഗ്രാമീണ വിഭാഗങ്ങള്‍ക്കു കീഴില്‍ പൂര്‍ത്തിയാക്കിയ വീടുകള്‍ സംസ്ഥാനത്തെ ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം കൈമാറുകയും ചെയ്തു.
അതിനുപുറമെ അഹമ്മദാബാദിനും ഭുജിനുമിടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലും നാഗ്പുര്‍-സെക്കന്ദരാബാദ്, കോല്‍ഹാപുര്‍-പുണെ, ആഗ്ര കന്റോണ്‍മെന്റില്‍ നിന്ന് ബനാറസ് വരെ, ദുര്‍ഗില്‍ നിന്ന് വിശാഖപട്ടണം വരെ, പുണെ-ഹുബ്ബള്ളി തുടങ്ങി നിരവധി വന്ദേഭാരത് ട്രെയിനുകളും ആദ്യത്തെ 20 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡല്‍ഹി ട്രെയിനും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi