“വികസിത ഇന്ത്യയുടെ മാർഗരേഖയിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കു വലിയ പങ്കുണ്ട്”
“ഞങ്ങൾ ഇന്ത്യൻ റെയിൽവേയെ പൂർണമായും പരിവർത്തനം ചെയ്യുകയാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങൾ പോലെയാണ് ഇന്നു വികസിക്കുന്നത്”
“കൃഷിമുതൽ വ്യവസായങ്ങൾവരെയുള്ള ഈ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും”
“അമൃതകാലത്തെ വിനോദസഞ്ചാരവികസനം രാജ്യത്തിന്റെ വികസനത്തിനു വളരെയധികം സഹായകമാകും”
“കേരളത്തിൽ ലക്ഷക്കണക്കിനു ചെറുകിട സംരംഭകർക്കു മുദ്ര വായ്പാപദ്ധതിയുടെ ഭാഗമായി 70,000 കോടിയിലധികം രൂപ അനുവദിച്ചു”

കൊച്ചിയിൽ ഇന്നു കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും ഏകദേശം 4500 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു.  പ്രധാനമന്ത്രി കാലടിയിൽ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും  സന്ദർശിച്ചു. 

കേരളത്തിന്റെ മുക്കും മൂലയും ഓണാഘോഷത്തിന്റെ ആഹ്ലാദനിറവിലാണെന്നു സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ജീവിതസൗകര്യവും വ്യവസായ നിർവഹണസൗകര്യവും വർധിപ്പിക്കുന്ന പദ്ധതികളുടെ കാര്യത്തിൽ അദ്ദേഹം ഏവരെയും അഭിനന്ദിച്ചു. “സമ്പർക്കസൗകര്യമൊരുക്കുന്ന 4600 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ സവിശേഷവേളയിൽ കേരളത്തിനു സമ്മാനിച്ചിരിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. 

വരുന്ന 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബൃഹത്തായ ദൃഢനിശ്ചയമാണു ഇന്ത്യയിലെ ജനങ്ങൾ കൈക്കൊണ്ടിരിക്കുന്നതെന്നു സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെക്കുറിച്ചു പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. “വികസിത ഇന്ത്യയുടെ ഈ മാർഗരേഖയിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കു വലിയ പങ്കുണ്ട്”- അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തനിക്കു ലഭിച്ചിരുന്നെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട വിപുലീകരണത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നടക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം യുവാക്കൾക്കും പ്രൊഫഷണലുകൾക്കും അനുഗ്രഹമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഗതാഗതത്തിന്റെയും നഗരവികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തുടനീളം പ്രചോദനാത്മകമായ വികസനമാണു നടക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. 

കൊച്ചിയിൽ ഏകീകൃത മെട്രോപൊളിറ്റൻ ഗതാഗത അതോറിറ്റി കൊണ്ടുവരുന്നതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, മെട്രോ, ബസ്, ജലപാത തുടങ്ങി എല്ലാ ഗതാഗതമാർഗങ്ങളും സംയോജിപ്പിക്കുന്നതിനായി ഈ അതോറിറ്റി പ്രവർത്തിക്കുമെന്നു ചൂണ്ടിക്കാട്ടി. “ഈ ബഹുതല സമ്പർക്കസൗകര്യങ്ങളുടെ ഭാഗമായി കൊച്ചിക്കു നേരിട്ടുള്ള മൂന്ന് ആനുകൂല്യങ്ങളാണു ലഭിക്കുക. ഇതു നഗരത്തിലെ ജനങ്ങളുടെ യാത്രാസമയം കുറയ്ക്കുകയും റോഡുകളിലെ തിരക്കു കുറയ്ക്കുകയും നഗരമലിനീകരണം കുറയ്ക്കുകയും ചെയ്യും. പരിസ്ഥിതിയെ സംരക്ഷിക്കാൻ, ‘നെറ്റ് സീറോ’ എന്ന ബൃഹദ് പ്രതിജ്ഞ ഇന്ത്യ എടുത്തിട്ടുണ്ട്. അതിനും ഈ നീക്കം സഹായകമാകും. ഇതു കാർബൺ കാൽപ്പാടു കുറയ്ക്കുകയും ചെയ്യും”- പ്രധാനമന്ത്രി പറഞ്ഞു. 

മെട്രോയെ നഗരഗതാഗതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗമാക്കി മാറ്റാൻ കഴിഞ്ഞ എട്ടു വർഷമായി കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുകയാണെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. തലസ്ഥാനത്തുമാത്രം ഒതുക്കാതെ സംസ്ഥാനങ്ങളിലെ മറ്റു വലിയ നഗരങ്ങളിലേക്കും കേന്ദ്രഗവണ്മെന്റ് മെട്രോ വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തെ ആദ്യ മെട്രോ ഏകദേശം 40 വർഷം മുമ്പാണ് ഓടിയതെന്നും അതിനടുത്ത 30 വർഷത്തിനുള്ളിൽ 250 കിലോമീറ്റർ മെട്രോ പാത കൂട്ടിച്ചേർക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്ത് 500 കിലോമീറ്ററിലധികം മെട്രോ പാത സ്ഥാപിച്ചിട്ടുണ്ടെന്നും പുതുതായി 1000 കിലോമീറ്ററിലധികം പാതയുടെ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും പറഞ്ഞു. “ഞങ്ങൾ ഇന്ത്യൻ റെയിൽവേയെ പൂർണമായും പരിവർത്തനം ചെയ്യുകയാണ്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങൾ പോലെയാണ് ഇന്നു വികസിക്കുന്നത്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ലക്ഷക്കണക്കിനു ഭക്തരുടെ ദീർഘകാലമായുള്ള ആവശ്യത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഇതു സന്തോഷകരമായ നിമിഷമാണെന്നും പറഞ്ഞു. “ഏറ്റുമാനൂർ-ചിങ്ങവനം-കോട്ടയം പാത ഇരട്ടിപ്പിക്കൽ അയ്യപ്പദർശനം ഏറെ സുഗമമാക്കും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി, നാം സംസാരിക്കുമ്പോൾ ഒരു ലക്ഷം കോടിരൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “കൃഷിമുതൽ വ്യവസായങ്ങൾവരെയുള്ള ഈ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ കേരളത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിന്റെ സമ്പർക്കസംവിധാനങ്ങൾക്കു കേന്ദ്രഗവണ്മെന്റ് വലിയ ഊന്നലാണു നൽകുന്നത്. കേരളത്തിന്റെ ജീവനാഡി എന്നു വിളിക്കാവുന്ന ദേശീയപാത-66നെ നമ്മുടെ ഗവണ്മെന്റ് ആറുവരിപ്പാതയാക്കി മാറ്റുന്നു. 55,000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.

ആധുനികവും മികച്ചതുമായ സമ്പർക്കസൗകര്യങ്ങളെ വിനോദസഞ്ചാരവും വ്യാപാരവും പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നു നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരും ഇടത്തരക്കാരും ഗ്രാമവും നഗരവും ഉൾപ്പെടെ എല്ലാവരും ചേരുന്നതും എല്ലാവരും നേടുന്നതുമായ വ്യവസായമാണു വിനോദസഞ്ചാരം. “അമൃതകാലത്തെ വിനോദസഞ്ചാരവികസനം രാജ്യത്തിന്റെ വികസനത്തിനു വളരെയധികം സഹായകമാകും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

വിനോദസഞ്ചാരമേഖലയിൽ സംരംഭകത്വത്തിനു നിരവധി പ്രോത്സാഹനങ്ങൾ നൽകുന്നുണ്ടെന്നു കേന്ദ്ര ഗവൺമെന്റിന്റെ പങ്കിനെക്കുറിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനായി ഈടൊന്നുമില്ലാതെ 10 ലക്ഷം രൂപവരെ വായ്പ നൽകുന്നതാണു മുദ്ര പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിൽ ഈ പദ്ധതിപ്രകാരം ലക്ഷക്കണക്കിനു ചെറുകിട സംരംഭകർക്ക് 70,000 കോടിയിലധികം രൂപ സഹായഹസ്തമായി നൽകിയിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ കരുതൽ സാമൂഹ്യജീവിതത്തിന്റെ ഭാഗമാണെന്നു കേരളത്തിന്റെ പ്രത്യേകതയെക്കുറിച്ചു പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. “കുറച്ചു ദിവസങ്ങൾക്കുമുമ്പു ഹരിയാനയിൽ മാതാ അമൃതാനന്ദമയിയുടെ അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. കാരുണ്യത്തിന്റെ നിറകുടമായ അമൃതാനന്ദമയി അമ്മയുടെ അനുഗ്രഹം എനിക്കും ലഭിച്ചു. ഇന്നു കേരളത്തിന്റെ മണ്ണിൽനിന്ന് ഒരിക്കൽകൂടി ഞാൻ നന്ദി രേഖപ്പെടുത്തുന്നു.”- പ്രധാനമന്ത്രി പറഞ്ഞു. 

‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്നീ അടിസ്ഥാന തത്വങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ടാണു പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. അമൃതകാലത്തു വികസിത ഇന്ത്യയുടെ പാതയ്ക്കു കരുത്തേകുമെന്നു പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ പി രാജീവ്, അഡ്വ. ആന്റണി രാജു, ഹൈബി ഈഡൻ എംപി, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പദ്ധതികളുടെ വിശദാംശങ്ങൾ : 

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടം പേട്ട മുതൽ എസ്എൻ ജങ്ഷൻ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. 700 കോടിയിലധികം രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. കൊച്ചി മെട്രോ റെയിൽ പദ്ധതി രാജ്യത്തെ ഏറ്റവും സുസ്ഥിരമായ മെട്രോ പദ്ധതികളിൽ ഒന്നായിരിക്കും. അതിന്റെ ഊർജ ആവശ്യത്തിന്റെ 55 ശതമാനവും സൗരോർജത്തിൽ നിന്നാണ്. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയാണ്. 11.2 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നതുമായ ഈ പാതയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതിക്കുവേണ്ടിവരുന്ന ചെലവ് ഏകദേശം 1,950 കോടി രൂപയാണ്. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നിർദിഷ്ട രണ്ടാം ഘട്ട ഇടനാഴി കൊച്ചി നഗരത്തിന്റെ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു. ഇതു നഗരത്തിലെ ജില്ലാ ആസ്ഥാനം, പ്രത്യേക സാമ്പത്തിക മേഖല, ഐടി ഹബ് എന്നിവയെ നിലവിലുള്ള മെട്രോ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂർത്തിയാകുന്ന മുറയ്ക്ക്, മെട്രോ ശൃംഖലയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ നഗരത്തിലെ പ്രധാന പാർപ്പിട-വാണിജ്യകേന്ദ്രങ്ങളെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന ഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. അങ്ങനെ ബഹുതല സംയോജനം, അവസാന മൈൽ സമ്പർക്കസംവിധാനം എന്നീ ആശയങ്ങൾ കരുത്താർജിക്കും. 

750 കോടി രൂപ ചെലവിൽ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കിയ കുറുപ്പന്തറ–കോട്ടയം ചിങ്ങവനം ഭാഗത്തെ പാത പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. ഇതോടെ, തിരുവനന്തപുരംമുതൽ മംഗളൂരുവരെയുള്ള മുഴുവൻപാതയും ഇരട്ടപ്പാതയായി. യാത്രക്കാർക്കു വേഗമേറിയതും തടസരഹിതവുമായ സമ്പർക്കസൗകര്യമാണ് ഇത് ഉറപ്പാക്കുന്നത്. ശബരിമല അയ്യപ്പക്ഷേത്രത്തിലേക്കുള്ള ലക്ഷക്കണക്കിനു ഭക്തർക്കു കോട്ടയം, ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങി പമ്പയിലേക്കു റോഡുമാർഗം പോകാനുള്ള സൗകര്യവും വർധിക്കും. കൊല്ലത്തിനും പുനലൂരിനുമിടയിൽ പുതുതതായി വൈദ്യുതീകരിച്ച റെയിൽപ്പാതയും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. 

കേരളത്തിലെ എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം എന്നീ മൂന്നു റെയിൽവെ സ്റ്റേഷനുകളുടെ പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ സ്റ്റേഷൻ പുനർവികസന പദ്ധതികളുടെ ആകെ ചെലവ് 1050 കോടി രൂപയാണ്. പ്രത്യേക ആഗമനം/പുറപ്പെടൽ ഇടനാഴികൾ, ആകാശപാതകൾ, സൗരോർജ പാനലുകൾ, മലിനജലസംസ്കരണ പ്ലാന്റുകൾ, ഊർജസംരക്ഷണപ്രദാനമായ പ്രകാശവിതാനം, മഴവെള്ള സംഭരണസൗകര്യങ്ങൾ, വിവിധതലത്തിലുള്ള ഗതാഗതസൗകര്യങ്ങൾ തുടങ്ങിയവ ഈ റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടാകും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi