പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ 29,400 കോടി രൂപയുടെ റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, മുംബൈയും സമീപപ്രദേശങ്ങളും തമ്മിലുള്ള റോഡ്, റെയിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനായി 29,400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടാനും രാഷ്ട്രത്തിനു സമർപ്പിക്കാനും അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ യുവാക്കൾക്കായി വൻ തോതിൽ നൈപുണ്യ വികസനപദ്ധതി നടപ്പാക്കുമെന്നും ഇത് സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകിയ വാധ്വൻ തുറമുഖത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. 76,000 കോടി രൂപയുടെ പദ്ധതി 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ മുംബൈയിലെ നിക്ഷേപകരുടെ മനോഭാവം പരാമർശിച്ച്, ഗവണ്മെന്റിന്റെ മൂന്നാം കാലയളവിനെ ചെറുതും വലുതുമായ നിക്ഷേപകർ ആവേശത്തോടെയാണ് സ്വാഗതം ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്ഥിരതയുള്ള ഗവണ്മെന്റ് മൂന്നാം ടേമിൽ മൂന്നിരട്ടി വേഗതയിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹത്തായ ചരിത്രവും ശാക്തീകരിക്കപ്പെട്ട വർത്തമാനകാലവും സമൃദ്ധമായ ഭാവിയും മഹാരാഷ്ട്രയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ പങ്ക് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വ്യവസായം, കൃഷി, സാമ്പത്തിക മേഖല എന്നിവയുടെ ശക്തിയെക്കുറിച്ചും മുംബൈയെ രാജ്യത്തിൻ്റെ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ചും പരാമർശിച്ചു. “മഹാരാഷ്ട്രയുടെ ശക്തി ഉപയോഗിച്ച് അതിനെ ലോകത്തിൻ്റെ സാമ്പത്തിക ശക്തി കേന്ദ്രമാക്കി മാറ്റാനാണ് ഞാൻ ലക്ഷ്യമിടുന്നത്. മുംബൈയെ ലോകത്തിൻ്റെ ഫിൻടെക് തലസ്ഥാനമാക്കേണ്ടതുണ്ട്“. മഹാരാഷ്ട്രയിലെ ശിവാജി മഹാരാജിൻ്റെ മഹത്തായ കോട്ടകൾ, കൊങ്കൺ തീരപ്രദേശം, സഹ്യാദ്രി പർവതനിരകൾ എന്നിവയിലേക്ക് വെളിച്ചം വീശി, വിനോദസഞ്ചാരത്തിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തണമെന്ന ആഗ്രഹവും ശ്രീ മോദി പ്രകടിപ്പിച്ചു. മെഡിക്കൽ ടൂറിസത്തിലും കോൺഫറൻസ് ടൂറിസത്തിലും സംസ്ഥാനത്തിൻ്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "മഹാരാഷ്ട്ര ഇന്ത്യയിൽ വികസനത്തിൻ്റെ പുതിയ അധ്യായം രചിക്കാൻ പോകുന്നു, ഞങ്ങൾ അതിൻ്റെ സഹയാത്രികരാണ്"- അത്തരം ലക്ഷ്യങ്ങളോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ഇന്നത്തെ പരിപാടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
21-ാം നൂറ്റാണ്ടിലെ ഇന്ത്യൻ പൗരന്മാരുടെ തീവ്രമായ അഭിലാഷങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി മോദി, അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതമാകണം എന്ന ദേശീയ ലക്ഷ്യം ആവർത്തിച്ചു. ഈ യാത്രയിൽ മുംബൈയുടെയും മഹാരാഷ്ട്രയുടെയും പങ്കിന് അദ്ദേഹം ഊന്നൽ നൽകി. “മുംബൈയിലെയും മഹാരാഷ്ട്രയിലെയും എല്ലാവരുടെയും ജീവിതനിലവാരം ഉയരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുംബൈയുടെ സമീപ പ്രദേശങ്ങളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു” - അദ്ദേഹം പറഞ്ഞു. തീരദേശ പാതയും അടൽ സേതുവും പൂർത്തീകരിച്ച കാര്യം അദ്ദേഹം സൂചിപ്പിച്ചു. പ്രതിദിനം ഇരുപതിനായിരത്തോളം വാഹനങ്ങൾ അടൽ സേതു ഉപയോഗിക്കുന്നുവെന്നും ഇത് 20-25 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു പതിറ്റാണ്ട് മുമ്പ് മെട്രോ പാതയുടെ ദൈർഘ്യം 8 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി വർദ്ധിച്ചതിനാൽ മുംബൈയിൽ മെട്രോ സംവിധാനം അതിവേഗം വികസിക്കുകയാണെന്നും 200 കിലോമീറ്റർ മെട്രോ ശൃംഖലയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഛത്രപതി ശിവാജി ടെർമിനസിൻ്റെയും നാഗ്പുർ സ്റ്റേഷൻ്റെയും പുനർവികസനത്തെക്കുറിച്ച് പരാമർശിക്കവേ, “ഇന്ത്യൻ റെയിൽവേയുടെ പരിവർത്തനം മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും വലിയ രീതിയിൽ പ്രയോജനം ചെയ്യു”മെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "ഇന്ന് ഛത്രപതി ശിവാജി ടെർമിനസിലും ലോകമാന്യ തിലക് സ്റ്റേഷനിലും, 24 കോച്ച് ദൈർഘ്യമുള്ള ട്രെയിനുകളുടെ സർവീസിനു പ്രാപ്തമാക്കുന്ന, പുതിയ പ്ലാറ്റ്‌ഫോമുകൾ രാജ്യത്തിന് സമർപ്പിച്ചു" - അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയിലെ ദേശീയപാതകളുടെ ദൈര്‍ഘ്യം മൂന്നിരട്ടിയായെന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രകൃതിയുടെയും പുരോഗതിയുടെയും മഹത്തായ ഉദാഹരണമാണ് ഗോരേഗാവ് മുളുണ്ട് ലിങ്ക് റോഡ്(ജി.എം.എല്‍.ആര്‍) പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. താനെ ബോറിവലി ഇരട്ട ടണല്‍ പദ്ധതി താനെയും ബോറിവേലിയും തമ്മിലുള്ള ദൂരം ഏതാനും മിനിട്ടുകളായി കുറയ്ക്കും. യാത്ര സുഗമമാക്കുകയും തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ നീട്ടുകയും ചെയ്യുന്നതിനൊപ്പം രാജ്യത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ പരിശ്രമം പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. പണ്ഡര്‍പൂര്‍ വാരിയില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി ഏകദേശം 200 കിലോമീറ്ററുള്ള സന്ത് ജ്ഞാനേശ്വര്‍ പാല്‍ഖി മാര്‍ഗും ഏകദേശം 110 കിലോമീറ്ററുള്ള സന്ത് തുക്കാറാം പാല്‍ഖി മാര്‍ഗ്ഗും നിര്‍മ്മിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. ഉടന്‍ തന്നെ ഈ രണ്ട് റോഡുകളും പ്രവര്‍ത്തനക്ഷമമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഈ ബന്ധിപ്പിക്കല്‍ അടിസ്ഥാനസൗകര്യം ടൂറിസം, കൃഷി, വ്യവസായം എന്നിവയെ സഹായിക്കുകയും തൊഴില്‍ മെച്ചപ്പെടുത്തുകയും സ്ത്രീകളുടെ വിശ്രമം സുഗമമാക്കുകയും ചെയ്യുന്നുവെന്നും ശ്രീ മോദി പറഞ്ഞു. ''പാവപ്പെട്ടവരെയും കര്‍ഷകരെയും സ്ത്രീശക്തിയെയും യുവജനശക്തിയെയും ശാക്തീകരിക്കുന്നതാണ് എന്‍.ഡി.എ ഗവണ്‍മെന്റിന്റെ ഈ പ്രവൃത്തികള്‍'', 10 ലക്ഷം യുവാക്കളെ നൈപുണ്യവല്‍ക്കരിക്കല്‍, മുഖ്യമന്ത്രി യുവ കാര്യ പ്രശിഖാന്‍ യോജനയ്ക്ക് കീഴിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ മുന്‍കൈകളെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
''ഇന്ത്യയുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് നൈപുണ്യ വികസനവും വലിയ തോതിലുള്ള തൊഴിലവസരങ്ങളും'', കോവിഡ് മഹാമാരിയ്ക്കിടയിലും കഴിഞ്ഞ 4-5 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ റെക്കോഡ് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിലേക്ക് വെളിച്ചം വീശിയ ശ്രീ മോദി, കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഏകദേശം 8 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അതുവഴി വിമര്‍ശകരുടെ വായടപ്പിച്ചുവെന്നും അറിയിച്ചു. ഇന്ത്യയുടെ വികസനത്തിനെതിരായി നടക്കുന്ന തെറ്റായ ആഖ്യാനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു. പാലങ്ങള്‍ ഉണ്ടാക്കുമ്പോഴും റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുമ്പോഴും റോഡുകള്‍ നിര്‍മ്മിക്കുമ്പോഴും ലോക്കല്‍ ട്രെയിനുകള്‍ നിര്‍മ്മിക്കുമ്പോഴും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് നേരനുപാതികമാണ് രാജ്യത്തെ തൊഴില്‍ നിരക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് എന്‍.ഡി.എ ഗവണ്‍മെന്റിന്റെ വികസന മാതൃക'', പാവപ്പെട്ടവര്‍ക്ക് 3 കോടി വീടുകള്‍ നിര്‍മ്മിക്കാനുള്ള പുതിയ ഗവണ്‍മെന്റിന്റെ ആദ്യ തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 4 കോടി കുടുംബങ്ങള്‍ക്ക് ഇതിനകം വീട് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് ദളിതര്‍ക്കും ദരിദ്രരും ആവാസ് യോജനയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. '' സ്വന്തമായി ഒരു വീട് എന്ന നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഴിയോരക്കച്ചവടക്കാരുടെ ജീവിതത്തിലെ മാന്യത വീണ്ടെടുക്കുന്നതില്‍ സ്വനിധി പദ്ധതി നിര്‍വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മഹാരാഷ്ട്രയിലെ 13 ലക്ഷത്തില്‍ മുംബൈയില്‍ മാത്രമുള്ള 1.5 ലക്ഷം ഉള്‍പ്പെടെ 90 ലക്ഷത്തോളം വായ്പകള്‍ പദ്ധതിക്ക് കീഴില്‍ അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഈ പദ്ധതിയിലൂടെ ഈ കച്ചവടക്കാരുടെ വരുമാനത്തില്‍ പ്രതിമാസം 2000 രൂപയുടെ വര്‍ദ്ധനയുണ്ടായതായുള്ള ഒരു പഠനവും അദ്ദേഹം ഉദ്ധരിച്ചു.
സ്വനിധി പദ്ധതിയുടെ ഒരു പ്രത്യേകത എടുത്തുപറഞ്ഞ പ്രധാനമന്ത്രി പാവപ്പെട്ടവരുടെ പ്രത്യേകിച്ച് ഈ പദ്ധതി പ്രകാരം ബാങ്കുകള്‍ വഴി വായ്പ ലഭിക്കുകയും അത് യഥാസമയം തിരിച്ചടയ്ക്കുകയും ചെയ്ത വഴിയോരകച്ചവടക്കാരുടെ ആത്മാഭിമാനത്തേയും ശക്തിയേയും കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇതുവരെ 3.25 ലക്ഷം കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതായി അദ്ദേഹം അറിയിച്ചു.
''മഹാരാഷ്ട്ര ഇന്ത്യയില്‍ സാംസ്‌കാരികവും സാമൂഹികവും ദേശീയവുമായ അവബോധം പ്രചരിപ്പിച്ചു'', ഛത്രപതി ശിവാജി മഹാരാജ്, ബാബാസാഹബ് അംബേദ്കര്‍, മഹാത്മാ ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ, അണ്ണാഭൗ സാത്തേ, ലോകമാന്യ തിലക്, വീര്‍ സവര്‍ക്കര്‍ എന്നിവര്‍ അവശേഷിപ്പിച്ച പൈതൃകങ്ങളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യോജിപ്പുള്ള സമൂഹവും ശക്തമായ രാഷ്ടവും എന്നുള്ള അവരുടെ കാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്നതിനും അത് നിറവേറ്റുന്നതിനും പ്രധാനമന്ത്രി പൗരന്മാരെ ഉദ്ബോധിപ്പിച്ചു. അഭിവൃദ്ധിയിലേക്കുള്ള പാത സൗഹാര്‍ദത്തിലും സൗഹാര്‍ദ്ദത്തിലുമാണെന്ന് ഓര്‍മ്മിക്കണമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബയസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ്, ശ്രീ അജിത് പവാര്‍, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും സഹമന്ത്രി ശ്രീ രാംദാസ് അത്‌വലെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
16,600 കോടി രൂപയുടെ താനെ ബോറിവലി ടണല്‍ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. താനെയ്ക്കും ബോറിവലിക്കും ഇടയിലുള്ള ഈ ഇരട്ടക്കുഴല്‍ത്തുരങ്കം സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് താഴെക്കൂടി കടന്നുപോകുകയും ബോറിവലി വശത്തുള്ള വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയും താനെ വശത്തുള്ള താനെ ഗോഡ്ബന്ദര്‍ റോഡും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ആകെ നീളം 11.8 കിലോമീറ്ററാണ്. ഇത് താനെയില്‍ നിന്ന് ബോറിവലിയിലേക്കുള്ള യാത്രാദൈര്‍ഘ്യം 12 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം ഒരു മണിക്കൂര്‍ ലാഭിക്കുകയും ചെയ്യും.
6300 കോടി രൂപയുടെ ഗോരേഗാവ് മുളുണ്ട് ലിങ്ക് റോഡ് (ജിഎംഎല്‍ആര്‍) പദ്ധതിയുടെ ടണല്‍ പ്രവൃത്തിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഗോരേഗാവിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ നിന്ന് മുളുണ്ടിലെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലേക്കുള്ള റോഡ് ഗതാഗത ബന്ധം ജിഎംഎല്‍ആര്‍ വിഭാവനം ചെയ്യുന്നു. ജിഎംഎല്‍ആറിന്റെ ആകെ നീളം ഏകദേശം 6.65 കിലോമീറ്ററാണ്, ഇത് നവി മുംബൈയിലെയും പൂനെ മുംബൈ എക്സ്പ്രസ്വേയിലെയും പുതിയ നിര്‍ദ്ദിഷ്ട വിമാനത്താവളവുമായി പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളിലേക്ക് നേരിട്ട് ഗതാഗത ബന്ധം നല്‍കും.
നവി മുംബൈയിലെ തുര്‍ഭെയില്‍ കല്യാണ്‍ യാര്‍ഡ് പുനര്‍നിര്‍മ്മാണത്തിനും ഗതി ശക്തി മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ദീര്‍ഘദൂര ഗതാഗതവും സബര്‍ബന്‍ ഗതാഗതവും വേര്‍തിരിക്കുന്നതിന് കല്യാണ്‍ യാര്‍ഡ് സഹായിക്കും. പുനര്‍നിര്‍മ്മാണം കൂടുതല്‍ ട്രെയിനുകള്‍ കൈകാര്യം ചെയ്യാനുള്ള യാര്‍ഡിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും തിരക്ക് കുറയ്ക്കുകയും ട്രെയിനുകളുടെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. നവി മുംബൈയിലെ ഗതി ശക്തി മള്‍ട്ടിമോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ 32600 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയിലാണ് നിര്‍മ്മിക്കുന്നത്. ഇത് പ്രദേശവാസികള്‍ക്ക് അധിക തൊഴിലവസരങ്ങള്‍ നല്‍കുകയും സിമന്റും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അധിക ടെര്‍മിനലായും പ്രവര്‍ത്തിക്കുകയും ചെയ്യും.
ലോകമാന്യ തിലക് ടെര്‍മിനസിലെ പുതിയ പ്ലാറ്റ്ഫോമുകളും ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് സ്റ്റേഷനിലെ 10, 11 പ്ലാറ്റ്ഫോമുകളുടെ വിപുലീകരണവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ലാകമാന്യ തിലക് ടെര്‍മിനസിലെ പുതിയ ദൈര്‍ഘ്യമേറിയ പ്ലാറ്റ്ഫോമുകള്‍ക്ക് ദൈര്‍ഘ്യമേറിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാനും ഒരു ട്രെയിനില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് വഴിയൊരുക്കാനും വര്‍ദ്ധിച്ച ഗതാഗതം കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റേഷന്റെ ശേഷി മെച്ചപ്പെടുത്താനും കഴിയും. ഛത്രപതി ശിവജി ടെര്‍മിനസിലെ 10, 11 പ്ലാറ്റ്‌ഫോമുകള്‍ കവര്‍ ഷെഡും കഴുകാവുന്ന ഏപ്രണും ഉപയോഗിച്ച് 382 മീറ്റര്‍ നീട്ടുകയാണ് ചെയ്യുന്നത്. ട്രെയിനുകളുടെ എണ്ണം 24 കോച്ചുകള്‍ വരെയായി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും, അങ്ങനെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കും.
ഏകദേശം 5600 കോടി രൂപ മുതല്‍മുടക്കുള്ള മുഖ്യമന്ത്രി യുവ കാര്യ പ്രതീക്ഷന്‍ യോജനക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 18-നും 30-നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് നൈപുണ്യ വര്‍ദ്ധനയ്ക്കും വ്യാവസായിക പരിചയത്തിനും അവസരങ്ങള്‍ നല്‍കിക്കൊണ്ട് യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്ന ഒരു പരിവര്‍ത്തന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമാണിത്.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
महाराष्ट्र वो राज्य है, जिसकी विकसित भारत के निर्माण में बड़ी भूमिका है। pic.twitter.com/Wsh336ayPf
— PMO India (@PMOIndia) July 13, 2024
देश की जनता लगातार तेज विकास चाहती है, अगले 25 वर्ष में भारत को विकसित बनाना चाहती है। pic.twitter.com/6kFNX8hyAb
— PMO India (@PMOIndia) July 13, 2024
NDA सरकार के विकास का मॉडल वंचितों को वरीयता देने का रहा है। pic.twitter.com/uQ2bxcAIPM
— PMO India (@PMOIndia) July 13, 2024