ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള യാദ്ഗിർ ബഹുഗ്രാമ കുടിവെള്ള വിതരണപദ്ധതിക്കു തറക്കല്ലിട്ടു
നാരായൺപുർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ-നവീകരണ ആധുനികവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു
ദേശീയപാത-150സിയുടെ ബഡദാൾ മുതൽ മാരഡഗി എസ് അന്ദോള വരെ, നിയന്ത്രിതപ്രവേശനമുള്ള ആറുവരി ഗ്രീൻഫീൽഡ് ഹൈവേയുടെ 65.5 കിലോമീറ്റർ ഭാഗത്തിനു തറക്കല്ലിട്ടു
“ഈ അമൃതകാലത്തു നാം വികസിതഭാരതം കെട്ടിപ്പടുക്കണം”
“രാജ്യത്തെ ഏതെങ്കിലും ഒരു ജില്ല വികസനത്തിന്റെ അളവുകോലുകളിൽ പിന്നോക്കം പോയാലും രാജ്യത്തിന്റെ വികസനം തടസപ്പെടും”
“വിദ്യാഭ്യാസമോ ആരോഗ്യമോ സമ്പർക്കസൗകര്യങ്ങളോ ഏതുമാകട്ടെ, വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള പരിപാടിയിൽ, മികച്ച 10 ജില്ലകളിൽ ‌‌ഒന്നാണു യാദ്ഗിർ”
“ഇരട്ട എൻജിൻ ഗവൺമെന്റ് പ്രോത്സാഹനം, ഏകീകരണം എന്നീ സമീപനങ്ങളോടെയാണു പ്രവർത്തിക്കുന്നത്”
“യാദ്ഗിറിലെ 1.25 ലക്ഷം കർഷകകുടുംബങ്ങൾക്കു പിഎം കിസാൻ നിധിയിൽനിന്ന് 250 കോടി രൂപ ലഭിച്ചു”
“രാജ്യത്തിന്റെ കാർഷികനയം ഏറ്റവും വലിയ മുൻഗണന നൽകുന്നതു ചെറുകിട കർഷകർക്കാണ്”
“അടിസ്ഥാനസൗകര്യങ്ങളിലും പരിഷ്കരണങ്ങളിലുമുള്ള ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ശ്രദ്ധ നിക്ഷേപകർക്കു താൽപ്പര്യമുള്ള ഇടമാക്കി കർണാടകത്തെ മാറ്റുന്നു”

കർണാടകത്തിലെ യാദ്‌ഗിറിലെ കൊടേക്കലിൽ ജലസേചനം, കുടിവെള്ളം, ദേശീയപാത വികസനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള യാദ്ഗിർ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതി, സൂറത്ത്-ചെന്നൈ അതിവേഗപാത എൻഎച്ച്-150 സിയുടെ 65.5 കിലോമീറ്റർ ഭാഗം (ബഡദാൾ മുതൽ മാരഡഗി എസ് അന്ദോള വരെ) എന്നിവയുടെ തറക്കല്ല‌ിടലും നാരായണപൂർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ-നവീകരണ ആധുനികവൽക്കരണ പദ്ധതി (എൻഎൽബിസി - ഇആർഎം) ഉദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.


സമ്മേളനത്തെ അഭിസംബോധനചെയ്യവേ, കർണാടകത്തിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, അതു വലിയ ശക്തിയുടെ ഉറവിടമായി മാറിയെന്നു ചൂണ്ടിക്കാട്ടി. യാദ്‌ഗിറിന്റെ സമ്പന്നമായ ചരിത്രത്തിലേക്കു വെളിച്ചംവീശി, നമ്മുടെ പൂർവികരുടെ കഴിവുകളുടെ പ്രതീകവും, നമ്മുടെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പുരാതനമായ രത്തിഹള്ളി കോട്ടയെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സ്വരാജും സദ്ഭരണവും എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ മഹാരാജാ വെങ്കിടപ്പ നായക്കിന്റെ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഈ പൈതൃകത്തിൽ നാമേവരും അഭിമാനിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 

 

റോഡുകളും വെള്ളവുമായി ബന്ധപ്പെട്ട് ഇന്നു തറക്കല്ലിട്ട പദ്ധതികളെ പരാമർശിച്ച്, ഈ പദ്ധതികൾ ഈ മേഖലയിലെ ജനങ്ങൾക്കു വലിയ നേട്ടങ്ങൾ നൽകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യാദ്ഗിർ, റായ്ച്ചൂർ, കൽബുർഗി എന്നിവയുൾപ്പെടുന്ന പ്രദേശത്തെ ജീവിതസൗകര്യം മെച്ചപ്പെടുത്തുകയും, തൊഴിലിനെയും സാമ്പത്തിക പ്രവർത്തനങ്ങളെയും സഹായിക്കുകയും ചെയ്യുന്ന, സൂറത്ത് - ചെന്നൈ ഇടനാഴിയുടെ കർണാടക ഭാഗത്തിന്റെ പ്രവർത്തനത്തിനും ഇന്നു തുടക്കമിട്ടു. വടക്കൻ കർണാടകത്തിലെ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ സംസ്ഥാന ഗവണ്മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു. 

വരുന്ന 25 വർഷം രാജ്യത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും ‘അമൃതകാല’മാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. “ഈ അമൃതകാലത്തു നാം വികസിതഭാരതം കെട്ടിപ്പടുക്കണം. ഓരോ വ്യക്തിയും കുടുംബവും സംസ്ഥാനവും ഈ ക്യാമ്പയിനുമായി ബന്ധപ്പെട്ടാലേ ഇതു സംഭവിക്കൂ. വയലിലെ കർഷകന്റെയും സംരംഭകന്റെയും ജീവിതം മെച്ചപ്പെട്ടാൽ ഇന്ത്യയെ വികസിപ്പിക്കാനാകും. നല്ല വിളവുണ്ടായാൽ, ഫാക്ടറി ഉൽപ്പാദനം വർധിച്ചാൽ, ഇന്ത്യയെ വികസിപ്പിക്കാനാകും. ഇതിനു മുൻകാലങ്ങളിലെ നിഷേധാത്മക അനുഭവങ്ങളിൽനിന്നും മോശം നയങ്ങളിൽനിന്നും പാഠം പഠ‌ിക്കേണ്ടത് അനിവാര്യമാണ്”- അദ്ദേഹം പറഞ്ഞു. വടക്കൻ കർണാടകത്തിലെ യാദ്‌ഗിറിനെ ഉദാഹരണമാക്കി, വികസനത്തിന്റെ പാതയിൽ മേഖലയിൽ നിലനിൽക്കുന്ന പിന്നോക്കാവസ്ഥ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയ്ക്കു കാര്യപ്രാപ്തിയുണ്ടെങ്കിലും, യാദ്‌ഗ‌ിറും മറ്റു ജില്ലകളും പിന്നാക്കജില്ലകളായി പ്രഖ്യാപിച്ചതിലൂടെ മുൻ ഗവണ്മെന്റുകൾ സ്വയം ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ ഭരിച്ചിരുന്ന ഗവണ്മെന്റുകൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ മുഴുകുകയും വൈദ്യുതി, റോഡ്, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളിൽ ശ്രദ്ധചെലുത്താതിരിക്കുകയും ചെയ്ത കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. നിലവിലെ ഗവൺമെന്റിന്റെ മുൻഗണനകൾ ചൂണ്ടിക്കാട്ടി, ശ്രദ്ധ വികസനത്തിൽ മാത്രമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “വികസനത്തിന്റെ അളവുകോലുകളിൽ രാജ്യത്തെ ഏതെങ്കിലും ഒരു ജില്ല പിന്നോക്കം പോയാലും രാജ്യത്തിന്റെ വികസനം തടസപ്പെടും”- പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളെ മുൻഗണനാക്രമത്തിൽ പരിഗണിച്ചതും യാദ്ഗിർ ഉൾപ്പെടെയുള്ള വികസനം കാംക്ഷിക്കുന്ന നൂറു ഗ്രാമങ്ങളുടെ ക്യാമ്പയിനു തുടക്കമിട്ടതും ഇപ്പോഴത്തെ ഗവണ്മെന്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളിലെ മികച്ച ഭരണനിർവഹണത്തിനും വികസനത്തിനും ഊന്നൽ നൽകിയ പ്രധാനമന്ത്രി, യാദ്ഗിറിൽ 100 ശതമാനം കുട്ടികൾക്കും പ്രതിരോധകുത്തിവയ്പു നൽകിയിട്ടുണ്ടെന്നും പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും വ്യക്തമാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും റോഡുകളിലൂടെയും, ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ സേവനങ്ങൾക്കായി പൊതു സേവന കേന്ദ്രങ്ങളുടെ ലഭ്യതയിലൂടെയും ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “വിദ്യാഭ്യാസമോ ആരോഗ്യമോ സമ്പർക്കസൗകര്യങ്ങളോ ഏതുമാകട്ടെ, വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കായുള്ള പരിപാടിയിൽ, മികച്ച 10 ജില്ലകളിൽ ‌‌ഒന്നാണു യാദ്ഗിർ”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ജനപ്രതിനിധികളെയും ജില്ലാ ഭരണസംവിധാനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിൽ ജലസുരക്ഷയ്ക്കുള്ള പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തി, തീരദേശം, ആഭ്യന്തര സുരക്ഷ എന്നിവയ്ക്കു തുല്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇരട്ട എൻജിൻ ഗവൺമെന്റ് പ്രോത്സാഹനം, ഏകീകരണം എന്നീ സമീപനങ്ങളോടെയാണു പ്രവർത്തിക്കുന്നത്”. 2014ൽ മുടങ്ങിക്കിടന്ന 99 ജലസേചന പദ്ധതികളിൽ 50 എണ്ണം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ടെന്നും പദ്ധതികൾ വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിലും ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ പുരോഗമ‌ിക്കുന്നുണ്ട്. 10,000 ക്യുസെക്സ് കനാൽ വാഹകശേഷിയുള്ള നാരായൺപുർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ-നവീകരണ- ആധുനികവൽക്കരണ പദ്ധതി (എൻഎൽബിസി - ഇആർഎം) 4.5 ലക്ഷം ഹെക്ടറിൽ ജലസേചനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കണികാജലസേചനത്തിൽ അഭൂതപൂർവമായ ശ്രദ്ധയേകുന്നതിനെക്കുറിച്ചും ‘ഓരോ തുള്ളിയിലും കൂടുതൽ വിള’വെടുപ്പ‌ിനെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. കഴിഞ്ഞ 7-8 വർഷത്തിനിടെ 70 ലക്ഷം ഹെക്ടറിലധികം കണികാജലസേചനത്തിന്റെ പരിധിയിൽ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പദ്ധതി കർണാടകത്തിലെ 5 ലക്ഷം ഹെക്ടറിൽ പ്രയോജനം ചെയ്യുമെന്നും ജലവിതാനം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

മൂന്നര വർഷം മുമ്പ് ജൽ ജീവൻ ദൗത്യം ആരംഭിച്ചപ്പോൾ പതിനെട്ടു കോടി ഗ്രാമീണ കുടുംബങ്ങളിൽ മൂന്നു കോടി ഗ്രാമീണ കുടുംബങ്ങൾക്കു മാത്രമാണ് പൈപ്പ് വെള്ള കണക്ഷൻ നൽകിയിരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ആ എണ്ണം പതിനൊന്ന് കോടി ഗ്രാമീണ കുടുംബങ്ങളെന്ന നിലയിൽ ഉയർന്നു”. ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ നേട്ടങ്ങളുടെ ഉദാഹരണമായി അദ്ദേഹം പറഞ്ഞു. “ഇതിൽ മുപ്പത്തിയഞ്ച് ലക്ഷം കുടുംബങ്ങളും കർണാടകത്തിൽ നിന്നുള്ളവരാണ്.” യാദ്ഗിർ, റായ്ച്ചൂർ എന്നിവിടങ്ങളിൽ കുടിവെള്ളം വീടുകളിൽ എത്തുന്നത്, കർണാടകത്തിലും രാജ്യത്താകെയുമുള്ള ശരാശരിയേക്കാൾ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിലേക്കു വെളിച്ചംവീശി, യാദ്ഗിറിലെ എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തിന് ഉത്തേജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജൽ ജീവൻ ദൗത്യത്തിന്റെ അനന്തരഫലങ്ങളാൽ പ്രതിവർഷം 1.25 ലക്ഷത്തിലധികം കുട്ടികളുടെ ജീവൻ രക്ഷിക്കപ്പെടുന്നുവെന്ന് ഒരു പഠനം വെളിപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. പിഎം കിസാൻ സമ്മാൻ നിധി പദ്ധതിക്കു കീഴിൽ കേന്ദ്ര ഗവണ്മെന്റ് കർഷകർക്ക് 6000 രൂപ നൽകുകയും കർണാടക ഗവണ്മെന്റ് അതിൽ 4000 രൂപ കൂടി ചേർക്കുകയും ചെയ്യുന്നത് കർഷകർക്ക് ഇരട്ടി നേട്ടമുണ്ടാക്കുമെന്ന് ‘ഹർ ഘർ ജൽ’ ക്യാമ്പയിനിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. “യാദ്ഗിറിലെ 1.25 ലക്ഷം കർഷകകുടുംബങ്ങൾക്കു പിഎം കിസാൻ നിധിയിൽനിന്ന് 250 കോടി രൂപ ലഭിച്ചു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

ഇരട്ട എൻജിൻ ഗവൺമെന്റിന്റെ പൊരുത്തത്തെക്കുറിച്ചു കൂടുതൽ വിശദീകരിച്ച പ്രധാനമന്ത്രി, കേന്ദ്രം പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുമ്പോൾ, കർണാടക ഗവണ്മെന്റ് വിദ്യാനിധി പദ്ധതികളിലൂടെ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നുവെന്നു വ്യക്തമാക്കി. കേന്ദ്രം പുരോഗതിയുടെ ചക്രം മുന്നോട്ടു നയിക്കുമ്പോൾ, കർണാടകം നിക്ഷേപകർക്കു താൽപ്പര്യമുള്ള ഇടമായി മാറുന്നു. “മുദ്രാപദ്ധതിക്കു കീഴിലുള്ള നെയ്ത്തുകാർക്ക് കൂടുതൽ സഹായം നൽകി കർണാടക ഗവണ്മെന്റ് കേന്ദ്രത്തിന്റെ സഹായം വർധിപ്പിക്കുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു. 

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷത്തിനു ശേഷവും ഏതെങ്കിലും വ്യക്തിക്കോ വർഗത്തിനോ പ്രദേശത്തിനോ ഇല്ലായ്മകളുണ്ടായാൽ ഇപ്പോഴത്തെ ഗവണ്മെന്റ് അവർക്കു പരമാവധി മുൻഗണന നൽകുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ചെറുകിട കർഷകർക്കു പതിറ്റാണ്ടുകളായി സുഖസൗകര്യങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നുവെന്നും ഗവണ്മെന്റ് നയങ്ങളിൽ  ഇവർക്കായി ശ്രമങ്ങളുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ കാർഷിക നയത്തിന്റെ ഏറ്റവും വലിയ മുൻഗണന ഈ ചെറുകിട കർഷകർക്കാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യന്ത്രങ്ങൾ ഉപയോഗിച്ച് കർഷകരെ സഹായിക്കൽ, ഡ്രോണുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യയിലേക്ക് കൊണ്ടുപോകൽ, നാനോ യൂറിയ പോലുള്ള രാസവളങ്ങൾ നൽകൽ, പ്രകൃതിദത്തകൃഷിക്ക് പ്രോത്സാഹനം നൽകൽ, ചെറുകിട കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകൽ, മൃഗസംരക്ഷണത്തെയും മത്സ്യബന്ധനത്തെയും തേനീച്ച വളർത്തലിനെയും പിന്തുണയ്ക്കൽ തുടങ്ങിയ ഉദാഹരണങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ഈ പ്രദേശത്തെ പയറിന്റെ കേന്ദ്രമാക്കിയതിനും ഈ മേഖലയിലെ വിദേശ ആശ്രിതത്വം കുറയ്ക്കാൻ രാജ്യത്തെ സഹായിച്ചതിനും പ്രാദേശിക കർഷകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ 8 വർഷത്തിനിടെ കുറഞ്ഞ താങ്ങുവിലപ്രകാരം 80 മടങ്ങ് കൂടുതൽ പയർവർഗങ്ങൾ സംഭരിച്ചതായി അദ്ദേഹം അറിയിച്ചു. 2014നു മുമ്പുള്ള നൂറുകണക്കിന് കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പയർ കർഷകർക്ക് കഴിഞ്ഞ 8 വർഷത്തിനിടെ ലഭിച്ചത് 60,000 കോടി രൂപയാണ്.

 

2023നെ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, കർണാടകത്തിൽ നാടൻ ധാന്യങ്ങളായ ജോവർ, റാഗി എന്നിവ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. ഈ പോഷകസമൃദ്ധമായ നാടൻ ധാന്യത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കാനും ലോകമെമ്പാടും പ്രോത്സാഹിപ്പിക്കാനും ഇരട്ട എൻജിൻ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുന്നതിൽ കർണാടകത്തിലെ കർഷകർ നേതൃപരമായ പങ്കു വഹിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 

കർണാടകത്തിലെ സമ്പർക്കസൗകര്യങ്ങളുടെ കാര്യത്തിൽ ഇരട്ട എൻജിൻ ഗവൺമെന്റിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി, കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇത് ഒരുപോലെ പ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സൂറത്ത്-ചെന്നൈ സാമ്പത്തിക ഇടനാഴി പൂർത്തിയാക്കിയതോടെ വടക്കൻ കർണാടകത്തിന്റെ വലിയ ഭാഗങ്ങൾക്കുള്ള നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വടക്കൻ കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീർഥാടനകേന്ദ്രങ്ങളിലും  ഇന്ത്യക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നും അതിലൂടെ, ആയിരക്കണക്കിനു പുതിയ തൊഴിലവസരങ്ങളും യുവാക്കൾക്ക് സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “അടിസ്ഥാനസൗകര്യങ്ങളിലും പരിഷ്കരണങ്ങളിലുമുള്ള ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ശ്രദ്ധ നിക്ഷേപകർക്കു താൽപ്പര്യമുള്ള ഇടമായി കർണാടകത്തെ മാറ്റുന്നു”. ഇന്ത്യയിൽ നിക്ഷേപിക്കാൻ ലോകത്തിനുള്ള ഉത്സാഹം ഇത്തരം നിക്ഷേപങ്ങൾ ഭാവിയിൽ ഇനിയും വർധിക്കാനിടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർണാടക ഗവർണർ ശ്രീ തവാർ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര സഹമന്ത്രി ശ്രീ ഭഗവന്ത് ഖുബ, കർണാടക മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം : 

ഓരോ വീട്ടിലും കുടിവെള്ള പൈപ്പ് കണക്ഷനുകളിലൂടെ സുരക്ഷിതമായ, മതിയായ അളവിലുള്ള കുടിവെള്ളം ലഭ്യമാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടു സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ജൽ ജീവൻ ദൗത്യത്തിനുകീഴിലാണ് യാദ്ഗിർ ബഹുഗ്രാമ കുടിവെള്ളവിതരണപദ്ധതിയുടെ തറക്കല്ലിടൽ യാദ്ഗിരി ജില്ലയിലെ കൊടേക്കലിൽ നടന്നത്. പദ്ധതിപ്രകാരം 117 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റ് നിർമിക്കും. 2050 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതി യാദ്ഗിരി ജില്ലയിലെ 700ലധികം ഗ്രാമീണ ജനവാസമേഖലകളിലും മൂന്നുപട്ടണങ്ങളിലുമായി ഏകദേശം 2.3 ലക്ഷം കുടുംബങ്ങൾക്കു കുടിവെള്ളം ലഭ്യമാക്കും.

പരിപാടിയിൽ, നാരായൺപുർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ, നവീകരണ- ആധുനികവൽക്കരണപദ്ധതി (എൻഎൽബിസി – ഇആർഎം) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10,000 ക്യുസെക്സ് കനാൽ വാഹകശേഷിയുള്ള പദ്ധതിക്ക് 4.5 ലക്ഷം ഹെക്ടറിൽ ജലസേചനം നടത്താനാകും. കലബുറഗി, യാദ്ഗിരി, വിജയപുര ജില്ലകളിലെ 560 ഗ്രാമങ്ങളിലെ മൂന്നുലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏകദേശം 4700 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. 

ദേശീയപാത 150സി-യുടെ 65.5 കിലോമീറ്റർ ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഈ 6 വരി ഗ്രീൻഫീൽഡ് റോഡ് പദ്ധതി സൂറത്ത് - ചെന്നൈ അതിവേഗപാതയുടെ ഭാഗമാണ്. ഏകദേശം 2000 കോടി രൂപ ചെലവിലാണ് ഇതു നിർമിക്കുന്നത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi