സമ്പർക്കസൗകര്യം വർദ്ധിപ്പിക്കുന്ന ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
32,000 പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ (പിഎംഎവൈ-ജി) ഗുണഭോക്താക്കൾക്ക് അനുമതി പത്രങ്ങൾ വിതരണം ചെയ്തു; 32 കോടി രൂപയുടെ സഹായത്തിൻറെ ആദ്യ ഗഡു ​കൈമാറി
46,000 ഗുണഭോക്താക്കളുടെ ഗൃഹപ്രവേശ ആഘോഷങ്ങളിൽ പങ്കെടുത്തു
"ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാകാൻ ഝാർഖണ്ഡിന് കഴിയും; വികസിത ഝാർഖണ്ഡിനും വികസിത ഇന്ത്യക്കും നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്"
"'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന തത്വം രാജ്യത്തിൻറെ ചിന്തകളെയും മുൻഗണനകളെയും മാറ്റിമറിച്ചു"
"കിഴക്കൻ ഇന്ത്യയിൽ റെയിൽ ഗതാഗതസൗകര്യം വിപുലീകരിക്കുന്നത് പ്രദേശത്തിൻറെയാകെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും"
"പിഎം ജന്മൻ യോജന രാജ്യത്തുടനീളമുള്ള ഗോത്രസഹോദരങ്ങൾക്കായുള്ളതാണ്"

ഝാർഖണ്ഡിലെ ടാറ്റാനഗറിൽ 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 32,000 പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. നേരത്തെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ ആറ് വന്ദേ ഭാരത് ട്രെയിനുകൾ ശ്രീ മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ബാബ ബൈദ്യനാഥിനെയും ബാബ ബാസുകിനാഥിനെയും ബിർസ മുണ്ഡ പ്രഭുവിൻറെ നാടിനെയും വണങ്ങിയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പ്രകൃതിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഝാർഖണ്ഡിലെ കർമ്മപർവിൻറെ ശുഭമുഹൂർത്തം പരാമർശിച്ച അദ്ദേഹം റാഞ്ചി വിമാനത്താവളത്തിൽ ഇന്ന് കർമ്മപർവ്വിൻറെ പ്രതീകം ഒരു സ്ത്രീ സമ്മാനിച്ച് തന്നെ സ്വാഗതം ചെയ്തതായി എടുത്തുപറയുകയും ചെയ്തു. കർമ്മ പർവ്വിൻറെ ഭാഗമായി സ്ത്രീകൾ തങ്ങളുടെ സഹോദരങ്ങൾക്ക് സമൃദ്ധമായ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 600 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് അ‌ടച്ചുറപ്പുള്ള വീടുകൾ എന്നിവയാൽ ഝാർഖണ്ഡ് ഇന്ന് അനുഗൃഹീതമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പദ്ധതികൾക്ക് ഝാർഖണ്ഡിലെ ജനങ്ങളെയും വന്ദേ ഭാരത് സൗകര്യം മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു.

 

ആധുനിക വികസനം ഏതാനും സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാത്രമായി  പരിമിതപ്പെടുകയും ഝാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾ പിന്നാക്കം പോകുകയും ചെയ്ത കാലത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ‘ഏവർക്കുമൊപ്പം, ഏവരുടെയും വികസനം' എന്ന മന്ത്രം രാജ്യത്തിൻ്റെ ചിന്തകളെയും മുൻഗണനകളെയും മാറ്റിമറിച്ചിട്ടുണ്ടെന്ന് അടിവരയിട്ടു. ദരിദ്രർ, ഗോത്രവർഗക്കാർ, ദളിതർ, നിരാലംബർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് എല്ലാ നഗരങ്ങളും എല്ലാ സംസ്ഥാനങ്ങളും യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ വന്ദേ ഭാരത് ട്രെയിൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും സംസ്ഥാനങ്ങൾക്കായി മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത കാര്യം അദ്ദേഹം അനുസ്മരിച്ചു. കിഴക്കൻ ഇന്ത്യയിൽ റെയിൽ ഗതാഗതസൗകര്യം വിപുലീകരിക്കുന്നത് ഈ മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും വ്യവസായങ്ങൾക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വലിയ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫലമായി സാംസ്കാരിക പ്രവർത്തനങ്ങൾക്കുണ്ടായ വർധനയെക്കുറിച്ച് സംസാരിക്കവെ, വാരാണസി-ദേവ്ഘർ  വന്ദേ ഭാരത് പദ്ധതിയിലൂടെ ഇന്ത്യയിൽ നിന്നും ലോകത്തിൽ നിന്നും കാശി സന്ദർശിക്കുന്ന ധാരാളം തീർഥാടകർക്ക് ഇപ്പോൾ ദേവ്ദിഘറിലെ ബാബ ബൈദ്യനാഥ് സന്ദർശിക്കാന് അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മേഖലയിലെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുമെന്നും ടാറ്റാനഗറിൻറെ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുമെന്നും അതുവഴി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. "വേഗത്തിലുള്ള വികസനത്തിന് ആധുനിക റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ അനിവാര്യമാണ്" - ഇന്നത്തെ വിവിധ വികസന പദ്ധതികളിലേക്ക് ശ്രദ്ധ ആകർഷിച്ചു ശ്രീ മോദി പറഞ്ഞു. ഇന്നു തറക്കല്ലിടുന്ന മധുപുർ ബൈപാസ് പാത പൂർത്തിയാകുന്നതോടെ, ഹൗറ-ഡൽഹി പ്രധാന പാതയിൽ ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനാകും. കൂടാതെ ഗിരിഡീഹിനും ജസീഡിഹിനുമിടയ്ക്കുള്ള യാത്രാസമയം കുറയ്ക്കാനും സഹായിക്കും.  ഈ സ്റ്റേഷനിലെ കോച്ചിംഗ് സ്റ്റോക്കുകളുടെ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് സഹായിക്കുന്ന ഹസാരിബാഗ് ജില്ലയിലെ ഹസാരിബാഗ് ടൗൺ കോച്ചിങ് ഡിപ്പോയെയും അദ്ദേഹം പരാമർശിച്ചു. കുർകുറ-കാനാരോവാൻ  പാത ഇരട്ടിപ്പിക്കൽ ഝാർഖണ്ഡിലെ റെയിൽ ഗതാഗതസൗകര്യം വർദ്ധിപ്പിക്കുമെന്നും ഉരുക്കു വ്യവസായങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഝാര്‍ഖണ്ഡിന്റെ മൊത്തത്തിലുള്ള പുരോഗതിയും വികസനവും ഉറപ്പാക്കാന്‍ കേന്ദ്ര നിക്ഷേപം ഉയര്‍ത്തിയതിനോടൊപ്പം വികസന പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചതായും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ ഝാര്‍ഖണ്ഡിന് 7,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് 10 വര്‍ഷം മുമ്പ് അനുവദിച്ചിരുന്ന ബജറ്റ് വിഹിതത്തിനെ അപേക്ഷിച്ച് 16 മടങ്ങ് കൂടുതലാണെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. റെയില്‍വേ ബജറ്റ് വര്‍ദ്ധിപ്പിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളോട് ചൂണ്ടിക്കാട്ടിയ അദ്ദേഹം പുതിയ പാതകളുടെ വികസനമോ പാതകളുടെ വൈദ്യുതീകരണമോ പാതകള്‍ ഇരട്ടിപ്പിക്കലോ സ്‌റ്റേഷനുകളിലെ പുതിയ അടിസ്ഥാന സൗകര്യ വികസനമോ എന്തോ ആകട്ടെ, പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുവെന്നും പറഞ്ഞു. റെയില്‍വേ പാതകള്‍ 100%വും വൈദ്യുതീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നായ ഝാര്‍ഖണ്ഡിനെ ശ്രീ മോദി അഭിനന്ദിക്കുകയും ചെയ്തു. അമൃത് ഭാരത് റെയില്‍വേ സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ ഝാര്‍ഖണ്ഡിലെ 50 ലധികം റെയില്‍വേ സ്‌റ്റേഷനുകള്‍ പുനരുജ്ജീവിപ്പിക്കുകയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

 

ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പക്കാ വീടുകള്‍ ഉറപ്പാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന-ഗ്രാമീണിന്റെ (പി.എം.എ.വൈ-ജി) ആദ്യ ഗഡു ഇന്ന് ആരംഭിക്കുകയാണെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ശൗചാലയം, കുടിവെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷന്‍ തുടങ്ങിയ മറ്റ് സൗകര്യങ്ങളും പി.എം.എ.വൈ-ജിക്കൊപ്പം ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കുടുംബത്തിന് സ്വന്തമായി വീട് ലഭിക്കുമ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. വര്‍ത്തമാനകാലത്തെ സുസ്ഥിരമാക്കുന്നതിനൊപ്പം, അവര്‍ അവരുടെ നല്ല ഭാവിയെക്കുറിച്ച് ചിന്തിക്കാനും തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാൻമന്ത്രി ആവാസ് യോജനയിലൂടെ ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് പക്കാ വീടുകള്‍ക്കൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.


രാജ്യത്തെ പാവപ്പെട്ടവര്‍, ദലിതര്‍, ദരിദ്രര്‍, ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ എന്നിവരെ ശാക്തീകരിക്കാന്‍ 2014 മുതല്‍ നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ഝാര്‍ഖണ്ഡ് ഉള്‍പ്പെടെ രാജ്യത്തുടനീളം ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടക്കുന്ന പി.എം. ജന്‍മന്‍ യോജനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന ഗോത്രങ്ങളില്‍ എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ ഈ പദ്ധതിയിലൂടെ, നടക്കുന്നുണ്ടെന്നും അവര്‍ക്ക് വീടും റോഡും വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും ലഭ്യമാക്കാനായി ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് എത്തിച്ചേരുമെന്നും ശ്രീ മോദി പറഞ്ഞു. വികസിത ഝാര്‍ഖണ്ഡിനായുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞകളുടെ ഭാഗമാണ് ഇത്തരം പരിശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിജ്ഞകള്‍ തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടുമെന്നും ജനങ്ങളുടെ അനുഗ്രഹത്തോടെ ഝാര്‍ഖണ്ഡിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മോശം കാലാവസ്ഥ കാരണം തന്റെ ഹെലികോപ്റ്ററിന്റെ യാത്ര നിയന്ത്രിക്കപ്പെട്ടതിനാല്‍ വേദിയില്‍ എത്തിപ്പെടാനാകാത്തതിനും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്നത്തെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും നിര്‍ബന്ധിതനായതിനും ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് മുമ്പാകെ അദ്ദേഹം എളിമയോടെ ക്ഷമാപണവും നടത്തി.


ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ സന്തോഷ് ഗാങ്വാര്‍, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

660 കോടിയിലധികം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദേവ്ഘര്‍ ജില്ലയിലെ മധുപുര്‍ ബൈപാസ് പാതയും ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഹസാരിബാഗ് ടൗണ്‍ കോച്ചിങ് ഡിപ്പോയും തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഹൗറ-ഡല്‍ഹി പ്രധാന പാതയില്‍ ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുന്നതിനും അതോടൊപ്പം ഗിരിദീഹിനും ജസീദിഹിനുമിടയ്ക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനും മധുപുര്‍ ബൈപാസ് പാത പൂര്‍ത്തിയാകുന്നമതാടെ സാദ്ധ്യമാകും. ഈ സ്‌റ്റേഷനിലെ കോച്ചിങ് സ്‌റ്റോക്കുകളുടെ പരിപാലനം ഹസാരിബാഗ് ടൗണ്‍ കോച്ചിങ് ഡിപ്പോ സുഗമമാക്കുകയും ചെയ്യും.


ബോണ്ഡാമുണ്ഡ-റാഞ്ചി ഏകവരിപ്പാതയുടെ ഭാഗമായ കുര്‍കുറ-കാനാരോവാന്‍ പാത ഇരട്ടിപ്പിക്കലും റാഞ്ചി, മുരി, ചന്ദ്രപുര സ്‌റ്റേഷനുകള്‍ വഴിയുള്ള റൂര്‍ക്കേല-ഗോമോ പാതയുടെ ഭാഗവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനു പദ്ധതികള്‍ സഹായിക്കും. ഇതിനുപുറമെ, സാധാരണക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നാല് റോഡ് അടിപ്പാതാ പാലങ്ങളും (ആര്‍.യു.ബി) രാജ്യത്തിനു സമര്‍പ്പിച്ചു.
എല്ലാവര്‍ക്കും വീട് എന്ന പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഝാര്‍ഖണ്ഡില്‍ നിന്നുള്ള 32,000 പ്രധാൻമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ (പി.എം.എ.വൈ-ജി) ഗുണഭോക്താക്കള്‍ക്കുള്ള അനുമതി കത്തും പ്രധാനമന്ത്രി വിതരണം ചെയ്തു. ഗുണഭോക്താക്കള്‍ക്കുള്ള സഹായത്തിന്റെ ആദ്യഗഡുവും അദ്ദേഹം അനുവദിച്ചു. 46,000 ഗുണഭോക്താക്കളുടെ ഗൃഹപ്രവേശ ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi